news-details
മറ്റുലേഖനങ്ങൾ

ഒരു മനസിനെ പ്രകാശിപ്പിക്കുന്ന കുറെ റിഫ്ലക്ടറുകൾ

ജോസി മറ്റ് പലരെയുംപോലെ ഒരു കര്‍ഷകനാണ്. ഒരുപാടു പേരെ പോലെ കുടുംബനാഥനും. മറ്റ് പലരെയും പോലെ ചെറിയ ബിസിനസ്സുകളില്‍ ഏര്‍പ്പെടുന്നുമുണ്ട്. എന്നാല്‍ ഈ 38 കാരന്‍ അവരില്‍ പലരിലും മാത്രം പെടാതെ പോകുന്നത്/ ആള്‍ക്കൂട്ടത്തില്‍ തനിമയായി, തനിയെയായി മാറുന്നത് കേവലം 5 രൂപ മുതല്‍ 35 രൂപ വരെ വിലയുള്ള കുറെ റിഫ്ളക്ടറുകള്‍ കൊണ്ടാണ്. വില കുറഞ്ഞ ഈ റിഫ്ളക്ടറുകള്‍ ജോസിയുടെ കൈകളിലൂടെ രൂപപ്പെടുന്നത് വിലയിടാനാവാത്ത ജീവരക്ഷാ സൂചകങ്ങളായിട്ടാണ്. ഓരോ റിഫ്ളക്ടറുകളും എത്ര ജീവന്‍ രക്ഷിച്ചിട്ടുണ്ടാവുമെന്നത് അവയുടെ മുന്നറിയിപ്പില്‍ വഴിയൊതുങ്ങിപ്പോയ മുഴുവന്‍ വാഹനങ്ങളുടെയും കണക്കെടുപ്പിലൂടെ മാത്രമെ അറിയാന്‍ കഴിയൂ. പൊതുസമൂഹം ശ്രദ്ധിക്കാതെ പോകുന്ന ഗൗരവമുള്ള അപായസാധ്യതകള്‍ക്കു നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു പ്രവൃത്തിയിലൂടെ പ്രതിരോധം തീര്‍ക്കുകയാണ്.

കുടവിതരണം മുതല്‍ അനാഥരെ ഏറ്റെടുക്കല്‍ വരെ ചാനല്‍ ക്യാമറകളുടെ വരവിനുവേണ്ടി വച്ചു താമസിപ്പിക്കുന്ന ഇന്നാട്ടില്‍ പരസ്യവും പ്രചരണവുമില്ലാതെ  മഹത്തായൊരു കര്‍മ്മത്തില്‍ കഴിഞ്ഞ 8 വര്‍ഷമായി ഏതാണ്ടൊരു നൈരന്തര്യതയോടെ ജോസി ഏര്‍പ്പെട്ടിരിക്കുന്നു. യാത്രകളിലുടനീളം സ്വന്തം വാഹനത്തില്‍ ഇദ്ദേഹം കരുതിവയ്ക്കുന്നത്, കുറെ ഇനം റിഫ്ളക്ടറുകള്‍, അവ വെട്ടി ക്രമപ്പെടുത്താന്‍ കത്രിക, ഒട്ടിച്ചു ചേര്‍ക്കാന്‍ പലതരം പശകള്‍, വച്ച് ഉറപ്പിക്കാന്‍ നട്ട് ബോള്‍ട്ടുകള്‍ അങ്ങിനെ പലതും. വഴിയിലേക്കു തള്ളിനില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍, മരങ്ങള്‍, കലുങ്കുകള്‍, മൈല്‍കുറ്റികള്‍, ടാര്‍ വീപ്പകള്‍ എന്നിവയിലൊക്കെയാണ് ഡ്രൈവിംഗിനിടയിലും ജോസിയുടെ ശ്രദ്ധ. ഇത്തരം സാഹചര്യങ്ങള്‍ കണ്ണില്‍പെടുമ്പോഴെല്ലാം ആര്‍ക്കൊക്കെയോ വരാനിരിക്കുന്ന അപകടങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. ബൈക്ക്/കാര്‍ യാത്രികരും അതിലെ കുഞ്ഞുങ്ങളുമൊക്കെ ഓര്‍മ്മയില്‍ വരും. അവിടെയിറങ്ങി മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകടം ശരിയാംവണ്ണം ബോധ്യപ്പെടുംവിധം റിഫ്ളക്ടറുകള്‍ പതിപ്പിച്ചിട്ടുമാത്രം മുന്നോട്ടുള്ള യാത്ര.

ഒരു അര്‍ദ്ധരാത്രി യാത്രയ്ക്കിടയില്‍ റോഡിലെ വളവില്‍ അശ്രദ്ധമായി കയറ്റി വച്ചിരുന്ന ടാര്‍ വീപ്പകള്‍, മറികടന്നുപോയ ജോസി വാഹനത്തില്‍ തിരിച്ചുവന്ന് ലൈറ്റ് പ്രകാശിപ്പിച്ചു നിര്‍ത്തി ജീവന്‍ രക്ഷാ കിറ്റുമായി പുറത്തിറങ്ങി. വീപ്പയിലെല്ലാം നേരാംവണ്ണം റിഫ്ളക്ടര്‍ പതിപ്പിച്ചു. പിന്നീട് പലപ്പോഴും ഹൈവേയുടെ മറ്റിടങ്ങളില്‍ പണി നടക്കുമ്പോള്‍ കരാറുകാരന്‍ അതേ വീപ്പകള്‍ മുന്നറിയിപ്പ് നല്‍കാന്‍ വച്ചിരുന്നത് ശ്രദ്ധിച്ച് അഭിമാനം കൊണ്ടു. മറ്റൊരിക്കല്‍ റോഡിലേയ്ക്ക് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റില്‍ റിഫ്ളക്ടര്‍ പതിക്കുന്നതിനിടെ പരിസരവാസികള്‍ രോഷാകുലരായെത്തി. തലേന്നുണ്ടായ അപകടത്തിലും പോസ്റ്റ് നീക്കം ചെയ്യാത്തതിലുമുള്ള അമര്‍ഷമായിരുന്നു അത്. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരല്ലെന്നും സന്നദ്ധ പ്രവര്‍ത്തകരാണെന്നും ബോധ്യപ്പെടുത്തിയതോടെ നാട്ടുകാര്‍ സഹായികളായി. തന്‍റെ പ്രവര്‍ത്തനം കണ്ട് അഭിനന്ദിക്കാനെത്തുന്ന പരിസരവാസികളോട് റിഫ്ളക്ടറുകളെ കുട്ടികളില്‍നിന്നും സംരക്ഷിക്കണമെന്നും ഇവയുടെ ആവശ്യകത അവരെ പറഞ്ഞു പഠിപ്പിക്കണമെന്നും മാത്രമാണ് ജോസി ആവശ്യപ്പെടാറുള്ളത്.

സ്ഥിരം റൂട്ടില്‍ സഞ്ചരിക്കുമ്പോള്‍ നശിപ്പിക്കപ്പെട്ടു കാണുന്ന റിഫ്ളക്ടറുകള്‍ പുനഃസ്ഥാപിച്ചുകൊണ്ടേയിരിക്കും. എംസീല്‍ വെള്ളം ചേര്‍ത്ത് കുഴച്ച് പുരട്ടി നട്ടും ബോള്‍ട്ടുമിട്ട് മുറുക്കിയാണ് ചിലത് പിടിപ്പിക്കുന്നത്. അവ കല്ലിന് ഇടിച്ച് നശിപ്പിക്കുന്നവരുണ്ട്. കുട്ടികള്‍ അറിവില്ലായ്മ കൊണ്ടും മുതിര്‍ന്നവര്‍ അവിവേകം കൊണ്ടുമാണിത് ചെയ്യുന്നത്. മറ്റ് പല വിഷയങ്ങളിലുമെന്ന പോലെ ഇത്തരം കാര്യങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണം നടത്തണം. അതോടൊപ്പം നിയമനിര്‍മ്മാണവും വേണം. റോഡ് വീതി കൂട്ടുന്ന പണികള്‍ക്കു മുന്‍പുതന്നെ മരങ്ങളും പോസ്റ്റുകളും നീക്കം ചെയ്യിക്കണം. അനുഭവങ്ങളില്‍നിന്നും ജോസി മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണിവ. ഒട്ടിക്കുന്ന റിഫ്ളക്ടറുകള്‍ക്കു പകരം തിളങ്ങുന്ന പെയിന്‍റിലേയ്ക്ക് മാറാന്‍ തയ്യാറെടുക്കുകയാണിപ്പോള്‍. ചെലവേറുമെങ്കിലും നശിപ്പിക്കപ്പെടാതിരിക്കും എന്നതാണിതിനു പ്രേരണ.

വഴിയിലേക്ക് നിന്ന മരത്തില്‍ പതിച്ച റിഫ്ളക്ടര്‍ ശ്രദ്ധയില്‍ പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അവയുടെ ശിഖരങ്ങള്‍ നീക്കം ചെയ്തതും വാഗമണ്‍ റൂട്ടില്‍ മഞ്ഞ് മൂടിക്കിടന്ന കലുങ്കുകളിലും മൈയില്‍കുറ്റികളിലും സ്ഥിരമായി റിഫ്ളക്ടര്‍ പതിക്കുന്നത് മനസ്സിലാക്കി വകുപ്പുതലത്തില്‍ പെയിന്‍റ് ചെയ്തതുമൊക്കെ, തന്നെപ്പോലുള്ളവരുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങളായി മാറുന്നത് ജോസി തിരിച്ചറിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ചെയ്യേണ്ടവരുടെ കണ്ണു തുറപ്പിക്കാന്‍ ഇതുവഴി കഴിയും.
ഇതോടകം പലയിടങ്ങളിലായി നൂറുകണക്കിന് റിഫ്ളക്ടറുകള്‍ പിടിപ്പിച്ചു. എത്രയെന്ന് ചോദിച്ചാല്‍ അത് ജോസിയെ ബാധിക്കുന്ന കണക്കല്ല. 'മരങ്ങള്‍ നട്ട മനുഷ്യനിലെ' ജീന്‍ ഗിയാന്‍റെ വിവരണം കടമെടുക്കാം. "അയാള്‍ മണ്ണില്‍ കുഴിയുണ്ടാക്കി ഓക്കുവിത്തുകള്‍ നട്ടുകൊണ്ടിരുന്നു. 'ഈ ഭൂമി നിങ്ങളുടേതാണോ?' എന്ന ചോദ്യം അയാളെ സ്പര്‍ശിച്ചതേയില്ല. ആരുടേതെന്നറിയാന്‍ അയാള്‍ക്കൊട്ടും താല്പര്യമുള്ളതായി തോന്നിയില്ല. മരങ്ങളില്ലാതെ ഈ ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു അയാളുടെ അഭിപ്രായം." വഴിയോരങ്ങളില്‍ ആവശ്യത്തിന് റിഫ്ളക്ടറുകള്‍ ഇല്ലാത്തതു കാരണം അപകടങ്ങള്‍ പെരുകുന്നുവെന്നത് മാത്രമാണ് ജോസിയുടെ ഉത്കണ്ഠ. കേരളത്തിന്‍റെ പല ഇടങ്ങളിലും അദ്ദേഹത്തിന്‍റെ റിഫ്ളക്ടറുകള്‍ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.

കോട്ടയം വാകക്കാട് ചുങ്കപ്പുര വീട്ടില്‍ ജോസി മാത്യു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന എറണാകുളം സ്വദേശിയെപ്പറ്റിയുള്ള ഒരു പത്രവാര്‍ത്തയിലൂടെയാണ് ആകൃഷ്ടനായത്. ഒരിക്കല്‍ വഴിയോരത്ത് റിഫ്ളക്ടര്‍ ഘടിപ്പിച്ചു കൊണ്ടിരിക്കെ ക്ലബ്ബിലെ സഹപ്രവര്‍ത്തകന്‍ അത് കണ്ടതോടെയാണ് പ്രചരണം കൂടാതെ ജോസി ചെയ്തു വന്ന ദൗത്യം 'പുറത്തായത്'. ഒട്ടും വൈകാതെ റോട്ടറിയുടെ മാനവസേവാ പുരസ്കാരവും കിട്ടി. ഇപ്പോഴത് റോട്ടറി അന്തര്‍ദേശീയ തലത്തിലും വാര്‍ത്തയാകാന്‍ പോകുന്നു. മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ കഴിയുമെങ്കില്‍ തന്‍റെ പ്രവര്‍ത്തനവും വാര്‍ത്തയായിക്കൊള്ളട്ടെ എന്ന് ജോസിയും ഇപ്പോള്‍ സമ്മതിക്കുന്നു, നീണ്ട 8 വര്‍ഷങ്ങള്‍ക്കു ശേഷം.

ഭൂമിയിലെല്ലാവരും ഒരു ദിവസം ഒരേ സമയം ഒന്നിച്ചു കൂവിയാല്‍ സ്വരം ചന്ദ്രനിലെത്തുമെന്ന വാര്‍ത്ത സോഷ്യല്‍ നെറ്റ്വര്‍ക്കുകളും ചാനലുകളുമില്ലാത്ത കാലമായിരുന്നെങ്കിലും ജനമെല്ലാം അറിഞ്ഞു തയ്യാറായി. ദിവസം വന്നെത്തി, സമയവും. സമയം കടന്നപ്പോള്‍ ചരിത്രം ഇങ്ങനെയാണെഴുതിയത്: "ലോകം കണ്ടതില്‍വച്ച് ഏറ്റം വലിയ നിശബ്ദത." ഓരോരുത്തരും മറ്റെല്ലാവരും ചേര്‍ന്ന് കൂവുമ്പോഴത്തെ ഒച്ച കേള്‍ക്കാന്‍ കാതോര്‍ത്തു. അത്രതന്നെ. അമ്പലക്കുളത്തിലൊരാളെ മാനസികാരോഗ്യം കുറഞ്ഞ മറ്റൊരാള്‍ പിടിച്ചു മുക്കി. നൂറുകണക്കിനാളുകള്‍ കണ്ടുനിന്നു. മരണവും മരണാനന്തരവും കഴിഞ്ഞപ്പോള്‍ ഓടിയെത്തിയയാള്‍ പിരിഞ്ഞുപോയ ജനത്തോടു ചോദിച്ചു:"നിങ്ങള്‍ എന്താണ് ഇങ്ങനെ?" കാഴ്ചക്കാരുടെ പരിഛേദമായ ചെറുപ്പക്കാരന്‍ പറഞ്ഞു: "ഞങ്ങള്‍ക്കിടയില്‍ യൂണിഫോമിട്ട ഒരു പോലീസുകാരന്‍ നില്‍പ്പുണ്ടായിരുന്നു." പോലീസിനെ തേടിയെത്തിയപ്പോള്‍ മറുപടി ഇങ്ങനെ: "എന്‍റെ സ്റ്റേഷന്‍ പരിധിയല്ലായിരുന്നു." കേട്ടും വായിച്ചും പഴകിയ ഈ രണ്ട് വായനകള്‍ക്കുമിടയില്‍ ജോസി എന്നയാള്‍ നമുക്ക് എങ്ങിനെയോ അനുഭവവേദ്യമാകുന്നുണ്ട്.

ഓരോരുത്തരും അത് മറ്റുള്ളവര്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോള്‍ ഒട്ടും ഉണ്ടാകാതെ പോകുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍/മുന്‍കൈകള്‍ ഉണ്ടല്ലോ അവിടെയാണീ ചെറുപ്പക്കാരന്‍റെ റിഫ്ളക്ടറുകള്‍ അമൂല്യമായിത്തീരുന്നത്.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts