news-details
മറ്റുലേഖനങ്ങൾ

എവിടെ ഇച്ഛാശക്തിയുണ്ടോ അവിടെ മാര്‍ഗ്ഗവുമുണ്ട്

ഗ്രാമദേവതയായ മൊഗളമ്മയോട് പ്രാര്‍ത്ഥിച്ചുണ്ടായ തന്‍റെ ആദ്യപുത്രിയാണ. നന്ദിപൂര്‍വ്വം അവര്‍ 'മൊഗളമ്മ' എന്ന പേരുതന്നെയാണ് ഇട്ടത്. അവള്‍ ദേവിയുടെ സമ്മാനംതന്നെയായിരുന്നു. എന്നാല്‍ ഒമ്പതുമാസം പ്രായമുള്ളപ്പോള്‍ അഞ്ചുദിനം നീണ്ടുനിന്ന കഠിനമായ ഒരു പനിക്കൊടുവില്‍ അവള്‍ക്കു നിവര്‍ന്നുനില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു.

റമളമ്മ വിഭ്രാന്തിയോടെ തന്‍റെ കുഞ്ഞിനെ ഗ്രാമത്തിലെ മുറി വൈദ്യന്‍റെ അടുത്തുകൊണ്ടുചെന്നു. അവിടെനിന്നും മറ്റു പല ഡോക്ടര്‍മാരുടെയും പക്കലേക്ക്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ. തന്‍റെ സമ്പാദ്യം മുഴുവന്‍ ചെലവിട്ട് ദൂരദേശങ്ങളില്‍ പോയി വൈദ്യന്മാരുടെ പക്കല്‍നിന്ന് മരുന്നും കഷായവുമൊക്കെ വാങ്ങിക്കൊടുത്തു. ഒടുവില്‍ ദയാലുവായ ഒരു ഡോക്ടര്‍ റമളമ്മയോട് സത്യം തുറന്നുപറഞ്ഞു, "ഈ കുഞ്ഞിനെ ചികിത്സിച്ചു ഭേദമാക്കാനാവില്ല, നിങ്ങള്‍ ഈ സത്യം അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ." റമളമ്മയുടെ മനസ്സ് കലങ്ങിമറിഞ്ഞു. "ഒരിക്കലും നടക്കാനാവാത്ത കുട്ടി - അതും ഒരു പെണ്‍കുട്ടി - ജീവിതകാലം മുഴുവന്‍ അവള്‍ക്ക് ആരെയെങ്കിലും ആശ്രയിക്കേണ്ടതായി വരും. ആരെങ്കിലും അവളെ വിവാഹം ചെയ്യാന്‍ തയ്യാറാകുമോ? അല്ലെങ്കില്‍ അവള്‍ എങ്ങനെ ഒരു ജോലിചെയ്ത് ഒറ്റയ്ക്ക് ജീവിക്കും?"

എന്നാല്‍ തന്‍റെ കുട്ടി ഒരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് തിരിച്ചറിഞ്ഞയന്ന് റമളമ്മ ഒരു തീരുമാനമെടുത്തു - അവള്‍ക്ക് എങ്ങനെയും ആവുന്നത്ര വിദ്യാഭ്യാസം നല്‍കുക.

ഇളയ നാലുകുട്ടികള്‍ക്കൂടി അവര്‍ക്കു ജനിച്ചു- രണ്ട് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും. എന്നാല്‍ ഇവരേക്കാളേറെ മൊഗളമ്മയുടെ വിദ്യാഭ്യാസകാര്യങ്ങളിലാണ് റമളമ്മ കൂടുതല്‍ ശ്രദ്ധവെച്ചത്.

ഇതിന് ആ സ്ത്രീ പറഞ്ഞ ന്യായം വൈകല്യമുള്ള ഒരു കുട്ടിയായ മൊഗളമ്മയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും അഭിമാനത്തോടെ ജീവിക്കാനും വിദ്യാഭ്യാസം മാത്രമേ സഹായിക്കൂ എന്നാണ. ഭാവിയില്‍ ഈ ലോകത്തില്‍ തന്‍റേതായൊരിടം നേടിയെടുക്കാന്‍ മൊഗളമ്മയെ അവളുടെ നിരക്ഷരയായ അമ്മ സഹായിച്ചത് ഇങ്ങനെയായിരുന്നു!

