news-details
മറ്റുലേഖനങ്ങൾ

മലയാളിയുടെ അധ്വാനസിദ്ധാന്തങ്ങള്‍

ടൊറന്‍റോ നഗരത്തില്‍ മൂന്നുനാലു ദിവസം എനിക്ക് താമസിക്കേണ്ടി വന്നു. ധാരാളം ഒഴിവുസമയവും കിട്ടി. അപ്പോഴാണ് മുടിവെട്ടിച്ചുകളയാമെന്ന് എനിക്ക് തോന്നിയത്. കാരണം നാട്ടില്‍നിന്ന് പുറപ്പെട്ടിട്ട് ഒന്നരമാസം കഴിഞ്ഞിരുന്നു.

കാനഡയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ടൊറന്‍റോ. അതിവിസ്തൃതമായ ഒണ്ടാറിയോ തടാകത്തിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ നഗരം. ഒട്ടനവധി മലയാളികളടക്കം ലോകത്തിന്‍റെ എല്ലാ ഭാഗത്തുനിന്നുമുള്ള മനുഷ്യര്‍ ജീവിക്കുന്ന നഗരം.

അതിനേക്കാളുപരി ഒട്ടനവധി മനോഹരദൃശ്യങ്ങളുള്ള നഗരം. കുന്തംപോലെ ആകാശത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഏറ്റവും ഉയരംകൂടിയ ഗോപുരം. മഴവരുമ്പോള്‍ കുട നിവര്‍ത്തുന്നതുപോലെ, മഴ വരുമ്പോള്‍ ഉരുക്കുപാളികള്‍കൊണ്ടുള്ള മേല്‍ക്കൂര വിടര്‍ന്ന് മൂടിപ്പോകുന്ന ഫുട്ബോള്‍ സ്റ്റേഡിയം, മനോഹരമായ ബാലെ, ഓപ്പെറ ഹാളുകള്‍, നയാഗ്രാ വെള്ളച്ചാട്ടത്തിന് സമീപത്തുകിടക്കുന്ന നഗരം. അതിനെല്ലാമുപരി രാജ്യങ്ങള്‍ തമ്മിലുള്ള വെടിക്കെട്ടുമത്സരം നടക്കുന്ന നഗരം.

ആ നഗരത്തിലെ തിരക്കുള്ള ഈസ്റ്റ്മാന്‍ ഏരിയയിലെ ഒരു ബന്ധുവിന്‍റെ അപ്പാര്‍ട്ടുമെന്‍റിലായിരുന്നു എന്‍റെ താമസം. ആ അപ്പാര്‍ട്ടുമെന്‍റ് കോംപ്ലക്സില്‍ത്തന്നെയുള്ള ഷോപ്പിംഗ് ലൈന്‍സിലെ ഹെയര്‍ഡ്രസിംഗ് സലൂണിലാണ് ഞാന്‍ മുടിവെട്ടാന്‍ ചെന്നത്.

സലൂണില്‍ മുടിവെട്ടാന്‍ നില്‍ക്കുന്നത് രണ്ട് സ്ത്രീകള്‍. വെള്ളക്കാരികളായ സ്ത്രീകള്‍.

മുടിവെട്ടിത്തുടങ്ങിയപ്പോള്‍ എന്‍റെ ഇരുനിറം കണ്ടിട്ടാവണം ആ സ്ത്രീ ചോദിച്ചു.

"സൗത്ത് അമേരിക്കനാണോ?"

"സൗത്ത് ഇന്‍ഡ്യനാണ്"

ഞാന്‍ മറുപടി നല്‍കി.

"നിങ്ങളോ?"

കാനഡക്കാരിയെപ്പോലെ സ്ഫുടമായ ഇംഗ്ലീഷോ ഫ്രഞ്ചുകലര്‍ന്ന ഇംഗ്ലീഷോ അല്ല ആ സ്ത്രീ സംസാരിച്ചിരുന്നതെന്നതുകൊണ്ട് സ്വാഭാവികമായും ഞാന്‍ ചോദിച്ചു.

"ഞാന്‍ ഇറ്റലിക്കാരിയാണ്."

"ഇറ്റലിയില്‍ കുറച്ചുദിവസം താമസിച്ചശേഷമാണ് ഞാന്‍ കാനഡയിലെത്തിയത്."

ഞാന്‍ പറഞ്ഞു.
അപ്പോള്‍ അവര്‍ക്ക് കൗതുകമായി.

"ഇറ്റലി എങ്ങനെയുണ്ട്. വത്തിക്കാനൊക്കെ കണ്ടോ?"

'വത്തിക്കാനൊക്കെ കണ്ടു. പക്ഷേ, പോപ്പിനെ കാണാന്‍ പറ്റിയില്ല?'

'ഓ, പാപ്പാ പൊളാക്കോ"
ആ സ്ത്രീ മറുപടി പറഞ്ഞു.

പുച്ഛരസത്തിലുള്ള ആ വാക്കുകളുടെ അര്‍ത്ഥം ഓ, പോളണ്ടുകാരന്‍ മാര്‍പ്പാപ്പാ എന്നാണ്. ഇറ്റലിയില്‍വച്ച്, പല ഇറ്റലിക്കാരോട് ചോദിച്ചപ്പോഴും ഈ 'പാപ്പാ പൊളോക്കോ' പറച്ചില്‍ കേള്‍ക്കാമായിരുന്നു. ഇറ്റലിക്കാരനല്ലാത്ത ഒരു മാര്‍പ്പാപ്പയെ അംഗീകരിക്കുന്ന കാര്യത്തില്‍ ഇറ്റലിക്കാര്‍ക്കുള്ള വൈമുഖ്യം ആ വാക്കുകളിലൊക്കെ പ്രകടമായിരുന്നു. അപ്പോഴത്തെ മാര്‍പ്പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍ പോളണ്ടുകാരനായിരുന്നല്ലോ!

സെവ്ലീന എന്നായിരുന്നു ആ സ്ത്രീയുടെ പേര്. കാനഡയില്‍ വന്നിട്ട് ആറേഴു വര്‍ഷമായി. മുപ്പതുവയസ്സ് പ്രായം.

"എങ്ങനെ ഈ ജോലിയില്‍ വന്നു?"

ഞാന്‍ തിരക്കി.

ഹെയര്‍ഡ്രസ്സിംഗിനുള്ള കോഴ്സിന് ഞാന്‍ പഠിച്ചു. അങ്ങനെയാണ് ഡിപ്ളോമ എടുത്തത്. പിന്നെ ലൈസന്‍സുമെടുത്തു. അതിനുശേഷമാണ് ഇവിടെ ജോലിക്കു ചേര്‍ന്നത്."

സെവ്ലീന പറഞ്ഞു.

"ഭര്‍ത്താവ് കാനഡക്കാരനാണോ?"

"ഗ്രീക്കുകാരനാണ്. പേര് അലക്സ്."
മറുപടി.

"ഗ്രീസ് മനോഹരമായ ഒരു രാജ്യമാണ്. ഏതാനും ദിവസങ്ങള്‍ ഞാനവിടെ യാത്ര ചെയ്തിട്ടുണ്ട്."

ഞാന്‍ പറഞ്ഞു.
"ഭര്‍ത്താവിന്‍റെ നാടാണെന്നേയുള്ളൂ. പക്ഷേ ഗ്രീസില്‍ ഞാന്‍ പോയിട്ടില്ല. കൗതുകകരമായ ഒരു കാര്യം, ഞാന്‍ ഗ്രീസും കണ്ടിട്ടില്ല. എന്‍റെ ഭര്‍ത്താവ് ഇറ്റലിയും കണ്ടിട്ടില്ല എന്നതാണ്."

"ഭര്‍ത്താവ് എന്തു ജോലി ചെയ്യുന്നു."
ഞാന്‍ തിരക്കി

"ഇറച്ചിവെട്ടുകാരനാണ്."
സെവ്ലീനയുടെ മറുപടി.

അയാളും കശാപ്പിനുള്ള ഡിപ്ലോമകോഴ്സ് പാസ്സായ ആളാണ്. ഡിപ്ലോമ പാസായശേഷം പിന്നെ ലൈസന്‍സെടുത്തു.

കശാപ്പിനുള്ള ഡിപ്ലോമകോഴ്സും പരീക്ഷയുമെന്നൊക്കെ കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നാം. ലോകത്തിലെ പല രാജ്യങ്ങളിലുമുണ്ട് ഈ കോഴ്സ്. വളരെ ശാസ്ത്രീയമായി പഠിച്ചശേഷം ചെയ്യേണ്ട ഒന്നാണ് കശാപ്പുജോലി എന്നാര്‍ക്കറിയാം? നമ്മുടെയൊക്കെ നാട്ടില്‍ അല്പം മനക്കട്ടിയുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന ജോലിയാണല്ലോ കശാപ്പ്!

ഇതൊക്കെ സംസാരിക്കുമ്പോള്‍ വളരെ സുഖകരമാംവിധം തലയില്‍ മസ്സാജുചെയ്തുകൊണ്ട് ആ സ്ത്രീ ഹെയര്‍ഡ്രസിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടയില്‍ മുടിയെത്ര വെട്ടിയെന്നൊന്നും അത്ര കാര്യമായി ഞാന്‍ ശ്രദ്ധിച്ചില്ല. കണ്ണാടിയില്‍ നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. മുടി സാമാന്യം നന്നായി വെട്ടിക്കളഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നുപറഞ്ഞാല്‍, നമ്മുടെ നാട്ടിലെ സമ്മര്‍കട്ടിംഗിന്‍റെ ഒരു മട്ട്. കാനഡയിലാണെങ്കില്‍ തണുപ്പുള്ള സമയവും.

ഇത്രത്തോളമേ മുടി കുറയ്ക്കാവൂ എന്ന് ഞാന്‍ പറയാതിരുന്നതുകൊണ്ട് പറയട്ടെ എന്നു കരുതി സെവ്ലീന മുടി മുറിച്ചുകൊണ്ടിരുന്നതായിരിക്കണം. ഏതായാലും അവിടെ വച്ച് നിര്‍ത്തി.

മുടിവെട്ടുകഴിഞ്ഞ് എണീറ്റപ്പോള്‍ കമ്പ്യൂട്ടറില്‍ അടിച്ചുതന്ന ബില്ലിനുസരിച്ചുള്ള ചാര്‍ജ്ജും കൊടുത്തു. പതിനൊന്നു ഡോളര്‍. ഏതാണ്ട് നമ്മുടെ നാട്ടിലെയൊക്കെ ചാര്‍ജ്ജ്തന്നെ. പക്ഷേ ഇന്ത്യന്‍ കറന്‍സിയുടെ അടിസ്ഥാനത്തില്‍ കണക്കുകൂട്ടരുതെന്നുമാത്രം.

ബാഡ്മിന്‍റന്‍ബോള്‍ പോലെ ആയി മാറിയിരുന്ന തലയുമായി സലൂണില്‍ നിന്ന് ഇറങ്ങിനടന്ന് ഞാന്‍ അപ്പാര്‍ട്ടുമെന്‍റില്‍ ചെന്നു കയറിയപ്പോള്‍ കനേഡിയന്‍ യാത്രയില്‍ എന്നോടൊപ്പമുണ്ടായിരുന്ന ഭാര്യ ചോദിച്ചു:

"ഇതെന്താ കനേഡിയന്‍ സ്റ്റൈലില്‍ മുടിവെട്ടിയതാണോ?""ഒരു പെണ്ണാണ് മുടിവെട്ടിയത്. അതുകാരണം മുടിവെട്ട് നിര്‍ത്തണമെന്ന് പറയാന്‍ മറന്നുപോയി. ഒടുവിലാണ് ഇത്രയും മുടി വെട്ടിക്കളഞ്ഞല്ലോ എന്നു മനസ്സിലായത്."

"മുടിവെട്ട് സുഖംകൊണ്ട് ഇത്രയായപ്പോഴെങ്കിലും നിര്‍ത്തിയത് നന്നായി. ഇല്ലെങ്കില്‍ കാനഡയില്‍ നിന്ന് മൊട്ടത്തലയുമായി പോകേണ്ടിവരുമായിരുന്നു."

ഭാര്യയുടെ കമന്‍റ്.

എന്തായാലും ഒരു കാര്യത്തില്‍ എനിക്ക് മതിപ്പുതോന്നി. നമ്മുടെ നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ക്ഷൗരക്കടയില്‍ സെവ്ലീന വളരെ അഭിമാനത്തോടെ ജോലിചെയ്യുന്നു. ആ ജോലി ചെയ്യുന്നതിനു വേണ്ടിയാണ് ആ സ്ത്രീ പഠിച്ചതും ഡിപ്ലോമ നേടിയതും. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മാത്രമല്ല, ഞാന്‍ പോയിട്ടുള്ള കൊറിയ, തായ്ലണ്ട്  തുടങ്ങിയ ഏഷ്യന്‍രാജ്യങ്ങളിലും സ്ത്രീകള്‍ മുടിവെട്ടുജോലി അഭിമാനത്തോടെ ചെയ്യുന്നു.

എന്നുമാത്രമല്ല തന്‍റെ ഭര്‍ത്താവ് ചെയ്യുന്നത് ഇറച്ചിവെട്ടുജോലിയാണെന്ന് അഭിമാനത്തോടെ പറയാനും സെവ്ലീനയ്ക്ക് കഴിയുന്നു. പഠിച്ച് ഡിപ്ലോമ എടുത്തശേഷം ഭര്‍ത്താവ് അഭിമാനത്തോടെ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ ആ ഭാര്യയും അഭിമാനം കൊള്ളുന്നു.

പക്ഷേ നമ്മുടെ നാട്ടിലാകുമ്പോള്‍ സ്ഥിതി അതല്ല. ഓരോ ജോലിക്കും നാംതന്നെ ഓരോരോ അന്തസ്സും അഭിമാനവും കല്പിച്ചുവച്ചിരിക്കുന്നു. പലരുടെയും കണ്ണില്‍ പതിനായിരം രൂപ പ്രതിമാസം വരുമാനമുള്ള ഒരു ബാര്‍ബറുടെ ജോലിയേക്കാള്‍ അന്തസ്സ് മാസം മൂവായിരം ശമ്പളം പറ്റുന്ന പലചരക്കുകടയിലെ കണക്കെഴുത്തുകാരന്‍ ഗുമസ്തന്‍റെ ജോലിക്കാണ്. ഗുമസ്തനെന്നും ദാരിദ്ര്യമാണ്. വീട്ടിലാണെങ്കില്‍ പലപ്പോഴും പട്ടിണിയുമായിരിക്കും. ആകെയുള്ള കൈമുതല്‍ വെള്ളക്കോളര്‍ ജോലിയുണ്ടല്ലോ എന്ന ദുരഭിമാനം മാത്രം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ ഒരു ശാസ്ത്രയുഗത്തിലാണ് നാം ജീവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ഈ യാന്ത്രികയുഗത്തില്‍ മനസ്സിനിഷ്ടപ്പെട്ട ജോലിമാത്രം കിട്ടുകയെന്നത് എത്രയോ അസാദ്ധ്യമായ കാര്യമാണ്. സാമ്പത്തികാവശ്യങ്ങള്‍ ഏതു ജോലിയും സ്വീകരിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു. "നിങ്ങള്‍ ഇഷ്ടപ്പെടുന്ന ജോലി നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍, കിട്ടുന്ന ജോലിയെ നിങ്ങള്‍ ഇഷ്ടപ്പെടുക" എന്ന പഴമൊഴിക്കു വളരെയേറെ അര്‍ത്ഥമുള്ള ഒരു കാലഘട്ടമാണിത്. അല്ലെങ്കില്‍ ഏതൊരു ജോലിയും നല്ല ജോലിയാണെന്ന അഭിമാനം ലോകത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങളിലും വളര്‍ന്നുനില്‍ക്കെ ദുരഭിമാനത്തിന്‍റെ മേലങ്കിയണിഞ്ഞ് ചടഞ്ഞുകൂടുന്ന നമുക്ക് കാലത്തിനൊപ്പം നീങ്ങാന്‍ കഴിയാതെ വരുന്നതില്‍ വിധിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ?

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts