'ആരും കായേനെ കൊല്ലാതിരിക്കാന്‍ കര്‍ത്താവ് അവന്‍റെ മേല്‍ ഒരടയാളം പതിച്ചു" (ഉല്‍പ. 4, 15).
രക്തത്തില്‍ കുതിര്‍ന്നതാണ് മാനവചരിത്രം. ആ ചരിത്രത്തിന്‍റെ പെരുവഴികളില്‍ മനുഷ്യരക്തം തളംകെട്ടിക്കിടക്കുന്നു. അതിന്‍റെ ഇടനാഴികളില്‍നിന്ന് ആരവമുയരുന്നു, ശത്രുക്കളുടെ ആക്രോശം, കൊല്ലുന്നവന്‍റെ അട്ടഹാസം; ചാകുന്നവന്‍റെ നിലവിളി; മുറിവേറ്റവന്‍റെ ദീനരോദനം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ദൃശ്യങ്ങള്‍, ആരവങ്ങള്‍. അതിനു മനുഷ്യവര്‍ഗ്ഗത്തോളംത്തന്നെ പഴക്കമുണ്ട്. പരാജിതരുടെ പട്ടികയില്‍ രണ്ടാമതു പേരു ചേര്‍ക്കാവുന്ന കായേന്‍ വരെ നീളുന്നു ആ ചരിത്രം.
കായേനെ എല്ലാവര്‍ക്കും അറിയാം. സഹോദരനെ കൊന്നവന്‍. എല്ലാ കൊലപാതകികളുടെയും കുലപതി; സകല അക്രമികളുടെയും പര്യായം. ഒരിക്കലും അനുകരിക്കരുതാത്ത ദുര്‍മ്മാതൃക ആയിട്ടാണ് സ്നേഹത്തിന്‍റെ അപ്പസ്തോലനായ യോഹന്നാന്‍ അയാളെ ചിത്രീകരിക്കുന്നത്(1 യോഹ. 3: 12). ചരിക്കരുതാത്ത മാര്‍ഗ്ഗത്തെ 'കായേന്‍റെ മാര്‍ഗ്ഗം' എന്നു യൂദായുടെ ലേഖനം (യൂദാ 11) വിശേഷിപ്പിക്കുന്നു. ഭൂമിയില്‍ ചൊരിയപ്പെട്ട മനുഷ്യരക്തത്തിന്‍റെ മുഴുവന്‍ ഭാരം അയാളുടെമേല്‍ ചുമത്തപ്പെടുന്നതായി തോന്നും. എന്തേ ഇങ്ങനെ സംഭവിക്കാന്‍? യഥാര്‍ത്ഥത്തില്‍ ആരാണ് കായേന്‍? എന്താണ് അയാളുടെ കഥയിലൂടെ ബൈബിള്‍ നല്കുന്ന സന്ദേശം?
കര്‍ത്താവു വധശിക്ഷ വിധിച്ചപ്പോള്‍ അതിനെ മറികടക്കാനെന്നോണം ആദാം തന്‍റെ സഖിയെ ഹവ്വാ എന്നു വിളിച്ചു. ജീവനുള്ളവരുടെയെല്ലാം മാതാവ് എന്നു ബൈബിള്‍ തന്നെ പേരിന്‍റെ അര്‍ത്ഥം പറഞ്ഞുതരുന്നു (ഉല്‍പ 3: 19-20). പുതുതലമുറയുടെ ജനനത്തിലൂടെ മരണത്തെ മറികടക്കാനാവും എന്നാണോ ഈ പേരിടീല്‍ അര്‍ത്ഥമാക്കുന്നത്? മരണത്തിന്‍റെ നിഴല്‍ ചക്രവാളത്തില്‍ പതിയുമ്പോഴും ജീവന്‍റെ ബീജം ഉള്ളില്‍ സൂക്ഷിക്കുന്നവളാണ് സ്ത്രീ. അവളിലൂടെയാണ് മനുഷ്യവര്‍ഗ്ഗം നിലനില്‍ക്കുന്നത്. തന്‍റെ ആദ്യജാതനെ കാണുമ്പോള്‍ ആദി മാതാവ് ഈ സത്യം ഏറ്റുപറയുന്നുണ്ട്: "കര്‍ത്താവു കടാക്ഷിച്ച് എനിക്കൊരു പുത്രനെ ലഭിച്ചിരിക്കുന്നു" (ഉല്‍പ. 4: 1). 'കര്‍ത്താവിന്‍റെ ദാനം' എന്ന അര്‍ത്ഥത്തിലാണ് അവള്‍ കുഞ്ഞിനെ കായേന്‍ എന്നു വിളിച്ചത്. 'ഖാനാ' എന്ന ഹീബ്രുവാക്കില്‍ നിന്നാണ് കായേന്‍ എന്ന പേരിന്‍റെ ഉത്ഭവം. സമ്പാദിക്കുക, സ്വീകരിക്കുക എന്നൊക്കെയാണ് ക്രിയാധാതുവിനര്‍ത്ഥം.
ദൈവത്തിന്‍റെ സഹായത്താല്‍ ദാനമായി ലഭിച്ച ജീവന്‍റെ നാമ്പിനെ അവര്‍ സ്വന്തം ജീവനേക്കാള്‍ വില മതിച്ചു, താലോലിച്ചു, പോറ്റിവളര്‍ത്തി. അനുജന്‍ ആബേലുംകൂടെ ആയപ്പോള്‍ കുടുംബം പൂര്‍ത്തിയായി. പറുദീസായ്ക്കു പുറത്ത് കുടുംബമെന്ന പറുദീസാ അവര്‍ക്കു ലഭ്യമായി. മക്കള്‍ രണ്ടുപേരും അധ്വാനശീലരും ദൈവവിശ്വാസവും ദൈവഭയവുമുള്ള ഭക്തരുമായിരുന്നു. ദൈവത്തെ പ്രസാദിപ്പിക്കാന്‍ രണ്ടുപേരും ശ്രമിച്ചിരുന്നു. എന്നിട്ടും എന്തേ അതു സംഭവിച്ചു? അനുജനെ തന്‍റെ വയലിലേക്കു വിളിച്ചുകൊണ്ടുപോയി കൊന്നുകളയാന്‍ എന്തു കാരണമുണ്ടായി? എന്തിന്‍റെ കുറവായിട്ടാണ് ഈ ക്രൂരകൃത്യം? ദൈവത്തിന്‍റെ ദാനമായി ലഭിച്ചവന്‍, ജീവന്‍റെ തിരിനാളം പിന്‍തലമുറയ്ക്കു കൈമാറി മനുഷ്യവര്‍ഗ്ഗത്തെ നിലനിര്‍ത്തേണ്ടവന്‍ എന്തേ സ്വന്തം സഹോദരന്‍റെ ജീവനാളം തല്ലിക്കെടുത്തി?
ഒരു ബലിയര്‍പ്പണത്തെ തുടര്‍ന്നാണ് ആദ്യത്തെ കൊലപാതകം നടന്നത് എന്നു വിശുദ്ധഗ്രന്ഥകാരന്‍ പറയുമ്പോള്‍ അതിന് അളക്കാനാവാത്ത ആഴമുണ്ട്. ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന രണ്ടു ഭക്തര്‍; ദൈവപ്രീതിക്കുവേണ്ടി തങ്ങളുടെ ഉല്‍പന്നങ്ങളില്‍നിന്നു കാഴ്ചയര്‍പ്പിക്കുന്നവര്‍. രണ്ടുപേരും അര്‍പ്പിച്ച കാഴ്ചവസ്തുക്കള്‍ക്ക് എന്തെങ്കിലും കുറവോ അപാകതയോ ഉണ്ടായിരുന്നതായി സൂചനപോലുമില്ല. ഇടയന്‍ ആടിന്‍റെ ഭാഗങ്ങളും കര്‍ഷകന്‍ കാര്‍ഷികോല്‍പന്നങ്ങളും ബലിയര്‍പ്പിച്ചത് തികച്ചും സ്വാഭാവികം. അതിനുമുമ്പ് അവര്‍ തമ്മില്‍ എന്തെങ്കിലും കലഹമോ പിണക്കമോ ഉണ്ടായിരുന്നതായി ഒരു സൂചനയും ഗ്രന്ഥകാരന്‍ തരുന്നില്ല. എന്നാല്‍ ബലിയര്‍പ്പണം വഴിത്തിരിവായിത്തീര്‍ന്നുവെന്ന് എടുത്തുപറയുന്നു.
"ആബേലിലും അവന്‍റെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു. എന്നാല്‍ കായേനിലും അവന്‍റെ കാഴ്ചവസ്തുക്കളിലും അവിടുന്നു പ്രസാദിച്ചില്ല. ഇത് കായേനെ അത്യധികം കോപിപ്പിച്ചു" (ഉല്‍പ 4:5). പറുദീസായില്‍ അറിവിന്‍റെ വൃക്ഷം നടുകയും അതിന്‍റെ പഴം തിന്നരുതെന്ന് വിലക്കുകയും ചെയ്തതുപോലെ ഒരു ദുരൂഹത ഇവിടെയും നിലനില്ക്കുന്നു. എന്താണ് കായേന്‍റെ ബലി സ്വീകരിക്കാതെ പോകാന്‍ കാരണം? തന്‍റെ സഹോദരന്‍റെ ബലി സ്വീകരിച്ച ദൈവം തന്‍റേതു തിരസ്കരിച്ചത് തന്നെ പുറന്തള്ളിയതിന്‍റെ അടയാളമായി അയാള്‍ കണ്ടെങ്കില്‍ അതിന് കായേനെ കുറ്റം വിധിക്കാനാകുമോ? സഹോദരങ്ങള്‍ക്കിടയില്‍ തിരിച്ചുവ്യത്യാസം കാട്ടിയ ദൈവം തന്നെയല്ലേ തുടര്‍ന്നുവരുന്ന സംഭവപരമ്പരകള്‍ക്കു കാരണക്കാരന്‍ എന്ന ചോദ്യം ന്യായമായും ഉയരാം. പ്രത്യക്ഷമായ കാരണം ഒന്നും കൂടാതെ ചിലര്‍ തിരസ്കൃതരാകുന്നു; മറ്റു ചിലര്‍ സമ്മാനിതരും. ആദ്യ സഹോദരന്മാരില്‍ മാത്രമല്ല ചരിത്രത്തിലുടനീളം കാണുന്നതാണല്ലോ ഈ പ്രതിഭാസം. ഇതിനെക്കുറിച്ച് ആഴത്തില്‍ വിശകലനം ചെയ്യുന്ന വി. പൗലോസ് (റോമാ 9: 1-18) ദൈവികപദ്ധതിയുടെ രഹസ്യാത്മകതയില്‍ തട്ടിനില്ക്കുകയാണ.് "യാക്കോബിനെ ഞാന്‍ സ്നേഹിച്ചു. ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്" (റോമാ 9: 13). എന്നാല്‍ ഉല്‍പത്തി ഗ്രന്ഥകാരന്‍ ഒരു വിശദീകരണം നല്കുന്നുണ്ട്.
"ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതിക്കല്‍ത്തന്നെ പതിയിരുപ്പുണ്ടെന്ന് ഓര്‍ക്കണം. നീ അതിനെ കീഴടക്കണം" (ഉല്‍പ 4: 7). കായേന്‍റെ പ്രവൃത്തിയില്‍ അനുചിതമായി എന്തോ ഉണ്ടായിരുന്നു എന്ന സൂചനയാണല്ലോ ഈ താക്കീതില്‍ മുഴങ്ങുന്നത്. കാഴ്ചയര്‍പ്പിച്ച വസ്തുവിലല്ല അപാകത, അര്‍പ്പകന്‍റെ മനസ്സിലാണ്. സഹോദരനോടുള്ള അസൂയയും വെറുപ്പും വിദ്വേഷവും എല്ലാം കായേന്‍റെ ഹൃദയത്തില്‍ ബലിയര്‍പ്പണത്തിനു മുമ്പു തന്നെ കയറിക്കൂടിയിരുന്നു എന്ന ഒരു ധ്വനി ഈ വാക്കുകളിലുണ്ട്. വാതില്‍ക്കല്‍ത്തന്നെ പതിയിരിക്കുന്ന പാപത്തെക്കുറിച്ചുള്ള പരാമര്‍ശം അതാണ് സൂചിപ്പിക്കുക. എന്താണിതിനു കാരണം എന്നു ബൈബിള്‍ പറയുന്നില്ല.
ആദിമാതാപിതാക്കള്‍ പറുദീസായില്‍ നേരിട്ട പ്രലോഭനത്തിന്‍റെ മറുവശം ഇവിടെ കാണാം. ദൈവത്തെ നിഷേധിച്ച് സ്വയം ദൈവമാകാനായിരുന്നു മാതാപിതാക്കളുടെ പ്രലോഭനമെങ്കില്‍ കായേന്‍റെ പ്രലോഭനം സഹോദരനെ തിരസ്കരിക്കാനാണ്. ദൈവനിഷേധം, സഹോദര നിഷേധം എന്നിങ്ങനെ പാപത്തിന്‍റെ ഇരുവശങ്ങള്‍ ഈ പ്രലോഭനങ്ങളില്‍ പ്രകടമാകുന്നു. ആദ്യത്തേതിന്‍റെ അനിവാര്യഫലമാണ് രണ്ടാമത്തേത്. ദൈവത്തെ നിഷേധിക്കുന്നവര്‍ സഹോദരനെയും നിഷേധിക്കും. ഇതിനു ചരിത്രം സാക്ഷി. ദൈവത്തിന്‍റെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കുന്നത് വ്യക്തിത്വമോ, പ്രസ്ഥാനമോ, പ്രത്യയശാസ്ത്രമോ എന്തുമാകട്ടെ അതു സഹോദരനിഷേധത്തിലേക്കു നയിക്കുന്നത് ഇന്നും നാം കാണുന്നു. എന്നാല്‍ ദൈവനിഷേധകര്‍ മാത്രമല്ല ഈ പ്രലോഭനത്തില്‍ വീഴുന്നത്. ദൈവത്തെ ആരാധിക്കുന്നു എന്നു കരുതുന്നവര്‍ തമ്മില്‍ത്തന്നെ നടത്തുന്ന യുദ്ധങ്ങള്‍ക്കും നാം സാക്ഷികളാകുന്നുണ്ടല്ലോ. തങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ദൈവചിത്രവും വിശ്വസിക്കുന്ന സംഹിതകളും ആചരിക്കുന്ന അനുഷ്ഠാനങ്ങളും മാത്രം ശരിയെന്നു ശഠിക്കുന്നവര്‍ മറ്റുള്ളവരെ കൂടെ ഒന്നുകില്‍ തങ്ങളുടെ രീതി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിക്കുക, അല്ലെങ്കില്‍ ഉന്മൂലനം ചെയ്യുക എന്ന നിലപാട് ചരിത്രത്തിന്‍റെ പെരുവഴികളില്‍ ചിന്തിയ രക്തത്തിന്‍റെ കണക്ക് ആര്‍ക്കറിയാം!
ഇതു കായേന്‍റെ മതാത്മകത! ഭ്രാതൃഹത്യയില്‍ അവസാനിക്കുന്ന മതഭ്രാന്ത്. ബലിപീഠത്തില്‍ ദുര്‍മുഖം കാട്ടിയ അസൂയയും മത്സരവും സഹോദരന്‍റെ നെഞ്ചില്‍ പല്ലും നഖവും ആഴ്ത്തുന്നതിനു മുമ്പേ ദൈവംതന്നെ വ്യക്തമായ താക്കീതു നല്കി. പക്ഷേ അതു കേള്‍ക്കാന്‍ കായേന്‍ ചെവികൊടുത്തില്ല. ആബേലിന്‍റെ ബലി സ്വീകരിച്ചവന് ആബേലിനെത്തന്നെ ബലി കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ പാപം അവന്‍റെമേല്‍ പിടിമുറുക്കിക്കഴിഞ്ഞു എന്നു വ്യക്തം. ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ തുടങ്ങുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മുതല്‍ സര്‍വ്വ സംഹാരിയായ യുദ്ധങ്ങള്‍ വരെ ഈ വഴിതെറ്റിയ വിശ്വാസത്തിന്‍റെ ഫലമായുണ്ടാകുന്നു എന്നുപറഞ്ഞാല്‍ നിഷേധിക്കാനാവുമോ?
വാതില്‍ക്കല്‍ പതിയിരുന്ന പാപത്തിനു സ്വയം കീഴടങ്ങിയ കായേന്‍ ശ്രദ്ധാപൂര്‍വ്വം കരുക്കള്‍ നീക്കി. സഹോദരനെ സൗമ്യമായി തന്‍റെ വയലിലേക്കു ക്ഷണിച്ചു. ഒന്നും സംശയിക്കാതെ ആബേല്‍ സഹോദരനെ അനുഗമിച്ചു. "അവര്‍ വയലിലായിരിക്കെ കായേന്‍ ആബേലിനോടു കയര്‍ത്ത് അവനെ കൊന്നു" (ഉല്‍പ. 4: 8). അങ്ങനെ ആദ്യമായി മരണം രംഗപ്രവേശം ചെയ്തു, ഒരു കൊലപാതകത്തിലൂടെ. ഒരു കുട്ടിക്കഥയുണ്ട്. ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തില്‍ ചുവപ്പു നിറമില്ലായിരുന്നു. ഉദയത്തിലും അസ്തമയത്തിലും സൂര്യകിരണങ്ങള്‍ ശീതളമായ വെള്ളിവെളിച്ചമാണ് നല്കിയിരുന്നത്. ഭൂമിയിലെങ്ങും ഒറ്റ ചുവന്ന പൂവുമുണ്ടായിരുന്നില്ല. കായേന്‍ സഹോദരനെ കൊല്ലുന്നതു കണ്ട സൂര്യന്‍ ഞെട്ടിവിറച്ചു. ആബേലിന്‍റെ രക്തംപോലെ സൂര്യന്‍റെ മുഖം ചുമന്നു. അന്നു മുതല്‍ പ്രഭാതത്തിലും പ്രദോഷത്തിലും ആകാശം മുഴുവന്‍ സൂര്യന്‍റെ ചുവപ്പ് പ്രതിഫലിക്കുന്നു. ആബേലിന്‍റെ രക്തം മുഖത്തു തെറിച്ച ചെടികളില്‍ ചുവന്ന പൂക്കള്‍ വിടര്‍ന്നു. എല്ലാം രക്തപുഷ്പങ്ങള്‍! മനുഷ്യരക്തംകൊണ്ട് മണ്ണു കുതിര്‍ന്നു, ചുവന്നു.
വയലില്‍വെച്ച് കൊന്നതിനാല്‍ തന്‍റെ കുറ്റകൃത്യത്തിന് സാക്ഷികള്‍ ആരുമില്ല എന്നു കരുതിയ കായേനു തെറ്റി. എല്ലാം കാണുന്ന സര്‍വ്വേശ്വരന്‍ തെളിവുസഹിതം കായേനെ പിടിച്ചുനിര്‍ത്തി വിചാരണ ചെയ്തു. സഹോദരന്‍റെ കാവല്ക്കാരനാകേണ്ടവന്‍ കാപാലികനായപ്പോള്‍ കര്‍ത്താവിന്‍റെ വിധിവാചകം മുഴങ്ങി: "നിന്‍റെ കയ്യില്‍ നിന്നു നിന്‍റെ സഹോദരന്‍റെ രക്തം കുടിക്കാന്‍ വാ പിളര്‍ന്ന ഭൂമിയില്‍ നീ ശപിക്കപ്പെട്ടവനായിരിക്കും" (ഉല്‍പ. 4: 11). സഹോദരനെ വധിച്ചവന് എല്ലാം ശത്രുവായി മാറി. ആബേലിന്‍റെ രക്തം കുടിച്ച അമ്മ ഭൂമിയില്‍ അവനഭയമില്ല. "അവിടുത്തെ സന്നിധിയില്‍നിന്ന് ഞാന്‍ ഒളിച്ചു നടക്കണം. കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും" (ഉല്‍പ. 4: 14) എന്ന വിലാപം പരാജയത്തിന്‍റെ അടിത്തട്ടില്‍ നിന്നാണുയരുന്നത്.
സഹോദരനെ വകവരുത്തിയാല്‍ താന്‍ മാത്രമായിരിക്കും സര്‍വ്വാധിപതി എന്നത് വ്യാമോഹമായിരുന്നു എന്ന് കായേന്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവുതന്നെയാണ് പരാജയത്തിന്‍റെ ആദ്യത്തെ നല്ല വശം. കൊല്ലുന്നവന് ജീവിക്കാന്‍ അവകാശമില്ല എന്ന അവബോധം. അതോടൊപ്പം അടുത്തുനില്ക്കുന്നത്, അയാള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നവനോ, ഏതു പ്രത്യയശാസ്ത്രം സ്വീകരിക്കുന്നവനോ, ഏതു പാര്‍ട്ടിയുടെ അംഗമോ ആകട്ടെ, അയാള്‍ എന്‍റെ സഹോദരനാണ് എന്ന അവബോധം ഉണര്‍ത്താന്‍ ഈ പരാജയം സഹായിച്ചു. "നിന്‍റെ സഹോദരന്‍ ആബേല്‍ എവിടെ" എന്ന ചോദ്യത്തിന് "സഹോദരന്‍റെ കാവല്ക്കാരനാണോ ഞാന്‍" എന്ന മറുചോദ്യത്തില്‍ പ്രകടമായ ധാര്‍ഷ്ട്യം ഇവിടെ പത്തിമടക്കി, മുട്ടുകുത്തി. കൊലയാളിയുടെ അട്ടഹാസം പരാജിതന്‍റെ രോദനമായി മാറി. "കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും" - ഭയം വേട്ടയാടുന്ന മനുഷ്യന്‍റെ ആത്മവിലാപം.
മായ്ക്കാനും മറയ്ക്കാനുമാവാത്തവിധം കയ്യില്‍ രക്തക്കറ പുരണ്ട കായേന്‍റെ നെറ്റിമേല്‍ കര്‍ത്താവ് ഒരടയാളം പതിച്ചു. നീ എന്‍റേതാണ്, എന്‍റെ സംരക്ഷണത്തില്‍ നിന്നെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നിന്നെ കൊല്ലാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. നിന്നെ കൊല്ലുന്നവനെതിരെ ഞാന്‍ ഏഴിരട്ടി പ്രതികാരം ചെയ്യും! (ഉല്‍പ. 4: 15). "മനുഷ്യരക്തം ചൊരിയുന്നവന്‍റെ രക്തം മനുഷ്യന്‍ തന്നെ ചൊരിയും" (ഉല്‍പ. 9: 6) എന്ന തീക്കതു നല്കുന്നതിനു മുമ്പേ ദൈവം കൊലയാളിക്കു സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.
അവന്‍ ഇനിയും സ്വതന്ത്രമായി കൊലപാതകം തുടര്‍ന്നു കൊള്ളട്ടേ എന്നല്ല ഇതിനര്‍ത്ഥം. ബൈബിളിലൂടെ സ്വയം വെളിപ്പെടുത്തുന്ന ദൈവം മരണത്തിന്‍റെ ദൈവമല്ല, ജീവന്‍റെ ദൈവമാണ്. പാപിയുടെ മരണമല്ല, മാനസാന്തരമാണ് ദൈവം ആഗ്രഹിക്കുന്നത്. "ദുഷ്ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്ടമാര്‍ഗ്ഗത്തില്‍നിന്ന് പിന്‍തിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്കു സന്തോഷം" (എസെ. 33:11). താന്‍ ചിന്തിയത് സഹോദരന്‍റെ നിഷ്കളങ്ക രക്തമാണെന്ന അവബോധത്തോടെ സ്വന്തം തെറ്റ് ഏറ്റുപറയുകയും ജീവിതനവീകരണത്തിലൂടെ പരിഹാരം അനുഷ്ഠിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നതുവരെ അവന്‍ അലയണം. താങ്ങാനാവാത്ത കുറ്റഭാരവും തടയാനാവാത്ത ദൈവശിക്ഷയും വഹിച്ച് ഈ ഭൂമിയില്‍ ഉഴലണം. അവനെ ആരും കൊല്ലരുത്. അതേ, കായേനു മരണമില്ല. മരിക്കാന്‍ ദൈവം അവനെ അനുവദിക്കുന്നില്ല.
സഹോദരനെ കൊന്നു കൊലവിളിച്ചു വിജയം ആഘോഷിച്ച കായേന്‍ യഥാര്‍ത്ഥത്തില്‍ മോചനമില്ലാത്ത പരാജയത്തിന്‍റെ പടുകുഴിയില്‍ പതിച്ചിരിക്കുന്നു എന്ന അവബോധത്തിലെത്തിയ നിമിഷമായിരുന്നു ദൈവം അവനെ നേരിട്ട നിമിഷം. ഒരു പുതുജീവിതത്തിനു തുടക്കംകുറിക്കാന്‍ അവസരം നല്കുകയാണ് ദൈവം കൊലപാതകിക്ക്.
എന്നാല്‍ കായേന്‍റെ കഥ ഇവിടെ അവസാനിക്കുന്നില്ല. കര്‍ത്താവിന്‍റെ സന്നിധിവിട്ട്, കിഴക്ക് നോദില്‍ വാസമുറപ്പിച്ച കായേന്‍ വിവാഹം കഴിച്ചു; സന്താനങ്ങളെ ഉല്പാദിപ്പിച്ചു. മാത്രമല്ല, ഒരു നഗരം പണിതു. അതിനു സ്വന്തം മകന്‍ ഹെനോക്കിന്‍റെ പേരും നല്കി, മകനിലൂടെയും നഗരത്തിലൂടെയും തന്‍റെ നാമം നിലനിര്‍ത്തി - അങ്ങനെ കൊലപാതകിയായ കായേന്‍റെ സംസ്കാരം നാഗരികതയായി വളര്‍ന്നു എന്ന് ബൈബിള്‍ തുടര്‍ന്നു വിവരിക്കുന്നു. കര്‍ഷകനായ കായേന്‍റെ സന്തതിപരമ്പര വ്യവസായങ്ങള്‍ക്കും കലകള്‍ക്കും തുടക്കംകുറിച്ചു. ആ സന്തതി പരമ്പരയില്‍ ശത്രുതയും വിദ്വേഷവും പ്രതികാര ചിന്തയും പെരുകി (ഉല്‍പ. 4: 16-24).
കായേന്‍റെ കഥയിലൂടെ പറഞ്ഞുവെയ്ക്കാന്‍ ശ്രമിക്കുന്നത് ആദ്യത്തെ രണ്ടു സഹോദരന്മാരുടെ ചരിത്രം മാത്രമല്ല എന്നു വ്യക്തമാക്കുന്നു. കായേന്‍ കര്‍ഷകനും ആബേല്‍ ഇടയനും ആയിരുന്നുവെന്നു പറയുന്നതില്‍ത്തന്നെ ഈ സൂചനയുണ്ട്. ആദിമനുഷ്യര്‍ കായ്കനികള്‍ പറിച്ചുതിന്നും പിന്നീട് വേട്ടയാടിയും ഒക്കെ ആണല്ലോ ജീവിച്ചിരുന്നത്. കൃഷി, ആടുമേയ്ക്കല്‍ മുതലായ വ്യത്യസ്ത തൊഴിലുകള്‍ പരിശീലിക്കാന്‍ തുടങ്ങിയത് എത്രയോ കാലത്തിനുശേഷം! മാത്രമല്ല, കാണുന്നവരെല്ലാം എന്നെ കൊല്ലാന്‍ നോക്കും എന്ന വിലാപവും കായേന്‍ തന്‍റെ ഭാര്യയെ അറിഞ്ഞു എന്ന പ്രസ്താവനയും മറ്റു മനുഷ്യര്‍ ഭൂമിയിലുണ്ടായിരുന്നു എന്ന സൂചന നല്കുന്നുണ്ട്. ഇവിടെ പറയുന്നത് ആദ്യത്തെ രണ്ടു മനുഷ്യവ്യക്തികളുടെ കഥയല്ല, പരസ്പരം സഹോദരങ്ങളായ മനുഷ്യവര്‍ഗ്ഗത്തിന്‍റെ കഥയാണ്, പരസ്പരം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിനുപകരം വെറുക്കുകയും കൊല്ലുകയും ചെയ്യുന്ന മനുഷ്യന്‍റെ കഥ. അപ്പോള്‍ ആ കഥയില്‍ നാമെല്ലാം പങ്കുകാരാകുന്നു.
ബി. സി. പത്താം നൂറ്റാണ്ടില്‍ സോളമന്‍റെ ഭരണകാലത്ത് കഥപറയുന്ന യാഹ്വിസ്റ്റ് ഗ്രന്ഥകാരന്‍ ചരിത്രത്തിന്‍റെ വിശകലനത്തിലൂടെ ചില ആഴമേറിയ ഉള്‍ക്കാഴ്ചകള്‍ ഈ കഥയില്‍ അവതരിപ്പിക്കുന്നുണ്ട്. വാഗ്ദത്ത ഭൂമി തേടി മരുഭൂമിയിലൂടെ അലഞ്ഞ ഇസ്രായേല്‍ ജനം ഇടയന്മാരായിരുന്നു. അവര്‍ കടന്നുപോകാന്‍ ശ്രമിച്ച ഏദോമ്യര്‍, അമോര്യര്‍, അമ്മോന്യര്‍, മൊവാണ്യര്‍ മുതലായ രാജ്യങ്ങളുടെയെല്ലാം മുഖ്യതൊഴില്‍ കൃഷിയായിരുന്നു. തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ കടക്കാന്‍ അവരാരും ഇടയന്മാരായ ഇസ്രായേല്യരെ അനുവദിച്ചില്ല. ഇടംവലം തിരിയാതെ, പെരുവഴിയിലൂടെ മാത്രം പൊയ്ക്കൊള്ളാമെന്നും വഴിയില്‍ കുടിക്കുന്ന വെള്ളത്തിനുപോലും വില നല്കാമെന്നും പറഞ്ഞിട്ടും അവരാരും സമ്മതിച്ചില്ല; മറിച്ച് യുദ്ധത്തിനു വരുകയാണ് ചെയ്തത് (സംഖ്യ 20-21). ഒരു പക്ഷേ ഈ അനുഭവം കായേന്‍-ആബേല്‍ കഥയില്‍ പ്രതിഫലിക്കുന്നുണ്ടാവാം, എന്നാല്‍ അതു മാത്രമല്ല.
ദാവീദിന്‍റെ കാലത്ത് ഇസ്രായേല്‍ ശക്തമായൊരു രാജ്യമായി -ഈജിപ്തിനോടും ബാബിലോണിനോടും കിടപിടിക്കുന്ന ഒരു സാമ്രാജ്യം. മഹാജ്ഞാനിയായ മകന്‍ സോളമന്‍ നഗരങ്ങള്‍ പണിതു. രാജ്യസുരക്ഷയ്ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഭാരിച്ച നികുതി ചുമത്തി. ജനത്തെ അടിമകളാക്കി. രാജാവും ഉദ്യോഗസ്ഥവൃന്ദവും നഗരത്തിന്‍റെ സുഖലോലുപതയില്‍ മുഴുകിയപ്പോള്‍ അതിനായി വിയര്‍പ്പൊഴുക്കിയ ജനം നരകയാതനകളനുഭവിച്ചു. "സോളമന് രാജ്ഞിസ്ഥാനമുള്ള എഴുനൂറു ഭാര്യമാരും മുന്നൂറ് ഉപനാരിമാരും ഉണ്ടായിരുന്നു" (1 രാജാ 11, 3) എന്ന് ബൈബിള്‍ ഗ്രന്ഥകാരന്‍. യഥാരാജാ തഥാ പ്രജ. പ്രഭുക്കന്മാര്‍ രാജാവിനെ അനുകരിച്ചു. സാധാരണക്കാരന് സ്വത്തും കുടുംബവും ജീവന്‍ തന്നെയും നഷ്ടമായി. അതിശ്രേഷ്ഠമായ ദേവാലയവും അംബരചുംബികളായ മണിമാളികകളും കൊണ്ട് മനോഹരമായ നഗരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ അനേകം മനുഷ്യജീവിതങ്ങള്‍ പുഴുക്കളെപ്പോലെ ഇഴഞ്ഞു. അക്രമത്തിന്‍റെയും ആസക്തിയുടെയും എല്ലാവിധ തിന്മകളുടെയും വിളനിലമായി നഗരം - നഗരത്തിന്‍റെ സംസ്കാരമായ നാഗരികതയാണ് ഇവിടെ കായേന്‍റെ കൂടെ പ്രതിക്കൂട്ടില്‍ നില്ക്കുന്നത്.
അപ്പോള്‍ കായേന്‍ ഒരു ചരിത്ര പുരുഷന്‍ എന്നതിലുപരി ഒരു പ്രതീകമാണ് - ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ അതു മനുഷ്യവര്‍ഗ്ഗത്തിന്‍റെ ആരംഭം മുതല്‍ ഇന്നുവരെയുള്ള രക്തത്തില്‍ കുതിര്‍ന്ന, ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകം. വെട്ടിപ്പിടിക്കാനും സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താനും നടത്തുന്ന പടയോട്ടങ്ങളുടെ പിന്നില്‍ കായേനുണ്ട്; കുരിശുയുദ്ധങ്ങളിലും ജിഹാദുകളിലും വര്‍ഗ്ഗസമരങ്ങളിലും മതവര്‍ഗ്ഗീയ തീവ്രവാദങ്ങളിലും ഒളിപ്പോരുകളിലും ഭീകരപ്രവര്‍ത്തനങ്ങളിലും എല്ലാം അവന്‍റെ മുഖമുദ്ര പതിഞ്ഞിരിക്കുന്നു. ചൂഷണപരമായ സമ്പദ്വ്യവസ്ഥകളിലും അനീതി നിറഞ്ഞ വാണിജ്യനിയമങ്ങളിലും ഭൂരിപക്ഷത്തെ പട്ടിണിയിലാഴ്ത്തിയ സാമ്പത്തിക നയങ്ങളിലും കായേന്‍ ഒളിഞ്ഞിരിക്കുന്നു. പോരാ, ഓരോ വ്യക്തിയിലും കായേന്‍റെ ഭാവമുണ്ട്. "സഹോദരനെ വെറുക്കുന്നവന്‍ കൊലപാതകിയാണ്" (1 യോഹ. 3: 15) എന്ന തിരുവചനത്തിന്‍റെ വെളിച്ചത്തില്‍ സര്‍വ്വരും നിശിതമായ ആത്മശോധനയ്ക്ക് നിര്‍ബന്ധിതരാകുന്നു. അപരനു നേരെ കായേന്‍ എന്ന് ആക്രോശിച്ച് വിരല്‍ ചൂണ്ടുന്നതിനുമുമ്പേ ഓരോരുത്തരും സ്വയം ഉള്ളിലേക്കു തിരിഞ്ഞ് സ്വന്തം മനോഭാവങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും ജീവിതവീക്ഷണവും പ്രവര്‍ത്തന ശൈലികളും അപഗ്രഥിക്കണം. കായേന്‍റെ ഭാവങ്ങള്‍ തിരിച്ചറിഞ്ഞു തിരുത്തണം. കര്‍ത്താവു കായേനു നല്കുന്ന ശിക്ഷയുടെയും സംരക്ഷണ മുദ്രയുടെയും പൊരുള്‍ അപ്പോള്‍ സ്വായത്തമാക്കാന്‍ കഴിയും.
അവസാനമായി ഒന്നുകൂടി. കായേന്‍റെ കയ്യിലെ രക്തക്കറ മായ്ക്കാന്‍ കുരിശിലെ രക്തത്തിനു കഴിയും. കുഞ്ഞാടിന്‍റെ രക്തത്തില്‍ വസ്ത്രം കഴുകി വെളുപ്പിക്കുമ്പോള്‍ (വെളി. 7: 14) വെള്ളവസ്ത്രധാരികളായി ദൈവസന്നിധിയില്‍ നില്ക്കാന്‍ കഴിയും. "ദൈവപുത്രനായ യേശുവിന്‍റെ രക്തം എല്ലാ പാപങ്ങളില്‍നിന്നും നമ്മെ ശുദ്ധീകരിക്കുന്നു" (1 യോഹ. 1: 7). ആകയാല്‍ ആരും നിരാശരാകേണ്ടതില്ല. കായേനും രക്ഷ ലഭിക്കാം. ലഭിക്കണം. അതാണ് ദൈവത്തിന്‍റെ ആഗ്രഹവും പദ്ധതിയും. സ്വന്തം തെറ്റുകള്‍ ഏറ്റുപറഞ്ഞും, സഹോദരനെ കണ്ടറിഞ്ഞ് അംഗീകരിച്ചും പിതാവായ ദൈവത്തിലേക്കു തിരിയുമ്പോള്‍ കായേനും രക്ഷ ലഭിക്കും. ഇതല്ലേ കൊലയാളിയെ കൊല്ലാതെ സംരക്ഷിക്കുന്നതിന്‍റെ ലക്ഷ്യം?