ദസ്തയേവ്സ്കി ആരായിരുന്നു - പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ റഷ്യന്‍ എഴുത്തുകാരന്‍, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍പോലും വായനക്കാരന്‍റെ മനസ്സില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു.
അദ്ദേഹത്തിന്‍റെ പേര് കേട്ടിട്ടുള്ളവരോ അദ്ദേഹത്തിന്‍റെ വിഖ്യാതമായ ഗ്രന്ഥങ്ങളില്‍ ഒന്നെങ്കിലും വായിച്ചിട്ടുള്ളവരോ ആണ് ഭൂരിഭാഗം പേരും.
* ക്രൈം ആന്‍റ് പണീഷ്മെന്‍റ്
* നോട്ട്സ് ഫ്രം ദി അണ്ടര്‍ഗ്രൗണ്ട്
* ദി ഡെവിള്‍സ്
* ദി ഇഡിയറ്റ്
* ദി ബ്രദേഴ്സ് കാരമസോവ് ( അദ്ദേഹത്തിന്‍റെ അവസാന പുസ്തകം,)
ദസ്തയേവ്സ്കിയുടെ പിതാവ് മിഖായേല്‍ ആന്‍ഡ്രിയെവിച്ച് , 1821 ഒക്ടോബര്‍ 30-ന് തന്‍റെ രണ്ടാമത്തെ മകന്‍ ഫിയദോര്‍ ജനിക്കുമ്പോള്‍ മോസ്കോയിലെ 'പാവങ്ങള്‍ക്കായുള്ള ആശുപത്രി'യിലെ മെഡിക്കല്‍ ഓഫീസറായിരുന്നു. അമ്മ മരിയ ഫ്യോദ്റോവ്ന തന്‍റെ മക്കളെല്ലാം ആരാധിച്ച ഒരു മാന്യയും.
വളരുന്ന കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്കേണ്ടതിനാല്‍, അവരുടെ അമ്മയുടെ ക്ഷയരോഗം മൂലമുള്ള അകാല മരണത്തെത്തുടര്‍ന്ന് മിഖായേല്‍ ആന്‍ഡ്രിയെവിച്ച് 1837 മേയ്മാസത്തില്‍ തന്‍റെ രണ്ട് മക്കളെയും കൂട്ടി (മിഖായേലും ഫിയദോറും) റഷ്യയുടെ തലസ്ഥാനമായ സെന്‍റ്പീറ്റേഴ്സ്ബര്‍ഗിലെ 'മിലിട്ടറി എഞ്ചിനീയറിംഗ് കോളേജില്‍' ചേര്‍ത്തു.
ഗ്രാജുവേഷനു ശേഷം ലഫ്റ്റനന്‍റ് ആയ ഫിയദോര്‍ ദസ്തയേവ്സ്കിയുടെ ജന്മദേശമായി എക്കാലവും അറിയപ്പെട്ടിരുന്നത് നേവാ നദിയുടെ തീരത്തുള്ള സുന്ദരമായ സെന്‍റ്പീറ്റേഴ്സ്ബര്‍ഗ് പട്ടണമായിരുന്നു, ഒരിക്കലും മോസ്കോ ആയിരുന്നില്ല.
ദസ്തയേവ്സ്കിയുടെ യൗവനത്തില്‍, റഷ്യയില്‍ പടിഞ്ഞാറന്‍ തത്വചിന്തകളുടെയും സാമൂഹ്യ സിദ്ധാന്തങ്ങളുടെയും പ്രളയമായിരുന്നു. റഷ്യന്‍ ബുദ്ധിജീവികളുടെ പോലും മനസ്സില്‍ 'സോഷ്യലിസവും' 'ഭൗതികവാദവും' പുതിയ ആശയങ്ങളായിരുന്നു. റഷ്യന്‍ സമൂഹം സംസ്ഥാപിതമാകുന്നതിന്‍റെ അലയൊലിയില്‍ (1861 വരെ 2 കോടിയോളം അടിമകള്‍ മോചിതരായിരുന്നില്ല.)
മര്‍ദ്ദകഭരണകൂടത്തിന്‍റെ ചിന്താസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ദസ്തയേവ്സ്കി മനസ്സിലാക്കി. 1848 - ഓടെ, പടിഞ്ഞാറന്‍ യൂറോപ്പിലെ ജനങ്ങള്‍ സര്‍ക്കാരിന്‍റെ നിയന്ത്രിതനയങ്ങള്‍ക്കെതിരെ ലഹള തുടങ്ങിയത് ആ യുവ എഴുത്തുകാരനു ധൈര്യം പകര്‍ന്നു. (അദ്ദേഹത്തിന്‍റെ 'പാവപ്പെട്ടവര്‍' ഇതിനോടകം Peterburgi Sbornik എന്ന സാഹിത്യമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു) റഷ്യക്കും മാറാന്‍ കഴിയുമോ ? കഴിയുമെങ്കില്‍ എങ്ങനെ? അടിമകളെ സ്വതന്ത്രരാക്കുകയും സെന്‍സര്‍ഷിപ്പ് തുടച്ചുമാറ്റുകയും ചെയ്യാനാവുമോ ? എങ്കില്‍ എപ്പോള്‍ ?
റഷ്യയില്‍ ഏകാധിപത്യം കുറയ്ക്കാനും കൂടുതല്‍ സ്വാതന്ത്ര്യം ലഭ്യമാക്കാനുമായി, "Pertashevsky Circle' എന്ന രഹസ്യസംഘത്തില്‍ ചേര്‍ന്ന ദസ്തയേവ്സ്കി അപകടകരമായ പാത തെരഞ്ഞെടുത്തു.
'മനുഷ്യ മഹത്വത്തെ പ്രതി സ്വയം ഉണര്‍ന്നെണീല്ക്കുന്ന ഒരു ജനതയാണ് റഷ്യക്ക് ആവശ്യം' എന്ന നിരോധിച്ച ഒരു നിരീക്ഷണമുണ്ടായിരുന്ന, നിരോധിക്കപ്പെട്ടിരുന്ന ഒരു പുസ്തകം (V.G.Belinsky, Nicholai Gogol - ന് അയച്ച കത്തുകള്‍) 1849 ഏപ്രില്‍ 15 രാത്രിയില്‍, ദസ്തയേവ്സ്കി വായിച്ചു. ഇതിന്‍റെ കോപ്പിയെടുക്കാന്‍ അദ്ദേഹം അനുവദിക്കുകയും ചെയ്തു. 27 വയസ്സുകാരനായ ഒരു എഴുത്തുകാരനെ ((Petrashevsky Circle -ലെ 23 അംഗങ്ങളോടൊപ്പം) അറസ്റ്റ്ചെയ്യാന്‍ ഈ കത്തുതന്നെ ധാരാളമായിരുന്നു.
സെന്‍റ്. പീറ്റേഴ്സ് സ്കൈലൈനിലുള്ള പത്രോസിന്‍റെയും പൗലോസിന്‍റെയും കോട്ട(Peter and Paul Fortress) മാസങ്ങളോളം ദസ്തയേവ്സ്കിയുടെ വീടായി മാറി. അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോള്‍ നീണ്ട സമയം അദ്ദേഹം ഒരു പ്യൂപ്പാവസ്ഥയില്‍ ചെലവഴിച്ചിരുന്നു.
മരണവിധി
1849 ഡിസംബര്‍ 22-ന് മുന്‍ ലഫ്റ്റനന്‍റ് എഞ്ചിനീയര്‍ ദസ്തയേവ്സ്കി-പ്രായം 27- ഓര്‍ത്തഡോക്സ് ചര്‍ച്ചിനും ഉന്നതാധികാരികള്‍ക്കുമെതിരെയുള്ള വിമര്‍ശനങ്ങള്‍ അടങ്ങിയ കത്തുകള്‍ പ്രചരിപ്പിക്കുകയും കല്ലച്ചുകളുടെ സഹായത്താല്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് ഫയറിംഗ് സ്ക്വാഡിന് മുമ്പില്‍ മരണശിക്ഷ വിധിക്കുന്നു (ഫിയദോര്‍ ദസ്തയേവ്സ്കി:A Writer's Life - എന്ന പുസ്തകത്തില്‍നിന്ന്, പേജ് 87).
വിധി പെട്ടെന്ന് നടപ്പാക്കുമെന്നും ജീവിക്കാന്‍ മിനിറ്റുകളേ ഉള്ളു എന്നും റഷ്യന്‍ യുവാക്കള്‍ ചിന്തിച്ചു. അവരുടെ പുറംവസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് വെളുത്ത ശിരോവസ്ത്രം ധരിക്കാന്‍ കല്പിച്ചിരുന്നു. (ശവവസ്ത്രമായി അവ കണക്കാക്കിയിരുന്നു). ആദ്യ സംഘത്തെ മുമ്പോട്ട് കൊണ്ടു വന്നു. വിധി നടപ്പാക്കല്‍ സംഘത്തിന്‍റെ അടുത്ത കല്പന മുഴങ്ങി.
റെഡി! എയിം!.....പിന്നെ.....നിശ്ശബ്ദത....
തടവുകാര്‍...അവരുടെ അവസാനശ്വാസത്തിനായി കാത്തു. പക്ഷേ 'ഫയര്‍' എന്ന കല്പന ഒരിക്കലുമുണ്ടായില്ല. പകരം സാര്‍ ചക്രവര്‍ത്തിയുടെ 'ക്ഷമിച്ചിരിക്കുന്നു' എന്ന അറിയിപ്പു മുഴങ്ങി.
അപ്രതീക്ഷിത മരണത്തെ അഭിമുഖീകരിക്കുന്ന മാനസികാവസ്ഥ നോവലിസ്റ്റ് ഒരിക്കലും വിട്ടുകളഞ്ഞില്ല. മരണശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന Petrashevsty -ക്ക് ഉണ്ടായ ബുദ്ധിഭ്രമത്തെക്കുറിച്ചാണ് പിന്നീടുള്ള എപ്പിസോഡുകള്‍. (രണ്ടു പേര്‍ ജയിലില്‍വച്ചു തന്നെ മരിച്ചിരുന്നു.)
അധികാരികളുടെ ഈ നാട്യത്തിന്‍റെ ലക്ഷ്യമെന്തായിരുന്നു? നിയമങ്ങള്‍ ലംഘിച്ചാല്‍ ഫലമെന്തായിരിക്കുമെന്ന് ജനങ്ങളെ വിശിഷ്യ യുവബുദ്ധിജീവികളെ ബോധ്യപ്പെടുത്തുന്നതിനായിരുന്നു ഇത്.
ഫയറിംഗ് സ്ക്വാഡില്‍നിന്നു സ്വതന്ത്രനാക്കപ്പെട്ട ദസ്തയേവ്സ്കി സൈബീരിയന്‍ സെവന്‍ത് ലൈന്‍ ബറ്റാലിയനില്‍ സ്വകാര്യ പട്ടാളക്കാരനായി സൈബീരിയയിലേക്ക് അയയ്ക്കപ്പെട്ടു. ചൈനയുടെ അതിര്‍ത്തിയില്‍നിന്ന് ഏറെ ദൂരെയല്ലാത്ത Semipalatinsk - ലേക്ക് അദ്ദേഹത്തെ അയയ്ക്കുമ്പോള്‍ എത്രകാലം തന്‍റെ സേവനം വേണ്ടി വരുമെന്നതിനെക്കുറിച്ച് ഒരു രൂപവും ഉണ്ടായിരുന്നില്ല. ഒന്നദ്ദേഹത്തിനറിയാമായിരുന്നു: സാര്‍ ചക്രവര്‍ത്തി മാപ്പുനല്‍കിയാല്‍ മാത്രമേ പട്ടാളത്തില്‍നിന്ന് പുറത്തു പോകാനാവൂ. പ്രതീക്ഷിച്ചപോലെ ദസ്തയേവ്സ്കി നാല് വര്‍ഷം സൈബീരിയയില്‍ സൈനികസേവനം നടത്തി. അവിടെയായിരുന്നപ്പോള്‍ മരിയാ ഡിമിട്രിയേവ്നാ ഇസയേവ എന്ന വിധവയുമായി അദ്ദേഹത്തിന്‍റെ ആദ്യവിവാഹം നടന്നു.
ദസ്തയേവ്സ്കി തന്‍റേതായ രീതിയില്‍ അവളെ സ്നേഹിച്ചിരുന്നെങ്കിലും യഥാര്‍ഥത്തില്‍ അവരൊരിക്കലും പൊരുത്തമുള്ളവരായിരുന്നില്ല. (ഗ്രന്ഥകാരന്‍റെ നോവലുകളില്‍, ആത്മസഹനത്തിന്‍റെ വലിയൊരംശം വായനക്കാരന് ദര്‍ശിക്കാം.)ശിക്ഷയില്‍നിന്നു സ്വതന്ത്രനാക്കപ്പെട്ടപ്പോള്‍, ദസ്തയേവ്സ്കി തന്‍റെ പുതിയ കുടുംബവുമായി സെന്‍റ്പീറ്റേഴ്സ്ബര്‍ഗിലേക്ക് മടങ്ങിവന്നു. അധികം താമസിയാതെ, തന്‍റെ സഹോദരന്‍ മിഖായേലുമായി ചേര്‍ന്ന് Vremya (Time)എന്ന പേരില്‍ ഒരു സാഹിത്യ പ്രസിദ്ധീകരണം ആരംഭിച്ചു.
ആദ്യ ഭാര്യയില്‍ ദസ്തയേവ്സ്കി ഒരിക്കലും സംതൃപ്തനായിരുന്നില്ലെങ്കിലും, അദ്ദേഹം അവളെ സ്നേഹിച്ചിരുന്നു. 1864 ഏപ്രില്‍ 15 ന് ഭാര്യ മരിച്ചപ്പോള്‍ അദ്ദേഹം തന്‍റെ സുഹൃത്തായ Baron Wrangel-ന് എഴുതി:
ഓ...പ്രിയ സുഹൃത്തേ, അവള്‍ എന്നെ പരിധിയില്ലാതെയും ഞാനവളെ അനന്തമായും സ്നേഹിച്ചു, ഇപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കാന്‍ കഴിയുന്നില്ല....പരസ്പര സ്നേഹം ഞങ്ങള്‍ക്കവസാനിപ്പിക്കാനാകുന്നില്ല. ഞങ്ങള്‍ വളരെ അസന്തുഷ്ടരാണെങ്കിലും, അത്രതന്നെ പരസ്പരം ബന്ധിതരായി ഞങ്ങള്‍ക്കനുഭവപ്പെടുന്നുണ്ട്. ഇതസാധാരണമായി തോന്നാം, പക്ഷേ അതാണു കാര്യം. എനിക്ക് എക്കാലവും അറിയാവുന്നതില്‍ ഏറ്റവും സത്യസന്ധയും മാന്യയും മഹാമനസ്കയും ആയിരുന്നു അവള്‍. അവളുടെ സാവധാനമുള്ള മരണം നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ നിരവധി വേദനകള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ടെങ്കില്‍പോലും, അവളുടെ മഹത്വം ഞാന്‍ ശരിക്ക് ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍പോലും അവളുടെ വേര്‍പാട് ഇത്ര വേദനാജനകമായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ വര്‍ഷം ഒന്നായി, ഇപ്പോഴും ആ വികാരങ്ങള്‍ എന്നില്‍ കുറയുന്നില്ല (Geir Kietsaa A Writer's Life -പേജ് 170-ല്‍ പരിഭാഷപ്പെടുത്തി ചേര്‍ത്ത, ദസ്തയേവ്സ്കിയുടെ കത്ത്).
മരിയയുടെ മരണം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍, ജൂലൈ 10-ന് തന്‍റെ പ്രിയപ്പെട്ട സഹോദരന്‍ മിഖായേല്‍ കരള്‍ രോഗബാധ മൂലം നിര്യാതനായത് ദസേതയേവ്സ്കിയെ അതീവ ദുഃഖത്തിലാഴ്ത്തി. സഹോദരന്‍റെ പ്രസിദ്ധീകരണമായിരുന്ന Vremya ("Time'), സെന്‍സറുമായുള്ള ധാരണപ്പിശകില്‍ അവസാനിപ്പിച്ചു. Pravda("Truth') എന്ന മറ്റൊരു പ്രസിദ്ധീകരണം തുടങ്ങുവാനുള്ള അവരുടെ പദ്ധതി അധികാരികള്‍ അംഗീകരിച്ചില്ല.
സഹോദരനായ Andreiയ്ക്കുള്ള കത്തില്‍ ദസ്തയേവ്സ്കി തന്‍റെ ദുഃഖം വെളിപ്പെടുത്തി:
ലോകത്തിലെന്തിനേക്കാളും അധികമായി ആ മനുഷ്യന്‍ എന്നെ സ്നേഹിച്ചിരുന്നു - ഭാര്യയെയും കുട്ടികളെയുംകാള്‍ അധികമായി - എന്നെ ആരാധിച്ചിരുന്നു...ഇപ്പോള്‍ എന്‍റെ മുന്നിലുള്ളത് ചിത്തഭ്രമവും തണുപ്പും ഏകാന്തമായ വാര്‍ധക്യവുമാണ്.
ഇതിനിടെ യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ പോളിന സുസ്ലോവാ എന്ന അതിസുന്ദരിയായ യുവതിയുമായി ദസ്തയേവ്സ്കി അഗാധപ്രണയത്തിലായി. അന്ന് ഇരുപത് വയസ്സ് പ്രായക്കാരിയായിരുന്ന ചെമ്പന്‍മുടിയുള്ള ആ സുന്ദരി ആ എഴുത്തുകാരന് അത്യധികമായ സന്തോഷവും ഒപ്പം തീവ്രമായ ദുഃഖവും നല്‍കിയ ഒരു കുഴപ്പക്കാരിയായിരുന്നു. ദസ്തയേവ്സ്കി ചൂതാട്ടഭ്രാന്തില്‍ അകപ്പെട്ടപ്പോള്‍ പോളിന ഒരു സ്പാനീഷ് മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന സാല്‍വദോറുമായി പ്രണയത്തിലായി. എഴുത്തുകാരന്‍ Wiesbaden വിട്ട് പാരീസിലെത്തിയപ്പോള്‍ വളരെ വൈകിയിരുന്നു. പോളിന ദസ്തയേവ്സ്കിയുടെമേല്‍ അധികാരഗര്‍വ്വ് കാട്ടി, അദ്ദേഹത്തെ വരിഞ്ഞു മുറുക്കി പന്താടി, ഒരു ഒഴിയാബാധയായി മാറി. പോളിനയുമായുള്ള സ്നേഹത്തിന്‍റെ കഥകളും ചൂതാട്ടഭ്രാന്തും അടുത്ത നോവലിന്‍റെ വിഷയമായി.
പോളിനയുമായുള്ള പ്രേമവും ചൂതാട്ടഭ്രാന്തും മൂലം ഒരുവര്‍ഷം മുമ്പ് 1866 നവംബര്‍ 1-നു മുമ്പ് എഴുതിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന നോവലെഴുതാന്‍ 1866 സെപ്റ്റംബര്‍ അവസാനമായിട്ടും ദസ്തയേവ്സ്കിയ്ക്കു കഴിഞ്ഞില്ല. ഈ പ്രതിസന്ധിഘട്ടത്തിലാണ് ഇരുപത് വയസ് പ്രായമുള്ള അന്നാ ഗ്രിഗോരിയേവ്നാ എന്ന സ്റ്റെനോഗ്രഫി സ്കൂളിലെ പുതിയ ബിരുദക്കാരി, ഒക്ടോബര്‍ 4-ന് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെത്തി ദസ്തയേവ്സ്കിയെ സന്ദര്‍ശിച്ചത്. സമയപരിധിക്കുള്ളില്‍ തന്‍റെ പുസ്തകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ദസ്തയേവ്സ്കിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ Memories from the House of the Dead വായിച്ചിരുന്ന ആരാധികയായ അന്നയ്ക്ക് സംശയമുണ്ടായിരുന്നില്ല.
പ്രേമാര്‍പ്പിതനായ ദസ്തയേവ്സ്കി
മിക്ക ദിവസങ്ങളിലും ദസ്തയേവ്സ്കി പറഞ്ഞുകൊടുക്കുന്നതു മുഴുവന്‍ അന്നാ സ്നിറ്റ്കിനാ ഉച്ചമുതല്‍ വൈകുന്നേരം 4 മണിവരെ എഴുതിയെടുക്കും. ക്രമേണ ദസ്തയേവ്സ്കി തന്‍റെ കഥകളെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള അന്നയുടെ അഭിപ്രായങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നിടത്തോളം അടുപ്പമുള്ളതായി ആ ബന്ധം മാറി. ധാര്‍മികമായി ദുര്‍ബലനും ചൂതുകളിസ്ഥലത്തെത്തിയാല്‍ നിയന്ത്രണാതീതനുമായിത്തീരുന്ന അദ്ദേഹത്തിന്‍റെ കഥാപാത്രം അവളെ സംബന്ധിച്ചിടത്തോളമെങ്കിലും ക്ഷമാര്‍ഹനായിരുന്നില്ല. ദസ്തയേവ്സ്കി പ്രതിരോധിക്കാനായി പറയും: "എത്ര ആത്മശക്തിയുള്ളവനും ചൂതുകളിസ്ഥലത്തെത്തിയാല്‍ നിയന്ത്രണം വിട്ടുപോകാം."
ദസ്തയേവ്സ്കിയുടെ ആത്മകഥാംശം ഒരു പരിധിവരെയെങ്കിലും ഉള്‍ക്കൊള്ളുന്നതാണ് താന്‍ പകര്‍ത്തുന്ന കഥയെന്ന് എഴുതുന്നതിനിടയ്ക്ക് അവള്‍ക്കു മനസ്സിലായി. അപ്പോഴാണ് ദസ്തയേവ്സ്കി പുതിയൊരു കഥാബീജം അവതരിപ്പിച്ചത്. അന്ന തന്‍റെ ഓര്‍മ്മക്കുറിപ്പുകളില്‍ ആ സംഭവം ഇങ്ങനെ പകര്‍ത്തിയിരിക്കുന്നു:
"ആരാണ് അങ്ങയുടെ കഥയിലെ നായകന്‍?"
"ഏതാണ്ട് എന്‍റെ പ്രായമുള്ള ഒരു കലാകാരന്‍."
"ദയവായി അയാളെപ്പറ്റി പറഞ്ഞാലും."
അപ്പോള്‍ എന്‍റെ അപേക്ഷയുടെ പ്രത്യുത്തരം പോലെ അനര്‍ഗളമായി അത്യുജ്വലമായ ഒരു വാഗ്ധാര ഒഴുകിവന്നു. അതിനുമുമ്പോ അതിനുശേഷമോ ഇത്രമാത്രം ആത്മപ്രചോദിതമായ വാഗ്പ്രവാഹം ഞാന്‍ കേട്ടിട്ടില്ല. അതു തുടര്‍ന്നുകൊണ്ടിരുന്നപ്പോള്‍ പശ്ചാത്തലത്തിലും കഥാപാത്രവിവരണങ്ങളിലും അല്പസ്വല്പം മാത്രം മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അദ്ദേഹം സ്വന്തം ജീവിതത്തെപ്പറ്റിത്തന്നെയാണ് എന്നോടു പറയുന്നത് എന്ന് എനിക്കു മനസ്സിലായി. അതുവരെ ചില ഭാഗങ്ങള്‍ മാത്രമായി എന്നോടു പറഞ്ഞിരുന്ന കാര്യങ്ങള്‍ സമഗ്രമായി എനിക്കു വ്യക്തമായി. അപ്പോള്‍ മാത്രമാണ് തന്‍റെ രോഗിണിയായ ഭാര്യയോടും സ്വന്തക്കാരോടും അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങളുടെ വിശദാംശങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ എനിക്കു വെളിവായത്.
അതേത്തുടര്‍ന്ന് തന്‍റെ സെക്രട്ടറിയോട്, അതായത് അന്നയോട്, നോവലിന്‍റെ പ്ലോട്ട് അങ്ങനെയങ്ങു വിശദീകരിച്ചതിന്‍റെ രഹസ്യമെന്തെന്നും വ്യക്തമായി. പുതിയ നോവലിന്‍റെ പ്ലോട്ട് പറഞ്ഞു കൊണ്ടിരുന്നതിനിടയ്ക്ക് ദസ്തയേവ്സ്കിയുടെ സംഭാഷണം സ്വകാര്യസ്വഭാവമുള്ളതായി, വ്യക്തിപരമായ തായി മാറി: "ആ കലാകാരന്‍റെ ജീവിതത്തിലെ ഒരു നിര്‍ണായക നിമിഷത്തില്‍ അദ്ദേഹത്തിന്‍റെ വഴിയില്‍ ഏതാണ്ട് നിന്‍റെ പ്രായമുള്ള, അല്ലെങ്കില്‍ നിന്നെക്കാള്‍ രണ്ടു വയസ്സു കൂടുതലുള്ള, ഒരു യുവതി കടന്നുവന്നു. അവളെ എല്ലായ്പോഴും നായിക എന്നു വിളിക്കാനാവാത്തതിനാല്‍ നമുക്ക് അന്യ എന്നു വിളിക്കാം. അന്യ എന്നത് നല്ലൊരു പേരല്ലേ? എന്നാല്‍ പ്രായംകൊണ്ടും പ്രകൃതംകൊണ്ടും നമ്മുടെ കലാകാരനുമായി ഒത്തിരി വ്യത്യാസമുള്ള ഈ യുവതി ആ കലാകാരനെ പ്രേമിക്കാന്‍ തീരെ സാധ്യത കുറവാണ് അല്ലേ? മനശ്ശാസ്ത്രപരമായിത്തന്നെ അതൊരസംഭവ്യ തയല്ലേ? അതേ, അന്നാ ഗ്രിഗോരിയേവ്നാ, ഇതു സംബന്ധിച്ച നിന്‍റെ അഭിപ്രായം കേള്‍ക്കട്ടെ."
അന്നയ്ക്ക് ഉടന്‍തന്നെ വ്യക്തമായ മറുപടിയുണ്ടായിരുന്നു:
"അത് അസംഭവ്യമാണെന്നു കരുതുന്നത് എന്തുകൊണ്ടാണ്? അങ്ങു പറഞ്ഞതുപോലെ ഈ അന്യ ഒരു ചപലയായ ശൃംഗാരിയല്ലെങ്കില്‍, നല്ല സംവേദനക്ഷമതയുള്ള ഒരു ഹൃദയത്തിന്‍റെ ഉടമയാണെങ്കില്‍, നിങ്ങളുടെ കലാകാരനോട് അവള്‍ക്ക് എന്തുകൊണ്ട് പ്രേമം തോന്നിക്കൂടാ? അയാള്‍ രോഗിയും ദരിദ്രനുമാണെന്നത് അതിനു തടസ്സമാകണമെന്നുണ്ടോ? സ്വത്തും പത്രാസുമൊന്നും അത്ര കണക്കാക്കേണ്ട കാര്യമൊന്നുമല്ല. അവള്‍ അത്ര വലിയ ത്യാഗമൊന്നും ചെയ്യുകയാണെന്നു കരുതേണ്ടാ. അവള്‍ക്ക് അയാളോടു പ്രേമമുണ്ടെങ്കില്‍ അവള്‍ക്ക് സന്തോഷമുണ്ടാവും. അവള്‍ക്ക് യാതൊരു പശ്ചാത്താപവും ഖേദവും തോന്നേണ്ട കാര്യമില്ല." ഞാന്‍ തികഞ്ഞ ഊഷ്മളതയോടെയാണ് ഇങ്ങനെ പറഞ്ഞത്. അതു തന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചതുപോലെ അദ്ദേഹം എന്നെ നോക്കി.
ഒടുവില്‍ ദസ്തയേവ്സ്കി ആ സംഭാഷണത്തിന്‍റെ ലക്ഷ്യമെന്തായിരുന്നു എന്നു വ്യക്തമാക്കി:
"അവള്‍ തന്‍റെ ജീവിതംമുഴുവന്‍ ആ കലാകാരനെ സ്നേഹിക്കുമെന്നുതന്നെയാണോ നീ യഥാര്‍ഥത്തില്‍ കരുതുന്നത്?" അദ്ദേഹം അല്പനേരം ഒന്നും മിണ്ടാതെ, തുടര്‍ന്നു തനിക്കു പറയാനുള്ളതു പറയണോ എന്നു സംശയിച്ച്, നിശ്ചലനായി നിന്നു. അവസാനം പറഞ്ഞു: "നിന്നെത്തന്നെ അവളുടെ സ്ഥാനത്തു നിര്‍ത്തി ചിന്തിക്കൂ. ഞാനാണ് നിന്നോടു പ്രേമാര്‍ഥന നടത്തുകയും എന്‍റെ ഭാര്യയാകാന്‍ സമ്മതമാണോ എന്നു ചോദിക്കുകയും ചെയ്യുന്ന ആ കലാകാരനെന്നും കൂടി സങ്കല്പിക്കുക. നിന്‍റെ മറുപടി എന്തായിരിക്കും?" അദ്ദേഹം ചോദിക്കുന്നത് സാഹിത്യസംബന്ധിയായ ഒരു ചോദ്യമല്ലെന്നും ആ സംശയാകുലമായ അവസ്ഥയില്‍ ഞാന്‍ പറഞ്ഞ മറുപടിതന്നെ ആവര്‍ത്തിക്കാതിരുന്നാല്‍ അദ്ദേഹത്തിന്‍റെ ആത്മാഭിമാനത്തിനേല്ക്കാനിടയുള്ള ക്ഷതം എത്ര തീവ്രമായിരിക്കും എന്നും എനിക്കു മനസ്സിലായി. അദ്ദേഹത്തിന്‍റെ പ്രിയംകരവും ഉത്കണ്ഠാകുലവുമായ മുഖത്തേക്കു സൂക്ഷിച്ചു നോക്കി ക്കൊണ്ടു ഞാന്‍ പ്രതിവചിച്ചു: "ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പ്രേമിക്കുമെന്നുതന്നെയായിരിക്കും എന്‍റെ മറുപടി."
അടുത്ത പതിനാലു വര്‍ഷക്കാലം അന്ന അദ്ദേഹം പറയുന്നതെല്ലാം പകര്‍ത്തിയെഴുതി. ആ ആശ്ചര്യപൂര്‍ണമായ വര്‍ഷങ്ങളിലാണ് ദസ്തയേവ്സ്കി അദ്ദേഹത്തിന്‍റെ, ലോകമാകെ അത്യാദരപൂര്‍വം വീക്ഷിക്കുന്ന നോവലുകള്‍ എഴുതിയത്. തന്നെ കണ്ടുമുട്ടുന്നതിനുമുമ്പ് പോളിനാ സുസ്ലോവായുമായുള്ള പ്രേമത്തെപ്പറ്റി ദസ്തയേവ്സ്കി എഴുതിയിരുന്ന പലതും അന്ന പിന്നീട്, മിക്കവാറും അദ്ദേഹത്തിന്‍റെ മരണശേഷം നശിപ്പിക്കുകയുണ്ടായി. പോളിനായുടെ കത്തുകള്‍ കത്തിച്ചു കളയുകയും ചെയ്തു. ദസ്തയേവ്സ്കിയുമായുണ്ടായിരുന്ന തന്‍റെ ബന്ധത്തെക്കുറിച്ച് പോളിനാ എഴുതിയ പുസ്തകം മാത്രമേ അതു സംബന്ധിച്ച ചരിത്രരേഖയായി ഇന്ന് അവശേഷിക്കുന്നുള്ളൂ.
അന്നയുടെ സഹായത്തോടെ 'ചൂതാട്ടക്കാരന്‍' പൂര്‍ണമായി. തന്‍റെ ഭാവിഭര്‍ത്താവായ ദസ്തയേവ്സ്കി യെക്കാള്‍ പ്രായോഗികമതിയായിരുന്ന അവള്‍ അദ്ദേഹത്തിന് വേണ്ട നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന്‍ മടിച്ചില്ല. പുസ്തകം യഥാസമയം എഴുതിക്കിട്ടരുതെന്നായിരുന്നു സ്റ്റെല്ലോവ്സ്കി ആഗ്രഹിച്ചിരുന്നത്. ദസ്തയേവ്സ്കിയുടെ അടുത്ത പത്തു വര്‍ഷത്തേക്കുള്ള പുസ്തകങ്ങളുടെയെല്ലാം സമ്പൂര്‍ണമായ പകര്‍പ്പവകാശത്തിലായിരുന്നു അദ്ദേഹത്തിന്‍റെ കണ്ണ്. വാഗ്ദാനം ചെയ്യപ്പെട്ട പുസ്തകമെത്തുന്നതും കാത്ത് അയാള്‍ അവസാനദിവസം കാത്തിരിക്കുമോ അതോ കടപൂട്ടി മാറി നില്ക്കുമോ? അദ്ദേഹം അന്നു കട തുറക്കില്ലെന്നുതന്നെ ഊഹിക്കാന്‍ കഴിഞ്ഞ അന്ന ദസ്തയേവ്സ്കിയോട് പുസ്തകം സമീപത്തുള്ള പോലീസ് സ്റ്റേഷനിലേല്പിച്ച് അന്നേദിവസം അതു കൈപ്പറ്റിയതായി രസീതുവാങ്ങി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. കരാര്‍ സമയം തീരാന്‍ രണ്ടുമണിക്കൂര്‍മാത്രം ശേഷിക്കുമ്പോഴാണ് അവര്‍ ഇങ്ങനെ ചെയ്തത്.
'ചൂതാട്ടക്കാരന്‍' പൂര്‍ത്തിയാക്കി അധികം താമസിയാതെതന്നെ ദസ്തയേവ്സ്കിയും അന്നയും വിവാഹിതരായി. അവര്‍ക്ക് നാലു മക്കളുണ്ടായി. അവരില്‍ രണ്ടു പേര്‍ - ഫെദ്യ എന്ന മകനും ല്യൂബോവ് എന്ന മകളും - മാത്രമേ ബാലാരിഷ്ടതകള്‍ അതിജീവിച്ചുള്ളൂ
1881 ജനുവരി 29-ന് ദസ്തയേവ്സ്കി മരണമടഞ്ഞു. അതിനു രണ്ടുമാസം മുമ്പ്, തന്‍റെ മാസ്റ്റര്‍പീസായ 'കരമസോവ് സഹോദരന്മാര്‍' എന്ന, വ്യാപകമായി പഠനവിധേയമായിട്ടുള്ളതും ഇംഗ്ലീഷിലും റഷ്യനിലും പലതവണ സിനിമയാക്കപ്പെട്ടിട്ടുള്ളതുമായ, നോവലിന്‍റെ ഉപസംഹാരം അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു.
മരണമടയുന്നതിനു മൂന്നുദിവസം മുമ്പ് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലുള്ള തന്‍റെ വസതിയില്‍വച്ചാണ് അദ്ദേഹം രോഗബാധിതനാകുന്നത്. ആരുംതന്നെ അതു മരണകരമായ രോഗമായി കണക്കാക്കിയില്ല. എന്നാല്‍ 28-ാം തീയതി രാവിലെ അദ്ദേഹം അന്നയോട് അത് തന്‍റെ അവസാനദിവസമായിരിക്കും എന്നു പറയുകയുണ്ടായി. അവള്‍ അതു വികല്പമാണെന്നു കരുതി വിശ്വസിച്ചില്ല. എന്നാല്‍ ദസ്തയേവ്സ്കിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയ അവള്‍ മക്കളെ സമീപത്തെത്തിച്ച് അവരോടു വിടപറയാന്‍ അദ്ദേഹത്തിന് അവസരം നല്കി.
പഠനമുറിയിലെ സോഫായില്‍ വിശ്രമിച്ചിരുന്ന അദ്ദേഹം പാതിരായ്ക്കുമുമ്പ് അന്ത്യശ്വാസം വലിച്ചു. ഭിത്തിയില്‍ തൂക്കിയിരുന്ന, അദ്ദേഹം വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന റാഫേലിന്‍റെ ചിത്രത്തിന്‍റെ കോപ്പിയില്‍നിന്ന് 'സിസ്റ്റൈന്‍ മഡോണാ' ആ മരണം വീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്നുണ്ടായ മരണത്തിന്‍റെ കാരണം തൊണ്ടയില്‍നിന്നുണ്ടായ രക്തസ്രാവമായിരുന്നു.
മൃതസംസ്കാരത്തിന് ആയിരക്കണക്കിനാളുകള്‍ എത്തുകയുണ്ടായി. സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ അലക്സാണ്ടര്‍ നെവ്സ്കി ആശ്രമത്തിലുള്ള 'ത്രിത്വ' സെമിത്തേരിയിലായിരുന്നു അദ്ദേഹത്തെ സംസ്കരിച്ചത്. ദസ്തയേവ്സ്കിയുടെ മരണത്തിനുശേഷവും മുപ്പതു വര്‍ഷം കൂടി ജീവിച്ചിരുന്ന അദ്ദേഹത്തിന്‍റെ സമകാലികനും പ്രശസ്ത റഷ്യന്‍ നോവലിസ്റ്റുമായ ലിയോ ടോള്‍സ്റ്റോയിയുടെ ശവകുടീരത്തിലേക്ക് എന്നതുപോലെ ലോകമെങ്ങുംനിന്നുള്ള അനേകായിരം സന്ദര്‍ശകര്‍ ദസ്തയേവ്സ്കിയുടെ ശവകുടീരത്തിലേക്കും എത്താറുണ്ട്.
ഓരോ കഥാപാത്രത്തിന്‍റെയും ആത്മാവിലേക്ക് ചൂഴ്ന്നിറങ്ങാനുള്ള ദസ്തയേവ്സ്കിയുടെ ശേഷിയാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യക്കാര്‍ക്ക് അദ്ദേഹം പ്രിയങ്കരനാകാനുള്ള പ്രധാന കാരണം. ഇന്നും അദ്ദേഹത്തിനുള്ള ജനകീയതയുടെ കാരണം മനുഷ്യാവസ്ഥകള്‍ ഉള്‍ക്കൊള്ളാനും സ്പഷ്ടമായി ആവിഷ്കരിക്കാനുമുള്ള അദ്ദേഹത്തിന്‍റെ അസാമാന്യമായ പ്രാവീണ്യംതന്നെ.