news-details
മറ്റുലേഖനങ്ങൾ

പരാജയത്തിന്‍റെ തുടക്കം ആദാമും ഹവ്വായും

"മണ്ണില്‍ നിന്നെടുക്കപ്പെട്ട നീ മണ്ണിനോടു ചേരുന്നതു വരെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കു തന്നെ നീ മടങ്ങും" (ഉല്‍പ. 3,19).
പരാജയത്തിന്‍റെയും പരാജിതരുടെയും വേരുകള്‍ തേടി പോകുമ്പോള്‍ ചെന്നുനില്ക്കുന്നത് തുടക്കത്തിലാണ് - മനുഷ്യവര്‍ഗ്ഗത്തിന്‍റെ തന്നെ തുടക്കത്തില്‍; അതും മറ്റെങ്ങുമല്ല, ദൈവിക സാന്നിധ്യം നിറഞ്ഞു നില്ക്കുന്ന, എല്ലാവിധ സുഖസന്തോഷങ്ങളുടെയും വിളനിലമായ പറുദീസായില്‍. ഒന്നിനും കുറവില്ലാത്ത, ദൈവത്തിന്‍റെ പ്രതിരൂപമായി, അവികല സൃഷ്ടിയായിട്ടാണ് മനുഷ്യനു ദൈവം രൂപം നല്കിയത്. എല്ലാറ്റിന്‍റെയും മേല്‍ ആധിപത്യവും നല്കി: "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്ക്കാലികളുടെയും ഭൂമി മുഴുവന്‍റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉല്‍പ. 1.26). ഈ ദൈവിക പദ്ധതിയനുസരിച്ചാണ് ആദി മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.

ഏകാന്തത ഉണ്ടാകാതിരിക്കാന്‍ സ്ത്രീയും പുരുഷനുമായി, ഇണയും തുണയുമായി ദൈവം മനുഷ്യനു രൂപം നല്കി. ഒന്നിനും കുറവില്ലാത്ത, സര്‍വ്വസന്തോഷങ്ങളുടെയും ഇടമായ പറുദീസായില്‍ അവരെ കുടിയിരുത്തി. എല്ലാറ്റിന്‍റെയുംമേല്‍ ആധിപത്യം നല്കി. പറുദീസായില്‍ കൃഷിചെയ്യാനും കാത്തുസൂക്ഷിക്കാനും ഉത്തരവാദിത്വവും ഏല്പിച്ചു. സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയാനും അങ്ങനെ ഭൂമി മുഴുവന്‍ ദൈവിക പ്രതിഛായകളാല്‍ നിറയ്ക്കാനായി സന്താന പുഷ്ടിയെന്ന അനുഗ്രഹവും നല്കി. ദൈവത്തിന്‍റെ സാമീപ്യം അവര്‍ക്കു സന്തോഷം പകര്‍ന്നു; സഹവാസം അവരെ ആനന്ദപൂരിതരാക്കി. എന്നിട്ടും അരുതാത്തത് സംഭവിച്ചു.

ഏദേന്‍ തോട്ടത്തില്‍ സര്‍വ്വാധികാരം നല്കിയപ്പോഴും ദൈവം ഒന്നു മാറ്റിവച്ചിരുന്നു. തോട്ടത്തിന്‍റെ നടുവിലുള്ള നന്മ-തിന്മയുടെ അറിവിന്‍റെ വൃക്ഷം - "അതില്‍ നിന്നുമാത്രം ഭക്ഷിക്കരുത്. ഭക്ഷിക്കുന്ന ദിവസം നീ മരിക്കും." (ഉല്‍പ. 2.17). പുത്തരിയില്‍ കല്ലു കടിക്കുന്ന അനുഭവം? എല്ലാം നല്കിയതിനുശേഷം എന്തിനീ വിലക്ക്? അപ്പോള്‍ ദൈവം മനഃപൂര്‍വ്വം മനുഷ്യനു കെണിയൊരുക്കുകയായിരുന്നോ? ഒന്നുകില്‍  എല്ലാ മരങ്ങളില്‍നിന്നും ഭക്ഷിക്കാന്‍ അനുവദിക്കാമായിരുന്നു; അല്ലെങ്കില്‍ ഇങ്ങനെ ഒരു മരം അവിടെ സ്ഥാപിക്കാതിരിക്കാമായിരുന്നു. എങ്കില്‍ അതിന്‍റെ കനി ഭക്ഷിക്കാന്‍ ആഗ്രഹം ഉദിക്കുമായിരുന്നില്ലല്ലോ? കഥ തുടര്‍ന്നു വായിക്കുമ്പോള്‍ മനുഷ്യന്‍റെ പരാജയത്തിനു കാരണം ദൈവം തന്നെയാണെന്ന പ്രതീതിയാണുണ്ടാവുക. ചോദ്യം ചെയ്യപ്പെട്ട മനുഷ്യന്‍തന്നെ അതു സൂചിപ്പിക്കുന്നുമുണ്ട്. "നീ എനിക്കു കൂട്ടിനു തന്ന സ്ത്രീ തന്നു, ഞാന്‍ തിന്നു" (ഉല്‍പ. 3. 12) എന്ന കുറ്റസമ്മതത്തില്‍ ആരോപണത്തിന്‍റെ ചൂണ്ടുവിരല്‍ നീളുന്നതു ദൈവത്തിന്‍റെ നേരെയാണല്ലോ.

വിലക്കപ്പെട്ട കനിയിലാണ് പരാജയത്തിന്‍റെ തുടക്കം കാണുക. പ്രലോഭകന്‍റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ദൈവകല്പനയെ വിശദമായ വിചിന്തനത്തിനു വിധേയമാക്കിയ ആദ്യമനുഷ്യന്‍ ഈ കല്പനയില്‍ എന്തോ ദുരൂഹതയും നിക്ഷിപ്ത താല്പര്യവുമുണ്ട് എന്നു കണ്ടു. "നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും നന്മയും തിന്മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം" (ഉല്‍പ. 3.5). പ്രലോഭകന്‍റെ ഈ സാക്ഷ്യം ദൈവത്തിന്‍റെ കല്പനയെക്കാള്‍ സ്വീകാര്യമായി തോന്നാന്‍ എന്താണു കാരണം?

വിലക്കപ്പെട്ടതിന്‍റെ ആകര്‍ഷണം ശക്തമായിരുന്നു. പഞ്ചേന്ദ്രിയങ്ങളും ഭാവനയും ചിന്തയുമടക്കം മനുഷ്യന്‍റെ സകല കഴിവുകളെയും അത് ആകര്‍ഷിച്ചു. ആസ്വാദ്യമാണ്; കണ്ണിനു കൗതുകകരവും അറിവേകാന്‍ കഴിയുമെന്നതിനാല്‍ അഭികാമ്യവുമായി അനുഭവപ്പെട്ടു. സ്ത്രീയാണ് പ്രലോഭനത്തിനു വശംവദയാവുന്നത് എന്നതിനു പ്രത്യേക പ്രാധാന്യമുണ്ടോ? ഇരുവരും ഉള്‍പ്പെടുന്നതാണ് സംഭവം. ഏറ്റം അധികമായി ശ്രദ്ധ ഊന്നുന്നത് ദൈവതുല്യരാക്കുന്ന അറിവ് എന്ന പ്രമേയത്തിലാണ്.

ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണവര്‍. ദൈവത്തിന്‍റെ തന്നെ മുഖഛായയാണവര്‍ വഹിക്കുന്നത്. സൃഷ്ടവസ്തുക്കള്‍ മുഴുവന്‍റെമേലും ആധിപത്യവും അവര്‍ക്കുണ്ട്. എന്നിട്ടും എന്തോ ഒരു കുറവ്. അവിടെയാണ് പ്രലോഭനം കേന്ദ്രീകരിക്കുന്നത് - ദൈവതുല്യനാക്കുന്ന അറിവ്. പ്രതിഛായ എന്നാല്‍ പ്രതിനിധി എന്നാണര്‍ത്ഥം. അതുപോരാ; പ്രതിനിധി ഉടമസ്ഥനല്ല, കാര്യസ്ഥനാണ്. അതു കുറവായി കാണുന്ന മനുഷ്യന്‍റെ ഉള്ളില്‍ ദൈവമാകാനുള്ള തൃഷ്ണ ഉടലെടുത്തു. ദൈവകല്പനയെ ലംഘിച്ചാലേ തന്‍റെ സ്വാതന്ത്ര്യം സ്ഥാപിക്കാന്‍ കഴിയൂ എന്ന വിചാരം ശക്തമായി. ഈ കനി ഭക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന അറിവ് തന്‍റെ പരമ നന്മയായി മനുഷ്യനു തോന്നി. അതു കിട്ടാത്തിടത്തോളം കാലം തനിക്കുള്ളതെല്ലാം വ്യര്‍ത്ഥവും ശൂന്യവുമായി അനുഭവപ്പെട്ടു.

പരിധിയില്ലാത്ത സ്വാതന്ത്ര്യം! ഞാന്‍ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു നിശ്ചയിക്കുന്നത് ഞാന്‍ മാത്രം. എന്നോടു കല്പിക്കാന്‍ ആരെയും ഞാന്‍ അനുവദിക്കുകയില്ല. എന്‍റെ ഇഷ്ടം പ്രമാണം. എനിക്കു ഞാന്‍ തന്നെ നിയമം. നന്മയും തിന്മയും ഞാന്‍ നിശ്ചയിക്കുന്നത്. ഇതാണ് പരമമായ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം ഇല്ലാത്തിടത്തോളം കാലം ഞാന്‍ പൂര്‍ണ്ണനല്ല, പരതന്ത്രനാണ് എന്ന അവബോധം ശക്തമായി. ഈ ചിന്തകള്‍ പ്രലോഭനങ്ങളും തിന്മയിലേക്കു നയിക്കുന്നതുമാണെന്നു കരുതിയില്ല. മനുഷ്യന്‍റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ സകല കഴിവുകളും കല്പനാ ലംഘനത്തിലൂടെ ലഭിക്കുമെന്നു കരുതുന്ന പരമമായ സ്വാതന്ത്ര്യത്തിലും സന്തോഷത്തിലും ഉടക്കിയപ്പോള്‍ മറ്റെല്ലാം ദൃഷ്ടിപഥത്തില്‍നിന്നു മറഞ്ഞു. ദൈവത്തിന്‍റെ സ്നേഹവും നന്മയും മറന്നു; അവിടുത്തെ കരുണയും കരുതലും മറന്നു. താന്‍ തന്നെ ദൈവത്തിന്‍റെ സൃഷ്ടിയും ദാനവും ആണെന്ന സത്യവും മറന്നു. ദൈവത്തെ എതിരാളിയും അസൂയാലുവും ശത്രുവുമായി ചിത്രീകരിക്കാന്‍ ഈ മാനസികാവസ്ഥ പ്രേരിപ്പിച്ചു. പ്രേരണവന്നത് പുറമെയുള്ള തിന്മയുടെ ശക്തിയില്‍ നിന്നാണെന്നു പറയുമ്പോഴും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന സംഘര്‍ഷവും സംഘട്ടനവും മനുഷ്യന്‍റെ ഉള്ളില്‍ത്തന്നെയാണ് നടക്കുക.

"അവള്‍ അതു പറിച്ചു തിന്നു. ഭര്‍ത്താവിനും കൊടുത്തു. അവനും തിന്നു" (ഉല്‍പ. 3.6). വളരെ ലളിതമായ വാക്കുകളില്‍ അതിഭീകരമായ ഒരു പതനത്തിന്‍റെ ചിത്രം വരച്ചിരിക്കുന്നു. അതോടെ എല്ലാം മാറുകയായി. കണ്ണുകള്‍ തുറന്നവര്‍ തങ്ങളുടെ നഗ്നത കണ്ടു ലജ്ജിച്ചു. കല്പനയുടെ ലംഘനത്തിനുമുമ്പ് അവര്‍ നഗ്നരായിരുന്നെങ്കിലും ലജ്ജ ഉണ്ടായിരുന്നില്ല (ഉല്‍പ. 2. 25). ആദ്യത്തെ അറിവ് തങ്ങളുടെ നഗ്നതയെക്കുറിച്ചാണ്. ദൈവകൃപയാല്‍ കവചിതരായിരുന്നവര്‍ക്ക് ആ വെണ്മയുടെ ഉടയാട നഷ്ടപ്പെട്ടു. നഗ്നതാബോധവും ലജ്ജയും അകല്‍ച്ചയുടെ തുടക്കംകുറിച്ചു. നഗ്നത മറയ്ക്കാന്‍ അത്തിയിലകള്‍ കൂട്ടിത്തുന്നിയുള്ള വൃഥാ ശ്രമത്തില്‍ പരാജിതരായവര്‍ ഒളിക്കാന്‍ ശ്രമിച്ചു. കൂടെ നടന്ന, കൂട്ടിനു വരുന്ന ദൈവത്തില്‍നിന്ന്, ദൈവം തന്ന കൂട്ടാളിയില്‍ നിന്ന്, പ്രപഞ്ചത്തില്‍നിന്ന്, തന്നില്‍നിന്നു തന്നെ ഒളിക്കാനുള്ള ശ്രമവും പരാജയപ്പെടുകയായി. ഈ പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്നാണ് മാനവചരിത്രം ആരംഭിക്കുന്നത്.

ദൈവകല്പന ധിക്കരിച്ചവര്‍ക്കു ദൈവിക സാന്നിധ്യം ഭയജനകമായി, നഷ്ടമായി. ഐക്യത്തിന്‍റെ പ്രതീകമായ പറുദീസായും നഷ്ടപ്പെട്ടു. മനുഷ്യജീവിതം, നമുക്കു പരിചിതമായ ജീവിതം, ഭൂമിയില്‍ ആരംഭിച്ചു. ദൈവം ശിക്ഷിച്ചു പുറത്താക്കി എന്നതിനേക്കാള്‍ ആദി മനുഷ്യന്‍റെ തീരുമാനം തന്നെ അവനെ ദൈവിക മേഖലയ്ക്കു പുറത്താക്കി എന്നു പറയുന്നതാവും ബൈബിള്‍ നല്കുന്ന വിവരണത്തിന്‍റെ ശരിയായ വ്യാഖ്യാനം. കാരണം വിചാരണയും വിധിയും നടക്കുന്നതിനു മുമ്പു തന്നെ അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വിശദമായി വിവരിക്കുന്ന വിധി വാചകം മനുഷ്യന്‍റെ അനുസരണക്കേടു മൂലം സംജാതമായ പുതിയ അവസ്ഥയുടെ വ്യാഖ്യാനവും സ്ഥിരീകരണവും മാത്രമാണ്.

പരാജയത്തിലാണ് തുടക്കം, ദൈവകല്പനയുടെ ലംഘനമായിരുന്നു പരാജയത്തിനു കാരണം. എന്നാല്‍ ഈ പരാജയം അവസാനമല്ല, ആരംഭമാണ്. മനുഷ്യന്‍റെ സ്വഭാവവും പരിതോവസ്ഥകളും നിര്‍ണ്ണയിച്ചത് ഈ നിയമലംഘനമല്ലേ? ആദി മനുഷ്യന്‍ കല്പന ലംഘിക്കാതിരുന്നെങ്കില്‍ ഇപ്രകാരമൊരു മനുഷ്യസമൂഹവും മനുഷ്യ ചരിത്രവും, അതിന് അര്‍ത്ഥവും ലക്ഷ്യവും നല്കുന്ന രക്ഷാചരിത്രവും ഉണ്ടാകുമായിരുന്നില്ലല്ലോ? തങ്ങളുടെ ആദിമ നിഷ്കളങ്കതയില്‍ അവര്‍ ദൈവത്തോടൊന്നിച്ചു കഴിയുമായിരുന്നു. എന്നാല്‍ അതായിരുന്നില്ല ദൈവിക പദ്ധതി. മനുഷ്യരക്ഷകനായി അവതരിച്ച ദൈവപുത്രന്‍റെ ഛായയും സാദൃശ്യവുമായിരുന്നു ആദിമനുഷ്യന്‍ വഹിച്ചത്. "ഇപ്രകാരമൊരു രക്ഷകനെ ഞങ്ങള്‍ക്കു നല്കിയ ഭാഗ്യപ്പെട്ട പാപമേ" എന്ന് വി. ആഗസ്തിനോസ് ഉദ്ഘോഷിക്കുന്നത് ഇവിടെ ശ്രദ്ധേയമത്രെ. പറുദീസായിലെ അറിവിന്‍റെ വൃക്ഷം ഗാഗുല്‍ത്തായിലെ ജീവന്‍റെ വൃക്ഷത്തിലേക്കു  വിരല്‍ചൂണ്ടി നില്ക്കുന്നു.

ദൈവികവെളിപാടിന്‍റെ വെളിച്ചത്തിലുള്ള  മനുഷ്യസ്വഭാവത്തിന്‍റെ വിശദീകരണമാണ് മനുഷ്യസൃഷ്ടിയുടെയും പതനത്തിന്‍റെയും വിവരണത്തില്‍ കാണുന്നത്. പ്രലോഭനവും പതനവും പാപവും ശിക്ഷയുമെല്ലാം ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു എന്നതിനു രക്ഷാചരിത്രം സാക്ഷി. പറുദീസായില്‍ സംഭവിച്ചത് വലിയൊരു പരാജയമായിരുന്നു; എല്ലാ പരാജയങ്ങളുടെയും തുടക്കവുമായിരുന്നു. എന്നാല്‍ അതു പരാജയം മാത്രമായിരുന്നില്ല, രക്ഷാചരിത്രത്തിനു തുടക്കം കുറിക്കുന്ന അനുഗൃഹീതമായൊരു സംഭവമായിരുന്നു. വീഴ്ചകളും തുടര്‍ച്ചകളും അവയില്‍ത്തന്നെ നല്ലതെന്ന് ആരും പറയുകയില്ല. എന്നാല്‍ അവയിലും നന്മയിലേക്കു മുളപൊട്ടി വളരാവുന്ന ദൈവിക പദ്ധതിയുടെ ബീജം ഒളിച്ചിരിക്കുന്നുണ്ട്. ദൈവം പാപം ആഗ്രഹിക്കുന്നില്ല, എന്നാല്‍ അനുവദിക്കുന്നു. പാപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കാന്‍ അവിടുത്തേക്കു കഴിയും. "ഒരു മനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഒരു മനുഷ്യന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും... പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചു" (റോമാ. 5, 19-20).

അറിവിന്‍റെ കനി തിന്ന് ദൈവതുല്യനാകാന്‍ ശ്രമിച്ചവന് പറുദീസാ നഷ്ടമായി. മണ്ണില്‍ നിന്നെടുക്കപ്പെട്ടവനെ മണ്ണിനോടു മല്ലിടാനും അവസാനം മണ്ണായിത്തീരാനും ദൈവം അയച്ചു -ഭൂമിയിലേക്ക്. എന്നാല്‍ മനുഷ്യന്‍റെ ഭൂമിയിലെ ചരിത്രം പരാജയത്തിന്‍റെ മാത്രം ചരിത്രമല്ലല്ലോ. ഒരു മനുഷ്യന്‍ മരിച്ചു മണ്ണടിയുമ്പോള്‍ അവന്‍റെ സന്തതിയായി മറ്റൊരു മനുഷ്യന്‍ ഭൂമിയില്‍ വളരുന്നു. അങ്ങനെ ചരിത്രം തുടര്‍ന്നുപോകുന്നു. ആത്യന്തികമായി എല്ലാ പരാജയങ്ങളെയും പരാജയപ്പെടുത്തി നിത്യമായി ജീവിക്കാന്‍, നഷ്ടപ്പെട്ട പറുദീസായില്‍ വീണ്ടും പ്രവേശിക്കാന്‍ കഴിയും എന്ന ദൈവത്തിന്‍റെ വാഗ്ദാനം പ്രവചനരൂപത്തില്‍ (ഉല്‍പ 3. 15) സ്വീകരിച്ചു കൊണ്ടാണല്ലോ ആദ്യ മനുഷ്യന്‍ പറുദീസായുടെ പടിയിറങ്ങിയത്.

ആത്യന്തികമായ ഈ വിജയം ദൈവം തന്നെയാണ് മനുഷ്യനു സാധ്യമാക്കുക. അതിനുവേണ്ടി ദൈവം അവനോടു കൂടെയുണ്ടാകും - പറുദീസായ്ക്കു പുറത്ത്. മനുഷ്യന്‍റെ എല്ലാ പാപങ്ങളും പരാജയങ്ങളും സ്വന്തം ചുമലില്‍ ഏറ്റുവാങ്ങി, പരാജയത്തിന്‍റെ മൂര്‍ത്തഭാവമായി കുരിശില്‍ മരിച്ചവന്‍ സകല പരാജിതര്‍ക്കും പ്രത്യാശ നല്കുന്നു; എല്ലാ പരാജയങ്ങളെയും വിജയങ്ങളാക്കി മാറ്റുന്നു. ആദി മനുഷ്യന്‍റെ പരാജയമാണ് ദൈവം തന്നെ നേടിയ ഈ ആത്യന്തിക വിജയത്തിലേക്കുള്ള വഴി തുറന്നത്. അതിനാല്‍ പരാജയപ്പെടുമ്പോള്‍ നിരാശവേണ്ടാ; പ്രത്യാശയോടെ ജീവിതത്തെ നേരിടണം. കാരണം ആ പരാജയത്തിനുള്ളില്‍ത്തന്നെ വിജയത്തിന്‍റെ തുടക്കമുണ്ട്.

You can share this post!

സൂക്ഷ്മത

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts