news-details
മറ്റുലേഖനങ്ങൾ

മധ്യവര്‍ഗത്തിന്‍റെ കാപട്യം

തുടക്കത്തില്‍തന്നെ പറയട്ടെ, അടുത്തകാലത്തായി നമ്മള്‍ കണ്ടുവരുന്ന പച്ചക്കറികളുടെ അനിതര സാധാരണമായ വിലവര്‍ദ്ധനയ്ക്ക് എന്തെങ്കിലും ന്യായമായ കാരണം കണ്ടെത്താന്‍ എനിക്കായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം അനുഭവിക്കുന്ന ഈ വിലവര്‍ദ്ധന- ഇക്കാര്യത്തില്‍ മാത്രമാണ് നാം inflation നെക്കുറിച്ചു ആകുലപ്പെടുന്നത് - വിതരണം കുറഞ്ഞതുകൊണ്ടോ ഉപഭോഗം കൂടിയതുകൊണ്ടോ അല്ല പ്രധാനമായും സംഭവിക്കുന്നതെന്ന് ഞാന്‍ എപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഈ വിലവര്‍ദ്ധനയുടെ ഏറ്റവും പ്രധാനകാരണം പൂഴ്ത്തിവയ്പും അമിത ലാഭത്തിനുവേണ്ടിയുള്ള മറിച്ചുവില്ക്കലുമാണ്. ഭരണകൂടം റീടെയില്‍ മേഖലയില്‍ ശക്തമായി ഇടപെടാതെ, നമ്മെയെല്ലാം ബാധിക്കുന്ന ഈ inflation നെ നിയന്ത്രണവിധേയമാക്കാനാകില്ലെന്ന കാര്യം ഒന്നിലേറെ തവണ പൊതുവേദികളില്‍ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്.

ഇത്രയും സമ്മതിച്ചും അംഗീകരിച്ചുംകൊണ്ടു പറയട്ടെ, മാധ്യമങ്ങള്‍ ഉണര്‍ന്നെഴുന്നേല്ക്കുന്നത് പച്ചക്കറികളുടെയോ പഴവര്‍ഗങ്ങളുടെയോ വില കൂടുമ്പോള്‍ മാത്രമാണ്. അപ്പോള്‍ മാത്രമാണ് നമ്മുടെ മധ്യവര്‍ഗം പരാതിപ്പെടുന്നതു കാണുന്നത്. പൊടുന്നനെ ചില സ്ത്രീകള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് വീട്ടിലെ ചെലവുകളും മാസവരുമാനവും പൊരുത്തപ്പെടുത്താന്‍ എത്ര ബുദ്ധിമുട്ടാണെന്നു പറഞ്ഞുതുടങ്ങുന്നു. ഇങ്ങനെയൊക്കെ കാണുമ്പോള്‍ ഞാന്‍ അറിയാതെ ചോദിച്ചുപോകുന്നു: പച്ചക്കറികളും പഴങ്ങളും മാത്രമാണോ നമ്മുടെ വീട്ടു ബജറ്റിനെ നിര്‍ണയിക്കുന്നത്? സ്വര്‍ണ്ണത്തിന്‍റെ വില പവന് 12,000 -ല്‍ നിന്നും 30,000-ല്‍ എത്തുമ്പോള്‍ എന്താണ് ഇതേ ആളുകള്‍ ഒന്നും പറയാത്തത്? അത് അവരുടെ ബജറ്റിനെ സ്വാധീനിക്കുന്നുണ്ടാവില്ലേ?

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ഇവയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഫ്ളാറ്റുകളുടെ വില മേല്‍ക്കൂരയും തകര്‍ത്തു വാനിലേക്കു കുതിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റു ബിസിനസ്സു നിമിത്തം സ്ഥലത്തിന്‍റെ വില 400 ശതമാനമാണു വര്‍ദ്ധിച്ചതെന്നു പറഞ്ഞത് പ്ലാനിംഗ് കമ്മീഷനാണ്. നിങ്ങള്‍ മധ്യവര്‍ഗത്തില്‍പ്പെടുന്ന ഒരാളെങ്കില്‍ നഗരത്തില്‍ ഒരു വീടോ ഫ്ളാറ്റോ സ്വന്തമാക്കാനാകില്ലെന്ന കാര്യം മിക്കവാറും ഉറപ്പാണ്. വലിയ സമ്പന്നനു മാത്രമേ ഇത്തിരിയെങ്കിലും സ്ഥലം വാങ്ങാനാകൂ. പത്രവാര്‍ത്തകള്‍ പറയുന്നത് ന്യൂയോര്‍ക്കിലോ ടോക്കിയോയിലോ ഭൂമിക്കുള്ള വിലയേക്കാള്‍ കൂടുതലാണ് മുംബൈയിലെന്നാണ്. ഇങ്ങനെയൊക്കെയായിട്ടും എന്താണു മധ്യവര്‍ഗം മിണ്ടാതിരിക്കുന്നത്?

ഈ വിലവര്‍ദ്ധനവിനെതിരെ സ്വരമുയര്‍ത്തുന്നതിനുപകരം പത്രമാസികകളും ഇലക്ട്രോണിക് മാധ്യമങ്ങളും സ്ഥലവിലയും വീടുകളുടെ വിലയും കൂടുന്നത് ആഘോഷിക്കുന്നതാണു നാം കണ്ടുവരുന്നത്. അതിനായി അവര്‍ സപ്ലിമെന്‍റുകള്‍ അടിച്ചിറക്കുന്നു. അങ്ങനെ അവര്‍ക്കു കൂടുതല്‍ പരസ്യ വരുമാനം ഉറപ്പാക്കാനാകുന്നു. റിയല്‍ എസ്റ്റേറ്റു ബിസിനസ്സു തഴച്ചുവളരുന്നതു നിമിത്തം സിദ്ധമാകുന്ന വരുമാനത്തിന്‍റെ പേരില്‍ മാധ്യമങ്ങള്‍ നിശ്ശബ്ദത പുലര്‍ത്തുന്നതും ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധ ഇതിലേക്കു ക്ഷണിക്കാതിരിക്കുന്നതും എത്രകണ്ടു ക്ഷന്തവ്യമാണ്? ഇവിടുത്തെ പൊതുജനം ഒന്നും മിണ്ടാതെ വെറുതെ കാഴ്ചക്കാരായി തുടരുന്നതിനെ, മാധ്യമങ്ങള്‍ ശരിക്കും മുതലാക്കുകയാണ്. ഇതുകൊണ്ടൊക്കെ സ്വഭാവികമായി ഞാന്‍ വിചാരിച്ചുപോകുന്നത് ഇതാണ്: പച്ചക്കറി വില്പനക്കാര്‍ ഒരു സംഘടന രൂപീകരിച്ചിട്ട്, തങ്ങളുടെ പരസ്യം കൊടുക്കാന്‍ തയ്യാറായാല്‍, പച്ചക്കറി വില കൂടുന്നതിനെക്കുറിച്ചൊരു വാര്‍ത്തയും ഇവിടെ ആരും വായിക്കാനോ അറിയാനോ പോകുന്നില്ല.

സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും മാത്രമല്ല, നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിന്‍റെയും വില കൂടിക്കൊണ്ടേയിരിക്കുകയാണ്. മകന്‍റെ സ്കൂള്‍ ഫീസും മകളുടെ കോളേജു ഫീസും എല്ലാം കൂടുകയാണ്. ട്രെയിന്‍ ടിക്കറ്റിന്‍റെയും വിമാന ടിക്കറ്റിന്‍റെയും കാര്യവും അങ്ങനെതന്നെ. വിമാനത്തിലൊക്കെ ഇപ്പോള്‍ ഇഷ്ടമുള്ള ഇരിപ്പിടം കിട്ടും; കാശു കുറച്ചുകൂടുതലാകുമെന്നു മാത്രം. ടാക്സിക്കൂലിയും കൂടുന്നു. എന്‍റെ വീട്ടില്‍നിന്ന് വിമാനത്താവളമോ, റയില്‍വേസ്റ്റേഷനോ വരെ പോകാന്‍, ചണ്ഡീസ്ഗറില്‍നിന്ന് ന്യൂഡല്‍ഹിവരെയുള്ള വോള്‍വോ ബസിലെ ചാര്‍ജിനെക്കാള്‍ കൂടുതല്‍ തുക ടാക്സിക്കു കൊടുക്കേണ്ടിവരുന്നു. പെട്രോള്‍, ഡീസല്‍ വിലകള്‍ കൂടുകയല്ലാതെ കുറഞ്ഞ ചരിത്രം കേട്ടിട്ടില്ലല്ലോ. വൈദ്യുതി സ്വകാര്യവത്കരിക്കുക വഴി കുറഞ്ഞ ബില്ലുകള്‍ കുതിച്ചുപൊങ്ങുകയാണ്.

ഈ വിലക്കയറ്റങ്ങളെല്ലാം സത്യത്തില്‍ നമ്മെ നോവിക്കുന്നവയല്ലേ? നമ്മുടെ മാസബജറ്റുകള്‍ താറുമാറാകുന്നതില്‍ ഇവയ്ക്കും വലിയ പങ്കില്ലേ? എന്നിട്ടും എന്തുകൊണ്ടാണ് പച്ചക്കറികളുടെ വിലവര്‍ദ്ധനവിനെക്കുറിച്ചു മാത്രം നാം ആകുലപ്പെടുന്നതും മറ്റുള്ളവയെ സംബന്ധിച്ച് മിണ്ടാതിരിക്കുന്നതും? എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ഇവയെ സംബന്ധിച്ച് സംസാരിക്കുന്നത്? കാരണമെന്തെന്നുവെച്ചാല്‍, പച്ചക്കറികള്‍ ഒഴികെയുള്ള സാധനങ്ങളുടെ വില കൂടിയാല്‍, അത് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നു നാം ഉള്ളിന്‍റെയുള്ളില്‍ ധരിച്ചുവശായിരിക്കുന്നു. നമ്മുടെ കൈയില്‍ ഇഷ്ടംപോലെ പണമുള്ളതുകൊണ്ട് ചെലവഴിക്കുന്നതില്‍ നമുക്കാര്‍ക്കും മടിയില്ല. ഉപകരണങ്ങള്‍ക്കൊക്കെ വില കൂടുന്നതനുസരിച്ച് അവയുടെ ഗുണമേന്മയും ഏറുമെന്നാണ് നമ്മുടെ വിശ്വാസം. പക്ഷേ പാവപ്പെട്ട മനുഷ്യര്‍ നമ്മോടു കൂടുതല്‍ വിലയാവശ്യപ്പെടുമ്പോള്‍ നമുക്ക് ഹാലിളകുകയാണ്. തക്കാളിക്ക് കിലോക്ക് 80 രൂപ ആകുമ്പോഴോ ഉള്ളിക്ക് കിലോയ്ക്ക് 60 രൂപ ആകുമ്പോഴോ ആണത്രേ നമ്മുടെ പ്രതിമാസ ബജറ്റ് ആകെ താറുമാറാകുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ രണ്ടു ബെഡ്റൂമുള്ള ഒരു ഫ്ളാറ്റിനു ഒന്നരക്കോടിയാണ് എന്നതില്‍ നമുക്കു സന്തോഷമേയുള്ളൂ. അതു വാങ്ങാന്‍ നാം മുടക്കിയ കാശിനെക്കുറിച്ച് എത്ര പറഞ്ഞാലും നമുക്കു മതിവരികയുമില്ല. ഒരു ഫ്ളാറ്റിനു കോടികള്‍ മുടക്കാനും അതേസമയം ഉള്ളിവിലയെയോര്‍ത്തു മുറുമുറുക്കാനും നമുക്കെങ്ങനെയാണു സാധിക്കുന്നത്?

മധ്യവര്‍ഗത്തിന്‍റെ കാപട്യമല്ലാതെ മറ്റെന്താണിത്?

(ഭക്ഷ്യ-വാണിജ്യമേഖലയിലെ ഒരു വിഖ്യാത അനലിസ്റ്റ്. മുന്‍പ് ഇന്ത്യന്‍ എക്സ്പ്രസില്‍ പത്രപ്രവര്‍ത്തനം. 2009 ല്‍ ആഗസ്റ്റ് 16 ലെ ദ വീക് മാസിക അദ്ദേഹത്തെ "ഗ്രീന്‍ ചോംസ്കി" എന്നു വിശേഷിപ്പിച്ചു).

You can share this post!

സൂക്ഷ്മത

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts