വസ്ത്രത്തെയും നഗ്നതയേയും കുറിച്ചുള്ള ഏതൊരു ചര്‍ച്ചയിലും ശരീരത്തിന്‍റെ സ്വാഭാവിക വസ്ത്രമായ രോമാവരണത്തെ അവഗണിക്കാനാവില്ല. പ്രൈമേറ്റുകളുടെ നീണ്ടനിരയില്‍ നമ്മുടെ ജീവ ജാതി വ്യതിരിക്തമായി നില്‍ക്കാന്‍ കാരണം രോമാവൃതമല്ലാത്ത ശരീരമാണെന്ന് ഡെസ്മണ്ട് മോറീസ് നഗ്നവാനരന്‍ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
ശരീരരോമങ്ങള്‍ കൊഴിഞ്ഞുപോയി എന്നു മുതലാണ് മനുഷ്യചര്‍മ്മം നഗ്നമാവാന്‍ തുടങ്ങിയത് എന്നതിനെക്കുറിച്ച് കൃത്യമായ അറിവൊന്നും ഗവേഷകര്‍ക്കില്ല. ഏകദേശം 5000-ത്തിലധികം വരുന്ന സസ്തനികളെ വച്ചുനോക്കുമ്പോള്‍ മനുഷ്യനെപ്പോലെ ശരീരരോമങ്ങള്‍ കുറഞ്ഞ ജീവികള്‍ കുറച്ചേയുള്ളൂ. കടല്‍ സസ്തനികള്‍ക്കു പൊതുവെ രോമാവരണമില്ല. രോമത്തിന്‍റെ കാര്യത്തില്‍ വിവിധ മനുഷ്യവര്‍ഗ്ഗങ്ങള്‍ തമ്മിലും ഒരേ ഭൂവിഭാഗത്തിലും കാലാവസ്ഥയിലും സാമൂഹിക ചുറ്റുപാടുകളിലും ജീവിക്കുന്നവര്‍ തമ്മിലും നേരിയ അന്തരം കാണാറുണ്ട്. ചില വ്യക്തികള്‍ മറ്റുള്ളവരെക്കാള്‍ രോമ രാജികളുള്ളവരാണ്. ജനിതകപരമായ ചില സവിശേഷതകള്‍ ആധുനിക മനുഷ്യനെ രോമത്തിന്‍റെ കാര്യത്തില്‍ പരിണാമത്തിന്‍റെ പ്രാരംഭ കാലത്തേക്കു കൊണ്ടുപോകുന്നുണ്ട്. ഉദാഹരണത്തിന് വെയര്‍ വോള്‍ഫ് സിന്‍ഡ്രോ (were wolf syndrone) എന്ന ജനിതക സവിശേഷതയുള്ളവര്‍ക്ക് മൂക്കിലടക്കം, മുഖത്തും ശരീരമാസകലവും കരടിയെപ്പോലെ രോമം ഉണ്ടായിരിക്കും. ഹൈപ്പര്‍ ട്രൈക്കോസിസ് (hypertichosis) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഹൈപ്പര്‍ ട്രൈക്കോസിസ് മനുഷ്യരുടെ പൂര്‍വ്വ പിതാക്കന്മാരായ വാനരന്മാരിലേക്കുള്ള ഒരു പുരോയാനം, അല്ലെങ്കില്‍, പൂര്‍വ്വ പിതാക്കന്മാര്‍ക്കനുരൂപമായിരിക്കല്‍ (atavism) ആണെന്നു പറയാം. ജനിതകപരമായ പല തകരാറുകളും ഇപ്രകാരം മനുഷ്യരെ പൂര്‍വ്വകാലത്തിന്‍റെ ശാരീരിക സവിശേഷതകളിലേക്കു കൊണ്ടുപോകുന്നുണ്ട്. അങ്ങനെയാണെങ്കില്‍ മനുഷ്യന്‍ നഗ്നവാനരനായതിനു പിന്നില്‍ ജനിതകപരമായ സവിശേഷത മാത്രമാണോ ഉള്ളത് എന്ന ചോദ്യം വരാം. രോമത്തിന്‍റെ ആവശ്യം വസ്ത്രം കൊണ്ട് മറികടന്നതിനുശേഷം മനുഷ്യനു ലഭിക്കുന്ന പ്രകൃതിയുടെ സംരക്ഷണമാണ് ഹൈപ്പര്‍ ട്രൈക്കോസിസ് എന്നു പറയാം. ഈ സംരക്ഷണം, പരിണാമത്തിലൂടെ ശാരീരികമായി മാറിയ മനുഷ്യന് ഒരു വൈകൃതമായി മാറുന്നു. ശാരീരികമായ ഇത്തരം വൈകൃതങ്ങള്‍ മനുഷ്യന്‍റെ സാമൂഹിക ചരിത്രവുമായാണ് ഇടപെടുന്നത് എന്നും ഓര്‍ക്കണം.
മനുഷ്യരുടെ രോമവളര്‍ച്ചയെ സ്വാധീനിക്കുന്ന ജീന്‍ (hairy gene) തടയപ്പെടുകയോ പൂട്ടിയിടപ്പെടുകയോ ചെയ്ത നിലയിലാണ് ഇന്ന് ഉള്ളത്. അതിന്‍റെ സ്വതന്ത്രമായ ആവിഷ്ക്കാര സാദ്ധ്യത തടയപ്പെട്ടിരിക്കുന്നു എന്നു ചുരുക്കം.
ഹൈപ്പര്‍ ട്രൈക്കോസിസ് അത്യപൂര്‍വ്വമായ ഒരു ജനിതക തകരാറാണ്. മധ്യകാലത്തിനുശേഷം ലോകത്താകമാനം ഈ ശാരീരികാവസ്ഥയുള്ള 50 രോഗികളെ മാത്രമെ കണ്ടെത്തിയിട്ടുള്ളൂ. മനുഷ്യന്‍ നഗ്നവാനരനായതിനു പിന്നില്‍ ജനിതകത്തിന്‍റെ ഉറച്ച ഒരു നിലപാടുണ്ട്. മനുഷ്യന്‍റെ ജനിതക ഘടന മനുഷ്യനെ നഗ്നവാനരനായി നിലനില്‍ക്കാനാണ് നിര്‍ബന്ധിക്കുന്നത്. പരിണാമത്തില്‍ പിന്നിട്ടു പോന്ന വഴികളിലേക്ക് തിരിച്ചുപോകാന്‍ മനുഷ്യശരീരം ആഗ്രഹിക്കുന്നില്ല.
മനുഷ്യന്‍റെ ശരീരരോമങ്ങള്‍ നഷ്ടപ്പെട്ട് ഏറെക്കുറെ ചര്‍മ്മം നഗ്നമായതിന് ഏതെങ്കിലും തരത്തിലുള്ള പരിണാമപരമായ വിശദീകരണം സാദ്ധ്യമാണോ എന്നന്വേഷിച്ചവരുണ്ട്. അമേരിക്കയിലെ റീഡിങ് സര്‍വ്വകലാശാലയിലെ പരിണാത്മക ജീവശാസ്ത്ര (Evolutionary Biology) വിഭാഗം തലവനായ മാര്‍ക്ക് പേഗല്‍ (Mark Pagel) മുന്‍ പറഞ്ഞ ചോദ്യത്തിന് ജല-വാനര പരികല്പന (aquatic-ape hypotuesis)യിലൂടെയാണ് ഉത്തരം പറയാന്‍ ശ്രമിക്കുന്നത്. ഏതാണ്ട് 8 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് മനുഷ്യന് കുരങ്ങുവര്‍ഗ്ഗത്തില്‍പെട്ട ഒരു മുന്‍ഗാമി ഉണ്ടായിരുന്നു. ഈ മുന്‍ഗാമികള്‍ കാനന ജീവിതം അവസാനിപ്പിച്ച് കടല്‍ക്കരകളില്‍ ഭക്ഷണമന്വേഷിച്ചു നടന്നിരിക്കാം. ആഴം കുറഞ്ഞ വെള്ളത്തില്‍ ഇരതേടിയ ഇവര്‍ പിന്നീട് ജലത്തില്‍ നീന്താന്‍ തുടങ്ങിയതോടെ രോമം തടസ്സമാവുകയും അങ്ങനെ കടലിലെ സസ്തനികളെപ്പോലെ രോമം കൊഴിഞ്ഞു പോയി ശരീരം നഗ്നമായതാവാം എന്നാണ് ഈ പരികല്പന. ജലോപരിതലത്തില്‍ പൊങ്ങിനില്‍ക്കുന്ന ശിരസ്സില്‍ മാത്രം രോമം അവശേഷിച്ചത് വെച്ചു നോക്കുമ്പോള്‍ ഈ പരികല്പനയില്‍ വാസ്തവമുണ്ടെന്നാണ് ഡെസ്മണ്ട് മോറീസ് അഭിപ്രായപ്പെടുന്നത്. (പുസ്തകം: നഗ്നവാനരന്‍) കൂടുതല്‍ നല്ല ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞതോടെ ജലത്തില്‍ നിന്നും മനുഷ്യ പൂര്‍വ്വികന്‍ കരയിലെ സമതലങ്ങളിലേക്കു കുടിയേറിപ്പാര്‍ത്തിരിക്കണമെന്നും മോറീസ് പറയുന്നുണ്ട്.
കാടുകളില്‍ നിന്നും മനുഷ്യ പൂര്‍വ്വികര്‍ ചൂടു നിറഞ്ഞ പുല്‍മേടുകളിലേക്ക് താമസം മാറ്റിയതോടെ ശരീരരോമങ്ങളുടെ ആവശ്യം ഇല്ലാതെയായി. ഇരുകാലില്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങിയ മനുഷ്യപൂര്‍വ്വികന് സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ശിരസ്സില്‍ മാത്രം രോമം നിലനിന്നത് ഇതു കൊണ്ടാണെന്നാണ് ഒരഭിപ്രായം. കാടിനുള്ളില്‍ കുളിര്‍മ്മയുള്ള അന്തരീക്ഷമായതുകൊണ്ട് രോമാവരണത്തിന്‍റെ ആവശ്യമുണ്ട്. സമതലങ്ങളില്‍ ചൂടുകൂടുതലായതുകൊണ്ട് നഗ്നശരീരമാണ് അഭികാമ്യം. ശീതീകരണ തന്ത്ര പരികല്പന (The Cooling device hypothesis) എന്നാണ് ഈ പരികല്പന അറിയപ്പെടുന്നത്. മനുഷ്യപൂര്‍വ്വികര്‍ ചൂടിനെയും തണുപ്പിനെയും നേരിട്ടിരുന്നത് ഇന്നത്തെ മനുഷ്യര്‍ നേരിടുന്നതുപോലെ വസ്ത്രമഴിച്ചും വസ്ത്രമിട്ടും ആയിരുന്നു എന്ന അനുഭവ സത്യത്തിന്‍റെ ഒരു നിഴല്‍ ഈ സങ്കല്പത്തിലുണ്ട്. ചൂടും തണുപ്പും സഹിക്കാനുള്ള മനുഷ്യപൂര്‍വ്വികന്‍റെ ശരീര സഹനശേഷി എത്രയായിരുന്നു എന്ന അന്വേഷണം ഇവിടെയൊന്നും സംഭവിക്കുന്നില്ല. ഇന്നത്തെ മനുഷ്യന്‍റെ ശാരീരികാവസ്ഥയെ സംബന്ധിച്ച അനുഭവ സത്യത്തെ ഭൂതകാലത്തിലേക്കു ദീര്‍ഘിപ്പിക്കുകയെന്നതാണ് ഇവിടെ സംഭവിക്കുന്നത്.
സ്ത്രീ പുരുഷ വ്യത്യാസത്തിനുവേണ്ടിയും ലൈംഗികാകര്‍ഷണത്തിനു വേണ്ടിയുമാണ് ശരീരരോമങ്ങള്‍ നഷ്ടപ്പെട്ടത്. രോമാവരണം ഒരു ശല്യമാവുകയും പെട്ടെന്ന് കീടാണുക്കളുടെ ആക്രമണം ഉണ്ടാവുകയും ചെയ്തതാവാം രോമാവരണം നഷ്ടമാവാന്‍ കാരണം എന്ന് സിദ്ധാന്തിക്കുന്നവരുമുണ്ട്. ഇവിടെയെല്ലാം ഒരു ചോദ്യം അവശേഷിക്കുന്നു. മനുഷ്യപൂര്‍വ്വികരുടെ ഇച്ഛയും ആഗ്രഹവും ആവശ്യകതയും ശരീരാവസ്ഥയില്‍ മാറ്റമുണ്ടാക്കുകയാണോ ചെയ്തത്? ഈ ചോദ്യത്തിന് വിശ്വസനീയമായ ഒരുത്തരം ആരും പറഞ്ഞിട്ടില്ല.
മനുഷ്യ പൂര്‍വ്വികന്‍ എന്തുകൊണ്ട് രോമാവരണമില്ലാത്ത ശാരീരികാവസ്ഥ തിരഞ്ഞെടുത്തു, എന്ന ചോദ്യം ചോദിച്ചവരുണ്ട്. അതിനുള്ള ഉത്തരമായി പറയുക, എന്തുകൊണ്ട് മനുഷ്യപൂര്‍വ്വികന്‍ ഇരുകാലി ജീവിതം തിരഞ്ഞെടുത്തു എന്നതിന്‍റെ ഉത്തരം തന്നെയാണ് ഇതിന്‍റെയും ഉത്തരം എന്നാണ്.
എന്നാല്‍, മനുഷ്യ പൂര്‍വ്വികന്‍ തന്‍റെ ഇച്ഛാശക്തി ഉപയോഗിച്ച് തനിക്കനുകൂലമായ ശാരീരികാവസ്ഥ തിരഞ്ഞെടുത്തു എന്ന വീക്ഷണം തന്നെ ഭാവനാപരമാണ്. പരിണാമത്തിനിടയില്‍ മനുഷ്യന്‍റെ ഇച്ഛാശക്തി പ്രവര്‍ത്തിക്കാനാവശ്യമായ മസ്തിഷ്ക ഘടന എങ്ങനെ വന്നുചേര്‍ന്നു എന്നതിന് വ്യക്തമായ ഉത്തരമില്ല.
ജലജീവിതത്തിന് ശരീരത്തിലെ രോമ രാജി അനുയോജ്യമല്ലാത്തതുകൊണ്ട് ജീവികള്‍ (മനുഷ്യപൂര്‍വ്വികനും) അത് ഉപേക്ഷിച്ചു എന്ന ശൈലിയിലാണ് പല ഗവേഷകരും അഭിപ്രായം പറയുന്നത്. ജീവ പരിണാമത്തിലുടനീളം ജീവികളുടെ ഇച്ഛ (will) ആണ് പ്രവര്‍ത്തിച്ചത് എന്നിടത്താണ് ഇത്തരം അഭിപ്രായങ്ങള്‍ ഊന്നുന്നത്. ഒരു ജീവിയോ ആ ജീവിയുടെ പലതലമുറകളോ ആഗ്രഹിച്ചതുകൊണ്ട് ശരീരത്തില്‍ മാറ്റമുണ്ടാവുക എന്നതിനര്‍ത്ഥം ഈ പ്രപഞ്ചത്തെയും ഭൗതിക പദാര്‍ത്ഥങ്ങളെയും ചലിപ്പിക്കുകയും അവയുടെ പ്രകൃതത്തില്‍ മാറ്റമുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് നിഗൂഢമായ ഏതോ 'ഒരാഗ്രഹ'ത്തിന്‍റെ ഇടപെടലാണ് എന്നു തന്നെയാണ്. ഇത്തരം ഒരു വീക്ഷണത്തിന്‍റെ സാധുതയ്ക്കാവശ്യമായ തെളിവുകള്‍ ഒന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
ലൈംഗികാകര്‍ഷണമാണ് രോമരാഹിത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന ഒരഭിപ്രായമുണ്ട്. ലൈംഗികാകര്‍ഷണത്തിനു വേണ്ടിയുള്ള മനുഷ്യപൂര്‍വ്വികരായ വാനര പിതാക്കളുടെ ആഗ്രഹമാണ് ശരീരത്തിലെ രോമാവരണം നഷ്ടപ്പെടാന്‍ കാരണമായത്, ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രം രോമം വളരാന്‍ ഇടയായതും ഇതു തന്നെയാണ് എന്ന അഭിപ്രായം മുന്നോട്ടുവെച്ചവര്‍ പറയുന്നത്, മിനുസമുള്ളതും രോമരാജികളില്ലാത്തതുമായ ദേഹം ആരോഗ്യത്തിന്‍റെ അടയാളമായി ഇണ തിരിച്ചറിയും എന്നാണ്. ശരീരരോമങ്ങളുടെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്കു പിന്നിലാണ്. ശരീരരോമങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരുമാണ് എന്ന അഭിപ്രായവുമുണ്ട്. ഇണയെ ആകര്‍ഷിക്കാനുള്ള സ്ത്രീയുടെ ആഗ്രഹമാണ് കുറഞ്ഞ രോമാവസ്ഥയ്ക്കു പിന്നിലെന്നാണ് ഇവരുടെ അഭിപ്രായം. ഈ അഭിപ്രായത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടെന്നു തോന്നുന്നില്ല. പല സംസ്കാരങ്ങളിലും ശിരോരോമങ്ങള്‍ നീട്ടി വളര്‍ത്തുന്നതും അലങ്കരിക്കുന്നതും സ്ത്രീ സൗന്ദര്യത്തിന്‍റെ ലക്ഷണമായി കണക്കാക്കപ്പെടുന്നുണ്ട്.
തലമുടി നീട്ടി വളര്‍ത്തുന്നതിനു പിന്നിലെ ശാരീരികമായ ആവശ്യകത സൂര്യപ്രകാശത്തിന്‍റെ നേരിട്ടുള്ള ആഘാതത്തില്‍ നിന്നും ശിരസ്സിനെ രക്ഷിക്കുകയും, അന്തരീക്ഷം തണുക്കുമ്പോള്‍ ശരീരത്തിനാവശ്യമായ ഊഷ്മളത നല്‍കുകയും ചെയ്യുക എന്നതാണെന്ന ഒരഭിപ്രായമുണ്ട്. ഗുഹ്യസ്ഥാനത്തെയും കക്ഷത്തിലെയും രോമ (Pubic hair)ങ്ങള്‍ക്കും ദൗത്യമുണ്ട്. ഇണയെ ഗന്ധം കൊണ്ട് ആകര്‍ഷിക്കാന്‍ സഹായിക്കുന്ന ഫെറോമോണ്‍ (Pheromone) എന്ന രാസവസ്തുവിന്‍റെ അളവ് ഉയര്‍ത്തുക എന്നതാണ് ഈ രോമങ്ങളുടെ ചുമതല. ശരീരത്തില്‍ വന്നുചേര്‍ന്ന എല്ലാ മാറ്റങ്ങളും ആവശ്യകതയുടെ അടിസ്ഥാനത്തില്‍ വന്നു ചേര്‍ന്നതാണെന്നാണ് ഈ വീക്ഷണങ്ങളെല്ലാം സൂചിപ്പിക്കുന്നത്.
ശരീര നരവംശ ശാസ്ത്രജ്ഞര്‍ Physiological anthro pologist)പരിണാമത്തില്‍ മനുഷ്യന്‍ എങ്ങനെ നഗ്നവാനരനായി എന്നതിനെക്കുറിച്ച് എത്തിപ്പെട്ട ഏതാനും നിഗമനങ്ങളാണ് മുകളില്‍ പരിശോധിച്ചത്. പുരാജനിതക പരിശോധന (Paleo DNA)കളും ഈ മേഖലയില്‍ നടന്നിട്ടുണ്ട്. നിയാന്തര്‍താല്‍ മനുഷ്യരുടെ ഫോസിലുകളില്‍ നിന്നും ശേഖരിച്ച ന്യൂക്ലിയര്‍ DNA മാതൃകകള്‍ പരിശോധിച്ചശേഷവും വാനരപൂര്‍വ്വികരില്‍ നിന്നും പരിണമിച്ചതായി പറയപ്പെടുന്ന മനുഷ്യ രോമാവരണം നഷ്ടപ്പെട്ടതെങ്ങനെയാണെന്നതിന് വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.