നിശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? എന്ന ചോദ്യം ബിഷപ്പ് പൗലോസ് മാര്‍ പൗലോസിന്‍റെപുസ്തകത്തിന്‍റെ പേരാണ്. പുസ്തകം ഈരാറ്റുപേട്ട ഒഴാക്കല്‍ ദേവസ്യ കുര്യാക്കോസ് വായിച്ചിട്ടുണ്ടോ... ആ ചോദ്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നൊന്നും ഉറപ്പ് പറയാന്‍ കഴിയില്ല. എന്നാല്‍ നിശബ്ദനായിരിക്കാന്‍ തനിക്കാവില്ലെന്ന് വളരെപ്പണ്ടേ അയാള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒ. ഡി. അല്ലെങ്കില്‍ ഒ.ഡി. കെ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഒ.ഡി. കുര്യാക്കോസിന്‍റെ കരുത്തുറ്റ ശരീര പ്രകൃതത്തെക്കാള്‍ തീവ്രമാണ് അനീതിയോടും അന്യായത്തോടും അയാളുടെ ക്ഷിപ്രപ്രതികരണത്തിന്‍റെ പ്രകൃതി. നിര്‍ഭയനായ പൊതു പ്രവര്‍ത്തകനായ ഒ.ഡി. യുടെ പ്രതികരണത്തിന്‍റെ ചൂടറിയുന്നത് മിക്കപ്പോഴും അഴിമതിക്കാരും ഉഴപ്പന്മാരുമായ ഉദ്യോഗസ്ഥരാണ്. സാധാരണക്കാരന്‍ പഞ്ചപുച്ഛമടക്കുന്നിടത്താണ്, ഒ.ഡി.യുടെ വിപ്ലവവീര്യം ഉണരുക. ഉദ്യോഗസ്ഥര്‍ കഴിഞ്ഞാല്‍ പിന്നെ മതാധികാരികള്‍... പിന്നെ, രാഷ്ട്രീയാധികാരികള്‍ അങ്ങിനെ പോകും ഇരകള്‍.
ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസില്‍ പോലും പലപ്പോഴും കടന്നുചെന്ന് "താങ്കളുടെ പോലീസിന് ക്ഷൗരമാണ് ചേരുന്ന തൊഴില്‍" (ക്ഷൗരം ഏതെങ്കിലും വിധത്തില്‍ മോശമായ തൊഴിലോ പ്രവൃത്തിയോ ആയതുകൊണ്ടല്ല. മറിച്ച്, അതിന്‍റെ പ്രയോഗപരമായ ചില സാധ്യതകളെ ഉപയോഗിച്ചുവെന്നു മാത്രം) എന്ന് ആക്രോശിക്കുമ്പോള്‍ ഒ.ഡി.യെ നന്നായി അറിയാവുന്ന ഉദ്യോഗസ്ഥര്‍ സമാധാനം പറയാന്‍ സാവധാനം ചോദിക്കുക മാത്രമെ ചെയ്യാറുള്ളൂ എന്നത് ജനാധികാരത്തിന്‍റെ തിരിച്ചറിവ് ഒരാളെ ആത്മ വിശ്വാസത്തിന്‍റെ ഏതളവിലെത്തിക്കുന്നു എന്നതിന്‍റെ തെളിവാണ്.
കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്യാത്ത വില്ലേജ് ഓഫീസര്‍, പരാതി സ്വീകരിക്കാത്ത പഞ്ചായത്ത് സെക്രട്ടറി തുടങ്ങി ഒ.ഡി.യുടെ 'ചൂടറിയാത്ത' ഉദ്യോഗസ്ഥര്‍ കുറയും. വഴിയില്‍ അപകടത്തില്‍പ്പെട്ട അപരിചിതനെ, വഴിയോരത്ത് ക്ഷീണിതനായി കണ്ട അനാഥനെയൊക്കെ എത്തേണ്ടിടത്ത് കൊണ്ടെത്തിക്കാന്‍, അവിടെ സ്വീകരിക്കാന്‍ മടിച്ചാല്‍ മറ്റൊരാളെയും അതുപോലിനി നിരസിക്കാനാവാത്ത വിധം അവരുടെ (അധികാരികളുടെ) അഹത്തെ തച്ചുതകര്‍ക്കാന്‍ ഒക്കെ ഒ.ഡി. ഒറ്റയ്ക്കു മതി. കൂടിയാലോചനകള്‍ അയാളുടെ അജണ്ടയില്‍ കുറവാണ്. ഒ. ഡി.യെ പൊതു സമൂഹം അടയാളപ്പെടുത്തുന്നതു തന്നെ ഒരു ഒറ്റയാനായിട്ടാണ്. എന്നാല്‍ അതിന്‍റെ പ്രസരണം സമൂഹത്തിലപ്പാടെ ഒരു തരം പ്രതികരണോന്മുഖമായ ആത്മവിശ്വാസം വളര്‍ത്തുന്നുണ്ട് എന്നത് അംഗീകരിക്കാതിരിക്കാനാവില്ല.
ഓരോ യാത്രക്കിടയിലും കണ്ണുടക്കുന്ന എന്തെങ്കിലുമൊന്ന് ഒ.ഡി.യുടെ യാത്രകളെ പലപ്പോഴും സംഘര്‍ഷഭരിതമാക്കും. ഏറ്റമൊടുവില്‍ ദിവസങ്ങള്‍ മുമ്പാണ്, പുഴയോരത്തെ മണിമരുത് സ്വന്തമാക്കി തീരം കെട്ടിയെടുക്കുന്നയാളെ ബസിലിരുന്ന് ഒ.ഡി. ശ്രദ്ധിച്ചത്. അവിടെയിറങ്ങി. വാനം കുഴിക്കുന്ന മണ്ണ് മാന്തി യന്ത്രം തടഞ്ഞിട്ടുകൊണ്ട് തുടങ്ങിയ പ്രതികരണം പിന്നീട് സ്ഥലത്തിന്‍റെ റീ സര്‍വ്വെയിലും ഒരുപാട് ഉദ്യോഗസ്ഥന്മാരുമായുള്ള കലഹത്തിലും ചെന്നെത്തുമ്പോള്‍ ഒ.ഡി. യുടെ യാത്രാലക്ഷ്യങ്ങളൊക്കെ പാളിയിട്ടുണ്ടാകും. അത്തരം നഷ്ടങ്ങള്‍ അയാളെ ഒട്ടും അലട്ടാറില്ല.
ആരും ഭയക്കുന്ന ബ്ലേഡ് മാഫിയയെ നേര്‍ക്കു നിന്ന് പോര്‍വിളിക്കാന്‍ പോന്ന പോരാളിയായി പീഡിപ്പിക്കപ്പെട്ട ഒരുപാടു നിസ്സഹായര്‍ ഒ.ഡി. യെ തിരിച്ചറിഞ്ഞിട്ടുണ്ട്. "മരിക്കാന്‍ എനിക്കു ഭയമില്ല. പക്ഷേ കുഴിയില്‍വെച്ച് കഴിയുമ്പോള്‍ ആളുകള്‍ മണ്ണ് വാരിയിടുന്നത് ഓര്‍ക്കുമ്പോള്‍ ഭയമാണ്" ബ്ലേഡ് പലിശയില്‍ തകര്‍ന്ന് കൂട്ട ആത്മഹത്യക്ക് തയ്യാറെടുത്ത കുടുംബത്തിലെ ഇളയ കുട്ടിയുടെ വാക്കുകള്‍ ഒ.ഡി.യിലെ പ്രതികരണത്തിന്‍റെ മനുഷ്യന് എരിതീയില്‍ എണ്ണയായി. ആ കുടുംബത്തിന് രാവും പകലും സായുധ കാവലിരുന്ന് ഒ. ഡി. ഒരുക്കിയത് സഹോദരതുല്യമായ പരിരക്ഷയാണ്.
നടപടികള്‍ വൈകുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ 'ഉഴപ്പുമ്പോള്‍' ഏറ്റവും തലപ്പത്ത് വിളിച്ച് അധികാരം പ്രയോഗിച്ചും ഒ.ഡി. ഒരു ജനാധികാര സമാന്തര പാത വെട്ടുകയാണ്, പതിറ്റാണ്ടുകളായി. ഈ കാലയളവ് ഒ.ഡി.യെ നിഷേധത്തിന്‍റെയും കലഹത്തിന്‍റെയും (ക്രിയാത്മക മാനത്തില്‍) അടയാളമാക്കി. ഒറ്റയാനാവുമ്പോഴും ബ്ലേഡ് മാഫിയ വിരുദ്ധ സംഘടനയുടെ നേതാവായും മീനച്ചില്‍ നദീ സംരക്ഷണസമിതി ഭാരവാഹിയായും മറ്റനേകം ജനകീയ സംഘടനകളുടെ പ്രവര്‍ത്തകനായും കൂട്ടു പ്രതികരണങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും അയാള്‍ ഉണ്ട്.
ഒ.ഡി.യുടെ ആശയവിനിമയം പലപ്പോഴും ആധികാരികമായും അധികാരത്തോടും കൂടിയാണ്. റവന്യൂ ഉദ്യോഗസ്ഥന്‍ പോലീസില്‍ പരാതിപ്പെട്ടത് 'അയാള്‍ എന്നോട് പരുഷമായി പെരുമാറിയെന്നും രാജാവിനെപ്പോലെ സംസാരിച്ചുവെന്നുമാണ്.' ഒ. ഡി. സന്തോഷത്തോടെ 'കുറ്റം' സമ്മതിച്ചു. ജനം രാജാവും ഉദ്യോഗസ്ഥരും രാഷ്ട്രീയാധികാരികളും സേവകരും ആണെന്ന തിരിച്ചറിവിനെ പിടിച്ചു കെട്ടാന്‍ ആര്‍ക്കാണ് കഴിയുക? 'രാജാവ് നഗ്നനെന്ന് വിളിച്ചു പറയാന്‍' 'പൂച്ചക്ക് മണി കെട്ടാന്‍' ഒ.ഡി. യെപ്പോലെ ചില ജാഗ്രതകള്‍ ഇല്ലെങ്കില്‍ പൊതു പരിസരങ്ങളിലെ ഇനിയും അവശേഷിക്കുന്ന ക്രിയാത്മക കലഹങ്ങളുടെ മരണമണി എന്നേ മുഴങ്ങിയേനെ.