മൊഗളമ്മയ്ക്ക് സ്കൂള്‍ പ്രായമായപ്പോള്‍ റമളമ്മ അവളെയുംകൊണ്ട് ഗ്രാമത്തിലെ സ്കൂളിലേയ്ക്ക് ചെന്നു. തന്‍റെ പൃഷ്ഠഭാഗം കൈകളില്‍ത്താങ്ങി നിവര്‍ത്താനാവാത്ത കാലുകളുമായി അവള്‍ നിരങ്ങുന്നതുകണ്ട്, അധ്യാപകന്‍ അവിശ്വസനീയതയോടെ ആ വലുപ്പം കുറഞ്ഞ പെണ്‍കുട്ടിയെ നോക്കി. എന്നാല്‍ അവളുടെ അമ്മയുടെ ശാഠ്യപൂര്‍വ്വമുള്ള നിലപാടിനു വഴങ്ങി അദ്ദേഹം അവളെ സ്കൂളില്‍ ചേരാന്‍ അനുവദിച്ചു.

ഋതുക്കള്‍ മാറി വന്നു; മൊഗളമ്മ മുടങ്ങാതെ സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നു. മുതിര്‍ന്നപ്പോള്‍, അമ്മയുടെ സഹായമില്ലാതെ തന്നെ, അവള്‍ സ്കൂളില്‍ പോകാന്‍ തുടങ്ങി. മഴക്കാലത്ത്, ഒരു കൈകൊണ്ട് സ്കൂള്‍ ബാഗ് തലയില്‍വെച്ച് മറുകൈകൊണ്ട് നിരങ്ങിനീങ്ങിയാണ് അവള്‍ പൊയ്ക്കൊണ്ടിരുന്നത്.

മൊഗളമ്മയായിരുന്നു ക്ലാസ്സിലെ ഏറ്റവും സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനി. ഒഴിവുനേരങ്ങളില്‍ അവള്‍ കൂട്ടുകാരെ പഠനത്തിന് സഹായിച്ചു. എന്നിട്ടും തന്‍റെ കുറവുകളെ മാത്രം ശ്രദ്ധിച്ചവര്‍ക്കെതിരെ സധൈര്യം പോരാടി നിന്നു. ഒരു കാര്യത്തിലും പിന്നോട്ട് നില്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നില്ല. തന്‍റെ അയല്‍വാസികളായ ആണ്‍കുട്ടികള്‍ക്കൊപ്പം മരത്തില്‍ കയറാന്‍പോലും അവള്‍ ശ്രമിക്കുമായിരുന്നു!

മിഡില്‍ സ്കൂള്‍ പഠനം പൂര്‍ത്തിയായപ്പോള്‍ രണ്ടു കി. മീറ്റര്‍ ദൂരത്തുള്ള സര്‍ജാക്കന്‍പെട്ടിലെ സെക്കന്‍ററി സ്കൂളില്‍ തുടര്‍പഠനം നടത്തണം എന്ന കാര്യത്തില്‍ അവള്‍ക്കും അമ്മയ്ക്കും ഒട്ടും സംശയമുണ്ടായിരുന്നില്ല. എന്നാല്‍ പത്താംക്ലാസ് പാസായശേഷമാണ് കൂടുതല്‍ കടമ്പകള്‍ അവള്‍ക്കു മുമ്പില്‍ ഉയര്‍ന്നുതുടങ്ങിയത്.

തുടര്‍പഠനം നടത്താന്‍ 11 കി. മീറ്ററോളം ബസില്‍ യാത്രചെയ്ത് നയ്നോന്‍പട്ടില്‍ എത്തേണ്ടിയിരുന്നു. അവളെങ്ങനെ ബസില്‍ കയറും? താഴെയെങ്ങാന്‍ വീണാല്‍ വലിയ അപകടമല്ലേ? അവളുടെ അമ്മയ്ക്കും ഭയമായി. കോളേജില്‍ പോയേ തീരൂ എന്നത് മൊഗളമ്മയുടെ ഉറച്ച തീരുമാനമായിരുന്നു. അവസാനം കാര്യങ്ങള്‍ അവളുടെ വഴിക്കു തന്നെയെത്തി. ബസ് അവള്‍ക്കു കയറാനായി ഏറെനേരം നിര്‍ത്തിയിട്ടുകൊടുക്കുമായിരുന്നു.
ഈ സമയത്താണ് ഗ്രാമീണസ്ത്രീകളുടെ കൂട്ടായ്മയായ 'സംഘ'ത്തിന്‍റെ കണക്കുകള്‍ കൈകാര്യം ചെയ്യാനും മിനിറ്റ്സ് ബുക്ക് തയ്യാറാക്കാനുമായി വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയ്ക്കുവേണ്ടി അവിടെ അന്വേഷണം നടക്കുന്നത്. മറ്റാരെയും കണ്ടെത്താനാവാതെ വന്നതിനാല്‍ ആ ജോലി മൊഗളമ്മയ്ക്ക് ലഭിച്ചു. വളരെ നന്നായി അവള്‍ അക്കാര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നതിനാല്‍ സ്ത്രീകള്‍ക്ക് അവളുടെ സഹായം ഏറെ ആവശ്യമായി മാറി. കോളേജില്‍നിന്ന് മടങ്ങിയെത്തിയാല്‍ ബാക്കിസമയം മുഴുവന്‍ അക്കൗണ്ടുകള്‍ തയ്യാറാക്കുന്നതിനും ട്യൂഷനുമായി അവള്‍ ചെലവഴിച്ചു.

കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ ഗൗതം എന്നൊരു സന്ദര്‍ശകന്‍ അവളുടെ വീട്ടിലെത്തി. വൈകല്യമുള്ളവരെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന സംഘടനകള്‍ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'കമ്മിറ്റ്മെന്‍റ്സ്' എന്ന ഒരു ഗവണ്‍മന്‍റേതര മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കാനാണ് അയാള്‍ എത്തിയത്. അതിന്‍റെ ആദ്യത്തെ ട്രെയിനിംഗ് പ്രോഗ്രാം നടക്കുന്നത് ഹൈദരാബാദില്‍ വച്ചാണ്. പക്ഷേ ഈ ദീര്‍ഘയാത്രയ്ക്ക് അവളുടെ മാതാപിതാക്കള്‍ ആദ്യം വിസമ്മതിച്ചു. പക്ഷേ മൊഗളമ്മയുടെ ശക്തമായ വാദങ്ങള്‍ക്കു മുന്നില്‍ ഒടുവില്‍ അവര്‍ക്ക് അനുവാദം നല്‍കേണ്ടി വന്നു. ഇത് തന്നെക്കാത്തിരിക്കുന്ന ഏറ്റവും വലിയ നല്ല അവസരമായിട്ടാണ് മൊഗളമ്മയ്ക്ക് തോന്നിയത്.

പരിശീലന പരിപാടി നയിച്ചിരുന്നത് ഊര്‍ജസ്വലനായ ബ്ലൈന്‍ഡ് ആക്ടിവിസ്റ്റ് ടീച്ചര്‍ വെങ്കടേഷ് ആയിരുന്നു. അദ്ദേഹം ഊന്നിപ്പറഞ്ഞ രണ്ടുകാര്യങ്ങള്‍ ഇവയായിരുന്നു. ഒന്ന്, വൈകല്യമുള്ളവര്‍ക്ക് സ്വയം ബഹുമാനിക്കാനും തന്‍റെ ശ്രേഷ്ഠതയെ മനസിലാക്കാനും കഴിയണമെന്നും ഒപ്പം തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിയേണ്ടത് ഏറ്റം പ്രധാനമാണ് എന്നുള്ളതുമാണ്. രണ്ട്, ഇതിനായി ഇത്തരം ആള്‍ക്കാരുടെ സംഘടനകള്‍ രൂപീകരിക്കണം. കാരണം ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഇവരോരോരുത്തരും പിന്നിലേയ്ക്ക് മാറ്റപ്പെടുന്നവരും ശക്തിരഹിതരുമാണ്. എന്നാല്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ ആര്‍ക്കും ഒരിക്കലും അവഗണിക്കാനാവാത്ത ശബ്ദമായി അവര്‍ക്കു മാറാന്‍ കഴിയും.

ഈ ദിനങ്ങളിലാണ് തനിക്കു മുന്നിലായി പല കവാടങ്ങള്‍ തുറക്കപ്പെടുന്നൊരു അനുഭവം അവള്‍ക്കുണ്ടാകുന്നത്. ഈ അപൂര്‍വ്വവും അമൂല്യവുമായ ഭാഗ്യത്തെ അവള്‍ തിരിച്ചറിഞ്ഞു. ഇത്രയധികം കുറവുകളുണ്ടായിരുന്നിട്ടും തന്നെ വിശ്വസിക്കുകയും വിദ്യാഭ്യാസം നേടാന്‍ പിന്‍തുണയേകുകയും ചെയ്ത അമ്മയെക്കുറിച്ച് ഓര്‍ത്ത് അവള്‍ അഭിമാനം കൊണ്ടു. വൈകല്യമുള്ള അനവധി ഗ്രാമീണ സ്ത്രീകള്‍ അനീതിയും തരംതാഴ്ത്തലുകളും ഏറ്റുവാങ്ങി സ്വന്തം പ്രതിച്ഛായപോലും നഷ്ടപ്പെട്ട് ബലിയാടുകളായി മാറുന്നുവെന്ന് അവള്‍  തിരിച്ചറിഞ്ഞു.

കുറച്ച് ആഴ്ചകള്‍ക്കു മുന്‍പാണ് അവളെ വീണ്ടുംകണ്ടുമുട്ടിയത്. ആദ്യത്തെ കണ്ടുമുട്ടലിനുശേഷം പത്തുവര്‍ഷങ്ങളോളം കഴിഞ്ഞിരുന്നു. അവളിപ്പോള്‍ വളരെ ആത്മവിശ്വാസമുള്ളവളെന്ന് സ്വയം തെളിയിച്ചു കഴിഞ്ഞ ഒരു നേതാവായി മാറിയിരിക്കുന്നു! ഒപ്പം ഒറ്റയ്ക്കു ജീവിക്കുന്ന, വികലാംഗരോട് പ്രത്യേക മമതയുമുണ്ട്. 'കമ്മിറ്റ്മെന്‍റി' ന്‍റെ ഭാഗമായി നിന്നുകൊണ്ട് ആദ്യകാലങ്ങളില്‍ സംഘടനകള്‍ രൂപീകരിക്കുകയും പിന്നീട് ഒരു സ്റ്റേറ്റ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥയായി മാറിയപ്പോഴും ആ ദൗത്യം തുടരുകയും ചെയ്യുന്നു. ഇപ്പോള്‍ അവര്‍ സോഷ്യല്‍വര്‍ക്കില്‍ മാസ്റ്റേഴ്സിനു പഠിക്കുകയാണ്; ഒപ്പം കംപ്യൂട്ടര്‍ പരിശീലനവും. വിവാഹം കഴിച്ചിട്ടില്ല. കാരണം തന്‍റെ ജീവിതം മുഴുമിപ്പിക്കാന്‍ ഒരു പുരുഷന്‍റെ സഹായം ആവശ്യമില്ലെന്ന് അവള്‍ കരുതുന്നു. തന്‍റെ സഹായം ആവശ്യമുള്ള വൈകല്യമുള്ള ഒരുപാടു കുഞ്ഞുങ്ങളെ സ്വന്തം മക്കളായി സ്വീകരിച്ചിട്ടുമുണ്ട്.

തന്‍റെ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് മൊഗളമ്മായാണ്. ഇളയ സഹോദരനെ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പഠനത്തിന് സഹായിക്കുന്നു. മറ്റൊരു സഹോദരന്‍ ഒരു പ്രാദേശിക സംഘട്ടനത്തില്‍ ദാരുണമായി കൊലചെയ്യപ്പെട്ടു. ഒരു സഹോദരിയുടെ ഭര്‍ത്താവ് രോഗംമൂലം മരണമടഞ്ഞു.

ആ വലിയ കൂട്ടുകുടുംബത്തിലെ പ്രധാന അന്നദാതാവായി മൊഗളമ്മ മാറുമെന്ന് അവളുടെ മാതാപിതാക്കള്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല.

You can share this post!

സൂക്ഷ്മത

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts