ജീവിതം പ്രാചീനമായ ഒരു താളിയോലക്കെട്ടുപോലെ നിഗൂഢമാണ്. വായിച്ച്, വായിച്ച് അര്‍ത്ഥം മനസ്സിലാക്കിയെന്ന് നിനയ്ക്കുമ്പോള്‍ അതാ ഒരു ദുര്‍ഘട പദം. മുന്നോട്ടുനീങ്ങാനാവാതെ കുഴങ്ങുകയായി. മാത്രമല്ല അതുവരെ നിനച്ചവ മുഴുവനും തെറ്റാമെന്ന് ആരോ ഉള്ളിലിരുന്ന് കൊഞ്ഞനം കുത്തുന്നു. പക്ഷേ പെട്ടെന്ന് ഒരു പ്രകാശം, പിന്നിട്ട നിരര്‍ത്ഥകങ്ങള്‍ക്കു മുഴുവന്‍ സാധുത നല്‍കുന്നു. ആ നിഗൂഢതയുടെ ചുരുളഴിയുകയാണ്. ആ നേരിയ വെട്ടത്തില്‍ നമ്മള്‍ കാണുന്നു ജീവിതം ഒരുക്കം മാത്രമാണെന്ന്. ഒരുക്കം ജീവിക്കാന്‍ കൊള്ളാവുന്ന ഒന്നായി ജീവിതത്തെ മാറ്റുന്നു. എന്തിനുവേണ്ടിയാണ് ഒരുങ്ങുന്നതെന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നല്ലോ.
ആ കാലഘട്ടത്തില്‍ എല്ലാവരും വിവേകാനന്ദന്‍റെ പിന്നാലെ ആയിരുന്നു; അയാളെ അന്വേഷിച്ച്. പക്ഷേ കണ്ടുകിട്ടിയില്ല. പത്രക്കാരും റിപ്പോര്‍ട്ടര്‍മാരും ക്യാമറയുമായി അന്വേഷണത്തിലായിരുന്നു. അപ്രത്യക്ഷനായിപ്പോയി അയാള്‍ എന്ന് അവര്‍ കരുതി. അവസാനം ഭാരതത്തില്‍ ഒരു കുടിലില്‍ ധ്യാനനിമഗ്നനായിരുന്ന വിവേകാനന്ദനെ അവര്‍ കണ്ടെത്തി. അവര്‍ക്കാശ്ചര്യമായി. ലോകത്തിന്‍റെ കണ്ണ് ഇയാള്‍ക്കുവേണ്ടി ആഗ്രഹിക്കുമ്പോള്‍ എന്തിനാണിയാള്‍ ഈ കുടിലില്‍...? പത്രക്കാര്‍ അയാളോട് ചോദിച്ചു: "സ്വാമീ, ലോകം മുഴുവന്‍ അങ്ങയെ തേടുമ്പോള്‍ താങ്കളെന്തിനാണ് ഈ കുടിലില്‍ ഏകനായിരിക്കുന്നത്?" ചുണ്ടില്‍ ഗൂഢമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടി നല്‍കി: "I am preparing for my death'' ഞാന്‍ ഒരുങ്ങുകയാണ്; എന്‍റെ മരണത്തിനുവേണ്ടി.
എല്ലാം ആ ഒരു നിമിഷത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ്. ജീവിതം അങ്ങനെ ജീവിക്കാന്‍ കൊള്ളാവുന്ന ഒന്നായി മാറുന്നത് ഒരുക്കമുള്ളവര്‍ക്കുവേണ്ടിയാണ്. നിഗൂഢതകള്‍ ഇടയ്ക്ക് തലപൊക്കുമ്പോഴും ഒരുക്കം സ്നേഹിക്കാന്‍ കൊള്ളാവുന്ന ഒന്നായി ജീവിതത്തെ പരിണാമപ്പെടുത്തുന്നു. മരണമാണ് ഒരുക്കത്തെ അനിവാര്യമാക്കിയത്. അല്ലായെങ്കില്‍ ജീവിതം എത്ര വിരസവും മടുപ്പും ഉള്ളതാകുമായിരുന്നു. ലക്ഷ്യമില്ലാതെ അസ്ത്രം തൊടുക്കുന്നതുപോലെ. അപ്പോള്‍ മരണത്തിന് നമ്മള്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.
ഒരുക്കത്തെക്കുറിച്ച് ക്രിസ്തു വാചാലനാകുന്നുണ്ട് സുവിശേഷത്തിലുടനീളം - നിങ്ങള്‍ തയ്യാറായിരിക്കുവിന്‍, നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്, രാത്രിയുടെ രണ്ടാംയാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും അവരെ ഒരുക്കമുള്ളവരായി കണ്ടാല്‍ ആ ഭൃത്യന്മാര്‍ ഭാഗ്യവാന്മാര്‍. ഒരുക്കമുള്ളതുകൊണ്ടാണ് ജീവിതത്തിനു ശ്വാസമുള്ളത്. ഇറങ്ങിപ്പോയ ഏകമകനെയും കാത്തുകാത്താണ് അവര്‍ ജീവിച്ചത്. എന്നും അവനിഷ്ടമുള്ള ഭക്ഷണം പാകംചെയ്ത്, അവന്‍റെ മുറി ഒരുക്കി പുസ്തകങ്ങള്‍ തുടച്ച് ഓരോ ദിനവും അവര്‍ തള്ളിവിട്ടു. ഒരു രാത്രിയില്‍ നനഞ്ഞൊലിച്ച് അവന്‍ വീടിനു മുന്‍പിലെത്തി. ആ പാതിരാവിലും അകത്ത് പ്രകാശംകണ്ട് അയാള്‍ അമ്പരന്നു. മുട്ടിയപ്പോള്‍ വിളക്കുമായി അമ്മ വാതില്‍തുറന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ അവര്‍ അവനെ തീന്മേശയിലേക്ക് കൊണ്ടുപോയി. ആരെയോ പ്രതീക്ഷിച്ചിരുന്നതുപോലെ തീന്മേശ കാണപ്പെട്ടു. വിളമ്പിയപ്പോള്‍ അവനിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍. മുറിയില്‍ കയറിയപ്പോള്‍ ഇന്നലെയും അവന്‍ അവിടെയുണ്ടായിരുന്നതുപോലെ. ഉള്ളില്‍ ഒരു വിങ്ങല്‍ അവന്‍ തിരിച്ചറിഞ്ഞു. തന്‍റെ പുസ്തകങ്ങളുടെ അലമാര, മേശ, വസ്ത്രങ്ങള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം എല്ലാം അതേപടി തന്നെ. അവന്‍ അമ്മയെ പുണര്‍ന്നു. ഒഴുകുന്ന കണ്ണീരിലൂടെ അവന്‍ ചോദിച്ചു: ഇത്രയും കാലം അമ്മയെങ്ങനെ... മുഴുമിക്കാനായില്ല. അവന്‍റെ മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് അവര്‍ പറഞ്ഞു: നിനക്കുവേണ്ടിയെന്നും ഞാന്‍ ഭക്ഷണമൊരുക്കി, മുറിയൊരുക്കി, കിടക്കയൊരുക്കി. ഒന്നു നിര്‍ത്തിയിട്ടവര്‍ തുടര്‍ന്നു. ഈ ഒരുക്കമാണു കുഞ്ഞേ എന്നെ ജീവിപ്പിച്ചത്, നീ എങ്ങും പോയിട്ടില്ലെന്ന് എന്നെ ഓര്‍മ്മിപ്പിച്ചത്. ഒരുക്കം ഒരാളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ സംഭവം നിദര്‍ശിക്കുന്നു.
മനുഷ്യപുത്രന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ട കരുത്തു ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍ എന്നാണ് ക്രിസ്തുവിന്‍റെ സ്വരം. കരുത്ത് ഒരാള്‍ ആര്‍ജ്ജിക്കുന്നത് ഒരുക്കത്തിലൂടെയാണ്. കുറച്ചുകൂടി തെളിമയാര്‍ന്ന് ചിന്തിച്ചാല്‍ ദൈവത്തിന്‍റെ തിരുമുമ്പില്‍ പ്രത്യക്ഷപ്പെടാനുള്ള കരുത്താണ് ഒരുക്കം. അതൊരു ജാഗ്രതയും ഉണര്‍വ്വുമാണ്. ഏതു നിമിഷവും യുദ്ധമുണ്ടാകുമെന്നു കരുതുന്ന യോദ്ധാവിന്‍റെ നിതാന്തജാഗ്രതയാണത്.
ക്രിസ്തുവിന്‍റെ പീഡാസഹനപ്രവചനങ്ങളൊക്കെ നമുക്ക് സൂചനകളാണ്, അവന്‍റെ ഒരുക്കത്തെക്കുറിച്ച്, ക്രിസ്തുവിന്‍റെ പ്രായം നോക്കൂ. ജീവിതത്തെ ഇറുക്കെ പുണരുന്ന പ്രായം. എന്നിട്ടും എന്തിനാണവന്‍ ഇങ്ങനെ എടുത്തുചാടിയത്. ഗോതമ്പുമണി മണ്ണില്‍ വീണ് അഴിഞ്ഞെങ്കിലേ ഫലം പുറപ്പെടുവിക്കൂ എന്ന വചനത്തെ അന്വര്‍ത്ഥമാക്കുകയാണ് ക്രിസ്തു ചെയ്തത്. ഈ പ്രായത്തില്‍ ഇങ്ങനെ ഒരു കുതിപ്പുനടത്തിയവര്‍ ധാരാളമുണ്ട്. ക്രിസ്തുവിനെ പിന്‍ചെന്ന് ഫ്രാന്‍സിസ് - സ്റ്റീഫന്‍, തെരേസ, ഡാമിയന്‍ - അവിരാമം നീളുകയാണല്ലോ ഇവരുടെ നിര. മുപ്പതു കഴിയുമ്പോള്‍ ഒരാള്‍ തന്‍റെ സ്വത്വം വെളിവാക്കുമെന്നൊരു നിരീക്ഷണം കണ്‍ഫ്യൂഷ്യസ് നടത്തുന്നുണ്ട്. സ്വത്വം വ്യക്തമായാല്‍ അപകടകരമായി ജീവിക്കുമവന്‍. ഒരുക്കമുള്ളവരുടെ ലക്ഷണമാണല്ലോ ഇത്. എല്ലാം അറിഞ്ഞുകൊണ്ടും സ്ഥൈര്യമായി അവര്‍ കയറിച്ചെല്ലും, അതിശയകരമായ ഒരുക്കത്തോടെ.
ഇങ്ങനെ അപകടകരമായ ഒരുക്കവും ജാഗ്രതയും ജറുസലേം പ്രവേശനത്തിനൊരുങ്ങുന്ന ക്രിസ്തുവില്‍ കാണാം. അവന്‍ ശിഷ്യരോട് പറഞ്ഞു. എതിരേ കാണുന്ന ഗ്രാമത്തിലേക്ക് ചൊല്ലുവിന്‍ അതില്‍ പ്രവേശിക്കുമ്പോള്‍തന്നെ ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കാണും. അതിനെ അഴിച്ചു കൊണ്ടുവരുവിന്‍. ആരെങ്കിലും ചോദിച്ചാല്‍ കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ടെന്ന് പറയുവിന്‍. നോക്കൂ എത്ര വ്യക്തമായും ദീര്‍ഘവീക്ഷണത്തോടുമാണ് ക്രിസ്തു ഒരുക്കം നടത്തുന്നത്. ദിനങ്ങള്‍ക്കു മുന്‍പേ കഴുതക്കുട്ടിയുടെ ഉടമയുമായി ഈശോ ആശയവിനിമയം നടത്തി എല്ലാം ഉറപ്പിച്ചിരുന്നു. അയാള്‍ ഈശോയുമായി ഒരു രഹസ്യ സൗഹൃദം പങ്കിട്ടിരുന്നു. കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ടെന്നത് അവര്‍ തമ്മിലുള്ള ഒരു രഹസ്യ കോഡാവണം. ജറുസലേമിലേക്ക് പോകുന്നത് അപകടകരമാണെന്ന് അറിഞ്ഞിട്ടും ക്രിസ്തു അതിനായി ശരീരത്തെയും ആത്മാവിനെയും ഒരുക്കുന്നു. അപകടകരമായി തന്നെ.
ക്രിസ്തു മൂന്നു രീതിയിലാണ് ഒരുക്കത്തെ ദര്‍ശിക്കുന്നത്.
അരമുറുക്കുക
നിങ്ങള്‍ അരമുറുക്കിയും വിളക്കുകത്തിച്ചും ഇരിക്കുവിന്‍ (ലൂക്കാ 12.35) എന്നാണ് ക്രിസ്തുവിന്‍റെ ഭാഷ്യം. പെസഹാ എവിടെ ഒരുക്കണമെന്ന ശിഷ്യരുടെ ചോദ്യത്തിനുള്ള ക്രിസ്തുവിന്‍റെ ഉത്തരം ശ്രദ്ധിക്കുക. പട്ടണത്തില്‍ പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളവും ചുമന്ന് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേയ്ക്ക് അവനെ പിന്തുടരുക. ആ വീടിന്‍റെ ഉടമസ്ഥനോട് പറയൂ: "ഗുരു നിന്നോട് ചോദിക്കുന്നു, എന്‍റെ ശിഷ്യന്മാരോടുകൂടെ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്?" സജ്ജീകൃതമായ മാളിക രണ്ട് പകുതികളിലേക്ക് വിരല്‍ചൂണ്ടുന്നു. ഒന്നാമതായി എല്ലാ ഒരുക്കങ്ങളും മുന്‍കൂട്ടി പൂര്‍ത്തിയാക്കിയ ക്രിസ്തുവിലേക്ക്. ഇതൊരത്ഭുതമല്ല, മറിച്ച് തന്‍റെ രഹസ്യസുഹൃത്തായ അയാളുമായി ഈശോ എല്ലാം പറഞ്ഞുറപ്പിച്ചിരുന്നു. ഈശോ നന്നായി ഒരുങ്ങിയിരുന്നുവെന്നതിന്‍റെ വ്യക്തമായ അടയാളമാണിത്. അരമുറുക്കി നില്‍ക്കുന്ന ക്രിസ്തുവില്‍ സേവനത്തിന്‍റെ വലിയ പാഠത്തേക്കാള്‍ എല്ലാ രീതിയിലും ഒരുങ്ങിയിരിക്കുന്ന ഒരാളുടെ ചലനങ്ങളാണ് നിഴലിക്കുന്നത്. രണ്ടാമതായി ഇത് വിരല്‍ചൂണ്ടുന്നത് മണിമാളികയുടെ ഉടമയിലേക്കാണ്. ക്രിസ്തുവിന്‍റെ ഹിതമനുസരിച്ച് അയാള്‍ എല്ലാം ഒരുക്കിയിരുന്നു. അതുകൊണ്ടാണല്ലോ ഈശോ സജ്ജീകൃതമായ മാളികമുറിയെന്ന് പറഞ്ഞത്. അയാള്‍ ഒരുങ്ങി കാത്തിരുന്നുവെന്ന് അര്‍ത്ഥം. ഇയാളെ ദീര്‍ഘദൃഷ്ടികൊണ്ട് ദര്‍ശിച്ചിട്ടാവുമോ ഈശോ നിര്‍വചിച്ചത്, 'യജമാനനെ സേവിക്കുവാന്‍ എല്ലാം സജ്ജമാക്കി അരമുറുക്കി കാത്തുനില്ക്കുന്നവനാണ് ഒരുക്കമുള്ളവന്‍.' ഒരുക്കമില്ലാത്തവരെക്കുറിച്ചും ഈശോ പറയുന്നുണ്ട്, കഠിനമായ ഭാഷയില്‍, "യജമാനന്‍റെ ഹിതമറിഞ്ഞിട്ടും അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ, അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യന്‍ കഠിനമായി പ്രഹരിക്കപ്പെടും" (ലൂക്ക 12.47).
അപ്പോള്‍ ഒരുക്കം അരമുറുക്കലാണ്. പത്രോസിനോടുള്ള ക്രിസ്തുമൊഴികള്‍ക്ക് അഗാധമായ തെളിമ നല്കാനാവും. ചെറുപ്പമായിരുന്നപ്പോള്‍ നീ സ്വയം അരമുറുക്കുകയും ഇഷ്ടമുള്ളിടത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍ പ്രായമാകുമ്പോള്‍ നീ കൈകള്‍ നീട്ടുകയും മറ്റൊരുവന്‍ നിന്‍റെ അരമുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്ക് നിന്നെ കൊണ്ടുപോവുകയും ചെയ്യും. ശരീരത്തിനും അതിന്‍റെ അഭിലാഷങ്ങള്‍ക്കും വേണ്ടിയായിരുന്നു അയാള്‍ ഒരുങ്ങിയത്. ഇനി ഒരുക്കം മറ്റൊരാള്‍ക്കും മറ്റൊരു ലോകത്തിനും വേണ്ടിയായിരിക്കും. അന്ന് നീയായിരിക്കില്ല, ക്രിസ്തുവിന്‍റെ കരമായിരിക്കും നിന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്. അങ്ങനെ അരമുറുക്കിയപ്പോള്‍ റോമിലേക്ക് സുധീരം യാത്ര ചെയ്യുന്ന പത്രോസിനെ കാണാം. അത് മരണത്തിലേക്കുള്ള ഒരാളുടെ ഒരുക്കമുള്ള യാത്രയായിരുന്നു. അന്ന് ആ വലിയ മാളികയില്‍ അത്താഴമേശയിലായിരിക്കുമ്പോള്‍ അരക്കച്ച കെട്ടാന്‍ വിസമ്മതിച്ച അവര്‍ ഒരുക്കമില്ലാത്തവരായിരുന്നല്ലോ. ക്രിസ്തു ആ കുറവ് നികത്തുകയാണ്. ഒരുക്കം അരമുറുക്കി യജമാനനെ സേവിക്കലാണെന്ന ഭാഷ്യത്തിന്. അവന്‍ തന്നെ മാംസം നല്കുന്നു.
വിളക്കുകൊളുത്തുക
രണ്ടാമതായി ഒരുക്കം വിളക്കുതെളിക്കലാണ് (ലൂക്കാ 12. 35). എണ്ണവറ്റാത്ത വിളക്കുള്ളവരാണിവര്‍. ഒരുക്കമില്ലാത്തവര്‍ വിളക്കിലെ എണ്ണ തീര്‍ന്നവരെപ്പോലെയും. പുറത്തു കൊളുത്തി കാണുന്നതല്ല ഈ വിളക്ക്. ഈ വിളക്ക് ഉള്ളിലാണ് പ്രകാശിക്കുന്നത്. കണ്ണിലെ കാന്തിപോലെ ഇത് എല്ലാവരുടെയും ഉള്ളിലുണ്ട്. നമ്മള്‍ ഇതിനെ മറച്ചുപിടിക്കാന്‍ ശ്രമിച്ച് വിളക്കുകൊളുത്തി പറയുടെ കീഴില്‍ വയ്ക്കുന്നവരാകുന്നു. ഇത് ഉള്ളില്‍ നിറഞ്ഞ് ജീവിതം മുഴുവന്‍ വ്യാപിക്കണം. ഈ ഉള്ളിലെ പ്രകാശം കൊണ്ടുവേണം പുറത്തെ ഇരുട്ടിനെ നേരിടാന്‍. അതുകൊണ്ട് ഇത് കൈമാറാനോ പങ്കുവയ്ക്കാനോ ആവില്ല. ഇതിന്‍റെ പരിധിയും സാധ്യതയും പ്രകാശത്തിലാകൃഷ്ടമാകലല്ല മറിച്ച് പ്രകാശമാകലാണ്. ഇങ്ങനെയാണ് നമ്മള്‍ പീഠത്തിന്മേലെ നാളമാകുന്നത്.
മനുഷ്യരുടെ ഉള്ളിലെ പ്രഭയെ ജ്വലിപ്പിക്കാനാണ് ക്രിസ്തു ആഗതനായത്. ഓരോ മനുഷ്യനും ഒരു വിളക്കാണ്. പരിശുദ്ധാത്മാവാകുന്ന എണ്ണയൊഴിച്ച് ക്രിസ്തുബോധത്തെ തിരിയിട്ട് ദൈവമാകുന്ന നാളം ആളിക്കത്തണം. തീയിടാനാണ് ഞാന്‍ വന്നത്. അത് ആളിക്കത്തണമെന്നല്ലാതെ മറ്റൊന്നും ക്രിസ്തുവിനു ഗ്രഹിക്കാനാവില്ല. മണവാളന്‍ വരുമ്പോള്‍ പ്രകാശിക്കുന്നവരായി കാണുന്നവര്‍ സ്വീകാര്യരും പ്രകാശമില്ലാത്തവര്‍ തിരസ്കൃതരുമാകും. പത്തുകന്യകമാരിലൂടെ ക്രിസ്തു ഇതാണ് ഓര്‍മ്മപ്പെടുത്തുന്നത്. വിളക്കില്‍ നാളം ഉള്ളവര്‍ സ്വീകരിക്കപ്പെടുമെന്ന് ക്രിസ്തു പറയുന്നതിങ്ങനെയാണ്. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്ത് വിവാഹവിരുന്നില്‍ പ്രവേശിച്ചു (മത്താ 25.10).
ഉണര്‍വ്വ്
മൂന്നാമതായി ഒരുക്കം ഉണര്‍വ്വാണ്. തന്‍റെ ഭവനം ഭേദിക്കാതിരിക്കാന്‍ ഉണര്‍ന്നിരിക്കുന്ന ഗൃഹനാഥനോടാണ് ക്രിസ്തു ഇത്തരക്കാരെ ഉപമിക്കുക (മത്താ 24.43). ഒരുക്കമില്ലായ്മയെ ഉറക്കമെന്നും ക്രിസ്തു നാമകരണം നടത്തുന്നു. ഒരുക്കമില്ലാത്തവര്‍ ഉറക്കത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ട ഭവനം പോലെയാണ്. ഉണര്‍വ്വിന്‍റെ ആല്‍ഫയും ഒമേഗയുമാണ് ക്രിസ്തു. ഗത്സെമിനിയില്‍ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിക്കുന്ന അവന്‍ ഉണര്‍വ്വിന്‍റെ പാരമ്യത്തിലാണ്. ശിഷ്യന്മാര്‍ ഉറക്കത്തിലും. നമ്മള്‍ നിദ്രാധീനരായി കാണപ്പെടരുതെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ശ്രദ്ധാപൂര്‍വ്വം ഉണര്‍ന്നിരിക്കുവിന്‍ (മര്‍ക്കോസ് 13. 33).
ഫറവോ ഉറങ്ങുന്നവനായതുകൊണ്ട് അവന്‍ സ്വപ്നം കണ്ടു. ജോസഫ് ഉണര്‍ന്നവനായിരുന്നു. അവന് വെളിപാടുകള്‍ കിട്ടി. എല്ലാവരും ജീവിതത്തിന്‍റെ ഏതെങ്കിലുമൊരു ഭാഗത്ത് ഉറക്കത്തിലായിപ്പോകുന്നുണ്ട്. ഉറങ്ങുന്നവര്‍ക്ക് സ്വപ്നമുണ്ട്. നിസംശയം പക്ഷേ ഉണര്‍ന്നെണീക്കുന്നവര്‍ക്കാണ് സാക്ഷാത്കാരം. ഫറവോ സ്വപ്നം കാണുകയും ജോസഫ് സ്വപ്നങ്ങളെ വ്യാഖ്യാനിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്തു. ഉറങ്ങുന്നവര്‍ സ്വപ്നത്തിലായിരിക്കുമെപ്പോഴും. യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണുതുറക്കാനോ അവയെസാക്ഷാത്കരിക്കാനോ അവര്‍ക്കാവില്ല. ജീവിതം സാക്ഷാത്കാരമാകുന്നത് ഒരുക്കമുള്ളവര്‍ക്കാണ്, ഉണര്‍ന്നവര്‍ക്കാണ്. അതുകൊണ്ടാണ് എല്ലാവരും ഉറങ്ങുമ്പോഴും ക്രിസ്തു ഉണര്‍ന്നിരിക്കാനാഗ്രഹിച്ചത്. ഉണര്‍ന്നിരുന്ന് അവന്‍ ഒരുങ്ങി, രക്തം വിയര്‍ക്കുവോളം. ഒരു തവണയാവില്ല അവന്‍ ഇങ്ങനെ വിയര്‍ക്കുവോളം ഉണര്‍ന്നിരുന്നത്. എല്ലാം പൂര്‍ത്തിയാകുംവരെ, അവന്‍ രക്തം ചിന്തുവോളം ഉണര്‍ന്നിരുന്നു. അവന്‍റെ വെളിപാടുകളെ, വ്യാഖ്യാനങ്ങളെ, സാക്ഷാത്കാരങ്ങളെ ഭേദനം ചെയ്യാന്‍ ഒന്നിനും കഴിഞ്ഞില്ല, കാരണം മരണത്തോളം അവന്‍ ഉണര്‍ന്നിരുന്നു. നമ്മുടെ ജീവിതത്തെയും സ്വപ്നങ്ങളെയും സാക്ഷാത്കാരങ്ങളെയും ഒന്നിനും ഭേദനം ചെയ്യാനാവില്ല നമ്മള്‍ മരണത്തോളം ഉണര്‍ന്നിരിക്കുമെങ്കില്‍.
പത്രോസ് ഉറങ്ങുകയായിരുന്നു. അതുകൊണ്ടാണല്ലോ അയാള്‍ മൂന്നുരു തള്ളിപ്പറഞ്ഞത്. കോഴികൂവല്‍ ഒരു പുലരിയെ ഓര്‍മ്മപ്പെടുത്തുന്നു. പത്രോസ് രാത്രിയിലും ഉറക്കത്തിലുമായിരുന്നുവെന്ന് സൂചനയുണ്ടതില്‍. കോഴി കൂവിയപ്പോള്‍ അയാള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍വ്വിലേക്ക് കണ്‍തുറന്നു. പിന്നീട് ഉണര്‍വ്വിനിണങ്ങിയ രീതിയിലാണ് പത്രോസിന്‍റെ ചലനങ്ങള്‍. യൂദാസ് അത്താഴമേശയില്‍നിന്ന് പുറത്തേക്കു പോയി. അപ്പോള്‍ രാത്രിയായിരുന്നു (യോഹ 13.30). അവനും ഉറക്കത്തിലേക്കാണ് സഞ്ചരിച്ചത്. ഇതൊക്കെയാണ് ഉറങ്ങിപ്പോകുന്നവര്‍ക്ക് സംഭവിക്കുന്ന കെടുതികള്‍.
ഉണര്‍വ്വ് കണ്ണടയ്ക്കലല്ല, മറിച്ച് എല്ലാത്തിനും നേരെ മിഴിതുറന്നിരിക്കലാണ്. ആകാശത്തിലേയ്ക്കും ദൈവത്തിലേയ്ക്കും മിഴി തുറന്നുപിടിക്കലാണ്. സംഭവിച്ച, സംഭവിക്കാനിരുന്ന എല്ലാത്തിലേയ്ക്കും അവന്‍ കണ്ണുതുറന്നുവച്ചു. അവന്‍റെ കണ്ണില്‍ പതിയാത്ത ഒന്നും ഉണ്ടായില്ല. ജറുസലേം പ്രവേശനത്തിന്‍റെ ഒടുവില്‍ അവന്‍ ദേവാലയത്തിനുള്ളിലേക്ക് പോയി. ചുറ്റും നോക്കി എല്ലാം കണ്ടശേഷം നഥാനിയിലേക്കു പോയി. ഇത്ര സൂക്ഷ്മമായി ഒരുങ്ങുന്ന ക്രിസ്തു തന്നെയാണ് നമുക്കു മാതൃക. അവസാനം എല്ലാം പൂര്‍ത്തിയായെന്ന് ഘോഷിക്കും വരെ അവന്‍ മിഴി തുറന്നുവച്ചു. അതുകൊണ്ട് അവന്‍റെ ജീവിതമാകുന്ന ഭവനം കവര്‍ച്ചചെയ്യപ്പെടാന്‍ ദൈവം അനുവദിച്ചില്ല. ഏറ്റവും ഉന്നതവും അഗാധവുമായ ഉണര്‍വ്വിലേക്ക് ദൈവം അവനെ ഉണര്‍ത്തി.
ജീവിതം ഏറ്റവും വലിയ ഒരുക്കമായി പരിണാമപ്പെടുത്തിയില്ല. ആള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ തന്നെയാണ് ക്രിസ്തു അവസാനനിമിഷത്തിലും. അരയില്‍ കച്ചയും കൂജയില്‍ ജലവും അധരത്തില്‍ ചുംബനവുമായി തന്‍റെ ബലിക്കായി ഒരുങ്ങുകയാണ് ക്രിസ്തു. ചുറ്റിലുമിരിക്കുന്നവര്‍ക്ക് തന്നോട് പിണക്കമുണ്ട്, മനസ്സില്‍. ഉമ്മ നല്കി ഒറ്റുകൊടുക്കാനും തള്ളിപ്പറയാനും ചിതറിയോടാനും നില്‍ക്കുകയാണവര്‍. ബലിയര്‍പ്പിക്കുമ്പോള്‍ സഹോദരന് പിണക്കമുണ്ടെങ്കില്‍ രമ്യതപ്പെട്ടിട്ട് ബലിയര്‍പ്പിക്കണമെന്ന തന്‍റെ വചനങ്ങള്‍ക്ക് ക്രിസ്തു ശ്വാസം നല്കാന്‍ ശ്രമിക്കുകയാണ്. തന്‍റെ ബലി സ്വീകാര്യമായി തീരുന്നതിന് അവരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് ഒരുങ്ങുകയാണ്.
ആ മണിക്കൂറിനുവേണ്ടിയാണ് താന്‍ ജീവിച്ചതെന്നും ഈ ഭൂവിലേയ്ക്ക് വന്നതെന്നും ക്രിസ്തുതന്നെ മൊഴിയുന്നുണ്ടല്ലോ. ക്രിസ്തു വളരെ സൂക്ഷ്മതയോടെ ഒരുങ്ങുകയാണ്. അവസാന ഒരുക്കവും പൂര്‍ത്തിയാക്കുന്ന യോദ്ധാവിന്‍റെ തയ്യാറെടുപ്പുകളാണവനില്‍. ശരീരത്തിന്‍റെയും ആത്മാവിന്‍റെയും ഓരോ അണുവിലും ആ തയ്യാറെടുപ്പുകള്‍ വ്യക്തം. ഓട്ടം പൂര്‍ത്തിയാക്കാനുള്ള ഓട്ടക്കാരന്‍റെ കുതിപ്പുണ്ടായിരുന്നു അവന്‍റെ ശരീരത്തിന്. നേരിയ പാളിച്ചകള്‍ക്കുപോലും ഇടം കൊടുക്കുന്നില്ലവന്‍. എല്ലാവരോടും ക്ഷമിച്ചുകൊണ്ട് ദ്രോഹിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് തന്‍റെ ഒരുക്കം പൂര്‍ത്തിയാകുന്നു.
അതെ, ജീവിതം അഗാധമായ ഒരുക്കമല്ലാതെ മറ്റൊന്നുമല്ലെന്ന നിദര്‍ശനം നല്‍കിക്കൊണ്ടാണ് അവന്‍ കടന്നുപോയത്. അവന്‍റെ അതിസൂക്ഷ്മമായ ഒരുക്കങ്ങള്‍ ഇപ്പോഴും നമ്മുടെ ഒരുക്കമില്ലായ്മയെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു.