തുച്ഛമായ ആഹാരത്തെയും ആസ്വാദ്യമാക്കുകയാണ് നോമ്പുനേരങ്ങള്‍. വിഭവങ്ങളേറെയുള്ള ആഹാരനേരങ്ങളിലെ ഇണക്കത്തോടെ തന്നെ അല്പമാത്രമായ ആഹാരവും അപ്പോള്‍ തികവുള്ളതാകുന്നു. ഇച്ഛാപൂര്‍വമുള്ള വ്രതങ്ങളിലെല്ലാം അതാണനുഭവപ്പെടുക. ധനികതയുടെ നിര്‍വചനം തന്നെയപ്പോള്‍ മാറിമറിയുന്നു. ഉള്ളതെന്തോ, ആയിരിക്കുന്നതെന്തോ, അതില്‍ തൃപ്തിയറിയുക എന്നതാവുന്നു ധനികത.
ഒരു സ്വീഡിഷ് കവിത പോലെ: ഒരാള്‍ തുറസില്‍ കിടന്നുറങ്ങുകയാണ്. അയാള്‍ ഒപ്പം കരുതിയിട്ടുള്ളവ ഇവയൊക്കെയാണ് - തൂവല്‍ നിറച്ച കിടക്ക, മൃദുവായ റബ്ബര്‍വിരി, പുലരിയിലെ മഞ്ഞുവീഴ്ചയും മഴയും തടുക്കാന്‍ ടാര്‍പോളിന്‍, ഉണരുമ്പോള്‍ എടുക്കാന്‍ സ്റ്റൗവും ആഹാരവസ്തുക്കളും. കവി-അയാള്‍- തുടര്‍ന്നെഴുതുന്നു: "മറ്റെല്ലാം ഞങ്ങള്‍ വന്നപ്പോഴേ ഉണ്ടായിരുന്നു: വസന്തരാത്രിയിലെ കാട്, അകലെ തടാകം, കൊക്കുകളുടെ കരച്ചില്‍, ആകാശം, നക്ഷത്രങ്ങള്‍... : എത്ര കുറച്ചേ കൊണ്ടുവരേണ്ടി വന്നുള്ളൂ!" അതേ, അവകൂടി നമുക്കുള്ളവയാണ്. നമുക്ക് അനുഭവമാക്കാനുള്ളവ. നാമവയെ കണക്കാക്കുന്നില്ല, കാണുന്നില്ല. നമുക്കായി വര്‍ത്തിക്കുന്ന പ്രകൃതിയിലെ ഈ ചങ്ങാതികളെക്കൂടി ജന്മയാത്രയില്‍ ഉള്‍പ്പെടുത്തുക. ധനികതയിലേയ്ക്കുള്ള ചുവടുവയ്പുതന്നെ അത്. മനസ്സിന്‍റെ തൃപ്തിയെ, ധനികത എന്നല്ലാതെ മറ്റെന്താണു വിശേഷിപ്പിക്കുക!
മുറ്റത്ത് പുല്‍ത്തകിടി വേണമെന്ന് പെണ്‍കുട്ടിയ്ക്ക് ആഗ്രഹം. അത് പൂന്തോട്ടനിര്‍മാണക്കാരെ ഏല്‍പ്പിക്കാനുള്ള പണമില്ല, അനുവാദമില്ല. മുറ്റത്ത് ചതുരക്കളം പകുത്ത് അവള്‍ പാഴ്പുല്ലുകളെ, നിലംപറ്റി വളരുന്നവയെ, അവിടെ വളരാനനുവദിച്ചു. അവയെ ഓമനിച്ച് ഒതുക്കി നിര്‍ത്തിയപ്പോള്‍ ചന്തം തികഞ്ഞ പച്ചത്തകിടിതന്നെ തീര്‍ത്തു അവ! പ്രകൃതിയിലെ ഇത്തിരിപ്പൊടികളോടും സഹജീവി ഭാവം പുലര്‍ത്തുമ്പോള്‍ അവ തീര്‍ച്ചയായും പ്രതികരിക്കും, പ്രസാദത്തിന്‍റെ കണങ്ങള്‍ അകക്കാമ്പില്‍ പാറിച്ചുതന്നുകൊണ്ട്. പുല്ലിലും വിട്ടിലിലും ശലഭത്തിലുമെല്ലാം അടക്കം ചെയ്യപ്പെട്ടിട്ടുണ്ട് ആ സിദ്ധി. അവയെ കണ്ടെടുക്കാന്‍ ഹൃദയത്തെ അനുവദിക്കുകയേ വേണ്ടൂ.
ആഹാരവ്രതമെടുക്കുമ്പോള്‍ ആ അനുഷ്ഠാനം സന്തുഷ്ടിയോടെ ആവേണ്ടതുണ്ട്. കഴിക്കുന്ന അല്പം ആഹാരം അന്നം മാത്രമായല്ല, ഔഷധമായും ഉള്ളില്‍ നിറയും. അല്ലെങ്കില്‍ത്തന്നെ എന്താണന്നം? ജലവും വായുവും പോലും അന്നം തന്നെ. മനുഷ്യന്‍റെ കോശങ്ങളെല്ലാം വെള്ളത്തെ ആധാരമാക്കിയുള്ളവയാണ്. ജലത്തിനു കുറവുവരുമ്പോള്‍ ചില ഗ്രന്ഥികള്‍ ദാഹമുണ്ടാക്കി അതറിയിക്കുന്നു. എന്നാല്‍ വെള്ളം അമിതമായി കുടിച്ചാല്‍ ശരീരത്തിന് അധികജോലി ഉണ്ടാക്കാമെന്നേയുള്ളൂ. ആഹാരവും ജലവും സാവകാശം മാത്രം ഉള്ളിലാക്കുക, ശുദ്ധമായ വെള്ളമെങ്കില്‍ തിളപ്പിച്ചാറിയ്ക്കാതെ അതിന്‍റെ സഹജതയെ നിലനിര്‍ത്തുക, എന്ന് ആയുര്‍വേദം ഓര്‍മപ്പെടുത്തുന്നു.
പ്രകാശത്തെയും ജലത്തെയും അന്നമായി യജുര്‍വേദത്തില്‍ വിവരിച്ചിട്ടുണ്ട്: "ജലം അന്നമാകുന്നു, ജ്യോതിസും അന്നസ്വരൂപം തന്നെ." ആകാശവും അന്നമാണ് എന്ന സങ്കല്പിക്കാന്‍പോലും നാം നിന്നുകൊടുക്കുന്നില്ല. മനുഷ്യനും മറ്റ് ജീവജാലങ്ങളും ആകാശത്തില്‍നിന്ന് എന്തെല്ലാം സ്വീകരിക്കുന്നു! ആ പട്ടിക നമ്മുടെ ഗ്രാഹ്യത്തിനപ്പുറത്താണ്, അളവുകള്‍ക്കപ്പുറത്താണ്. ഉപവാസസമയത്ത് ആകാശം വളരെ ശക്തിയായി ശരീരത്തില്‍ അന്നരൂപത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ് ആ വേദമെഴുത്ത്. പഞ്ചഭൂതങ്ങളിലെ ഏറ്റവും സൂക്ഷ്മവും ഒന്നാമത്തേതുമായ ആകാശതത്വം സൂക്ഷ്മാന്നമായി അപ്പോള്‍ പരിണമിക്കുകയാണ്. വായുവും അന്നമാണെന്ന അറിവ് വിസ്മയകരം തന്നെ. ഉപവാസം എന്ന അനുഷ്ഠാനത്തിലൂടെ, വായു എന്ന മഹത് തത്വത്തിന്‍റെ സ്വാസ്ഥ്യാനുഭൂതികൂടിയാണ് നമ്മിലേയ്ക്ക് അറിയാതെതന്നെ പകര്‍ന്നുകിട്ടുന്നത്. ജീവന് ആധാരം ആഹാരവും ജലവുമെന്ന് പൊതുവേ ധരിക്കപ്പെടുമ്പോള്‍ ഇങ്ങനെയും അന്നങ്ങള്‍. ഇനിയും സൂക്ഷ്മത്തിലേയ്ക്കെത്തുമ്പോള്‍, അവനവനിലെ ആത്മശക്തിയും പോഷകത്തികവുള്ള അന്നമാകുന്നു. എന്നാല്‍ അതുമല്ല പരമപ്രധാനമായ പ്രാണോപാധി. പരമമായ അന്നം, ഈശ്വരനില്‍നിന്നെത്തുന്ന ഊര്‍ജധാര തന്നെ.
വ്രതം ക്ലേശിച്ചു നടത്തപ്പെടേണ്ട കഠിനതയല്ല. പ്രപഞ്ചത്തില്‍ സര്‍വവ്യാപകമായുള്ള, സഹജമായുള്ള, കീഴ്വഴക്കമാണത്. ശിശിരത്തിലെ മരങ്ങളുടെ ഇലപൊഴിക്കല്‍പോലെ, ചില ജീവികളുടെ മഞ്ഞുകാല നിദ്രപോലെ, രോഗാവസ്ഥകളില്‍ സകല മൃഗങ്ങളും പാലിച്ചു പോരുന്ന ആഹാരം വെടിയല്‍പോലെ, അടയിരിക്കുന്ന കോഴിയുടെ വ്രതംപോലെ, പ്രകൃതി നിറയെ ഉദാഹരണങ്ങള്‍.
ശരീര വിശ്രമത്തിന്‍റെയും ഇന്ദ്രിയ വിശ്രമത്തിന്‍റെയും മനോവിശ്രമത്തിന്‍റെയും സംയോജനം ഇടയ്ക്കിടെ ശരീരത്തിന് അനുവദിക്കണം. ശരീരാവയവങ്ങളെ സേവകരാക്കിക്കൊണ്ട് അവയ്ക്കുമേല്‍ യജമാനനെപ്പോലെയാണ് നാം. നമ്മുടെ സേവനത്തിനായി നിലനില്‍ക്കുന്ന ശരീരാവയവങ്ങള്‍ക്കും മനസ്സിനും അവയുടെ ജോലികളില്‍നിന്ന് അല്പം ഇളവു നല്‍കിക്കൊണ്ട് അവയോട് ദയവുകാട്ടുക. അവ ഉറപ്പായും പ്രതികരിക്കും, നന്ദിയോടെ. യജമാനനും ദാസരുമെന്ന അതിര്‍വരയപ്പോള്‍ പതിയെ മായുകയാണ്. പാരസ്പര്യത്തിന്‍റെ തിളക്കം പ്രാണന്...
Happy is the man who is nothing എന്ന ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ദര്‍ശനം, വിഭവസമൃദ്ധിയില്‍ പതിയിരിപ്പുള്ള ദാരിദ്ര്യത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. വിഭവമെന്നാല്‍ പേരും പ്രശസ്തിയും ധനവും ആടയാഭരണങ്ങളും തന്നെ. കൂടുതല്‍ നേടുന്നതിലേയ്ക്ക് ജീവിതം ക്രമപ്പെടുമ്പോള്‍, കൈവശമുള്ളവ തികയാത്ത സ്ഥിതി. ഇനിയുമിനിയും എന്ന ചിന്തയില്‍ ഒരാള്‍ അനുഭവിക്കുന്നത് ദാരിദ്ര്യം മാത്രമാണ്. എത്ര നേടിയാലും അയാള്‍ക്ക് സമ്പന്നതയെന്ന അനുഭവം ലഭിക്കുന്നില്ല.
തനിക്ക് ഇത്രമതി എന്നു നിശ്ചയിച്ച്, വേണ്ടതു മാത്രം എടുക്കുകയും മറ്റു വിഭവങ്ങളെ വെറുതെ വിടുകയും ചെയ്യുമ്പോള്‍, അതിനെയും വ്രതം എന്നു കാണാവുന്നതാണ്. ആഡംബരങ്ങളുടെയും അലങ്കാരങ്ങളുടെയും കാഴ്ചകളുടെയും കേള്‍വികളുടെയും അമിതസാധ്യതകളുണ്ടായിരിക്കാം ചുറ്റിനും. എന്നാല്‍ ധാരാളിത്തത്തിന് ഇടം നല്‍കാതെ വേണ്ടവ മാത്രം സ്വീകരിച്ച് അതിലേയ്ക്ക് തൃപ്തിയെ ചേര്‍ക്കുന്നുവെങ്കില്‍ അതാണ്, വ്രതമെടുക്കല്‍. ധന്യമായ നിറവേറലാണത്. വ്രതകാലങ്ങളെന്ന് ചില കാലയളവുകള്‍ കളം തിരിച്ചു നിര്‍ത്തപ്പെടുന്നുവെങ്കിലും ജന്മകാലത്തെയാകെ ഇങ്ങനെ വ്രതകാലമാക്കാവുന്നതാണ്. മനോഗതിയില്‍ ധനികതയെ അനുഭവിപ്പിച്ചുകൊണ്ടുള്ള, തൃപ്തമായ വ്രതകാലം.