കിരാതമെന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാമോ? കാതികുടം എന്ന ഗ്രാമത്തില്‍ ഈ ജൂലൈ 21 ന് അരങ്ങേറിയത് ജനാധിപത്യകേരളത്തെ ലജ്ജിപ്പിക്കുന്ന പോലീസ് നരനായാട്ടാണ്.
ചാലക്കുടിപ്പുഴയുടെ തീരത്ത് കൊരട്ടിക്കടുത്തായുള്ള കാതികുടം ഗ്രാമത്തില്‍ 35 വര്‍ഷംമുമ്പ് കേരളസര്‍ക്കാര്‍ കെ.സി.പി.സി. എന്ന പേരില്‍ ഒരു ഫാക്ടറി ആരംഭിച്ചു.അന്നുമുതല്‍ തുടങ്ങിയതാണ് അവിടുത്തെ മലിനീകരണപ്രശ്നവും ജനങ്ങളുടെ എതിര്‍പ്പും. പിന്നീട് സര്‍ക്കാര്‍ ഓഹരികള്‍ വാങ്ങിയ ജപ്പാന്‍കാര്‍ കമ്പനി നിറ്റാ ജെലാറ്റിന്‍ ഇന്‍ഡ്യാ ലി. ആക്കി. 2000 നുശേഷം ഈ ജാപ്പനീസ് കമ്പനിയുടെ ഉടമസ്ഥതയിലായ പ്ലാന്‍റില്‍ ഉത്പാദനം വര്‍ദ്ധിച്ചു; ~ഒപ്പം മലിനീകരണവും. മൃഗങ്ങളുടെ എല്ലുകളില്‍ നിന്ന് ജെലാറ്റിന്‍, പ്രോട്ടീന്‍ ഫിലിമുകള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് എന്‍. ജി. ഐ. സി. എല്ലുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വേര്‍തിരിക്കുന്നതിന് സള്‍ഫ്യൂരിക്ക് ആസിഡടക്കമുള്ള മാരക രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വന്‍തോതില്‍ ജലം എടുക്കുന്നതിനും ഉപയോഗിച്ച മലിനീകൃതജലം പുറന്തള്ളുന്നതിനും കമ്പനി ചാലക്കുടിപ്പുഴയെ ആശ്രയിക്കുന്നു. കാതികുടത്തിന് താഴെയുള്ള ആറോളം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം ഈ പുഴയെ ആശ്രയിച്ചാണ് നടക്കുന്നത്. മീനുകള്‍ ചത്തുപൊങ്ങുക, കുളിക്കുന്നവര്‍ക്ക് ത്വക്രോഗങ്ങള്‍, വ്യാപകമായി ആമാശയ ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ ജനങ്ങള്‍ 2008-ല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശക്തമായ സമരം ആരംഭിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്നങ്ങള്‍ക്കുനേരെ മുഖംതിരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ ആക്ഷന്‍ കൗണ്‍സില്‍ മത്സരിക്കുകയും ഒരു വാര്‍ഡില്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. ഈ ജൂണ്‍മാസത്തില്‍ ചാലക്കുഴി പുഴയില്‍ വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതോടെ കാതികുടത്തും സമീപപ്രദേശത്തും ജനകീയ പ്രതിഷേധം ശക്തമാകുകയും മൂന്നു പഞ്ചായത്തുകളില്‍ ജനങ്ങള്‍ സ്വയം ഹര്‍ത്താലാചരിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ഇതോടൊപ്പം മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ സമരരംഗത്ത് പിന്തുണയുമായെത്തി. പുഴയിലേക്ക് കമ്പനി സ്ഥാപിച്ചിരിക്കുന്ന മാലിന്യ കുഴല്‍ എടുത്തുമാറ്റാന്‍ ജനങ്ങള്‍ തീരുമാനിച്ചു. പഞ്ചായത്ത് ലൈസന്‍സ് നല്‍കാത്ത കമ്പനി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ നിന്നു വിധി സമ്പാദിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മലിനീകരണം ഈ പ്രദേശത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയതോടെ കളക്ടര്‍ ഇടപെട്ട് പല തവണ ദിവസങ്ങളോളം ഈ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. കേരളത്തിലെ സാംസ്കാരിക നായകരായ സാറാ ജോസഫ്, സി.ആര്‍. നീലകണ്ഠന്‍, ടി. എന്‍ പ്രതാപന്‍ എം.എല്‍.എ., വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാര്‍, കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരടക്കം 2500 ഓളം പേര്‍ കമ്പനിയുടെ മാലിന്യ കുഴല്‍ എടുത്തുമാറ്റാന്‍ ജൂലൈ 21 ന് ജാഥയായെത്തി. അവരെ കമ്പനി പരിസരത്ത് പോലീസ് തടഞ്ഞു. അവിടെ നിന്നും സമാധാനപരമായി തിരിച്ച് കമ്പനി ഗേറ്റിലെത്തിയ ജനങ്ങളെ നേതാക്കള്‍ അഭിസംബോധന ചെയ്തു. ഉച്ചയോടെ യോഗം പിരിഞ്ഞു. പ്രധാന ആളുകളും മാധ്യമപ്രവര്‍ത്തകരും സ്ഥലംവിട്ടതിനുശേഷം പോലീസ് സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്ത് മാറ്റി. യാതൊരു പ്രകോപനവുമില്ലാതെ നൂറുകണക്കിന് ആംഡ് പോലീസുകാര്‍ 200 ഓളം സമരപ്രവര്‍ത്തകരെ കിരാതമായി ആക്രമിച്ചു. വയനാട്ടില്‍ നിന്നെത്തിയ ഡോവാരി, ചാലക്കുടി റിവര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ രജനീഷ് തുടങ്ങിയവരെയും സമരസമിതി നേതാക്കളെയും വളഞ്ഞിട്ടു തല്ലി. ചിതറിയോടിയ പ്രവര്‍ത്തകര്‍ അടുത്ത വീടുകളില്‍ അഭയം തേടി. സമരപ്പന്തല്‍, സമീപത്തുള്ള മീഡിയാ റൂം എന്നിവ അവര്‍ അടിച്ചു തകര്‍ത്തു. അകത്തു കയറി ഒളിച്ചവരെ വീടുകള്‍ തല്ലിപ്പൊളിച്ച് പിടിച്ചിറക്കി പൊതിരേ മര്‍ദ്ദിച്ചു. 60 ഓളം ബൈക്കുകള്‍ തല്ലിത്തകര്‍ത്തു. (അവ പിന്നീട് 3 ടിപ്പറുകളിലായി കൊരട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചു.) വീടുകളിലെ അലമാരകള്‍, പോര്‍ച്ചുകളില്‍ ഉണ്ടായിരുന്ന കാറുകള്‍ ഇവയെല്ലാം തകര്‍ത്തു.
ഒരാഴ്ചയായി കാതികുടത്ത് തങ്ങിക്കൊണ്ട് സമരത്തിന് സഹായം നല്‍കുന്ന ഷിനി എന്ന യുവതിയെ (ബി.ടെക് കഴിഞ്ഞ ഷിനി തലശ്ശേരിയില്‍നിന്നു വന്ന് ക്യാമറയും ഫേസ്ബുക്കും ഉപയോഗിച്ച് സമരത്തിന് വ്യാപകമായ പിന്തുണ ഉണ്ടാക്കുന്ന പ്രവൃത്തിയിലായിരുന്നു) പോലീസുകാര്‍ മൂന്ന് റൗണ്ട് തല്ലി. അതിനുശേഷം ആ കുട്ടിയെ നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടുകയായിരുന്നു. രജനീഷിനെ മീഡിയാറൂമില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ചു. ഭീകര മര്‍ദ്ദനം പോലീസ് ജീപ്പിലും തുടര്‍ന്നു. ചാലക്കുടി വരെ ആ മെല്ലിച്ച യുവാവിനെ നെഞ്ചത്തും വയറ്റിലും ചവുട്ടി. ശ്വാസത്തിനായി പ്രയാസപ്പെടുന്ന അവസ്ഥയില്‍ ആ യുവാവിനെ ചാലക്കുടി പോലീസാണ് ആശുപത്രിയിലെത്തിച്ചത്. തിരഞ്ഞുപിടിച്ചുള്ള ആക്രമണമായിരുന്നു അവിടെ നടന്നത്. ഫാക്ടറിയിലെ തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ ഒഴിവാക്കി. സമരത്തില്‍ ചെണ്ട കൊട്ടി താളംപിടിച്ചിരുന്ന യുവാക്കളുടെ വിരലുകള്‍ ചവിട്ടി ഞെരിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആര്‍ക്കൊക്കെയോ വേണ്ടി പോലീസ് കിരാതമായി അഴിഞ്ഞാടുകയായിരുന്നുവെന്നാണ്. 500 മീറ്ററിനപ്പുറത്തുള്ള വിജയന്‍റെ ചായക്കടയിലെത്തി തല്ലിത്തകര്‍ക്കണമെങ്കില്‍ കൃത്യമായ മാപ്പിംഗ് സ്ഥലത്തുനിന്ന് ആരോ നല്‍കിയിരിക്കുന്നു. 40 പേര്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടതില്‍ പത്തോളം പേരുടെ തലയ്ക്ക് വളരെ പരിക്കേറ്റിട്ടുണ്ട്. സമാധാനപരമായി തങ്ങളുടെ കുടിനീരിനായി സമരം ചെയ്ത ജനങ്ങളോട് ഇത്ര ക്രൂരമായി പെരുമാറിയ പോലീസ് നടപടിക്ക് ബ്രിട്ടീഷുകാരുടെ കാലത്തെ പോലീസ് നടപടികളോട് മാത്രമേ തുല്യതയുള്ളൂ. മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഏടില്‍ കാതികുടം ഇടംതേടും, അഞ്ചടി നീളം പോലുമില്ലാത്ത ഒരു ചെറിയ പെണ്‍കുട്ടിയെ വളഞ്ഞിട്ട് ചവിട്ടുന്ന പോലീസുകാരന്‍ മനുഷ്യനല്ലെന്ന് വരുമോ?
ഒരിററു ശുദ്ധജലത്തിനുവേണ്ടി ദാഹിക്കുന്ന ജനങ്ങളുടെ പ്രതികരണശേഷിയെ തല്ലിയൊതുക്കാന്‍ ശ്രമിക്കുന്ന ഇത്തരം കിരാതനടപടികള്‍ ഒരിക്കലും അനുവദിക്കപ്പെട്ടുകൂടാ. കേരളമനസ്സാക്ഷി ഉണരട്ടെ.