ജലം ലോകമെങ്ങും ചൂടുള്ള ഒരു വിഷയമായി മാറിയിരിക്കുന്നു. നദികളുടെയും മഴയുടെയും പ്രാദേശിക വിതരണം എല്ലാ നാടുകളിലും വ്യത്യസ്തമാണ്. ഒരു ഭാഗത്ത് ജല ലഭ്യത കൂടിയ അതേ നാട്ടില്‍ മറ്റൊരു ഭാഗത്ത് കൊടും വരള്‍ച്ചയോ ജലക്ഷാമമോ രൂക്ഷമായി അനുഭവപ്പെടുന്നത് സാധാരണമായിരിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് ഭക്ഷ്യോല്‍പാദനത്തിലും ഊര്‍ജ്ജാവശ്യങ്ങളിലും വര്‍ദ്ധനവ് ആവശ്യമായി. നദികളെ പരസ്പരം ബന്ധിപ്പിക്കയോ തടഞ്ഞു നിര്‍ത്തുകയോ, വഴി തിരിച്ചുവിടുകയോ ചെയ്യാമെന്ന് മനുഷ്യന്‍ കണക്കുകൂട്ടി. അതിന്‍റെ ഫലമായാണ് ലോകത്തെ എല്ലാ അണക്കെട്ടുകളും നദീബന്ധനങ്ങളും ഉണ്ടായത്.
നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ലോകത്തു പലയിടത്തും അണക്കെട്ടുകളും നദീബന്ധിത ശൃംഖലകളും സൃഷ്ടിക്കപ്പെട്ടിരുന്നു. പക്ഷേ ഇവ താരതമ്യേന ചെറുതായിരുന്നു. അവ സൃഷ്ടിച്ച പരിസ്ഥിതി ആഘാതങ്ങളും ഗൗരവമുള്ളവയായിരുന്നില്ല.
ഇന്നിപ്പോള്‍ മനുഷ്യന്‍റെ എണ്ണവും ആവശ്യങ്ങളും കൂടിയ സ്ഥിതിക്ക് അതിനനുസൃതമായ രീതിയില്‍ നദികളെ ബന്ധിപ്പിക്കലും, തടഞ്ഞുനിര്‍ത്തലും ചെയ്യേണ്ടതുണ്ട്, അഥവാ ചെയ്തുവരുന്നുമുണ്ട്, പരിസ്ഥിതി സന്തുലനം പാടെ തകര്‍ത്തുകൊണ്ടും ദീര്‍ഘവീക്ഷണം ഇല്ലാതെയും.
ഈജിപ്റ്റിലെ നൈല്‍നദി അതിന്‍റെ മനോഹാരിതയും ചരിത്ര പശ്ചാത്തലവും കൊണ്ട് ലോക പ്രസിദ്ധമായിരുന്നു. സ്വച്ഛമായി ഒഴുകിയിരുന്ന ആ മഹാനദിയില്‍ നിര്‍മ്മിക്കപ്പെട്ട അസ്വാന്‍ എന്ന കൂറ്റന്‍ അണക്കെട്ട് അതിന്‍റെ ഗതിമാറി ഒഴുകലിനും പ്രവചനാതീതമായ സസ്യ-മത്സ്യ-ജന്തു ജീവജാലങ്ങളുടെ അന്യംനിന്നു പോകലിനും ഇടവരുത്തി.
ഇത്തരത്തില്‍ ആയിരക്കണക്കിന് അണക്കെട്ടുകളും കൃത്രിമ കനാല്‍ ശൃംഖലകളും ലോകമെമ്പാടുമുണ്ടായി. ഇവയില്‍ പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന കസാക്കിസ്ഥാനിലെ പ്രവിശാലമായ കാരാകും (Karakum) മരുഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ട കരാകും കനാല്‍ ശൃംഖല പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. മരുഭൂമിയെ കൃഷിഭൂമിയാക്കാനുള്ള അന്നത്തെ സോവിയറ്റ് ഗവണ്‍മെന്‍റിന്‍റെ തീരുമാനപ്രകാരം ലോകത്തെ തന്നെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത കനാല്‍ അഥവാ നദീ നിര്‍മ്മാണം അവിടെ തുടങ്ങി. നിരവധി നദികളും പുഴകളും ഇതിലേക്ക് വഴിതിരിച്ചു വിടപ്പെട്ടു. പച്ചപ്പിന്‍റെ പുതിയൊരു സ്വര്‍ഗ്ഗം പ്രതീക്ഷിച്ചു നിര്‍മ്മിക്കപ്പെട്ട ഈ കനാല്‍ സമാനതകളില്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും നിരവധി സസ്യ-ജന്തുജാലങ്ങളുടെ വംശനാശത്തിനും കാരണമായി. പുതിയൊരു നാട്ടിലേക്കെത്തിയ നദീജലത്തിലെ മത്സ്യങ്ങളും, സൂക്ഷ്മജീവികളും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനാവാതെ അന്യംനിന്നുപോയി. പുതിയ സഞ്ചാര മാര്‍ഗ്ഗങ്ങളിലുണ്ടായിരുന്ന വിഷ പദാര്‍ത്ഥങ്ങ ളെയും വഹിച്ചാണ് നദികള്‍ ഗതിമാറി ഒഴുകിയത്. ഇതു ജല കാഠിന്യം വര്‍ദ്ധിക്കാനും മാരക രോഗങ്ങള്‍ മനുഷ്യനും സസ്യ ജന്തു ലോകത്തിനും വരുത്തിവയ്ക്കാ നും ഇടയാക്കി.
കോണ്‍ക്രീറ്റ് അടിത്തറയും പാര്‍ശ്വങ്ങളും ഉണ്ടായിരിന്നിട്ടു കൂടി പുതിയ മനുഷ്യ നദി മണ്ണടിഞ്ഞും വശങ്ങളിടിഞ്ഞും സര്‍വ്വ നാശത്തിന്‍റെ വക്കോളമെത്തി. പ്രകൃതിക്കുമേല്‍ എന്തു വികൃതിയുമാവാം എന്ന മനുഷ്യന്‍റെ വ്യാമോഹത്തിന് ചുട്ട മറുപടിയായി ഈ കാരാകും ദുരന്തം.
ഒപ്പംതന്നെ കസാക്കിസ്ഥാനിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്ന ആറാല്‍ കടല്‍ (Aral Sea) അതിവേഗത്തില്‍ പത്തിലൊന്നായിച്ചുരുങ്ങി. കാരണം ഈ തടാകത്തെ പോഷിപ്പിച്ചിരുന്ന നിരവധി നദികള്‍ കൂടി കാരാകും കനാലിലേക്കു വഴിമാറ്റി വിട്ടിരുന്നു. സ്വഭാവികമായും ആറാല്‍ കടല്‍ ചരമമടഞ്ഞു, മനുഷ്യനാകെ ഗുണപരമായ ഒരു മുന്നറിയിപ്പു നല്‍കിക്കൊണ്ട്.
ഇവ സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല. ഇവയുടെ പശ്ചാത്തലത്തില്‍ വേണം ഭാരതത്തിലെ (ദുഃ)സ്വപ്ന പദ്ധതിയായ അന്തര്‍ സംസ്ഥാന നദീബന്ധനം നോക്കിക്കാണാന്‍. 2002ല്‍ അന്നത്തെ എന്‍.ഡി.എ സര്‍ക്കാര്‍ ഒരു ടാക്സ് ഫോഴ്സ് ഉണ്ടാക്കി, സുരേഷ് പ്രഭു അദ്ധ്യക്ഷനായി. ഇതിനായി തെക്കും വടക്കുമുള്ള ചെറുതും വലുതുമായ നദികളുടെ മുപ്പതോളം ബന്ധനങ്ങളാണ് ആവിഷ്കരിച്ചിരുന്നത്. ഹിമാലയന്‍ നദികളില്‍ പ്രമുഖമായ ഗംഗയും ബ്രഹ്മപുത്രയും കൂടാതെ ആയിരക്കണക്കിന് കിലോമീറ്റര്‍ നീളം വരുന്ന അസംഖ്യം കൃത്രിമ കനാലുകളിലൂടെയും തുരങ്കങ്ങളിലൂടെയും ദക്ഷിണ മദ്ധ്യ ഇന്ത്യയിലെ നദികളും പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ലോകത്തെതന്നെ ഏറ്റവും വലിയ മനുഷ്യ സംരംഭമാണിത്.
ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒഴുകിയിരുന്ന മാര്‍ഗത്തില്‍നിന്നും ഈ മഹാനദികളെ വഴിതിരിച്ചുവിടുന്ന പദ്ധതി വേഗത്തിലാക്കാന്‍ നമ്മുടെ പരമോന്നത കോടതി ഉത്തരവായിരിക്കുന്നു. നദികളാല്‍ സമ്പുഷ്ടവും എന്നാല്‍ ആളോഹരി ജല ലഭ്യതയില്‍ ശുഷ്കവുമായ നമ്മുടെ നാട്ടില്‍ ദശകങ്ങള്‍ക്കു മുമ്പേ ആലോചന തുടങ്ങിയതായിരുന്നു അന്ന് ജലസമ്പന്നമായിരുന്ന നദികളെ വരള്‍ച്ച ബാധിത മേഖലകളിലേയ്ക്കുകൂടി വഴിതിരിച്ചുവിടുക എന്നത്.
വിശാല ഭാരതത്തില്‍ മഴയുടേയും ജല ലഭ്യതയുടേയും പ്രാദേശികമായ വിതരണത്തില്‍ വളരെയധികം ഏറ്റക്കുറച്ചിലുകളുണ്ട്, ജനസാന്ദ്രതയില്‍ ഏറെ സമാനതകളും. വേനല്‍ക്കാലത്തും ജലസമ്പന്ന നദികളായ ഗംഗയുടേയും, ബ്രഹ്മപുത്രയുടേയും തീരത്തുള്ള അത്രയും തന്നെ കുടിയിരുപ്പുകളും ജനസാന്ദ്രതയുമുണ്ട് ജലസമ്പന്നമല്ലാത്ത നദികളായ കാവേരിയുടേയും വൈഗയുടേയും കരയില്‍.
മുന്‍പറഞ്ഞ ജലസമ്പന്ന നദികള്‍ ഹിമാലയത്തിലെ അതിസമ്പന്നമായ മഞ്ഞുമലകളുടേയും കൂടി സംഭാവനയാണ്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ഇവ വേനല്‍ക്കാലത്തും അത്ര തന്നെ ജലവാഹികളാവുന്നതും ഹിമവാനിലെ ഈ ഹിമപാളികളുടെ ഉരുകല്‍ മൂലമാണ്. ഇതിനു തെക്കോട്ട് മാറുമ്പോള്‍ ഈ ജല സമ്പന്നത ക്രമേണ കുറഞ്ഞുവരുന്നു. അതിന്‍റെ പ്രധാന കാരണം മദ്ധ്യ-ദക്ഷിണ ഭാരതത്തില്‍ വേനലില്‍ ഉരുകിയൊഴുകാന്‍ മഞ്ഞുമലകളില്ല എന്നതാണ്.
ഗംഗയിലേയും ബ്രഹ്മപുത്രയിലേയും മൊത്തം ജലത്തിന്‍റെ പകുതിയോളം കാര്‍ഷിക വൈദ്യുതി ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാവുന്നില്ല. അത് ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു. വടക്കേ ഇന്‍ഡ്യയിലെ അഞ്ചു സംസ്ഥാനങ്ങളുടേയും ബംഗ്ലാദേശിന്‍റെയും നിലനില്‍പ്പിനാധാരവും ഈ മഹാനദികളാണ്. ജല ഗതാഗതത്തിലും ചരക്കു നീക്കത്തിലും ഈ നദികളുടെ പങ്ക് വളരെ വലുതാണ്. ഇവയിലെ അതിസമൃദ്ധമായ മത്സ്യം, കക്ക, മണല്‍ തുടങ്ങിയവ ജനകോടികളുടെ ഭക്ഷണ, ജീവിതാവശ്യങ്ങള്‍ക്കും ആധാരമാകുന്നു. വൈദ്യുതി ഉല്‍പാദനത്തിനും ജലസേചനത്തിനും ഈ നദികള്‍ വലിയൊരു പങ്കുവഹിക്കുന്നു.
നൂറ്റാണ്ടുകളായുള്ള പ്രവാഹത്തിനിടെ ഇവയിലൂടെ ഒഴുകിയെത്തിയ എക്കല്‍ നിക്ഷേപം വിശാലവും ഫലഭൂയിഷ്ടവുമായ കൃഷിഭൂമികള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും ജന്മം നല്‍കിയിരിക്കുന്നു. ഗംഗയും യമുനയും ബ്രഹ്മപുത്രയുമൊക്കെ കിഴക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു. മദ്ധ്യ കിഴക്കന്‍ സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശ്, ഒറീസ, ആന്ധ്രപ്രദേശ് ഇവിടങ്ങളില്‍ ഉത്ഭവിക്കുന്ന മിക്ക നദികളും ചെന്നു ചേരുന്നതും ഇവിടെത്തന്നെ. ബിയാസ്, രവി, കൃഷ്ണ, ഗോദാവരി തുടങ്ങിയവ ഉദാഹരണം.
ഇന്‍ഡ്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും പൊതുവേ അനുകൂലിക്കുന്ന ഈ നദീബന്ധന പദ്ധതി ലോകത്തെ ഏറ്റവും ഗൗരവമേറിയ ജലബന്ധിത യുദ്ധത്തിന് ആരംഭം കുറിക്കും. ഈ പദ്ധതിയെ എതിര്‍ക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നമുക്ക് മറ്റൊരു മാര്‍ഗം ഇല്ലതാനും.
ഉത്തര്‍പ്രദേശിലെ വാരണാസിക്ക് സമീപം നിന്ന് തുടങ്ങുന്ന ഗംഗയുടെ വഴിമാറിയൊഴുകല്‍ പിന്നീട് അതി ദുര്‍ഘട പ്രദേശങ്ങളിലൂടെയായിരിക്കും. വളരെ വ്യത്യസ്തവും വൈവിധ്യവുമേറിയ മണ്ണും കാലാവസ്ഥയും ജീവജാതികളും. ഗംഗ ഇപ്പോള്‍ ഒഴുകുന്ന മാര്‍ഗത്തില്‍ ഒരിടത്തും ഇല്ലാത്ത രാസനിക്ഷേപങ്ങള്‍ പുതിയ മാര്‍ഗത്തെങ്ങുമുണ്ടാകും. പ്രത്യേകിച്ച് മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍. ഉദാഹരണം ആര്‍സനിക്, ഫ്ളൂറൈഡ്, കല്‍ക്കരിപ്പാടങ്ങളിലെ കോള്‍ട്ടാര്‍, സള്‍ഫര്‍ തുടങ്ങിയ മാരക വിഷപദാര്‍ത്ഥങ്ങള്‍. പുതിയ കനാലുകള്‍ കുഴിച്ച് ജലം ഒഴുക്കുമ്പോള്‍ ഇവയെല്ലാം ഒപ്പം പ്രവഹിക്കുന്നു. ഇവ കൊടിയ രോഗപീഡകളും ആരോഗ്യ സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കും.
ശരാശരി 100 അടി വീതിയും 30 അടി ആഴവും പ്രതീക്ഷിക്കുന്ന കനാലുകള്‍ നിരവധി ഇടങ്ങളില്‍ റോഡും നടപ്പാതകളും കാട്ടുമൃഗ പാതകളും മുറിക്കും. ഇതിനുപകരമായി ആയിരക്കണക്കിന് വന്‍ പാലങ്ങളും നടപ്പാതകളും കനാലുകള്‍ക്കു കുറുകെ നിര്‍മ്മിക്കേണ്ടിവരും. ചിലവും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും പതിന്മടങ്ങ് വര്‍ദ്ധിക്കും.
ഭാരതത്തിന്‍റെ മൊത്തം വാര്‍ഷിക ബഡ്ജറ്റ് 15 ലക്ഷം കോടി. ഇതിനു വേണ്ടിവരുന്ന ചെലവ് 5 ലക്ഷം കോടി. ഭാവിയില്‍ ഇത് പല മടങ്ങായി വര്‍ദ്ധിച്ച് 25-30 ലക്ഷം കോടിയാവാം. വേണ്ടിവരുന്ന മനുഷ്യാധ്വാനവും നശിപ്പിക്കപ്പെടുന്ന വനവും, മണ്ണും പരിസ്ഥിതിയും സസ്യജന്തു ലോകവും ഇവയുടെ വിപണി മൂല്യവും കണക്കുകൂട്ടാന്‍ ശ്രമിക്കുന്നില്ല, അതിന്നാവുകയുമില്ല.
വളരെക്കാലം നിലനില്‍ക്കത്തക്ക വിധം കനാല്‍ ശൃംഖലകള്‍ നിര്‍മ്മിക്കാന്‍ സാന്ദ്രതയേറിയ ലക്ഷക്കണക്കിന് ടണ്‍കോണ്‍ക്രീറ്റും ഉരുക്കു കമ്പികളും വേണ്ടിവരും. പൊതുവെ ക്ഷാമമുള്ള സിമന്‍റ് പൊതുജനങ്ങള്‍ക്ക് അപ്രാപ്യമാവും. നിര്‍മ്മാണ മേഖല സ്തംഭിക്കും.
100 അടി വീതിയും 30 അടി താഴ്ചയുമുള്ള കനാലുകള്‍ക്കായി കുഴിച്ചെടുക്കപ്പെടുന്ന കോടിക്കണക്കിനു ടണ്‍ പാറയും ചെളിയും മണ്ണും നീക്കം ചെയ്യലും നിക്ഷേപിക്കലും ഭഗീരഥ യത്നമാവും. അവയുടെ നിക്ഷേപിക്കല്‍ കൂടുതല്‍ വന, കാര്‍ഷിക മേഖലകളെ ഇല്ലാതാക്കും. കനാല്‍ കടന്നു വരുന്ന വഴികളിലാകെ 25000 ഏക്കറോളം നിബിഡ വനം ഇല്ലാതാകും. വന്യമൃഗങ്ങളുടെ സഞ്ചാര പാതകള്‍ മുറിക്കപ്പെടും. നിര്‍മ്മാണത്തിനുപയോഗിക്കുന്ന യന്ത്രങ്ങളും വാഹനങ്ങളും കോടിക്കണക്കിന് ലിറ്റര്‍ ദ്രവ -ഖര ഇന്ധനം കുടിച്ച് വറ്റിക്കും. അന്തരീക്ഷത്തെ മലിനമാക്കും.
ജന നിബിഡമായ ആയിരക്കണക്കിനു ഗ്രാമങ്ങള്‍ തകര്‍ത്തെറിയപ്പെടും. അവിടുത്തെ നിവാസികളും എടുത്തെറിയപ്പെടും പെരുവഴിയിലേക്ക്. ഭാരതത്തിലെ ഓരോ പൗരനും വളരെ വലിയൊരു അധിക നികുതി നല്‍കുന്നതിന് പ്രേരിപ്പിക്കപ്പെടും. അവന്‍റെ ജീവിത നിലവാരം കൂപ്പുകുത്തും.
അപൂര്‍വ്വങ്ങളായ സസ്യ ജന്തു പ്രാണി മത്സ്യ വര്‍ഗ്ഗം വിടപറയും. ഭാരതത്തിലെ സംസ്ഥാനങ്ങളും വിവിധ പ്രദേശങ്ങളും വിവിധ വംശങ്ങളും തമ്മിലുള്ള ബന്ധം ഗുരുതരമായി ബാധിക്കപ്പെടും. ഭാരതത്തിന്‍റെ അഖണ്ഡത നഷ്ടമാകും. ജനരോഷം, പ്രക്ഷോഭം, കണ്ണീര്‍പ്പുഴകള്‍ ഇവ സര്‍വസാധാരണമാകും.
നിയമ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനാവാതെ നീണ്ടുനില്‍ക്കും. നിരവധി സംസ്കാരങ്ങളും ആദിവാസി വിഭാഗങ്ങളും പ്രാചീന സ്മാരകങ്ങളും തകര്‍ന്നടിയും. ബംഗ്ലാദേശ്, ബര്‍മ്മ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി പുതിയ തര്‍ക്കങ്ങള്‍ ഉടലെടുക്കും.
ഗംഗയിലെ നീരൊഴുക്ക് കുറഞ്ഞാല്‍ അത് അഞ്ചു സംസ്ഥാനങ്ങളിലെ കാര്‍ഷികവൃത്തിയെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കും. അപൂര്‍വ്വങ്ങളായ മത്സ്യങ്ങളും ഡോള്‍ഫിനുകളും നിറഞ്ഞ സുന്ദര്‍ബന്‍ കണ്ടല്‍ക്കാടുകള്‍ നാമാവശേഷമാകും.
ഹിന്ദു സംസ്കാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും ആധാരശിലയായ ഗംഗാമാതാവ് വിസ്മൃതിയിലാവും.
കനാല്‍ നിര്‍മ്മാണത്തിനായി ഇളക്കി മറിക്കപ്പെടുന്ന പ്രദേശങ്ങളിലെ മണ്ണില്‍ സുഷുപ്താവസ്ഥയിലുള്ള സൂക്ഷ്മജീവികള്‍ സ്വതന്ത്രമാക്കപ്പെടുകയും ജൈവ ലോകത്തിന് കൊടിയ ഭീഷണിയായി മാറുകയും ചെയ്യാം. ജലജീവികളുടെ അസ്വാഭാവിക സങ്കര പ്രജനനം മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. അക്രമ സ്വഭാവമില്ലാത്ത രണ്ടു മത്സ്യജാതികള്‍ ഇണചേര്‍ന്നുണ്ടാകുന്നത് മറ്റു മത്സ്യങ്ങളെ ആഹാരമാക്കുന്ന ഒരു പുതിയ ജനുസ്സിനെ ആയിരിക്കാം.
ജല ടൂറിസം വര്‍ദ്ധിക്കും. ജലവാഹനങ്ങളും ടൂറിസ്റ്റുകളും പുതിയൊരു മലിനീകരണ സംസ്കാരം തുടങ്ങിവെയ്ക്കും.
ഇനി തെക്കന്‍ സംസ്ഥാനങ്ങളുടെ കാര്യമെടുക്കാം. ആന്ധ്രപ്രദേശിന്‍റെ ജലദായിനികളായ കൃഷ്ണയും, ഗോദാവരിയും വര്‍ഷത്തില്‍ മൂന്നു മാസക്കാലവും നീരൊഴുക്ക് നിലച്ച് വരണ്ടുകിടക്കുന്നു. ജലസമൃദ്ധമായ ഇവയുടെ വിദൂര തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഏതാണ്ട് അര്‍ദ്ധ മരുഭൂമികളുമാണ്. പ്രകൃതി തന്നെ ഒരുക്കിയ വൈചിത്ര്യം.
തമിഴ്നാട്ടില്‍ തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലേതുമായി തട്ടിച്ചുനോക്കുമ്പോള്‍ മഴയും ജല ലഭ്യതയും കുറവാണെന്നു കാണാം. തമിഴ്നാട് ഒരു മഴ നിഴല്‍ പ്രദേശവുമാണ്, അതിന്‍റെ വ്യത്യസ്തമായ ഭൂപ്രകൃതി കാരണം.
തമിഴ്നാടിന്‍റെ പ്രധാന ജലസ്രോതസ്സ് കര്‍ണ്ണാടകയില്‍ ഉത്ഭവിച്ചൊഴുകുന്ന കാവേരിയാണ്. കേരളത്തിലെ രണ്ടു നദികളും ഇതിലേക്കൊഴുകി ചേരുന്നു. പാമ്പാറും ഭവാനിയും. പൊന്നാര്‍, മോയാര്‍, ചുരുളിയാര്‍ താമ്രപര്‍ണി, വൈഗ തുടങ്ങിയവയും അവിടുത്തെ പ്രധാന നദികളാണ്. മണ്‍സൂണ്‍ ആശ്രിത നദികളായതിനാല്‍ ഇവയെല്ലാം വര്‍ഷത്തില്‍ പല മാസങ്ങളിലും പൂര്‍ണമായി വരണ്ടുകിടക്കുന്നു. വിവാദങ്ങളില്‍പെട്ട മുല്ലപ്പെരിയാര്‍ ജലവും തമിഴ്നാടിന്‍റെ പ്രധാന ജലാശ്രയമാണ്.
കര്‍ണാടകത്തിന്‍റെ സ്ഥിതിയും സമാനമാണ്. കാവേരി അവരുടെയും പ്രധാന ജലസ്രോതസ്സണ്. മറ്റു നിരവധി നദികളും ഉണ്ട്. കാവേരി ഒഴികെ മിക്കതും പടിഞ്ഞാറ് അറബിക്കടലിലേക്കൊഴുകുന്നു.
ഇനി നമ്മുടെ കേരളത്തിന്‍റെ കാര്യമെടുക്കാം. മുടങ്ങാതെ വന്നെത്തുന്ന മഴയും അതുവഴിയുള്ള താല്‍ക്കാലിക ജലസമൃദ്ധിയും നമ്മുടെ നാടിന്‍റെ പച്ചപ്പിനും കാര്‍ഷിക സാമൂഹിക അഭിവൃദ്ധിക്കും പ്രധാന പങ്കു വഹിക്കുന്നു. നാല്‍പത്തിനാലു ചെറുനദികളാണ് നമുക്കുള്ളത്. അതില്‍ 41 ഉം പടിഞ്ഞാറേക്കൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും.
നദികളെ സംബന്ധിച്ച ദേശീയ മാനദണ്ഡമനുസരിച്ച് നോക്കിയാല്‍ കേരളത്തില്‍ ഒറ്റ നദിപോലും ഇല്ല എന്നു കാണാന്‍ കഴിയും. മുന്‍പറഞ്ഞ മാനദണ്ഡമനുസരിച്ച് ജലപ്രവാഹത്തില്‍ മുമ്പനായ പെരിയാര്‍പോലും ഒരിടത്തരം പുഴയായി മാത്രമേ കാണാന്‍ കഴിയൂ.
നമ്മുടെ 44 നദികളും കൂടി ഒരു വര്‍ഷം പ്രദാനം ചെയ്യുന്ന മൊത്തം ജലത്തേക്കാള്‍ കൂടുതലാണ് ആന്ധ്രയിലെ ഗോദാവരി നദിയിലൂടെ മാത്രം ഒഴുകുന്നത്. അത് ദേശീയ അന്തര്‍ദേശീയ മാനദണ്ഡമനുസരിച്ച് ഒരു ഒത്ത നദിയായി കണക്കാക്കപ്പെടുന്നു.
പക്ഷെ ഇന്നും കേരളം ഒരു ജലസമൃദ്ധ, മിച്ച ജല സംസ്ഥാനമായി കരുതപ്പെടുന്നു. ഈ അനാവശ്യ ലേബല്‍ڈ നമ്മുടെ നിലനില്‍പ്പിന് ഭീഷണിയായി മാറിയിരിക്കുന്നു.
നിര്‍ദ്ദിഷ്ട അന്തര്‍സംസ്ഥാന നദീ ബന്ധനം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ സ്ഥിതിക്ക് ഇന്ത്യയില്‍ നദീബന്ധനം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്ന വസ്തുത ഇവിടെ പ്രത്യേകം സ്മരണീയമാണ്. വളരെയേറെ നഷ്ടം സഹിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ തടം മാറ്റി തമിഴ്നാട്ടിലേക്ക് ഒഴുക്കിക്കൊണ്ടും തുടര്‍ന്ന് പറമ്പിക്കുളം ആളിയാര്‍, ശിരുവാണി, നെയ്യാര്‍ പദ്ധതികളിലൂടേയും നമ്മള്‍ അത് പൂര്‍ത്തീകരിച്ചു. ഇതിന്‍റെ ഗുണഭോക്താവായ തമിഴ്നാട് വീണ്ടും ഇതാ രംഗത്തെത്തിയിരിക്കുന്നു പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ പദ്ധതിക്കായി. ഇപ്പോഴുണ്ടായ സുപ്രീം കോടതിവിധിയും അവര്‍ക്ക് ഊര്‍ജ്ജം പകരുന്നു.
കേരളത്തില്‍ ഉല്‍ഭവിച്ചൊഴുകുന്ന ഈ രണ്ടു പ്രധാന നദികളും ഇപ്പോള്‍തന്നെ വളരെ രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. മഴക്കാലത്തുപോലും കുറേ നാളുകള്‍ മാത്രമാണ് ഇവയില്‍ അല്‍പമെങ്കിലും ജലസമൃദ്ധിയുള്ളത്. ഈ യാഥാര്‍ത്ഥ്യം കാണാതെയും ഈ നദീതടത്തിലെ ജനലക്ഷങ്ങളുടെ ഭാവി ജല ആവശ്യങ്ങള്‍ കണക്കിലെടുക്കാതെയും ചില ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ നടത്തിയ തെറ്റായ പഠനറിപ്പോര്‍ട്ടുകളാണ് ഇവയുടെ വഴിതിരിച്ചുവിടലിനും നാശത്തിനും വഴിവെക്കുന്നതിലേക്ക് എത്തിനില്‍ക്കുന്നത്.
പൊതുവേ ജനസാന്ദ്രതയേറിയ കേരളത്തില്‍ നദീതീരങ്ങളില്‍ കുടിയിരുപ്പുകള്‍ വളരെയധികമാണ്. ജനസാന്ദ്രത ശരാശരിയിലും മുകളിലും. പമ്പ-അച്ചന്‍ കോവില്‍ നദീതടങ്ങളില്‍ വളരെ കൂടുതല്‍ ഗ്രാമങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു. സ്വാഭാവികമായും ഇവയുടെ നിലനില്‍പ് ഈ നദികളിലെ ജലത്തെ ആശ്രയിച്ചായിരിക്കും.
കേരളത്തിന്‍റെ നെല്ലറകളായ കുട്ടനാടും പരിസരപ്രദേശങ്ങളും നിലനില്‍ക്കുന്നതുതന്നെ ഈ പ്രധാന നദികളെ ആശ്രയിച്ചാണ്.
ഈ നദീതടങ്ങളിലെ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കു മുള്ള ശുദ്ധജല ലഭ്യത ഒരു വിധത്തിലും ബാധിക്കപ്പെടാന്‍ പാടില്ല. കാരണം സമുദ്രനിരപ്പിനു താഴെയുള്ള ഒരു ഭൂപ്രകൃതിയുള്ള കുട്ടനാട് എന്ന വിശാലമായ പ്രദേശത്തിന്‍റെ മൊത്തം ആവാസ വ്യവസ്ഥയും ഓരുവെള്ളത്താല്‍ നശിക്കാതിരിക്കുന്നത് മുമ്പറഞ്ഞ നദികളിലൂടെയെത്തുന്ന ശുദ്ധജല പ്രവാഹം മൂലമാണ്. അപൂര്‍വ്വമായ സസ്യജന്തു ജാലങ്ങളുടെ പറുദീസയായ ഈ പ്രദേശം തന്നെയാണ് സംസ്ഥാനത്തിനാവശ്യമായ നെല്ലിന്‍റെയും മറ്റു ഭക്ഷ്യവിളകളുടെയും മത്സ്യസമ്പത്തിന്‍റെയും പകുതിയോളം ഉദ്പാദിപ്പിക്കുന്നത്.
ഞെട്ടിക്കുന്ന മറ്റൊരു സംഗതി കുട്ടനാട്ടിലേക്കും, ഈ നദീമുഖങ്ങളിലേക്കുമുളള ഓരു വെള്ളക്കയറ്റം വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്നു എന്നതാണ്. നദിയിലെ നീരൊഴുക്കിലെ ഗണ്യമായ കുറവിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിന്‍റെ നെല്ലറകളുടെ സര്‍വ്വനാശം ഉറപ്പാണ്. ഒപ്പം ആ പ്രദേശത്തെ എല്ലാ ജല ജീവികളുടെയും മരണമണി മുഴങ്ങും. അപ്പോള്‍ നിര്‍ദ്ദിഷ്ട വൈപ്പാര്‍ ലിങ്ക് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയാലോ? ഫലം പ്രവചനാതീതം, അതിഭയാനകം. ഒരു നാടിന്‍റെ, സംസ്കാരത്തിന്‍റെ സര്‍വ്വനാശം.
അമിത രാസവള-കീടനാശിനി പ്രയോഗം ഇപ്പോള്‍ തന്നെ കുട്ടനാടിനെ ഒരു വിഷതടാകമാക്കി മാറ്റിയിട്ടുണ്ട്. കാര്‍ഷിക മത്സ്യ ഉല്‍പാദനത്തിലും, അനുബന്ധ പ്രക്രിയകളിലും വമ്പിച്ചൊരു തിരിച്ചടി ഉണ്ടായിരിക്കുന്നു. അനുബന്ധമായി മാരകരോഗങ്ങളും വ്യാപകമായി. ഇതൊക്കെ ആ മേഖലയിലെ ജനങ്ങളുടെ മൊത്തം ജീവിത നിലവാരത്തേയും, ആയുര്‍ ദൈര്‍ഘ്യത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
ഇവയ്ക്കെല്ലാം കാരണം കുട്ടനാടുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മുമ്പു നടന്നിരുന്ന പ്രകൃതിയുടെ തന്നെ ശുചീകരണം നിലച്ചു പോയതാണ്. പമ്പയും, അച്ചന്‍കോവിലാറും ജല സമൃദ്ധമായിരുന്നപ്പോള്‍ ഈ ശുചീകരണ പ്രക്രിയ വര്‍ഷം തോറും മുടങ്ങാതെ നടന്നിരുന്നു. ഇപ്പോളവയുടെ ജലസമൃദ്ധി മാധ്യമപ്രചരണത്തില്‍ മാത്രമായി ഒതുങ്ങിപ്പോയിരിക്കുന്നു.
പ്രകൃതിയുടെ ഈ ക്ലീനിംഗ് ജോലി വഴി ആ പ്രദേശത്തെ വിഷരഹിതമാക്കുന്ന പ്രക്രിയ എന്നും നിലനില്‍ക്കേണ്ടതാണ്. അതിനായി നമ്മുടെ പമ്പയ്ക്കും, അച്ചന്‍കോവിലാറിലും ഗതിമാറിയൊഴുകേണ്ട ഗതികേടുണ്ടാവരുത്. അതിനായുള്ള അടിയന്തിര നടപടികളിലേക്ക് നമുക്ക് ഉണര്‍ന്നെണീക്കാം.
പശ്ചിമഘട്ടത്തിലെ സംരക്ഷിത വനമേഖലകളില്‍ നിന്നുറവയെടുക്കുന്ന ഈ നദികള്‍ക്ക് നമ്മുടെ ചരിത്രവും, സംസ്ക്കാരവുമായും അടുത്ത ബന്ധമുണ്ട്. പമ്പയുടെ ദാനമാണ് പുണ്യ ശബരിമല. പുണ്യം തേടിയെത്തിയെത്തുന്ന ജനകോടികള്‍അയ്യപ്പനെ കണ്ടുവണങ്ങാന്‍ മനഃശരീരങ്ങളെ ശുചിയാക്കുന്നത് പമ്പയില്‍ മുങ്ങിയാണ്. അതിനാവശ്യമായ ജലത്തിലും ക്രമേണ കുറവു വന്നു തുടങ്ങിയിരിക്കുന്നു. നദീതീരത്തു ചെയ്യേണ്ട പ്രധാന പൂജകളും വഴിപാടും കരയിലേക്കു മാറ്റി ചെയ്യേണ്ടിവരുന്നു, ഭക്തജന കോടികളുടെ ഹൃദയത്തെ വേദനിപ്പിച്ചു കൊണ്ട്. ഇത്രയേറെ പ്രശ്നങ്ങള്‍ പമ്പാ നദിയിലെ ജല ദൗര്‍ലഭ്യം മൂലം ഇപ്പോള്‍തന്നെ സംഭവിക്കുന്നു എങ്കില്‍ വൈപ്പാറിലേക്ക് ഇവയെ വഴി തിരിച്ചുവിട്ടാല്‍ എന്തായിരിക്കും ഗതി. നാം ഗൗരവമായി ചിന്തിച്ചും പ്രവര്‍ത്തിച്ചും തുടങ്ങേണ്ടിയിരിക്കുന്നു.
കേരളം മുല്ലപ്പെരിയാര്‍, നെയ്യാര്‍, പറമ്പിക്കുളം, ആളിയാര്‍, ശിരുവാണി എന്നീ ജലസംഭരണികളിലെ ജലം ദശകങ്ങളായി തമിഴ്നാടുമായി പങ്കുവയ്ക്കുന്നുണ്ട്. അവയുടെയൊക്കെ നിയന്ത്രണത്തിലൂടെയും വിനിയോഗത്തിലൂടെയും തമിഴ്നാടിന്‍റെ വൈദ്യുതാവശ്യത്തിന്‍റെ 15% നിറവേറ്റപ്പെടുന്നുണ്ട്. കര്‍ണ്ണാടകത്തിനാവട്ടെ നമ്മുടെ സ്വന്തം കബനീ നദിയിലെ വെള്ളം മുഴുവനും ഉപയോഗിക്കാനാവുന്നു. ഈ നദി വയനാടന്‍ മേഖലകളില്‍ ഉറവെടുത്തു കിഴക്കോട്ടൊഴുകി കര്‍ണ്ണാടകത്തില്‍വച്ച് കാവേരിയുമായി ചേരുന്നു. വയനാട് ജില്ലയിലെ അവസാന ജലകണവും വഹിച്ചുകൊണ്ട്...
കര്‍ണ്ണാടകയില്‍ നിന്നുത്ഭവിക്കുന്ന മിക്ക നദികളും കാവേരിയിലാണ് ചെന്നുചേരുന്നത്. പടിഞ്ഞാറോട്ട് ഒഴുകി കേരളത്തിലൂടെ അറബിക്കടലിലെത്തുന്ന വയേയും നമ്മുടെ അനുവാദമില്ലാതെ വഴി തിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. ഒപ്പം ഇവയിലെല്ലാം കുറെയധികം വൈദ്യുത പദ്ധതികളും സജ്ജമാക്കിയിട്ടുണ്ട് അവര്‍. ഇവിടെയെല്ലാം കേരളത്തിനാണ് നഷ്ടം മുഴുവന്‍.
കേരളത്തിലെ ജലാവശ്യങ്ങളാവട്ടെ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നു. കുടിവെള്ളം കാര്‍ഷിക-വ്യവസായിക ആവശ്യങ്ങള്‍ ഇവയ്ക്ക് മതിയായ ജലം ഇന്നും നമുക്ക് ലഭ്യമല്ല. പാടങ്ങളും, കുളങ്ങളുമെല്ലാം നികത്തുക വഴി മണ്ണിന്‍റെ മൊത്തത്തിലുള്ള ജല ആഗിരണ സംഭരണ ശേഷിയും വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഭൂപ്രകൃതിയിലെ പ്രത്യേകത മൂലം മഴവെള്ളവും അതിവേഗം നദികളിലൂടെ ഒഴുകി കടലിലെത്തുന്നു. താരതമ്യേന മഴ കൂടുതല്‍ ലഭിക്കുന്നുണ്ടെങ്കിലും അത് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ആവുന്നില്ല നമുക്ക്. മഴയുടെ കാലികമായ വിതരണത്തിലെ പ്രത്യേകതയും മറ്റൊരു കാരണമാണ്.
വര്‍ഷത്തില്‍ മൊത്തം ലഭിക്കുന്ന മഴ കുറെ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പെയ്തുതീരുന്നു, ദീര്‍ഘമായ ഒരു വേനല്‍കാലത്തിനു വഴിമാറിക്കൊണ്ട്. പകരം ഓരോ രണ്ടു മൂന്നു മാസം കൂടുമ്പോഴും കുറെ ദിവസത്തേക്ക് നല്ല മഴ ലഭിച്ചുകൊണ്ടിരുന്നാല്‍ അതിന്‍റെ സമര്‍ത്ഥമായ വിനിയോഗവും, കാര്‍ഷിക രംഗത്തെ വിപ്ലവകരമായ മാറ്റവും സാധ്യമായേനെ. പക്ഷേ പ്രകൃതി തീരുമാനം മറ്റൊന്നായിപ്പോയി.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് മുന്‍പറഞ്ഞ രണ്ടു നദികളിലും അധികജലമുണ്ടെന്ന ഒരു കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍. കേരള ഗവണ്‍മെന്‍റോ ജനതയോ അറിയാതെ തമിഴ്നാട്ടുകാര്‍ക്കു മുന്‍തൂക്കമുള്ള ഒരു സംഘം മാസങ്ങളോളം ഈ നദീതടങ്ങളില്‍ സര്‍വ്വേ നടത്തിയും, വ്യാജ കണക്കുകള്‍ ഉണ്ടാക്കിയും കേന്ദ്രജല വിഭവ വകുപ്പിന് കൈമാറി. പമ്പയും, അച്ചന്‍കോവിലും ജല മിച്ച നദികളാണെന്നും അവ തമിഴ്നാട്ടിലേക്ക് വഴി തിരിച്ചുവിടാമെന്നും. ഇത് മുന്‍കൂട്ടി കാണുന്നതിലും നമുക്കേറെ വീഴ്ച പറ്റി. ഒപ്പം ഏതു പ്രശ്നത്തോടുമുള്ള മലയാളിയുടെ അലസ സമീപനം മറുപക്ഷത്തിന് അവരുടെ വാദഗതികള്‍ക്ക് സാധൂകരണം നേടുവാന്‍ അവസരമൊരുക്കി.
ഇതൊക്കെ ചേര്‍ന്നാണ് പമ്പ-അച്ചന്‍കോവില്‍ വൈപ്പാര്‍ ലിങ്ക് ഉള്‍പ്പെടെ നദീബന്ധന പദ്ധതിക്ക് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടാവുന്നതില്‍ എത്തിനില്‍ക്കുന്നത്.
കേരളത്തില്‍ മാത്രമുത്ഭവിച്ചൊഴുകുന്ന ഈ നദികള്‍ എന്നും അവയുടെ സ്വാഭാവിക രീതിയില്‍ ഒഴുകേണ്ടത്, ഒഴുകാന്‍ അനുവദിക്കേണ്ടത് നമ്മുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. ഇവിടെ അയല്‍സംസ്ഥാനത്തെ ജനസഞ്ചയത്തിന് ജലം നല്‍കാത്ത മനുഷ്യത്വരഹിതമായ ഒരു സമീപനം എന്ന വിമര്‍ശനത്തില്‍ യാതൊരു കഴമ്പുമില്ല. കാരണം ജലമോ, ഭക്ഷണമോ, മറ്റെന്തെങ്കിലുമോ കൊടുക്കാനുണ്ടെങ്കില്‍ അതു ചെയ്യാതിരിക്കുമ്പോഴാണ് മാനുഷിക ഘടകങ്ങള്‍ വിഷയമാവുന്നത്. ഇവിടെ വലിയൊരു ജനസമൂഹത്തിന് ഏറ്റവും ആവശ്യമായ പ്രകൃതി വിഭവം, ജീവജലം, വേണ്ടത്രയില്ലാത്തപ്പോള്‍ മറ്റുള്ളവരുമായി പങ്കു വെക്കുന്നതെങ്ങനെ? മാത്രവുമല്ല, നല്‍കാവുന്നതിലേറെ മുടങ്ങാതെ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വീണ്ടും ആവശ്യപ്പെടുന്നതില്‍ ന്യായീകരണവും നീതിയുമുണ്ടോ?
കേരളവും തമിഴ്നാടുമായുള്ള ജലബന്ധവും ചരിത്രവും ചെറുതായൊന്നു പരിശോധിക്കുന്നതും നന്നായിരിക്കും. അതു മുല്ലപ്പെരിയാര്‍ മുതല്‍ തുടങ്ങുന്നു. മരുഭൂമിയായിരുന്ന പഴയ മദ്രാസ് സംസ്ഥാനത്തെ മലര്‍വാടിയാക്കുന്നതിനായി കേരളത്തില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ടതാണ് മുല്ലപ്പെരിയാര്‍. ഇപ്പോളത് അവരുടെ ഊര്‍ജ്ജാവശ്യത്തിന്‍റെയും വലിയൊരു പങ്കു നിറവേറ്റുന്നു. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയിലെ മൂന്നണകളും ശിരുവാണിയിലെ അണക്കെട്ട്, നെയ്യാര്‍ അണക്കെട്ടില്‍ നിന്നുള്ള സൗജന്യ ജലവിഹിതം, ഭവാനി പാമ്പാര്‍ പുഴകള്‍ സമ്മാനിക്കുന്ന ജലസമൃദ്ധി ഇവയൊക്കെയും കേരളത്തിന്‍റെ സന്മനസ്സിന്‍റെ, പങ്കുവെയ്ക്കലിന്‍റെ ഉത്തമ ഉദാഹരണങ്ങളാണ്.
ഇതിന്‍റെയൊക്കെ പശ്ചാത്തലത്തില്‍ വേണം പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ പദ്ധതിയെ നോക്കിക്കാണുവാന്‍. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനും വേണം മൂന്നു കൂറ്റന്‍ അണക്കെട്ടുകള്‍. പുന്നമേട് 150 മീ., ചിറ്റാര്‍മൂഴി 160 മീ., അച്ചന്‍കോവില്‍ 35 മീ. മുക്കിക്കൊല്ലണം 2000 ഏക്കര്‍ നിത്യ-ഹരിത സുന്ദര സുരഭില മഴക്കാടുകള്‍ ഇല്ലാതാക്കണം. അസംഖ്യം പക്ഷി-മൃഗാദികളെയും അവയുടെ ആവാസാവസ്ഥയേയും. നാളെ വീണ്ടും ആവശ്യപ്പെടാം കല്ലടയാറും, മീനച്ചിലാറും, മൂവാറ്റുപുഴയാറുമൊക്കെ... വൈപ്പാര്‍ ബന്ധനം നടന്നാല്‍ പമ്പയിലേയും അച്ചന്‍കോവില്‍ ആറിലേയും നീരൊഴുക്ക് പത്തിലൊന്നായി കുറയും. ജലജീവികളുടെ കൂട്ട വംശനാശവും അരങ്ങേറും.
കുട്ടനാടന്‍ പാടശേഖരം ഒന്നാകെ ഓരുവെള്ളത്തിലലിയും. നെല്‍കൃഷി പാടെ നശിക്കും. ജലജീവികളുടെ കൂട്ട വംശനാശം സംഭവിക്കും. ഈ മേഖലയിലെ പ്രധാന ഗതാഗത മാധ്യമമായ ബോട്ടുകളും വള്ളങ്ങളും ഓടിക്കാന്‍ വേണ്ട ജലനിരപ്പ് ഈ നദികളിലും, വേമ്പനാട്ട് കായലിലും ഉണ്ടാവില്ല. ഒരു ജനത, ഒരു സംസ്കാരം അന്യം നിന്നുപോകും.
അതി ജനസാന്ദ്രമായ കേരളത്തില്‍ ഇതുണ്ടാക്കുന്ന പ്രത്യാഘാതം വിവരണാതീതമാണ്. ഈ നദീതടങ്ങളിലെ ജനതയ്ക്കു കുടിയേറിപ്പാര്‍ക്കാന്‍ മറ്റൊരിടവുമുണ്ടാവില്ല. ദശലക്ഷങ്ങളെ മാറ്റി കുടിയിരുത്തുക ക്ഷിപ്രസാധ്യവുമല്ല. അതുയര്‍ത്തുന്ന സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഇവിടെ കുറിക്കാനുമാവില്ല.
വിവരണാതീതമായ ഈ ദുരിതങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാന്‍ വേണ്ടത് നമ്മുടെ ഇച്ഛാശക്തി ഒന്നു മാത്രമാണ്. ഇനിയും നാം ഉറക്കം തുടര്‍ന്നുകൂടാ. മലയാള നാടിന്‍റെയും, ജനതയുടെയും നിലനില്‍പ്പിനായി വര്‍ഗ്ഗ, കക്ഷി ഭേദമെന്യേ നമ്മള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയേ മതിയാവൂ. നദീതട വാസികളുടെ മാത്രം പ്രശ്നമായി ഇതു കാണരുത്. ഒരു ജനതയുടെ മൊത്തം നിലനില്‍പ്പിന്‍റെയാകെ പ്രശ്നമായിത്തന്നെ വേണം ഇതിനെ സമീപിക്കാന്‍. ഒപ്പം വിലമതിക്കാനാവാത്ത ആവാസ വ്യവസ്ഥയുടെയും.
തീവ്രമായ വൈകാരിക സമീപനം ഈ വിഷയത്തില്‍ നമുക്കുണ്ടാവണം. അത്തരം ചിന്താഗതിയുള്ള സാമൂഹ്യ, രാഷ്ട്രീയ, മതനേതാക്കന്മാരെയും സജ്ജരാക്കണം. മുന്നില്‍ നിര്‍ത്തണം. അയല്‍സംസ്ഥാനത്തിന്‍റെ ജലാവശ്യങ്ങള്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ബന്ധപ്പെട്ടവര്‍ കണ്ടെത്തട്ടെ.
കേന്ദ്ര, സംസ്ഥാന ഗവണ്മെന്‍റുകളേയും, കോടതിയേയുമൊക്കെ നാമീ നദീബന്ധനത്തിന്‍റെ പരിണത ഫലങ്ങള്‍ ബോദ്ധ്യപ്പെടുത്തണം. നദീജല വിഷയത്തില്‍ നമുക്കുണ്ടായിരിക്കുന്ന ബന്ധനത്തിന്‍റെ യഥാര്‍ത്ഥ ചിത്രങ്ങളും അവര്‍ക്കു മുന്നില്‍ തുറന്നു കാട്ടാം. പ്രകൃതിയെ പരമാവധി ദ്രോഹിച്ച് അതിനെ കീഴ്പ്പെടുത്താം എന്ന മനുഷ്യന്‍റെ അഹങ്കാരവും, അത്യാര്‍ത്തിയും എന്നേക്കുമായി തടയപ്പെടുകയും വേണം. നാളെയെ, നാളത്തെ തലമുറയെ ഓര്‍ത്തെങ്കിലും നാം വൈകരുത്. ഈ വിഷയത്തില്‍ വരാനിരിക്കുന്നത് സമാനത കളില്ലാത്ത നിയമ-രാഷ്ട്രീയ പോരാട്ടങ്ങളായിരിക്കും. ഈ യാഥാര്‍ത്ഥ്യവും കൂടി കണക്കിലെടുത്തു വേണം നാം ഈ നിലനില്‍പ്പിന്‍റെ പോരാട്ടത്തിനൊരുങ്ങുവാന്‍.
ന്യായവും, നീതിയും പൂര്‍ണ്ണമായും നമ്മുടെ പക്ഷത്താണ്. അസാധ്യവും അധാര്‍മ്മികവുമായ ഒരാവശ്യത്തെ പ്രതി അയല്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ നാം പരാജയപ്പെടുത്തിയേ പറ്റൂ. പമ്പ-അച്ചന്‍കോവില്‍ നദികള്‍ എന്നും നമ്മുടെ നദികളായിത്തന്നെ അവയ്ക്കു പ്രകൃതി നിശ്ചയിച്ച മാര്‍ഗ്ഗത്തിലൂടെ ഒഴുകിക്കൊണ്ടേയിരിക്കട്ടെ. അതാവണം നമ്മുടെ പരമലക്ഷ്യം. പ്രകൃതിയുടെ അനുഗ്രഹവും, പിന്തുണയും എന്നും നമ്മോടൊപ്പമായിരിക്കും. തീര്‍ച്ച...
വൈപ്പാര്‍ ലിങ്ക് ഉള്‍പ്പടെയുള്ള അന്തര്‍ സംസ്ഥാന നദീബന്ധനം എന്ന ഹിമാലയന്‍ അബദ്ധം ഒഴിവാക്കിക്കൊണ്ട് അയല്‍പക്കങ്ങള്‍ തമ്മില്‍ ആസന്ന ഭാവിയില്‍ സംഭവിക്കാവുന്ന ജലയുദ്ധങ്ങളെ നമുക്കൊഴിവാക്കാം.