news-details
മറ്റുലേഖനങ്ങൾ

പകല്‍ക്കിനാവുകള്‍

മകള്‍ പഠിപ്പിക്കുന്നത്
ഏതോ ദേശത്തു നിന്ന്
ആരൊക്കെയോ ചേര്‍ന്ന്
തുന്നിവെച്ച
കുറെ ചുവന്ന ഹൃദയങ്ങളുണ്ട്
എന്‍റെ കിടക്കവിരിപ്പില്‍.

വളരെ കൃത്യമായി
അതിലേക്ക് ചൂണ്ടി
മകള്‍ പറയും
ഇതാണ് 'ഹൃദയം.'

നെഞ്ചിനകത്താണ്,
സ്നേഹം കൊണ്ട്,
പ്രണയം കൊണ്ട്
പിടയുന്നുണ്ട്
എന്നൊക്കെ പലതവണ
പറഞ്ഞു നോക്കി.
കൈ പിടിച്ചു
ചേര്‍ത്ത് വെച്ചു.

കുസൃതിചിരിയാല്‍
പിന്നെയും അവള്‍
വിരിപ്പിലെ ചിത്രത്തില്‍
തന്നെ തൊടും.
വാപ്പി കളവു പറയുകയാണെന്ന്
പിണങ്ങി പിരിയും.

ഹൃദയശൂന്യനായി
പുതപ്പിനുള്ളിലേക്ക്
ചുരുണ്ടുകൂടുമ്പോ
എനിക്കും തോന്നും
അവള്‍ തന്നെയാകും ശരി!

*****

നിന്‍റെ ശരിക്കുള്ള
വേഷമെന്താണ് ?
അഞ്ചുനേരം
നമസ്കരിക്കാത്തവനേ
നിന്‍റെ മരണാനന്തരം
നരകമാണെന്ന്
നിരന്തരം നീ!

ഈ രാത്രി
തര്‍ക്കിച്ചു തര്‍ക്കിച്ചു
നീ കൊടുങ്കാറ്റായും
ഞാന്‍ പ്രളയമായും മാറുന്നു...

ഒടുവില്‍...
മദര്‍ തെരേസ
നരകത്തിലോ
സ്വര്‍ഗത്തിലോ
എന്ന എന്‍റെ മണ്ടന്‍
ചോദ്യത്തിനുള്ള
നിന്‍റെ ഈ നീണ്ട മൗനം
എങ്ങനെ വിവര്‍ത്തനം
ചെയ്യുമെന്‍റെ കൂടപ്പിറപ്പേ...

കണ്ണുകള്‍ ഇറുക്കിയടച്ചു
ചെവികള്‍ പിഴുതെറിഞ്ഞു
നീ അഭിനയിച്ചു തീര്‍ക്കുന്ന ഈ
നാടകത്തിലെ നിന്‍റെ
ശരിക്കുള്ള വേഷമെന്താണ്?

ഇനി
പുതിയ സൃഷ്ടി ആകാം
നിന്നു പോയ സമയ സൂചികള്‍ക്കും
തുരുമ്പെടുത്ത അച്ചുതണ്ടിനും താഴെ
വെയിലടര്‍ന്നു മാറി... ഒരു നിമിഷം...

ഓടിക്കൊണ്ടിരുന്ന തീവണ്ടിയും
എതിര്‍ദിശയിലോടിയ ഓര്‍മ്മകളും
പെട്ടെന്ന് നിശ്ചലമായി...

മുദ്രാവാക്യത്തിനും പ്രാര്‍ത്ഥനക്കും
ഉയര്‍ത്തിയ കയ്യുകള്‍
ആകാശത്തേക്ക് നോക്കി തറഞ്ഞുനിന്നു...

നേരറിയാതെ ആരവമിരമ്പിയ ജാഥയും
അതറിയാതെ അലറിയടുത്ത കടലും
നിശബ്ദം, നിശ്ചലം.

പറന്നുയര്‍ന്ന പട്ടവും അതിലുമുയരത്തില്‍
ആഹ്ലാദം പറത്തിയ കുട്ടിയും
ഉറക്കത്തില്‍ മാനഭംഗപ്പെട്ട പാവക്കുട്ടിയും
വിശപ്പിന്‍റെ പാട്ടില്‍ ഈണം തിരഞ്ഞവളും
പാതിയില്‍ ചലനമറ്റു.

നിര്‍വികാരതയുടെ വിരല്‍ പതിഞ്ഞ കാഞ്ചിയും
പാഞ്ഞുപോയ വെടിയുണ്ടകളും
ചിതറിയോടിയ ജനക്കൂട്ടവും നിശ്ചലം.

വയറുപിഴയ്ക്കാന്‍ തുണിയുരിഞ്ഞവളും
പുരനിറഞ്ഞ മകള്‍ മറ്റൊരു ശരീരം
എന്നറിഞ്ഞവനും ഒരു നിമിഷം ചലനമറ്റു.

ശവമടക്കിനും താലികെട്ടിനും കൂടിയവര്‍,
വഴിവക്കിലെ അപകട കാഴ്ചയില്‍
കൂട്ടമായവര്‍, ഒറ്റ നില്‍പ്പ്, വേഗമറ്റ്...

ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന് മുന്‍പേ...

ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തുവെച്ചു!...

വേരറ്റ നിലവിളികള്‍
കിഴക്കന്‍മല കയറിവരും
വെയിലിനൊപ്പം നിഴലുകള്‍
നീങ്ങിയും നിരങ്ങിയും...

ചിതല്‍ തിന്നുപോയതിന്‍ ബാക്കിയില്‍
'ദൈവത്തിന്‍റെ സ്വന്തം'
ചൂണ്ടുപലക സാക്ഷി...

തേവരുടെ പാടത്ത് ഉഴുതിട്ട ഓരോ
കിതപ്പും നുര പതഞ്ഞു
വഴിയില്‍ വേദനയുടെ മുക്കറയാകും.

ഓരോ മടുപ്പിലും വീഴ്ചയിലും
നെടുകെ പിളര്‍ന്നു കൊള്ളിയാന്‍പോലെ
കറുപ്പയ്യന്‍റെ ചാട്ട മുതുകില്‍
തീ വരയായി പടര്‍ന്നു കേറും.

കാലിയാക്കി കിഴക്കു പായുന്ന
തമിഴന്‍ലോറി പറത്തിയ പൊടിമണ്ണ്
എല്ലുന്തിവലിഞ്ഞ തൊലിപ്പുറത്തു
പാഴ്ജീവിതം പോലെ ചേര്‍ന്നു കയറും...

മഴയിലും വെയിലിലും വേരുറച്ചുപോയ
മൈല്‍ക്കുറ്റികള്‍ കൈനീട്ടി തൊടാന്‍ വയ്യാതെ
കരുണയുടെ നെടുവീര്‍പ്പുകളായി
വഴിയോരം തറഞ്ഞു നില്‍ക്കും.

കാത്തു കാത്തിരിക്കും...
ഇടംകണ്ണിട്ടു നോട്ടമെറിയും...
ഉരുള്‍ പൊട്ടിയാലും പ്രളയമായാലും
ഉറച്ചുപോയൊരു കാരിരുമ്പ്
ഉരച്ചുതേച്ച് മൂര്‍ച്ചകൂട്ടി
ഉറക്കമൊഴിയും...
നരച്ചുവെളുത്തു വേരടര്‍ന്നുപോയ
ഒരു ജന്മം മുറിച്ചു
പല പൊതികളാക്കാന്‍...

നടന്നുതീര്‍ത്ത വഴികളില്‍
ചോര്‍ന്നുപോയ എതിര്‍പ്പുകള്‍.
അവസാന യാത്രയെന്നറിയാതെയാകും
കൂര്‍ത്ത കത്തിമുനയിലേക്കൊരു
അനായാസ നടന്നുകയറ്റം...

ഒരു കബറടക്കമില്ലാതെ
മുറിവുകളായി പലയടുപ്പുകളില്‍
തിളച്ചു മറിയുമ്പോഴും
ഇരുകാലികളുടെ
നന്ദിയില്ലായ്മയുടെ രാഷ്ട്രീയം
ഇറച്ചിക്കഷണങ്ങളില്‍ നിലവിളികളാകും...

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts