ഒറീസയിലെ നിയാംഗിരിയില്‍ ഇതുവരെ ഞാന്‍ പോയിട്ടില്ല. ഇത്രയും ദൂരത്തിരിക്കുമ്പോഴും പക്ഷേ ജൂണ്‍ 18 മുതല്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ വളരെ കോരിത്തരിപ്പിക്കുന്നതാണ്. ആ മലനിരകള്‍ മുഴുവന്‍ കൊടുംകാടാണ്. അവിടം സസ്യജീവിവര്‍ഗങ്ങളുടെ വൈവിധ്യം കൊണ്ടു സമ്പന്നമാണ്. വിലപിടിപ്പുള്ള ബോക്സൈറ്റു ശേഖരണത്തെയാണ് അവിടുത്തെ മണ്ണു മൂടിവച്ചു കാത്തുസൂക്ഷിക്കുന്നത്. ആ പ്രദേശത്താണ് പ്രകൃതിക്കുവേണ്ടിയുള്ള ഇതിഹാസസമാനമായ സമരം ഇപ്പോള്‍ അരങ്ങേറുന്നത്. സമരത്തിന്‍റെ ഒരു വശത്ത് എണ്ണായിരത്തോളം വരുന്ന ഗോന്ധിയ കോന്‍ന്ധരും മറ്റ് ആദിവാസികളും മറുവശത്ത് ഒറീസ ഭരണകൂടവും വേദാന്തയെന്ന അതിശക്തനായ ഒരു ആഗോള ഭീമനും. രണ്ട് ശക്തികള്‍ തമ്മിലുള്ള ഈ സമരത്തിന്‍റെ ഫലമായി, ന്യൂനപക്ഷമായ ആദിവാസികള്‍ക്കു പ്രയോജനകരമായ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയുണ്ടോ?
ഉണ്ട് എന്ന ഉത്തരംതന്നെ പറയേണ്ടിവരുന്നു. കാരണം ഈ 'പ്രാകൃതരാ'യ മനുഷ്യര്‍ക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. നിയാംഗിരിയുടെ ചരിവുകളില്‍ നൂറ്റാണ്ടുകള്‍ ചെലവിട്ട, അവിടുത്തെ തെളിനീര്‍ കുടിക്കുകയും പഴങ്ങള്‍ കഴിക്കുകയും കുറെ മൃഗങ്ങളെ വേട്ടയാടിപ്പിടിക്കുകയും ചെറിയ കൃഷികള്‍ നടത്തുകയും അവിടുത്തെ പ്രകൃതിയോടു ഇഴചേര്‍ന്നു വളരുകയും ചെയ്യുന്ന അവര്‍ക്ക് ജൂലൈ 18 മുതല്‍ ആഗസ്റ്റ് 19 വരെ സംസാരിക്കാന്‍ കഴിഞ്ഞ ഏപ്രില്‍മാസത്തെ ഒരു വിധിയിലൂടെ സുപ്രീംകോടതി അനുവാദം നല്കിയിരിക്കുകയാണ്. സുപ്രീം കോടതി പറഞ്ഞത് ബോക്സൈറ്റിനു വേണ്ടി മലകള്‍ തുരക്കുമ്പോള്‍ അതിന്‍റെ പരിണതഫലം അനുഭവിക്കേണ്ടി വരുന്ന എല്ലാ ഗ്രാമങ്ങളിലും ഗ്രാമസഭകള്‍ വിളിച്ചുകൂട്ടണമെന്നാണ്. പക്ഷേ ഒറീസ ഭരണകൂടം 112 ഗ്രാമങ്ങളില്‍നിന്ന് ആകെ തെരഞ്ഞെടുത്തത് 12 ഗ്രാമങ്ങളെയാണ്. 12 ഗ്രാമങ്ങളെ തങ്ങളുടെ വരുതിക്കു കൊണ്ടുവരാമെന്ന് അവര്‍ ഒരുപക്ഷേ കരുതിയിട്ടുണ്ടാകാം.
പക്ഷേ ഭരണകൂടത്തിന്‍റെ പ്രതീക്ഷ അസ്ഥാനത്താണെന്നാണ് പിന്നീടു നടന്ന കാര്യങ്ങള്‍ തെളിയിച്ചത്. ഒന്നിനു പിറകേ ഒന്നായി എല്ലാ ഗ്രാമസഭകളും ('പള്ളി സഭ'യെന്നും അവ അറിയപ്പെടുന്നു) ബോക്സൈറ്റ് ഖനിക്കെതിരെ വോട്ടു ചെയ്തു. അക്ഷരജ്ഞാനം ഒട്ടുമില്ലാത്ത ഈ സ്ത്രീ-പുരുഷന്മാര്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത് ഗോന്ധിയ കോന്ധര്‍ ദൈവമായി കരുതുന്ന നിയാം രാജയെ മൈനിംഗ് ദോഷകരമായി ബാധിക്കുമെന്നാണ്. അവിടെ ഒരു ബോക്സൈറ്റ് ഖനി വന്നാല്‍ തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങള്‍ക്ക് ഊനം തട്ടുമോയെന്നുള്ളതിനെപ്പറ്റി പള്ളിസഭകള്‍ സ്വയം അന്വേഷിച്ച് തീരുമാനത്തിലെത്തണമെന്നതായിരുന്നു പരമോന്നത നീതിപീഠം നിര്‍ദ്ദേശിച്ച ഒരു കാര്യം. ഇതുവരെ കൂടിയ ഗ്രാമസഭകളും മൈനിംഗ് തങ്ങളുടെ ദൈവത്തെ ശല്യപ്പെടുത്തുമെന്നതുകൊണ്ട് അതിനെതിരായി ഏകകണ്ഠ്യേന വോട്ടു ചെയ്യുകയാണുണ്ടായത്.
ഇത്തരമൊരു അഭിപ്രായമാരായല്‍ നടക്കുന്നുവെന്നതുതന്നെ അസാധാരണമാണെന്നു പറയാതെ വയ്യ. ഈ രീതിയിലൊന്ന് ഇതുവരെ നടന്നിട്ടേയില്ലാത്ത കാര്യമാണ്. മറ്റൊരു കാര്യം ഒട്ടുമേ സഞ്ചാരയോഗ്യമല്ലാത്തതാണ് ആ പ്രദേശം എന്ന സംഗതിയാണ്. വണ്ടികളൊന്നും ആ വഴി ഓടില്ല. പള്ളിസഭകള്‍ സംഘടിപ്പിക്കപ്പെട്ട ഇടത്തെത്താന്‍ അതിനുവേണ്ടി നിയോഗിക്കപ്പെട്ട ജില്ലാമജിസ്ട്രേറ്റിനു ദുഷ്കരമായ പാത കിലോമീറ്ററുകളോളം നടന്നു താണ്ടേണ്ടി വന്നു. നഗരങ്ങളില്‍ ജോലി സ്ഥലത്തെത്താന്‍ എന്നും കൊണ്ടുപിടിച്ച ശ്രമങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് ഇത്തരമൊരു യാത്രതന്നെ പല ധാരണകളും മാറ്റിയെടുക്കുന്ന അനുഭവമായിത്തീര്‍ന്നിട്ടുണ്ടാകണം.
വളരെ വ്യക്തവും കൃത്യവുമായ രീതിയില്‍, ഭയത്തിന്‍റെ ലാഞ്ഛനപോലുമില്ലാതെ ആദിവാസികള്‍ സംസാരിച്ചത് വിട്ടുവീഴ്ചകളൊട്ടുമില്ലാത്ത ഉദ്യോഗസ്ഥന്‍റെയും മനഃസാക്ഷിയെ സ്വാധീനിച്ചിട്ടുണ്ടാകണം. അവരിലാരോടും എന്താണു പറയേണ്ടതെന്ന് പ്രത്യേകിച്ചു പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ. അതിന് അഞ്ചാമത്തെ പള്ളിസഭ സംഘടിപ്പിക്കപ്പെട്ട കലാഹന്ദി ജില്ലയിലെ പല്‍ബേരി ഗ്രാമത്തിലെ 70 വയസുകാരി ഗാഥ മഹ്ജി തന്നെ ഉദാഹരണം. ‘Down to earth’ മാസിക അവള്‍ പറഞ്ഞത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്; "വെളിയില്‍നിന്ന് ഞങ്ങള്‍ ആകെ വാങ്ങുന്നത് ഉപ്പും മണ്ണെണ്ണയുമാണ്. ഞങ്ങള്‍ക്ക് ആവശ്യമുള്ള ബാക്കിയെല്ലാ സാധനങ്ങളും ഇവിടെത്തന്നെയുണ്ട്. ഈ കുന്നുകളില്‍ മുഴുവന്‍ എന്‍റെ ദൈവം പരന്നുകിടക്കുന്നുണ്ട്. അവിടുന്നുമായി ആരും കുഴപ്പത്തിനു പോകാറില്ല."
എന്താണ് വികസനമെന്നും എന്താണു ദാരിദ്ര്യമെന്നുമുള്ള നമ്മുടെ ധാരണകളെ ഈ പള്ളിസഭകളുടെ വെളിച്ചത്തില്‍ ഒരു പുനഃപരിശോധനക്കു വിധേയമാക്കേണ്ടതുണ്ട്. ഈ രണ്ടു വാക്കുകളും പരസ്പര ബന്ധിതമാണ്. ദരിദ്രരെ ദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കാന്‍ വികസനം കൂടിയേ തീരു എന്നാണു നമ്മോടു പറയപ്പെട്ടത്. പക്ഷേ ഈ ദരിദ്രര്‍ എന്താണു ചിന്തിക്കുന്നതെന്ന്, അവര്‍ സ്വയം ദരിദ്രരെന്നാണോ വിളിക്കുന്നതെന്ന്, അവര്‍ക്കു വികസനം ആവശ്യമുണ്ടോയെന്ന്, ഉണ്ടെങ്കില്‍ത്തന്നെ അത് എത്തരത്തിലുള്ളതായിരിക്കണമെന്ന് അന്വേഷിക്കാന്‍ ഒരിക്കല്‍ പോലും നാം മെനക്കെട്ടിട്ടില്ല.
തങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്ന മലകളെ തുരന്നെടുക്കുന്ന മൈനിംഗ് കൊണ്ടെത്തിക്കുന്ന വികസനം തങ്ങള്‍ക്കു വേണ്ടേവേണ്ടെന്ന് നിയാംഗിരിയിലെ മനുഷ്യര്‍ സംശയരഹിതമായി പറഞ്ഞിരിക്കുകയാണ്. അമൂല്യമായ ജൈവവൈവിധ്യങ്ങളുടെ കേദാരമായ വനഭൂമിയെ ഉഴുതുമറിച്ചുണ്ടാക്കിയെടുക്കുന്ന റോഡുകളും അവര്‍ക്കും വേണ്ട. തങ്ങള്‍ നിരാകരിക്കുന്ന വികസനം കൊണ്ടുവരുന്ന മനുഷ്യര്‍ തങ്ങളുടെ ഗ്രാമങ്ങളിലൂടെ കനത്ത കാല്‍വയ്പുകളുമായി നടന്നുപോകുന്നതും അവര്‍ക്കു വേണ്ടതന്നെ.
തങ്ങള്‍ ദരിദ്രരാണെന്ന് അവര്‍ സ്വയം കരുതുന്നുണ്ടോ? മുകളില്‍ കണ്ട ഗാഥ മെഹ്ജിയെപ്പോലുള്ള സ്ത്രീകള്‍ക്കു പറയാനുള്ളതു കേള്‍ക്കാന്‍ തയ്യാറായാല്‍ അങ്ങനെ കരുതുന്നില്ല എന്നു നമുക്കു ബോധ്യമാകും. അവരുടെ കുന്നുകളും അതിലെ വനങ്ങളും അവിടുത്തെ ഭൂമിയും എങ്ങനെയാണു അവരുടെ എല്ലാ ആവശ്യങ്ങളും നിവര്‍ത്തിച്ചുകൊടുക്കുന്നതെന്നുള്ള അവരുടെ സാക്ഷ്യം നാം കേട്ടുകഴിഞ്ഞു. പശിയടക്കാന്‍ ആവശ്യമുള്ളതില്‍ കൂടുതല്‍ വേട്ടയാടാന്‍ പാടില്ല. അത്യാവശ്യമുള്ളതില്‍ കൂടുതല്‍ മരങ്ങള്‍ മുറിക്കാന്‍ പാടില്ല, തെളിനീരുറവകളും നദികളും ആരും മലിനപ്പെടുത്താന്‍ പാടില്ല തുടങ്ങിയ നിയമങ്ങളാല്‍ നയിക്കപ്പെടുന്നതാണ് അവരുടെ ജീവിതങ്ങള്‍. സാമ്പത്തിക വിശാരദന്മാരുടെ മാനദണ്ഡങ്ങള്‍വെച്ചു നോക്കിയാല്‍ ഇവരൊക്കെ ദരിദ്രരാകാം. എന്നാല്‍, പ്രകൃതി കനിഞ്ഞുനല്കിയ സമൃദ്ധിയില്‍ ആശ്രയിച്ചു ജീവിക്കാനുള്ള പ്രാപ്തിയുടെ കാര്യത്തില്‍ അവരുടെയത്രയും ധനികരായി ഈ ലോകത്ത് ആരുംതന്നെയുണ്ടാകാന്‍ ഇടയില്ല. ഈ സമൃദ്ധി അവരില്‍നിന്നു ചീന്തിയെടുത്താല്‍, വികസനത്തിന്‍റെ പേരില്‍ അതില്ലാതാക്കിയാല്‍, ശരിയാണ്, അവരെ ദരിദ്രരാക്കുന്ന കാര്യത്തില്‍ നിങ്ങള്‍ വിജയിക്കും.
നമ്മുടെ രാഷ്ട്രം മുമ്പോട്ടു നീങ്ങേണ്ട വഴിയേതെന്നതിനെപ്പറ്റിയുള്ള ലോകപ്രസിദ്ധ സാമ്പത്തികവിശാരദരുടെ സങ്കല്പങ്ങളെ മാധ്യമലോകം ആവേശത്തോടെ പുണരുന്ന ഇക്കാലത്തുതന്നെ, നമുക്കൊന്നു നില്ക്കാം, ചെവിയോര്‍ക്കാം, നിയാംഗിരിക്കാരുടെ അറിവുകളെ ഒന്നു ശ്രദ്ധിക്കാം. സര്‍വ്വനാശിയായ വികസനത്തിന്‍റെ പരിണതഫലങ്ങളായ പ്രകൃതിദുരന്തങ്ങള്‍ അനുദിനം നമ്മുടെ മുമ്പില്‍ ഭീഷണിയായി പടരുന്നുണ്ട്. അത്തരമൊരു ദശാസന്ധിയില്‍ നിയാംഗിരി വാസികളുടെ ജീവിതദര്‍ശനത്തിന് മുമ്പെത്തെക്കാളും പ്രസക്തിയേറുന്നുണ്ട്.
(കടപ്പാട്: ദ ഹിന്ദു)