അംബാനി എന്നത് ഗുജറാത്തില്‍നിന്നുള്ള ഒരു കുടുംബപേരല്ല, ഇന്ന്. അതൊരു പ്രസ്ഥാനമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറിമാറി വരുമ്പോഴും വകുപ്പുകളും ഓരോന്നിനുമുള്ള മന്ത്രിമാരെയും നിശ്ചയിക്കാന്‍ കരുത്തുള്ള, അഹിതമാകുമ്പോള്‍ വലിച്ച് ദൂരെയെറിയാനും കഴിവുള്ള ഒരു പ്രസ്ഥാനം. ടാറ്റായെയും ബിര്‍ളയെയും പോലെ ഇന്ത്യന്‍ ബിസിനസ്സ് രംഗത്ത് പാരമ്പര്യമുള്ള കുടുംബങ്ങളെ പിന്തള്ളി വെറും നാലും പതിറ്റാണ്ടുകള്‍കൊണ്ട് ഇന്ത്യയെ കാല്‍ക്കീഴിലാക്കിയ പ്രസ്ഥാനം. ധീരുഭായ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആരംഭിക്കുന്നത് 1966ലാണ്. ടാറ്റാ ഇന്‍ഡസ്ട്രീസ് ആദ്യത്തെ സംരംഭം തുടങ്ങുന്നത് 100 കൊല്ലം മുമ്പ് 1868ലും.
നമ്മുടെ നാട്ടിലുമുണ്ട് അംബാനിമാര്‍. അത് ചിലപ്പോള്‍ ഒരു അഹമ്മദാജിയാവാം. മറ്റ് ചില നാട്ടില്‍ ഒരു നാരായണന്‍ നായരാവാം. ചിലപ്പോള്‍ വെറും നാരായണനും. കോട്ടയത്തും ഇടുക്കിയിലും ഒരു തോമസ്. വളരെ പെട്ടെന്ന് സമ്പത്തും അതിനൊപ്പം കിട്ടുന്ന പൊതുസമൂഹത്തിലെ മാന്യതയും നേടിയെടുക്കുന്നവര്‍. കേരളത്തിലെ സാധാരണ ജനങ്ങളില്‍ ഭൂരിഭാഗവും ഒരു അംബാനിത്തം സ്വപ്നം കാണുന്നവരാണ്. വഴികള്‍ പലതാണെന്ന് മാത്രം. ചിലര്‍ ലോട്ടറി എടുത്ത് മനപ്പായസം ഉണ്ണുന്നു. മറ്റ് ചിലര്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ ആകുന്നു. ഇനി ചിലര്‍ ആറുമാസം കൂലിപ്പണി എടുത്തതിനുശേഷം കുറച്ച് ബംഗാളികളെയോ, ബീഹാറികളെയോ, ഝാര്‍ക്കണ്ഡ് തൊഴിലാളികളെയോ വെച്ച് പണിയെടുപ്പിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ആകുന്നു.
പണ്ട് പാര്‍ട്ടിപ്രവര്‍ത്തനവുമായി നടന്നകാലത്ത് നാട്ടില്‍ ടാറ്റമാരും ബിര്‍ളമാരും ഗോയങ്കമാരും ആണുണ്ടായിരുന്നത്. അവര്‍ വെറുക്കപ്പെട്ടവര്‍ ആയിരുന്നു. തൊഴിലാളികളുടെ ചോരകുടിച്ച് ചീര്‍ക്കുന്ന ബൂര്‍ഷ്വാസികള്‍. അന്ന് അംബാനി സുഗന്ധവ്യജ്ഞനങ്ങള്‍ വിറ്റു നടക്കുകയായിരുന്ന ഒരു ചെറുകിടക്കാരനായിരുന്നു. ബോംബെയിലെ ഭോലേശ്വറില്‍ രണ്ട് മുറി ഫ്ളാറ്റില്‍ താമസം. ടാറ്റയും ബിര്‍ളയുമാവട്ടെ ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ ആള്‍രൂപങ്ങള്‍.
എന്‍റെ നാട്ടില്‍ ഒരു മരമില്ല് ഉണ്ടായിരുന്നു. മരം കൊണ്ടുപോയാല്‍ നമ്മള്‍ക്കാവശ്യമുള്ള വലിപ്പത്തില്‍ ഈര്‍ന്ന് കൊണ്ടുപോരാം. ആ മില്ല് വരുന്നതിനുമുമ്പ് മരം ആളുകള്‍ ഈര്‍ച്ചവാള്‍ ഉപയോഗിച്ച് ഈര്‍ന്നെടുക്കുകയായിരുന്നു. ഇതിന് ഒരു സമയം രണ്ടുപേരു വേണം. രണ്ട് കാല് നാട്ടി അതിന്മേല്‍ ഈരാനുള്ള മരം നീളത്തില്‍വെയ്ക്കും. ഒരാള്‍ മരത്തിനു മുകളില്‍ കയറിനിന്ന് ഈര്‍ച്ചവാളിന്‍റെ ഒരു പിടി പിടിക്കും. മറ്റേയാള്‍ നില്ക്കുന്നയാളിന് അഭിമുഖമായി മരത്തിനടിയില്‍ മുട്ടുകുത്തിയിരുന്ന് വാളിന്‍റെ മറ്റേ പിടി പിടിക്കും. എന്നിട്ട് ഒരേ താളത്തില്‍ ഈര്‍ച്ചവാള്‍ മുകളിലോട്ടും താഴോട്ടും വലിക്കും. നല്ല ശാരീരികക്ഷമതയും മെയ്വഴക്കവും ആവശ്യമുള്ള ഈ ജോലി കണ്ടുനില്ക്കാന്‍ നല്ല രസമായിരുന്നു. ഒരേസമയം കരുത്തും താളബോധവും ആവശ്യമുള്ള ജോലി.
ഇങ്ങനെയുള്ള സ്ഥിതിയിലാണ് നാട്ടില്‍ ഈര്‍ച്ചമില്ല് വന്നത്. നാട്ടിലെ സാധാരണക്കാരായ ഈര്‍ച്ചപണിക്കാരുടെ വയറ്റത്തടിക്കാന്‍ മില്ല് കൊണ്ടുവന്നവനെ ഞങ്ങള്‍ ടാറ്റായായി തന്നെ കണ്ടു. ഏതു വിഷയം എടുത്താലും അതു തൊഴിലാളികളുടെ ജീവിതോപാധിയുമായി തട്ടിച്ചുനോക്കി പക്ഷംപിടിക്കുന്ന നയം എന്നും ഇടതുപക്ഷം എടുത്തിരുന്നു. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് ശരിയുമായിരുന്നു. പക്ഷേ ബീഡി വലിയുണ്ടാക്കുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് പറയുമ്പോള്‍ ബീഡിത്തൊഴിലാളികളുടെ തൊഴിലുമായി ബന്ധപ്പെടുത്തിയാലുണ്ടാകുന്ന ഭവിഷ്യത്ത് മനസ്സിലാക്കാന്‍ തൊഴിലാളി സംഘടനകള്‍ക്ക് കഴിഞ്ഞോയെന്നു സംശയമുണ്ട്.
തൊണ്ണൂറുകളില്‍ ഭാരതപ്പുഴയിലെ മണല്‍വാരല്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രേമികള്‍ നീണ്ട ഒരു സമരം നടത്തിയിരുന്നു. പുഴ ഇന്നത്തെ പോലെ വെറും എല്ലിന്‍കൂട് ആക്കുന്നതിനുമുമ്പ് ഈ അവസ്ഥ മുന്‍കൂട്ടികണ്ട് നടത്തിയതായിരുന്നു, ആ സമരം. അന്ന് ഇടതുപക്ഷം ആ സമരത്തിനെ പരാജയപ്പെടുത്താന്‍ മണല്‍ തൊഴിലാളികളെയാണുപയോഗിച്ചത്. മണല്‍വാരലിനെ ഒരു തൊഴില്‍പ്രശ്നമാക്കി ചുരുക്കി. ഇന്നിപ്പോള്‍ പുഴയുടെ മരണത്തിനുശേഷം വിലപിക്കാന്‍ അവരുമുണ്ട്. "ദീപങ്ങളൊക്കെ കെടുത്തി നമ്മള്‍ പ്രാര്‍ത്ഥിക്കുകയാണ്, ദീപമേ നീ നയിച്ചാലും" എന്ന്.
നാട്ടിലെ ഈര്‍ച്ചമില്ലില്‍ ഏഴോ എട്ടോ തൊഴിലാളികള്‍ ഉണ്ടായിരുന്നു. സ്വാഭാവികമായും അവര്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ ഒരു യൂണിയനും. ഒരിക്കല്‍ കൂലി കൂടുതലിനായി തൊഴിലാളികള്‍ ഒരു സമരം നടത്തി. മുതലാളി മില്ല് പൂട്ടിയിട്ടു. ദിവസങ്ങളോളം സമരം നീണ്ടുപോയി. തൊഴിലാളികള്‍ മില്ലിനു മുമ്പില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി. കുടുംബം പട്ടിണിയിലായി. അവര്‍ പട്ടിണി കിടക്കാതിരിക്കാന്‍ സമരസഹായനിധി പിരിക്കാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. പാട്ടയുമായി നിരത്തിലൂടെ പോകുന്ന ആളുകളെ ഓരോരുത്തരേയും കണ്ട് സംഭാവന പിരിച്ചു, കുടുംബങ്ങളെ പോറ്റി. അത്തരത്തിലുള്ള സാഹോദര്യം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അന്നുണ്ടായിരുന്നു. സമരം ചെയ്യുന്ന തൊഴിലാളികളോട് സാധാരണ ജനങ്ങള്‍ക്കുമുണ്ടായിരുന്നു, അനുഭാവം. പക്ഷേ എത്രനാള്‍? മാസങ്ങള്‍ നീണ്ട ആ സമരം ഒടുവില്‍ വിജയം കാണാതെ അവസാനിച്ചു. ഉടമ വര്‍ഷങ്ങളോളം മില്ല് തുറന്നതേയില്ല.
ഇത്തരം പ്രാദേശികവിഷയങ്ങള്‍ ഏറ്റെടുത്ത് സാധാരണക്കാരുടെ പക്ഷത്തുനിന്നുകൊണ്ടാണ് എന്നും ഇടതുപക്ഷം വളര്‍ന്നത്. പക്ഷേ ബൂര്‍ഷ്വാസിയുടെ നിര്‍വചനം പലപ്പോഴും തെറ്റിപ്പോയില്ലേ എന്നു സംശയം തോന്നുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയി. ഒരു ചെറുകിട സംരംഭം തുടങ്ങുന്നവന്‍ ബൂര്‍ഷ്വാസിയായി എണ്ണപ്പെട്ടു. തൊഴിലാളികള്‍ ഉണ്ടെന്നാല്‍ മറുവശത്ത് മുതലാളി ഉണ്ടാവണമെന്നുള്ളത് ഒരു സ്വാഭാവികത മാത്രമാണ്. ശരിയായ അര്‍ത്ഥത്തില്‍ ബൂര്‍ഷ്വാസി ഇല്ലാത്ത കേരളത്തില്‍ തൊഴിലാളിയുടെ മറുവശത്തുള്ളവന്‍ മുതലാളിയായി.
സ്വന്തം വീട്ടിലേക്ക് സാധനങ്ങള്‍ കൊണ്ടുവരുന്ന ഒരു സാധാരണക്കാരന്‍ മുതലാളി ആയത് അങ്ങനെയാണ്. അവന്‍ തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം ഹനിക്കുന്നവന്‍, വര്‍ഗശത്രു ആയി മാറി. ക്രമേണ സ്വന്തം ആവശ്യത്തിനുള്ള സാധനങ്ങള്‍ നിങ്ങള്‍തന്നെ ഇറക്കാനുള്ള അവകാശം ഞങ്ങള്‍ നിഷേധിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ക്കുള്ള കൂലി തന്നാല്‍ മതി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഷളായി. വെറുതെ നോക്കി നില്ക്കുന്നതിനും കൂലി എന്നുപറയുമ്പോള്‍ കൂലിയെക്കുറിച്ചുള്ള മാര്‍ക്സിന്‍റെ നിര്‍വ്വചനംപോലും തൊഴിലാളി സംഘടനകള്‍ മറന്നു.
കുറച്ചുകാലം മുമ്പ് ഒരു ടി. വി. ചാനലില്‍ നടന്ന ഒരു ചര്‍ച്ച ഓര്‍മവരുന്നു. പ്രവാസി മലയാളികള്‍ അവരുടെ സമ്പത്ത് കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ ഉപയോഗിക്കാത്തത് എന്ത് എന്നതായിരുന്നു വിഷയം. അന്ന് കേരളത്തിനു പുറത്തുള്ള വ്യവസായികള്‍ ഭൂരിഭാഗം പേരും പറഞ്ഞത് കേരളത്തിന്‍റെ പൊതുസമൂഹം അവരെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നു എന്നാണ്. തൊഴിലാളി സമരങ്ങള്‍ക്കൊപ്പം ഞാനും നിങ്ങളുടമടങ്ങുന്നവരുടെ നിഷേധാത്മക നിലപാട്. അതില്‍ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുണ്ട്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുണ്ട്, ഒരു ചെറിയ ശബ്ദം, മണം ഒന്നും സഹിക്കാന്‍ തയ്യാറല്ലാത്ത അയല്‍ക്കാരുമുണ്ട്. 'വരവേല്പ്' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം അനുഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കാം.
വര്‍ഷങ്ങളായി കേരളത്തിനു പുറത്ത് താമസിക്കുന്ന ഞാന്‍ നാട്ടില്‍ ചെന്ന് ആളുകളോട് ഇടപെടുമ്പോഴാണ് മനസ്സിലാകുന്നത് ഞാനും ഒരു കൊച്ചു അംബാനിയാണ് എന്ന വിവരം. അതില്‍ കുറച്ചൊക്കെ അഭിമാനവും ഉണ്ടെന്നു കൂട്ടിക്കോളൂ. അല്ലെങ്കില്‍ ഇങ്ങനെയുള്ള കാര്യത്തില്‍ ഇത്തിരി ഗമയില്ലാത്തവരായി ആരുണ്ട് ഈ ഭൂമി മലയാളത്തില്‍, പുറത്ത് പറയാന്‍ മടിയാണെങ്കില്‍ കൂടി. ഏതെങ്കിലും തരത്തിലുള്ള ചെറിയ ജോലിക്കായി ആരെയെങ്കിലും ബന്ധപ്പെട്ടു നോക്കൂ; അപ്പോള്‍ മനസ്സിലാകും മുകളില്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം.
കേരളത്തിലെ പൊതുജനങ്ങളില്‍ ഭൂരിഭാഗത്തേയും അംബാനിയുമായി ബന്ധപ്പെടുത്താം. കുറേപ്പേര്‍ എന്നെപ്പോലുള്ള അംബാനിമാര്‍. അതിലേറെ പേര് അംബാനിയെ സ്വപ്നത്തില്‍ സൂക്ഷിക്കുന്നവര്‍. നിരത്തില്‍ കാണുന്ന പത്തുപേരിലൊരാള്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആകുന്നത് അങ്ങിനെയാണ്. അംബാനിത്തത്തിലേക്കുള്ള ടിക്കറ്റ് വാങ്ങി ഒരു വര്‍ഷത്തില്‍ 2788.8 കോടി രൂപയുടെ വരുമാനം കേരള സര്‍ക്കാരിലേക്ക് മുതല്‍കൂട്ടുന്നതും ഇക്കാരണംകൊണ്ടുതന്നെ. ഇത് ഇന്ത്യയില്‍ ഒന്നോ രണ്ടോ സംസ്ഥാനത്തില്‍ മാത്രം നിലനില്ക്കുന്ന കാര്യമാണെന്നുകൂടി അറിയുമ്പോള്‍ മാത്രമേ മലയാളിയുടെ ഉള്ളിലെ സ്വപ്നസഞ്ചാരിയെ ശരിക്കും മനസ്സിലാക്കാന്‍ കഴിയൂ. ആരു പറഞ്ഞു, നമ്മള്‍ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട സമൂഹമാണെന്ന്?