'നിജസ്മൃതിയിലായിരിക്കുക...' ഉള്ളിലുയര്‍ന്ന സന്ദേഹങ്ങള്‍ക്കുള്ള ഉത്തരം മുനിനാരായണ പ്രസാദ് പറഞ്ഞുതന്നു. ഭിന്നങ്ങളായ കര്‍മങ്ങളുടെയും വിചാരഗതികളുടേതുമായ അനുദിനജീവിതത്തെയും ആത്മസത്തയിലേക്ക് ആഴപ്പെടാനുള്ള വാഞ്ഛയെയും ഒരുമിപ്പിക്കുവാന്‍ അതാണു പ്രതിവിധി എന്ന ഉത്തരം ഉള്ളം തണുപ്പിച്ചു. തന്നില്‍ പൊരുളായിരിക്കുന്നതെന്ത് എന്ന് നിരന്തരം സ്മരണ ചെയ്യുക - ആ ഉത്തരത്തില്‍ അദ്ദേഹമെനിക്ക് ഗുരുവായി. ഒരു നിയോഗമെന്നോണം, ഉചിതമായ നേരത്ത് ആ കണ്ടുമുട്ടല്‍. ഒരുവേള, ഇനി ഞാന്‍ അദ്ദേഹത്തെ കാണുകയോ കേള്‍ക്കുകയോ ചെയ്തേക്കില്ല. എന്നാല്‍ ആയുസ്സിലുടനീളം ആ വാക്കുകള്‍ ഉള്ളില്‍ ജീവത്തായി തുടരും.
ചെറുതും വലുതുമായ പരിണതികളിലേക്കു വഴി തുറക്കുന്ന ഗുരുസാന്നിധ്യങ്ങളിങ്ങനെ കാലത്തുടര്‍ച്ചയില്‍, ഓരോ ചെറിയ ജീവിതങ്ങളിലേയ്ക്കും, ഓരോന്നായി വന്നുചേരുകയാണ്. സമരിയക്കാരി സ്ത്രീയെ സന്ദേഹമൊഴിഞ്ഞുള്ള അര്‍പ്പണത്തിലേയ്ക്ക് യേശു നയിച്ചതുപോലെ; സാരഥിയായ അര്‍ജുനന്‍റെ ധര്‍മസങ്കടങ്ങള്‍ക്ക് തേരിലിരുന്ന് ശ്രീകൃഷ്ണന്‍ നല്‍കിയ ആശ്വാസവാക്കുകള്‍ -ഗീതാവാക്യങ്ങള്‍- അര്‍ജുനന്‍റെ സന്ദേഹമൊഴിപ്പിച്ചതുപോലെ; എന്നുപറഞ്ഞു തുടരാവുന്ന ഒരു പരമ്പര.
ആരാണ് ഗുരു? ആ അന്വേഷണവഴിയുടെ ദൈര്‍ഘ്യമെത്രയാണ്? എവിടെയെത്തിയാണ് ആ തേടല്‍ അതിന്‍റെ അന്ത്യബിന്ദുവിനെ തൊടുക? വൈപരീത്യങ്ങളെപ്പോലും പാഠങ്ങളായി, പ്രതികൂലതകളെപ്പോലും വരമായി, പരിണമിപ്പിക്കുന്ന പാതയാണത്.
ഗുരു പരമ്പരയുടെ നൈരന്തര്യം. അതിന്‍റെ വേരുകള്‍ ഓരോ മനുഷ്യനിലേയ്ക്കും സൂക്ഷ്മവസ്തുവിലേയ്ക്കും കണ്ണിചേര്‍ക്കപ്പെട്ടു നില്‍ക്കുകയാണ്. ദാര്‍ശനികമായ കണ്ണുകള്‍ക്ക് എല്ലാം വെളിപ്പെട്ടുകിട്ടുന്നു. പുല്ലിനെക്കൂടിയും ഗുരുവായി നിനയ്ക്കുന്നു, ഒ. വി. വിജയന്‍റെ 'ഗുരുസാഗര' ത്തിലെ കുഞ്ഞുണ്ണി. "അങ്ങയുടെ മുകളില്‍ എന്‍റെ കാലടി വീഴുന്നു, അങ്ങയെ വേദനിപ്പിക്കാതെ എനിക്ക് നടന്നുകൂടല്ലോ" - പുല്ലിന്‍റെ മുന്നില്‍ ആദരവോടെ കുഞ്ഞുണ്ണി. "ഉണ്ണീ നടന്നുകൊള്ളുക" - പുല്ല് കനിയുന്നു. ചവിട്ടേല്‍ക്കേ, "വേദനയുടെ ശ്രീവത്സമിത്" എന്നാണ് ആനന്ദത്തോടെ പുല്ല് മൊഴിയുന്നത്. മഹനീയമായ തേജോസാന്നിധ്യമായി വിളങ്ങിക്കൊണ്ട് പുല്‍ക്കൊടി!
ഏകാന്തതയിലെ നിശ്ശബ്ദതപോലും തേജസാര്‍ന്ന ഗുരുവിനെപ്പോലെ. ആരും വെളിപ്പെടുത്താത്ത കാര്യങ്ങള്‍ ഉരുവിട്ടുതന്നുകൊണ്ട്. ഉണ്മയുടെ ആഴത്തിലേയ്ക്ക് കൈപിടിച്ചുകൊണ്ടുള്ള വെളിപ്പെടുത്തലുകള്‍. ഏകാഗ്രത ആവശ്യമായ കര്‍മങ്ങള്‍ക്ക് നിശ്ശബ്ദതയോടാണ് ഇണക്കം. നിശ്ശബ്ദതയുടെ ആഴം ക്രിയാശേഷിയെ പാരമ്യത്തോടെ പുറത്തെത്തിക്കുകയാണ്. മനസ്സും ശരീരവും തന്‍റേതന്നെ ചങ്ങാത്തമനുഭവിക്കുന്ന നേരങ്ങളാണവ. സാധാരണങ്ങളായ ജോലികളില്‍ മുഴുകുന്നവര്‍പോലും ഏകാഗ്രതയ്ക്കായി, കൂടുതല്‍ കാര്യക്ഷമതയ്ക്കായി, സംസാരത്തെയും മറ്റ് ശബ്ദങ്ങളെയും വിട്ട് നിശ്ശബ്ദതയെ കൂട്ടുപിടിക്കുന്നു. എഴുത്തുകാരും കലാകാരന്മാരും എത്തിനില്‍ക്കാന്‍ കൊതിക്കുന്ന ഇടമാണത് - ക്രിയാത്മകമായ നിശ്ശബ്ദത. ആ മൗനത്തില്‍ വച്ചാണ് അവര്‍ക്ക്, തുറക്കപ്പെടാത്ത വിസ്തൃതികള്‍ തുറന്നുകിട്ടുക. മൗനം അവര്‍ക്ക് ഗുരുവാകുന്നു.
ഇന്ത്യയിലെ ആശ്രമത്തില്‍ ശാന്തി തേടിയെത്തിയ എലിസബത്ത് ഗില്‍ബര്‍ട്ട് എന്ന അമേരിക്കന്‍ എഴുത്തുകാരി. തീരാത്ത സംസാരത്തോടെ, അശാന്തമായ മനസ്സോടെ, അടങ്ങിയിരിക്കാനറിയാത്ത ശരീരത്തോടെ അവര്‍ ആശ്രമത്തില്‍ വന്നെത്തി. ശാന്തരും പരിപാകരുമായ ആശ്രമവാസികളെക്കണ്ട് തന്നിലുണ്ടായ പരിണതിയെക്കുറിച്ച് Eat Pray Love എന്ന ആത്മകഥാഗ്രന്ഥത്തില്‍ അവര്‍ എഴുതിയിരിക്കുന്നു. ആശ്രമത്തിലെ ശാന്തക്രമങ്ങളിലേയ്ക്ക് മെല്ലെ പ്രവേശിച്ച് നിശ്ശബ്ദതയുടെ ആഴങ്ങളെയുള്‍ക്കൊണ്ട് തന്‍റെതന്നെ സാന്നിധ്യത്തിന്‍റെ സ്വാസ്ഥ്യമവര്‍ അനുഭവിച്ചു തുടങ്ങി. ഒടുവില്‍ ശാന്തി പാഠത്തിന്‍റെ തികവ്. സകലചിന്തകളുടെയും കേന്ദ്രത്തെ -ഹൃദയത്തെ- ആത്മത്തിന്‍റെ പൊരുളിലേയ്ക്ക് ഏകാഗ്രമാക്കുമ്പോള്‍ ചിന്തകളൊഴിഞ്ഞുള്ള നിശ്ചലത. അകം മറ നീങ്ങിക്കിട്ടുമ്പോള്‍ കേള്‍ക്കാവുന്ന ഉള്‍സ്വരം. ആ ആന്തരിക സ്വരം ഗുരുവാകുന്നു.
ജീവിതം ഏറ്റുവാങ്ങിയിട്ടുള്ള സന്തുഷ്ടികളും വേദനകളും ഓരോന്നും ഒരുനാള്‍ ഗുരുപ്രഭയോടെ പരിണമിച്ചുകൊണ്ട്! ചിപ്പിക്കുള്ളില്‍ വന്നുപെടുന്ന കുപ്പിച്ചില്ലിനു പോലും പവിഴമായി പരിണമിക്കാനാവുമെന്നത് പ്രകൃതി പറഞ്ഞുതരുന്ന വിസ്മയപാഠങ്ങളിലൊന്നാണ്. അതേ, ജലത്തുള്ളി മാത്രമല്ല കുപ്പിച്ചില്ലുപോലും ചിപ്പിക്കുള്ളില്‍ മുത്തായി മാറുകയാണ്.
അമിതഭാഷിയില്‍നിന്നു ഞാന്‍ മൗനം പഠിച്ചു, അസഹിഷ്ണുവില്‍നിന്ന് സഹിഷ്ണുത പഠിച്ചു, ദയാശൂന്യനില്‍ നിന്ന് ദയ പഠിച്ചു എന്ന് ഖലീല്‍ ജിബ്രാന്‍. നിര്‍ത്തില്ലാതെ ഒരാള്‍ വാക്കുകളെ കോരിച്ചൊരിയുന്നിടത്ത്, മാറിനിന്നു വീക്ഷിക്കുന്ന ഒരാള്‍ക്ക് അമിതസംസാരത്തിന്‍റെ അഭംഗി വെളിപ്പെട്ടുകിട്ടുകയാണ്. മിതത്വത്തിലേയ്ക്ക് സ്വയം തിരുത്താനുള്ള വഴിയാണവിടെ തുറന്നുകിട്ടുക. അമിതഭാഷി അങ്ങനെ അയാള്‍ക്ക് ഗുരുവാകുന്നു. ക്ഷമ തെല്ലുമില്ലാത്ത ഒരാളെ കണ്ടുനില്‍ക്കുമ്പോഴാകട്ടെ ക്ഷമയില്ലായ്മയുടെ വികലതയാണയാള്‍ സ്വയമറിയാതെ പ്രകടമാക്കിത്തരുന്നത്. ഒപ്പം, ക്ഷമയുടെ സൗന്ദര്യത്തിലേക്ക് കാഴ്ചക്കാരനെ ബോധവാനാക്കുകയും. അങ്ങനെ, പ്രതികൂലമായവപോലും ഗുരുപ്രഭയോടെ.
കുഞ്ഞിന് അമ്മ ഗുരുവാണ്, എന്നാല്‍ അതിലേറെ, അമ്മയ്ക്ക് കുഞ്ഞ് ഗുരുവാകുന്നു. അവനില്‍നിന്ന്, അവളില്‍നിന്ന്, പാഠമുള്‍ക്കൊണ്ട് അമ്മ പുതിയൊരു ലോകത്തിലേയ്ക്ക് പിച്ചവയ്ക്കുകയാണ്. ആ പിച്ചവയ്പിന് അമ്മ കുഞ്ഞിന്‍റെ വിരല്‍ത്തുമ്പിലാണു പിടിക്കുക. കുഞ്ഞ് അമ്മയെ വഴി നടത്തുന്നു. കുഞ്ഞിലെ നിഷ്കളങ്കത, കളങ്കമറിയാത്ത കണ്ടെത്തലുകള്‍, അമ്മയ്ക്ക് ശുദ്ധീകരണത്തിനും വഴിയാവുകയാണ്.
പ്രകൃതി ആത്മീയതയുടെ ആചാര്യനായ എമേഴ്സന്‍റെ സാക്ഷ്യം: "എത്ര ചെറുതായ ഓരോ വസ്തുവും ഓരോ നിമിഷത്തിലും നമുക്ക് അധ്യയനം തന്നുകൊണ്ടാണിരിക്കുന്നത്. കാരണം ജ്ഞാനം എന്നത്, എല്ലാ രൂപങ്ങളിലേയ്ക്കും നിറയ്ക്കപ്പെട്ടിട്ടുള്ള ഒന്നാണ്. വേദനയായി അത് നമ്മെ ഇളക്കിമറിക്കുന്നു, സന്തുഷ്ടികളായി നമ്മിലേയ്ക്ക് അതു വഴുതിയെത്തുന്നു. വിരസവും ആകുലവുമായ ദിനങ്ങളില്‍, അല്ലെങ്കില്‍ ആഹ്ലാദപൂര്‍ണമായ കര്‍മങ്ങളുടെ ദിനങ്ങളില്‍ അത് -ജ്ഞാനം- നമ്മെ വന്ന് പൊതിയുന്നു. എന്നാല്‍ ഏറെക്കാലത്തിനുശേഷമല്ലാതെ ആ ജ്ഞാനത്തിന്‍റെ അന്തസാരം നാം ഗ്രഹിക്കുകയില്ല. നിത്യമായ നാശമോ നിത്യമായ വിരാമങ്ങളോ ഇല്ല. ദിവ്യമായ ചാക്രികതകള്‍ മാത്രം. അവയൊരിക്കലും നിലയ്ക്കുകയോ തട്ടിത്തടഞ്ഞു നില്‍ക്കുകയോ ഇല്ല." എന്നാല്‍ പരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമ്പൂര്‍ണതയിലേയ്ക്ക് കൂടുതല്‍ അടുക്കുവാനായിട്ടുള്ളവയാണ് അവയൊക്കെയും. ആ വിധമൊരു ചാക്രികതയിലാണ് പ്രപഞ്ചത്തിലെ ഓരോ പ്രവാഹഗതികളും. ആത്മാവിന്‍റെ അമരത്വവും അതിനോട് കൂട്ടിവായിക്കേണ്ടതാണ്.
ഈ അന്വേഷണപാത അതിന്‍റെ പാരമ്യത്തെ പ്രാപിക്കുന്നത്, സകലത്തോടും സാധ്യമാകുന്ന പാരസ്പര്യത്തിലെത്തിയാണ്. ആ അറിവില്‍ ഈശ്വരന്‍ തിരിച്ചറിയപ്പെടുകയാണ്. തനിക്കുള്ളില്‍, സകലതിനുമുള്ളില്‍, ഈശ്വരന്‍. അപ്പോള്‍ അന്യമെന്ന് നീക്കിയിരുത്താന്‍ ഒന്നുമില്ല. "അത് പൂര്‍ണം, ഇത് പൂര്‍ണം, പൂര്‍ണത്തില്‍നിന്ന് പൂര്‍ണമുണ്ടാകുന്നു, പൂര്‍ണത്തില്‍നിന്ന് പൂര്‍ണമെടുത്താലും പൂര്‍ണം ശേഷിക്കുന്നു," എന്ന ആ പഴയ വേദഗണിതം പ്രഭയോടെ എപ്പോഴും. എല്ലാം, അപൂര്‍ണതയുടെ പുറങ്കുപ്പായം ചുറ്റിയ പൂര്‍ണങ്ങള്‍. എല്ലാം ദൈവികതയെ ഉള്ളിലടക്കം ചെയ്ത ഒരേ പതിപ്പുകള്‍.
ശ്രീനാരായണ ഗുരു, 'അതീത വിദ്യാനിധി' എന്ന് ഈ സമഗ്രമായ അറിവിനെ വിവരിക്കുന്നു: ഞാനാര് എന്ന് മനനം ചെയ്തുവരുമ്പോള്‍, എല്ലാം ഒന്നാണെന്ന അതിവിശദമായ അര്‍ത്ഥത്തിലാണെത്തുക. അപ്പോള്‍ എല്ലാത്തിനും അതീതമായ, വിലമതിക്കാനൊക്കാത്ത നിധിയായ അറിവാണ് തെളിഞ്ഞുകിട്ടുക. പിന്നെ യുക്തിപരമായ ഒരു ചോദ്യവും ഉയരുന്നില്ല. ചോദ്യങ്ങളെല്ലാം നിലയ്ക്കുന്നു. യോഗാത്മകതയുടെ ആഴങ്ങളിലാണ്ട സഞ്ചാരികള്‍ ആ അനുഭവത്തെ, വെളിച്ചപ്രഭയെ, ഏറ്റുപാടിക്കൊണ്ടേയിരുന്നു. അവര്‍, ഉള്ളം കയ്യിലെടുത്ത മുത്തിനെപ്പോലെ ആത്മസ്വരൂപത്തെ കണ്ടറിഞ്ഞവര്‍.