news-details
മറ്റുലേഖനങ്ങൾ

ജനാധിപത്യത്തിലെ പ്രജകൾ

"ഈ നാട് ആര് ഭരിച്ചാലും നന്നാവാന്‍ പോകുന്നില്ല." നിരാശയും സങ്കടവും രോഷവും നിറഞ്ഞ ഈ ശാപവചനം ഒരിക്കലെങ്കിലും പറയാത്തവരോ, കേള്‍ക്കാത്തവരോ അല്ല ഇന്നാട്ടിലെ സാധാരണക്കാര്‍. താനുംകൂടി ഉള്‍പ്പെടുന്ന പൗരസമൂഹം തിരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ഭരണസമ്പ്രദായമാണ് ഇവിടെ നിലനില്‍ക്കുന്നത് എന്നറിയാതെയല്ല ആരും ഈ ശാപവചനം ഉരുവിടുന്നത്. ഒരു സാധാരണ പൗരന്‍ ഇവിടെ നിലനില്‍ക്കുന്ന ഭരണസമ്പ്രദായവുമായി മുഖാമുഖം കണ്ടുമുട്ടുന്ന അവസരങ്ങളിലൊന്നും അവന് അനുഭവപ്പെടുന്നില്ല, ഈ സമ്പ്രദായം തന്‍റേതുകൂടിയാണെന്ന്. അതുകൊണ്ടാണ് അവന്‍ അങ്ങനെ പറയുന്നത്.

സാധാരണ ജനങ്ങള്‍ ഇവിടുത്തെ ഭരണവ്യവസ്ഥയുമായി നേര്‍ക്കുനേര്‍ കണ്ടുമുട്ടുന്നത് എപ്പോഴൊക്കെയാണ്. ഒന്ന്, സര്‍ക്കാര്‍ ഓഫീസുകളില്‍ ഏതെങ്കിലും കാര്യത്തിനായി ചെല്ലുമ്പോള്‍, രണ്ട്, രാഷ്ട്രീയ നേതൃത്വങ്ങളുമായി ഇടപെടുമ്പോള്‍. ഈ രണ്ട് അവസരങ്ങളിലും ഇന്നാട്ടിലെ സാധാരണക്കാരന് പൗരന്‍ എന്ന പദവിക്കു യോജിച്ച വിധത്തിലുള്ള പരിഗണന ലഭിക്കുന്നുണ്ടോ എന്നതു പ്രധാന കാര്യമാണ്. ഇവിടെയാണ് ഒരു ഭരണക്രമത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുകയും നഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്നത്. ആറര പതിറ്റാണ്ടുകാലത്തെ ജനാധിപത്യ ഭരണത്തിന്‍റെ ബാക്കിപത്രത്തില്‍ നാം കാണുന്ന പ്രധാന ഇനം സാധാരണക്കാരന് ഈ ഭരണക്രമത്തിലുള്ള വിശ്വാസത്തകര്‍ച്ചയാണ്. ഈ വിശ്വാസത്തകര്‍ച്ച മൂലമാണ് അഴിമതിക്കെതിരായ സമരങ്ങളിലും, രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരെ വില്ലന്മാരായി ചിത്രീകരിക്കുന്ന ചായക്കട വര്‍ത്തമാനങ്ങളിലും, സിനിമകളിലും, മാധ്യമവിചാരണകളിലുമൊക്കെ ജനങ്ങള്‍ ഏറെ താല്പര്യം കാണിക്കുന്നത്.

ഒരു സമൂഹത്തില്‍ നിലനില്ക്കുന്ന ഭരണക്രമത്തില്‍ അസംതൃപ്തികളുണ്ടാകുന്നത് സാധാരണമാണ്. അത്തരമൊരു അസംതൃപ്തിയല്ല ഇന്ന് സാധാരണക്കാര്‍ക്കുള്ളത്. സമ്പൂര്‍ണ്ണമായ വിശ്വാസത്തകര്‍ച്ച തന്നെയാണ്. ഉദ്യോഗസ്ഥവൃന്ദത്തിലെ ഏതാനും ചിലര്‍ അഴിമതി കാണിക്കുന്നു എന്നോ, രാഷ്ട്രീയ നേതൃത്വത്തില്‍ ചെറിയവിഭാഗം സ്വാര്‍ത്ഥമതികളാണെന്നോ പറഞ്ഞ് ലഘൂകരിക്കാവുന്നതല്ല ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍. തികച്ചും ന്യായമായ ഒരാവശ്യത്തിന് സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുന്ന ഒരു സാധാരണക്കാരന്, തികഞ്ഞ ഉത്തരവാദിത്വത്തോടെയും കാലവിളംബമില്ലാതെയും സൗഹൃദത്തോടെയും ആവശ്യം സാധിച്ചു കിട്ടുന്ന ഒരു സാഹചര്യം എവിടെയാണുള്ളത്? സാധാരണ ജനങ്ങളോട് ഉള്ളില്‍ത്തട്ടിയ സ്നേഹത്തോടെയും സമഭാവനയോടെയും ഇടപെടാന്‍ കഴിയുന്ന രാഷ്ട്രീയനേതാക്കള്‍ നാട്ടിന്‍പുറങ്ങളില്‍പോലും വിരളമാണ്. ഉദ്യോഗസ്ഥ സംവിധാനവും രാഷ്ട്രീയ നേതൃത്വവും അവരുടെ സമീപനങ്ങളിലൂടെ നമ്മോട് വ്യക്തമാക്കുന്നത് ഞങ്ങള്‍ നിങ്ങളുടെ സേവകരല്ല; യജമാനന്‍മാരാണ് എന്നുതന്നെയാണ്. കൂടിയും കുറഞ്ഞും ഈ യജമാനഭാവം കൊണ്ടുനടക്കുന്നവരുടെ മുമ്പില്‍ ആശ്രിതരും അഗതികളുമായി കൈകൂപ്പി നില്‍ക്കേണ്ടിവരുന്ന സാധാരണജനങ്ങളുടെ ആത്മനിന്ദയില്‍ നിന്നുയരുന്ന പലവിധ പ്രതികരണങ്ങളുണ്ട്. ഈ വ്യവസ്ഥിതിയെത്തന്നെ തകര്‍ത്ത് തരിപ്പണമാക്കും എന്ന വിചാരത്തോടെ തോക്കും ബോംബും കൈകളിലെടുക്കുന്ന ചിലര്‍. മറ്റു ചിലര്‍ തങ്ങള്‍ക്ക് സാധിക്കാത്ത പ്രതികരണങ്ങള്‍ സിനിമകളില്‍ കാണിക്കുന്ന നായക കഥാപാത്രങ്ങളെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് തങ്ങളുടെ കൈത്തരിപ്പ് തീര്‍ക്കുന്നു. വേറെ ചിലര്‍ ഇടയ്ക്കിടെ അവതരിക്കുന്ന അണ്ണാഹസാരെമാരുടെ പിന്നില്‍ അണിനിരന്ന് ജനകീയമായി പ്രതികരിക്കുന്നു. എന്നാലിവയൊന്നും നിലവിലിരിക്കുന്ന ഭരണസമ്പ്രദായത്തില്‍ ഒരു പോറല്‍പോലും ഏല്പിക്കുന്നില്ല. എത്ര വിദഗ്ദമായാണ് ഭരണ-പ്രതിപക്ഷങ്ങള്‍ ഹസാരെ മുന്നേറ്റത്തിന്‍റെ കാറ്റൂരി വിട്ടത് എന്നത് സമീപകാലചരിത്രം. മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള പ്രതികരണങ്ങള്‍ക്കെല്ലാം, നിലവിലുള്ള സമ്പ്രദായങ്ങളുടെ നിലനില്പ് ഉറപ്പുവരുത്തുന്ന സേഫ്റ്റി വാല്‍വുകളുടെ റോളുകള്‍ മാത്രമാണുള്ളത്. സേഫ്റ്റി വാല്‍വുകളല്ല ഇന്നാവശ്യം; ഭരണസമ്പ്രദായത്തിന്‍റെ അലകും പിടിയും മാറ്റുന്നതിനുള്ള ഊര്‍ജ്ജസംഭരണമാണ്. അതിനാദ്യം വേണ്ടത് എന്തുകൊണ്ടാണ് ഈ ഭരണസംവിധാനം ഇങ്ങനെ അനുദിനം ജനങ്ങളില്‍നിന്ന് അന്യവല്‍കൃതമാക്കുന്നത് എന്ന ആലോചനയാണ്.

ഉദ്യോഗസ്ഥ സംവിധാനത്തിന്‍റെ കാര്യം ആദ്യം പരിശോധിക്കാം. ഉദ്യോഗസ്ഥന്മാര്‍ മുഴുവന്‍ കള്ളന്മാരായതുകൊണ്ടല്ല ബ്യൂറോക്രസി ജനസൗഹൃദമാകാത്തത്. മറിച്ച് ജനങ്ങള്‍ മുഴുവന്‍ കള്ളന്മാരാണെന്ന് പറയാതെ പറയുന്ന സമീപനമാണിവിടുത്തെ നടപടിക്രമങ്ങള്‍ക്കുള്ളത് എന്നതാണ് സത്യം. ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ സങ്കീര്‍ണ്ണ നടപടിക്രമങ്ങളുടെ നൂലാമാലകള്‍കൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കയാണ്  ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല. തെറ്റായ വിവരങ്ങള്‍ നല്‍കിയും മറ്റും ജനങ്ങള്‍ ഭരണസംവിധാനത്തോട് വിശ്വാസവഞ്ചന കാണിച്ചാല്‍ അതിനെതിരെ നടപടിയെടുക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ അതിനുപകരം ജനങ്ങളെല്ലാം അങ്ങനെ ചെയ്യാനിടയുണ്ടെന്ന മുന്‍വിധിയോടെ അതൊഴിവാക്കാന്‍ നൂറ് കടമ്പകളിലൂടെ ജനങ്ങളുടെ ന്യായമായ ആവലാതികളെ കടത്തിവിട്ട് കാലതാമസംകൊണ്ട് നീതി നിഷേധിക്കുകയും അവമതിക്കുകയും ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാവും. അഴിമതിക്ക് ഇടമുണ്ടാകുന്നത് ഈ കടമ്പകള്‍ക്കിടയിലാണ്.

ഈ ലേഖകന്‍റെ സ്വന്തം അനുഭവം സൂചിപ്പിക്കാം. പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റിനായി ഞാന്‍ 2009-ല്‍ നല്‍കിയ അപേക്ഷ അനുസരിച്ച് എനിക്ക് അതു ലഭിച്ചത് 2012 ജനുവരിയിലാണ്. സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ അതില്‍ എഴുതിയിരിക്കുന്ന വിലാസത്തില്‍ ഗുരുതരമായ തെറ്റ്. അതു സംബന്ധിച്ച ഫയലിലെ വിവരങ്ങള്‍ വച്ചുതന്നെ തെറ്റു തിരുത്തിത്തരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് തിരുത്താന്‍ വീണ്ടും ഒട്ടനവധി നടപടിക്രമങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നിട്ടും എനിക്കിതേവരെ അക്കാര്യം സാധിച്ചുകിട്ടിയില്ല. ഈ മൂന്നര വര്‍ഷത്തിനിടയിലെ ഫയല്‍ നീക്കത്തിന്‍റെ കഥകള്‍ ഇവിടെ വിസ്താരഭയത്താല്‍ രേഖപ്പെടുത്തുന്നില്ല. ഒരു സര്‍ക്കാരോഫീസില്‍ചെന്ന് കാര്യങ്ങള്‍ സംസാരിക്കാന്‍ സാമാന്യശേഷിയുള്ള എന്‍റെ സ്ഥിതി ഇതാണെങ്കില്‍ ആ ശേഷി കുറവുള്ളവരുടെ അനുഭവമെന്താവും? ഈ ഫയല്‍ നീക്കത്തിനിടയില്‍ എന്നോടാരും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍  വാങ്ങുന്നവരുമുണ്ട് എന്നെനിക്കറിയാം. സാധാരണ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളുടെ തിണ്ണ നിരങ്ങുകയാണ്. അവര്‍ നോക്കി നില്‍ക്കുമ്പോള്‍ അവരുടെ തലയ്ക്കുമുകളിലൂടെ എല്ലാ കടമ്പകളും ചാടിക്കടന്ന് സമ്പന്നനും രാഷ്ട്രീയ സ്വാധീനമുള്ളവനും കാര്യങ്ങള്‍ സാധിക്കുന്നതു കാണുമ്പോള്‍ ഈ സംവിധാനത്തില്‍ അവര്‍ക്കു വിശ്വാസമുണ്ടാകുമോ? ഇവിടെ നമ്മള്‍ അഴിമതിക്കെതിരെ സിംഹഗര്‍ജ്ജനം നടത്തുകയാണോ വേണ്ടതെന്ന ചോദ്യമാണ് ഞാനുന്നയിക്കുന്നത്. സ്വന്തം നാട്ടിലെ വില്ലേജാഫീസിലും പഞ്ചായത്താഫീസിലുമായി ജനങ്ങളുടെ എല്ലാ ഔദ്യോഗികാവശ്യങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ സാധിച്ചു കിട്ടുന്ന വിധത്തില്‍ ആ ഓഫീസുകളെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ള ജനകീയ സമ്മര്‍ദ്ദമല്ലെ ഉയരേണ്ടത്. ഇ-ഗവര്‍ണന്‍സ് എന്നു പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പുതിയ സാങ്കേതിക വിദ്യകളെ ജനതാല്പര്യത്തിനായി പ്രയോജനപ്പെടുത്താനുള്ള ആവശ്യങ്ങളല്ലെ ശക്തമകേണ്ടത്. നമ്മുടെ ഭരണകര്‍ത്താക്കള്‍ നാടിന്‍റെ വികസനത്തിനെന്നു പറഞ്ഞ് വലിയ കുത്തക കമ്പനികളെ കെട്ടിയെഴുന്നെള്ളിക്കുന്നുണ്ടല്ലോ. അത്തരം കമ്പനികള്‍ സ്വന്തം ജീവനക്കാരെ നന്നായി പണിയെടുപ്പിച്ച് നല്ല ശമ്പളം കൊടുക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ ശൈലി ഈ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ സര്‍ക്കാരിന് എന്തുകൊണ്ടാണ് സ്വീകരിക്കാന്‍ കഴിയാത്തത്? കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താവുന്ന വിധത്തിലുള്ള വോട്ടുബാങ്കായ സര്‍വ്വീസ് സംഘടനകള്‍ കണ്ണുരുട്ടുമ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന്‍റെ മുട്ടുവിറയ്ക്കുന്നത് എന്തുകൊണ്ടാണ്?

രാഷ്ട്രീയ നേതൃത്വങ്ങളെ ജനങ്ങളുടെ വരുതിയിലാക്കാനുള്ള ചില ചോദ്യങ്ങളും ഇതോടൊപ്പം ഉന്നയിക്കേണ്ടതുണ്ട്. ജനജീവിതവുമായി ബന്ധപ്പെട്ട പരമാവധി കാര്യങ്ങളുടെ തീരുമാനമെടുക്കലും നടപ്പിലാക്കലും ജനങ്ങളുടെ കണ്ണും കയ്യുമെത്തുന്ന ഭരണകൂടമായ പഞ്ചായത്തുകളിലൂടെ നിര്‍വ്വഹിക്കപ്പെടുന്ന ഒരു കാലം എന്നാണു യാഥാര്‍ത്ഥ്യമാവുക? രാഷ്ട്രീയ നേതൃത്വങ്ങളെ നിരന്തരം വിലയിരുത്താനും നിയന്ത്രിക്കാനും കഴിയുന്ന വിധത്തില്‍ ഗ്രാമസഭകള്‍ക്കെന്നാണ് രാഷ്ട്രീയ കരുത്തുണ്ടാവുക? ജനഹിതം മാനിക്കാത്ത ജനപ്രതിനിധികളെ തിരികെ വിളിക്കാന്‍ കഴിയുന്ന വിധത്തില്‍ നമ്മുടെ തിരഞ്ഞെടുപ്പു സംവിധാനത്തില്‍ മാറ്റങ്ങളും രാഷ്ട്രീയ കക്ഷികളിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നേതാക്കളെ നിയന്ത്രിക്കാനുള്ള രാഷ്ട്രീയ കരുത്തും രാഷ്ട്രീയകക്ഷികളിലെ വരവുചെലവുകണക്കുകള്‍ വിശ്വാസയോഗ്യമായി ജനങ്ങളുടെ മുന്നില്‍വയ്ക്കുന്ന സാഹചര്യവും എന്നാണുണ്ടാവുക? രാഷ്ട്രീയ നേതൃത്വത്തിന് അസ്വസ്ഥത ജനിപ്പിക്കുന്ന ഇത്തരം ചോദ്യങ്ങളുന്നയിക്കേണ്ടതിനുപകരം രാഷ്ട്രീയക്രമത്തെ ശുദ്ധീകരിക്കാന്‍ ഒറ്റമൂലികളുമായി രംഗപ്രവേശം ചെയ്യുന്ന പ്രസ്ഥാനങ്ങളുടെ പരിമിതികള്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

രാഷ്ട്രീയവ്യവസ്ഥിയില്‍ മൗലികമായ പരിവര്‍ത്തനങ്ങള്‍ ലക്ഷ്യംവച്ചുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാതെയുള്ള രോഷപ്രകടനങ്ങള്‍ നമ്മെ ഒരിടത്തും എത്തിക്കുകയില്ല. സേഫ്റ്റി വാല്‍വുകളിലൂടെ പ്രതിഷേധാഗ്നിയുടെ ഊര്‍ജ്ജം പുറത്തുപോകുകയും രാഷ്ട്രീയ സംവിധാനം ഇതേപോലെ നിലനില്‍ക്കുകയും ചെയ്യും. ഈ ലേഖനത്തിന്‍റെ ആദ്യവാചകമായ ശാപവാക്കുകള്‍ പിറുപിറുത്തുകൊണ്ട് മഷിപുരട്ടാനായി വിരല്‍നീട്ടിക്കൊണ്ട് ഇടയ്ക്കിടെ വീണ്ടും ജനങ്ങള്‍  ക്യൂ നില്‍ക്കും. ജനങ്ങള്‍ക്ക് എന്തായാലും ക്യൂ നില്‍ക്കാതിരിക്കാനാവില്ല. കാരണം, രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ചേര്‍ന്ന് തിരഞ്ഞെടുപ്പവസരത്തില്‍ സാവകാശം നിര്‍മ്മിച്ചെടുക്കുന്ന തിരഞ്ഞെടുപ്പു പനിയില്‍ അവര്‍ ക്യൂവിലേക്ക് ആകര്‍ഷിക്കപ്പെടും. അപ്പോള്‍ ചിലരെങ്കിലും ആത്മഗതം ചെയ്യുന്നുണ്ടാവും: "നമ്മള്‍ ജനങ്ങള്‍ മറ്റെന്തു ചെയ്യാനാണ്, നമ്മള്‍ ജനാധിപത്യത്തിലെ പ്രജകളല്ലെ?!"

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts