news-details
മറ്റുലേഖനങ്ങൾ

ചാമ്പമരങ്ങള്‍ കാത്തിരിക്കുകയാണ്...

രവീന്ദ്രനാഥ ടാഗോറിന്‍റെ വളരെ മനോഹരമായ ഒരു കഥയുണ്ട്. സന്ധ്യാസമയത്ത് ഒരു മനുഷ്യന്‍ ഹൗസ്ബോട്ടില്‍ യാത്രചെയ്യുകയാണ്. ഹൗസ്ബോട്ടിലെ മുറിയില്‍ കത്തിച്ചുവച്ച മെഴുതിരിവെട്ടത്തിലിരുന്ന് അയാള്‍ ഒരു നോവല്‍ വായിക്കുകയായിരുന്നു. പെട്ടെന്ന് ജാലകത്തിലൂടെ കടന്നുവന്ന കാറ്റ് മെഴുതിരി അണച്ചുകളഞ്ഞു. അയാള്‍ ആകെ അസ്വസ്ഥനായി. വായനയുടെ രസച്ചരട് പൊട്ടിപ്പോയതില്‍ വിഷണ്ണനായി കുറച്ചുസമയം ഇരിക്കുമ്പോള്‍ അതാ തുറന്നിട്ട ജാലകത്തിലൂടെ പുറത്തെ നറുനിലാവ് മുറിക്കുള്ളിലേക്കൊഴുകി. മുറിയാകെ പ്രകാശമാനമായി. അയാള്‍ സന്തോഷത്തോടെ പോക്കറ്റില്‍നിന്ന് പേനയെടുത്ത് ഒരു കടലാസ്തുണ്ടില്‍ ഇങ്ങനെ കോറിയിട്ടു: "ഹോ! ഒരു മെഴുതിരി വെട്ടത്താല്‍ ഞാന്‍ അന്ധനാക്കപ്പെടുകയായിരുന്നു. എന്‍റെ അഹന്തയുടെ ഇത്തിരിവെട്ടം അണഞ്ഞപ്പോള്‍ നിന്‍റെ നിലാവ് എന്‍റെ ജീവനിലേക്ക് പ്രവേശിച്ചു."

ഇതുപോലെ, അഹന്തയുടെ മാത്രമല്ല, ആഡംബരങ്ങളുടെയും സുഖലോലുപതയുടെയും, തിരക്കുകളുടെയുമൊക്കെ ഇത്തിരിഇത്തിരി മെഴുതിരിവെട്ടങ്ങളില്‍ നമുക്ക് നഷ്ടമാവുന്നതും ജീവിതത്തിന്‍റെ നിലാവെളിച്ചങ്ങളാണ്. പ്രത്യേകിച്ച് ഈ മദ്ധ്യവേനലവധിക്കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന നന്മകളുടെ സമൃദ്ധിയേക്കുറിച്ചുള്ള ചിന്തകള്‍ എന്നെ ആകുലനാക്കുന്നു. നമ്മുടെയൊക്കെ ബാല്യത്തില്‍ നാം അനുഭവിച്ചിരുന്ന ഒഴിവുകാലദിനങ്ങളുടെ രസങ്ങളും രുചികളും മണങ്ങളും നിറങ്ങളും, പങ്കിട്ടിരുന്ന സൗഹൃദവും, സ്നേഹവും അറിവുകളും നമ്മുടെ കുട്ടികള്‍ക്ക് ഇന്ന് നഷ്ടപ്പെടുന്നുവോ?

തൂവലുകളുടെ വര്‍ണ്ണവ്യത്യാസങ്ങള്‍ അന്വേഷിച്ച് കൗതുകത്തോടെ, വീടുവിട്ട് കിളികള്‍ക്ക് പിറകേ നടന്ന ഒരു കാലം. പൂവട്ടിയുമായി പൂവേ പൊലി പൂവേ പൊലി പാടി നിറങ്ങളുടെ പിന്നാലെ പാഞ്ഞ ഓണാവധിക്കാലം. മഞ്ഞിന്‍റെ പുതപ്പിട്ട്, നക്ഷത്രങ്ങളെ സാക്ഷിയാക്കി, കൂട്ടുകാരൊന്നിച്ച് വിണ്ണിലെ ദൈവത്തെ തപ്പുകൊട്ടി സ്തുതിച്ച് ഓരോ വീട്ടുപടിയിലും പരസ്നേഹത്തിന്‍റെ പാട്ടുത്സവങ്ങള്‍ തീര്‍ത്ത ക്രിസ്തുമസ് കാലം... മഴയ്ക്കു മുന്‍പുള്ള കാറ്റിന്‍റെ വിളികേട്ട് വലിയ നാട്ടുമാവിന്‍ ചുവട്ടിലേക്ക് ഓടിയെത്തുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും. പിന്നെയുള്ള ഓരോ മാങ്ങാവീഴ്ചയിലും ഉയരുന്ന ആരവങ്ങള്‍... ഓട്ടങ്ങള്‍... വീഴ്ചകള്‍... പങ്കുവയ്ക്കലുകള്‍. ചുനകളഞ്ഞ നാട്ടുമാങ്ങാ ഈമ്പി മാങ്ങാണ്ടിക്ക് കൂട്ടുപോയി... ഹോ! ഓര്‍ക്കുമ്പോള്‍തന്നെ കുളിരുകോരുന്ന മദ്ധ്യവേനലവധിക്കാലം. കാറ്റിനകമ്പടിയായി എത്തുന്ന മഴയില്‍ അമ്മയുടെ ശകാരം വകവയ്ക്കാതെ തോര്‍ത്തുമുണ്ടുടുത്തുള്ള മഴകുളികള്‍. പ്രഭാതത്തില്‍ സൂര്യനുദിക്കുമ്പോഴേ കൊയ്ത്തുകഴിഞ്ഞ പാടങ്ങള്‍ കളിക്കളമാക്കി രാവോളം തുടരുന്ന കളികള്‍.

അമ്മവീട്ടിലേക്കുള്ള രസം പിടിച്ച യാത്രകളും കൗതുകമാര്‍ന്ന കാഴ്ചകളും. പുത്തന്‍ സൗഹൃദങ്ങള്‍, തോട്ടിലെ കുളികള്‍, നീന്തല്‍, അതിരുകളില്ലാത്ത തൊടികളിലൂടെയുള്ള നടത്തങ്ങള്‍ ഇങ്ങനെ ഒരു നൂറുകൂട്ടം വിശേഷങ്ങള്‍ സ്കൂള്‍ തുറപ്പിന് ആവേശത്തോടെ കൂട്ടുകാരൊത്ത് പങ്കുവയ്ക്കുവാന്‍, ദൈവം കനിഞ്ഞു നല്‍കിയ അവധിക്കാലങ്ങള്‍ - ഇതെല്ലാം ഇന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാവുന്നില്ലേ?

പഠനത്തിരക്കുകളില്‍നിന്ന് ഒഴിഞ്ഞ്, സ്വാതന്ത്ര്യം നുകരുന്ന അവധിക്കാലങ്ങളാണ് കുട്ടികളുടെ അനൗപചാരിക വിദ്യാഭ്യാസത്തിന്‍റെ കളിത്തട്ടാവുന്നത്. മനുഷ്യന് ചുറ്റുമുള്ള ജൈവബന്ധങ്ങളിലേക്ക് വളരുന്ന, മണ്ണിനെ തൊട്ടറിയുന്ന പങ്കുവയ്ക്കലിന്‍റെ പാഠങ്ങള്‍ അഭ്യസിക്കുന്ന, ജയപരാജയങ്ങളെ സമചിത്തതയോടെ നേരിടാന്‍ പഠിക്കുന്ന, യഥാര്‍ത്ഥ വ്യക്തിത്വവികസനം സാധിതമാക്കുന്ന പരിശീലനക്കളരികളായിരുന്നു ഓരോ അവധിക്കാലങ്ങളും. മാനവികതയിലേക്കും സാമൂഹിക പ്രതിബദ്ധതയിലേക്കും നയിക്കുന്ന യഥാര്‍ത്ഥ പാഠങ്ങള്‍ ക്ലാസ്റൂമുകളില്‍ നിന്നല്ല കുട്ടികള്‍ പഠിച്ചിരുന്നത്. ഇന്നും ക്ലാസ്റൂമുകളില്‍ കുട്ടികള്‍ പലപ്പോഴും സ്വായത്തമാക്കുന്നത് ജീവിക്കാനുള്ള പാഠങ്ങളല്ല, മറിച്ച് പരീക്ഷയ്ക്കുള്ള ഉത്തരങ്ങളാണ്. ഇവിടെയാണ് അവധിക്കാലങ്ങളുടെ പ്രസക്തി.

എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്ക് മനോഹരങ്ങളായ അവധിക്കാലങ്ങള്‍ ഇല്ലാതെ പോകുന്നത്. വിദ്യാഭ്യാസ രംഗത്തെ അമിതമായ മാത്സര്യബുദ്ധിമൂലം അടുത്ത അദ്ധ്യയനവര്‍ഷത്തിലെ പാഠങ്ങള്‍ക്കായി കുഞ്ഞുങ്ങളെ കോച്ചിംഗ് സെന്‍ററുകളിലേക്കും ട്യൂഷന്‍ ക്ലാസുകളിലേക്കും നിര്‍ബന്ധബുദ്ധിയോടെ പറഞ്ഞയയ്ക്കുന്ന മാതാപിതാക്കള്‍ തന്നെയാണ് പ്രധാനമായും അവരുടെ അവധിക്കാലങ്ങള്‍ ഇല്ലാതാക്കുന്നത്. അണുകുടുംബസംവിധാനങ്ങളുടെ പോരായ്മകളും, ഉദ്യോഗസ്ഥ ദമ്പതിമാരുടെ പരിമിതികളും, അയല്‍പക്കങ്ങളോടുള്ള അവിശ്വാസവും ഒക്കെ കാരണങ്ങളായി നിരത്താമെങ്കിലും, കുഞ്ഞുങ്ങളുടെ അവധിക്കാല രസങ്ങളെ തല്ലിക്കൊഴിച്ച് വീണ്ടും അവരെ സമ്മര്‍ദ്ദങ്ങളിലേക്കും വിരസതകളിലേക്കും പറഞ്ഞുവിടുന്നത് മുതിര്‍ന്ന തലമുറ തന്നെയല്ലേ? നമ്മുടെ കുഞ്ഞുങ്ങള്‍ പുറംകാഴ്ചകള്‍ മറന്ന് അകംകാഴ്ചകളില്‍ അഭിരമിക്കുകയാണ്. വിവിധ ചാനലുകള്‍ വിളമ്പുന്ന ആസക്തി നിറഞ്ഞ മായക്കാഴ്ചകള്‍ കുഞ്ഞുങ്ങളെ സമയത്തിനുമുന്‍പ് തന്നെ ലൈംഗിക പക്വതയിലേക്ക് നയിക്കുന്നത് വ്യക്തിതലത്തിലും സാമൂഹികതലത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക് കൂട്ടുകൂടി സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാമായിരുന്ന തുറസ്സായ ഇടങ്ങളും അതിരുകളില്ലാത്ത തൊടികളും അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. വേലികെട്ടി, മതിലുവെച്ച് മറ്റാര്‍ക്കും പ്രവേശനമില്ലാത്ത രാക്ഷസ പൂന്തോട്ടങ്ങളായി നമ്മുടെ തൊടികള്‍ മാറി. വീടിന് വെളിയിലെ വഴികളേയും, ബന്ധങ്ങളേയും ഭയത്തോടെ മാത്രം നോക്കിക്കാണേണ്ടി വരുന്ന ഒരു ദുരന്തം നേരിടുകയാണ് വര്‍ത്തമാനകാലം. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ആണ്‍പെണ്‍ഭേദമെന്യേ കുഞ്ഞുങ്ങള്‍ ദുരുപയോഗിക്കപ്പെടുമ്പോള്‍ പുറംലോകത്തേയ്ക്കുള്ള അവരുടെ വാതായനങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുന്നു: നാടും നാട്ടാരും അവര്‍ക്ക് അപരിചിതമാകുന്നു.

'ഓ ഇക്കാലത്ത് ഇതൊക്കെയല്ലേ നടക്കൂ. പറഞ്ഞിട്ടെന്ത് കാര്യം? കാലം മാറുമ്പോള്‍ കോലം മാറും. നാടോടുമ്പോള്‍ നടുവേ ഓടണ്ടേ?' തുടങ്ങിയ ചില സ്റ്റേറ്റ്മെന്‍റുകളില്‍ ഈ വലിയ പ്രശ്നത്തെ തമസ്ക്കരിക്കുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് വരുംതലമുറയുടെ സുകൃതങ്ങളാണ്. അവര്‍ക്ക് നഷ്ടമാവുന്നതോ, അവരുടെ ആകാശവും. കാലം മാറുമ്പോള്‍ കോലം മാറണം പക്ഷേ അത് പേക്കോലമാകാതെ നോക്കേണ്ടേ? നാട് ഓടുമ്പോഴും നല്ലതുപോലെ ഓടാന്‍ പഠിക്കേണ്ടേ?

വായനക്കാരോട് ഒരു ചോദ്യം പഴയനന്മകളിലേക്ക് നമുക്കു തിരിച്ചുപോവാനാവില്ലേ? മനുഷ്യന് മനുഷ്യനെ വിശ്വസിക്കാനാവുന്ന ഒരു കാലം തിരിച്ചുവരില്ലേ? അപ്പോള്‍ മാത്രമല്ലേ നമ്മുടെ കുഞ്ഞുങ്ങള്‍ ഏത് കരങ്ങളിലും സുരക്ഷിതരാവൂ? കാലം നഷ്ടപ്പെടുത്തിയ കൊതിപ്പിക്കുന്ന ഈ നന്മകളിലേക്കുള്ള ഒരു തിരിച്ചുപോക്ക് - അതിനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ - ഈ അവധിക്കാലം അതിനുള്ളതാവട്ടെ.

ഓര്‍ക്കുക!

വഴിയോരങ്ങളിലെ പേരമരങ്ങളും ചാമ്പമരങ്ങളും കുഞ്ഞുങ്ങളുടെ പാദസ്പര്‍ശത്തിനായി കാത്തിരിക്കുകയാണ്.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts