കുടുംബത്തിലും സമൂഹത്തിലും കുട്ടികള്‍ക്ക് അനേകം പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നുണ്ട്. അടുത്തകാലത്ത് മാധ്യമങ്ങളില്‍ നാം കണ്ട ചില ദൃശ്യങ്ങള്‍ ഏതൊരു 'മനുഷ്യന്‍റെയും' മനസ്സിനെ മഥിക്കുന്നതാണ്. കൊച്ചുകുഞ്ഞുങ്ങള്‍വരെ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഒരു സംസ്കാരത്തിന്‍റെ ആരോഗ്യം നാം നിര്‍ണയിക്കുക ദുര്‍ബലരോടുള്ള അതിന്‍റെ സമീപനത്തിന്‍റെ അടിസ്ഥാനത്തിലാണ്. ശ്രേണീബദ്ധമായ അധികാരഘടന നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ ദുര്‍ബലര്‍, അധികാരമില്ലാത്തവര്‍ മാറ്റിനിര്‍ത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ കുട്ടികളും പലപ്പോഴും ക്രൂരമായ ഉപദ്രവങ്ങള്‍ക്കു വിധേയരാകുന്നു. നാം ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് അഭികാമ്യമല്ലാത്ത ചില നിരീക്ഷണങ്ങള്‍ നടത്താന്‍ നാം പ്രേരിതരാകുന്നത് അതു കൊണ്ടാണ്.
കുട്ടിക്കാലമാണ് ഒരു വ്യക്തിയുടെ അടിസ്ഥാനം. സ്വത്വനിര്‍മിതിയില്‍ കുട്ടിക്കാലമെന്ന അടിസ്ഥാനശില നിര്‍ണായകമാണ്. ജീവിതത്തിന്‍റെ പ്രഭാതത്തില്‍ ലഭിച്ചതും ലഭിക്കാത്തതും കൂടിച്ചേര്‍ന്നാണ് ഒരു വ്യക്തിത്വം രൂപംകൊള്ളുന്നത്. അടിത്തറ ദുര്‍ബലമാകുന്നതിന്‍റെ ഫലമാണ് ഭൂരിഭാഗം വ്യക്തികളുടെയും ജീവിതത്തില്‍ നാം കാണുന്നത്. കുടുംബം, വിദ്യാലയം, സമൂഹം എന്നിവയെല്ലാം കുട്ടിയുടെ മാനസ്സികവും ശാരീരികവും ആത്മീയവുമായ വളര്‍ച്ചയ്ക്ക് പിന്‍ബലമേകേണ്ടവയാണ്. അതുപോലെതന്നെ ഈ സാമൂഹിക ഘടകങ്ങള്‍ക്ക് കുട്ടിയുടെ ജീവിതത്തെ ദോഷകരമായി സ്വാധീനിക്കാനും കഴിയുമെന്നോര്‍ക്കുക. നമ്മുടെ ചില കുടുംബങ്ങളിലെങ്കിലും കുട്ടികള്‍ അരക്ഷിതരാണ്. ചില സ്കൂളുകളിലും കാര്യങ്ങള്‍ സമാനമാണ്. ലോകത്തിന്‍റെ ഭാവി നിര്‍ണയിക്കേണ്ട ഒരു വലിയ വിഭാഗത്തെ നാം എപ്രകാരം പരിചരിക്കുന്നുവെന്നത് അഗാധമായ ചിന്തകള്‍ക്ക് വിധേയമാക്കേണ്ട വിഷയമാണ്.
ലോകസാഹചര്യത്തില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുകയും നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തത് വളരെ മുമ്പാണ്. മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ തുടര്‍ച്ചയായി 'കുട്ടികളുടെ അവകാശങ്ങള്‍' എഴുതിച്ചേര്‍ത്തത് സവിശേഷവിഭാഗമെന്ന നിലയില്‍ കുട്ടികള്‍ക്കു ലഭിച്ച പരിഗണനയാണ് സൂചിപ്പിക്കുന്നത്. കുട്ടികളുടെ പരിപൂര്‍ണ്ണ സുരക്ഷയും സമഗ്രവളര്‍ച്ചയും ലക്ഷ്യമാക്കുന്നതാണ് യു.എന്‍. പൊതുസഭയുടെ നിര്‍ദേശങ്ങള്‍. കുട്ടികള്‍ക്ക് 'അവകാശങ്ങ'ളുണ്ട് എന്നു നാം കരുതാറില്ല. അതുകൊണ്ടാണ് അവരുടെ വ്യക്തിത്വത്തിനുമേല്‍ നാം കടന്നുകയറ്റം നടത്തുന്നത്. കുട്ടികള്‍ക്കുമേല്‍ നമുക്കുള്ള അവകാശം ഉറപ്പിക്കുകമാത്രമല്ല നാം ചെയ്യുന്നത്. അവരുടെ അഭിരുചികള്‍ക്കുമേലും ഭാവിയുടെ കാര്യത്തിലുമെല്ലാം മുതിര്‍ന്നവര്‍ ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നത്. ആര്‍ക്കോവേണ്ടി പ്രോഗ്രാം ചെയ്ത ജീവിതമാണ് പല കുട്ടികളും നയിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ചിലത് നാം ചിന്താവിഷയമാക്കേണ്ടതു തന്നെയാണ്. കുട്ടി (Child) എന്നു വ്യവഹരിക്കപ്പെടുന്നത് പതിനെട്ടുവയസ്സിനു താഴെയുള്ളവരെയാണ്. കിടന്നു കൈകാലിട്ടടിക്കുന്ന കുഞ്ഞുങ്ങള്‍ക്കുപോലും രക്ഷയില്ലാത്ത സമൂഹത്തില്‍ 'കുട്ടികളെ' നാം ശരിയായവിധത്തില്‍ നിര്‍വചിക്കേണ്ടതുണ്ട്. ജാതിയോ മതമോ വര്‍ഗമോ ശേഷിയോ പരിഗണിക്കാതെ കുട്ടികളെ ഒരുപോലെ കാണാന്‍ നമുക്കു കഴിയണം. ഒരു കുട്ടിയും മോശമായി പരിചരിക്കപ്പെടരുത്. കുട്ടിയുടെ സമഗ്രവളര്‍ച്ച സമൂഹത്തിന്‍റെയും ഭരണകൂടത്തിന്‍റെയും ഉത്തരവാദിത്വമാണ്. കുട്ടികള്‍ക്കുവേണ്ടിയെടുക്കുന്ന നിലപാടുകളില്‍ അവരുടെ നന്മയായിരിക്കണം മുന്നില്‍ നില്‍ക്കേണ്ടത്. മുതിര്‍ന്നവര്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കുട്ടികളെ അവ എപ്രകാരമാണ് ബാധിക്കുകയെന്ന് ഓര്‍ക്കണം. രാജ്യത്തിന്‍റെ നയരൂപീകരണങ്ങളില്‍പോലും കുട്ടികള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണ്. കുട്ടികളുടെ അവകാശത്തെക്കുറിച്ച് നിരക്ഷരത പുലര്‍ത്തുന്ന നമ്മുടെ സമൂഹം ഈ ദര്‍ശനങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതുതന്നെയാണ്. നിയമങ്ങള്‍ക്കൊണ്ടുമാത്രം നേടിയെടുക്കാവുന്നതല്ല ഇത്. സാംസ്കാരികവളര്‍ച്ചയുടെ പ്രശ്നംകൂടി ഉള്ളടങ്ങിയിരിക്കുന്ന പ്രശ്നമാണിത്.
'കുടുംബം കുട്ടികളുടെ അവകാശമാണ്' എന്നു പറയാറുണ്ടല്ലോ. എന്നാല്‍ കുടുംബത്തിനുള്ളിലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു. കുട്ടിയുടെ വ്യക്തിത്വത്തിന്‍റെ ദിശ രൂപപ്പെടുത്തുന്നതില്‍ കുടുംബത്തിന് വലിയ ഉത്തരവാദിത്വമാണുള്ളത്. അധികാര വ്യവസ്ഥയെന്ന നിലയില്‍ നിലനില്‍ക്കുന്ന പല കുടുംബങ്ങളും കുട്ടികളുടെ വ്യക്തിത്വം പരിഗണിക്കാത്തവയാണ്. മദ്യപാനവും മറ്റു ദുര്‍വൃത്തികളും കുട്ടികളുടെ ജീവിതം കൂടുതല്‍ അരക്ഷിതമാക്കുന്നു. വികലബുദ്ധികളും അപഥസഞ്ചാരികളുമായ വ്യക്തികളെ സൃഷ്ടിക്കുന്ന രീതിയില്‍ രൂപംമാറിയ കുടുംബങ്ങള്‍ മൂല്യപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. അഭിമാനബോധത്തോടെ ജീവിക്കാനുള്ള കുട്ടികളുടെ അവകാശം ഹനിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. കുടുംബകലഹങ്ങളും വേര്‍പിരിയലുകളും കുട്ടികളില്‍ വലിയ അരക്ഷിതാവസ്ഥകളാണ് സൃഷ്ടിക്കുന്നത്. കുട്ടികളായ കുറ്റവാളികളുടെ കുടുംബങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ തെളിയിക്കുന്നതാണ് ഈ സത്യം. ആഗോളീകൃത കാലാവസ്ഥയില്‍ നമ്മുടെ കുടുംബഘടനയും മാറിയിരിക്കുന്നു. ഉപഭോഗം മുഖ്യലക്ഷ്യമാക്കിയ വ്യക്തികള്‍ മൂല്യപരമായ പ്രതിസന്ധി അഭിമുഖീകരിക്കുന്നു. ശിഥിലസ്വത്വങ്ങള്‍ കുട്ടികളുടെ സ്വത്വവും വികലവും ശിഥിലവുമാക്കുന്നു. ശൈഥില്യങ്ങളുടെ ഒരു പരമ്പരയാണ് നമ്മെ അഭിമുഖീകരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കാണാതിരിക്കാനാവില്ല.
നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ക്ക് പലപ്പോഴും ശബ്ദമില്ല. അവരുടെ അവകാശങ്ങള്‍ ആരും ഗൗരവമായി പരിഗണിക്കാറില്ല. അവരെ നിസ്സാരരായിക്കാണുകയാണ് നമ്മുടെ ശീലം. ഒരു കാര്യത്തിലും നാം അവരുടെ അഭിപ്രായം ആരായാറില്ല. അവരുടെ വ്യക്തിത്വം പലപ്പോഴും ചവിട്ടിമെതിക്കപ്പെടുന്നു. ഒരു മഹാവൃക്ഷമായിത്തീരേണ്ട വിത്ത് ഓരോ കുട്ടിയിലുമുണ്ടെന്ന് നാം ഗണിക്കുന്നില്ല. ആ വിത്തിന് വളരാനനുകൂലമായ ഭൗതികവും മാനസ്സികവും ആത്മീയവുമായ പശ്ചാത്തലമൊരുക്കി കൊടുക്കുവാനാണ് മുതിര്‍ന്നവര്‍ ശ്രമിക്കേണ്ടത്. കുട്ടികള്‍ക്കുള്ള ഭാവി നാം വരച്ചുണ്ടാക്കുന്നതുകൊണ്ടാണ് സഹജവാസനകള്‍ ഞെരിഞ്ഞമര്‍ന്ന് സ്വത്വപ്രതിസന്ധിയിലേക്കു കുട്ടികള്‍ നിപതിക്കുന്നത്. കുട്ടിക്ക് സ്വന്തം വ്യക്തിത്വം സംരക്ഷിക്കുന്നതിനുള്ള അവകാശമുണ്ട്. മുതിര്‍ന്നവരുടെ സ്വകാര്യസ്വത്തല്ല കുട്ടികള്‍. ചിലപ്പോഴെല്ലാം അടിമകളുടെ നിലയാണവര്‍ക്കുള്ളത്. എല്ലാം തീരുമാനിക്കുന്നത് മുതിര്‍ന്നവരാണ്. അവര്‍ക്കുവേണ്ടി ജീവിക്കുകയാണ് കുട്ടികളുടെ വിധി. അങ്ങനെ പലപ്പോഴും കുട്ടികള്‍ക്ക് സ്വന്തം ജീവിതം നഷ്ടപ്പെടുന്നു. സ്വന്തം അഭിരുചികളും വാസനകളും വികസിപ്പിക്കാനും സ്വതന്ത്രമായ ആകാശം സൃഷ്ടിക്കാനും കുട്ടികള്‍ക്കു കഴിയാത്തതിന് കാരണം ഈ ഉടമസ്ഥതാ ചിന്തയാണ്. സ്വാതന്ത്ര്യമുള്ളിടത്തേ വളര്‍ച്ചയും വികാസവും സ്വാഭാവികമാകൂ. ഈ സ്വാതന്ത്ര്യമാണ് കുട്ടികള്‍ക്ക് മിക്കപ്പോഴും നഷ്ടപ്പെടുന്നത്. "ലോകത്തില്‍ ഒരു കുട്ടിയെങ്കിലും ദുഃഖിതനായിരിക്കുന്ന കാലത്തോളം യാതൊരു കണ്ടുപിടിത്തവും മഹത്തല്ല, യാതൊരു പുരോഗതിയും പ്രാധാന്യമര്‍ഹിക്കുന്നുമില്ല" എന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രസ്താവിച്ചത് ഓര്‍ക്കുന്നത് നന്ന്.
'ദിവാസ്വപ്നം' എന്ന ഗ്രന്ഥത്തിലൂടെ ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന്‍റെ വഴികള്‍ തുറന്നിട്ട ഗിജുഭായ് ബധേകയുടെ 'കുട്ടികളെ അറിയുക' എന്ന ചെറിയ പുസ്തകം ശ്രേഷ്ഠമായ ചിന്തകളാണ് അവതരിപ്പിക്കുന്നത്.
'നിങ്ങളുടെ ശോകം വിസ്മരിപ്പിക്കുന്നതാര്?
ക്ഷീണം ദൂരീകരിക്കുന്നതാര്?
വന്ധ്യതയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നതാര്?
സന്തോഷത്തിന്‍റെ മന്ദ്രമധുരനാദത്തിലൂടെ
നിങ്ങളുടെ ഗൃഹാന്തരീക്ഷം മുഖരിതമാക്കുന്നതാര്?
നിങ്ങളുടെ സന്തോഷത്തിന് സ്ഥായിഭാവം നല്‍കി
നിലനിര്‍ത്തുന്നതാര്?
ശിശുക്കള്‍, ശിശുക്കള്‍, ശിശുക്കള്‍
ഈശ്വരസാക്ഷാത്കാരത്തിന് "ശിശുവിനെ ആരാധിക്കൂ!" എന്നാണ് അദ്ദേഹം കുറിക്കുന്നത്. ശിശുപക്ഷത്തുനിന്നാണ് ബധേക ജീവിതത്തെ കാണുന്നത്. അദ്ദേഹം തുടരുന്നു: "കുഞ്ഞുങ്ങളുടെ പുഞ്ചിരി ജീവിതത്തിന്‍റെ പ്രസന്നതയാണ്. കരച്ചില്‍ ജീവിതത്തിന്‍റെ വ്യാകുലതയും. അവരുടെ ഫലിതം പൂമൊട്ടുകളെ വികസിപ്പിക്കും. ദുഃഖം പുഷ്പങ്ങള്‍ വാടിക്കരിയാനും കാരണമാക്കും. കുട്ടികളുടെ ആഹ്ലാദത്തിന്‍റെ കുഴലൂത്തുകള്‍ക്കു പകരം നമ്മുടെ വീടുകളില്‍ അവരുടെ രോദനത്തിന്‍റെ രണഭേരി മുഴങ്ങാന്‍ എന്തേ കാരണം? ഇതേക്കുറിച്ച് നാം ചിന്തിക്കുമോ?" എന്ന ചോദ്യം നമ്മില്‍ മുഴങ്ങിനില്‍ക്കട്ടെ.
ഭൂമിയിലെ സ്വര്‍ഗത്തെക്കുറിച്ച് ഗിജുഭായ് ബധേക എഴുതുന്നു: "ബാലന്മാര്‍ക്ക് വീടുകളില്‍ ഉചിതമായ സ്ഥാനം കൊടുക്കാന്‍ നാം തയ്യാറായാല്‍ ഈ ഭൂമിതന്നെ നമുക്ക് സ്വര്‍ഗ്ഗമാക്കി മാറ്റാം. കുഞ്ഞിന്‍റെ സുഖമാണ് സ്വര്‍ഗ്ഗം. കുഞ്ഞിന്‍റെ ആരോഗ്യമാണ് സ്വര്‍ഗ്ഗം. കുഞ്ഞിന്‍റെ സന്തോഷമാണ് സ്വര്‍ഗ്ഗം. കുഞ്ഞിന്‍റെ നിര്‍ദ്ദോഷമായ ആനന്ദലഹരിയാണ് സ്വര്‍ഗ്ഗം. കുഞ്ഞിന്‍റെ ഗാനങ്ങളും മൂളിപ്പാട്ടുകളുമാണ് സ്വര്‍ഗ്ഗം." കുഞ്ഞിന്‍റെ കണ്ണുനീര്‍ നരകത്തിലേക്കുള്ള പാത തുറക്കുന്നുവെന്നോര്‍ക്കുക.