news-details
മറ്റുലേഖനങ്ങൾ

കാലവര്‍ഷത്തെ മലയാളി എങ്ങനെ വായിക്കും?

ആകാശത്തിനുമേല്‍ മഴവില്ല് സ്ഥാപിച്ച് ദൈവം മനുഷ്യരാശിക്ക് ഒരേസമയം പ്രളയത്തിന്‍റെയും പ്രത്യാശയുടെയും ഉടമ്പടിയുണ്ടാക്കി.  അത് ജീവിതത്തിന്‍റെയും അതിജീവനത്തിന്‍റെയും സഹജീവനത്തിന്‍റെയും ഉടമ്പടിയായിരുന്നു.  ആകാശവും ഭൂമിയും തമ്മിലുള്ള ചാക്രികത പൂര്‍ത്തിയാകാത്തതുകൊണ്ടാണ് മരുഭൂമികളുണ്ടാകുന്നത്.  മഴയുടെ ജലചാക്രികതകൊണ്ടാണ് ഒരു ഹരിതലോകം സാധ്യമാകുന്നത്.  കാത്തുവച്ച കാലത്തിന്‍റെ വിത്തുകളാണ് കാലവര്‍ഷം ആകാശത്തുനിന്നും മണ്ണിലേക്ക് കൈമാറുന്നത്.  വരള്‍ച്ചക്കെതിരെ കരുതലും ഉര്‍വരതയ്ക്കായുള്ള ഒരുക്കങ്ങളുമാണ് മഴക്കാല സന്ദേശം.

മഴ ജീവന്‍റെ വിത്ത്.  ഓര്‍മ്മകള്‍ക്കും കിനാവുകള്‍ക്കും ഭാവനകള്‍ക്കും വിവേകങ്ങള്‍ക്കും വാതില്‍ തുറന്നുവരാനുള്ള ജൈവ പ്രത്യക്ഷം.  മണല്‍ മണ്ണാകുന്നതാണ് മഴയുടെ രസതന്ത്രം. വരള്‍ച്ചയില്‍ ചുരുണ്ടുപോയതെല്ലാം മഴ കിളിര്‍പ്പിക്കും.  മരിച്ചവരെ ഉയിര്‍പ്പിക്കും. വിതയുടെയും കൊയ്ത്തിന്‍റെയും ഉണര്‍ത്തുപാട്ടുകള്‍ പച്ചയുടെ പാഠാവലികളില്‍ കേള്‍പ്പിക്കും.  മനുഷ്യന്‍റെയും പ്രകൃതിയുടെയും ഉജ്ജീവനമാണ് മഴക്കാലം.  നദി അമ്മയാകുന്നതും മല അച്ഛനാകുന്നതും മഴയുടെ കണ്ണീരു വീണിട്ടാണെന്നൊരു ചൊല്ലുണ്ടല്ലോ.  മനുഷ്യനും പ്രകൃതിയും ആലിംഗനബദ്ധമാകുന്ന സര്‍വ്വാശ്ലേഷിയായ ജീവന്‍റെ വരപ്രസാദമാണത്.  മഴ ഭൂമിയുടെ ജീവചൈതന്യം.  ഭൂമിയുടെ വേവാര്‍ന്ന നീരാവിയാണ് ആകാശം മഴയുടെ കുളിരായി തിരിച്ചുതരുന്നത്.  പ്രപഞ്ചപാരസ്പര്യത്തിന്‍റെ മഹാലയം.  ഓരോ ജീവകണവും കോരിത്തരിച്ചുണ്ടായ ജൈവവിന്യാസം.

മഴമുകിലിനോടൊപ്പം പെയ്തിറങ്ങിവരുന്നുണ്ട്, കാര്‍ഷിക വിവേകങ്ങള്‍, മനുഷ്യഭാവനകള്‍, സൗന്ദര്യാനുഭവങ്ങള്‍.  ജീവിതത്തിന്‍റെ ബലവും സൗന്ദര്യവും സാധ്യതകളും മഴക്കാലത്തിനൊപ്പം മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്തവയാണ്.  എന്നാല്‍ മഴക്കൊപ്പം പ്രളയക്കെടുതികളും പട്ടിണിയും രോഗങ്ങളും മാലിന്യക്കൂമ്പാരങ്ങളും ദുരിതപര്‍വ്വങ്ങളും സംഭവിക്കുന്നുണ്ട്.  കൂരകള്‍ ചോരുന്ന പാവപ്പെട്ടവന്‍റെയും തെരുവുകളില്‍ അലയുന്ന തെണ്ടികളുടെയും ജീവിതം കൂടുതല്‍ അരക്ഷിതമാകും.  ഇരുണ്ടുപോകും.

മഴക്കാലത്തിന് പറയാനുള്ളത് കരുതലിന്‍റെയും ജാഗ്രതയുടെയും പാരസ്പര്യത്തിന്‍റെയും ഉത്തരവാദിത്വങ്ങളുടെയും സന്ദേശമാണ്.  മഴക്കൊപ്പം കിണറും കുളവും തടാകവും കായലും പുഴയും കടലും ശുദ്ധീകരിക്കപ്പെടണം.  ജലസ്രോതസ്സുകളോരോന്നും വരുംകാലങ്ങളിലേയ്ക്കായി ഉണര്‍ത്തപ്പെടണം.  ഭൂഗര്‍ഭജലത്തെ ജലസംഭരണികളായി സംരക്ഷിക്കണം.  പാരിസ്ഥിതിക വിവേകത്തിന്‍റെ ഭൂമിരാഷ്ട്രീയം മഴയാണ് നമ്മെ ചൊല്ലിപഠിപ്പിക്കുന്നത്.  ഭൂമിയെ പച്ചപ്പിന്‍റെ കവചം ധരിപ്പിക്കുന്ന മഴയില്‍നിന്നു വേണം സഹജീവനത്തിന്‍റെ തെളിമകള്‍, പൊലിമകള്‍ തിരിച്ചറിയുവാന്‍.  ആവാസവ്യവസ്ഥകളില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളെ തിരുത്തുവാന്‍.

മഴയുടെ സ്വരാജ്യമാണ് കേരളം.  അക്ഷരാര്‍ത്ഥത്തില്‍തന്നെ ഒരു ജലനിര്‍മ്മിത രാജ്യം.  കടലും കായലും പുഴകളും അസംഖ്യം തോടുകളും വരച്ചെടുത്ത അപൂര്‍വ്വമായൊരു ജലച്ചായചിത്രത്തിന്‍റെ ഭൂപടം.  കാലവര്‍ഷമാണ് ഈ പച്ചത്തുരുത്തിന്‍റെ ചിത്രകാരന്‍.  കേരളത്തിന്‍റെ മഴക്കാല സൗന്ദര്യം വൈവിധ്യങ്ങളുടെ നിറവാണ്.  മലയാളി സ്വന്തം മഴയെ പലപേരിട്ടു വിളിച്ചു. വരമ്പുമുറിയന്‍, ചിറമുറിയന്‍... പിന്നെ പേമാരിയായും പെരുമഴയായും ചാറ്റമഴയായും പൊടിമഴയായും എത്രയോ മഴച്ചൊല്ലുകള്‍... കാലവര്‍ഷത്തിനൊപ്പം തുലാവര്‍ഷമുണ്ട്.  ഇടമഴകളുണ്ട്.  ഓരോ മഴയില്‍നിന്നും വിരിഞ്ഞിറങ്ങിവരുന്ന വിശ്വാസാചാരങ്ങളുടെ മഴവില്ലുകള്‍.

മഴക്കാലാനുഷ്ഠാനങ്ങളൊന്നും അന്ധവിശ്വാസങ്ങളാകുന്നില്ല.  അവയെല്ലാം മലയാളി തന്‍റെ ജീവിതപരിസ്ഥിതിയുടെ ശുദ്ധീകരണമാക്കുന്നു.  രോഗവ്യാധികളെ പ്രതിരോധിക്കാനും മാലിന്യങ്ങളെ കഴുകി വെടിപ്പാക്കുവാനുമാണ് മഴയനുഷ്ഠാനങ്ങള്‍.  മഴക്കൊപ്പം നിര്‍ത്തി മലയാളി തന്‍റെ ഭക്ഷണശീലത്തെയും സൗന്ദര്യ ശിക്ഷണങ്ങളെയും ആരോഗ്യപരിപാലനത്തെയും പുതുക്കി കൊണ്ടിരുന്നു.  മഴയില്‍ നിന്നും മൂല്യസമൃദ്ധമായ കവിതകളുടെയും പാട്ടുകളുടെയും ചിത്രങ്ങളുടെയും ആവിഷ്ക്കാരങ്ങളുണ്ടായി.

മഴവെള്ളമെന്ന ജയശീലന്‍റെ കവിതയോര്‍മ്മവരുന്നു:
ഭൂമിയില്‍  ആകാശം കാണുമ്പോള്‍
അതിനെ നമ്മള്‍
വെള്ളമെന്നു പറയുന്നു.
മരങ്ങള്‍ കിഴക്കാംതൂക്കായി കാണുമ്പോള്‍
അതിനെ നമ്മള്‍
വെള്ളമെന്നുപറയുന്നു.
കാലവര്‍ഷത്തിന്‍റെ ഋതുഭംഗികള്‍ മലയാളഭാവനയെ അത്രമേല്‍ പച്ച പുതപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ജലനൈതികത മലയാളി വേണ്ടതുപോലെ ഒരുകാലത്തും ഉള്‍ക്കൊണ്ടിട്ടില്ല. ഭീഷണമായ കാലാവസ്ഥാ വ്യതിയാനത്തിനുപിന്നില്‍ ജലത്തിനു നേരെ നാം നടത്തുന്ന അത്യാചാരങ്ങളും ധൂര്‍ത്തും തന്നെ കാരണം.  ജല ആവാസവ്യവസ്ഥയോടുള്ള നമ്മുടെ കുറ്റപങ്കിലമായ നിലപാടുകള്‍ ഭൗമസദാചാരത്തെ അതിലംഘിച്ചു കഴിഞ്ഞു. പുഴകളെ ഊറ്റിയെടുത്തും കാടുകളെ വെട്ടിക്കരിച്ചും ജലസ്രോതസ്സുകളെല്ലാം വറ്റിച്ചും ഉപഭോഗാര്‍ത്തികളാല്‍ പരിസരങ്ങളെ വിഷമയമാക്കിയും ജലത്തിനുനേരെയുള്ള നമ്മുടെ പാതകങ്ങള്‍ ഏറിയേറി വരുകയാണ്.  ഈ മഴക്കാലം മലയാളിയെ ജലനൈതികത എന്ന മഴവില്‍ ആശയം എന്തെങ്കിലും പഠിപ്പിക്കുമോ?

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts