'ഞാന്‍ ആരുടെ തോന്നലാ'ണെന്ന് കുഞ്ഞുണ്ണിമാഷുടെ ആശങ്ക. എന്‍റെ ജീവിതം ആരുടെയൊക്കെ തോന്നലുകളിലൂടെയാണ് എന്നത് ഒരു അപനിര്‍മാണമാകാം. അങ്ങനെയെങ്കിലും ഒരു ശരാശരി മലയാളി യുവാവിന് 'ആ നാലുപേരെ' കണ്ടെത്താനാകുമോ? ജന്മം മുതല്‍ അവനെ പിന്തുടരുന്ന, അവന്‍റെ ജന്മജവികാരങ്ങളെ, ഇച്ഛകളെ ഞാണിന്മേല്‍ നടത്തുന്ന, രസമുകുളങ്ങള്‍ക്കുമേല്‍ ഉടുപ്പ് ഇടുവിക്കുന്ന ആ നാലു കുരുത്തം കെട്ട സാന്നിദ്ധ്യങ്ങളെ? ഒരു വട്ടമെങ്കിലും അവരെ അഭിമുഖീകരിക്കാന്‍ എത്ര കാലമായി ഉദ്വേഗപ്പെടുന്നു?
പുതിയ സ്കൂളിലെ ആറാംക്ലാസ്സിലേക്ക് താന്‍ പറിച്ചു നടപ്പെട്ട ദിവസം ഇന്നുമവന്‍ ഓര്‍ക്കുന്നു. പഴയ സ്കൂളിലെ ക്ലാസ്മുറിപോലെ തന്നെ ഇവിടെയും. പെണ്‍കുട്ടികള്‍ക്കൊരിടം. ആണ്‍കുട്ടികള്‍ക്കൊരിടം. പെണ്‍കുട്ടികളുടെ 'ഇട'ങ്ങളിലേക്ക് വല്ലപ്പോഴും അവന്‍ എത്തിച്ചു നോക്കി. അവരുടെ രീതികള്‍ എങ്ങനെയായിരിക്കും? എന്നാല്‍ ക്ലാസ്സില്‍ ആരുമില്ലാത്തപ്പോള്‍ പോലും അവരുടെ ബെഞ്ചില്‍ ഇരിക്കാന്‍ അവന്‍ ഭയന്നു. 'നാലുപേര്‍ കണ്ടാല്‍ പ്രശ്നമാകുമെന്ന് അവനറിയാമായിരുന്നു. വിലക്കു ലംഘിച്ച് വല്ലപ്പോഴും ആ ഇടത്തെ തൊട്ടും തലോടിയുമെത്തുന്ന കാറ്റില്‍ അവന് അവരുടെ 'മണം' കിട്ടി. ഒരു കുറ്റകൃത്യംപോലെ അതവനാസ്വദിച്ചത് ആര്‍ക്കും കണ്ടുപിടിക്കാനായില്ല. നാലുപേര്‍ അറിയാതെ വേണം ഇത്തരം മനഃസുഖങ്ങള്‍ തേടേണ്ടതെന്ന ഒന്നാംപാഠം അവന്‍ പഠിച്ച വിവരവും ആരുമറിഞ്ഞില്ല.
ഇന്നും അവനാ വിജ്ഞാനം ഉപയോഗപ്പെടുത്തുന്നു. സ്വന്തം മൊബൈലില്‍ പെണ്‍കുട്ടികളുടെ നമ്പറുകള്‍ കള്ളപ്പേരില്‍ സേവ് ചെയ്യാന്‍ അവന്‍ വിദഗ്ദ്ധനാണ്. പകല്‍ നേരം സഹപ്രവര്‍ത്തകയോടു മാന്യമായി ഇടപെടാനും അന്തിമയങ്ങുമ്പോള്‍ അവളുടെ ടെലിഫോണ്‍ ജാരന്‍റെ വേഷമെടുത്തണിയാനും അവന് സഭാകമ്പങ്ങളേതുമില്ല. നാലുപേര്‍ അന്തംവിട്ടു പോകും അവന്‍റെ ഭാവപകര്‍ച്ച കണ്ടാല്‍.
എങ്കിലും ആ നാലുപേരെ എളുപ്പം അവനവഗണിക്കാവതല്ല. എസ്. എസ്. എല്‍. സി.ക്ക് അവന്‍റെ ചങ്ങാതിമാര്‍ അവനേക്കാള്‍ മാര്‍ക്കു വാങ്ങിച്ചപ്പോള്‍ അവന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ടുയര്‍ത്തി അച്ഛനവനെ ശകാരിച്ചത് ഇങ്ങനെ: 'നാലുപേരെ കാണിക്കാന്‍ കൊള്ളില്ല ഇത്'. അച്ഛന് നാലുപേരുടെ മുമ്പില്‍ നിവര്‍ന്നു നടക്കണമെങ്കില്‍ അവന്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങണം പോലും. അന്നവന്‍ കണ്ണുമിഴിച്ചു ചുറ്റും നോക്കി. എവിടെ മറഞ്ഞു നില്ക്കുന്നു തന്‍റെ മിടുക്കിനു മാര്‍ക്കിടുന്ന ആ നാലുപേര്‍? അലമാരയ്ക്കു പുറകിലോ? ടി. വി. സ്റ്റാന്‍ഡിനപ്പുറമോ? അതോ ജനല്‍ക്കര്‍ട്ടനപ്പുറത്തെ ഇളക്കങ്ങളോ?
അദൃശ്യരെങ്കിലും അവര്‍ ഭയങ്കരന്മാര്‍ തന്നെയെന്നവനറിഞ്ഞു. അവര്‍ പിണങ്ങിയാല്‍ പിണങ്ങിയതു തന്നെ. ചരിത്ര വിഷയത്തില്‍ തല്പരനായ അവന് തേഡ് ഗ്രൂപ്പെടുത്ത് ഒരു ചരിത്രഗവേഷകന്‍റെ വഴിയിലേക്ക് ഒന്നാം ചുവടുവെക്കാനായിരുന്നു ഇഷ്ടം. എന്നിട്ടും നാലുപേര്‍ ഇതറിഞ്ഞാല്‍ എന്തു പറയുമെന്നു ഭയന്ന് കണക്കില്‍ എന്നും മോശമായ അവന്‍ അച്ഛനോടു പറഞ്ഞു: 'എനിക്ക് എഞ്ചിനീയറായാല്‍ മതി.' കൈ നിറയെ പണമുള്ള ഏതു സീറ്റും വിലയ്ക്കു വാങ്ങി അവനു സമ്മാനിക്കാന്‍ കെല്പുള്ള അച്ഛനായിരുന്നു അവന്‍റേത്. അച്ഛനെ കുറിച്ച് നാലുപേര്‍ എപ്പോഴും നല്ലതു പറയുന്നെന്ന വസ്തുതയ്ക്ക് അവന്‍റെ കുടുംബത്തില്‍ പ്രചാരവുമുണ്ട്. അച്ഛന്‍ ആശ്വാസപൂര്‍വ്വം അവനെ നോക്കി ചിരിച്ചു. 'ഉ.സാ.ഘ'യും 'ല.സാ.ഗു' വും പഴയ ഏതോ രാജാവിന്‍റെ വിശ്വസ്തരായ കാവല്‍ ഭടന്മാരാണെന്ന് തന്‍റെ സ്വകാര്യ നോട്ട്ബുക്കിലെഴുതിയിരുന്നത് അന്നു രാത്രി ഒരു കുറി കൂടി വായിച്ചതിനുശേഷം അവന്‍ വെട്ടി. ആ നോട്ട് ബുക്ക് - സാഹിത്യഭംഗി ഇറ്റുന്ന അവന്‍റെ കുഞ്ഞു കുറിപ്പുകള്‍, മണ്ടന്‍ സ്വപ്നങ്ങള്‍, മുട്ടന്‍ നുണകള്‍ ഒക്കെയായിരുന്നു അതിലെ ഉള്ളടക്കം.
സാങ്കേതികതയുടെയും യുക്തിഭദ്രമായ കണ്ടെത്തലുകളുടെയും ലോകത്ത് ഒരു ശരാശരി വിദ്യാര്‍ത്ഥിയായി അവന്‍ പൊരുതി തുടങ്ങി. ശരാശരി മനുഷ്യന്‍റെ ചിന്തകള്‍ക്കപ്പുറം അവന്‍റെ മനസ്സില്‍ സ്വന്തമായൊരു വാചകം, ഒരു തോന്നല്‍ വിരിഞ്ഞില്ല. "നിറഞ്ഞ പീലികള്‍ നിരക്കവെ കുത്തി, നിറുകയില്‍ ചാര്‍ത്തി തിറമൊടു കെട്ടി" പുഞ്ചിരിച്ചു നിന്ന ഉണ്ണിക്കണ്ണനെ അമ്മയുടെ ഒക്കത്തിരുന്നു കൈകൂപ്പി തൊഴുമ്പോഴൊക്കെയും പണ്ടവന്‍ ആര്‍ത്തുചിരിക്കുമായിരുന്നു. എന്നാല്‍ ഒരു തമാശകേട്ട് പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നത്, ഇഷ്ടമുള്ളൊരാളെ കണ്ടുമുട്ടുമ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നത് എല്ലാം മാന്യതയ്ക്കു ചേര്‍ന്നതല്ലെന്ന് അവന്‍ പഠിച്ചു കഴിഞ്ഞു. നാലുപേര്‍ ഇതു കണ്ടാല്‍ "അയ്യോ' എന്നു മൂക്കത്തു വിരല്‍വെക്കുമല്ലോ. 'രാപ്പകല്‍' സിനിമയിലെ മമ്മൂട്ടിയുടെ ചില സീനുകള്‍ക്കൊപ്പം സ്വന്തം ചങ്കില്‍ നിന്നുമുയര്‍ന്നൊരു തേങ്ങല്‍ എത്ര വിദഗ്ദ്ധമായൊളിപ്പിച്ചു കൊണ്ടാണവന്‍ കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്കു മുന്നിലഭിനയിച്ചത്. സ്ക്രീനില്‍ നിന്നും അതു കണ്ട മമ്മൂട്ടിക്ക് സ്വന്തം കഴിവില്‍ അവിശ്വാസം തോന്നിയിരിക്കണം.
ഇല്ല, ഇഷ്ടം തോന്നിയ പെണ്‍കുട്ടിയെ അങ്ങനെയങ്ങു വിവാഹം കഴിക്കാന്‍ അവനൊരുക്കമല്ല. അവനാഗ്രഹിച്ചതുപോലെ സൗന്ദര്യം, മനപ്പൊരുത്തം എല്ലാം അനുകൂലമായെങ്കിലും 'നാലുപേര്‍ കേട്ടാല്‍ ഞെട്ടുന്നൊരു' തുക അവളുടെ വീട്ടുകാര്‍ സ്ത്രീധനം തരാതെങ്ങനെ? എന്നാല്‍ വിവാഹമേ കഴിക്കുന്നില്ലെന്നു തീരുമാനിച്ചാലുമെങ്ങനെ? നാലുപേര്‍ക്ക് എന്തൊക്കെ പറഞ്ഞുണ്ടാക്കാന്‍ കഴിയില്ല? ഒടുവില്‍ എണ്ണമറ്റ തുകയ്ക്കുമേല്‍ പേപ്പര്‍വെയ്റ്റുപോലെ വന്ന പെണ്‍കുട്ടിയെ അവന്‍ വിവാഹം കഴിച്ചു ഭാര്യയാക്കി. വിവാഹത്തിനു മുമ്പ് നാലുപേരെ നാണിപ്പിക്കുംവിധം പരസ്പരം കാണുകയോ മിണ്ടുകയോ വരെ ചെയ്തിട്ടില്ല; സത്യം.
ദാമ്പത്യത്തിലെ കൊച്ചുകൊച്ചു പിണക്കങ്ങള്‍ ഇമ്മിണി വലുതായപ്പോഴും നാലുപേരറിയാതെ അതൊളിപ്പിക്കാന്‍ അവനുമവളും ഒരുപോലെ പരിശ്രമിച്ചു (അവള്‍ക്കും നാലുപേരെ ഭയമുണ്ട്). മൂന്നുവര്‍ഷമെങ്കിലും കഴിഞ്ഞിട്ടു മതി തങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞെന്നായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ നാലുപേര്‍ നിരന്തരം ഓരോന്നു ചോദിച്ചു സ്വസ്ഥത കെടുത്തിത്തുടങ്ങിയതിനാല്‍ ഇരുവരും ഒന്നിച്ചു ജപിച്ചു: 'ഒരു കുഞ്ഞിക്കാല്‍ വരട്ടെ'. അവര്‍ക്കിടയില്‍ പ്രേമമില്ലാതെ ജനിച്ച ആ കുഞ്ഞിന് എന്തു പേരിടുമെന്നും അവര്‍ ശങ്കിക്കാതിരുന്നില്ല. അതിനും പരിഹാരമുണ്ടായി! 'നാലുപേര്‍ കുറ്റംപറയാത്തൊരു പേര്.'
അങ്ങനെയൊരു പേര് അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടെ. ആ കുഞ്ഞ് അവര്‍ ശീലിപ്പിക്കുന്ന വഴികളിലൂടെയോ അല്ലാതെയൊ വളരട്ടെ. (കുടുംബത്തോടൊപ്പമിരിക്കുമ്പോള്‍ ലോകോത്തര മാന്യനും അല്ലാത്തപ്പോള്‍ ലോകത്തിലില്ലാത്ത വൃത്തികെട്ടവനുമായി ആ കുഞ്ഞ് മാറുമായിരിക്കാം?) തുടക്കത്തിലെ പ്രശ്നം ഇപ്പോഴുമവനെ അലട്ടുന്നു. തന്‍റെ ജീവിതം ഇക്കാലമത്രയും നിയന്ത്രിച്ചു പോന്ന ആ നാലുപേരെ, എന്നാല്‍ പ്രതിസന്ധിഘട്ടങ്ങളിലൊരിക്കല്‍ പോലും പണം കൊണ്ടോ മനസ്സുകൊണ്ടോ സഹായം ചെയ്യാന്‍ രംഗത്തു വന്നിട്ടില്ലാത്ത ആ അഭ്യുദയകാംക്ഷികളെ ഒരു വട്ടമെങ്കിലും കണ്ടുമുട്ടിയിരുന്നെങ്കില്‍!
വീടുപണിതപ്പോള്‍, പെയിന്‍റടിച്ചപ്പോള്‍, കാറുവാങ്ങിയപ്പോള്‍, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ വരെ ആ നാലുപേരുടെ ഇഷ്ടത്തിനു വിലകൊടുത്ത അവന്‍റെ ഒരാഗ്രഹമാണത്. അവന്‍ വിചാരപ്പെട്ടു പോവുകയാണ്- എത്രവട്ടം തന്‍റെ സ്വതഃസിദ്ധമായ തീരുമാനങ്ങള്‍ക്കുമേല്‍ അവര്‍ കടന്നാക്രമണം നടത്തി! റോഡപകടത്തില്‍പെട്ട് പ്രാണനുവേണ്ടി ഇരന്ന സഹജീവിയെ ആശുപത്രിയിലെത്തിക്കാനൊരുങ്ങിയപ്പോഴടക്കം, തനിക്കും സമൂഹത്തിനും ഉപകാരപ്രദമാകുന്നൊരു പ്രവൃത്തി അവനില്‍ നിന്നുണ്ടാകാമായിരുന്ന ഓരോ വേളയിലും വിലക്കുകളുമായി വന്നു പേടിപ്പിച്ചു അവര്‍. 'അവനവന്‍റെ കാര്യം നോക്കി ജീവിക്കാത്തവരൊക്കെ' നാലുപേര്‍ക്കു മുമ്പില്‍ അപഹാസ്യരായ ചരിത്രം അവന്‍ കേട്ടിട്ടുണ്ട്. ചരിത്രത്തെ തിരുത്തണമെങ്കില്‍ അസാമാന്യധൈര്യം വേണം താനും. ശരാശരി മനുഷ്യര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍.
പിന്നെയും അവര്‍, ആ നാലുപേര്‍ എന്തൊക്കെ ചെയ്തുവെച്ചു! അവര്‍ കാരണം മൂല്യം നഷ്ടപ്പെട്ട നാണയങ്ങളായി മാറിയതെന്തൊക്കെ? സ്നേഹം, പ്രണയം, കാരുണ്യം, ആത്മാര്‍ത്ഥത, ദയ... പിന്നെയും എത്രയെത്ര ചേതോഹര വികാരങ്ങള്‍! അതത്രയും വേണ്ടതുപോലെ നേടാതെയും കൊടുക്കാതെയും എത്രപേര്‍ ഈ ഭൂമിയില്‍ ജനിച്ചു ജീവിച്ചു മടങ്ങിപ്പോയി! ഇപ്പോഴും അതങ്ങനെ.
ഇനിയെങ്കിലും അവരെ കാണണം. അവനിതാ ധൃതിയായി.
സമൂഹത്തിന്‍റെ ഏതോ അടരുകള്‍ക്കുള്ളില്‍, സദാചാരത്തിന്‍റെ വച്ചു വില്പനക്കാരായി, സര്‍ക്കസ് പരിശീലകരുടെ ചാട്ടകളുമായി പാര്‍ക്കുന്ന ആ മര്യാദരാമന്മാര്‍ ഒരു നിമിഷം പുറത്തുവരൂ.
(യുവകഥാകൃത്തായ ലേഖകന്‍ ജേര്‍ണലിസം അദ്ധ്യാപകന്‍ കൂടിയാണ്. ഇതിനോടകം മൂന്നിലധികം ചെറുകഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)