news-details
മറ്റുലേഖനങ്ങൾ

വീണുപോയവര്‍

The Arena. അദ്ധ്യാത്മ പോരാട്ടത്തിന്‍റെ ഒരു ക്ലാസിക്കല്‍ വിവരണമാണ് ഈ ഗ്രന്ഥം. റോമിലെ കൊളോസിയത്തിന്‍റെ  രംഗവേദിയെ ഓര്‍മ്മിപ്പിക്കുന്ന ശീര്‍ഷകമാണിത്. സിംഹങ്ങള്‍ക്ക് മുമ്പിലെറിയപ്പെട്ട രക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന തലക്കെട്ട്. ആദ്യകാലം സഭ നേരിട്ട പ്രത്യക്ഷ പീഡനങ്ങളുടെ കാഠിന്യം കുറഞ്ഞുവന്നുവെന്നത് മിലാന്‍ വിളംബരത്തിനു ശേഷമുള്ള ചരിത്രമാണ്. എന്നാല്‍ രാജകീയ ആനുകൂല്യങ്ങള്‍ ആസ്വദിച്ചു തുടങ്ങിയ സഭ ആന്തരിക ജീര്‍ണ്ണതയെന്ന ആതുരതയിലേക്കാണ് വീണുപോയത്. ദൃശ്യപോരാട്ടങ്ങള്‍ അദൃശ്യതലത്തിലേക്ക് മാറ്റപ്പെട്ടു. പൗലോസെഴുതിയ പോലെ, നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളോടല്ല. വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടുമത്രേ!

നമ്മുടെ വിചാരലോകത്തിന്‍റെ അഗാധങ്ങളിലൊളിച്ചു പാര്‍ക്കുന്ന വന്യകാമനകളോടുള്ള അവിരാമ സമരമാണത്. പഠിച്ച ജന്തുവിന്‍റെ കണ്ടീഷണല്‍ മനസ്സും പഠിക്കാത്ത ജന്തുവിന്‍റെ നൈസര്‍ഗ്ഗിക മനസ്സും തമ്മിലുള്ള തര്‍ക്കങ്ങള്‍ മാതിരിയാണ് ആത്മസംഘര്‍ഷങ്ങള്‍ എനിക്ക് തോന്നിയിട്ടുള്ളത്. ദ്രവ്യാഗ്രഹം, ജഡമോഹം, കുന്നായ്മയും കുത്തിത്തിരിപ്പും കൂട്ടിക്കൊടുപ്പും, വ്യര്‍ത്ഥഭാഷണം, സ്വാര്‍ത്ഥത, ആര്‍ത്തി, നിഗളം, അലസത, നിരാശ, മുന്‍വിധികള്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരു മഹാസൈന്യമാണ് ചൂഴ്ന്നുനില്ക്കുക. പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ പരീക്ഷ കടക്കാനാവില്ലെന്നാണ് തമ്പുരാന്‍ പറഞ്ഞും ചെയ്തും വെച്ചത്. അൃലിമ യുടെ അവതാരികയില്‍ ഗ്രന്ഥകാരന്‍ ബിഷപ്പ് ഇഗ്നാത്തിയോസ് ബ്രയാന്‍ കാനിനോവിന്‍റെ വാക്കുകളെക്കുറിച്ച് ഒരു പരാമര്‍ശമുണ്ട്. Bishop speaks to us all, whether the monks or not , explain how we may control and transform the beast within - the lions and howling wolves of our inner jungle - and to build in the heart Jerusalem, the city of peace. ഉള്‍ക്കാട്ടിലെ വന്യതകളോടു പോരാടി നേടുന്ന ആന്തരിക ശാന്തിയെക്കുറിച്ചാണ് പറഞ്ഞുവെയ്ക്കുക. അനുദിന സുവിശേഷ ധ്യാനം, അവിരാമജപം, മരണബോധം, ജീവിതലാളിത്യം, പരിത്യാഗം, ദാനം, നിതാന്തജാഗ്രത എന്നിങ്ങനെ നിരവധി യുദ്ധമുറകളെ അഭ്യസിപ്പിക്കുന്ന ഈ ഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നതത്രയും ഈ അദൃശ്യ പോരാട്ടത്തെക്കുറിച്ചാണ്.

ക്രിസ്തുവിന്‍റെ കൂടെ നടന്നിട്ടും അവനോടൊപ്പം ചിന്തിക്കാനാവാതെ വീണുപോയവര്‍ പിന്നെയും പിന്നെയും അവന്‍റെ കൈ പിടിച്ചു കയറി മരണത്തോളം അവനായി ജീവിച്ചതിന്‍റെ കഥയും കഥനവുമല്ലേ പുതിയ നിയമം. തിരഞ്ഞെടുക്കപ്പെട്ടവന്‍ മുന്നില്‍ നില്ക്കേണ്ടവനാണ്. ഏതു പോരാട്ടത്തിലും മുന്നില്‍ നില്ക്കുന്നവനാണ് ആദ്യം വെട്ടേല്ക്കുക. പരിശീലനം നേടിയ കാവല്‍ക്കാരെ വീഴ്ത്തുക എന്നതാണ് പിശാചിന്‍റെ തന്ത്രം. പിന്നെ അത്രയൊന്നും കര്‍ക്കശക്കാരല്ലാത്ത ലോകമയന്മാരെ വീഴ്ത്താന്‍ എളുപ്പമാകുമെന്ന് ആ കൗശലക്കാരനറിയാം. അതുകൊണ്ട് തന്നെയാണ് സഖേ, തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം എക്കാലത്തും ജനസംഘത്തിന്‍റെ പ്രാര്‍ത്ഥന നിരന്തരം ചോദിച്ചുവാങ്ങുന്നത്.

You can share this post!

തോറ്റവന്‍റെ നിലവിളി

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts