news-details
മറ്റുലേഖനങ്ങൾ

പ്രസാദത്തിലേക്ക് പതിനാലു പടവുകള്‍ ബന്ധങ്ങള്‍

വിഷാദരോഗ-(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാലുദിവസത്തെ മരുന്നില്ലാ ചികിത്സയായ മനോനിലചിത്രണം(mood mapping) എട്ടാം ദിവസത്തിലേക്കു കടക്കുന്നു. ബന്ധങ്ങളും മനോനിലയും തമ്മിലുള്ള ബന്ധമാണ് ഈ അധ്യായത്തില്‍ നാം ചര്‍ച്ചചെയ്യുക.

ടോം മാത്യു

"മനോഹരമായ ബന്ധങ്ങള്‍ നിങ്ങളുടെ ജീവിതം മനോഹരമാക്കുന്നു."

ആന്‍റണി റോബിന്‍സ് നിങ്ങളുടെ ബന്ധങ്ങള്‍

നല്ല ബന്ധങ്ങള്‍ സമ്മാനിക്കുന്ന പിന്തുണയും സുരക്ഷിതത്വവും എടുത്തു പറയേണ്ടതില്ല. സുശക്തമായ ബന്ധങ്ങള്‍ വിഷാദത്തില്‍നിന്ന് രക്ഷിക്കുന്നു. ശക്തമായ പിന്തുണ തിരിച്ചടികളില്‍ തകരാതെ നിലനിര്‍ത്തുന്നു. മാനസികമായി തകരുമ്പോള്‍ കുടുംബവും കൂട്ടുകാരും ഉന്മേഷം പകരുന്നു. കുടുംബത്തിന്‍റെയും കൂട്ടുകാരുടെയും വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒന്നിനും നിങ്ങളെ പിറകോട്ടടിക്കാനാവില്ല. നേരെമറിച്ച്  മോശം ബന്ധങ്ങള്‍ നാശം വിതയ്ക്കുന്നു. പരിഹാസവും ഒഴിവാക്കലും മനുഷ്യരെ ഭ്രാന്തരാക്കുന്നു. വീട്ടിലായാലും ജോലിസ്ഥലത്തായാലും മോശം ബന്ധങ്ങള്‍ ആത്മവിശ്വാസം തകര്‍ക്കുന്നു. ആരോഗ്യം തകര്‍ക്കുന്നു. ഉത്കണ്ഠയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു. ഒറ്റപ്പെടലിന് കാരണമാകുന്നു. അവരെപ്പോഴും വിഷാദത്തിന്‍റെ നിഴലിലാണ്. അവരുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും തികച്ചും മോശമായിരിക്കും.

വൈകാരിക പക്വത

നിങ്ങള്‍ക്കു ചുറ്റുമുള്ള ആളുകളുമായി പ്രസാദാത്മകമായ ബന്ധം കെട്ടിപ്പടുക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവാണ് വൈകാരിക പക്വത. ആശയവിനിമയത്തിലാണ് ഈ പക്വത പ്രകടമാകേണ്ടത്. ആശയവിനിമയം വാക്കുകളിലൂടെയും അല്ലാതെയും ആകാം. നിങ്ങളെയും നിങ്ങള്‍ക്കു ചുറ്റുമുള്ള ആളുകളെയും മനസ്സിലാക്കുന്നതിനും അതുവഴി മെച്ചപ്പെട്ട ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവാണത്. നമുക്ക് ചുറ്റുമുള്ളവരോടുള്ള സങ്കീര്‍ണമായ ബന്ധങ്ങള്‍ മനസ്സിലാക്കുന്നതിനും സന്ദര്‍ഭോചിതമായി പെരുമാറുന്നതിനുമുള്ള ഉള്‍ക്കാഴ്ചയാണത്. ആ ഉള്‍ക്കാഴ്ചയിലേക്കുള്ള ആദ്യപടി അവനവനെ അറിയുക എന്നതാണ്. നിങ്ങളുടെ പെരുമാറ്റത്തെ അറിയുക എന്നതാണ്. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ ആരാണ് എന്നറിയുക എന്നതാണ്. നിങ്ങളുടെ മേല്‍ നിങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ സാധ്യമായാല്‍, നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞാല്‍  മറ്റുള്ളവരെ മനസ്സിലാക്കാന്‍ ചില വഴികള്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നുകിട്ടും.

നിങ്ങളുടെ പെരുമാറ്റം നിങ്ങള്‍ക്കു ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് നിങ്ങള്‍ അറിയേണ്ടതുണ്ട്. മറ്റുള്ളവരുമായുള്ള ഇടപഴകലില്‍ കുറച്ചുകൂടി വിവേകവും പക്വതയും പുലര്‍ത്താന്‍ അതു നിങ്ങളെ സഹായിക്കും. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും ചുറ്റുമുള്ളവരിലുളവാക്കുന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക. അല്പസമയമെടുത്തുതന്നെ അതു ഗ്രഹിക്കുക. മിക്കവാറും നാം നമ്മുടെ ലോകത്തും നമ്മുടെ പ്രവൃത്തികളിലുമാകും കഴിയുക. മറ്റുള്ളവരെ അതെങ്ങനെ ബാധിക്കുന്നു എന്ന് നാം നോക്കാറില്ല. ഇനി അതു ശ്രദ്ധിക്കുക. അതാണ് ഉള്‍ക്കാഴ്ചയിലേക്കുള്ള ആദ്യപടി. മനുഷ്യനിലെ വ്യത്യസ്തതകളെയും മനുഷ്യസ്വഭാവത്തിലെ സങ്കീര്‍ണതകളെയും മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത് ഈ ഉള്‍ക്കാഴ്ചയുടെ അഭാവത്താലാണ്.

നിങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ആളുകളുടെ അഭിപ്രായം ചോദിക്കുകയും നിങ്ങളുടെ പെരുമാറ്റം അവരില്‍ സൃഷ്ടിക്കുന്ന പ്രതികരണം എന്തെന്ന് ആരായുകയും ചെയ്യുന്നത് അകക്കാഴ്ചയിലേക്കു നയിക്കാന്‍ ഉതകുന്ന വിലപ്പെട്ട അറിവുകളാണ്. മറ്റുള്ളവര്‍ എപ്രകാരം ചിന്തിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു എന്നറിയുന്നത് നിങ്ങള്‍ക്ക് നിങ്ങളെ മനസ്സിലാക്കാന്‍ ഏറെ ഉപകരിക്കും.

വൈകാരിക പക്വതയ്ക്ക് ആവശ്യമായ അഞ്ചു കഴിവുകള്‍

വൈകാരിക പക്വതയിലേക്കും അതുവഴി സുദൃഢമായ ബന്ധങ്ങളിലേക്കും നയിക്കാനാവശ്യമായ ഘടകങ്ങളെക്കുറിച്ച് നമുക്കൊന്നു ചിന്തിക്കാം. സൃദൃഢമായ ബന്ധങ്ങള്‍ നാം ലക്ഷ്യം വയ്ക്കുന്ന സുസ്ഥിരമായ മനോനിലയിലേക്ക് നമ്മെ നയിക്കുന്നു.

1. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്

യുക്തിസഹമായി ചിന്തിക്കുന്നതിനും പെരുമാറുന്നതിനും സൗഹൃദവും സ്നേഹവും പങ്കുവയ്ക്കുന്നതിനും നിങ്ങള്‍ക്ക് സമ്മര്‍ദ്ദത്തെ അതിജീവിച്ചേ മതിയാകൂ. അപരനെ മനസ്സിലാക്കുന്നതില്‍ നിന്ന് സമ്മര്‍ദ്ദം നമ്മെ തടയുന്നു. അതു ബന്ധങ്ങളെ തകര്‍ക്കുന്നു. സമ്മര്‍ദ്ദത്തെ അതിജീവിച്ചാലേ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയൂ. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുമ്പോഴേ നിങ്ങള്‍ക്ക് നിങ്ങളാവാനും നിങ്ങളുടെ യാഥാര്‍ത്ഥ്യത്തില്‍ അപരനോട് പെരുമാറാനും അതുവഴി സൗഹാര്‍ദ്ദാത്മകവും പ്രസാദാത്മകവുമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും കഴിയൂ. അതിനാല്‍ സമ്മര്‍ദ്ദം ഒഴിവാക്കുകയെന്നത് അത്യന്തം പ്രധാനമാകുന്നു.  

2. നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള കഴിവ്

വികാരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളാണ് ആശയവിനിമയത്തിന്‍റെ അടിസ്ഥാനം. ദേഷ്യം, സങ്കടം, ഭയം, വെറുപ്പ്, ആനന്ദം എന്നിവയാണ് അടിസ്ഥാന വികാരങ്ങള്‍. മനോനിലയാലാണ് ഈ വികാരങ്ങള്‍ നിയന്ത്രിക്കപ്പെടുക. മറ്റുള്ളവരെ ആകര്‍ഷിക്കുകയും അവരെ സന്തുഷ്ടരാക്കുകയും ചെയ്യുംവിധം ആശയവിനിമയം നടത്തേണ്ടതിന് നിങ്ങള്‍ക്ക് നിങ്ങളുടെ വികാരങ്ങളുടെ മേല്‍ നിയന്ത്രണം ഉണ്ടാവണം. അവ നിങ്ങളുടെ പ്രവൃത്തികളെയും നിങ്ങളുടെ ബന്ധങ്ങളെയും എപ്രകാരം സ്വാധീനിക്കുന്നു എന്നറിയണം. അതുവഴിയുണ്ടാകുന്ന വൈകാരിക പക്വതയത്രേ ആരോഗ്യകരമായ ആശയവിനിമയത്തിന് അടിസ്ഥാനം.

3.  വാക്കുകള്‍ കൂടാതെയുള്ള ആശയവിനിമയത്തിനുള്ള കഴിവ്.

ഫലപ്രദമായ ആശയവിനിമയത്തിന് വാക്കുകള്‍ ആവശ്യമില്ല. സംസാരത്തെക്കാള്‍ വേഗതയില്‍ മൗനത്തില്‍ ആശയങ്ങള്‍ കൈമാറപ്പെടുന്നു. മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും ബന്ധങ്ങളെ നേര്‍വഴിക്കാക്കുന്നതിനും സംസാരരഹിതമായ ആശയവിനിമയമത്രേ  ഉത്തമം. കണ്ണുകള്‍ തമ്മില്‍, മുഖഭാവത്തില്‍, സ്വരഭേദങ്ങളില്‍, നില്‍പ്പില്‍, ഇരുപ്പില്‍, ചലനങ്ങളില്‍, സ്പര്‍ശത്തില്‍, ശരീരഭാഷയില്‍ ഒക്കെ ആശയവിനിമയം നടക്കുന്നു. ആ തിരിച്ചറിവ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു. അതു പൊതുവായ അന്തരീക്ഷത്തെയും പ്രസാദാത്മകമാക്കുന്നു.

4. കളിതമാശകള്‍ക്കുള്ള കഴിവ്

നര്‍മ്മബോധവും സഹൃദയത്വവും സംഘര്‍ഷങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നും മോചനം നല്കുന്നു. സരസത പ്രസാദാത്മകതയ്ക്ക് വഴിവെയ്ക്കുന്നു. അതു മനോനിലയെ ഉദ്ദീപിപ്പിക്കുന്നു. വിഷാദവും ദുഃഖവും അകറ്റുന്നതിനുള്ള ആന്തരിക പ്രസാദം അതു നമുക്കു നല്കുന്നു. അതു പ്രസാദാത്മകമായ ബന്ധങ്ങളിലേക്കു നയിക്കുന്നു.

5. ബന്ധങ്ങളിലെ ഉരസലുകള്‍ പരിഹരിക്കുന്നതിനുള്ള കഴിവ്

വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളോടും വിയോജിപ്പുകളോടും നിങ്ങളുടെ പ്രതികരണം ഒന്നുകില്‍ ശത്രുതയ്ക്കും പരിഹരിക്കാനാകാത്ത അകല്‍ച്ചയ്ക്കും വഴിവെച്ചേക്കാം. അല്ലെങ്കില്‍ അതു പരസ്പരവിശ്വാസത്തിലേക്കും ബന്ധദാര്‍ഢ്യത്തിലേക്കും നയിച്ചേക്കാം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ കഴിവുണ്ടെങ്കില്‍ അഭിപ്രായവ്യത്യാസങ്ങളോടും വിയോജിപ്പുകളോടും അനുരഞ്ജനപ്പെടാനും അതിവേഗം സംഘര്‍ഷം ഒഴിവാക്കാനും നിങ്ങള്‍ക്കു സാധിക്കും. സംഘര്‍ഷങ്ങള്‍ ആരോഗ്യകരമായി പരിഹരിക്കപ്പെടുമ്പോള്‍ ആളുകള്‍ക്കിടയില്‍ വിശ്വാസം പതിന്മടങ്ങ് വര്‍ധിക്കും. ആരോഗ്യകരമായ ബന്ധങ്ങള്‍ക്കും ആരോഗ്യകരമായ മനോനിലയ്ക്കും വിശ്വാസം അതിപ്രധാനമാണെന്നു നാം മുന്നേ കണ്ടുകഴിഞ്ഞല്ലോ.
(തുടരും)

You can share this post!

സൂക്ഷ്മത

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts