ആര്യന്മാരുടെ മാത്രം കുത്തകയാണ് സ്പോര്‍ട്ട്സ് രംഗമെന്നും ആര്യന്മാരല്ലാത്തവര്‍ക്ക് മത്സരിക്കാന്‍പോലും അവകാശമില്ലെന്നും ഉറക്കെ ചിന്തിക്കുകയും അതിനനുസരിച്ചുള്ള തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന സ്വേച്ഛാധിപതിയുടെ നാട്ടിലേക്ക് തന്‍റെ ഒളിമ്പിക്സ് സ്വപ്നങ്ങളുമായി ഒരു നീഗ്രോ വംശജന്‍ കടന്നുചെന്നു. 1936-ല്‍ ബര്‍ലിനില്‍വെച്ചു നടന്ന പതിനൊന്നാമത് ലോകഒളിമ്പിക്സ് വേദിയാണ് രംഗം. 1935-ല്‍ ആന്‍ ആര്‍ബറില്‍Big Ten Championships നേടിയ അമേരിക്കക്കാരനായ ജെസ്സി ഓവണ്‍സ് എന്ന നീഗ്രോയാണ്, ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനെത്തിയത്. അമേരിക്കയിലെ ഒരു അടിമയുടെ ചെറുമകന്‍ ആയിരുന്നു ഇദ്ദേഹം. അന്നത്തെ ഇദ്ദേഹത്തിന്‍റെ പ്രകടനത്തെ വെല്ലാന്‍മാത്രം മികവുതെളിയിച്ച ഒരു കായികപ്രകടനം കാണാന്‍ കായികപ്രേമികള്‍ക്ക് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു- 1984-ല്‍ ലോസ് ആഞ്ചല്‍സില്‍ കാള്‍ലൂയിസ് രംഗത്തെത്തും വരെ.
1936-ലെ ഒളിമ്പിക്സ് ബര്‍ലിനില്‍വെച്ചു നടത്താന്‍ ലോക ഒളിമ്പിക്സ് സംഘടന 1931-ല്‍ തീരുമാനിച്ചത്, ഒന്നാംലോകമഹായുദ്ധത്തിനുശേഷം തങ്ങള്‍ക്കു ലഭിച്ച ലോക അംഗീകാരമായിട്ടാണ് ജര്‍മ്മനി ഇതിനെ കണക്കാക്കിയത്. ഇക്കാലഘട്ടത്തില്‍ ജര്‍മ്മനിയില്‍ ഹിറ്റ്ലറുടെ ഏകാധിപത്യഭരണം വളരെ ശക്തമായിരുന്നു. രാഷ്ട്രീയ എതിരാളികളെയും വിമതരെയും വധിക്കുകയോ, നിശ്ശബ്ദരാക്കുകയോ ചെയ്തിരുന്നു. തന്‍റെ സൈനികബലം വര്‍ദ്ധിപ്പിച്ച ഹിറ്റ്ലര്‍ യഹൂദര്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്തു.
ഹിറ്റ്ലര്‍ക്ക് ആദ്യകാലത്ത് ഒളിമ്പിക്സിനോട് വലിയ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. നാസി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഒളിമ്പിക്സ് സഹായകരമാകുമെന്ന്, അദ്ദേഹത്തിന്‍റെ മന്ത്രി, ജോസഫ് ഗോബെല്‍സ് (Joseph Goebbels) ഉപദേശിച്ചു. ഇതിന്‍പ്രകാരം ഹിറ്റ്ലര്‍ ജര്‍മ്മനിയിലെ കായികപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു തുടങ്ങി.
നാസിഭരണകൂടത്തിന്‍റെ വര്‍ഗ്ഗീയവാദത്തിന്‍റെ പേരില്‍ ഐക്യനാടുകളിലെ പല രാജ്യങ്ങളും ഒളിമ്പിക്സ് ബഹിഷ്കരിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും, ഏറെ വാദപ്രതിവാദങ്ങള്‍ക്കുശേഷം അമേരിക്ക ഒളിമ്പിക്സില്‍ പങ്കെടുക്കുമെന്ന് തീരുമാനമായി. യഹൂദരുടെനേരെ നടത്തുന്ന നാസിക്രൂരതയില്‍ പ്രതിഷേധിച്ച് ഐക്യനാടുകളിലെ പ്രമുഖരായ പല അത്ലറ്റുകളും ചില രാജ്യങ്ങളും ഒളിമ്പിക്സില്‍നിന്നും സ്വയം വിട്ടുനിന്നു. നാസിമേല്‍ക്കോയ്മയ്ക്കെതിരെ പ്രതികരിക്കാന്‍ വേണ്ടി സ്പെയിന്‍കാര്‍ 'ജനങ്ങളുടെ ഒളിമ്പിക്സ്' (People’s Olympics) നടത്താന്‍ തീരുമാനിച്ചുവെങ്കിലും സ്പാനീഷ് ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടതിനാല്‍ ആ ശ്രമം അവര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നു. ലോകസമ്മര്‍ദ്ദത്തെ തുടര്‍ന്ന് യഹൂദര്‍ക്കും നാസികള്‍ ഒരു ടീം അനുവദിച്ചു. ഹെലന്‍ മെയര്‍ആയിരുന്നു ക്യാപ്റ്റന്‍. എന്നാല്‍ നാസികളുടെ കര്‍ശന നിയന്ത്രണത്തിലായിരുന്ന മാധ്യമങ്ങളെ, ഹെലന്‍ മെയറെ നാസികളെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ നിന്നും Joseph Goebbels വിലക്കി.
ലോകത്തിലെ മറ്റ് നിരവധി രാഷ്ട്രങ്ങളില്‍നിന്നും കറുത്തവര്‍ഗ്ഗക്കാരും യഹൂദരുമൊക്കെ മത്സരാര്‍ത്ഥികളായി എത്തിയിരുന്നു. നാസി ഭരണകൂടം ഇവരോട് സാമാന്യമര്യാദയ്ക്കു നിരക്കുന്ന രീതിയിലുള്ള ആതിഥ്യമര്യാദപോലും കാണിക്കാന്‍ താല്‍പര്യപ്പെട്ടില്ല. തൊലിയുടെ നിറത്തിന്‍റെയും ജനിച്ച വംശത്തിന്‍റെയും പേരില്‍ മനുഷ്യരെ അകറ്റിനിര്‍ത്തിയിരുന്ന നാസിത്തലവന്‍റെ നിലപാടുകളെ ജെസ്സി ഓവണ്‍സ് തെല്ലും മുഖവിലയ്ക്കെടുത്തില്ല. പിന്നീടൊരിക്കല്‍ ഈ സംഭവത്തെക്കുറിച്ച് ജെസ്സിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: "രാഷ്ട്രീയക്കളികളില്‍ പങ്കുചേരാന്‍ എനിക്കു താത്പര്യമില്ല. ഏതെങ്കിലും ഒരു അത്ലറ്റിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമല്ല ഞാന്‍ ബര്‍ലിനില്‍ പോയത്. ഓരോരുത്തനും തന്‍റെ പരമാവധി ചെയ്യുക എന്ന ഒളിമ്പിക്സ് ധര്‍മ്മത്തിന്‍റെ പൂര്‍ത്തീകരണത്തിനായി ഞാന്‍ എന്‍റെ കഴിവിന്‍റെ പരമാവധി നേടാന്‍ പരിശ്രമിച്ചു." (I wanted no part of politics and I wasn’t in Berlin to compete against any one athlete. The purpose of the Olympics, any was to do your best...)സ്വേച്ഛാധിപത്യത്തിന്‍റെ ഭ്രാന്തമായ ആവേശത്തില്‍ മാനുഷിക മൂല്യങ്ങളെ ചവിട്ടിയരച്ച ഹിറ്റ്ലറുടെ ഉള്‍ക്കാഴ്ചയില്ലായ്മയ്ക്കേറ്റ ഒരു പ്രഹരം തന്നെയായിരുന്നു ഈ നീഗ്രോയുടെ വിജയം. ഒരു മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ ഉത്കൃഷ്ടത ഉയര്‍ത്തിക്കാട്ടി 1936ലെ ബര്‍ലിന്‍ ഒളിമ്പിക്സ്.
വംശസിദ്ധാന്തത്തെ മറികടന്ന ഒളിമ്പ്യന്‍
49 രാഷ്ട്രങ്ങളില്‍ നിന്നെത്തിയ നാലായിരത്തോളം കായികതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ബര്‍ലിന്‍ ഒളിമ്പിക്സിന് 1936 ആഗസ്റ്റ് ഒന്നിന് ദീപം തെളിഞ്ഞു. ആര്യന്‍ വംശജരുടെ നേട്ടങ്ങളില്‍ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, മെഡല്‍ ജേതാക്കള്‍ക്ക് ഹസ്തദാനം നല്കിക്കൊണ്ട് ഹിറ്റ്ലര്‍ സ്റ്റേഡിയത്തില്‍ തന്നെയുണ്ടായിരുന്നു. 348 അത്ലറ്റുകളെ അണിനിരത്തിയ ജര്‍മ്മനി നിരവധി വിജയങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഹൈജംപില്‍ മൂന്നു മെഡല്‍ നേടിയ ഉടനെ ഹിറ്റ്ലര്‍ സ്റ്റേഡിയത്തില്‍നിന്നും പുറത്തുപോയി, അവരെ അഭിനന്ദിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഈ പ്രശ്നത്തില്‍ ലോക ഒളിമ്പിക്സ് സംഘടന ഇടപെട്ടു. മെഡല്‍ ജേതാക്കളെയെല്ലാവരെയും ഒരേരീതിയില്‍ അഭിനന്ദിക്കണം, അതിനു തയ്യാറല്ലെങ്കില്‍ ആരെയും അഭിനന്ദിക്കരുത് എന്ന് അവര്‍ ഹിറ്റ്ലറോടു നിര്‍ദ്ദേശിച്ചു. ഹിറ്റ്ലര്‍ രണ്ടാമത്തെ നിര്‍ദ്ദേശമാണ് സ്വീകരിക്കാന്‍ തയ്യാറായത്.
ആ ഒളിമ്പിക്സില്‍ നാലു സ്വര്‍ണമെഡല്‍ നേടിയ ഏറ്റവും മികച്ച അത്ലറ്റായ ജെസ്സിയെ ഹിറ്റ്ലര്‍ അഭിനന്ദിച്ചതേയില്ല. ഹിറ്റ്ലറുടെ വര്‍ഗ്ഗീയബോധം അതിനയാളെ അനുവദിച്ചില്ല. ഒളിമ്പിക്സ് സംഘടനയുടെ രണ്ടാമത്തെ നിര്‍ദ്ദേശം സ്വീകരിച്ച ഹിറ്റ്ലര്‍, ജെസ്സിയെ അഭിനന്ദിക്കാതിരുന്നതിലൂടെ നേരിട്ട് ഇദ്ദേഹത്തെ അധിക്ഷേപിച്ചില്ലായെങ്കിലും, പരോക്ഷമായി അതൊരു അധിക്ഷേപം തന്നെയായിരുന്നു. കാരണം, അദ്ദേഹം മെഡല്‍ ജേതാക്കളായ ആര്യന്‍ വംശജരെ രഹസ്യമായി വിളിച്ച് അഭിനന്ദിക്കുകയും ഹസ്തദാനം നല്കുകയും ചെയ്തു. ഈ നടപടിയിലൂടെ, ജേതാക്കളായ അവര്‍ണരെയും യഹൂദരെയും ജിപ്സികളെയും ഏറ്റവും മോശമായ രീതിയില്‍ അവഗണിക്കുകയാണ് ഹിറ്റ്ലര്‍ ചെയ്ത ത്. നാലു സ്വര്‍ണ്ണമെഡലുകളോടെ റെക്കോര്‍ഡു വിജയം നേടിയ ജെസ്സി ഓവണ്‍സിന് അര്‍ഹിക്കുന്ന അംഗീകാരം നല്കാന്‍ ആതിഥേയ രാജ്യം തയ്യാറായില്ല.
തനിക്കും ഒരു സ്വപ്നമുണ്ടെന്നും പരിശ്രമത്തിലൂടെ അതു നേടിയെടുക്കാനാകുമെന്നും ജെസ്സി തെളിയിച്ചു. അദ്ദേഹം പറയുന്നു:"നമുക്കെല്ലാവര്‍ക്കും സ്വപ്നങ്ങളുണ്ട്. അതു സാക്ഷാത്കരിക്കാന്‍ ഉറച്ച തീരുമാനവും അര്‍പ്പണബോധവും അച്ചടക്കവും പരിശ്രമവും വേണം." (We all have dreams. In order to make dreams come into reality, it takes an awful lot of determination, dedication, self-discipline and effort).
ബാല്യം
1913 സെപ്റ്റംബര്‍ 12ന് അമേരിക്കയിലെ അല്‍ബാനയിലായിരുന്നു ജെസ്സിയുടെ ജനനം. അന്ന് മാതാപിതാക്കള്‍ ഇദ്ദേഹത്തിന് നല്കിയ പേര് ജെയിംസ് (James) എന്നായിരുന്നു. പിന്നീട് ഇവരുടെ കുടുംബം ക്ലീവ്ലാന്‍റിലേയ്ക്കു മാറിത്താമസിച്ചു. അവിടെ സ്കൂളില്‍ പ്രവേശനം നേടിയപ്പോള്‍, സ്കൂള്‍ റിക്കോര്‍ഡില്‍ പേരു ചേര്‍ക്കുന്നതിനായി ടീച്ചര്‍ ജെയിംസിനോട് പേരു ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞത് തന്‍റെ വിളിപ്പേരായ 'ജെസ്സി' (J.C.) എന്നായിരുന്നു. ടീച്ചര്‍ സ്കൂള്‍ റിക്കോര്‍ഡില്‍ ജെസ്സി ഓവണ്‍സ് (Jeese Owens) എന്ന് എഴുതുകയും ചെയ്തു.
കായിക പ്രതിഭ
1928 മുതല്‍ ജെസ്സി കായികരംഗത്ത് അറിയപ്പെട്ടു തുടങ്ങി. ഹൈസ്കൂള്‍ കാലത്തുതന്നെ ട്രാക്ക് ഇനത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഓഹിയോ സ്റ്റെയിറ്റ് ചാമ്പ്യന്‍ഷിപ്പ് നേടി. ചിക്കാഗോയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റില്‍ 9.4 സെക്കന്‍റ് സമയംകൊണ്ട് 100 യാര്‍ഡ് (ഏകദേശം 100 മീറ്റര്‍) ഓടിയെത്തി ലോകറിക്കാര്‍ഡു സ്ഥാപിച്ചു.
ജെസ്സി കോളേജു വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത് ഓഹിയോ സ്റ്റെയിറ്റ് യൂണിവേഴ്സിറ്റിയാണ്. അക്കാലത്ത് ആ കോളേജ് ട്രാക്ക് സ്കോളര്‍ഷിപ്പുകളൊന്നും നല്കിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നാക്ക അവസ്ഥയിലായിരുന്ന അദ്ദേഹം പഠനകാലത്ത് പലതരം തൊഴിലുകള്‍ ചെയ്ത് ഉപജീവനമാര്‍ഗ്ഗം തേടി. പ്രാക്ടീസുകള്‍ വളരെ കൃത്യനിഷ്ഠയോടെ ചെയ്ത അദ്ദേഹം കോളേജുകള്‍ മത്സരങ്ങളില്‍ പുതിയ പല റെക്കോര്‍ഡുകളും നേടി.
1935-ല്‍ ആന്‍ ആര്‍ബറില്‍ Big Ten Championships മൂന്നു ലോകറെക്കോര്‍ഡുകള്‍ നേടി. വിമാനത്തിന്‍റെ ഗോവണിയില്‍നിന്നും വീണപ്പോഴുണ്ടായ ഒരു പരുക്ക് പുറത്തുണ്ടായിരുന്നിട്ടു കൂടി, അതിന്‍റെ വേദനയെ അവഗണിച്ചുകൊണ്ട് അടുത്ത ദിവസങ്ങളില്‍ മൂന്നു റിക്കോര്‍ഡുകള്‍കൂടി സ്ഥാപിച്ചു. 1936ലെ ബര്‍ലിന്‍ ഒളിമ്പിക്സില്‍ മത്സരിക്കാനുള്ള യോഗ്യത ജെസ്സിയെ തേടിയെത്തി.
സാമൂഹിക പ്രവര്‍ത്തകന്‍
മികച്ച ഒരു കായികതാരം മാത്രമായിരുന്നില്ല ജെസ്സി. ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. കായികരംഗത്തെ നവാഗത പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം അത്യധികം ശ്രദ്ധിച്ചു. ഇന്നത്തെപ്പോലെ അക്കാലത്ത് ഒളിമ്പിക് താരങ്ങളെ സ്പോണ്‍സര്‍ ചെയ്യാന്‍ പരസ്യകമ്പനികളോ, മറ്റു പരസ്യ വരുമാനങ്ങളോ ഒന്നും ഇല്ലായിരുന്നു. കഠിനാദ്ധ്വാനം ചെയ്താണ് ഇദ്ദേഹം ജീവിച്ചത്. ഒരു ജോലി നേടുന്നതിനായി ജെസ്സി അന്ന് എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഈ വാക്കുകളില്‍നിന്നും വ്യക്തമാണ്: "ഒളിമ്പിക്സില്‍ നേടിയ നാലു സ്വര്‍ണമെഡലുമായി നാട്ടിലെത്തിയ എനിക്ക് ലഭിച്ചത് പൊള്ളയായ അഭിന്ദനങ്ങള്‍ - ചിലര്‍ പുറത്തുതട്ടി സന്തോഷം പ്രകടിപ്പിക്കും, മറ്റുചിലര്‍ ഹസ്തദാനം നല്‍കും, ചിലരാകട്ടെ വീട്ടിലേയ്ക്കു ക്ഷണിക്കും - മാത്രമാണ്. ആരും എനിക്കൊരു ജോലി വാഗ്ദാനം ചെയ്യാന്‍ തയ്യാറായിരുന്നില്ല."
പിന്നീട് നാട്ടിലെ കായിക സംഘടനയുടെ ഡയറക്ടറായി ജെസ്സി നിയമിതനായി. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട യുവജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഇദ്ദേഹം എന്നും പ്രവര്‍ത്തിച്ചത്. അനീതിയെയും നിയമനിഷേധങ്ങളെയും ചോദ്യംചെയ്യാനുള്ള ഒരു മനഃസ്ഥിതി അദ്ദേഹത്തിനുണ്ടായിരുന്നു. ജെസ്സി പറയുന്നു: "നന്മ കണ്ടെത്തുക. അതെപ്പോഴും നിങ്ങളുടെ ചുറ്റിനും ഉണ്ട്. അത് ഉള്ളില്‍ കൊരുത്തുവയ്ക്കുക. സാവകാശം നിങ്ങള്‍ അതില്‍ വിശ്വസിച്ചു തുടങ്ങും."
പ്രഭാഷണ രംഗത്തും ഇദ്ദേഹം വളരെ ശ്രദ്ധേയനായിരുന്നു. ഇദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ പ്രചോദനപരമായിരുന്നു. "നിങ്ങളുടെ കഴിവിന്‍റെ പ്രകടനം കാണാനാണ് ആളുകള്‍ എത്തുന്നത്. അപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടതെന്താണ്? നിങ്ങളുടെ കഴിവിന്‍റെ പരമാവധി പ്രകടിപ്പിക്കുക... പത്തു സെക്കന്‍റു നേരത്തെ പ്രകടനത്തിന് ഒരുവന്‍ ജീവിതകാലം മുഴുവന്‍ പരിശീലനം നേടേണ്ടിവന്നേക്കാം." യുവജനസംഘടനകള്‍, സ്പോര്‍ട്ട്സ് മീറ്റുകള്‍, അദ്ധ്യാപക-രക്ഷാകര്‍ത്തൃസംഘടനകള്‍, സഭാസംഘടനകള്‍, പിന്നാക്കജാതി കൂട്ടായ്മകള്‍, സ്കൂള്‍-കോളേജ് തലങ്ങള്‍ എന്നിവിടങ്ങളിലൊക്കെ പ്രസംഗിക്കുന്നതിനായി ജെസ്സി ക്ഷണിക്കപ്പെട്ടിരുന്നു. അറ്റ്ലാന്‍റിക് റയിഹ്ഫീല്‍ഡ്, ഫോര്‍ഡ്, യുണൈറ്റെഡ് സെറ്റെയിറ്റ്സ് ഒളിമ്പിക്സ് തുടങ്ങിയ കോര്‍പറേഷനുകളുടെ പ്രതിനിധിയും ഉപദേശകനുമൊക്കെയായി ഇദ്ദേഹം നിയമിക്കപ്പെട്ടു.
1976-ല്‍ ഇദ്ദേഹത്തിന് അമേരിക്കയുടെ പരമോന്നത സിവിലിയന്‍ അവാര്‍ഡായ "സ്വതന്ത്രക്കിന്‍റെ മെഡല്‍" പ്രസിഡന്‍റ് സമ്മാനിച്ചു. 1979-ല്‍ "ജീവിക്കുന്ന ഇതിഹാസം" അവാര്‍ഡും സമ്മാനിക്കപ്പെട്ടു. "സ്വപ്രയത്നത്തിലൂടെ വളര്‍ന്ന് ഒളിമ്പിക്സില്‍ ഏറ്റവും ഉത്കൃഷ്ടമായ വിജയം കരസ്ഥമാക്കിയ വ്യക്തി. ഇദ്ദേഹത്തിനു തുല്യനായ മറ്റൊരു മികവുറ്റ വ്യക്തിയെ കണ്ടെത്താനാവുമെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. തന്‍റെ നേട്ടങ്ങളിലൂടെ മറ്റുള്ളവര്‍ക്കു പ്രചോദനമേകിയവന്‍" എന്നാണ് അവാര്‍ഡു നല്കിക്കൊണ്ട് പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ പറഞ്ഞത്.
മനുഷ്യവര്‍ഗ്ഗത്തെ കീഴടക്കുന്ന അധികാരദുഷ്പ്രഭുത്വത്തിനും ദാരിദ്ര്യത്തിനും വര്‍ഗ്ഗീയ മര്‍ക്കടമുഷ്ടിക്കുമെതിരെ പ്രതികരിക്കുന്ന പ്രതീകമായി മാറിയ ഒരു അത്ലറ്റ്. തന്‍റെ എല്ലാ നേട്ടങ്ങളും സഹജീവികളുടെ ഉന്നമനത്തിനായിട്ടാണ് ഇദ്ദേഹം വിനിയോഗിച്ചത്. "കായികമത്സരങ്ങളിലെ പോരാട്ടത്തിനിടയില്‍ നേടിയെടുക്കുന്ന സൗഹൃദങ്ങളാണ് യഥാര്‍ത്ഥ സ്വര്‍ണ്ണം. അവാര്‍ഡുകള്‍ ദ്രവിക്കുകയോ, തുരുമ്പെടുക്കുകയോ ചെയ്തേക്കാം. പക്ഷേ സുഹൃദ്ബന്ധങ്ങളൊരിക്കലും പൊടിപിടിച്ച് നശിക്കപ്പെടുന്നില്ലാ'യെന്ന് അദ്ദേഹം വിശ്വസിച്ചു. അടിസ്ഥാന അവകാശങ്ങള്‍പോലും നിഷേധിക്കപ്പെട്ട ജനതയുടെ സ്വാതന്ത്ര്യത്തിന്‍റെ വക്താവായിരുന്നു ജെസ്സി.
ജെസ്സി ഓവണ്‍സിന്‍റെ നാമത്തില്‍ രൂപംകൊടുത്തിരിക്കുന്ന ജെസ്സി ഓവന്‍സ് ഫൗണ്ടേഷനിലൂടെ ഇദ്ദേഹത്തിന്‍റെ പൈതൃകം ഇന്നും തുടരുന്നു. യുവ അത്ലറ്റുകളുടെ കഴിവുകളുടെ ചക്രവാള സീമ വിപുലീകരിക്കുന്നതിനാവാശ്യമായ സാമ്പത്തിക സഹായങ്ങളും സേവനങ്ങളുമൊക്കെ ഈ ഫൗണ്ടേഷന്‍ നല്കുന്നുണ്ട്.