മതത്തെക്കുറിച്ചുള്ള പണ്ഡിതനിര്‍വചനങ്ങള്‍ എന്തൊക്കെയായിരുന്നാലും മതത്തെ നിര്‍ണ്ണയിക്കുന്നതിന്‍റെ പ്രധാന മാനദണ്ഡമായി പൊതുസമൂഹം കണക്കാക്കുന്നത് അതിന്‍റെ അനുഷ്ഠാനപരതയാണ്. അനുഷ്ഠാനങ്ങള്‍ മാറ്റി വച്ചാല്‍ മതം തന്നെയില്ല എന്ന് വിലയിരുത്തേണ്ട സാഹചര്യമാണ് ഇന്നുള്ളത്. മതങ്ങള്‍ സമൂഹത്തിന്‍റെ സദാചാര മൂല്യങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഒപ്പം, മതം ഒരു സാമൂഹ്യ സ്ഥാപനം ആയതുകൊണ്ട് സൂക്ഷ്മമായ സാമൂഹ്യ ചലനങ്ങള്‍പോലും മതത്തെയും സ്വാധീനിക്കുന്നുണ്ട്. മതവിശ്വാസത്തിന് അനുയോജ്യമായ സാമൂഹ്യപ്രതികരണം രൂപീകരിക്കുന്നതിന് പകരം സാമൂഹ്യചലനങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ദൈവത്തെയോ മതത്തെയോ പരുവപ്പെടുത്താനും ചിട്ടപ്പെടുത്താനുമാണ് ഇന്നിവിടെ എല്ലാവരും മെനക്കെടുന്നത്. എന്നാല്‍ പുതിയ ലോകത്തെ പരിചയപ്പെടുത്താത്ത, അനീതിക്കും അസത്യത്തിനും എതിരെ നിലപാടുകള്‍ മുന്നോട്ടുവയ്ക്കാന്‍ സാധിക്കാത്ത ഒരു മതം ചെയ്യുന്നത് എല്ലാം കാപട്യം ആണ് എന്ന് പറയേണ്ടിവരും.
സദാചാരങ്ങള്‍ ഉണ്ടാകുന്നത്
സദാചാരം, കപടസദാചാരം എന്നിങ്ങനെയുള്ള വ്യവഹാരങ്ങളെ നിര്‍വചിക്കുക ശ്രമകരമായ ഒരു പ്രശ്നമാണ്. ഏത് സദാചാരം ഏത് കപടസദാചാരം എന്ന് നിര്‍വചിച്ചിരിക്കുന്നതിന് ഓരോ വ്യക്തിക്കുപോലും ചില മാനദണ്ഡങ്ങള്‍ ഉണ്ട്. ബഹുഭാര്യാത്വം ചില സമൂഹങ്ങളില്‍ സദാചാരമാണെങ്കില്‍ മറ്റ് ചില സമൂഹങ്ങളില്‍ അത് കപടസദാചാരമാണ്. അതുകൊണ്ട് സദാചാരങ്ങളെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ അതില്‍ സാര്‍വത്രികമായ ശരിതെറ്റുകള്‍ എന്ന ഒന്നില്ല എന്നു പറയേണ്ടിവരും. എന്നാല്‍ അടിസ്ഥാന ജീവിതമൂല്യങ്ങള്‍ സദാചാരമായി ഒരാള്‍ സ്വാംശീകരിക്കുന്നത് നല്ല കെല്‍പ്പുള്ള ഗുരുപാരമ്പര്യങ്ങളില്‍ നിന്നോ, വിമോചനാത്മകമായ മത പാരമ്പര്യങ്ങളില്‍ നിന്നോ ആണെങ്കില്‍ അവയെ വിലയിരുത്തുന്നതിനോ പഠനവിധേയമാക്കുന്നതിനോ നമുക്ക് സാധിക്കും. ഈ കുറിപ്പിലൂടെ ശ്രമിക്കുന്നത് ക്രിസ്തീയ സുവിശേഷം മുന്നോട്ടുവയ്ക്കുന്ന ജീവിത ദര്‍ശനം ഒരു ലഘുവായനയ്ക്ക് വിധേയമാക്കുകയെന്ന കാര്യമാണ്. അതിലൂടെ ഇന്നു നാം പിന്‍ചെല്ലുന്ന സങ്കല്പങ്ങളെയും സദാചാരമൂല്യങ്ങളെയും പുനര്‍വിചിന്തനത്തിനു വിധേയമാക്കാന്‍ സാധിക്കും എന്നാണ് കരുതുന്നത്.
ക്രിസ്തുവിന്‍റേത് വ്യവസ്ഥാപിത യഹൂദമതം കാലഘട്ടങ്ങളായി സ്വാംശീകരിച്ച കപടസദാചാരങ്ങള്‍ക്കെതിരെയുള്ള ശക്തമായ എതിര്‍പ്പായിരുന്നു. മതം എത്തിച്ചേര്‍ന്ന ദുരവസ്ഥക്ക് എതിരെ നില്‍ക്കാന്‍ സാധിക്കുന്നത് അതിന്‍റെ ദുഷിപ്പുകളെയും കാപട്യത്തെയും തിരിച്ചറിഞ്ഞവര്‍ക്ക് മാത്രമാണ്. ഈ പൊളിച്ചെഴുത്ത് എന്നും നടക്കേണ്ടതാണ്. ചരിത്രത്തിന്‍റെ വികാസപരിണാമങ്ങളില്‍ ഇത് നടക്കുന്നില്ലെങ്കില്‍ മരിച്ച മതങ്ങള്‍ എന്ന സ്ഥാനം മാത്രമെ അവകാശപ്പടാനുണ്ടാകൂ.
മാറുന്ന ലോകവും ക്രിസ്തീയ വിശ്വാസവും
മാറുന്ന ലോകത്തില്‍ ഉറച്ച വിശ്വാസപ്രതികരണങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന തരത്തിലേക്കുള്ള വിശ്വാസത്തിന്‍റെ വളര്‍ച്ചയാണ് പ്രധാനം. എന്നാല്‍ എക്കാലത്തെയും ഗൗരവമായ വെല്ലുവിളിയാണ് ഇന്ന് ക്രിസ്തീയ വിശ്വാസം നേരിടുന്നത്. കമ്പോള കച്ചവടമൂല്യങ്ങള്‍ സമസ്തജീവിതത്തെയും സ്വാധീനിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയമായും സാംസ്കാരികമായും സാമ്പത്തികമായും നൈതികമായും വെല്ലുവിളികള്‍ നേരിടുകയാണ്.
സമ്പത്തിന്‍റെ കുമിഞ്ഞുകൂടല്‍ ദൈവാനുഗ്രഹമായി ചിത്രീകരിക്കാനും പട്ടിണിപ്പാവങ്ങളുടെ വര്‍ദ്ധനവ് അലോസരപ്പെടുത്താതിരിക്കാനും സാധ്യമാകുന്ന തരത്തില്‍ ഇന്ന് സുവിശേഷം പ്രഘോപ്പിക്കപ്പെടുന്നുണ്ട്. സാംസ്കാരികമായും രാഷ്ട്രീയമായും ഇന്ന് ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങള്‍ നമ്മുടെ വിശ്വാസത്തിന്‍റെ ഒരു പ്രശ്നമല്ലാതെവരുന്നുണ്ട്. നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീകളും കുട്ടികളും അടിസ്ഥാന ജനവിഭാഗങ്ങളായ ദലിതരും ആദിവാസികളും നമ്മുടെ വിശ്വാസപ്രതികരണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇവിടെ നാം ഇന്ന് സ്വാംശീകരിക്കുന്ന മൂല്യം എന്നത് ഈ ലോകം മുന്നോട്ട് വയ്ക്കുന്നതാണെങ്കില്‍ നമ്മുടെ സദാചാരസങ്കല്‍പ്പവും അതുപോലെതന്നെയാകും എന്നതാണ് വാസ്തവം.
അംബരചുംബികളായ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ ക്രിസ്തീയസഭകള്‍, ആര്‍ഭാടമായി വിവാഹം നടത്തുന്ന വിശ്വാസികള്‍, കൂടുതല്‍ സമ്പാദിക്കുന്നതിനും കൂട്ടിവെയ്ക്കുന്നതിനും ആഹ്വാനം ചെയ്യുന്ന ആദ്ധ്യാത്മികനേതാക്കള്‍, വന്‍കിട കുത്തക കമ്പനികളെ തോല്‍പ്പിക്കുന്ന തരത്തില്‍ കച്ചവടം നടത്തുന്ന സഭകളും ഏറ്റവും മുന്തിയ കാറില്‍ നടന്ന് സുവിശേഷം പ്രസംഗിക്കുന്നവര്‍, സുവിശേഷ മാമാങ്കം നടത്തി വന്‍പരസ്യങ്ങള്‍ കൊടുത്ത് ആളെക്കൂട്ടാന്‍ പരിശ്രമിക്കുന്നവര്‍, ഇവര്‍ക്കൊക്കെ എന്താണ് ലോകത്തോട് പറയാനുള്ളത്? ഇവരാണ് ഇന്ന് ഉയര്‍ന്നുവരുന്ന പുതിയ ക്രിസ്തീയ സദാചാര സങ്കല്‍പ്പങ്ങളുടെ കാവലാളുകള്‍. സുവിശേഷത്തിനോടോ, ക്രിസ്തുവിനോടോ യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഇവരിലൂടെ കപടസദാചാരത്തിന്‍റെ മൂല്യബോധം പരക്കുകയാണ്.
യേശു: ജീവന്‍റെ ആഘോഷം
ജീവനെ ഇത്രമാത്രം കരുതിയ മറ്റൊരു ഗുരുവുണ്ടോ എന്ന് അറിയില്ല. ڇഞാന്‍ വന്നത് നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാകുവാനും അത് സമൃദ്ധിയായിട്ടുണ്ടാകുവാനുമാണ്ڈ എന്നാണ് ക്രിസ്തു പറയുന്നത്. ഒരാള്‍ക്ക് ഉയിര് പകരുന്നതാണ് ജീവന്‍. ക്രിസ്തുവില്‍ ആര്‍ക്കും കുനിഞ്ഞ് നടക്കേണ്ടി വന്നിട്ടില്ല. അവന്‍റെ സാന്നിദ്ധ്യത്തില്‍ കൂനിയായ സ്ത്രീ നിവര്‍ന്നു എന്ന് നാം വായിക്കുന്നുണ്ട്. കുഷ്ഠരോഗിയായ മനുഷ്യന്‍ ക്രിസ്തുവിന്‍റെ മുമ്പില്‍ വരാന്‍ ധൈര്യം കാണിക്കുന്നു. ചുങ്കക്കാരന്‍ സക്കായിയും ക്രിസ്തുവിന്‍റെ മുമ്പില്‍ ധൈര്യമായി നില്‍ക്കുന്നു. ഇതാണ് നമ്മള്‍ സുവിശേഷത്തില്‍ പരിചയപ്പെടുന്ന ക്രിസ്തു. മുഖത്തോട് മുഖം നോക്കാനും ആദരവുകള്‍ കൊടുക്കാനും അത് സ്വീകരിക്കാനും എല്ലാവരെയും പ്രാപ്തരാക്കുന്നതാണ് സുവിശേഷം. മൂന്ന് പ്രധാന ഗുണങ്ങളാണ് ജീവനെ ആഘോഷിക്കുന്നവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്: 1. അഭിമാനം നല്‍കുന്നതാണ് ജീവന്‍. 2. സൗഖ്യം സ്വീകരിക്കുന്നതും കൊടുക്കുന്നതുമാണ്. 3. കൂട്ടായ്മകളെ രൂപീകരിക്കുന്നതാണ്. ഇവയെല്ലാം എവിടെ സാധിക്കുന്നുവോ അവിടെയാണ് ക്രിസ്തു ജീവിക്കുന്നത്. ഇവയെയെല്ലാം പാടേ അവഗണിക്കുന്ന സാമൂഹ്യ-സഭാ സാഹചര്യത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ക്രൈസ്തവ സഭകളുടെ ദൗത്യവും ശുശ്രൂഷയും പാടേ അനുഷ്ഠാനപരം മാത്രമായി തീരുകയാണ്. ജീവന്‍ നല്‍കുന്ന പ്രക്രിയയില്‍ നാം പങ്കെടുക്കുന്നതിനു പകരം ലോകത്തില്‍ മറ്റു പലതിനുമാണ് നാം ഇന്ന് പ്രാധാന്യം കൊടുക്കുന്നത്.
നിയമജ്ഞരെ സൂക്ഷിച്ചുകൊള്‍വിന്‍ (മര്‍ക്കോസ് 12:38-46) എന്നു പറയുന്ന ഭാഗത്ത് യഹൂദമതത്തിന്‍റെ ആചാര്യസ്ഥാനികള്‍ക്കു നേരെയാണ് ക്രിസ്തു വിരല്‍ചൂണ്ടുന്നത്. അവരുടെ പ്രാര്‍ത്ഥനയുടെ പ്രത്യയശാസ്ത്രവും അവരുടെ നീണ്ട മേലങ്കികളും വിമര്‍ശനത്തിന് വിധേയമാകുമ്പോള്‍, അതിലൂടെ കൈക്കലാക്കുന്ന ധനം, സ്ഥാനം, പ്രശസ്തി, വിധവമാരുടെ വീടുകള്‍ വിഴുങ്ങാനുള്ള സൗകര്യം ഇവയെല്ലാം ക്രിസ്തു തുറന്നുകാണിക്കുകയാണ്. വളരെ ശ്രേഷ്ഠമെന്ന് കരുതി ആരാധിച്ചുവരുന്ന ഓരോന്നിനും ഒരു ഭാഷയും പ്രത്യയശാസ്ത്രവും ഉണ്ട് എന്ന് നാം വിശ്വസിക്കേണ്ടി വരും. ആധിപത്യപരമായ (Hegemonic) ഒന്നിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് ജീവനെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കില്ല. ഇന്ന് നമ്മുടെ സദാചാര ചിന്തകള്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നത് ഇങ്ങനെയുള്ള ഓരോന്നിലുമാണ്. കാരണം ഈ സദാചാര മൂല്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന അല്ലെങ്കില്‍ ഉത്പാദിപ്പിച്ച സമൂഹങ്ങള്‍ ആധിപത്യബന്ധങ്ങളില്‍ നിലനിന്നിരുന്നതാണ്. ഉയിര് കൊടുക്കുന്ന ജീവനെക്കുറിച്ച് സംസാരിക്കാതെയും അതിനുവേണ്ടി പ്രവര്‍ത്തിക്കാതെയും അടിച്ചൊതുക്കുന്ന അധികാരത്തിലൂടെ നിലനിര്‍ത്തുന്ന സമ്പത്ത് സാധ്യമാക്കുന്ന ഓരോന്നും എന്തുതന്നെ ആണെങ്കിലും സദാചാരമായി സഭകള്‍ ഇന്ന് സ്വാംശീകരിക്കുന്നു എന്നതാണ് നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.
ക്രിസ്തുവിന്‍റെ വിചിന്തനങ്ങള്‍
ഭണ്ഡാരത്തിലെ നിക്ഷേപം എന്നും ഒരു അടയാളമാണ്. ഏറ് ഭണ്ഡാരങ്ങള്‍ ഒരു ഫാഷനായ ഇന്നത്തെ ക്രൈസ്തവ മണ്ഡലത്തില്‍ വിധവയുടെ ഭണ്ഡാരത്തിലെ നിക്ഷേപം പഠനവിധേയമാക്കേണ്ടതാണ്. ഭണ്ഡാരമില്ലാത്ത പള്ളികളെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാന്‍ സാധിക്കില്ല. ക്രിസ്തീയ കൊടുക്കല്‍ വാങ്ങലുകള്‍ക്കുവേണ്ടി ആരംഭിച്ച ഈ സാമ്പത്തിക ക്രയവിക്രയം ഇന്നൊരു അടയാളമായി മാറിക്കഴിഞ്ഞു. ക്രിസ്തു നിക്ഷേപിക്കുന്നവനെയും നിക്ഷേപിക്കുന്നതിനെയും ശ്രദ്ധിക്കുന്നുണ്ട്. ക്രിസ്തു വിധവയെ മാത്രമല്ല കാണുന്നത്. ഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്ന എല്ലാവരെയും കാണുന്നുണ്ട്. നിക്ഷേപിക്കുന്നതിന്‍റെ വലിപ്പത്തിന്‍റെ തോതനുസരിച്ച് അനുഗ്രഹമെന്ന കപടത ക്രിസ്തു ഇവിടെ പൊളിച്ചെഴുതുകയാണ്.
വി. പൗലോസ് തന്‍റെ ലേഖനങ്ങളിലൂടെ അനേകം നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഓരോ സഭയുടെയും പ്രത്യേക സാഹചര്യങ്ങളെ സംബോധന ചെയ്യാന്‍വേണ്ടിയാണ് ഇവ ഓരോന്നും എഴുതപ്പെട്ടതെങ്കിലും സാഹചര്യങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത് ഇന്നും പലതും നിര്‍ലോഭം ഉപയോഗിക്കുന്നുണ്ട്. ڇസ്ത്രീകള്‍ സഭയില്‍ മിണ്ടാതിരിക്കട്ടെ.പുരുഷന്‍ സ്ത്രീയുടെ തലയാകുന്നു.സ്ത്രീ മൂടുപടം അണിയണംڈ ഈ നിരീക്ഷണങ്ങള്‍ വേദശാസ്ത്രമായും സദാചാരമായും അവതരിപ്പിക്കുന്നതില്‍ ഇന്നും യാതൊരു വിഷമവുമില്ല. സ്ത്രീകളെ ചരിത്രപരമായി ഇകഴ്ത്തിക്കാണിക്കുവാനും അവരുടെമേല്‍ അധീശത്വം കാണിക്കുവാനും പുരുഷന്‍ ചെയ്യുന്ന ആദ്ധ്യാത്മിക അഭ്യാസത്തിനും ആശീര്‍വാദം നല്‍കുകയാണ് വിശുദ്ധഗ്രന്ഥം ചെയ്യുന്നത് എന്ന് തോന്നിപ്പോകാം. നൂറ്റാണ്ടുകള്‍ മുമ്പ് നടത്തിയ ചില പ്രബോധനങ്ങള്‍പോലും ഇന്നും പൊളിച്ചെഴുത്തില്ലാതെ ഉപയോഗിക്കുന്നത് മതത്തിന്‍റെ ആധിപത്യം നിലനിര്‍ത്തുന്നതിനുവേണ്ടിയുള്ള ഒരു പരിപാടി മാത്രമാണെന്നതാണ് സത്യം.
വിചിന്തനങ്ങള്‍ എന്നും സ്വാധീനം ചെലുത്തുന്നതാണ്. അവ ഓരോന്നും ഉപയോഗിക്കുന്നതില്‍ ചില മാനദണ്ഡങ്ങള്‍ ഓരോരുത്തരും എടുക്കുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ളതു മാത്രം എടുക്കുക, അല്ലാത്തത് മുഴുവനും നിരാകരിക്കുക (selective hearing and selective praxis) ഇതാണ് ഇന്നത്തെ ക്രിസ്തീയ ജീവിതത്തെ നിയന്ത്രിക്കുന്നത്. ഉള്ളവന് കൂടുതല്‍ കൊടുക്കപ്പെടും ഇല്ലാത്തവനില്‍ നിന്ന് ഉള്ളതുകൂടെ എടുക്കപ്പെടും എന്നതിനെക്കുറിച്ച് ആകര്‍ഷകമായി പ്രസംഗിക്കുന്നവരെ കാണാന്‍ സാധിച്ചിട്ടുണ്ട്. വേദപുസ്തകം വാക്കുകളിലൂടെ മാത്രമല്ല സംസാരിക്കുന്നത്; ചരിത്രത്തിലൂടെയും ഭാഷയിലൂടെയും പാരമ്പര്യങ്ങളിലൂടെയുമൊക്കെ അതിനു സംസാരിക്കാന്‍ സാധിക്കുമെന്നത് വിസ്മരിക്കുന്നിടത്താണ് ക്രിസ്തുവിചിന്തനങ്ങളുടെ രീതികള്‍ വെറും മാമൂലുകളായി അധഃപതിക്കുന്നത്.