ഒരിടത്ത് ഒരു മരമുണ്ടായിരുന്നു. അവള്‍ സ്നേഹിക്കുന്ന ചെറിയ ആണ്‍കുട്ടിയും. എല്ലാ ദിവസവും അവന്‍ മരത്തിന്‍റെ അടുത്ത് വരികയും അവളുടെ ഇലകള്‍ ശേഖരിച്ച് കിരീടങ്ങള്‍ ഉണ്ടാക്കി, കാട്ടിലെ രാജാവായി കളിക്കുകയും ചെയ്തിരുന്നു. ആ കുട്ടി അവളുടെ തായ്ത്തടിയില്‍ കയറുകയും ചില്ലകളില്‍ തൂങ്ങിക്കിടക്കുകയും ചെയ്തിരുന്നു. അവന്‍ കളിച്ച് ക്ഷീണിക്കുമ്പോള്‍ അവളുടെ തണലില്‍ കിടന്നുറങ്ങി.

ആണ്‍കുട്ടി വൃക്ഷത്തെ വളരെ സ്നേഹിച്ചു. മരത്തിന് വളരെയധികം സന്തോഷമായി.

കാലം മുന്നോട്ടുപോയപ്പോള്‍ ആണ്‍കുട്ടി വളര്‍ന്നു. അപ്പോള്‍ മരം പലപ്പോഴും ഏകാകിയായി. കുറേക്കഴിഞ്ഞ് ഒരു ദിവസം കുട്ടി മരത്തിനടുത്തെത്തിയപ്പോള്‍ മരം ഇപ്രകാരം പറഞ്ഞു:

"കുട്ടി വരൂ, എന്‍റെ തായ്ത്തടികളില്‍ കയറുകയും ചില്ലകളില്‍ തൂങ്ങിയാടുകയും ചെയ്യു. ആപ്പിളുകള്‍ പറിച്ച് തിന്നുകയും എന്‍റെ തണലില്‍ കളിക്കുകയും ചെയ്തു സന്തേഷിക്കൂ."

"മരത്തില്‍ കയറാനും കളിക്കാനും കഴിയാത്തവിധം ഞാന്‍ വലുതായിരിക്കുന്നു." ആണ്‍കുട്ടി പറഞ്ഞു. പല സാധനങ്ങള്‍ വാങ്ങാനും സന്തോഷിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് കുറച്ചു പണം ആവശ്യമാണ്. എനിക്കു പണം തരാന്‍ നിനക്കു സാധിക്കുമോ?"

"എന്നോടു ക്ഷമിക്കൂ" മരം തന്‍റെ നിസ്സഹായത പ്രകടിപ്പിച്ചു. എന്‍റെ കൈയില്‍ പണമൊന്നുമില്ല. എന്‍റെ പക്കല്‍ ആപ്പിളുകളും ഇലകളും മാത്രമേയുള്ളൂ. എന്‍റെ ആപ്പിളുകള്‍ പറിച്ചെടുത്തോളൂ കുട്ടി. അതു നഗരങ്ങളില്‍ കൊണ്ടുപോയി വില്ക്കാം. അങ്ങനെ നിനക്ക് പണം സമ്പാദിക്കാനും സന്തോഷിക്കാനും കഴിയും.

അവന്‍ മരത്തില്‍ കയറി അവളുടെ ആപ്പിളുകള്‍ ശേഖരിച്ച് ദൂരേയ്ക്കു പോയി. അപ്പോള്‍ വൃക്ഷത്തിന് ഏറെ സന്തോഷമായി.

എന്നാല്‍ ആണ്‍കുട്ടി വളരെക്കാലത്തേക്ക് ആ വഴി വന്നില്ല. അപ്പോള്‍ ആ മരത്തിന് വല്ലാത്ത സങ്കടം തോന്നി. കുറെ നാളുകള്‍ക്ക് ശേഷം അവന്‍ തിരിച്ചെത്തി. മരം സന്തോഷം കൊണ്ടു പറഞ്ഞു,  "വരൂ, കുട്ടി എന്‍റെ തായ്ത്തടിയില്‍ കയറി, ചില്ലകളില്‍ തൂങ്ങിയാടി, ആപ്പിളുകള്‍ പറിച്ചു തിന്ന്, എന്‍റെ തണലില്‍ കളിച്ചു സന്തോഷിക്കൂ."

"മരത്തില്‍ കയറാനൊന്നും എനിക്കു സമയമില്ല. ഞാന്‍ ഭയങ്കര തിരക്കിലാണ്. എനിക്കൊരു വീട് ആവശ്യമായിരിക്കുന്നു. എനിക്ക് ഭാര്യയുണ്ടാകണമെന്നും കുട്ടികള്‍ ജനിക്കണമെന്നും ആഗ്രഹമുണ്ട്. അതിനായി എനിക്കൊരു ഭവനം ആവശ്യമായിരിക്കുന്നു. എനിക്കൊരു വീടു തരാന്‍ നിനക്കു സാധിക്കുമോ?" അവന്‍ ചോദിച്ചു.

"എനിക്ക് സ്വന്തമായി വീടൊന്നുമില്ല കാടാണ് എന്‍റെ വീട് പക്ഷേ നിനക്ക് എന്‍റെ ശിഖരങ്ങള്‍ മുറിച്ച് വീടുണ്ടാക്കാന്‍ സാധിക്കും. അപ്പോള്‍ നിനക്കു സന്തോഷമാകും." മരം പറഞ്ഞു.
അവന്‍ ആ മരത്തിന്‍റെ ചില്ലകളെല്ലാം മുറിച്ച് വീടുണ്ടാക്കാനായി ചുമന്നുകൊണ്ടു പോയി. അപ്പോള്‍ മരത്തിന് വളരെ സന്തോഷമായി.

പിന്നീട് കുറേക്കാലത്തേക്ക് അവന്‍ മരത്തില്‍ നിന്ന് അകന്നു കഴിഞ്ഞു. മരത്തിന് അപ്പോള്‍ സങ്കടം തോന്നി. ഒരിക്കല്‍ അവന്‍ തിരിച്ചെത്തിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും അവള്‍ക്കു സംസാരിക്കാന്‍ വിഷമമായിരുന്നു.

" വരൂ കുട്ടി, വന്നു കളിക്കൂ" അവള്‍ മന്ത്രിച്ചു.

"എനിക്കു വളരെയധികം പ്രായമായിരിക്കുന്നു. സങ്കടം കൊണ്ട് കളിക്കാന്‍ കഴിയുന്നില്ല. എനിക്ക് ഈ നാട്ടില്‍നിന്ന് ദൂരെപ്പോകാന്‍ ഒരു ബോട്ട് ആവശ്യമുണ്ട്. എനിക്കൊരു ബോട്ട് തരാന്‍ നിനക്കു കഴിയമോ?" ആണ്‍കുട്ടി ചോദിച്ചു.

"എന്‍റെ തായ്ത്തടി മുറിച്ച് നിനക്കൊരു ബോട്ടുണ്ടാക്കാം. എന്നിട്ട് നിനക്ക് തുഴഞ്ഞു ദൂരെപ്പോകാം."

അവന്‍ മരത്തിന്‍റെ തായ്ത്തടി മുറിച്ചു വീഴ്ത്തി, ഒരു ബോട്ടുണ്ടാക്കി തുഴഞ്ഞ് അകലേയ്ക്കു പോയി.  

അപ്പോള്‍ വൃക്ഷത്തിന് സന്തോഷമായി. ആ സന്തോഷം യഥാര്‍ത്ഥമായിരുന്നില്ല.

വളരെക്കാലത്തിനു ശേഷം ആണ്‍കുട്ടി വീണ്ടും തിരിച്ചെത്തി.

"കുട്ടി എന്നോടു ക്ഷമിക്കൂ, നിനക്കു തരാന്‍ എന്‍റെ കൈയില്‍ ഒന്നും അവശേഷിക്കുന്നില്ല. എന്‍റെ ആപ്പിളുകള്‍ പൊയ്പ്പോയിരിക്കുന്നു."

"എന്‍റെ പല്ലുകള്‍ ആപ്പിളുകള്‍ തിന്നാനാവാത്ത വിധം ദുര്‍ബലമായിരിക്കുന്നു." അവന്‍ പറഞ്ഞു.

"എന്‍റെ ചില്ലകളും നഷ്ടപ്പെട്ടു. നിനക്ക് അവയില്‍ തൂങ്ങിയാടാനാവില്ല."

"മരച്ചില്ലകളില്‍ തൂങ്ങിയാടാന്‍ കഴിയാത്തവിധം എനിക്ക് പ്രായമായിരിക്കുന്നു. മുകളിലേക്ക് കയറാനാവാത്തവിധം ഞാന്‍ ക്ഷീണിതനാണ്." അവന്‍ പറഞ്ഞു.

"എന്നോടു ക്ഷമിക്കൂ. മരം നെടുവീര്‍പ്പിട്ടു. നിനക്കെന്തെങ്കിലും നല്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ എനിക്കിനി ഈ പഴകിയ കുറ്റിയല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല. എന്നോടു ക്ഷമിക്കൂ."

"എനിക്കിപ്പോള്‍ അധികമൊന്നും ആവശ്യമില്ല." അവന്‍ പറഞ്ഞു. "ഇരുന്നു വിശ്രമിക്കാന്‍ ശാന്തമായ ഒരു സ്ഥലം മാത്രം മതി. ഞാന്‍ വളരെ ക്ഷീണിതനാണ്."

"ശരി" മരം മൊഴിഞ്ഞു. എന്നിട്ട് അവള്‍ക്ക് കഴിയുന്ന വിധത്തില്‍ സ്വയം നിവര്‍ന്നു നിന്നു. "ഒരു പഴയ കുറ്റി ഇരുന്നു വിശ്രമിക്കാന്‍ നല്ല സ്ഥലമാണ്. വരൂ, കുട്ടി ഇവിടെ വന്നിരിക്കൂ. ഇരുന്ന് വിശ്രമിക്കൂ."

ആ മരത്തിന് വളരെയധികം സന്തോഷമായി.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts