ശശികാന്തിന്‍റെ 'വെളി' എന്ന ചിത്രത്തെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങള്‍ ആ സിനിമയിലേക്കുള്ള ശരിയായ ക്ഷണമാണ്. 'ഒരു പുഴയേയും അതിന്‍റെ താളത്തില്‍ ജീവിതം ഘോഷിക്കുന്ന ഗ്രാമീണരെയും നഗരം വേട്ടയാടി കീഴ്പ്പെടുത്തുകയാവുമോ? ഒരു പ്രഭാതം ഞങ്ങളെ പിച്ചക്കാരാക്കി എന്ന് ചിത്രത്തിലെ നാനദൃശ്യങ്ങള്‍ക്കിടയില്‍ ഒരു വിലാപവും നാം കേള്‍ക്കുന്നു" എന്നത് മനസ്സുകൊണ്ട് ഒരു ചിത്രത്തെ തൊട്ടറിഞ്ഞവന്‍റെ മൊഴികളാണ്. "വീഡിയോ ക്യാമറ പ്രകൃതി ധ്വംസനത്തിനു നേരെയുള്ള ഒരു സമരായുധം മാത്രമല്ല, പ്രകൃതിയോട് അനുരാഗവിവശനാകുന്ന ഒരു കവിയുടെ പ്രണയതൂലികയുമാകാമെന്ന് ഈ ചിത്രം പറയുന്നു." ഇത് കവിയും ചലച്ചിത്രപ്രേമിയും ഡോക്യുമെന്‍ററി സംവിധായകനുമായ ഒരാളുടെ വാക്കുകളാകുമ്പോള്‍ അതിന്‍റെ മൂല്യം ഏറെയാണ്.
ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാധ്യമവിചാരം നാം ചര്‍ച്ചചെയ്യേണ്ട അനേകം പ്രശ്നങ്ങളാണ് ശക്തമായി ഉന്നയിക്കുന്നത്. 'നിലവിലുള്ള യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കിക്കൊണ്ട് നേടിയെടുക്കുന്ന അവബോധവും ലോകബോധവും ഒരു ബദല്‍ സാംസ്കാരികവിനിമയത്തിന്‍റെ തുടക്കമാണ്. വിമര്‍ശനമാണ് അറിവിന്‍റെ രീതിശാസ്ത്രം' എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട് മാധ്യമങ്ങളുടെ പ്രത്യയശാസ്ത്രതലങ്ങള്‍ അനാവരണം ചെയ്യുന്നു. പറയുന്നതിനെക്കാള്‍ പറയാതിരിക്കുന്നതില്‍ രാഷ്ട്രീയമുണ്ട്. സ്വന്തം താല്പര്യത്തിനനുസരിച്ചാണ് ഓരോ മാധ്യമവും യാഥാര്‍ത്ഥ്യത്തെ പുനഃസൃഷ്ടിക്കുന്നത്. മൂലധനതാല്പര്യങ്ങള്‍ മാധ്യമങ്ങളെ സത്യത്തില്‍നിന്ന് അകറ്റുന്നു. മനുഷ്യമനസ്സിനെ പരുവപ്പെടുത്തുന്ന പ്രക്രിയ നിറവേറ്റുന്നതാണ് മാധ്യമങ്ങളുടെ നിഗൂഢപ്രത്യയശാസ്ത്രം. മക്ലൂഹന്‍ മുതലുള്ള മാധ്യമചിന്തകരുടെ പാത പിന്തുടര്‍ന്ന് മാധ്യമവിമര്‍ശനത്തിന്‍റെ മാതൃകയാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. 'ജനങ്ങളുടെ മനസ്സുകള്‍കൂടിയും മറ്റാരുടെയോ വിപണിയും കോളനിയുമായി മാറ്റിത്തീര്‍ക്കുവാന്‍ മാധ്യമങ്ങള്‍ക്കിന്നു കഴിയുന്നുണ്ട്' എന്ന സത്യം കാണാതിരിക്കാനാവില്ല. ജനങ്ങളുടെ ആത്മബോധത്തെ വ്യാവസായികോല്‍പന്നമാക്കുന്ന ഭയാനകാവസ്ഥയെക്കുറിച്ച് ഗ്രന്ഥകാരന്‍ താക്കീതു നല്‍കുകയും ചെയ്യുന്നു. 'ജനത്തിനിഷ്ടമുള്ളത് വിളമ്പുന്ന ജനപ്രിയതയും ജനതയെ സ്വാശ്രയബോധത്തിലേക്ക് നയിക്കുന്ന ജനകീയതയും തമ്മിലുള്ള തിരിച്ചറിവും വിമര്‍ശനാത്മകമായ പ്രതിബോധവുമാണ് മാധ്യമവിമര്‍ശനത്തിന്‍റെ കാതല്‍' എന്ന തിരിച്ചറിവ് നമുക്കും ഉണ്ടാകേണ്ടതാണ്. 'ഭൂപ്രകൃതി പോലെ നമ്മുടെ ശീലവും അഭിരുചികളും നിരപ്പാകാതെ' സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്.
'യേശുഭാവനയുടെ ലാവണ്യം' അസാധാരണമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞ ലേഖനമാണ്. 'ക്രൈസ്തവ ലാവണ്യദര്‍ശനത്തിന്‍റെ പരിപൂര്‍ണത വേദപുസ്തകമാണ്. അത് ദൈവത്തിന്‍റെയും ചരിത്രത്തിന്‍റെയും ഭാഷകള്‍ വിളക്കിച്ചേര്‍ത്തുകൊണ്ട് എഴുതപ്പെട്ടിരിക്കുന്നു.' ഈ അടിസ്ഥാനത്തില്‍ നിന്നാണ് ക്രൈസ്തവ ലാവണ്യദര്‍ശനം വളര്‍ന്നുവരുന്നത്. 'ഒരു ദുരന്തനാടകത്തിന്‍റെ ലാവണ്യദര്‍ശനമാണ് ക്രൈസ്തവ ലാവണ്യ ദര്‍ശനമെന്നാണ് ഞാന്‍ വിചാരിക്കുന്നത്' എന്നതാണ് വി. ജി. തമ്പിയുടെ നിരീക്ഷണം. ഈ ദുരന്തദര്‍ശനത്തില്‍ നിന്നാണ് പ്രത്യാശയുടെ മുഹൂര്‍ത്തങ്ങള്‍ രൂപംകൊള്ളുന്നത്. 'പീഡാസഹനങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ക്കെല്ലാം ക്രിസ്തുവിന്‍റെ ഛായ പതിയുന്നത് യാദൃച്ഛികമല്ല, മനുഷ്യസഹനത്തിന്‍റെ തീവ്രസന്ദര്‍ഭങ്ങളെയെല്ലാം ക്രിസ്തുവിന്‍റെ കുരിശേറ്റം കൊത്തിയെടുക്കുന്നു.' ഇത്തരം കഥാപാത്രങ്ങളാണ് വിശുദ്ധീകരണത്തിന്‍റെ നിമിഷങ്ങള്‍ സൃഷ്ടിക്കുന്നത്. 'ക്രൈസ്തവലാവണ്യദര്‍ശനം മാറുന്ന ദൈവശാസ്ത്ര പ്രവണതകള്‍ക്കനുസരിച്ച് ഭിന്നമായ ആവിഷ്കാരങ്ങള്‍ കണ്ടെത്തുന്നുണ്ട്! തളംകെട്ടിക്കിടക്കുന്നതല്ല അത്; കാലത്തിനനുസരിച്ച് വികസിക്കുന്നതാണ്. മനുഷ്യാനുഭവത്തിന്‍റെ സമഗ്രസത്ത ഉള്‍ക്കൊള്ളുന്ന ലാവണ്യദര്‍ശനത്തിനായുള്ള അന്വേഷണമെന്ന നിലയില്‍ തനിമയാര്‍ന്നതാണ്.
'സ്ത്രൈണം' എന്നത് വി. ജി. തമ്പിയുടെ ചിന്തയുടെ അടിസ്ഥാനമാണ്. സ്ത്രൈണതയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് ചാരുതയണയ്ക്കുന്നത്. സ്ത്രൈണത, പുരുഷത്വം എന്നിവ നിര്‍വചിക്കാനാവില്ല. മനുഷ്യവ്യക്തിത്വത്തിലെ ശക്തമായ രണ്ടുതലങ്ങളാണിവ. സ്ത്രൈണതയുടെ കരുതലാണ് ഗ്രന്ഥകാരന്‍റെ നിരീക്ഷണങ്ങളില്‍ നിറയുന്നത്. നമ്മുടെ സംസ്കാരം നേരിടുന്ന വെല്ലുവിളി സ്ത്രൈണതയെ പരിത്യജിച്ചതാണെന്ന് വി. ജി. തമ്പി കരുതുന്നു. സ്ത്രീയായതുകൊണ്ടു സ്ത്രൈണഭാവമോ പുരുഷനായുതകൊണ്ടു പൗരുഷമോ ആര്‍ക്കും ലഭിക്കുന്നില്ല. അത് സ്വയം നേടിയെടുക്കേണ്ട സംസ്കാരമാണ്. 'ഷണ്ഡീകരിക്കപ്പെട്ട' സംസ്കാരമാണ് ഇന്നു നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഈ അന്വേഷണം അദ്ദേഹത്തിന്‍റെ സര്‍ഗാത്മകതയുടെ പ്രഭവകേന്ദ്രമാകുന്നു. 'എനിക്കുള്ളിലെ സ്ത്രീത്വമാണ് എന്നെ സര്‍ഗ്ഗാത്മകനാക്കുന്നത്, സാഹസിയാക്കുന്നത്. എന്‍റെ ഉടലിലാകെ ഒഴുകിനടക്കുന്ന സര്‍ഗ്ഗാത്മകതയുടെ ഊര്‍ജ്ജപ്രവാഹമാണ് എന്‍റെ സ്ത്രീകള്‍ എന്ന് അദ്ദേഹം തന്‍റെ ദര്‍ശനം വ്യക്തമാക്കുന്നു. 'സ്ത്രീയോ പുരുഷനോ എന്നത് മാനസികമാണ്' എന്ന ഓഷോ വചനം ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്. ആധിപത്യ മനോഭാവത്തിന് ബദലാണ് സ്ത്രൈണത. ചരിത്രത്തില്‍ അദൃശ്യയായിത്തീര്‍ന്ന സ്ത്രീത്വത്തെ വീണ്ടെടുക്കുകയാണ് അദ്ദേഹം. സ്ത്രൈണതയുടെ ഭിന്നതലങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി വിലയിരുത്തുന്നു. 'സ്ത്രീയുടെ ഊര്‍ജ്ജം നമ്മുടെ ചരിത്രത്തില്‍ ഇനിയും ഏറെ പരിരക്ഷിക്കപ്പെടേണ്ടതായിട്ടുണ്ട്. ഒരു സ്ത്രീയാകാനുള്ള വിനീതമായ ആത്മസമരത്തില്‍ ഞാനും പങ്കുകൊള്ളുന്നു' എന്നു പ്രസ്താവിക്കുന്ന വി. ജി. തമ്പി സ്ത്രൈണപക്ഷപാതിയാകുന്നു.
'ഓര്‍മ്മ'യില്‍ സുകുമാര്‍ അഴീക്കോട്, കാക്കനാടന്‍, മുല്ലനേഴി, ശരത്ചന്ദ്രന്‍, ജോസ് ചിറമ്മേല്‍ എന്നിവരെക്കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളുമാണ് വി. ജി. തമ്പി പങ്കുവയ്ക്കുന്നത്. കൂടാതെ ഈ പ്രതിഭാശാലികളുടെ തനിമയാര്‍ന്ന സംഭാവനകളെ അദ്ദേഹം സൂക്ഷ്മമായി പിന്തുടരുന്നു. ഓരോ വ്യക്തിയുടെയും നന്മകളിലേക്കും അവരുടെ സര്‍ഗ്ഗപ്രവര്‍ത്തനത്തിന്‍റെ സാദ്ധ്യതകളിലേക്കും ഗ്രന്ഥകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ആത്മബന്ധത്തിന്‍റെ ഇഴകളാണ് ഇവിടെ അണിനിരത്തിയിരിക്കുന്നത്. ഓരോ വ്യക്തിയെയും നാം അങ്ങനെ കൂടുതല്‍ സ്നേഹിക്കാന്‍ പ്രേരിതരാകുന്നു.
'ആത്മീയം' സത്നാംസിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട് നമ്മുടെ വിശ്വാസത്തിന്‍റെ പിന്നിലുള്ള തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലായി മാറുന്നു. 'ആള്‍ക്കൂട്ട ഭക്തിയുടെ അലര്‍ച്ചകളില്‍ ആ നിസ്സഹായന്‍റെ ഇടറിയ രോദനം അമ്മ കേട്ടിട്ടുണ്ടാവില്ലേ' എന്ന ചോദ്യം നമ്മുടെ മനസ്സില്‍ ആഞ്ഞുതറയ്ക്കുന്നു. ഇത്തരം അലര്‍ച്ചകളും ആള്‍ക്കൂട്ടങ്ങളും പെരുകിവരുമ്പോള്‍ നമുക്കു വിലപ്പെട്ടതു പലതും നഷ്ടമാകുന്നു. ആത്മീയ വ്യവസായത്തെ ശക്തമായി വിമര്‍ശിക്കാന്‍ ഗ്രന്ഥകാരന്‍ മടികാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
'നടുക്കുന്ന വാക്കുകളില്‍ അഴുകുന്ന മലയാളി ജീവിതം' എന്ന കുറിപ്പ് നമ്മുടെ സംസ്കാരത്തെ ആഴത്തില്‍ ശ്രദ്ധിക്കുന്നവന്‍റെ ഹൃദയവിചാരങ്ങളാണ്. 'വീഴുന്നവനെ താങ്ങുന്നതും എഴുന്നേല്പിക്കുന്നതുമാകണം എഴുത്ത്' എന്ന ദര്‍ശനമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ആഴങ്ങളെ മൂടിവയ്ക്കുന്ന, ഉപരിതലത്തെ പ്രദര്‍ശിപ്പിക്കുന്ന എഴുത്തിനെ അദ്ദേഹം തള്ളിപ്പറയുന്നു. "ഒരു ജനത എന്ന നിലയില്‍ മലയാളിയുടെ അനുഭവലോകം ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നു എന്നറിയുവാന്‍ നമ്മുടെ എഴുത്തും വായനയും തന്നെ ധാരാളമാണ്. സമകാലീന ജീവിതത്തില്‍ ഭാഷയാണ് ആദ്യം വാണിജ്യവത്കരിക്കപ്പെടുന്നതും വ്യഭിചരിക്കപ്പെടുന്നതും" എന്ന തിരിച്ചറിവ് നമുക്കു പ്രധാനമാണ്. എഴുത്തിലും വാക്കിലും കലരുന്ന മാലിന്യങ്ങളെക്കുറിച്ചോര്‍ത്ത് ഗ്രന്ഥകാരന്‍ പരിതപിക്കുന്നു. സംവാദത്തിന്‍റെ ചുരുങ്ങിവരുന്ന ആകാശം അദ്ദേഹത്തെ ഭയപ്പെടുത്തുന്നു. വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വഴിമരുന്നിടുന്ന ലേഖനമാണിത്.
'ദൈവത്തിലേക്ക് എയ്ത ചിലങ്കയിട്ട അമ്പാണ്' പീന എന്നാണ് പീനാബോഷ് എന്ന അതുല്യ നര്‍ത്തകിയെ വി. ജി. തമ്പി വിളിക്കുന്നത്. സ്ത്രീശരീരത്തിന്‍റെ സാദ്ധ്യതകള്‍ അനാവൃതമാക്കുകയാണ് ഒരു നര്‍ത്തകി. "പീനയുടെ നൃത്തം അത് കാണുന്നവരെ കുഞ്ഞുങ്ങളാക്കും. നഷ്ടപ്പെട്ട നിഷ്കളങ്കതയുടെ നഗ്നതകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. ആണിനും പെണ്ണിനും അപ്പുറത്തുള്ള മനുഷ്യജീവിയായി പതുക്കെ നമ്മള്‍ രൂപാന്തരപ്പെടും" എന്നാണ് വി. ജി. തമ്പിയുടെ അഭിപ്രായം.
വി. ജി. തമ്പിയുടെ 'നിശ്ശബ്ദരായിക്കാന്‍ അവകാശമുണ്ട്' എന്ന ഗ്രന്ഥം നമ്മെ നമ്മോടും മറ്റുള്ളവരോടും ലോകത്തോടും കൂടുതല്‍ അടുപ്പിക്കുന്നു. സാഹിത്യവും രാഷ്ട്രീയവും മതവുമെല്ലാം പുതിയ കണ്ണിലൂടെ കാണാനുള്ള മൂല്യബോധം നല്‍കുന്നു. എല്ലാറ്റിനെയും പ്രണയഭാവത്തില്‍ കാണാന്‍ സാധിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് ആര്‍ദ്രതയും ലാവണ്യവും സമ്മാനിക്കുന്നത്. പ്രണയം ഇവിടെ ഒരു സംസ്കാരമായി വികസിക്കുന്നു. അത് സമഗ്രസത്തയുമായി ഇണങ്ങിനില്‍ക്കുന്ന ചൈതന്യമാണ്. ഓരോന്നിനെയും അടുത്തുനിന്നുകാണാനുള്ള കണ്ണു നല്‍കുന്ന ഉള്‍ക്കാഴ്ചയാണത്. സ്ത്രൈണതയും പ്രണയവും കൂടിക്കലരുന്ന ആത്മചൈതന്യത്തിന്‍റെ ആവിഷ്ക്കാരമായി ഓരോ വാക്കും മാറുന്നു. പൊള്ളവാക്കുകളുടെ അതിപ്രസരത്തിനിടയില്‍ മൗനത്തിന്‍റെ മൂല്യം തിരിച്ചറിയാനും അദ്ദേഹം നമ്മെ ക്ഷണിക്കുന്നു. നമ്മുടെ, സമൂഹത്തിന്‍റെ, ലോകത്തിന്‍റെ സന്തുലിതാവസ്ഥയ്ക്ക് അവശ്യംവേണ്ട സംസ്കാരത്തിന്‍റെ നനവാണ് വി. ജി. തമ്പിയുടെ വാക്കുകളെ സിംഫണിയാക്കുന്നത്. ആത്മത്തില്‍നിന്ന് ഉറവെടുക്കുന്ന ദര്‍ശനധാര പുതിയൊരു ലാവണ്യദര്‍ശനവും സാക്ഷാത്കരിക്കുന്നു.