news-details
മറ്റുലേഖനങ്ങൾ

കദാവർ സിനഡ് ചരിത്രത്തിലെ വിചിത്ര വിചാരണ

1104 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയില്‍ ഒരു കുറ്റവിചാരണ നടന്നു, ബീഭത്സവും ജുഗുപ്ത്സാവഹവുമായ ഒരു വിചാരണ, മാനവചരിത്രത്തിലെ അതിവിചിത്രമായ വിചാരണകളിലൊന്ന്. കദാവര്‍ സിനഡ് (Cadavar Synod) എന്നറിയപ്പെടുന്ന ഈ വിചാരണയില്‍, മരിച്ചടക്കപ്പെട്ട മാര്‍പ്പാപ്പയെ കുഴിമാടത്തില്‍നിന്ന് മാന്തിയെടുത്ത് റോമന്‍ കോടതിമുറിയിലെത്തിക്കുകയും പിന്‍ഗാമിയായ പോപ്പിന്‍റെ സാന്നിദ്ധ്യത്തില്‍ വിചാരണചെയ്യുകയും കുറ്റക്കാരനെന്ന് കണ്ടെത്തി, ക്രൂരമായ ശിക്ഷ നല്‍കുകയും ചെയ്തു.
കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി ലോകത്തിന്‍റെ ഏതൊരു മൂലയിലും പേപ്പസിക്ക് വളരെ വലിയ ബഹുമാനം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതൊരുപക്ഷേ, യുദ്ധവും വിപ്ളവവും കൊണ്ട് വരിഞ്ഞുമുറുക്കപ്പെട്ട് പ്രക്ഷുബ്ധമായ ലോകത്തില്‍, മാനവികതയ്ക്കും നീതിക്കും സ്വാതന്ത്ര്യത്തിനും അനുകൂലമായി 19, 20 നൂറ്റാണ്ടുകളിലെ പോപ്പുമാര്‍ പരസ്യനിലപാട് സ്വീകരിച്ചതിനാലും, അനിതരസാധാരണമായ വ്യക്തിത്വത്തിനുടമകളായിരുന്നു ആ പോപ്പുമാര്‍ എന്നതുകൊണ്ടുമായിരുന്നു. ഉദാഹരണത്തിന് 1958 മുതല്‍ 1963 വരെ ഭരിച്ച പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ എക്കാലത്തേയും ഉത്തമ മനുഷ്യരില്‍ ഒരാളായിരുന്നു, കൂടാതെ 1978-ല്‍ സ്ഥാനാരോഹിതനായ ജോണ്‍ പോള്‍ രണ്ടാമനാകട്ടെ ലോകാരാധ്യനായിരുന്നുവെന്ന് മാത്രമല്ല ഇരുപതാം നൂറ്റാണ്ടിലെ മഹാത്മാക്കളില്‍ ഒരാളുമായിരുന്നു.

എങ്കിലും ആദ്യകാലങ്ങളില്‍ പലപ്പോഴും സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു. ജോണ്‍ ഫാരോ (John Farrow) തന്‍റെ Pageant of the Popes (1942) -ല്‍ പറയുന്നതുപോലെ മദ്ധ്യകാലഘട്ടത്തിലെ പേപ്പസി നാണക്കേടും ഇരുട്ടുംകൊണ്ട് ആവരണം ചെയ്യപ്പെട്ടായിരുന്നു കടന്നുപൊയ്ക്കൊണ്ടിരുന്നത്. ഏതാണ്ട് ഒമ്പതാം നൂറ്റാണ്ടിന്‍റെ മധ്യം മുതല്‍ പത്താം നൂറ്റാണ്ടിന്‍റെ മധ്യം വരെയുള്ള കാലഘട്ടം പേപ്പസിയുടെ ഉരുക്കുയുഗം എന്നാണ് അറിയപ്പെട്ടിരുന്നത്. റിച്ചാര്‍ഡ് പി. മക്ബ്രിയന്‍ Richard P McBrien) തന്‍റെ Lives of the Popse  (1997)-ല്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ ഈ കാലഘട്ടം (പള്ളിസ്വത്തുക്കളുടെ വ്യാപാരം, സ്വജനപക്ഷപാതം, ആഡംബരജീവിതം, വെപ്പാട്ടിസംസര്‍ഗം, മൃഗീയത, കൊലപാതകം മുതലായവ ഉള്‍പ്പെട്ട) പേപ്പല്‍ അഴിമതിയാലും ജര്‍മ്മന്‍ രാജാക്കന്മാര്‍ക്കും ശക്തരായ റോമന്‍ കുടുംബങ്ങള്‍ക്കും പേപ്പസിയിലുണ്ടായിരുന്ന ആധിപത്യം മൂലവും അവലക്ഷണപ്പെട്ടതായിരുന്നു.

ഈമാന്‍ ഡഫി (Eamon Duffy ) Saints and Sinners: A History of the Popes (1997)-ല്‍ എഴുതുന്നു, 'ആ ഉരുക്കുയുഗത്തില്‍, പത്രോസിന്‍റെ സിംഹാസനം സ്വേഛാധിപതികള്‍ക്കും കൊള്ളസംഘാംഗങ്ങള്‍ക്കും ഭോഗാസക്തിയിലും കുറ്റകൃത്യങ്ങളിലും മുഴുകിയ രാജാക്കന്മാര്‍ക്കും സമ്മാനമായി തീരുകയും ...ശക്തരായ റോമന്‍ കുടുംബങ്ങള്‍ പേപ്പസി കൈയടക്കുകയും, പ്രാദേശിക ആധിപത്യത്തിനുവേണ്ടി ജനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും കൊല്ലപ്പെടുകയും മാനഭംഗപ്പെടുത്തപ്പെടുകയും ഉണ്ടായി. "കാശിനുകൊളളാത്ത അനുഗുണരല്ലാത്ത പലരും പത്രോസിന്‍റെ സിംഹാസനത്തില്‍ അതിക്രമിച്ചു കയറി." Mann   തുടരുന്നു: "അക്കാലത്ത്  യഥാര്‍ഥ അധികാരം മുഴുവന്‍ (റോമില്‍) പ്രാദേശികസേനയുമായി ബന്ധമുണ്ടായിരുന്ന കുലീനാധിപത്യം പുലര്‍ത്തിയിരുന്ന കുടുംബങ്ങളുടെ കൈയിലായിരുന്നു. ഈ കുടുംബങ്ങള്‍ പരസ്പരം അസൂയാലുക്കളും ആധിപത്യത്തിനായി പോരാടുന്നവരുമായിരുന്നു. ഹിംസയിലൂടെയും അതിക്രമത്തിലൂടെയും ഓരോരുത്തരും ലക്ഷ്യമിട്ടത് പത്രോസിന്‍റെ സിംഹാസനത്തിനുമേലുള്ള നിയന്ത്രണമായിരുന്നു."

പേപ്പസിയുടെ ഉരുക്കുയുഗത്തിന്‍റെ കാലത്ത് അത്ഭുതപ്പെടുത്തുന്ന വേഗതയിലാണ് ഒന്നിനു പുറകെ ഒന്നായി പോപ്പുമാര്‍ മാറിക്കൊണ്ടിരുന്നത്. 872 മുതല്‍ 965 വരെയുള്ള 94 വര്‍ഷത്തില്‍ 24 പോപ്പുമാരുണ്ടായിരുന്നു; കൂടാതെ 896-നും 904-നും ഇടയിലുള്ള ഒമ്പത് വര്‍ഷക്കാലയളവില്‍ ഒമ്പതില്‍ കുറയാതെ പോപ്പുമാരുണ്ടായിരുന്നു. (33 ദിവസം മാത്രം അധികാരത്തിലിരുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ ഉള്‍പ്പെടെ വെറും 9 പോപ്പുമാരാണ്  ഇരുപതാം നൂറ്റാണ്ടില്‍ ആകെ ഉണ്ടായിരുന്നത്)

പേപ്പസിയുടെ ഉരുക്കുയുഗത്തില്‍, റോമില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ശക്തരായ കുടുംബങ്ങള്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരെ പോപ്പുമാരായി തെരഞ്ഞടുക്കുന്നതിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നുവെന്ന് മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ നടപ്പാക്കാന്‍, അധികാരത്തിലിരുന്ന പോപ്പുമാരെ സ്ഥാനഭ്രഷ്ടരാക്കുകയോ വധിക്കുകയോ ചെയ്തിട്ടുണ്ട്.... അല്ലെങ്കില്‍ പോപ്പ് എടുക്കുന്ന തീരുമാനങ്ങളെ എതിര്‍ക്കുകയോ അവ നടപ്പാക്കാന്‍ തടസ്സം സൃഷ്ടിക്കുകയോ ചെയ്ത് പ്രതികാരം ചെയ്തിട്ടുണ്ട്. തല്‍ഫലമായി, 872 മുതല്‍ 965 വരെയുണ്ടായിരുന്ന 24 പോപ്പുമാരില്‍, ഏകദേശം 7 പേര്‍ - ഏതാണ്ട് മൂന്നിലൊന്ന് - കൊല ചെയ്യപ്പെടുകയോ അല്ലെങ്കില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരണമടയുകയോ ചെയ്തിട്ടുണ്ട്‌. 5 പോപ്പുമാര്‍ അധികാരത്തിലിരിക്കെ കൊല്ലപ്പെട്ടിട്ടുണ്ട്, അല്ലെങ്കില്‍ സ്ഥാനഭ്രഷ്ടരാക്കി വധിക്കപ്പെട്ടിട്ടുണ്ട്‌. അനുചരസംഘത്താല്‍ വിഷബാധയേറ്റ് വധിക്കപ്പെടുന്ന ആദ്യത്തെ പോപ്പ് ജോണ്‍ എട്ടാമനായിരുന്നു; വിഷം വേണ്ടത്ര വേഗതയില്‍ പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍, അദ്ദേഹത്തിന്‍റെ തലയോട് ചുറ്റിക ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സ്റ്റീഫന്‍ ഏഴാമനെയും ലിയോ അഞ്ചാമനെയും സ്ഥാനഭ്രഷ്ടരാക്കി ജയിലിലടച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ജോണ്‍ പത്താമനെ സ്ഥാനഭ്രഷ്ടനാക്കി ജയിലിലടച്ച് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സ്റ്റീഫന്‍ ഒമ്പതാമനെ ജയിലിലടച്ച് കണ്ണും മൂക്കും ചുണ്ടുകളും നാവും കൈകളും മുറിച്ച് ഭീകരമായി അംഗഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹം മരണമടഞ്ഞു. മറ്റു രണ്ടു പോപ്പുമാരുടെ മരണത്തിനു വഴിയൊരുക്കിയത് വഴിവിട്ട ബന്ധങ്ങളായിരുന്നെന്നതിന് ശക്തമായ സൂചനകളുണ്ട്: ഹാഡ്രിയാന്‍ മൂന്നാമന്‍ വിഷം ഉള്ളില്‍ചെന്ന് മരിക്കുകയായിരുന്നു. ജോണ്‍ പന്ത്രണ്ടാമനെ, ലഭ്യമായ വിവരങ്ങള്‍വച്ച്, വിവാഹിതയായ  ഒരു സ്ത്രീയോടൊപ്പം ശയിക്കവേ സ്ട്രോക്ക്‌ വന്നതോ ആ സ്ത്രീയുടെ ഭര്‍ത്താവ് തല്ലിക്കൊന്നതോ ആണ്.

പേപ്പസിയുടെ ഉരുക്കുയുഗം നിര്‍ഭാഗ്യകരമായ നിരവധി 'ഒന്നാം സ്ഥാനങ്ങള്‍ 'പേപ്പസിക്ക് സമ്മാനിച്ചിട്ടുണ്ട്. മേല്‍ സൂചിപ്പിച്ചതുപോലെ, ജോണ്‍ എട്ടാമന്‍റെ കൊലപാതകമാണ് ആദ്യ പേപ്പല്‍വധം, ഇത് 882 ഡിസംബര്‍ 16-ന് ആയിരുന്നു. വോട്ടെടുപ്പിലൂടെ (896-ല്‍) പോപ്പായ ആദ്യ വ്യക്തി അസന്മാര്‍ഗികതയുടെ പേരില്‍ രണ്ടു തവണ തിരുക്കര്‍മ്മങ്ങള്‍ മുടക്കപ്പെട്ട ബോണിഫസ് ആറാമന്‍ ആണ്. 904-ല്‍ മറ്റൊരു പോപ്പിനെ (സ്ഥാനഭ്രഷ്ടനായി ജയിലില്‍ കിടന്നിരുന്ന ലിയോ അഞ്ചാമനെ) കൊല്ലാന്‍ കല്പന ഇറക്കിയ ആദ്യ പോപ്പ് എന്ന ബഹുമതി സെര്‍ജിയസ് മൂന്നാമന് ഉള്ളതാണ്. ആ പോപ്പിന്‍റെ ജാരസന്തതിയായിരുന്ന ജോണ്‍ പതിനൊന്നാമന്‍  931 ല്‍ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടു. 955-ല്‍ ജോണ്‍ പന്ത്രണ്ടാമന്‍ കൗമാരക്കാരനായ ആദ്യ പോപ്പായി; അന്നദ്ദേഹത്തിന് 18 വയസ്സായിരുന്നു പ്രായം.

ആ കാലഘട്ടത്തെ പേപ്പസിയുടെ ഏറ്റവും അധഃപതിച്ച കാലമെന്ന് മക്ബ്രിയന്‍ വിശേഷിപ്പിച്ചെങ്കില്‍ ആ കാലഘട്ടത്തില്‍ നടന്ന കദാവര്‍ സിനഡ് ഉരുക്കുയുഗത്തിലെ എന്നല്ല പേപ്പസിയുടെ ചരിത്രത്തിലെതന്നെ അധഃപതനത്തിന്‍റെ പരമകാഷ്ഠയായിരുന്നു എന്നു പറയണം.റോമിന്‍റെ ബിഷപ്പായ പോപ്പിന്‍റെ ഔദ്യോഗിക ദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററനില്‍ വെച്ച് 897 ജനുവരിയിലെന്നോ ആണ്  കദാവര്‍ സിനഡ് കൂടിയത്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന് 896 ഏപ്രല്‍ 4 ന് മരിക്കുകയും സെന്‍റ് പീറ്റേഴ്സ് ബസ്ലിക്കയില്‍ അടക്കപ്പെടുകയും ചെയ്ത വയോധികനായിരുന്ന ഫോര്‍മോസസ്  (Formosus) ആയിരുന്നു വിചാരണയില്‍ പ്രതി. (പി. ജി മാക്സ്വെല്‍ സ്റ്റുവാര്‍ട്ട് ജ.ഏ. P.G. Maxwell-Stuart-ന്‍റെ ക്രോണിക്കിള്‍ ഓഫ് പോപ്പ്സ് ധ1997പ പ്രകാരം ഫോര്‍മോസസ് എന്ന വാക്കിന്‍റെ അര്‍ഥം ലത്തീനില്‍ 'കാണാന്‍ ഭംഗിയുള്ള' എന്നാണ്). മക്ബ്രിയന്‍ പറയുന്നതനുസരിച്ച് അസാമാന്യമായ ബുദ്ധിയും കഴിവും നൈര്‍മല്യവും ഉണ്ടായിരുന്നയാളായിരുന്നു ഫോര്‍മോസസ്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയം സൃഷ്ടിച്ച ശത്രുക്കളിലൊരാളായിരുന്നു, പിന്‍ഗാമിയായി വന്ന സ്റ്റീഫന്‍ ഏഴാമന്‍. റോമിലെ പ്രബലരായ ചില കുടുംബങ്ങളുടെയും ഫോര്‍മോസസിന്‍റെ രാഷ്ട്രീയ എതിരാളികളുടെയും സ്വാധീനത്താല്‍, അധികാരത്തിലെത്തിയ പോപ്പ് സ്റ്റീഫന്‍ ഏഴാമന്‍ ആയിരുന്നു വിചാരണയ്ക്ക് ഉത്തരവിട്ടത്.

കദാവര്‍ സിനഡിലെ വിചാരണരേഖകളൊന്നും ഇന്നില്ല. എന്നിരുന്നാലും, എന്താണ് സംഭവിച്ചിരിക്കുക എന്ന് വ്യക്തമാണ്. സിംഹാസനത്തില്‍ ഇരുന്ന്, സ്റ്റീഫന്‍ ഏഴാമന്‍ തന്നെ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. സമ്മര്‍ദ്ദവും ഭീതിയും നിമിത്തം കുറെ വൈദികരും സഹജഡ്ജിമാരായി സന്നിഹിതരായിരുന്നു. ഫോര്‍മോസസിന്‍റെ മാന്തിയെടുത്ത ജഡം കോടതിമുറിയിലെത്തിച്ചതോടെ വിചാരണ ആരംഭിച്ചു. സ്റ്റീഫന്‍ ഏഴാമന്‍റെ കല്പന പ്രകാരം, ഏഴ് മാസം ശവക്കുഴിയിലായിരുന്ന ആ ജഡത്തില്‍ ഒരു പോപ്പിന്‍റേതായ ഔദ്യോഗികവേഷങ്ങള്‍ അണിയിച്ചു. പിന്നീട് ആ മൃതദേഹം ഒരു കസേരയില്‍ ഊന്ന്‌ കൊടുത്തിരുത്തി പുറകില്‍ ഒരു ചെറുപ്പക്കാരന്‍ ഡീക്കനെയും നിര്‍ത്തി, പേടിച്ചു വിറച്ചിരുന്ന ഡീക്കന്‍റെ ഉത്തരവാദിത്തം ഫോര്‍മോസസിനുവേണ്ടി വാദിക്കുക എന്നതായിരുന്നു. പിന്നെ മുഖ്യ ജഡ്ജിയായിരുന്ന സ്റ്റീഫന്‍ ഏഴാമന്‍, കുറ്റപത്രം വായിച്ചു. ഫോര്‍മോസസിന്‍റെമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഇവയായിരുന്നു (1) കള്ളസത്യം, (2) പോപ്പാകാനുള്ള കൊതി, (3) പോപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാനോന്‍നിയമങ്ങള്‍ ലംഘിച്ചു.

വിചാരണയിലുടനീളം ആധിപത്യം പുലര്‍ത്തിയ സ്റ്റീഫന്‍ ഏഴാമന്‍ വെറി പൂണ്ട ശകാരത്താല്‍ അവിടെ സമ്മേളിച്ചിരുന്നവരെയൊക്കെ വിറപ്പിച്ചു. ഭയചകിതരായിരുന്ന വൈദികര്‍ ഇതെല്ലാം നിശ്ശബ്ദം വീക്ഷിച്ചപ്പോള്‍, സ്റ്റീഫന്‍ ഏഴാമന്‍ വെറിപൂണ്ട്‌ തുള്ളിച്ചാടി ആക്രോശിച്ച് മൃതദേഹത്തെ കളിയാക്കി ചുറ്റി നടന്നു. വിചിത്രമായ ആ പ്രഹസനം അവസാനിച്ചപ്പോള്‍, കോടതി ഫോര്‍മോസസിന്‍റെ മേല്‍ കുറ്റം ചുമത്തി. ഫോര്‍മോസസിന്‍റെ എല്ലാ നടപടികളും പോപ്പ് പദവിയും അസാധുവാക്കുന്ന വിധി സ്റ്റീഫന്‍ ഏഴാമന്‍ പ്രഖ്യാപിക്കുകയും പേപ്പല്‍ ആശീര്‍വാദം നല്‍കിയിരുന്ന മൂന്ന് വിരലുകള്‍ ഫോര്‍മോസസിന്‍റെ വലതുകൈയില്‍ നിന്ന് മുറിച്ചു മാറ്റുകയും തിരുവസ്ത്രങ്ങള്‍ ശരീരത്തില്‍നിന്ന് അഴിച്ചുമാറ്റി തൊഴിലാളികളുടെ വിലകുറഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും പൊതുശ്മശാനത്തില്‍ സംസ്കരിക്കുകയും ചെയ്ത്  വിധി കര്‍ക്കശമായി നടപ്പാക്കി.

സ്റ്റീഫന്‍ ഏഴാമന്‍റെ പെട്ടെന്നുള്ള വീഴ്ചയ്ക്കു കാരണം കദാവര്‍ സിനഡായിരുന്നു. ആ നടുക്കുന്ന വിചാരണയും ഫോര്‍മസസിന്‍റെ മൃതദേഹത്തോട് കാണിച്ച  അവഹേളനവും റോമാക്കാരെ പ്രകോപിപ്പിക്കുകയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്റ്റീഫന്‍ ഏഴാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റ പേപ്പല്‍ വേഷങ്ങള്‍ അഴിച്ചുമാറ്റി 897 ആഗസ്റ്റില്‍ ജയിലിലടയ്ക്കുകയായിരുന്നു.

മൂന്നു  മാസത്തിനു ശേഷം അടുത്ത പോപ്പ്, 897 നവംബറില്‍ 20 ദിവസം മാത്രം അധികാരത്തിലിരുന്ന തിയോഡോര്‍ രണ്ടാമന്‍, കദാവര്‍ സിനഡ് ദദ്ദ് ചെയ്യുകയും ഫോര്‍മോസസിനെ പുനരധിവസിപ്പിക്കുകയും ചെയ്തു. ഫോര്‍മോസസിന്‍റെ മൃതദേഹം ബഹുമതിയോടെ സംസ്കരിക്കാന്‍  തിയോഡോര്‍ രണ്ടാമന്‍, കല്പിക്കുകയുമുണ്ടായി. ജോസഫ് എസ്. ബ്രഷര്‍ (Joseph S. Brusher)ന്‍റെ  പോപ്പ്സ് ത്രൂ ദി ഏജ്സ് (1980)-ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, " മൃതദേഹം സെന്‍റ് പീറ്റേഴ്സ് ബസ്ലിക്കയിലേക്ക് ഘോഷയാത്രയായി തിരികെയെത്തിച്ചു ഒരിക്കല്‍കൂടി പോപ്പിന്‍റെ ഔദ്യോഗിക വേഷങ്ങള്‍ അണിയിച്ച്, സെന്‍റ് പീറ്റേഴ്സിന്‍റെ അള്‍ത്താരയ്ക്കു മുമ്പില്‍ മൃതദേഹം വെച്ചു. തിയോഡോര്‍ രണ്ടാമന്‍റെ സാന്നിധ്യത്തില്‍ ഫോര്‍മോസസിന്‍റെ ആത്മശാന്തിക്കായി ദിവ്യബലി അര്‍പ്പിച്ച് കല്ലറയില്‍ സംസ്കരിച്ചു."

898 മുതല്‍ 900 വരെ അധികാരത്തിലിരുന്ന അടുത്ത പോപ്പ്, ജോണ്‍ ഒമ്പതാമനും കദാവര്‍ സിനഡ് റദ്ദാക്കി. ജോണ്‍ ഒമ്പതാമന്‍ വിളിച്ച രണ്ട് സിനഡുകള്‍, ഒന്ന് റോമിലും മറ്റൊന്ന് റാവെന്നയിലും, തിയോഡോര്‍ രണ്ടാമന്‍റെ സിനഡിനെ അംഗീകരിക്കുകയും ഭാവിയില്‍ മരിച്ച വ്യക്തികളെ വിചാരണ ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു.

അവിശ്വസനീയം , എന്നിരുന്നാലും, കദാവര്‍ സിനഡിന്‍റെ നിയമവശങ്ങള്‍ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇതുകൊണ്ടും അവസാനിച്ചില്ല. 904 മുതല്‍ 911 വരെ പോപ്പായിരുന്ന സെര്‍ജിയൂസ് മൂന്നാമന്‍, ഒരു സിനഡ് വിളിച്ച് ചേര്‍ത്ത്, തിയോഡോര്‍ രണ്ടാമനും ജോണ്‍ ഒമ്പതാമനും വിളിച്ച സിനഡിന്‍റെ, കദാവര്‍ സിനഡിനെ സംബന്ധിച്ച തീരുമാനങ്ങള്‍ റദ്ദാക്കുകയും ഫോര്‍മോസസിനെ കുറ്റക്കാരനായി വിധിക്കുകയും ചെയ്തു. സത്യത്തില്‍, സെര്‍ജിയൂസ് മൂന്നാമന്‍ ബിഷപ്പായിരുന്നപ്പോള്‍, കദാവര്‍ സിനഡില്‍ സംബന്ധിക്കുകയും സ്റ്റീഫന്‍ ഏഴാമന് ഒപ്പം സഹജഡ്ജിയായിരിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തതാണ്. ഒരു പോപ്പിനെ കൊല്ലാന്‍ കല്പനയിട്ട ഏക പോപ്പും പോപ്പായ ജാരസന്തതിയുടെ പിതാവായിരുന്ന ഏക പോപ്പും  ആയിരുന്നു, സെര്‍ജിയൂസ് മൂന്നാമന്‍. ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി ഓഫ് പോപ്സ് പ്രകാരം അദ്ദേഹം ഫാര്‍മോസസിനെ രൂക്ഷമായി വെറുത്തിരുന്നയാളും ഫോര്‍മോസസിന്‍റെ എതിരാളികള്‍ തെരഞ്ഞടുത്തയാളുമാണ്. അതുകൊണ്ട്, ഫാറോയെപ്പോലെയുള്ള ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ കൊലയാളിയായ പോപ്പ് സെര്‍ജിയൂസ് മൂന്നാമന്‍ ഇതൊക്കെ ചെയ്തതില്‍ അത്ഭുതപ്പെടാനില്ല.

കദാവര്‍ സിനഡിന്‍റെ സാധുതയെക്കുറിച്ചുള്ള റോമന്‍ കത്തോലിക്കാ സഭയുടെ അവസാനത്തെ ഔദ്യോഗിക പ്രഖ്യാപനമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് സോര്‍ജിയസ് കകക ന്‍റെ സിനഡ് രേഖകളിലാണെങ്കിലും, ഇന്ന് സഭക്കുള്ളിലും പുറത്തുമുള്ള ചിന്തകന്മാരും ദൈവശാസ്ത്രജ്ഞരും കദാവര്‍ സിനഡ് നിയമ വിരുദ്ധമായിരുന്നെന്നും ഫോര്‍മോസസ്  നിരപരാധിയായിരുന്നെന്നും ഐകകണ്ഠ്യേന അഭിപ്രായപ്പെടുന്നുണ്ട്.

നിരവധി ചരിത്രപുസ്തകങ്ങളില്‍ കദാവര്‍ സിനഡ് സാധാരണമായി പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും, മഹത്തായ ഒരു സാഹിത്യസൃഷ്ടിയില്‍ (ആംഗ്ളേയ കവിയായ റോബര്‍ട്ട് ബ്രൗണിംഗ് സീനിയറിന്‍റെ മാസ്റ്റര്‍ പീസായ ദി റിങ് ആന്‍റ് ദി ബുക്ക്, 21116 ലൈനുകളുള്ള ബൃഹത്തായ കവിത) മാത്രമേ ഇത് സ്ഥാനം പിടിച്ചിട്ടുള്ളു. ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ദി പൊളിറ്റിക്കല്‍ വര്‍ക്ക്സ് ഓഫ് റോബര്‍ട്ട് ബ്രൗണിംഗ് (1998) അനുസരിച്ച് റോബര്‍ട്ട് ബ്രൗണിംഗ് സീനിയര്‍ 'ഒമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പത്താം നൂറ്റാണ്ടിന്‍റെ ആരംഭത്തിലുമുണ്ടായിരുന്ന പോപ്പുമാരുടെ സംഘര്‍ഷം നിറഞ്ഞ ജീവിതങ്ങള്‍ അടുത്തറിഞ്ഞിരുന്നു എന്നതിനാല്‍ ബ്രൗണിംഗിന് കദാവര്‍ സിനഡിനെപ്പറ്റി സമഗ്രമായ അറിവുണ്ടായിരുന്നു. പാരീസിലെ ഗ്രന്ഥശാലകളില്‍ നടത്തിയ വിപുലമായ ചരിത്രഗവേഷണത്തിന്‍റെ ഫലമായാണ് ബ്രൗണിംഗ് സീനിയറിന് കദാവര്‍ സിനഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ലഭിച്ചത്. തന്‍റെ ചരിത്രഗവേഷണത്തിന്‍റെ ഫലമായ ദി റിംഗ് ആന്‍റ് ദി ബുക്ക് പൂര്‍ത്തിയായപ്പോള്‍ 40 നോട്ടുബുക്കുകള്‍ നിറയെ, രസകരമായ നിരവധി വിവരണങ്ങള്‍ ഉണ്ടായിരുന്നു. സീനിയര്‍ ബ്രൗണിംഗ് കവിയായ മകന് അത് സമ്മാനിക്കുകയായിരുന്നു.

ദി റിംഗ് ആന്‍റ് ദി ബുക്കിലെ 134 ലൈനുകളില്‍ ബ്രൗണിംഗിന് അത്ഭുതകരമായ കൃത്യതയോടെയും അമ്പരപ്പിക്കുന്ന സമഗ്രതയോടെയും കദാവര്‍ സിനഡില്‍ അരങ്ങേറിയ വിചാരണയും ബന്ധപ്പെട്ട സംഭവങ്ങളും വരച്ചുകാണിക്കാന്‍  സാധിച്ചിട്ടുണ്ട്.
ദി റിംഗ് ആന്‍റ് ദി ബുക്കിലെ ജ്വലിക്കുന്ന രണ്ട് വരികളോടെ, ചരിത്രത്തിലെ ഏറ്റവും കിരാതമായ വിചാരണയുടെ, കദാവര്‍ സിനഡിന്‍റെ, വിവരണം അവസാനിപ്പിക്കുന്നത് ഉചിതമായിരിക്കും:

"ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചുപോയ ഒരാളുടെമേല്‍ നടത്തിയ ബീഭത്സമായ ഒരു വിചാരണയെക്കുറിച്ച് വായിക്കൂ - അവര്‍ രണ്ടുപേരും മാര്‍പാപ്പാമാരായിരുന്നു." (Read - How there was a ghastly Trial once Of a dead man by a live man, and both, Popes).

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts