യേശു പഠിപ്പിച്ച പാഠങ്ങളില്‍ മുപ്പത്തഞ്ചുശതമാനത്തോളം ഉപമകളാണ്. ധൂര്‍ത്തപുത്രനും നല്ല സമരിയാക്കാരനുമൊക്കെ സാധാരണ സംസാരത്തിലെ ശൈലീപ്രയോഗങ്ങളാണല്ലോ. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ റോഡപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്കു പരിരക്ഷ നല്കാനായി 2019ല്‍ നിലവില്‍ വന്ന നിയമത്തിനു ഗുഡ്സമരിറ്റന്‍ ആക്ട് എന്നാണു പേരു കൊടുത്തിരിക്കുന്നത്. ഉപമകള്‍ യേശുവിന്‍റെ ദര്‍ശനങ്ങളുടെ താക്കോലാണെന്നു പറയുന്നത് അതിശയോക്തിയാകില്ല.
വത്തിക്കാനില്‍ 1502ല്‍ പണിത സിസ്റ്റൈന്‍ ചാപ്പലിലെ മേല്‍ക്കൂരയില്‍ മൈക്കിള്‍ ആഞ്ചലോയുടെ പെയിന്‍റിംഗുകളാണുള്ളത്. കാലപ്പഴക്കംകൊണ്ട് അവയ്ക്കു മങ്ങലേറ്റപ്പോള്‍ അവ പുനഃസ്ഥാപിക്കാന്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു ശ്രമം 1992ല്‍ നടക്കുകയുണ്ടായി. അറിയപ്പെടുന്ന പല പെയിന്‍റിങ്ങുകാരും ചേര്‍ന്നാണ് അവ പുനഃസ്ഥാപിച്ചത്. എന്നാല്‍ പുനഃസ്ഥാപിക്കപ്പെട്ട ചിത്രങ്ങള്‍ മൈക്കിളാഞ്ചലോയോടു നീതി പുലര്‍ത്തിയില്ല എന്ന നിശിതമായ വിമര്‍ശനം പിന്നീടുണ്ടായി. (സമാനമായ വിമര്‍ശനം അശോകസ്തംഭം പുനഃസ്ഥാപിച്ചപ്പോള്‍ മോദി ഭരണകൂടം സമീപകാലത്ത് നേരിട്ടിരുന്നല്ലോ.) അപ്പോള്‍, ഒരു പെയിന്‍റിങ്ങിന്‍റെ പുനഃസ്ഥാപനം ശരിയോ, തെറ്റോ ആകുന്നത്, അതിന്‍റെ ആദ്യനിര്‍മ്മാതാവിന്‍റെ മനസ്സിനോട് അത് എത്രകണ്ട് വിശ്വസ്തത പുലര്‍ത്തുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണല്ലോ.
ഇപ്പറഞ്ഞ കാര്യത്തിന് സാധാരണ ജീവിതത്തിലും പ്രസക്തിയുണ്ട്. ജീവിതപങ്കാളികള്‍ പറയുന്നത് പരസ്പരം മനസ്സിലാക്കുന്നില്ല എന്നതാണല്ലോ കുടുംബജീവിതത്തിലെ ഒരു പ്രധാനപ്രശ്നം.
ചുരുക്കത്തില്‍, പെയിന്‍റിങ്ങിനെക്കുറിച്ചുള്ള അവസാനവാക്ക് പെയിന്‍ററുടേതാണ്; ഭാര്യ പറയുന്നതിന്‍റെ അര്‍ത്ഥം തീരുമാനിക്കേണ്ടതു ഭര്‍ത്താവല്ല, ഭാര്യതന്നെയാണ്. ഇതേ രീതിയില്‍, ഉപമയുടെ അര്‍ത്ഥം എന്തെന്നു നാം പ്രധാനമായും തിരയേണ്ടത് ഉപമയുടെ ഉറവിടത്തില്‍ത്തന്നെയാണ്.
രണ്ടു കമിതാക്കള്‍ കടല്‍ത്തീരത്തിരുന്ന് സംസാരിക്കുകയാണ്. കാമുകന് കവിതയുടെ ചെറിയൊരു അസ്കിതയുണ്ട്. അവന്‍ പറയുകയാണ്: "സൂര്യന്‍ മാനത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുവോളം ഞാന്‍ നിന്നെ പ്രണയിക്കും." കാമുകി വാനശാസ്ത്രജ്ഞയാണ്. അവളുടെ ഭാഷയും ചിന്തകളുമെല്ലാം വാനശാസ്ത്രജ്ഞയുടേതാണ്. അവള്‍ മറുപടി പറയുന്നു; "സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നില്ലല്ലോ. അപ്പോള്‍ നിങ്ങള്‍ എന്നോടു കള്ളം പറയുകയാണല്ലേ?" കാമുകന്‍റെ കവിതയെന്ന സാഹിതീരൂപത്തെ കാമുകി ശാസ്ത്രത്തിന്‍റെ ഭാഷയില്‍ കേള്‍ക്കുന്നതുകൊണ്ടാണ് അര്‍ത്ഥം ആകെ മാറിയത്. ഒരാള്‍ തമാശയായി പറയുന്നത് അങ്ങനെതന്നെ മനസ്സിലാക്കാതെ വരുമ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത് നമ്മുടെ ജീവിതത്തില്‍ സാധാരണമാണല്ലോ. ഇതേ രീതിയില്‍ ഉപമയെന്ന സാഹിതീരൂപത്തെ നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഉപമയെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള സാധ്യത ഏറെയാണ്.
ഉപമ ഒരു സാരോപദേശകഥയല്ല. സാരോപദേശകഥകള്‍ക്ക് ഏതു ലോകത്തും ഏതു കാലത്തും പൊതുവേ ഒരര്‍ത്ഥമേ ഉണ്ടാകൂ. ഉദാഹരണത്തിന്, ഉറങ്ങിപ്പോയ മുയലിന്‍റെയും ഒന്നാമതെത്തിയ ആമയുടെയും കഥയുടെ വ്യാഖ്യാനത്തിന് ഈ കഥ ആര്, ആരോടു പറഞ്ഞു എന്നു നാം കണ്ടെത്തേണ്ട കാര്യമേയില്ല. എന്നാല്‍, നാഥാന്‍ ദാവീദിനോടു പറഞ്ഞ ഉപമയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍, "ആ മനുഷ്യന്‍ നീ തന്നെ" എന്ന ദാവീദിനോടുള്ള നാഥാന്‍റെ ആക്രോശം കൂടിയേ തീരൂ. മുന്തിരിത്തോട്ടത്തിന്‍റെ ഉപമ (മത്തായി 21:33-44) യേശു പറഞ്ഞതിനൊടുക്കം പ്രധാനപുരോഹിതന്മാരും ഫരിസേയരും കോപംകൊണ്ടു നിറയുകയാണ്. അപ്പോള്‍ പ്രസ്തുത ഉപമയുടെ കേള്‍വിക്കാര്‍ ആരെന്നും അവരെ പ്രകോപിപ്പിച്ചത് എന്തെന്നും അന്വേഷിച്ചാലേ ഉപമയുടെ അര്‍ത്ഥം വ്യക്തമാകൂ. ചുരുക്കത്തില്‍ ഉപമയുടെ അര്‍ത്ഥം അതു പറയപ്പെട്ട സന്ദര്‍ഭത്തോട് അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
യേശു ഉപമകളെല്ലാം പറഞ്ഞത് കേള്‍വിക്കാരെ തിരുത്തലുകളിലേക്കോ, അനുതാപത്തിലേക്കോ, പുതിയ ദര്‍ശനത്തിലേക്കോ, പുതിയ നിലപാടുകളിലേക്കോ നയിക്കുന്നതിനു വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ യേശു ആരോടാണ് ഉപമകള്‍ പറഞ്ഞതെന്ന് നാം അവശ്യം അന്വേഷിക്കേണ്ടതാണ്.
ഉപമ പറയപ്പെട്ട സന്ദര്‍ഭത്തില്‍നിന്ന് ഉപമയെ അടര്‍ത്തിമാറ്റിയാല്‍ അതിന്‍റെ അര്‍ത്ഥം അപ്പാടെ മാറിപ്പോകാനിടയുണ്ട്. ഉദാഹരണത്തിന്, ധനവാന്‍റെയും ലാസറിന്‍റെയും ഉപമയുടെ വ്യാഖ്യാനത്തില്‍ ലാസര്‍ എങ്ങനെ സ്വര്‍ഗ്ഗത്തില്‍പ്പോയി എന്നതിനെക്കുറിച്ച് വാചാലമാകുന്ന വിശദീകരണങ്ങള്‍ കണ്ടിട്ടുണ്ട്. സത്യത്തില്‍ ഈ ഉപമ യേശു പറഞ്ഞത് പണക്കൊതിയരായ ഫരിസേയരോടാണ്(ലൂക്കാ 16:13-14). അതുകൊണ്ടു തന്നെ ലാസര്‍ എങ്ങനെ സ്വര്‍ഗ്ഗത്തില്‍ പോയി എന്നതല്ല, ധനവാന്‍ എങ്ങനെ നരകത്തില്‍പ്പോയി എന്നതാണു പ്രമേയം. ഈ ഉപമയില്‍ ഏറ്റവും അധികം ശ്രദ്ധ കിട്ടുന്നതും ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും എല്ലാം ധനവാനാണ്. ലാസറും അബ്രാഹവും നായകളും സഹോദരന്മാരുമെല്ലാം കഥയുടെ പൂര്‍ണതയ്ക്കു വേണ്ട ചേരുവകള്‍ മാത്രമാണ്. ലാസര്‍ സ്വര്‍ഗ്ഗത്തില്‍ പോയതെങ്ങനെയെന്നുള്ള വ്യാഖ്യാനം കാള്‍മാര്‍ക്സിന്‍റെ മതത്തിനെതിരെയുള്ള വിമര്‍ശനത്തെ ശരിവയ്ക്കുന്നതായിത്തീരും. ഉപമയുടെ സന്ദേശം തീര്‍ച്ചയായും അതല്ല.
ഉപമയുടെ വ്യാഖ്യാനത്തിന് അതു പഠിപ്പിച്ച സന്ദര്‍ഭം മാത്രമല്ല, സുവിശേഷകന്‍ അതു രേഖപ്പെടുത്തിയ സന്ദര്‍ഭവും നാം പരിഗണിക്കേണ്ടതുണ്ട്. ആദ്യ സുവിശേഷം എഴുതപ്പെട്ടത് ഏ. ഡി. 70ലാണല്ലോ. അപ്പോള്‍, യേശു പറഞ്ഞ ഉപമകള്‍ തന്‍റെ കാലത്തിനും ലോകത്തിനുംവേണ്ടി ഓരോ സുവിശേഷകനും പരുവപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, ക്ഷണിക്കപ്പെട്ടവര്‍ ക്ഷണം തിരസ്കരിക്കുന്നതോടെ തെരുവുകളിലും ഊടുവഴികളിലുമുള്ള സകലരെയും ക്ഷണിക്കുന്ന വിരുന്നിന്‍റെ ഉപമ മത്തായിയും (22:1-14) ലൂക്കായും (14:15-24) രേഖപ്പെടുത്തിയിരിക്കുന്നത് കാതലായ വ്യത്യാസങ്ങളോടെയാണ്. മറ്റൊരുദാഹരണം, ലൂക്കായിലെ 'നഷ്ടപ്പെട്ട' ആട് (ലൂക്കാ 15:3-7), മത്തായിയില്‍ 'വഴിതെറ്റിപ്പോയ' ആടാണ്(മത്താ. 18:12-14). ലൂക്കായിലെ പ്രസ്തുത ഉപമ മറ്റുള്ളവരെ പുച്ഛത്തോടെ കാണുന്ന ഫരിസേയരോടും നിയമജ്ഞരോടും(ലൂക്കാ 15:1-2) പറഞ്ഞതാണെങ്കില്‍, മത്തായിയിലെ ഉപമ ആദിമക്രിസ്ത്യാനികളോടു(മത്താ 18:1) പറഞ്ഞതാണ്. ദൈവത്തിന്‍റെ പ്രധാനഭാവം കരുണയുടേതാകണമെന്നു ലൂക്കാ പഠിപ്പിക്കുമ്പോള്‍ ക്രിസ്തുശിഷ്യന്‍റെ പ്രധാനഭാവം കരുണയുടേതാകണമെന്നാണ് മത്തായി പഠിപ്പിക്കുന്നത്. ഈ രണ്ടു പാഠങ്ങളും തമ്മില്‍ പൊരുത്തക്കേടില്ല എന്നതു ശരിതന്നെ; എങ്കിലും കഥയുടെ ഊന്നലില്‍ വ്യത്യാസമുണ്ട് എന്നതു വ്യക്തമാണല്ലോ.
ഉപമ ഒരു പ്രത്യേകസന്ദര്‍ഭത്തിനു നേര്‍ക്കു തിരിച്ചുവച്ച ലെന്‍സാണ്. ലെന്‍സിന്‍റെ ഫോക്കസ് ഒരു പ്രതലത്തില്‍ ആകമാനമായിരിക്കില്ല, പിന്നെയോ ഒരു പ്രത്യേക ബിന്ദുവിലായിരിക്കും. ഇതേ കണക്ക് ഭാവനാലോകത്തിലെ (ഉപമയിലെ) കേന്ദ്രപ്രമേയം യഥാര്‍ത്ഥലോകത്തെ ഒരു കാര്യത്തെ താരതമ്യം ചെയ്യുകയും കേള്‍വിക്കാരെ പുതിയ ചിന്തകളിലേക്കു ക്ഷണിക്കുകയും ചെയ്യുന്നു. ഉപമയും സന്ദര്‍ഭവും തമ്മിലുള്ള സാധര്‍മ്യത്തെ യേശുവും സുവിശേഷകനും കല്പിച്ച പരിധിക്കപ്പുറത്തേക്ക് വലിച്ചുനീട്ടാന്‍ പാടുള്ളതല്ല. ഒരുദാഹരണം കൊണ്ട് ഇതു കൂടുതല്‍ വ്യക്തമാക്കാവുന്നതാണ്. "മനുഷ്യന്‍ പുല്‍ക്കൊടിക്കു തുല്യമാണ്" എന്ന വാക്യത്തില്‍ നിന്ന് "പുല്‍ക്കൊടിക്കു മനുഷ്യന്‍റെ വികാരങ്ങളുണ്ട്" എന്നു വ്യാഖ്യാനം നടത്താന്‍ സാധ്യമല്ലല്ലോ. മറ്റൊന്ന്, "ദൈവം പിതാവാണ്" എന്ന വാക്യമെടുക്കുക. ഇവിടെ താരതമ്യം ചെയ്യപ്പെടുന്നത് പിതാവിന്‍റെ കരുതലും കരുണയും ദൈവത്തിന്‍റെ കരുതലും കരുണയും തമ്മിലാണല്ലോ. "ദൈവം പിതാവാണെങ്കില്‍ ദൈവത്തിനു ഭാര്യയുണ്ടോ?" എന്ന ചോദ്യം ദൈവവും പിതാവും തമ്മിലുള്ള താരതമ്യത്തെ പരിധികള്‍ക്കപ്പുറത്തേക്ക് വലിച്ചുനീട്ടുന്നതുകൊണ്ടു സംഭവിക്കുന്നതാണ്.
ഉപമയുടെ വ്യാഖ്യാനങ്ങളിലും ഇത്തരത്തില്‍ ചില വലിച്ചുനീട്ടലുകള്‍ കണ്ടുവരാറുണ്ട്. നൂറാമത്തെ ആടിനെ അന്വേഷിച്ചിറങ്ങിയപ്പോള്‍ ബാക്കി തൊണ്ണൂറ്റിയൊന്‍പതിനും എന്തുപറ്റി, വിഡ്ഢികളായ കന്യകമാരോടു ബുദ്ധിമതികളായ കന്യകകള്‍ കാരുണ്യം കാണിക്കാതിരുന്നത് എന്തുകൊണ്ട്, നിധി കണ്ടെത്തിയവന്‍ അതൊളിപ്പിച്ചുവച്ച് വയല്‍ വാങ്ങിയത് വഞ്ചനയല്ലേ തുടങ്ങിയ ചോദ്യങ്ങളെല്ലാം ഉപമയുടെ കേന്ദ്രപ്രമേയത്തില്‍നിന്ന് വ്യാഖ്യാതാവിന്‍റെ ശ്രദ്ധയെ അനുബന്ധകാര്യങ്ങളിലേക്കു വഴിതിരിച്ചുവിടുന്നവയാണ്. അതുവഴി, ഉപമ എന്തു നമ്മോടു പറയാനാഗ്രഹിക്കുന്നുവോ അതു നാം കേള്‍ക്കാതെ പോകാനുള്ള സാധ്യത ഏറെയാണ്.
ഉപമയുടെ വ്യാഖ്യാനം യേശുവിന്‍റെയും സുവിശേഷകന്‍റെയും ഉദ്ദേശ്യത്തോടു നീതി പുലര്‍ത്തുന്നതാകാന്‍ ശ്രദ്ധിക്കേണ്ട രണ്ടു പ്രധാന കാര്യങ്ങള്‍: (1) ഉപമയുടെ സന്ദര്‍ഭം, (2) കേന്ദ്രകഥാപാത്രം. ഉപമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പ്രാധാന്യം ഉണ്ടാകില്ല. കേന്ദ്രകഥാപാത്രത്തില്‍നിന്നാണു നാം കേന്ദ്രപ്രമേയത്തിലെത്തുന്നത്. ഉപമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും യഥാര്‍ത്ഥലോകത്തിലെ എന്തെങ്കിലുമായി സാധര്‍മ്മ്യം കല്പിക്കുന്നത്, ഉപമയുടെ പരിധിയെ വലിച്ചുനീട്ടലാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണം സെന്‍റ് അഗസ്റ്റിന്‍ നല്ല സമരിയാക്കാരനു(ലൂക്കാ 10:30-37) നല്കിയ വ്യാഖ്യാനമാണ്. ഉപമയിലെ ഓരോ ഐറ്റത്തിനും പുറംലോകത്തെ ഒരു ഐറ്റവുമായി അദ്ദേഹം സാധര്‍മ്യം കല്പിക്കുകയാണ്. (39-ാം പേജില്‍ കൊടുത്തിരിക്കുന്ന ടേബിള്‍ കാണുക)
ഉപമയിലെ മനുഷ്യന്‍ ജറൂസലേമില്‍നിന്നു ജറീക്കോയിലേക്കു പോയാലും നേരെ തിരിച്ചായാലും പുരോഹിതനും ലേവായനും പകരം മറ്റു വല്ലവരുമാണെങ്കിലും രണ്ടു ദനാറയ്ക്കു പകരം നാലു ദനാറയാണെങ്കിലും സമരിയാക്കാരന്‍ മടങ്ങിവന്നാലും ഇല്ലെങ്കിലും ലൂക്കാ: 10 ലെ ഉപമയുടെ സന്ദേശം വ്യക്തമാണല്ലോ. കാരണം, ഇവയൊന്നും ഉപമയിലെ കേന്ദ്രകഥാപാത്രങ്ങളല്ല. പക്ഷേ സെന്‍റ് അഗസ്റ്റിന്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരേ പ്രാധാന്യം കല്പിക്കുകയും ഓരോന്നിനും യഥാര്‍ത്ഥലോകത്തില്‍നിന്ന് സാധര്‍മ്യം കണ്ടെത്തുകയും അതുവഴി യേശുവോ, ലൂക്കായോ എന്താണോ പറയാനാഗ്രഹിച്ചത് അതിനെ തൊടാതെ പോകുകയും ചെയ്യുന്നു.
അതേസമയം വിതക്കാരന്‍റെ ഉപമയിലും(മത്താ. 13:1-8) കളകളുടെ ഉപമയിലും (മത്താ. 13:24-30) ഉപമയിലെ പല ഐറ്റങ്ങള്‍ക്കും തുല്യപ്രാധാന്യം കൊടുക്കുന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്(മത്താ. 13;18-23; 13:36-43). ഇവയില്‍ നിന്നൊക്കെ നാം തിരിച്ചറിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്: ഉപമയുടെ വ്യാഖ്യാനത്തില്‍ സുവിശേഷകന്‍ വരച്ച അതിരുകളെക്കുറിച്ച് ശ്രദ്ധയുള്ളവരായിരിക്കുക.
സാഹിത്യലോകത്ത് ഒരുപാട് ഉയരങ്ങളിലാണു സുവിശേഷത്തിലെ ഉപമകള്‍. ആ ഉപമകള്‍ കേള്‍വിക്കാരില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ ചില്ലറയല്ല. അത്തരം ഉപമകള്‍ പറഞ്ഞതുകൊണ്ടുകൂടിയാണ് യേശുവിന് കുരിശിനെ പുല്‍കേണ്ടിവന്നത്. അങ്ങനെ ഉപമകള്‍ അപകടകാരികളാണെന്നു നാം തിരിച്ചറിയുന്നു. ഉപമകളെ നമ്മള്‍ വ്യാഖ്യാനിക്കുന്നു എന്നതിനേക്കാള്‍ കൂടുതല്‍ നമ്മെ വ്യാഖ്യാനിക്കാന്‍ ഉപമകളെ അനുവദിക്കുകയാണ് വേണ്ടത്.