ശുദ്ധജലത്തിന്‍റെ പ്രാധാന്യം മുന്‍നിര്‍ത്തിയും ശുദ്ധജല സ്രോതസ്സുകളുടെ ശാശ്വതമായ പരിപാലനം ലക്ഷ്യമിട്ടും വര്‍ഷംതോറും ആഗോളതലത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷത്തെ ക്യാംപെയിന്‍ 'ഭക്ഷ്യസുരക്ഷയും ജലവും' എന്ന വിഷയത്തില്‍ ഊന്നിയതാണ്. വലിയൊരളവ് ജലം, ഭൂരിഭാഗം ജനങ്ങളും ചിന്തിക്കുന്നതിനപ്പുറം, പ്രതിദിനം നാം കഴിക്കുന്ന ഭക്ഷണത്തിന്‍റെ നിര്‍മ്മിതിക്കുവേണ്ടി ഉപയോഗിക്കപ്പെടുന്നു. അതേസമയം ജനസംഖ്യയാകട്ടെ തുടര്‍ച്ചയായി വളര്‍ന്നുകൊണ്ടേയിരിക്കുന്നു. അതായത് ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ ജലംപോലും ലഭ്യമല്ലാതായിരിക്കുന്നു.
സ്ഥിരമായി വര്‍ദ്ധിച്ചുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഡിമാന്‍റ് ആണ് കാര്‍ഷിക ജല വിനിയോഗത്തിന്‍റെ പ്രധാന കാരണം. കൂടാതെ സാമ്പത്തിക വളര്‍ച്ച, പ്രത്യേകിച്ച് കമ്പോള സമ്പദ്വ്യവസ്ഥയുടെ ആവിര്‍ഭാവം, ഇറച്ചിയും പാലും ഉള്‍പ്പെട്ട, ജലോപഭോഗം കൂടുതലുള്ള ഭക്ഷണ രീതിയിലേക്കു നമ്മെ മാറ്റി. നദികള്‍, തടാകങ്ങള്‍ എന്നിവയില്‍ നിന്നൊക്കെയായി 70% ശുദ്ധജലം കൃഷിക്കായി എടുക്കുന്നു- വികസ്വര രാഷ്ട്രങ്ങളില്‍ ഇത് 90% നു മുകളിലാണ്. ലോകത്തിലെ 80% കൃഷിഭൂമിയും മഴവെള്ളത്തെ ആശ്രയിക്കുമ്പോള്‍ ഭക്ഷ്യോത്പ്പാദനം 60% ആണ്.
മഴവെള്ള കൃഷിയുടെ കാര്യത്തില്‍, മണ്ണ് മഴവെള്ളം പിടിച്ചു നിര്‍ത്തുകയും സാവകാശം സസ്യലതാദികള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതുകൊണ്ട് മറ്റ് മേഖലകളില്‍ നിന്നുള്ള മത്സരം ഉണ്ടാകുന്നില്ല. പക്ഷേ ജലസേചനത്തില്‍, നദികളില്‍നിന്നും തടാകങ്ങളില്‍നിന്നുമൊക്കെ വെള്ളമെടുത്ത് ഭൂമിയില്‍ പ്രയോഗിക്കുന്നു. ആയതിനാല്‍, കുടുംബം, വ്യവസായം, ഊര്‍ജം, മത്സ്യബന്ധനം, പരിസ്ഥിതി എന്നിങ്ങനെയുള്ള മറ്റ് ജലോപഭോഗ മേഖലകളുമായി ജലസേചനത്തിന് മത്സരിക്കേണ്ടി വരുന്നു.
കഴിഞ്ഞ 50 വര്‍ഷങ്ങള്‍ കാര്‍ഷികാവശ്യത്തിനുള്ള ജലവിഭവങ്ങളുടെ ത്വരിതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടമാണ്. ഹൈഡ്രോളിക് ആന്തരികഘടനയിലെ വികസനവും (ഡാമുകളും വന്‍കിട ഉപരിതല ജലസേചനവും) സ്വകാര്യ സമൂഹ പദ്ധതികളും (പ്രത്യേകിച്ച് ഗ്രൗണ്ട് വാട്ടര്‍ പമ്പിംഗ്) ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന് ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പുവരുത്താന്‍ വേണ്ടതായ ഭക്ഷ്യോത്പ്പാദനവര്‍ധനവിനുള്ള മുഖ്യഘടകമായി വെള്ളത്തെ മാറ്റി. 1950ല്‍ 250 കോടിയായിരുന്ന ആഗോള ജനസംഖ്യ 2000 ആയപ്പോള്‍ 600 കോടിയായി വര്‍ദ്ധിച്ചെങ്കില്‍, ജലസേചിത പ്രദേശവിസ്തീര്‍ണ്ണവും ഇരട്ടിക്കുകയും (പ്രത്യേകിച്ച് ഏഷ്യയില്‍) ജലമൂറ്റല്‍ മൂന്നിരട്ടിയാവുകയും ചെയ്തു. ജനസംഖ്യാ വര്‍ദ്ധനവ് തുടരുന്നതുപോലെ (2050 ല്‍ 900 കോടിയാണ് പ്രതീക്ഷിത വര്‍ധനവ്) ഭക്ഷ്യാവശ്യം തീക്ഷ്ണമാവുകയും, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലത്തിന്‍റെ വര്‍ധനവ് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഗാര്‍ഹിക വ്യാവസായിക മേഖലകളുമായി ജലത്തിനായുള്ള ഒരു മത്സരം കാര്‍ഷിക മേഖല നേരിട്ടുകൊണ്ടിരിക്കുന്നു. ജലദൗര്‍ലഭ്യ പ്രദേശങ്ങളില്‍, വിശിഷ്യ നഗരപ്രദേശങ്ങളില്‍ ജല ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നു.
വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാര്‍ഷികോല്‍പാദനത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. വിസ്തൃതമായ വിളനിലങ്ങള്‍, പ്രത്യേകിച്ച് ഭാഗിക തരിശുപ്രദേശങ്ങള്‍ നീരുറവകള്‍ക്കായി പുതിയ സങ്കേതങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. കൃഷി അധിഷ്ഠിത സമ്പദ്വ്യവസ്ഥകളെ വരാന്‍പോകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
ഒരു വെല്ലുവിളി
ചുരുക്കത്തില്‍, തീറ്റിപ്പോറ്റേണ്ട 700 കോടിയാളുകള്‍ ഇന്ന് ഭൂമുഖത്തുണ്ട്. 2050-ഓടെ മറ്റൊരു 200 കോടിയെകൂടി പ്രതീക്ഷിക്കുകയും ചെയ്യുന്നു. ലോകത്ത് 100 കോടി പേര്‍ ഇപ്പോള്‍തന്നെ മുഴുപ്പട്ടിണിയിലായിരിക്കുമ്പോള്‍ ജലവിഭവ വിതരണം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. എന്നിരുന്നാലും ജലം (ജീവനും ഉപജീവനവും നിശ്ചയിക്കുന്ന) പ്രകൃതിയുടെ ദാനവും പുനഃസൃഷ്ടിക്കാവുന്നതുമായ വിഭവമാണ്. ചോദനയുടെ അടിസ്ഥാനത്തില്‍ നമുക്ക് നിര്‍മ്മിക്കാവുന്നതോ പകരം മറ്റൊന്നുപയോഗിക്കാവുന്നതോ ആയ ഒന്നല്ല ജലം. ജനസംഖ്യാ വര്‍ധനവും കാര്‍ഷികേതര ജലാവശ്യവും (കുടിക്കാനും മറ്റ് ഗാര്‍ഹികാവശ്യങ്ങള്‍ക്കും വ്യവസായത്തിനും പരിസ്ഥിതിക്കും) എല്ലാവര്‍ക്കും പോഷകാഹാര ലഭ്യതയും ഒരുമിച്ച് കൈകാര്യം ചെയ്യുക എന്നതൊരു വെല്ലുവിളിയാണ്.
ഈ സാഹചര്യത്തിലാണ് താഴെപ്പറയുന്ന മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുന്നത്.
ജലോപഭോഗം പരമാവധി കുറവുള്ള ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുക.
ഭക്ഷണം പാഴാക്കുന്ന കൊടിയ ക്രൂരത കുറയ്ക്കുക. ഏതാണ്ട് 30% ഭക്ഷണം ആഗോളമായി പാഴാകുന്നു. തല്‍ഫലമായി അതുണ്ടാക്കാന്‍ ചെലവഴിച്ച ജലവും നഷ്ടമാകുന്നു.
കുറച്ചു ജലം ഉപയോഗിച്ച് കൂടുതല്‍ ഭക്ഷണം ഉത്പാദിപ്പിക്കുക. സ്പ്രിംഗ്ളര്‍, ഡ്രിപ്പ് ഇറിഗേഷന്‍ മുതലായ സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ജലോത്പാദനക്ഷമത വര്‍ധിപ്പിക്കുക. കൂടാതെ, ശരിയായ നിലമൊരുക്കലും(ഉഴുത്) ജൈവവള പ്രയോഗവും ജലാവശ്യം നന്നായി കുറയ്ക്കുന്നതാണ്.
ഓരോ വിളയ്ക്കും വേണ്ട പരമാവധി ജലാവശ്യം കണക്കാക്കുകയും അതനുസരിച്ചുള്ള ജലസേചനത്തിന് രൂപം കൊടുക്കുകയും വേണം.
കുറഞ്ഞ ജലോപയോഗത്തില്‍ കൂടുതല്‍ വിളവു ലഭിക്കുന്ന വിത്തുകള്‍ ഗവേഷണത്തിലൂടെ കണ്ടെത്താന്‍ പ്രോത്സാഹിപ്പിക്കണം. പ്രത്യേകിച്ച് ജലദൗര്‍ലഭ്യമുള്ള മേഖലകളിലെ കൃഷിയില്‍ 'പ്രാന്തസ്ഥമായ/ഗുണമേന്മകുറഞ്ഞ' വെളളത്തിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. അങ്ങനെ നോക്കിയാല്‍ ഗാര്‍ഹിക വ്യാവസായിക മലിനജലത്തിനും വലിയ സാധ്യത ഉള്ളതായി കാണാം. എന്നിരുന്നാലും, മലിനജലസേചനത്തിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും (ഗുണനിലവാരം) മണ്ണില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യവും ഉറപ്പു വരുത്തണം.
ജലനിക്ഷേപം കച്ചവടത്തിലൂടെ
കാര്‍ഷിക കാര്‍ഷികേതര ഉത്പന്നങ്ങളുടെ ഉത്പാദനത്തിനായി ഉപയോഗിക്കുന്ന ജലം ആ ഉത്പന്നത്തിലെ ജലമായാണ് കണക്കാക്കപ്പെടുന്നത്. കച്ചവടത്തിലൂടെ ഗണ്യമായ അളവ് ജലം ഒരു പ്രദേശത്തുനിന്നു മറ്റൊരിടത്തേക്ക് സ്ഥലം മാറ്റപ്പെടുന്നു, ഈ പ്രതിഭാസത്തിനാണ് 'വെര്‍ച്വല്‍ വാട്ടര്‍ ട്രേഡ്' എന്നു പറയുന്നത്. ഒരു വര്‍ഷം 1600 കി.മി. ഒഴുകുന്നത്രയും വെള്ളമാണ് (1600km/year) ശരാശരി ഇങ്ങനെ വിപണനം ചെയ്യപ്പെടുന്നത്. അതില്‍തന്നെ 80% കാര്‍ഷിക ഉത്പന്നങ്ങളുടെ വാണിജ്യത്തിലൂടെയും ബാക്കി കാര്‍ഷികേതര ഉത്പന്നങ്ങളിലൂടെയുമാണ്. ജലലഭ്യത ഏറെയുള്ള മേഖലകളില്‍നിന്നു കുറഞ്ഞ പ്രദേശങ്ങളിലേക്ക് കാര്‍ഷികോത്പന്നങ്ങള്‍ കച്ചവടം ചെയ്യപ്പെടുമ്പോള്‍ ആഗോളതലത്തില്‍ ജലം നിക്ഷേപിക്കപ്പെടുന്നു. ഇപ്പോള്‍, ഇറക്കുമതി രാഷ്ട്രങ്ങള്‍ അവര്‍ ഇറക്കുമതി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങള്‍ സ്വയം ഉത്പാദിപ്പിക്കുകയാണെങ്കില്‍ അവര്‍ക്ക് 1600km/year ആവശ്യമായി വരും.
എന്നാല്‍, കയറ്റുമതി രാഷ്ട്രങ്ങള്‍ 1200 km/year ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചേക്കാം. അതുകൊണ്ട് വര്‍ഷം തോറും 400 ബില്യന്‍ billion m ജലവിഭവം നമുക്ക് സംരക്ഷിക്കാന്‍ കഴിയുന്നു.
ഈ ലേഖനത്തിലെ സ്ഥിതിവിവരക്കണക്കുകള്‍, ഫുഡ് ആന്‍റ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷനും ഐക്യരാഷ്ട്ര സംഘടനയും( വേള്‍ഡ് വാട്ടര്‍ ഡെവലപ്പ്മെന്‍റ് റിപ്പോര്‍ട്ട്) പ്രസിദ്ധീകരിച്ചിട്ടുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ നിന്നെടുത്തവയാണ്. മറ്റു ചില പ്രസക്തമായ കാര്യങ്ങള്‍കൂടി ചുവടെ ചേര്‍ക്കുന്നു:
പ്രതിദിനം 2-4 ലിറ്റര്‍ വെള്ളം നാം കുടിക്കുന്നു. പക്ഷേ 1 കിലോഗ്രാം ധാന്യം ഉത്പാദിപ്പിക്കാന്‍ 1500 ലിറ്ററും1 കി.ഗ്രാം മാംസത്തിന് അതിന്‍റെ പത്തിരട്ടിയും (15000 ലിറ്റര്‍) വെള്ളം ആവശ്യമാണ്.
ഒരു വ്യക്തിയുടെ ഒരു ദിവസത്തെ ആവശ്യം തൃപ്തിപ്പെടുത്തുന്നതിനു വേണ്ട ഭക്ഷണം ഉണ്ടാക്കാന്‍, നാം കുടിക്കുന്നതിന്‍റെ ആയിരം മടങ്ങ് അഥവാ 3000 ലിറ്റര്‍ വെള്ളം ആവശ്യമാണ്.
ഇന്ന് ആകെ ജലോപഭോഗത്തിന്‍റെ 70% കൃഷിക്കും 20% വ്യവസായത്തിനും ഊര്‍ജത്തിനും 10% ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുമാണ്.
2050 വരെയുള്ള കാലയളവില്‍ ലോകത്തില്‍ വെള്ളം കൃഷിയെ തുണയ്ക്കുകയും 270 കോടി പേരുടെ ഉപജീവനോപാധിയായിരിക്കുകയും ചെയ്യും.
ജലസേചനത്തിന് വിധേയമായ കൃഷിഭൂമിയുടെ വിസ്തൃതി ലോകമൊട്ടാകെ 27.7 കോടി ഹെക്ടര്‍ അതായത് ആകെ വിളഭൂമിയുടെ 20% ആയിരിക്കും.
ജലസേചനം വിള ഉത്പാദനം 100-400% വര്‍ധിപ്പിക്കും. ഇന്ന് ലോക ഭക്ഷ്യ ഉത്പാദനത്തിന്‍റെ സംഭാവനയില്‍ 40% ജലസേചന കൃഷിക്ക് അവകാശപ്പെട്ടതാണ്. മോശമായ ജലസേചനത്തിന്‍റെ ഫലമായി ഏതാണ്ട് 10% ജലസേചിതഭൂമിയില്‍ ജലച്ചോര്‍ച്ചയും വെള്ളം കെട്ടിനില്ക്കലും ഉപ്പുവെള്ളം കയറലും ഒക്കെയുണ്ടാവാം.
കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠിക്കുന്ന, സര്‍ക്കാര്‍ പാനല്‍, മഴയെ ആശ്രയിച്ചുള്ള കൃഷി 2020 ഓടെ 50 % ആയി കുറയുമെന്നു പ്രവചിച്ചിരിക്കുന്നു.
ഹിമാലയന്‍ മഞ്ഞ് മലകള്‍ ഏഷ്യയില്‍ കൃഷിക്ക് സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന വലിയ അളവ് ജലത്തിന്‍റെ ലഭ്യത 2030 ഓടെ 20% കുറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.