news-details
മറ്റുലേഖനങ്ങൾ

സ്ഥാനം തെറ്റിയ വസ്തു

പ്രകൃതിയില്‍ ഓരോ വസ്തുവിനും ഓരോ സ്ഥാനമുണ്ട്. സ്ഥാനം തെറ്റുമ്പോള്‍ പ്രപഞ്ചത്തില്‍ പലതരത്തിലുള്ള അസന്തുലിതാവസ്ഥകള്‍ ഉണ്ടാകുന്നു. വസ്തുക്കളുടെ സ്ഥാനംതെറ്റലിന് ഏറ്റവും വലിയ കാരണം മനുഷ്യന്‍തന്നെയാണ്. വസ്തുക്കള്‍ക്കും ആശയങ്ങള്‍ക്കും സ്ഥാനം തെറ്റുമ്പോള്‍ എല്ലാം തകിടം മറിയുന്നു. മൂല്യങ്ങളും ദര്‍ശനങ്ങളും താളം കണ്ടെത്താനാവാതെ വഴുക്കും നിലങ്ങളില്‍ പെട്ടുപോകുന്നു. ഈ സത്യമാണ് ആനന്ദ് തന്‍റെ പുതിയ പുസ്തകത്തില്‍ ആവിഷ്കരിക്കുന്നത്. മണ്ണും മനുഷ്യനും ആശയങ്ങളും സ്ഥാനാന്തരണത്തിനു വിധേയമാകുന്ന ഈ കാലസന്ധിയില്‍ നമ്മെ തട്ടിയുണര്‍ത്തുകയാണ് ഈ എഴുത്തുകാരന്‍. ഞെട്ടിക്കുന്ന സത്യങ്ങളിലേക്ക് നമ്മെ ഉണര്‍ത്താനാണ് ആനന്ദ് എഴുതുന്നതെന്നു തോന്നും.

"സ്വര്‍ഗ്ഗീയ നഗരങ്ങളെ തേടി യാത്ര പോകുന്ന തീര്‍ത്ഥാടകരാണ് നമ്മില്‍ പലരും. ലാഭത്തില്‍ മാത്രം ദൃഷ്ടി കേന്ദ്രീകരിക്കുന്ന 'ടണല്‍ വിഷന്‍' ആണ് ചിലര്‍ക്ക്. ഭൂമിയും അതിലെ സമസ്തസമ്പത്തും മനുഷ്യര്‍ക്കുവേണ്ടി അവരില്‍തന്നെ ചിലര്‍ക്കുമാത്രം വേണ്ടി, ആണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു കുറെപ്പേര്‍. മറുവശത്ത് ഒരു ആദര്‍ശ ലോകത്തിന്‍റെ വെളിച്ചം തേടിപ്പോകുന്നവരാകട്ടെ, നന്മയും കനിവും ചോര്‍ത്തിക്കളഞ്ഞ യാന്ത്രിക മനുഷ്യരെക്കൊണ്ട് അത് കെട്ടിപ്പടുക്കാമെന്ന് വ്യാമോഹിച്ചു പോകുന്നു. കൃത്യതയുടെ തലത്തില്‍ വരുന്ന ഔചിത്യഭംഗം കാണാനുള്ള മസ്തിഷ്കത്തിന്‍റെ ഭാഗത്തെ അമര്‍ത്തിവെക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണ് അപ്പോഴെല്ലാം നാം ചെയ്യുന്നത്. വസ്തുതകളിലെ സ്ഥാനം തെറ്റല്‍ വസ്തുക്കളിലും ജീവിതത്തിലും പ്രതിഫലനങ്ങളുണ്ടാക്കുന്നു. പ്രാകൃതികവും സാമൂഹികവും സാമ്പത്തികവുമായ ദുരന്തങ്ങളായിത്തീരുന്നു ഫലം." ആമുഖമായി കുറിക്കുന്ന ഈ വാക്കുകള്‍ ആനന്ദിന്‍റെ ദര്‍ശനങ്ങളുടെ ദിശാബോധം നിര്‍ണയിക്കുന്നു. 'വേരറുക്കപ്പെട്ട മണ്ണ്' എന്ന ലേഖനത്തില്‍ അമേരിക്കയില്‍ 1930 കളിലെ വന്‍ സാമ്പത്തിക മാന്ദ്യത്തിനു കാരണമായിത്തീര്‍ന്ന പ്രകൃതിപ്രതിഭാസങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. മണ്ണിന്‍റെ വേരറുത്താല്‍ മനുഷ്യന്‍റെ നിലനില്പ് അസാദ്ധ്യമാകും. 'മനുഷ്യന്‍റെ അബദ്ധങ്ങളുടെ കണക്കാണ് ചരിത്ര'മെന്ന് ഗിബ്ബണ്‍ പറഞ്ഞത് ആനന്ദ് ഉദ്ധരിക്കുന്നു. അതിനുശേഷവും എത്രയോ അബദ്ധങ്ങളിലൂടെ മനുഷ്യസമൂഹം കടന്നുപോയി! ഓരോ അബദ്ധവും വലിയ വില നല്‍കേണ്ട പ്രതിസന്ധികളായി നമുക്കു മുന്‍പില്‍ രൂപമാര്‍ന്നു വികസിച്ചു വന്നു. "സാമ്പത്തികാവസ്ഥപോലെ നയമാറ്റങ്ങളിലൂടെ തിരിച്ചെടുക്കുവാന്‍ കഴിയുന്നതായിരുന്നില്ലല്ലോ പരിസ്ഥിതിനാശം. നാശത്തിന്‍റെ സ്വഭാവവും ആഴവും തന്നെ മനസ്സിലാക്കുവാന്‍ മനുഷ്യര്‍ക്കു പ്രയാസമായിരുന്നു" എന്ന നിരീക്ഷണം ഏറെ പ്രസക്തമാണ്.
ശക്തനായവന്‍റെ അതിക്രമങ്ങള്‍ ദുര്‍ബലരായ മനുഷ്യരെയും ജീവജാലങ്ങളെയും ദുരന്തത്തിലേക്ക് തള്ളിവിട്ടു. "പുല്ലിനും ബൈസണുകള്‍ക്കും ആദിവാസികള്‍ക്കുമായി പ്രകൃതി വിധിച്ച ഭൂമിയില്‍നിന്ന് മൂന്നിനേയും പുറത്താക്കി അവിടം കൈയേറി, മണ്ണിനെ ഏതുവിധത്തിലും എത്ര അളവിലും ആക്രമിച്ച് ഉപയോഗിക്കാമെന്നു കരുതിയ കുറെ മനുഷ്യരുടെ വീണ്ടുവിചാരമില്ലായ്മയും ദുരാഗ്രഹവും വരുത്തിവെച്ച വിനയുടെ കഥയായിരുന്നു അത്. ലോകത്തിലുള്ളതെല്ലാം മനുഷ്യന്, അതും കൂടുതല്‍ ശക്തരായ ചിലര്‍ക്ക് മാത്രമുള്ളതാണെന്ന മനുഷ്യകേന്ദ്രിതമായ ഒരു തത്ത്വശാസ്ത്രമായിരുന്നു അവരെ നയിച്ചത്" എന്ന് ഭൂതകാലത്തെ നോക്കി ആനന്ദ് പറയുന്നത് ഇന്നത്തെക്കാലത്തും സംഗതമാണ്. മണ്ണാണ് മനുഷ്യനെ നിലനിര്‍ത്തുന്നത്. മണ്ണില്‍ നിന്നകലുമ്പോള്‍ അവന്‍/അവള്‍ അശാന്തിയിലേക്ക് നിപതിക്കും. ഉയര്‍ന്നുപറക്കുന്ന റോക്കറ്റുകളില്‍ അവന് ശാന്തിയില്ല. ഒരു കാലഘട്ടത്തിന്‍റെ ചരിത്രവിവരണത്തിലൂടെ നാം നേരിടുന്ന സമസ്യകളുടെ കുരുക്കഴിക്കാനാണ് ആനന്ദ് ശ്രമിക്കുന്നത്.

മരുസ്ഥലങ്ങള്‍ നീരാളിക്കൈകള്‍ നീട്ടി ഗ്രാമങ്ങളേയും നഗരങ്ങളേയും വിഴുങ്ങുന്ന കാലം നാം മുന്നില്‍ കാണേണ്ടതുണ്ട്. ഭൗതികമാത്രവിജയത്തിന്‍റെ പൊള്ളയായ സംസ്കാരം നമ്മെ ഉപഭോക്താക്കള്‍ മാത്രമാക്കി മാറ്റിയിരിക്കുന്നു. ഇവിടെ പ്രകൃതിയും മണ്ണുമെല്ലാം വിലപേശി നില്‍ക്കുന്ന ചരക്കുകളായി മാറുന്നു. ഈ വസ്തുവല്‍ക്കരണം എല്ലാറ്റിന്‍റെയും സത്ത ചോര്‍ത്തിക്കളയുന്നു. സര്‍വംഗ്രാഹിയായ അപായത്തിന്‍റെ സൂചനകളാണിവിടെ നാം അഭിസന്ധിക്കുന്നത്. "പ്രകൃതി നിയമിച്ച അതിരുകളില്‍ ഒതുങ്ങിക്കിടന്നിരുന്ന മരുഭൂമികള്‍ ഇങ്ങനെ കെട്ടഴിച്ചുവിട്ട ഭൂതങ്ങളെപ്പോലെ പുറത്തുവന്ന് വേട്ടയാടുവാന്‍ തുടങ്ങിയതിന് എന്താണ് കാരണം?" എന്ന ചോദ്യം അത്യന്തം പ്രസക്തമാകുന്നു. 'മരുഭൂമികള്‍ ഉണ്ടാകുന്നത്' എന്തുകൊണ്ടാണ്, അത് പടരുന്നതെന്തുകൊണ്ടാണ് എന്ന അന്വേഷണം നമ്മുടെ ഉള്ളിലെ മരുഭൂമികളെയും കാണിച്ചുതന്നു. അപരിഹാര്യമായ നനവില്ലായ്മയിലേക്ക് കൂപ്പുകുത്താന്‍ ഓങ്ങിനില്‍ക്കുന്ന ലോകചിത്രമാണ് ആനന്ദ് വരച്ചിടുന്നത്. 'ഒരു വ്യവസ്ഥിതി ചെന്നുമുട്ടിയ പ്രതിസന്ധിയുടെ' കൂടി കഥയാണിതിന്‍റെ പിന്നിലുള്ളതെന്ന് ആനന്ദ് സൂചിപ്പിക്കുന്നു.

വിപണിയും വിപണിയുടെ വിമര്‍ശകരും പലപ്പോഴും ഒരുവഴിയില്‍തന്നെയാണ് സഞ്ചരിക്കുന്നത്. 'ഇടുങ്ങിയ തത്ത്വങ്ങളുടെ ചാലുകളില്‍ കൂടി ഉഴുതുമുന്നേറുന്നവര്‍ ചിലപ്പോള്‍ ട്രാക്റ്റര്‍ ഓപ്പറേറ്റര്‍മാരെപ്പോലെ പെരുമാറുന്നു. മറുവശത്ത്, സിദ്ധാന്തങ്ങളുടെ കാലുകളില്‍ എഴുന്നേല്പിച്ചു നിര്‍ത്താനുള്ള തത്ത്വചിന്തകരുടെ പ്രയത്നങ്ങളെ തട്ടിക്കളഞ്ഞുകൊണ്ട് ചരിത്രം പലപ്പോഴും യുക്തിരഹിതമെന്നു തോന്നുന്ന നാടകങ്ങള്‍ കളിക്കുന്നു.' എല്ലാ ദര്‍ശനങ്ങളും വിപണി കേന്ദ്രിതമാകുമ്പോള്‍ മഹാഭൂരിപക്ഷംവരുന്ന സാധാരണ മനുഷ്യരും ജൈവലോകവും പരാജയപ്പെടുന്നു. അങ്ങനെ സ്ഥാനംതെറ്റിയ വസ്തു പൊടിയായിത്തീരുന്നു. "ഓരോ ദിവസം ചെല്ലുംതോറും വിനയത്തോടുകൂടി നമുക്ക് അംഗീകരിക്കേണ്ടിവരുന്നു നാം ഭൂമിയിലെ ഏറ്റവും ഉന്നതനായ ജീവിയല്ലെന്ന്." ഈ വിനയം മണ്ണിനെയും ജൈവലോകസാകല്യത്തെയും സംരക്ഷിക്കുന്ന കമ്പമായി മാറണം. മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ചൂടുകൂടി ഈ ഭൂമി തീക്കട്ടയായി മാറിയേക്കാം. എല്ലാറ്റിനും ഒരതിരുണ്ട് എന്ന സത്യം കൂടുതല്‍ വ്യക്തമാകുമ്പോഴും അതിനുനേരെ മുഖം തിരിക്കാന്‍ തയ്യാറാകാത്ത മൗഢ്യത്തെ നാമെന്തുവിളിക്കും? വരണ്ടുപോകുന്ന പ്രമാണങ്ങളും അധികാരത്തിലിരിക്കുന്നവരുടെ വരണ്ടമനസ്സും കൂടിച്ചേരുമ്പോഴാണ് ബാഹ്യമായും ആന്തരമായും മരുഭൂമികള്‍ പടര്‍ന്നു കയറുന്നത്.

വിത്തുകളെക്കുറിച്ചുള്ള ആനന്ദിന്‍റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. "മനുഷ്യന്‍റെ വശത്തു നിന്നു നോക്കിയാല്‍ പ്രകൃതിക്കും അവനുമിടയ്ക്കുള്ള കണ്ണികളായ സസ്യങ്ങളുടെ ജീവനെ ഉറക്കി സൂക്ഷിച്ചുവെച്ചിരിക്കുന്ന അത്ഭുതപ്രതിഭാസങ്ങളാണ് വിത്തുകള്‍. അവയുടെ വിതയ്ക്കലിലും മുളയ്ക്കലിലും വളരലിലും കൂടി മനുഷ്യന്‍ നേടിയെടുക്കുന്നത് സ്വന്തം ജീവിതം മാത്രമല്ല, പ്രകൃതിയുമായുള്ള ബന്ധത്തിന്‍റെ സംസ്കാരം കൂടിയാണ്." അന്തകവിത്തുകള്‍ക്ക് ഈ ബന്ധത്തെ സംരക്ഷിക്കാനാവില്ല. അന്തകവിത്തുകള്‍ പ്രകൃതിയിലെ തുടര്‍ച്ചയ്ക്ക് ഭംഗം സൃഷ്ടിക്കുന്നു. അനുസ്യൂതിയെ ഇടയ്ക്കുവച്ച് മുറിക്കുമ്പോള്‍ ജൈവശൃംഖല മുറിഞ്ഞ് വേരറ്റ് നിലംപൊത്തുന്നു. "എണ്ണമില്ലാത്ത ജീവജാലങ്ങളില്‍ ഒന്നുമാത്രമായ മനുഷ്യന്‍ സ്വന്തം മിഥ്യാഭിമാനത്താല്‍ ജീവിതത്തിന്‍റെ ചരിത്രത്തെ സ്വന്തം ഇനത്തിന്‍റെ ചരിത്രത്തിലേക്ക് ഒതുക്കിക്കൊണ്ട് ലോകത്തെ മാറ്റിമറിക്കാമെന്ന് അഹങ്കരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ചെറിയ ചിന്താ ഉത്പന്നം മാത്രമാണ് പ്രത്യയശാസ്ത്രം. സ്വാഭാവികമായും അതില്‍ അധികാരത്തിന്‍റെയും അക്രമത്തിന്‍റെയും മുദ്രകള്‍ പ്രകടമായിരിക്കും" ഈ അധികാരവും അക്രമവും പെരുകുമ്പോള്‍ മുറിഞ്ഞുവീഴുന്ന കണ്ണികള്‍ നിരവധിയാണ്. "ഉല്‍പാദനത്തിനും ഉപഭോഗത്തിനും അപ്പുറം മനുഷ്യനിലുള്ള പല ചോദനകളും കാണപ്പെടാതെ പോയി. സ്നേഹം, ഭാവനകള്‍, സൗന്ദര്യബോധം, കലകള്‍, അങ്ങനെയങ്ങനെ..." മനുഷ്യനെ സമഗ്രതയില്‍ കാണാനാണിവിടെ ശ്രമിക്കുന്നത്. മനുഷ്യകേന്ദ്രിതമല്ല ഈ വീക്ഷണത്തിന്‍റെ കാതല്‍. പ്രകൃതിയോടൊപ്പം നില്‍ക്കുന്ന മനുഷ്യനാണ് ആത്മസത്തയുള്ളത്. "അഭിപ്രായങ്ങളുടെയും ചിന്തയുടെയും ദര്‍ശനങ്ങളുടെയും വൈവിധ്യമാണ് ആരോഗ്യകരമായ ഒരു സാംസ്കാരികസുരക്ഷ ഉറപ്പുവരുത്തുന്നത്. സ്വാതന്ത്ര്യത്തിന്‍റെ ക്ഷാമം തന്നെയാണ് ഭക്ഷണത്തിന്‍റെ ക്ഷാമത്തിലും പ്രശ്നം. കാരണം ഭൂമിയും ഭക്ഷണവും സംസ്കാരവും രാഷ്ട്രീയവും എല്ലാം ബന്ധപ്പെട്ടു കിടക്കുന്നു. അതുപോലെതന്നെ പ്രകൃതിയോടുള്ള സമീപനവും ശാസ്ത്രവും മാര്‍ക്കറ്റും ആഗോളവല്‍ക്കരണവും കാലാവസ്ഥാ വ്യതിയാനവും." എല്ലാം പരസ്പരം കൊരുത്തുകിടക്കുന്നതാണ് എന്ന ദര്‍ശനത്തില്‍ നിന്നാണ് സ്ഥാനം തെറ്റിയ വസ്തുക്കള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വെളിപ്പെട്ടു കിട്ടുന്നത്. "വിത്തുകള്‍ സസ്യങ്ങളുടെ സ്വപ്നങ്ങളാണ്. അവയിലാണല്ലോ സസ്യങ്ങള്‍ അവയുടെ ഭാവിയെ നിക്ഷേപിക്കുന്നത്." ഈ സ്വപ്നങ്ങളും ഭാവിയും നാം തല്ലിക്കെടുത്താതിരിക്കുകയാണ് അഭികാമ്യം.

മനുഷ്യനെയും പ്രകൃതിയെയും സംസ്കാരത്തെയും തനതായരീതിയില്‍ തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുന്ന ആനന്ദ് അന്വേഷണം തുടരുകയാണ്. ആത്യന്തികമായ ഒരുത്തരമില്ല എന്നതാണ് ഈ യാത്രക്കാരന്‍റെ തിരിച്ചറിവ്. "എല്ലാം തിളച്ചടങ്ങുമ്പോള്‍ പ്രശ്നം നീതിയുടെയും മൂല്യങ്ങളുടെയും ആണ്. ജനാധിപത്യം എന്നതില്‍ തിരഞ്ഞെടുപ്പുകളും തലയെണ്ണലും ഒക്കെയുണ്ട്. പക്ഷേ, ഭൂരിപക്ഷഭരണത്തിനപ്പുറം അത് ചില മൂല്യങ്ങളുടെ സംരക്ഷണവും വികാസവും കൂടിയാണ്" എന്ന് ആനന്ദ് നിരീക്ഷിക്കുന്നു. ഒന്നിന്‍റെയും സ്ഥാനം തെറ്റാത്ത മൂല്യബോധമാണിത്. ഓര്‍മ്മകള്‍ സൂക്ഷിച്ചുകൊണ്ട് ചരിത്രത്തോടു ചെയ്ത വാഗ്ദാനം നിറവേറ്റാന്‍ കഴിയും. ഭൂതകാലത്തിന്‍റെ വൈകൃതങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള മറുമരുന്നാണിത്. ഒരു കണ്ണും കാലും  ഭാവിയിലേക്കാണ് നീളുന്നത്. സ്വപ്നങ്ങള്‍ ഉറങ്ങുന്ന വിത്തുകളും മണ്ണും മനസ്സും പുതിയ ഭാവിക്ക് രൂപം കൊടുക്കുക. ഒരു വസ്തുവും മനുഷ്യനും സ്ഥാനം തെറ്റാത്ത സന്തുലിതഭാവി മുന്നില്‍കണ്ടാണ് നാം പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ടത്.

(സ്ഥാനം തെറ്റിയ വസ്തു- ആനന്ദ്- മാതൃഭൂമി ബുക്സ് - വില 125 രൂപാ)

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts