news-details
മറ്റുലേഖനങ്ങൾ

ജനാധിപത്യവും മതേതരത്വവും

സ്വാതന്ത്ര്യത്തിന്‍റെ അറുപത്തഞ്ചു വത്സരങ്ങള്‍ അഭിമാനപൂര്‍വം ഓര്‍മ്മിക്കാന്‍ പലതും നല്‍കിയിട്ടുണ്ട്. ജനാധിപത്യമാണ് അവയില്‍ ഏറ്റവും വിലപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വിവിധ തിരഞ്ഞെടുപ്പുകളിലൂടെ ജനങ്ങളുടെ പരമാധികാരം വിളംബരം ചെയ്തു. കോണ്‍ഗ്രസിനെയും നെഹ്റു കുടുംബത്തെയും അധികാരക്കുത്തകയില്‍ നിന്നും പുറത്താക്കി. പിന്നെ തിരികെ വിളിച്ചു. ഏകകക്ഷി ഭരണത്തിനുള്ള അവസരം നിഷേധിച്ചുകൊണ്ടു കൂട്ടുകക്ഷി ഭരണം സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഉണ്ടാക്കി. സമൂഹത്തിന്‍റെ പുറമ്പോക്കുകളില്‍ കഴിഞ്ഞിരുന്ന ദിളതരെയും സ്ത്രീകളെയും പണ്ടെങ്ങുമില്ലാത്ത തരത്തില്‍ അധികാരത്തിന്‍റ പടവുകളില്‍ എത്തിച്ചു. മതതീവ്രവാദം രാജ്യത്തിനകത്തും പുറത്തും കത്തിക്കാളിയപ്പോഴും രാഷ്ട്രീയ സ്ഥാപനങ്ങളും പാര്‍ട്ടികളും കോടതികളും മതേതരത്വത്തെ തള്ളിപ്പറഞ്ഞില്ല. മുസ്ലീങ്ങളും ക്രൈസ്തവരും സിക്കുകാരും ഭരണത്തിന്‍റെ പടവുകളില്‍ സ്ഥാനമുറപ്പിച്ചു. കഴിഞ്ഞ ആറേഴു ദശകങ്ങള്‍ക്കിടയില്‍ ലോകവേദിയിലുണ്ടായ അധികാര നാടകങ്ങളുടെ പശ്ചാത്തലത്തില്‍ പരിഗണിക്കുമ്പോള്‍ ഇവയെല്ലാം വലിയ നേട്ടങ്ങളാണ്.

ബഹുകക്ഷി സമ്പ്രദായവും പ്രായപൂര്‍ത്തി വോട്ടവകാശവും ഫെഡറല്‍ ഘടനയും സ്വതന്ത്രനീതി ന്യായവ്യവസ്ഥയും ഏറെ വിലപ്പെട്ടതാണെങ്കിലും അവയെല്ലാം എന്തിന് എന്ന ചോദ്യം കൂടെക്കൂടെ ഉയര്‍ന്നുവരണം. അത്തരം ചോദ്യങ്ങള്‍ ഭരണമണ്ഡലത്തിനകത്തും പുറത്തും മുഴങ്ങി നില്‍ക്കണം. മൗലികമായ ഈ ചോദ്യം ഉയര്‍ത്തുന്ന കാര്യത്തില്‍ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള വര്‍ഷങ്ങളില്‍ അലംഭാവം ഉണ്ടായോ? ഓരോ സ്വാതന്ത്ര്യദിനത്തിലും ഉള്ളുതുറന്നു ചോദിക്കേണ്ട ചോദ്യമാണിത്. സ്വാതന്ത്ര്യ സമരകാലത്തു മര്‍മ്മ പ്രധാനമായ ഈ ചോദ്യം പല മട്ടില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അതിനു ലഭിച്ച മറുപടികള്‍ ഒരേ മട്ടിലുള്ളവയായിരുന്നില്ല. മതപരമായ കാഴ്ചപ്പാടിലൂടെ ദേശീയ പ്രസ്ഥാനത്തെ കണ്ടവരുണ്ട്. മതത്തിന്‍റെ ഊര്‍ജം പലതരത്തില്‍ ദേശീയ പ്രസ്ഥാനത്തില്‍ പ്രകടമായിരുന്നു. ഗാന്ധിജിയിലെത്തിയപ്പോള്‍ മതപരമായ ഊര്‍ജ്ജം ധാര്‍മ്മികതയുടെ രൂപം സ്വീകരിച്ചു. ഹൈന്ദവ മതസങ്കല്പങ്ങളും പ്രതീകങ്ങളും ആശയങ്ങളും മാറിവന്ന ലോക പശ്ചാത്തലത്തില്‍ പുനരാവിഷ്കരിച്ചു ദേശീയ സമരത്തെ 'സത്യാഗ്രഹമാക്കി' മാറ്റാന്‍ ഗാന്ധിജിക്കു കഴിഞ്ഞു. മതപാരമ്പര്യത്തെ രാഷ്ട്രീയോര്‍ജ്ജമാക്കി മാറ്റാനും അതിനെ ധാര്‍മ്മികതയാക്കി പ്രകാശിപ്പിക്കാനും ഗാന്ധിജിക്കു കഴിഞ്ഞു.

മതപരവും അല്ലാത്തതുമായ പരമ്പരാഗത ചിഹ്നങ്ങളുടെ ഉപയോഗം അക്കാലത്തും ഇക്കാലത്തും സന്ദിഗ്ദ്ധതകള്‍ക്കു വഴിതുറന്നു എന്ന കാര്യം മറന്നുകൂടാ. മതവും മതേതരത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. പല രാഷ്ട്രീയപ്പാര്‍ട്ടികളും ബഹുജനപ്രസ്ഥാനങ്ങളും മതപരമായ ഊര്‍ജ്ജം പ്രയോജനപ്പെടുത്താനുള്ള വ്യഗ്രതയില്‍ വര്‍ഗ്ഗീയ വിഷം പ്രസരിപ്പിക്കാന്‍ കൂടി വ്യഗ്രതപ്പെടുന്നു. സ്വാതന്ത്ര്യസമരകാലത്തു നവോത്ഥാനത്തിന്‍റെ ഭാഗമായി ശക്തിപ്രാപിച്ച മതനിഷേധ പ്രസ്ഥാനങ്ങള്‍ക്കാകട്ടെ അവയുടെ ഉത്ഭവകാലത്തുണ്ടായിരുന്ന പദവിയോ ജനപ്രീതിയോ ഇന്നില്ല. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം കൂടുതല്‍ തത്ത്വനിഷ്ഠവും സ്വതന്ത്രവുമായ പഠനത്തിന്‍റെ വിഷയമാകേണ്ടതുമാണ്. മതാത്മകത തുടച്ചു നീക്കി ഇന്ത്യന്‍ മതേതരത്വം ശക്തിപ്പെടുത്താം എന്നതു വ്യാമോഹമാണ്. മതങ്ങളെക്കുറിച്ചുള്ള ധാരണകള്‍ ആഴപ്പെടുത്തിയും മതസംവേദനത്തിന്‍റെ വഴികള്‍ വിസ്താരപ്പെടുത്തിയും മതേതര ഭാരതത്തെ എങ്ങനെ ശക്തിപ്പെടുത്താം എന്ന അന്വേഷണമാണ് വേണ്ടത്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസത്തിനും രാഷ്ട്രീയത്തിനും മാധ്യമങ്ങള്‍ക്കും നീതിന്യായ വ്യവസ്ഥയ്ക്കും വലിയ പങ്കുണ്ട്.

ജനാധിപത്യം പുലരുന്ന നാടുകളിലെല്ലാം മതവും രാഷ്ട്രവും തമ്മില്‍ വൈരുദ്ധ്യാത്മകമായ ബന്ധമാണുള്ളത്. അതു സംവേദനത്തിലൂടെ കര്‍മ്മോര്‍ജമാക്കി മാറ്റാന്‍ പൊതുമണ്ഡലം സജീവമാകണം. കുടുംബത്തിനും ഭരണകൂടത്തിനും ഇടയിലുള്ള അടരുകളാണ് പൊതുമണ്ഡലത്തിലുള്ളത്. അവിടെ മതം തത്ത്വനിഷ്ഠമായി ചര്‍ച്ച ചെയ്യപ്പെടണം. ദേശീയ പ്രസ്ഥാനത്തില്‍ അത്തരമൊരു ധാരയുണ്ടായിരുന്നു. ഗാന്ധിജി രക്തസാക്ഷിയായതു ഒരു പ്രാര്‍ത്ഥനായോഗവേദിയിലായിരുന്നു എന്നു മറക്കരുത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വം മതപരമായ സംവേദനത്തിന്‍റെ പ്രാധാന്യവും പ്രസക്തിയുമാണ് വെളിവാക്കുന്നത്. ഇതിനു നേതൃത്വം നല്‍കേണ്ടതു മതതീവ്രവാദികളല്ല. മതവിജ്ഞാനികള്‍ക്കു ഇതില്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ കഴിയും. മതാനുഭവത്തിനും ഇത്തരം പരിശ്രമങ്ങളില്‍ സ്ഥാനമുണ്ട്. തത്ത്വനിഷ്ഠവും സമൂഹനിഷ്ഠവുമായ മതസംവേദനം ഊര്‍ജ്ജിതപ്പെടുത്താന്‍ മതേതര ഭാരതത്തിലെ പൊതു മണ്ഡലത്തില്‍ സംഘടിത പരിശ്രമങ്ങളുണ്ടാകണം. നമ്മുടെ സര്‍വകലാശാലകളില്‍ തത്ത്വനിഷ്ഠമായ മതപഠനങ്ങള്‍ക്കുള്ള ശാസ്ത്രീയ വേദികളുണ്ടാകണം. ജനാധിപത്യ രാജ്യങ്ങളിലെല്ലാം മതവിജ്ഞാനം വിപുലമായ പഠനഗേവഷണ മേഖലയായി വികസിച്ചിട്ടുണ്ട്. പൗരബോധമുള്ളവര്‍ ഈ മേഖലയില്‍നിന്ന് ഒഴിഞ്ഞുനിന്നാല്‍ തീവ്രവാദികളും അന്ധവിശ്വാസികളും ഇവിടം കീഴടക്കും. ഇതിന്‍റെ ഉദാഹരണങ്ങള്‍ ജനാധിപത്യ ഭാരതത്തില്‍ സുലഭമാണ്. പൊതുമണ്ഡലത്തിലെ മതവിജ്ഞാന കേന്ദ്രങ്ങള്‍ മതപാഠശാലകള്‍ക്കു പകരമായല്ല, അവയ്ക്ക് പൂരകമായോ സമാന്തരമായോ ഇവ വിജ്ഞാന രൂപീകരണത്തിലും പ്രസാരണത്തിലും ഏര്‍പ്പെടുന്നു. മതഭേദങ്ങള്‍ക്ക് അതീതമായി മതവിജ്ഞാനം തേടാവുന്ന അറിവിടങ്ങളാണ് വിശ്രുതങ്ങളായ ഇത്തരം സ്ഥാപനങ്ങള്‍. രാഷ്ട്രപിതാവായ ഗാന്ധിജിയും കേരളത്തിന്‍റെ പ്രകാശഗോപുരമായ ശ്രീനാരായണഗുരുവും മതപരമായ സംവേദനത്തിന്‍റെ സാമൂഹിക പ്രസക്തി തിരിച്ചറിഞ്ഞവരാണ്.

കേരളത്തിന്‍റെ പഴയ ചരിത്രത്തില്‍ മതവും ഭരണകൂടവും തമ്മിലുള്ള ബന്ധം സവിശേഷമായി തെളിഞ്ഞു കിടന്നതു മറുനാട്ടില്‍ നിന്നും എത്തിയ മതങ്ങളുടെ കാര്യത്തിലാണ്. ബുദ്ധജൈനമതങ്ങള്‍ക്കു നല്‍കിയ സൗകര്യങ്ങള്‍ ഇവിടെ എടുത്തു പറയേണ്ടതില്ല. കേരളത്തിലെ  ജൂതക്രൈസ്തവഇസ്ലാമിക പാരമ്പര്യങ്ങള്‍ ഇക്കാര്യത്തില്‍ ലോകശ്രദ്ധ നേടിക്കഴിഞ്ഞു. മതസമ്മേളനത്തെ ആഘോഷിച്ച പാരമ്പര്യമാണ് കേരളതീരത്തിനുള്ളത്. നാട്ടുചരിത്രത്തിലും നാടോടിക്കഥകളിലും നാടോടിപ്പാട്ടുകളിലും മതാന്തരതയില്‍ അടിയുറച്ച കേരളീയ മതേതരത്വം കൊണ്ടാടപ്പെടുന്നു. കൊടുങ്ങല്ലൂരില്‍ കച്ചവടത്തിനു വന്നിറങ്ങിയ ജൂതരോട് 'എന്‍റെ നാട്ടില്‍ എല്ലാ കുലക്കാരുമുണ്ട്' ജൂതര്‍ മാത്രമില്ല, അതിനാല്‍ നിങ്ങള്‍ ഇവിടെ പാര്‍പ്പുറപ്പിക്കണം, എന്നു രാജാവു പറയുന്നതായി ജൂതരുടെ മലയാളം പെണ്‍പാട്ടില്‍ (മാളപള്ളിപ്പാട്ട്) കേള്‍ക്കാം. ഒമ്പതാംനൂറ്റാണ്ടിലെ തരിസാപ്പള്ളി  ചെപ്പേട് കേരളത്തിലെ മത മേളനം ലിപി മേളനത്തിലൂടെ അവതരിപ്പിക്കുന്നു. വട്ടെഴുത്തിലാണ് ശാസനം. അതിനു താഴെ നാടുവാഴികള്‍ക്കൊപ്പം സാക്ഷികളുടെ ഒപ്പുകളുണ്ട്. സാക്ഷികള്‍ ഒപ്പിട്ടിരിക്കുന്നത് ഹീബ്രു, കൂഫിക്, പഹ്ലവി ലിപികളിലാണ്. ജൂത-മുസ്ലീം-ക്രൈസ്തവ വ്യാപാരികളുടെ ഒപ്പുകളാണ് ഇങ്ങനെ നിരനിരയായി മലയാള ഭാഷയുടെ മൂലാധാരത്തില്‍ നിറം മങ്ങാതെ കിടക്കുന്നത്. തരിസാപ്പള്ളി ചെപ്പേട് ഒരു സാമൂഹിക-സാമ്പത്തിക രേഖയാണ്. അവിടെയാണ് മതമേളനം. സമൂഹഘടനയിലും സാമ്പത്തിക പ്രവര്‍ത്തനത്തിലും മതവൈവിധ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കേരള മാതൃകയാണ് തരിസാപ്പള്ളി ചെപ്പേട് എന്നു ഡോ. എം. ജി. എസ്. നാരായണന്‍ വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള കേരള പൈതൃകത്തിന്‍റെ ബലത്തിലാണ് നാരായണഗുരു സംസാരിക്കുന്നത്. പൊതുമണ്ഡലത്തിലെ മതവിജ്ഞാനം 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്'. ഭാവി ഭാരതത്തിനു ജനാധിപത്യവും മതേതരത്വവും നിലനിറുത്താനും സാമ്പത്തിക വളര്‍ച്ച നേടാനും ഇത്തരം മതാത്മകത ആവശ്യമാണ്.

ധാര്‍മ്മികതയും വിശ്വാസവും ഭക്തിയും പുരോഹിതരുടെയും വേദാന്തികളുടെയും അറിവനുഭവമാണെന്ന ധാരണ മാറുന്നു. വിവിധ വിജ്ഞാന ശാഖകള്‍ ഇപ്പോള്‍ മതകാര്യങ്ങളില്‍ ശ്രദ്ധയര്‍പ്പിക്കുന്നുണ്ട്. സാമൂഹിക ശാസ്ത്രം, മനശ്ശാസ്ത്രം, ന്യൂറോസയന്‍സ്, നരവംശ ശാസ്ത്രം, സാമ്പത്തികശാസ്ത്രം, തദ്ദേശീയ പഠനം, വിനിമയവിജ്ഞാനം തുടങ്ങിയവയെല്ലാം ഇവിടെ അറിവുവഴികള്‍ തുറന്നിരിക്കുന്നു. ഇവയെല്ലാം ചേര്‍ന്നു മതാവബോധത്തെ, പതിവു വ്യാഖ്യാനങ്ങള്‍ വിട്ട്, സവിശേഷ ജ്ഞാനരൂപമായി വ്യാഖ്യാനിച്ചെടുക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മതവിശകലനത്തില്‍ തികച്ചും വസ്തുനിഷ്ഠമോ നിഷ്പക്ഷമോ ആയ നിലപാടുകളുണ്ടാവില്ല. മര്‍മ്മപ്രധാനമായ തിരിച്ചറിവാണിത്. ഏതു വ്യാഖ്യാനവും നിലപാടും സവിശേഷമായ ആശയങ്ങളില്‍ നിന്നായിരിക്കും പ്രചോദനം നേടുക. സ്വന്തം ചരിത്രബന്ധങ്ങളില്‍ നിന്നു ഒറ്റക്കുതിപ്പിനു പുറത്തുചാടി സര്‍വതന്ത്രസ്വതന്ത്രനായി അറിവു നേടാം എന്ന ധാരണ ഇന്നില്ല. മതവിജ്ഞാനത്തെയും മതസംവാദത്തെയും കൂടുതല്‍ ഫലപ്രദമാക്കാന്‍ ഈ തിരിച്ചറിവു ഉപകരിക്കും. ഭാരതത്തിലെ പരമ്പരാഗത മതസംവേദന ക്രമങ്ങളില്‍ ഈ ആശയങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു. ജനാധിപത്യ ഭാരതത്തില്‍ മതേതരത്വ പ്രവണതകള്‍ക്കു ചരിത്രബലം നല്‍കാന്‍ മതപരത കൈവെടിയാതെ തന്നെ ഇത്തരം പാരമ്പര്യോര്‍ജങ്ങള്‍ ഉപയോഗിക്കാം.

വ്യത്യസ്ത വിജ്ഞാനശാഖകളുടെ വിവരണങ്ങളും വ്യത്യസ്ത മതസമൂഹങ്ങളുടെ സത്യവിശ്വാസ പാരമ്പര്യങ്ങളും ആധുനിക ഭാരതത്തില്‍ കണ്ടുമുട്ടുന്നുണ്ടെങ്കിലും അവ തമ്മില്‍ മിണ്ടാട്ടമില്ല എന്നതു ദുഃഖകരമാണ്. കണ്ടില്ലെന്ന മട്ടില്‍ ഇരുകൂട്ടരും പൊതുമണ്ഡലത്തില്‍ നിലയുറപ്പിച്ചിരിക്കുന്നു. ഇവ തമ്മില്‍ സംഭാഷണം സാധ്യമാക്കാന്‍ പൊതുമണ്ഡലത്തില്‍ ബോധപൂര്‍വമായ പരിശ്രമങ്ങള്‍ ഉണ്ടാകണം. വിദ്യാലയങ്ങള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും. മതതീവ്രവാദത്തെ മറികടക്കാന്‍ മതങ്ങള്‍ തന്നെ പൊതുമണ്ഡലത്തില്‍ ഇത്തരം സംവാദാത്മക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കണം. എന്തോ മതങ്ങള്‍ ഇന്നു പൊതുമണ്ഡലവുമായി പരിഭവത്തിലാണ്. മതവിമര്‍ശനം പൊതുമണ്ഡലത്തിലുണ്ട്. അതിനു പ്രതിവിധി കെറുവിക്കലല്ല, സംഭാഷണമാണ്. ലോകവുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ മതേതരമണ്ഡലം ഉപയോഗിക്കാന്‍ മതങ്ങള്‍ക്കു കഴിയുന്നില്ല. സ്വന്തം മതത്തിലേക്കു ചുരുങ്ങി കൂടാനാണ് പല മതപ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. മറ്റുള്ളവരിലേക്കു തുറവി കാണിച്ചു, മനസ്സിലാക്കാനും മനസ്സിലാക്കപ്പെടാനുമുള്ള അവസരമാണ് മതേതരത്വം നല്‍കുന്നത്.

സ്വത്വഭയം ഉണര്‍ത്തി സ്വന്തം കൂടാരങ്ങളിലേക്കു പിന്‍വാങ്ങി വിദ്യാഭ്യാസവും ആരോഗ്യകാര്യങ്ങളും സാമ്പത്തിക ജീവിതവും വിശ്രമവും സന്തോഷവും അവഗണിക്കുന്ന ആത്മഹത്യാപരമായ പ്രവണത സമകാലിക ഭാരതത്തില്‍ കാണാം. മറിച്ചുള്ള വിദ്യാലയങ്ങളും ആരോഗ്യകേന്ദ്രങ്ങളും സാമ്പത്തിക മേഖലകളും ഉല്ലാസരീതികളും സമൂഹത്തിലെ വാര്‍ദ്ധക്യകാല വസതികള്‍പോലും വരേണ്യവിഭാഗത്തിനു മാത്രമുള്ളതായിത്തീരുന്നു. മികവേറിയതെന്തും പണം കൊടുത്തു ലേലത്തില്‍ വാങ്ങേണ്ടതായി മാറുന്നു. അനീതിപരമായ ഈ വ്യവസ്ഥ ഊട്ടിഉറപ്പിക്കുന്നതിനു രാഷ്ട്രീയപ്രഭുക്കന്മാര്‍ക്കും വ്യവസായികള്‍ക്കുമൊപ്പം മതനായകരും അണിനിരക്കുന്നു. 'മതം അപകടത്തില്‍' എന്ന ഭീഷണി മുഴക്കിയാണ് ഇത്തരം ധ്രൂവീകരണത്തില്‍ മതവിശ്വാസികളെ പങ്കാളികളാക്കുന്നത്. ഉദാരീകരണ നയങ്ങളും ആഗോളവല്‍ക്കരണവും ഇന്ത്യയില്‍ പച്ചപ്പിന്‍റെ തുരുത്തുകള്‍ നിയമിച്ചിട്ടുണ്ടെങ്കിലും ഭാരതീയ ജനതയില്‍ പാതിയോളം ഇപ്പോഴും തങ്ങള്‍ ദരിദ്രരാണെന്നു പറയുന്നു. അവര്‍ക്കു സമ്പത്തുപോരാ, കാര്യശേഷിയുമില്ല എന്നാണ് വാദം. വിദ്യാലയങ്ങള്‍ക്കു 'മികവു'ണ്ടാക്കാന്‍ ദുര്‍ബലവിഭാഗങ്ങളെ ഒഴിവാക്കുക എന്ന പ്രവണത കച്ചവടസ്ഥാപനങ്ങളില്‍ മാത്രമല്ല, മതസ്ഥാപനങ്ങളില്‍ പോലുമുണ്ട്. നാനാതരക്കാരെ ഉള്‍ക്കൊള്ളുന്നതുകൊണ്ട് ഉണ്ടാകുന്ന മികവു മനസ്സിലാക്കാന്‍ സാമ്പ്രദായിക വിലയിരുത്തലുകള്‍ മതിയാവില്ല.

പൊതു വിദ്യാലയങ്ങള്‍ പലപ്പോഴും കെടുകാര്യസ്ഥത കൊണ്ടും രാഷ്ട്രീയാതിപ്രസരം കൊണ്ടും ദുര്‍ബലങ്ങളായിത്തീരുന്നു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നു അവിടെ ചെന്നു പെടുന്നവര്‍ നിലവാരമില്ലാത്ത വിദ്യാഭ്യാസത്തിന്‍റെ ദൂഷ്യഫലങ്ങള്‍ വീണ്ടും ഏറ്റുവാങ്ങുകയാണ്. ഗുണനിലവാരത്തെക്കുറിച്ചു വാചാലമായി പ്രസംഗിച്ചു പിന്നോക്ക വിഭാഗക്കാരെ പുറന്തള്ളുന്നവര്‍ ഒരു കോടി ഉറുപ്പിക വരെ കോഴ വാങ്ങി സമ്പന്ന സന്തതികള്‍ക്കു എം. ഡി. കോഴ്സിനു പോലും പ്രവേശനം നല്‍കുന്നു! ഭാരതീയരില്‍ പുതിയ വികസന നയങ്ങള്‍, വിശിഷ്യ ഉദാരീകരണവും ആഗോളവല്‍ക്കരണവും സൃഷ്ടിക്കുന്ന പുതിയ വര്‍ണ്ണവിചേനമാണിത്. ദരിദ്രരും ദുര്‍ബലരും പുതിയ സാമ്പത്തിക ക്രമത്തില്‍ പുറന്തള്ളപ്പെടുന്നു. അവരോടു നീതി ചെയ്യാന്‍ ഭരണകൂടത്തിനും പൊതു സമൂഹത്തിനും കഴിയുമോ? ഇതു നീതിയുടെ പ്രശ്നമാണ്. വാണിജ്യ താല്പര്യങ്ങള്‍ മറികടന്നു നീതിയുടെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ രാഷ്ട്രീയത്തിലും പൊതുമണ്ഡലത്തിലും കടുത്ത വെല്ലുവിളി നേരിടുന്നു. അരാഷ്ട്രീയവാദം പൗരത്വത്തിന്‍റെ സ്ഥാനത്തു സംരംഭകത്വത്തെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഏറ്റവും ലാഭകരമായതാണ് ഏറ്റവും നല്ലത് എന്ന ആദര്‍ശം ഉറച്ചു കഴിഞ്ഞു. ഇവിടെയാണ് സമൂഹമനസ്സാക്ഷിയായി ധാര്‍മ്മികത കടന്നുവരേണ്ടത്. ഈ ധാര്‍മ്മികത മതത്തിന്‍റെ കുത്തകയല്ല. എന്നാല്‍ പൊതുവേ മതങ്ങള്‍ ധാര്‍മിക അടിത്തറയിലാണ് ബലം നേടുന്നത്. ചരിത്രത്തിന്‍റെ ഉല്പന്നങ്ങള്‍ എന്ന നിലയില്‍ മതങ്ങള്‍ക്കുണ്ടായ പരിണാമങ്ങള്‍ മറക്കുകയും വേണ്ട. സ്വാതന്ത്ര്യസമരകാലത്തു എന്ന പോലെ ഇന്നും ശ്രദ്ധാപൂര്‍വ്വം നവയുഗസൃഷ്ടിയില്‍ മതത്തെ പങ്കാളിയാക്കാം. അതില്‍ ജാഗ്രതയും വിവേചനവും വേണമെന്നു മാത്രം. വാണിജ്യവല്‍ക്കരണവും മലിനീകരണവും ഭാരതത്തെപ്പോലുള്ള രാജ്യങ്ങളെ വികസനവഴിയില്‍ അന്ധാളിപ്പിക്കുമ്പോള്‍ പോംവഴികള്‍ കണ്ടെത്തുന്നതില്‍ മതപരമായ സമീപനങ്ങള്‍ ഉപകരിക്കും. തികഞ്ഞ ത്യാജ്യഗ്രാഹ്യവിവേചനത്തോടെ ഏര്‍പ്പെടേണ്ട കാര്യമാണിത്. ആര്‍ക്കും തയ്യാര്‍ ചെയ്ത പരിഹാരങ്ങളും  ഫോര്‍മുലകളും നിര്‍ദ്ദേശിക്കാനാവില്ല. നിരന്തരമായ അന്വേഷണവും പരീക്ഷണവും മാത്രമാണ് ഇക്കാര്യത്തില്‍ സഹായത്തിനുള്ളത്. നിരന്തരമായ സംവാദത്തിലൂടെ മാത്രമേ ഇത്തരം കാര്യങ്ങളില്‍ തെളിച്ചം നേടാന്‍ കഴിയൂ. ഉദാഹരണത്തിനു ഗാന്ധിജിയുടെയും ടാഗോറിന്‍റെയും കത്തിടപാടുകളിലൂടെ കണ്ണോടിക്കുക. ഒരാള്‍ മഹാത്മാവ്, അപരന്‍ ഗുരുദേവന്‍. ഒരു ഘട്ടത്തില്‍ അവരുടെ സംവാദവിഷയം ചര്‍ക്കയായിരുന്നു. ചര്‍ക്ക ഭാരതത്തിലെ ദേശീയ പ്രസ്ഥാനത്തിന്‍റെ വൈകാരിക ചിഹ്നമായി മാറിയ ഘട്ടം. ഗ്രാമസ്വരാജ് എന്ന ആശയത്തിന്‍റെ കൊടിയടയാളമായിരുന്നു ചര്‍ക്ക. അനുഷ്ഠാനമൂല്യം നേടിയ ചര്‍ക്ക ഗാന്ധിജിയുടെ വാക്കിലും പ്രവൃത്തിയിലും കേന്ദ്രസ്ഥാനം നേടി. ടാഗോറിനു ചര്‍ക്കയുടെ മൂല്യം ബോധ്യമായില്ല. 1925 ല്‍ ടാഗോര്‍ മോഡേണ്‍ റിവ്യുവില്‍ ചര്‍ക്കയുടെ അപകടത്തെക്കുറിച്ചു തുറന്നെഴുതി. ഭാരതത്തെ യന്ത്രയുഗത്തിന്‍റെയും നാഗരികതയുടെയും സൗഭാഗ്യങ്ങളില്‍ നിന്ന് പിന്നോക്കം കൊണ്ടുപോകാനാണ് ചര്‍ക്ക ഉപകരിക്കുന്നത് എന്ന് ടാഗോര്‍ തുറന്നെഴുതി. ക്രമേണ ആ വിവാദം സംവാദനമായി മാറി. രണ്ടുപേരും അവരുടെ നിലപാടുകളില്‍ നിന്നു പിന്‍വാങ്ങിയതായി അറിവില്ല. എങ്കിലും അവരുടെ സൗഹൃദത്തിനു കോട്ടമുണ്ടായില്ല. ചര്‍ക്കയെക്കുറിച്ചു പൊതുസമൂഹത്തിനു കൂടുതല്‍ അറിവുകള്‍ ലഭിക്കുകയും ചെയ്തു. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനിടയിലും ചര്‍ക്ക ഭാരതത്തില്‍ അര്‍ത്ഥപുഷ്ടിയുള്ള ചിഹ്നമായി തുടരുന്നു. പക്ഷേ ചര്‍ക്ക പുതിയ അര്‍ത്ഥങ്ങള്‍ നേടിയിരിക്കുന്നു. മതചിഹ്നങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ചരിത്രഗതിയില്‍ ഇത്തരം പുനര്‍മൂല്യനിര്‍ണ്ണയങ്ങള്‍ ഉണ്ടാകണമെങ്കില്‍ പൊതുമണ്ഡലത്തില്‍ അവ ചര്‍ച്ച ചെയ്യപ്പെടണം. അതു സാധ്യമാക്കാന്‍ മതേതരത്വം സഹായിക്കുന്നു.

സ്വാതന്ത്ര്യസമരകാലത്തു ഗാന്ധിജി വര്‍ണ്ണാശ്രമധര്‍മ്മങ്ങളെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ പൊതുസമൂഹം കണ്ണുമടച്ചു സ്വീകരിച്ചില്ല. കുലത്തൊഴിലുകള്‍ അനുഷ്ഠിച്ചാല്‍ മേന്മയേറും എന്നു ഗാന്ധിജി വാദിച്ചു. ടാഗോറിനെപ്പോലുള്ള നേതാക്കന്മാര്‍ ഇതിനെ എതിര്‍ത്തു. ഇന്ത്യയുടെ ചരിത്രാനുഭവങ്ങള്‍ മുന്‍നിറുത്തിയാണ് മതസങ്കല്പത്തെ ടാഗോര്‍ എതിര്‍ത്തത്. സ്വന്തം നിലപാട് ഗാന്ധിജി പലമട്ടില്‍ വിശദീകരിച്ചു. ടാഗോര്‍ തൃപ്തനായെന്നു കരുതാനാവില്ല. മതപരമായ വേരുകളുള്ള ആശയങ്ങള്‍ സാമൂഹികപ്പോരാട്ടത്തില്‍ പരിണാമവിധേയമാകുന്നതാണ് ഇവിടെ കാണുന്നത്. കൊള്ളല്‍കൊടുക്കലുകളിലൂടെ ചരിത്രവും മതവും രാഷ്ട്രീയവും പരിണമിക്കുന്നു. മതത്തെ ഗൂഢവല്‍ക്കരിച്ചാല്‍ അതു വര്‍ഗ്ഗീയതയുടെയും മറ്റും രൂപത്തില്‍ വിഷം തുപ്പും. മറിച്ചു തുറസ്സായ സംവാദങ്ങളിലേക്കു കടന്നാല്‍ സമൂഹ പരിവര്‍ത്തനത്തിനുള്ള ഊര്‍ജ്ജമാക്കി മതത്തെ മാറ്റാന്‍ കഴിയും. പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാനും ചരാചരങ്ങളെയെല്ലാം കോര്‍ത്തിണക്കാനും കഴിയുന്ന ജൈവസമൂഹബോധം മതാവബോധത്തിന്‍റെ ഭാഗമാണ്. പക്ഷേ ഇതു ചരിത്രസാഹചര്യങ്ങളില്‍ വെളിപ്പെടാന്‍ തത്ത്വനിഷ്ഠമായ സംവാദം ആവശ്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനു തത്ത്വനിഷ്ഠമായ മതാത്മക സംവാദത്തിന്‍റെ ഊര്‍ജ്ജം വേണ്ടിയിരിക്കുന്നു. വര്‍ധിച്ച ഹിംസയും ധൂര്‍ത്തും അഴിമതിയും നിയന്ത്രിച്ചു നിര്‍ത്താന്‍ ധാര്‍മ്മിക പരിവര്‍ത്തനം തന്നെ വേണം.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts