രഞ്ജിത് സംവിധാനം ചെയ്ത 'സ്പിരിറ്റ്' എന്ന സിനിമയെ ആസ്പദമാക്കി, കേരളസമൂഹം നേരിടുന്ന ചില പ്രതിസന്ധികളിലൂടെ സഞ്ചരിക്കാനുള്ള ശ്രമമാണിത്. മദ്യപാനത്തിന്‍റെ വൈയക്തികവും, കുടുംബപരവും സാമൂഹികവുമായ പ്രശ്നസഞ്ചയങ്ങളിലേയ്ക്കുള്ള സൂക്ഷ്മ നിരീക്ഷണമാണ് ഈ ചലച്ചിത്രം. സംവിധാനമികവോ സാങ്കേതികമേന്മയോ സൗന്ദര്യശാസ്ത്രപരമായ പ്രത്യേകതകളോ അല്ല ഇവിടെ ചര്‍ച്ചാവിഷയം. 'സ്പിരിറ്റ്' കൈകാര്യം ചെയ്യുന്ന വിഷയത്തിന്‍റെ സമകാലിക പ്രസക്തിയാണ് ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത്. ജനപ്രിയ സിനിമകളില്‍ പൊതുവേ മദ്യത്തെ പ്രശംസിക്കുന്ന രംഗങ്ങളാണ് നാം കാണാറുള്ളത്. 'സ്പിരിറ്റ്' നമുക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത് ആല്‍ക്കഹോളിസത്തിന്‍റെ അപകടത്തെക്കുറിച്ചാണ്.
ഇരുപത്തിയഞ്ചോളം വര്‍ഷം മദ്യത്തിന്‍റെ വഴിയിലൂടെ സഞ്ചരിച്ച രഘുനന്ദനന്‍ 'താമര'യെപ്പോലെ വെള്ളത്തിലാണ് കിടക്കുന്നത്. ബുദ്ധിജീവിയായ അയാള്‍ മദ്യത്തിന് അടിമയാണ്. ഭാര്യയെയും മകനെയും പിരിഞ്ഞ് അയാള്‍ ഒറ്റയ്ക്കാണ് താമസം. ടി.വിയില്‍ 'ഷോ ദ സ്പിരിറ്റ്' എന്ന ശ്രദ്ധേയമായ പരിപാടി അവതരിപ്പിക്കുന്ന അയാള്‍ സമൂഹത്തിലെ തിന്മകളെ ശക്തമായി വിമര്‍ശിക്കുന്നയാളാണ്. എന്നാല്‍ സ്വന്തം തെറ്റുകള്‍ അയാള്‍ തിരിച്ചറിയുന്നില്ല. അസാധാരണമായ ധിഷണ പ്രകടിപ്പിക്കുന്ന അയാളുടെ ഗുണവിശേഷങ്ങള്‍ ഒന്നൊന്നായി മദ്യം കവര്‍ന്നെടുക്കുന്നു. അനാര്‍ക്കിസത്തെ മദ്യവുമായി ഇണക്കുന്ന പ്രവണത നമ്മുടെ സമൂഹത്തില്‍ സര്‍വസാധാരണമാണല്ലോ. ബുദ്ധിജീവികളുടെ പ്രത്യേകതകളായി മദ്യപാനവും താടിയും തുണിസഞ്ചിയുമെല്ലാം കടന്നുവരുന്നത് ഒരു കാലത്തെ പ്രത്യേകതയാണ്. ജോണ്‍ എബ്രഹാമും എ. അയ്യപ്പനുമെല്ലാം നീന്തിക്കടന്ന മദ്യസാഗരം ചിലരെയെല്ലാം പ്രചോദിപ്പിച്ചിട്ടുണ്ടാവാം. രഘുനന്ദനും സുഹൃത്തുക്കളും അനാര്‍ക്കിസത്തെ ആഘോഷിക്കുന്നത് മദ്യത്തോടൊപ്പമാണ്. യുവകവി സുഹൃത്ത് മദ്യപാനത്തിന്‍റെ കരാള ഹസ്തത്തില്‍പെട്ട് രക്തം തുപ്പി മരിക്കുന്ന രംഗമാണ് രഘുനന്ദനില്‍ ആഘാതമേല്‍പ്പിക്കുന്നത്. പ്രതിഭാശാലികളായ പലരും ഇത്തരത്തില്‍ അകാലത്തില്‍ പൊലിഞ്ഞുപോയത് നാം മനസ്സിലാക്കിയിട്ടുണ്ട്.
എന്തിനെയും ഉന്മാദമാക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. വിശ്വാസവും മതവും രാഷ്ട്രീയവും പ്രതിഷേധവുമെല്ലാം ഉന്മാദമായി കൊണ്ടാടുന്നു. 'ഉന്മാദത്തിന്‍റെ' പല മുഖങ്ങളാണ് നാം മദ്യപാനവുമായി ബന്ധപ്പെട്ട് കാണുന്നത്. സ്വന്തം കുഞ്ഞുങ്ങളെ വരഞ്ഞുകീറി ചോരയൊലിപ്പിച്ച് സന്തോഷിക്കുന്ന മനസ്സികാവസ്ഥയിലേയ്ക്ക് പിതാക്കന്മാര്‍ നിപതിക്കുന്നതെന്തുകൊണ്ട്? ഭാര്യയെയും മകളെയും അമ്മയെയും തിരിച്ചറിയാനാവാത്ത അധമനായി ഒരുവന്‍ മാറുന്നതെന്തുകൊണ്ട്? 'ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാര്‍ത്തനാദം പോലെ പായുന്ന ജീവിതം' എന്ന അവസ്ഥയ്ക്കു പിന്നില്‍ മദ്യത്തിന്‍റെ പങ്ക് നിര്‍ണായകമാണ്. 'പൊട്ടിച്ചിരിച്ചു കൊണ്ടൊരു പരിചയം ഗ്ലാസു നീട്ടുന്നു, ഇതു ചെകുത്താന്‍റെ രക്തം കുടിക്കുക' എന്ന രീതിയിലുള്ള സൗഹൃദ കൂട്ടായ്മകള്‍ വരുത്തി തീര്‍ക്കുന്ന മാനസ്സികാവസ്ഥകള്‍ സ്ത്രീയെയും കുഞ്ഞുങ്ങളെയും നരകഭൂമിയിലേക്കാണ് തള്ളിവിടുന്നത്. "കുടിച്ചു നശിക്കാന്‍ തിരക്കുകൂട്ടുമ്പോള്‍ അവന്‍റെ (മകന്‍റെ) മുഖം ഓര്‍മിക്കുക" എന്ന സ്പിരിറ്റിലെ അലക്സി രഘുനന്ദനനോടു പറയുന്നത് നാം ഓര്‍ക്കേണ്ടതാണ്.
കവിസുഹൃത്തിന്‍റെ ഭീകരമരണത്തിനു സാക്ഷ്യം വഹിച്ച രഘുനന്ദനന്‍ ഉറച്ച ചില തീരുമാനങ്ങളെടുക്കുന്നു. മദ്യക്കുപ്പികള്‍ ഒന്നൊന്നായി കാലിയാക്കി അയാള്‍ ഭൂതകാലത്തിനു ബലിയിടുന്നു. താന്‍ നടന്നുവന്ന വഴികള്‍ തനിക്കു നഷ്ടപ്പെടുത്തിയത് ജീവിതത്തിന്‍റെ യഥാര്‍ത്ഥ സന്തോഷവും വെളിച്ചവുമായിരുന്നുവെന്ന വെളിപാടുണര്‍ന്ന മനസ്സുമായി അയാള്‍ യാത്ര തുടരുന്നു. ഓരോ കാഴ്ചയും പുതുമയുള്ളതായി, തനിമയുള്ളതായി അയാള്‍ക്കനുഭവപ്പെടുന്നു. ജ്വലിക്കുന്ന സൂര്യവെളിച്ചത്തെ അഭിമുഖീകരിക്കുന്ന രഘുനന്ദന്‍ എല്ലാം പുതുമയോടെ കാണുകയാണ്. ഇരുള്‍ഗഹ്വരമായി മാറിയിരുന്ന തന്‍റെ മനസ്സിന്‍റെ കാളിമ നീക്കാനാണ് പിന്നീട് അയാള്‍ ശ്രമിക്കുന്നത്. സ്വന്തം ജീവിതത്തില്‍, ബന്ധങ്ങളില്‍ എല്ലാം പുതിയൊരു ചൈതന്യം അയാള്‍ നീട്ടിയെടുക്കുന്നു. 'ആല്‍ക്കഹോളിക്' വിഷം കലര്‍ന്ന തലച്ചോറിനെ കഴുകിവെടിപ്പാക്കാനുള്ള ശ്രമത്തില്‍ തന്‍റെ ജീവിതമാകെ ശ്രുതി കണ്ടെത്തുമ്പോള്‍ അയാളില്‍ പുതുശക്തിയായി അത് പടരുന്നു.
മദ്യപനായ മണി എന്ന പ്ലംബറുടെ ഒരു ദിവസം ചിത്രീകരിച്ചുകൊണ്ട് 'ഷോ ദ സ്പിരിറ്റില്‍' തന്‍റെ പശ്ചാത്താപം രഘുനന്ദനന്‍ വെളിപ്പെടുത്തുന്നു. കേരളീയ ഗൃഹങ്ങളില്‍ സര്‍വസാധാരണമായ കാഴ്ചയിലേയ്ക്ക് ശ്രദ്ധ തിരിക്കുന്ന തത്സമയ സംപ്രേക്ഷണം പുതിയൊരനുഭവമാണ് കാഴ്ചക്കാരില്‍ നിറയ്ക്കുന്നത്.
സുഹൃത്തു നല്‍കിയ മദ്യം നിറച്ച ഗ്ലാസ്സ് കൈയിലെടുത്തു നില്‍ക്കുമ്പോള്‍ 'സണ്ണി' എന്ന ഓമനപ്പേരുള്ള, ഊമയായ മകന്‍ രഘുനന്ദനന്‍റെ അടുത്തുനിന്നു മാറുകയും തന്‍റെ ഇഷ്ടക്കേട് പ്രകടിപ്പിക്കുകയും ചെയ്തു. ആ അച്ഛന്‍ മദ്യം നിലത്തൊഴിച്ച് തന്‍റെ ഒരു വലിയ തെറ്റില്‍ നിന്ന് മുക്തിനേടി സ്നേഹത്തിന്‍റെ പുതിയൊരു വാതായനം തുറന്നിടുന്നു. ജീവിതത്തിന് പുതിയൊരര്‍ത്ഥം ലഭിച്ചതുപോലെ, പുതുമഴ നനയുന്നതുപോലെ ഒരാത്മഹര്‍ഷം അയാളില്‍ നിറയുന്നു.
സന്തോഷിക്കാനായി മദ്യപിക്കുന്ന നാം യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നുണ്ടോ? ബിവറേജസിന്‍റെ ക്യൂവില്‍നിന്ന് മരണത്തിലേക്കുള്ള വേഗത കൂടുന്ന പാസ് വാങ്ങാന്‍ സമൂഹത്തിലെ ഒരുവലിയ വിഭാഗം ശ്രമിക്കുന്നതെന്തുകൊണ്ട്? അവരിലെ എന്തു ശൂന്യതയാണ് അവര്‍ നിറയ്ക്കാനാഗ്രഹിക്കുന്നത്? തലച്ചോറിനെ വിഷമയമാക്കി മാനസ്സിക രോഗിയായി പ്രിയപ്പെട്ടവരെ പോലും തിരിച്ചറിയാനാവാത്ത കിരാതനായി ഒരുവന്‍ മാറുമ്പോള്‍ അഴിയാക്കുരുക്കുകള്‍ മുറുകുകയാണ്. മദ്യത്തിനടിമയായവന്‍ രോഗിയാണ്. ഈ രോഗം അയാളെയും കുടുംബത്തെയും സമൂഹത്തെയും ഒന്നാകെ നശിപ്പിക്കുന്നു.
ഇവിടെയാണ് രഞ്ജിത് 'സ്പിരിറ്റി'ലൂടെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്. ഇതൊരു സോദ്ദേശ്യ സിനിമ തന്നെയാണ്. കഥാപാത്രങ്ങളുടെ പ്രകടനവും സാങ്കേതികമേന്മയുമെല്ലാം പ്രധാനമാകുമ്പോഴും ഈ സിനിമയുടെ പ്രമേയം മലയാളിക്ക് പ്രധാനമാണ്. മദ്യപിക്കാന്‍ ഗ്ലാസ്സുയര്‍ത്തുന്ന ബുദ്ധിജീവിയും സാധാരണക്കാരനും ചിലമുഖങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്. സുബോധത്തോടെ ജീവിതത്തെ നേരിടേണ്ടതിന്‍റെ ആവശ്യകത നാം തിരിച്ചറിയുന്നു. 'ബൊഹീമിയന്‍ ഗാനം പകുതിയില്‍ പതറി നിര്‍ത്തി ഇറങ്ങിപ്പോയ' പ്രതിഭാശാലികള്‍ സാദ്ധ്യതകള്‍ നിറഞ്ഞ സാഗരങ്ങളായിരുന്നു എന്നോര്‍ക്കുക. 'സ്പിരിറ്റ്' ആത്മാവു കണ്ടെത്താനുള്ള ആഹ്വാനമാണ്. മയക്കുവിദ്യകള്‍ക്ക് പണയംവെച്ച ഇന്ദ്രിയങ്ങളെയും മനസ്സിനെയും ആത്മാവിനെയും തനിമയിലേക്ക് വിളിച്ചുണര്‍ത്താനുള്ള ക്ഷണം.