മതസ്ഥാപനങ്ങളെല്ലാംതന്നെ കൃത്യമായ രാഷ്ട്രീയത്തോടുകൂടി അതിന്‍റെ പകുതിയിലധികം വരുന്ന സ്ത്രീവിശ്വാസികളെ ആത്മീയാനുഷ്ഠാനങ്ങളുടെ പരികര്‍മ്മത്തില്‍നിന്നും, 'വിശുദ്ധ'സ്ഥലങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് അനുഷ്ഠാനങ്ങളില്‍ കാഴ്ചക്കാരാകാം. മാറിനിന്ന് പങ്കെടുക്കാം. എന്നാല്‍ ദൈവത്തിന്‍റെ അടുത്തുനിന്ന് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനും അനുഗ്രഹങ്ങള്‍ ദൈവത്തില്‍നിന്ന് നേരിട്ട് വാങ്ങാനുമുള്ള 'ആത്മീയാധികാരം' പുരുഷനാണത്രെ! അവന്‍ വാങ്ങിത്തരുന്നത്, വേണമെങ്കില്‍ അവനില്‍നിന്ന് സ്വീകരിക്കാം. നേരിട്ട് ദൈവവുമായി ഇടപാടുകളില്ല. പുരുഷന്‍ എന്ന ഇടനിലക്കാരനിലൂടെ മാത്രം.
ഇത്തരം തിരിച്ചറിവുകളിലാണ് ലാറ്റിന്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ നിന്നുള്ള പുതിയ മാര്‍പാപ്പായുടെ വേറിട്ട നിലപാടുകളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ചുരുങ്ങിയ നാളുകള്‍ക്കൊണ്ടുതന്നെ വ്യതിരിക്തമായ പ്രവര്‍ത്തനശൈലികൊണ്ടും ജീവിതരീതികൊണ്ടും ശ്രദ്ധേയനായി മാറിയിരിക്കുകയാണ് പുതിയ പാപ്പാ. രണ്ടാം ക്രിസ്തു എന്ന പേരില്‍ അറിയപ്പെടുന്ന അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ പേര് സ്വീകരിക്കുന്നതില്‍ മാത്രമല്ല, ക്രിസ്തുവിന്‍റെ സുവിശേഷത്തെ സവിശേഷമായ വിധത്തില്‍ അനുകരിക്കുന്നതിലൂടെയും അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായി മാധ്യമങ്ങള്‍ എഴുതി. എന്നാല്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ അത്ര പരിചിതമല്ലാത്ത, സുധീരമായ ഒരു കാല്‍വയ്പു നടത്തി ലോകത്തെ മാര്‍പാപ്പാ അമ്പരപ്പിച്ചു, ഇക്കഴിഞ്ഞ പെസഹാദിനത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തവരില്‍ രണ്ട് സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ട്. അതിലൊരാള്‍ മുസ്ലീം വനിതയായിരുന്നു എന്നതും ശ്രദ്ധേയം. കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ 'ബുദ്ധിപൂര്‍വ്വം' മൗനം പാലിച്ച ഈ ചരിത്രസംഭവം ലോകത്തിന് നല്കുന്ന സന്ദേശമെന്താണ്? ഏത് നിസ്സാരസംഭവത്തെക്കുറിച്ചും നാലാളെ പിടിച്ചിരുത്തി ചര്‍ച്ച സംഘടിപ്പിക്കുന്ന ദൃശ്യമാധ്യമങ്ങളും കണക്കില്ലാതെ പെരുകുന്ന കത്തോലിക്കാ പ്രസിദ്ധീകരണങ്ങളും ഈ വിഷയത്തില്‍ പാലിച്ച മൗനത്തിന്‍റെയോ, മിതത്വത്തിന്‍റെയോ അര്‍ത്ഥമെന്താണ്?
കാലങ്ങളായി തമസ്കരിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീവര്‍ഗത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്പിന് കാലമായി എന്ന് അടയാളപ്പെടുന്ന ഒരു കാലഘട്ടമാണിത്. നിലവിലിരിക്കുന്ന ആത്മീയമൂല്യങ്ങളും ആത്മീയസംവിധാനങ്ങളും ആരുടെ സഹായത്തിനു വേണ്ടിയുള്ളതാണെന്ന ചോദ്യം സ്ത്രീകള്‍ക്കിടയില്‍ ഇന്ന് സജീവമാണ്. സാമ്പ്രദായികമായ ആത്മീയാനുഷ്ഠാനങ്ങളുടെ പ്രയോക്താക്കള്‍ ആരാണെന്നും സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ അവയ്ക്ക് എത്രമാത്രം സാധിക്കുന്നുവെന്നും ലോകജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ മതസ്ഥാപനങ്ങളും ഔദ്യോഗിക ആത്മീയ സ്ഥാപനങ്ങളും എങ്ങിനെയാണ് അടയാളപ്പെടുത്തുന്നത് എന്നുമുള്ള ചോദ്യങ്ങള്‍ ആത്മീയ, മതാത്മക മേഖലകളില്‍ ഉയരുന്നുണ്ട്. സഭ ഇന്ന് നേരിടുന്ന വെല്ലുവിളികളില്‍ ഒന്നുതന്നെയാണിത്. ചോദ്യങ്ങളെ അമര്‍ച്ചചെയ്യാതെ തുറന്നമനസ്സോടെ സ്വീകരിക്കാനും ഭാവാത്മകമായി പ്രതികരിക്കാനും ആന്തരിക സ്വാതന്ത്ര്യത്തില്‍ നിന്നുള്ള ധൈര്യവും ബലവും അത്യാവശ്യമാണ്. മാര്‍പാപ്പാ, സ്ത്രീകളുടെ കാല്‍കഴുകിയതിനെ ഇത്തരമൊരു പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുമ്പോഴാണ് നീതിയുടെ ഒരു പുതിയ കതിര്‍ ഉദയം ചെയ്യുന്നതിന്‍റെ സൂചനയില്‍ ലോകം ആഹ്ലാദിക്കുന്നത്.
മതസ്ഥാപനങ്ങള്‍ ആത്മീയതയുടെ അനുഷ്ഠാനഇടങ്ങളില്‍നിന്ന് സ്ത്രീയെ അകറ്റിനിര്‍ത്തുന്നതിന്‍റെ കാരണമെന്താണ്? ശരീരത്തെ, ആത്മാവിന്‍റെ അപരദ്വന്ദ്വമായി കരുതുന്ന മതങ്ങള്‍ സ്ത്രീയെ ശരീരം എന്ന കള്ളിയിലൊതുക്കുകയും ശരീരത്തെ അശുദ്ധമെന്ന് വിധിക്കുകയും ചെയ്യുന്നു. സ്വയം അശുദ്ധരെന്ന് കരുതുകയും അപ്രകാരം വിധിക്കപ്പെട്ട് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെ ആത്മീയതയിലെ ആന്തരിക സ്വാതന്ത്ര്യം, ആത്മാഭിമാനം (Self esteem) ഇവ പ്രശ്നവല്ക്കരിക്കപ്പെടുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് ആത്മീയ പക്വത പ്രാപിക്കണമെങ്കില്‍ പുരുഷാധിപത്യവ്യവസ്ഥയില്‍ നിര്‍മ്മിതമായ ബൈബിള്‍ പാരമ്പര്യങ്ങളെ തിരസ്കരിക്കേണ്ടതുണ്ടെന്ന ധാരണയില്‍, ഇത്തരം വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും നിഷേധിക്കാന്‍ നിര്‍ബന്ധിതരായവര്‍ ധാരാളമുണ്ട്, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍. എന്നാല്‍ ഇത്തരം പുരുഷപക്ഷപാതിത്വങ്ങളെ തിരസ്കരിക്കുകയല്ല, പുനര്‍നിര്‍മ്മിക്കുകയും പുനര്‍വ്യാഖ്യാനിക്കുകയുമാണ് വേണ്ടതെന്ന് വാദിക്കുകയും സ്ത്രീത്വത്തെക്കൂടി ഉള്‍വഹിക്കുന്ന ഒരു ദൈവശാസ്ത്രം നിര്‍മ്മിച്ചെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ളവരും കുറവല്ല. അതുവഴി ക്രിസ്തുവിന്‍റെ 'സുവിശേഷ'ത്തിന്‍റെ വീണ്ടെടുപ്പാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. പെസഹായുടെ അനുഷ്ഠാനകര്‍മ്മങ്ങളിലേക്ക്, സ്ത്രീകള്‍ക്ക് കുറെക്കൂടി പ്രവേശനവും ദൃശ്യതയും നല്കിയ മാര്‍പാപ്പായുടെ സുധീരമായ നിലപാടിനെ ഇതിനോട് ചേര്‍ത്തുവായിക്കുമ്പോഴാണ് ഈ സംഭവത്തിന്‍റെ അര്‍ത്ഥവ്യാപ്തി തെളിഞ്ഞുകിട്ടുക.
സ്ത്രീകള്‍ അസ്തിത്വമില്ലാത്തവരും വിലയില്ലാത്തവരും ആയി പരിഗണിക്കപ്പെട്ടിരുന്ന യഹൂദമത പശ്ചാത്തലത്തിലായിരുന്നു ക്രിസ്തുവിന്‍റെ ജനനവും ജീവിതവുമെങ്കിലും ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള വിപ്ലവകരമായ ചിന്തകളും പ്രബോധനങ്ങളുമാണ് ക്രിസ്തുവിന്‍റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്നത്. അക്കാലത്തെ ലിഖിതനിയമങ്ങള്‍ക്ക് വിരുദ്ധമായി (നിയമാ 24:1) പുരുഷന്‍റെയെന്നപോലെ സ്ത്രീയുടെയും മേന്മ നിര്‍ണയിക്കാന്‍ ഒരേയൊരു മാനദണ്ഡമാണ് യേശു ഉപയോഗിച്ചത് - ദൈവഹിതം നിറവേറ്റല്‍. അങ്ങനെ സ്ത്രീ-പുരുഷന്മാരുടെ അടിസ്ഥാനപരമായ സമത്വം അവിടുന്ന് ഉറപ്പിച്ചു പറഞ്ഞു. ഈ നിലപാടിന് അനുരൂപമായിരുന്നു അവിടുത്തെ ചെയ്തികളും. യേശു സ്ത്രീകളോട് തുറന്നിടപെടുകയും (യോഹ. 4/27) അവരുടെ സൗഹൃദം തേടുകയും ചെയ്തു (ലൂക്ക 10/38-42). അങ്ങനെ സ്ത്രീ-പുരുഷ ബന്ധത്തിന്‍റെ സ്വാച്ഛന്ദ്യത്തിന് വിഘാതമായിനിന്ന വിലക്കുകളെല്ലാം യേശു പൊട്ടിച്ചെറിഞ്ഞു. സ്ത്രീകള്‍ ആത്മീയമേഖലയിലോ സാമൂഹികഇടങ്ങളിലോ തങ്ങള്‍ക്ക് നഷ്ടപ്പെട്ടതിനെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, അതൊരുതരം അധികാര കൈമാറ്റമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. ഒരാള്‍ ഒരാളുടെമേല്‍ അധികാരം സ്ഥാപിക്കലല്ല, മറിച്ച് പരസ്പരപൂരകമായ, സൗഹൃദപരമായ ബന്ധമായി സ്ത്രീ-പുരുഷബന്ധങ്ങള്‍ പുനര്‍നിര്‍വ്വചനം ചെയ്യപ്പെടേണ്ടതുണ്ട്. വിവാഹമോചനത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനം ഈ മട്ടില്‍ വായിക്കാവുന്നതാണ്.
ഏതൊരു നിസ്സാരകാര്യത്തിനും ഭാര്യയെ വളര്‍ത്തു മൃഗത്തെപ്പോലെ മൊഴിചൊല്ലിയിരുന്ന യഹൂദമത പശ്ചാത്തലത്തില്‍ യഹൂദനിയമപണ്ഡിതന്മാരുടെ ചോദ്യത്തിന് ക്രിസ്തു നല്കുന്ന മറുപടി സ്ത്രീകളോടുള്ള ഒരു സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെ പ്രതിരോധിക്കുന്നതിന്‍റെ പ്രഥമ പാഠമാകുന്നു (മത്താ. 19/5). സ്ത്രീയെ വെറുമൊരു ലൈംഗിക വസ്തുവായി മാത്രം കാണുന്ന പുരുഷാധിപത്യത്തിനെതിരെയുള്ള ശക്തമായ താക്കീതും സ്ത്രീകളോടുള്ള അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ധാര്‍മ്മികരോഷവും വിപ്ലവകരമായ ഒരു മാറ്റത്തിനുള്ള ആഹ്വാനവും തുടര്‍ന്നുള്ള സംവാദത്തില്‍ കാണാം. (മത്താ 19/ 3-9). വിവാഹത്തിന്‍റെ പരിണതഫലമായി സ്ത്രീ വിശ്വസ്തവേലക്കാരിയോ പുരുഷന്‍ യജമാനനോ ആകുന്നില്ല. അവര്‍ ഇരുവരും ഏകശരീരമായിത്തീരും. ഏകശരീരബന്ധത്തില്‍ ഒരാള്‍ മറ്റേയാളിന്‍റെ വ്യക്തിത്വം പൂര്‍ണ്ണമായും അംഗീകരിക്കണം. പേട്രിയാര്‍ക്കല്‍ കുടുംബസംവിധാനത്തില്‍ ഈ അന്യോന്യബന്ധം തകര്‍ക്കപ്പെടുന്നു. അതുവഴി തകരുന്നത് ആദിയിലേ ഉള്ള ദൈവികപദ്ധതിതന്നെയാണ്. ദൈവികപദ്ധതിയിലുള്ള തകര്‍ച്ചയായി, കഠിനമായ മാനുഷികവീഴ്ചയായി ഇതിനെ ക്രിസ്തു വെളിപ്പെടുത്തുന്നു. മറ്റൊരുവാക്കില്‍, കുടുംബത്തിലും സമൂഹത്തിലും പുരുഷന്‍ സ്ത്രീയേക്കാള്‍ ഉയര്‍ന്നത് എന്ന മട്ടിലുള്ള അധികാരം നിലനില്ക്കുന്നുവെങ്കില്‍, അവിടെ തകര്‍ക്കപ്പെടുന്നത് ദൈവികപദ്ധതിയാണ്. പുരുഷനും സ്ത്രീയും തുല്യതയോടെ പരസ്പരപൂരകമായി വര്‍ത്തിക്കണമെന്നതാണ് സൃഷ്ടിയിലേയുള്ള ദൈവികപദ്ധതി. പുരുഷന്‍ നിന്നെ ഭരിക്കും എന്നത് ഏദന്‍തോട്ടത്തില്‍ ദൈവം സ്ത്രീക്ക് നല്കുന്ന ശാപമാണ്. ഈ ശാപത്തില്‍നിന്നുള്ള വീണ്ടെടുപ്പാണ് ക്രിസ്തുവില്‍ സംഭവിച്ചത്. അതിനാല്‍ എവിടെ സ്ത്രീ പുരുഷന് വിധേയയായി, പുരുഷന്‍റെ ഭരണത്തിന്‍ കീഴില്‍ കഴിയേണ്ടിവരുന്നുവോ, അവിടെ ശാപം നിലനില്ക്കുന്നു. കൃപയുടെ വീണ്ടെടുപ്പ് സംഭവിച്ചിട്ടില്ല എന്നര്‍ത്ഥം. മറ്റൊരുവാക്കില്‍, പുരുഷാധിപത്യം എന്നത് ഒരു പാപകരമായ അവസ്ഥയാണ്. വീണ്ടെടുപ്പ് അനിവാര്യമായുള്ള പാപാവസ്ഥ. സ്ത്രീയുടെമേല്‍ അധികാരം പുലര്‍ത്തുന്നവര്‍ ഏറ്റുപറഞ്ഞ് കുമ്പസാരിക്കണമെന്ന് അര്‍ത്ഥം.
ദൈവാരാധനയില്‍നിന്നും മതപഠനങ്ങളില്‍നിന്നും ആത്മീയാധികാരങ്ങളില്‍നിന്നും ആട്ടിയകറ്റിക്കൊണ്ട് സ്ത്രീകളുടെമേല്‍ പുലര്‍ത്തിയ ധൈഷണികമായ അധിനിവേശത്തെ വാക്കുകൊണ്ടല്ല, ശക്തവും വ്യതിരിക്തവുമായ പ്രവര്‍ത്തനശൈലിയിലൂടെ ക്രിസ്തു എതിര്‍ത്തു. റബ്ബിമാര്‍ സ്ത്രീകളെ വീട്ടില്‍പ്പോയി പഠിപ്പിക്കുന്നത് ചിന്തിക്കാന്‍പ്പോലും കഴിയാതിരുന്ന സാഹചര്യത്തില്‍ മറിയത്തെ വീട്ടില്‍ച്ചെന്ന് പഠിപ്പിക്കുന്ന ക്രിസ്തു (ലൂക്ക 10: 38-42), സ്ത്രീയെ വീട്ടുസൂക്ഷിപ്പുകാരിയായി വെട്ടിച്ചുരുക്കാതെ ആത്മീയകര്‍മ്മങ്ങളിലും ബൗദ്ധികജീവിതത്തിലും അവള്‍ക്കും അവകാശമുണ്ടെന്ന നവദര്‍ശനം നല്കുന്നു (ലൂക്ക 10/42).
ഇപ്രകാരം, ക്രിസ്തുവിനെ എല്ലാ അര്‍ത്ഥത്തിലും അറിയുകയും വിപ്ലവകരമായി അനുഗമിക്കുവാന്‍ മനസ്സു കാട്ടുകയും ചെയ്യുന്ന ഒരു പാപ്പായെ നമുക്ക് ലഭിച്ചിരിക്കുന്നു എന്നത് ശുഭകരമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വ്യക്തിത്വസവിശേഷതകള്‍ ഘോഷിച്ച മാധ്യമങ്ങള്‍ വിട്ടുപോയ (?) ഈ സുപ്രധാന സംഭവം -നൂറ്റാണ്ടുകളുടെ സഭാചരിത്രം മനപ്പൂര്‍വ്വമോ അല്ലാതെയോ ഒഴിവാക്കിയിരുന്ന സ്ത്രീസാന്നിധ്യത്തെ സഭയുടെ ആരാധനക്രമ സംഭവങ്ങളിലേക്ക് വീണ്ടെടുക്കുക എന്നുള്ളത് - വിപ്ലവകരമായ ഒരു കാല്‍വയ്പ്പാണ്. അതികഠിനമായ പുരുഷ-പക്ഷപാതിത്വമുള്ള പാരമ്പര്യവാദികളില്‍നിന്ന് മാര്‍പാപ്പയ്ക്കുപോലും ഇതിന് വിമര്‍ശനമേല്ക്കേണ്ടി വന്നു എന്ന് പിന്നാമ്പുറ സംസാരവുമുണ്ട്.
സഭാചരിത്രത്തിലെ ഒരു നാഴികക്കല്ലും മാറ്റത്തിന്‍റെ നാന്ദിയുമായി കോടിക്കണക്കിന് സ്ത്രീവിശ്വാസികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഈ സംഭവം ക്രൈസ്തവ മാധ്യമങ്ങള്‍ തമസ്കരിച്ചതിന്‍റെ പുറകില്‍, പതിറ്റാണ്ടുകളായി പുരുഷമനസ്സില്‍ ഊറിയടിഞ്ഞു കിടക്കുന്ന ഭയം ഒന്നുതന്നെയാണെന്നു തോന്നുന്നു. സത്യദീപ(ഏപ്രില്‍ 10, ബുധന്‍)ത്തിലെ എഡിറ്റോറിയലില്‍ ഈ സംഭവം സൂചിപ്പിച്ചു എന്നതും പാപ്പായെക്കുറിച്ചുള്ള സപ്ലിമെന്‍റില്‍ സ്ത്രീയുടെ കാല്‍ കഴുകുന്ന ഒരു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു എന്നതുമൊഴികെ മറ്റ് മാസികകള്‍ ഈ സംഭവം അറിഞ്ഞില്ലെന്നോ, അതോ 'ബുദ്ധിപൂര്‍വ്വം' കണ്ടില്ലെന്ന് നടിച്ചതോ... അറിയില്ല. മാര്‍പാപ്പായുടെ സുധീരമായ ഈ നിലപാട്, കത്തോലിക്കാസഭയിലെ കഠിനമായ പുരുഷാധിപത്യ നിലപാടുകളില്‍ അയവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാമോ? കാത്തിരുന്ന് കാണേണ്ടതാണ്. മാര്‍പാപ്പയുടെ 'കാല്‍കഴുകല്‍' ശുശ്രൂഷയില്‍ സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തിയത് ഒരു വികാരിയച്ചന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു. 'ഇതൊരു അസാധാരണ സംഭവമൊന്നുമല്ല, മിഷനിലുള്ളവര്‍ക്ക്. മിഷന്‍ പ്രദേശങ്ങളില്‍ ആറ് പുരുഷന്മാരെയും ആറു സ്ത്രീകളെയും ഒരുമിച്ചിരുത്തി അവരുടെ കാലുകള്‍ ഞാന്‍ കഴുകിയിട്ടുണ്ട്. പക്ഷേ, കേരളത്തില്‍ ഇതൊക്കെ നടക്കാന്‍ ബുദ്ധിമുട്ടാണ്." 'സാക്ഷര'കേരളത്തോടാണ് ഈ ചോദ്യം: എന്നാണ് കേരളം അതിന്‍റെ കപടസദാചാരത്തിന്‍റെ പൊയ്മുഖം അഴിച്ചുവയ്ക്കുക? ക്രിസ്തുവിന്‍റെ ദര്‍ശനങ്ങളോടും വാക്കുകളോടും ജീവിതശൈലിയോടും അപകടകരമായി ചേര്‍ന്നുനില്ക്കാന്‍ എത്രപേര്‍, എത്ര വൈദികര്‍, എത്ര സമര്‍പ്പിതര്‍ തയ്യാറുണ്ട് കേരളത്തില്‍? ക്രിസ്തുവിന്‍റെ ദര്‍ശനങ്ങളോട് പക്ഷംചേര്‍ന്ന് മാര്‍പാപ്പാ കാണിച്ചുതന്ന അനുകരണീയമായ ഈ മാതൃകയോട് മനസ്സുചേര്‍ക്കുവാന്‍ എത്രപേര്‍ സജ്ജരാണ് കേരളത്തില്‍?
കത്തോലിക്കാദേവാലയങ്ങളില്‍ അള്‍ത്താരയില്‍ ശുശ്രൂഷ ചെയ്യാന്‍ പെണ്‍കുട്ടികളെ നിയോഗിക്കാമെന്ന് മുന്‍പാപ്പാ ബനഡിക്ട് പതിനാറാമന്‍ നിര്‍ദ്ദേശിച്ചിട്ട് കേരളത്തിലെ എത്ര ദേവാലയങ്ങളില്‍ പെണ്‍കുട്ടികളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്, നിയോഗിക്കുവാന്‍ വികാരിയച്ചന്മാര്‍ മുന്‍കൈ എടുക്കുന്നുണ്ടെന്ന് വെറുതെ ഒന്നന്വേഷിച്ചാല്‍ ഇതിന്‍റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാകും. അള്‍ത്താരബാലികമാരെ നിയമിക്കാത്തതിന്‍റെ കാരണം തിരക്കുമ്പോള്‍ ലഭിക്കുന്ന ബാലിശവും യുക്തിഹീനവും നിലവാരമില്ലാത്തതുമായ ഉത്തരങ്ങള്‍ കേട്ട് ലജ്ജയും സഹതാപവും തോന്നിയിട്ടുണ്ട്. ശരീരമെന്ന മട്ടിലല്ലാതെ സ്ത്രീയെ വ്യക്തിത്വമുള്ള മനുഷ്യവ്യക്തി എന്നമട്ടില്‍ നോക്കിക്കാണാന്‍ ഒരു സമൂഹത്തെ പഠിപ്പിക്കേണ്ടവരും പരിശീലിപ്പിക്കേണ്ടവരും ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിയുമ്പോള്‍, സ്ത്രീശരീരം ഇനിയും സമൂഹത്തില്‍ ചൂഷണവിധേയമാകും. ആക്രമിക്കപ്പെടും. എവിടെയോ വായിച്ച ഒരു കഥ ഓര്‍ക്കുന്നു: ഒരിടത്ത് കുറെ സന്ന്യാസിമാരുണ്ടായിരുന്നു. വിശുദ്ധി എന്നത് സ്ത്രീകളില്‍നിന്ന് പാലിക്കുന്ന അകലം എന്നതായിരുന്നു അവരുടെ സങ്കല്പം. പുഴയോരത്തവര്‍ ധ്യാനത്തിനിരിക്കുമ്പോള്‍ ഒരു കൂട്ടം സ്ത്രീകള്‍ പുഴയില്‍നിന്ന് വെള്ളം ശേഖരിക്കാനെത്തുമായിരുന്നു. സന്ന്യാസികള്‍ ജാഗ്രതയോടെ അവരില്‍നിന്ന് മുഖം തിരിക്കും. അവരെ കാണുന്നതുതന്നെ പാപം! പ്രലോഭനം!! പല ദിവസങ്ങളായി സ്ത്രീകള്‍ ഇത് ശ്രദ്ധിക്കുന്നു. ഒരു ദിവസം അവര്‍ നേരെ സന്ന്യാസിമാരുടെ അടുത്തെത്തി. അവരോടു പറഞ്ഞു. "അല്ലയോ സന്ന്യാസിമാരേ, നിങ്ങള്‍ ഞങ്ങളെ നോക്കുക, ഞങ്ങള്‍ സ്ത്രീകളാണെന്ന് ഞങ്ങളെ ഓര്‍മ്മിപ്പിക്കാത്ത മട്ടില്‍." ഇങ്ങനെ നോക്കാന്‍, നോക്കുന്നയാളുടെ ഉള്ളില്‍ ബലം ഉണ്ടാകണം, വിശുദ്ധിയുണ്ടാകണം. വെറുതെ സന്ന്യാസി ആയിരുന്നാല്‍ പോരാ. ഒരാളെ, ഒരു വസ്തുവിനെ കാണുമ്പോള്‍ എങ്ങിനെ കാണുന്നു എന്നുള്ളത് നോക്കുന്നയാളിന്‍റെ പ്രശ്നമാണ്. സ്ത്രീയെ/പുരുഷനെ കാണുമ്പോള്‍ അവര്‍ സ്ത്രീ/ പുരുഷന്‍ ആണെന്ന് അവരെ ഓര്‍മ്മിപ്പിക്കാത്ത മട്ടില്‍ നോക്കാന്‍ എന്നാണ് നമ്മുടെ പുരുഷന്മാര്‍/ സ്ത്രീകള്‍ പാകപ്പെടുക...? ആരാണ് അവരെ പാകപ്പെടുത്തുക...? അത്തരം ഒരു പാകപ്പെടുത്തലിനുള്ള ആദ്യചുവടായി ഈ 'കാലുകഴുകലി' നെ കാണാനാണിഷ്ടം. അതുവഴി ഈ ലോകത്തില്‍ ഒരു നവലോകക്രമം പുലരുമെന്നാണ് പ്രതീക്ഷ.