ദൈവത്തിന് അല്‍ഷിമേഷ്സ് ബാധിച്ചിരിക്കുമോ? എങ്കില്‍ ലോകത്തിന്‍റെ ഗതി വിവരണാതീതമാകും. ദൈവത്തിന് മറവിരോഗത്തിന്‍റെ സാധ്യതയില്ല, പാപത്തിന്‍റെ കാര്യത്തിലൊഴികെ. പക്ഷേ സംശയം ബാക്കിയാവുന്നു. എന്തുകൊണ്ടാണ് 'ഞാന്‍ നിങ്ങളെ അറിഞ്ഞിട്ടില്ല' എന്ന് അവന്‍ പറയുക. അതും അവന്‍റെ നാമത്തില്‍ പ്രവചിക്കുകയും, പിശാചുക്കളെ പുറത്താക്കുകയും, അത്ഭുതങ്ങള്‍ നടത്തുകയും ചെയ്തവരെയാണ് അവന്‍ അറിയില്ലെന്ന് ഉറപ്പോടെ അരുളുന്നത്.
ഒരാള്‍ വാതിലില്‍ മുട്ടുകയാണ്. അകത്തുനിന്നയാള്‍ ചോദിച്ചു: "പുറത്താര്?" അയാള്‍ മറുപടി നല്‍കി: "പുറത്തു ഞാനാണ്." വാതില്‍ തുറക്കപ്പെട്ടില്ല. അയാള്‍ വീണ്ടും മുട്ടി. ആ ചോദ്യം ആവര്‍ത്തിക്കപ്പെട്ടു: "പുറത്താര്?" അയാള്‍ വീണ്ടും ഉത്തരം നല്‍കി: "പുറത്തു ഞാന്‍." വാതായനം അടഞ്ഞുതന്നെ കിടന്നു. കൂടുതല്‍ ശക്തിയോടെ മൂന്നാം തവണയും അയാള്‍ മുട്ടി വാതിലില്‍. ആ സ്വരം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു: "പുറത്താര്" ഒരു ദീര്‍ഘമൗനത്തോടെ അയാള്‍ ഘോഷിച്ചു: "പുറത്തു നീയാണ്." അപ്പോള്‍ മാത്രം, അതേ, അപ്പോള്‍ മാത്രം വാതില്‍ തുറക്കപ്പെട്ടു. പുറത്തു നില്‍ക്കുന്നയാള്‍ അകത്തു നില്‍ക്കുന്നയാളെ നോക്കി പുറത്തു നീയാണെന്ന് ഘോഷിക്കുമ്പോള്‍ ഒരു മിന്നല്‍പ്പിണരുണ്ടാവും. അപ്പോള്‍ അകത്തുനില്‍ക്കുന്നയാള്‍ക്ക് നിങ്ങളെ അറിയില്ലെന്ന് പറയാനാകാത്തവിധം നിങ്ങള്‍ തിരിച്ചറിയപ്പെട്ടിരിക്കും.
ഉള്ളില്‍ നില്‍ക്കുന്നയാള്‍ ദൈവമാണ്. പുറത്ത് ഊഴം കാത്ത് നമ്മളോരോരുത്തരും. അപ്പോള്‍ തിരിച്ചറിയപ്പെടാന്‍ ഉള്ളില്‍ നില്‍ക്കുന്നയാളുമായി എല്ലാവിധത്തിലും സമാനതയുണ്ടാകണം. അകത്തുനില്‍ക്കുന്നയാള്‍ക്കും പുറത്തുനില്‍ക്കുന്നയാള്‍ക്കും തമ്മില്‍ ഒരു ഇണക്കം രൂപപ്പെടേണ്ടതുണ്ട്.
വാക്കുകള്‍ക്ക് അതീതമായ ഒരു ഭാഷയാണ് ക്ഷതങ്ങള്‍. ഉത്ഥാനത്തിനുശേഷം ക്രിസ്തുവിനെ ശിഷ്യന്മാര്‍ തിരിച്ചറിയുന്നത് മുറിവുകളിലൂടെയും മുറിക്കപ്പെട്ട അപ്പത്തിലൂടെയുമാണ്. മുറിവുകള്‍ സംവേദനാത്മകമാണ്. കൈകളും പാര്‍ശ്വവും കാണുമ്പോഴാണ് അത് അവന്‍ തന്നെയാണെന്ന് ശിഷ്യഗണം മനസ്സിലാക്കുന്നത്. എഡ്വേര്‍ഡ് ഫില്ലിറ്റോയുടെ 'മുറിവുകളുടെ യേശു' എന്ന കവിതയും ഈ അഗാധമായ അറിവാണ് സംവേദനം ചെയ്യുന്നത്.
വാതായനങ്ങള്‍ അടയ്ക്കപ്പെട്ടെങ്കിലും
അങ്ങ് അടുത്തുവരുന്നു.
ആ കരങ്ങള്‍ മാത്രം കാണിക്കൂ
അങ്ങയുടെ പാര്‍ശ്വഭാഗവും
ക്ഷതങ്ങളെന്തെന്ന് ഞങ്ങള്‍ക്കറിയാം
ഞങ്ങള്‍ക്ക് ഭയമില്ല
അങ്ങയുടെ മുറിവുകള്‍ കാണിക്കൂ
ഹസ്താക്ഷരം കൊണ്ടുള്ള ശുദ്ധീകരണം
.....
പക്ഷേ ഞങ്ങളുടെ മുറിവുകളിലേയ്ക്ക്
അങ്ങയുടെ മുറിവുകള്‍ക്കേ സംസാരിക്കാനാവൂ.
ഒരീശ്വരനും മുറിവുകളില്ല
അങ്ങേയ്ക്ക് മാത്രം മുറിവുകളുള്ളൂ.
അപ്പോള്‍ മുറിവ് ഒരു ഭാഷതന്നെയാണ്. അത് ഒരു ചരിത്രവും കാലവും കഥയും പറയുന്നുണ്ട്. മുറിവേറ്റവന്‍റെ പിന്നിലുള്ള കഥ അത് അനാവരണം ചെയ്യുന്നു. അങ്ങനെയെങ്കില്‍ ക്രിസ്തുവിന്‍റെ മുറിവുകള്‍ ക്രിസ്തു ആരാണെന്ന് പ്രഘോഷിക്കുന്നുണ്ട്. ചുരുക്കത്തില്‍ മുറിവ് ഒരു ഭാഷയും അടയാളവുമാണ്. ഒരാളെ തിരിച്ചറിയാനുള്ള ഭാഷയും അടയാളവും. സാക്കിസ് ആതോസിലെത്തി, തന്‍റെ സങ്കല്‍പ്പത്തിലെ ഈശ്വരനെ അന്വേഷിച്ച്. ഒരു ഭിക്ഷു അവിടെയെങ്ങും അലഞ്ഞുതിരിയുന്നു, കടന്നുപോകുന്നവരോട് മുറിവുവീണ കൈത്തലം ഉയര്‍ത്തി യാചിച്ച.് അവന്‍റെ പാദങ്ങളില്‍ ചോരപുരണ്ടിരുന്നു. കീറിയ വസ്ത്രവും വിളറിയ ഉടലും കുഴിഞ്ഞ കവിളുമായി അവന്‍ വാതിലുകളില്‍ മുട്ടി. ആരും അവന് ഇടം കൊടുത്തില്ല. വൈകുന്നേരം കടല്‍ നോക്കി പാറക്കെട്ടിലിരിക്കുന്ന അവനെ സാക്കിസ് ദേവദാരുവിന്‍റെ പിന്നിലൊളിച്ചുനിന്നു നോക്കി. ഒടുവില്‍ വേദനയോടെ അവന്‍ അലറി: "കുറുനരികള്‍ക്ക് അന്തിയുറങ്ങാന്‍ ഗുഹയിടങ്ങളുണ്ട, എനിക്കിടമില്ല." സാക്കിസിന്‍റെ ഹൃദയത്തില്‍ ഇടിമിന്നല്‍ പാളി. അതിന്‍റെ വെളിച്ചത്തില്‍ അത് അവനാണെന്ന് അദ്ദേഹത്തിന് ദൃശ്യമായി. കൈത്തലം ചുംബിക്കാന്‍ ഓടിയെത്തിയപ്പോഴേക്കും അവനദൃശ്യനായിക്കഴിഞ്ഞിരുന്നു. ക്രിസ്തുവിനെ തിരിച്ചറിയാനുള്ള ഭാഷയും അടയാളവും മുറിവാണ്. ഷീന്‍ ശരിയായി രേഖപ്പെടുത്തുന്നു: The wounded Christ is the real Christ. മുറിവേറ്റവനാണ് യഥാര്‍ത്ഥ ക്രിസ്തു.
മുറിവുകളിലൂടെയാണ് ക്രിസ്തു തിരിച്ചറിയപ്പെട്ടതെങ്കില്‍ ദൈവം നമ്മളെയും തിരിച്ചറിയുവാന്‍ പോകുന്നത് ക്ഷതങ്ങളിലൂടെ തന്നെയായിരിക്കും. വീണ്ടും ഷീന്‍ നിര്‍ദ്ദേശിക്കുന്നു. മുറിവേറ്റ ക്രിസ്ത്യാനിയാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി, മുറിവേറ്റ സഭയാണ് യഥാര്‍ത്ഥ സഭ. അപ്പോള്‍ കര്‍ത്താവേ, കര്‍ത്താവേ എന്ന നിലവിളികള്‍ അവന്‍ ഗൗനിക്കില്ല. അത്ഭുതങ്ങളോ, പ്രഘോഷണങ്ങളോ, പൈശാചിക ബഹിഷ്കരണങ്ങളോ അവന്‍ ഓര്‍ക്കില്ല. പകരം തന്‍റെ ശരീരത്തിലെ മുറിവുകള്‍ നിങ്ങളുടെ ഉടലിലും അവന്‍ അന്വേഷിക്കും. ഇടിമിന്നലിന്‍റെ വേഗതയിലും പ്രകാശത്തിലും ആ ചോദ്യം നിങ്ങളിലേയ്ക്കെത്തും: 'എവിടെ നിന്‍റെ ക്ഷതങ്ങള്‍' ഈ ക്ഷതങ്ങള്‍ ഇത് നീ തന്നെയെന്ന് പ്രഘോഷിക്കും, ക്രിസ്തുവിനോടായി അങ്ങനെ ഭാഷ്യം ചെയ്യപ്പെടാന്‍ ക്ഷതങ്ങളുണ്ടാവണം.
അഗാധമായ ഹര്‍ഷോന്മാദത്തോടെയായിരിക്കും ക്രിസ്തു ഫ്രാന്‍സിസിനെ അണച്ചുപിടിക്കുക. മുറിവേറ്റവരിലൊക്കെ ക്രിസ്തു ജീവിക്കുന്നുണ്ട്. ക്രിസ്തുവിന് ക്രിസ്തുവിനെ വിസ്മരിക്കാന്‍ സാധിക്കുമോ? ദൈവം ഒരാളെ മറന്നാല്‍ അത് അയാളുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും ദാരുണമായ ഒന്നായിരിക്കും. ഇനി ദൈവത്തിന് നമ്മെ തിരിച്ചറിയാനുള്ള വഴി അവന്‍റെ ക്ഷതങ്ങള്‍ ഉടലില്‍ വഹിക്കുകയെന്നതാവും. സ്നേഹത്തിനു വേണ്ടി മുറിഞ്ഞ കരങ്ങളും പാദങ്ങളും വിലാവും ഉണ്ടാവണം.
എ. കരങ്ങളിലെ മുറിവ്
കൊടുക്കുമ്പോള്‍ മാത്രം ദൈവം നമുക്ക് തിരികെ നല്‍കുന്ന സമ്മാനമാണ് ഈ അടയാളം. ദൈവം അളവുകളില്ലാതെയാണ് നല്‍കിയതെന്നതുകൊണ്ട്, കൊടുക്കുക കണക്കുകളില്ലാതെ. സ്വേദം കൊണ്ടും ശക്തികൊണ്ടും നേടിയെടുത്തുവെന്ന് നിനയ്ക്കുമ്പോഴും ഒരു മൗനം നമ്മോട് പറയും ഇല്ല, എല്ലാം കൃപയാണ്, ദൈവത്തിന്‍റെ ദാനമാണ്. ധനത്തിന്‍റെ കാര്യം മാത്രമല്ല നിദര്‍ശിക്കുന്നത്. കാരുണ്യം, ക്ഷമ, ആശ്വാസം, ജലം, ആഹാരം ഇതൊക്കെയുമാകാം. ഇങ്ങനെ ചിലത് കൊടുക്കാതിരുന്നതിനാലാണ് കുറച്ചു മനുജര്‍ തിരസ്കൃതരായത്, അവരുടെ സ്ഥാനം ഇടത്തായിപ്പോയത്. കൊടുക്കുന്നതിന്‍റെ ആത്മീയ ഉണര്‍വ് അതിന്‍റെ അഗാധതയില്‍ വെളിപ്പെടുത്തുന്നത് മദര്‍ തെരേസയാണ്. അവര്‍ തരളിതമായി പറയും: Give untill it hurts you. മുറിപ്പെടുത്തുവോളം കൊടുക്കുക. അതിന്‍റെ മൂര്‍ച്ച കരങ്ങളിലറിഞ്ഞുകൊണ്ട്, രക്തം കിനിയുവോളം. നിങ്ങളെ നിങ്ങളില്‍നിന്നും അപരനിലേയ്ക്കെത്തിക്കുന്നതിന്‍റെ വേദനയാണ് ഈ ക്ഷതം.
എല്ലു പൊട്ടുവോളം, മാംസം നുറുങ്ങുവോളം, രക്തം കിനിയുവോളുമുള്ള ഏതൊരു പുരുഷന്‍റെയും അദ്ധ്വാനത്തിന് ഇപ്പോള്‍ ആകാശമുണ്ട്. ഇങ്ങനെയാണല്ലോ നിങ്ങള്‍ നിങ്ങളെത്തന്നെ മക്കള്‍ക്കു നല്‍കുക. ഉറക്കമില്ലാതെ ചങ്കിലെ ചോര വെളുക്കുവോളം, കണ്ണീര്‍ വറ്റുവോളുമുള്ള ഏതൊരു സ്ത്രീയുടെയും ജീവിതത്തിന് ഇനി മഴവില്ലുണ്ട്. അങ്ങനെ വേദനയറിഞ്ഞുകൊണ്ട് കൊടുക്കുക. ഒന്നും അവശേഷിക്കാതെ എല്ലാം കൊടുത്തതിന്‍റെ അടയാളമാണല്ലോ ആണി തറഞ്ഞ ശൂന്യമായ ആ കരങ്ങള്‍. നിങ്ങളുടെ കരങ്ങള്‍ ശൂന്യമാകുമെന്നതുകൊണ്ട്, മുറിവ് കരങ്ങളില്‍ രൂപപ്പെടുമെന്നതുകൊണ്ട്, കൊടുക്കുക, ധീരമായി കൊടുക്കുക. കരങ്ങളിലെ മുറിവ് പ്രത്യക്ഷപ്പെടുക ഇങ്ങനെയൊക്കെയാവാതെ തരമില്ല.
ബി. പാദങ്ങളിലെ മുറിവ്
പാദം ഒരാളെ യാത്രിയാക്കും. യാത്രികനേ വഴിയുള്ളൂ അല്ലാത്തവര്‍ക്ക് വഴിയില്ല, സാധ്യതയുമില്ല. നഷ്ടങ്ങളിലേക്കും നേട്ടങ്ങളിലേക്കുമുള്ള യാത്രയാണ് ജീവിതം. നഷ്ടങ്ങളിലേയ്ക്കുള്ള നടത്തം സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയാണ്. നഷ്ടങ്ങളെ നേടിക്കഴിയുമ്പോള്‍ പിന്നിട്ട ദൂരവും യാതനകളും തീര്‍ക്കുന്ന അടയാളത്തിന്‍റെ പേരാണ് പാദങ്ങളിലെ മുറിവ്.
ഒരായുസ്സില്‍ പ്രധാനമായും മൂന്ന് നഷ്ടങ്ങള്‍ ഉണ്ടെന്ന് ഗണിക്കപ്പെടുന്നു. ഈ നഷ്ടങ്ങളിലേക്ക് തിരികെ നടക്കുമ്പോള്‍ പാദങ്ങള്‍ പൊട്ടും. മുറിവുകള്‍ പാദങ്ങളില്‍ രൂപപ്പെടും. പിന്നെയത് ക്രിസ്തുവിന്‍റെ പാദങ്ങളെ ഓര്‍മ്മിപ്പിക്കും. എന്തിനാണ് നീയെന്‍റെ പിന്നാലെ വരുന്നത് എന്ന് ഫ്രാന്‍സിസ് ചോദിക്കുമ്പോള്‍ ഫ്രാന്‍സിസിനോളം നിസ്സ്വനായ ആ മനുഷ്യന്‍ തേങ്ങുന്നു:ڈഎന്‍റെ ദൈവത്തിന്‍റെ പാദങ്ങളാണ് നിങ്ങള്‍ക്ക്. എന്നിട്ടയാള്‍ ഫ്രാന്‍സിസിന്‍റെ പാദങ്ങളെ ആശ്ലേഷിച്ചു. അതുകൊണ്ട് യാത്രയാവുക, നഷ്ടങ്ങളെ തിരികെ കിട്ടുവോളം. പാദങ്ങള്‍ മുള്ളുകൊണ്ടും, കല്ലുകൊണ്ടും, ചൂടുകൊണ്ടും പൊട്ടിയാലും മുറിവേറ്റാലും വിരമിക്കരുത്, നിന്‍റെ പാദം ക്രിസ്തുവിന്‍റേതുപോലെ ആകുംവരെ.
ആദിമമാണ് ആദ്യനഷ്ടം. ഇവിടെ നഷ്ടപ്പെടുന്നത് ദൈവത്തെയും. വെയില്‍ ചായുമ്പോള്‍ തോട്ടത്തില്‍ തോളുരുമ്മി നടക്കുന്ന ആദത്തെയും ദൈവത്തേയും നോക്കുക. ഒരമ്മപെറ്റ സഹോദരരെപ്പോലെയവര്‍. അവന് നഷ്ടപ്പെട്ടതിന്‍റെ ആഴം ആര്‍ക്കു വിവരിക്കാനാവും. ആ അനന്തമായ വിരല്‍തുമ്പ് നഷ്ടപ്പെട്ടപ്പോഴൊക്കെ മനുജന്‍ വലിയ കെടുതികളിലേയ്ക്ക് കൂപ്പുകുത്തിയിട്ടുണ്ട്. സര്‍വ്വര്‍ക്കും ഉണ്ടായിട്ടുണ്ട് ഈ നഷ്ടം. ഒരു വ്യത്യാസമേയുള്ളൂ. ആകാശത്തിലെ നക്ഷത്രങ്ങളെ കണ്‍പാര്‍ത്ത് നടക്കുന്നവര്‍ക്ക് ഈ നഷ്ടം മനസ്സിലാകുന്നുണ്ട്. മേരിയും ജോസഫും മൂന്നുദിനത്തെ യാത്ര പിന്നിട്ടിരുന്നു. അപ്പോള്‍ അവര്‍ക്ക് മനസ്സിലാകുന്നു അവന്‍ കൂടെയില്ലെന്ന്. പിന്നെ വ്യഥയോടു കൂടിയായിരുന്നു മടക്കയാത്ര. തിരികെ കിട്ടുവോളം തീവ്രമായ അഭിലാഷത്തോടെ അന്വേഷിച്ചു. അവന്‍റെ ചാരെ ചെല്ലുമ്പോള്‍ ഹൃദയം വിങ്ങുകയും കണ്ണില്‍നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിയുകയും ചെയ്യുന്നത് കാണാം. മറ്റുചിലര്‍ക്ക് ഈ നഷ്ടം മനസ്സിലാകുന്നില്ല. അവര്‍ക്ക് നക്ഷത്രഖചിതമായ ആകാശമില്ല. നഷ്ടപ്പെടലിന്‍റെ വ്യഥയും അണച്ചുപിടിക്കുന്നതിന്‍റെ ആനന്ദവും അറിയാത്തവരാണവര്‍. എല്ലാത്തിലുമുപരി മുറിവുകളില്ലാത്തവര്‍. ആ വാതില്‍ക്കല്‍ മുട്ടുമ്പോള്‍ 'അറിയില്ല' എന്നായിരിക്കും ശ്രവിക്കുക.
രണ്ടാമത്തെ നഷ്ടം സാഹോദര്യമാണ്. ഇതുണ്ടാക്കാവുന്ന കെടുതികള്‍ നിര്‍ണ്ണയാധീതമാണ്. ഒരാളുടെ പൂര്‍ണ്ണത അയാളുടെ സാഹോദര്യത്തിലാണ് വിലയം ചെയ്തിരിക്കുന്നത്. നിങ്ങളെ ലോകത്തിന്‍റെ അനന്തതയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന വാതിലാണ് സാഹോദര്യം. ഇത് നഷ്ടപ്പെടുമ്പോള്‍ ലോകവും അനന്തതയുമാണ് ഒലിച്ചുപോവുക. സാഹോദര്യത്തോടുള്ള ലംഘനം അനന്തതയോടുള്ള ലംഘനമാണ്. സാഹോദര്യത്തോടുള്ള ഇണക്കം അനന്തതയുമായുള്ള ബാന്ധവം ഉറപ്പിക്കും. ക്രിസ്തുവും മൊഴിയുന്നുണ്ട്: തിരികെ പോവുക. രമ്യതപ്പെട്ടതിനുശേഷം ബലിപീഠത്തെ സമീപിക്കുക. ആദി സാഹോദര്യം തിരികെപ്പിടിക്കുക അത്ര ലളിതമല്ല. ക്ലേശപൂര്‍ണമാണെങ്കിലും തിരികെ നടക്കുക, വീണ്ടും കിട്ടുവോളം.
മൂന്നാമത്തെ നഷ്ടം പ്രകൃതിയാണ്. ഇതൊരു നഷ്ടമായി നമ്മള്‍ ഗണിച്ചിരുന്നില്ല. ഫ്രാന്‍സിസാണ് ഈ നഷ്ടത്തിന്‍റെ ആഴം ബോധ്യപ്പെടുത്തിയത്. ഏറെ ദൂരം അകന്നുപോയെങ്കിലും തിരികെ നടക്കുവാനും വീണ്ടെടുക്കുവാനുമുള്ള ഊര്‍ജ്ജം നമ്മില്‍ ഫ്രാന്‍സിസ് നിറയ്ക്കുന്നുണ്ട്. അതിന് ദൈവം നല്‍കിയ ഒരു നൂതനമാര്‍ഗ്ഗവും അദ്ദേഹം അവലംബിച്ചു: ആലയം പുതുക്കുക. ആദ്യം ജീര്‍ണത ബാധിച്ച ദേവാലയത്തിലേക്ക് ഫ്രാന്‍സിസ് നടന്നു. അവിടെയായിരിക്കുമ്പോള്‍ സാഹോദര്യമെന്ന ആലയവും പുതുക്കണമെന്ന് വെളിപാടു കിട്ടി. ആ കര്‍മ്മം നഷ്ടപ്പെട്ടുപോയ പ്രകൃതിയെന്ന ആലയത്തിലേക്ക് ഈ നിസ്സ്വനെ എത്തിച്ചു. നോക്കൂ, എത്ര തരളിതമായാണ് ഫ്രാന്‍സിസ് പ്രകൃതിയിലെ ഓരോന്നിലേക്കും യാത്ര തുടരുന്നത്, നിഷ്പാദുകനായി. അതിനേക്കാള്‍ ശക്തമായും തരളിതമായും അവ ഫ്രാന്‍സിസിലേക്ക് ചാഞ്ഞു.
ഒരായുസ്സില്‍ ഒരാള്‍ സമ്പാദിക്കുന്ന മൂന്നു മിത്രങ്ങളാണ് ദൈവവും, പ്രകൃതിയും, സാഹോദര്യവും. ഇത് മൂന്നും നഷ്ടമാകുമ്പോള്‍ ഒരാള്‍ക്ക് നഷ്ടമാകുന്നത് അയാളെതന്നെയാണ്. മൂന്ന് മിത്രങ്ങളുടെയും വീണ്ടെടുപ്പ് ഒരു സ്വയം കണ്ടെത്തല്‍ കൂടിയാണ്. സ്വയം വീണ്ടെടുപ്പിന്‍റെ വഴിയില്‍ പാദം വിണ്ടുകീറി നിണമൊഴുകുമ്പോള്‍ ആനന്ദിക്കാം. കാരണം ക്രിസ്തുവിന്‍റെ ആണികൊണ്ടു മുറിഞ്ഞ പാദങ്ങളെ അത് ഓര്‍മ്മിപ്പിക്കും.
ചക്രവാളങ്ങളില്ലാത്തവര്‍ക്കുള്ള സമ്മാനമാണ് ഹൃദയത്തിലെ മുറിവ്. അസ്തമിക്കാത്ത ഹൃദയമുള്ളവര്‍ക്കുമുള്ളതാണ് ഈ കൃപ. ചക്രവാളങ്ങളില്ലാത്ത വിധം മനുജനെ ഉള്‍ക്കൊള്ളുകയും ദൈവത്തോടുള്ള അസ്തമിക്കാത്ത പ്രണയവുംപേറി മുറിവേറ്റ ഒരു ഹൃദയം കുരിശില്‍ കിടക്കുന്നു. ഈ പ്രണയം മാതൃകയാക്കിയവര്‍ക്കാണ് ഹൃദയത്തില്‍ പിളര്‍പ്പുണ്ടാവുക. വാള്‍ പിളര്‍ക്കുന്ന ഹൃദയവുമായി മറിയമുണ്ട് കുരിശിനു താഴെ. നെഞ്ചിന്‍റെയുള്ളില്‍ അകാരണമായ വേദനയും മറ്റെവിടെയോ നോവുന്നൊരാള്‍ക്കുവേണ്ടി ഉള്ളില്‍ ഒരു കടല്‍ക്കാറ്റും ഉണ്ടെങ്കില്‍ ആ ഹൃദയം പിളര്‍ന്നതാണല്ലോ. അപ്പോള്‍ ആ സ്വരം കാതില്‍ വീഴും: എന്‍റെ ഹൃദയത്തിനിണങ്ങിയ വ്യക്തിയെ ഞാന്‍ നിന്നില്‍ കാണുന്നു. ഹൃദയത്തിലെ മുറിവിന്‍റെ വലിപ്പമായിരിക്കും നിങ്ങള്‍ പ്രവേശിക്കുന്ന സ്വര്‍ഗ്ഗത്തിന്‍റെ വാതിലിനും. ഹൃദയമുറിവിന്‍റെ വലിപ്പത്തെ ആശ്രയിച്ചായിരിക്കും സുഗമമായ സ്വര്‍ഗ്ഗപ്രവേശനം. സൂചിക്കുഴ വലുതാകുന്ന പ്രവര്‍ത്തനവും അത്ഭുതവും ഇതാകാതെ തരമില്ല.
ആവൃതിക്കുള്ളിലൊതുങ്ങുന്നവരുടെ സന്ന്യാസം പൂവിടുന്നതുതന്നെ ഉള്ളില്‍ മുറിവേറ്റൊരു ഹൃദയവും ക്ഷതമേറ്റൊരു പൂവും വിരിയുമ്പോഴാണല്ലോ. ഇത് സംഭവിച്ചതാണ്. ഇറ്റലിയിലെ മഠത്തിന്‍റെ ആവൃതിക്കുള്ളില്‍ ആ സന്ന്യാസിനി നിര്‍മ്മലമായ ജീവിതം കാഴ്ചവച്ചു, ക്രിസ്തുവിനായ്. അഗാധമായ പ്രണയമായിരുന്നു അവള്‍ക്ക് ക്രിസ്തുവിനോട്. കൂടെയുള്ള സന്ന്യാസിനികളോട് അവള്‍ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു: "എനിക്ക് ഹൃദയമില്ല. എന്‍റെ ഹൃദയം യേശു കൊണ്ടുപോയിയെന്ന്." അവര്‍ അത്ര ഗൗരവമായി ആ വാക്കുകളെ കണ്ടില്ല. അവള്‍ മരണമടഞ്ഞപ്പോള്‍ സന്ന്യാസിനികള്‍ ആ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഡോക്ടര്‍മാരെയും ശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വാര്‍ത്ത വന്നു. അവള്‍ക്ക് ഹൃദയമില്ല. ക്രിസ്തുകൊണ്ടുപോയിയെന്ന അവളുടെ വര്‍ത്തമാനം അപ്പോള്‍ അവര്‍ ഓര്‍ത്തു. അവള്‍ ദൈവത്തെ സ്നേഹിച്ചു ഹൃദയം കൊടുക്കുവോളം. ഹൃദയം മുറിവേല്‍ക്കുവോളം സ്നേഹിച്ചവരും, സ്നേഹിച്ച് സ്നേഹിച്ച് ഹൃദയം ഇല്ലാതായവരുമാണ് ആ സൂചിക്കുഴ കടന്നിട്ടുള്ളത്.
ഇനി പുറത്താരെന്ന് ദൈവമെന്നോട് ചോദിച്ചാല്‍ മടികൂടാതെ പറയും: "പുറത്തു നീയാണ്." ഞാന്‍ എന്ന വാക്ക് ഇനി നാവിന് വഴങ്ങില്ല. ഇപ്പോള്‍ ഒരേ ഭാഷ സംസാരിക്കുന്ന, ഉടല്‍ഭാഷയുള്ള, മുറിവുള്ള നീ മാത്രമാണ് ജീവിക്കുന്നത്. തുറന്നുകിടക്കുന്ന വാതില്‍ നീ ഓര്‍ക്കുന്നുവെന്നതിന്‍റെ അടയാളമാണ്. നന്ദി നിനക്ക്, നിന്‍റെ മറവി ഞങ്ങളുടെ ഓര്‍മ്മയെക്കാള്‍ ശക്തമാണെന്ന അദ്ധ്യയനം നല്‍കിയതിന്.