ലോകബാങ്കില്‍ ജോലിയുണ്ടായിരുന്ന ഒരു ചെന്നൈക്കാരന്‍ സാമ്പത്തിക വിദഗ്ദ്ധന്‍ 1980 കളുടെ മധ്യത്തില്‍ പറഞ്ഞ രസകരമായ ഒരു സംഭവം ഇന്നും ഓര്‍മ്മയിലുണ്ട്. പ്രകടനപരതയില്‍ വൈദഗ്ദ്ധ്യം നേടിയിരുന്ന മഹാറിഷി മഹേഷ് യോഗിയുടെ ഒരു വിചിത്രമായ നിര്‍ദ്ദേശം ആയിടെ കൂടിയ ലോകബാങ്ക് ബോര്‍ഡംഗങ്ങളുടെ ചര്‍ച്ചക്കു പരിഗണിക്കപ്പെട്ടുവത്രേ. നിര്‍ദ്ദേശമിതായിരുന്നു: യുദ്ധകലുഷിതമായ പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കാനുതകുന്ന ഒരു പദ്ധതി തന്‍റെ കൈയിലുണ്ട്. അതിനാകെ വരുന്ന ചെലവ് വെറും 50 കോടി ഡോളര്‍ മാത്രം.
അതീന്ദ്രിയ ധ്യാനത്തിനു പുകള്‍പെറ്റവനായിരുന്നല്ലോ മഹേഷ് യോഗി. ധ്യാനത്തിലൂടെ ഭാരക്കുറവുണ്ടാകുമെന്നും അങ്ങനെ ഒരാള്‍ക്ക് അന്തരീക്ഷത്തില്‍ പൊങ്ങി നടക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇങ്ങനെ വായുവില്‍ ഉയരുന്ന വ്യക്തികള്‍ ഒരു പ്രത്യേക അളവ് 'ശാന്തി തരംഗങ്ങള്‍' പുറപ്പെടുവിക്കുമത്രേ. (അതിനെയാണ് 'മഹാറിഷി പ്രതിഭാസം' എന്നദ്ദേഹം പേരിട്ടു വിളിച്ചത്.) ഈ തരംഗങ്ങള്‍ ചുറ്റുവട്ടങ്ങളിലേക്കു പ്രസരിച്ച്, ശാന്തി ചിന്തകള്‍കൊണ്ട് അവിടെ താമസിക്കുന്നവരെ നിറയ്ക്കുമത്രേ. അങ്ങനെ പശ്ചിമേഷ്യക്കുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം ഒരേ സമയം ലളിതവും കല്പനാവൈഭവം നിറഞ്ഞതുമായിരുന്നു. തന്‍റെ ശിഷ്യഗണത്തില്‍പ്പെടുന്ന 'പറക്കാന്‍' കഴിവുള്ള 2,50,000 യോഗികളെ പാലസ്തീന്‍, സിറിയ, ജോര്‍ദാന്‍, ഇസ്രായേല്‍, ലെബനോന്‍ തുടങ്ങിയ ഇടങ്ങളിലെത്തിക്കുക. ഒരു പ്രത്യേക സമയത്ത് അടയാളം കൊടുത്ത് ഇവരെയെല്ലാം ഒരുമിച്ച് വായുവില്‍ ഉയര്‍ത്തുക. തുടര്‍ന്ന് അലയടിക്കുന്ന ശക്തമായ ശാന്തിതരംഗങ്ങള്‍ ആ പ്രദേശങ്ങളെ മുഴുവന്‍ മൂടുന്നു. തുടര്‍ന്ന് യുദ്ധം ചെയ്യുന്ന രാഷ്ട്രങ്ങളുടെ ഹൃദയങ്ങള്‍ പരസ്പരം തോന്നുന്ന സഹാനുഭൂതിയാല്‍ ഉരുകിയൊലിക്കുന്നു. അങ്ങനെ സ്നേഹത്തില്‍ പരസ്പരം കെട്ടിപ്പുണരുകയല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ക്കില്ലാതെ വരുന്നു. പക്ഷേ ബോര്‍ഡുമീറ്റിങ്ങില്‍ പങ്കെടുത്തവര്‍ക്ക് വല്ല വിവരവുമുണ്ടോ! അതുകൊണ്ട് ഈ മഹത്തായ ആശയത്തെ അവര്‍ വെറുതെ തള്ളിക്കളഞ്ഞു! അങ്ങനെ സമാധാനത്തിന് ഒരവസരം കൂടി ആ പ്രദേശത്തിനു നഷ്ടമായിപോലും.
ഈ സംഭവം ഓര്‍ക്കാനിടയായത് അടുത്തയിടെ കേട്ട ചെടിപ്പിക്കുന്ന കുറെ കാര്യങ്ങള്‍ നിമിത്തമാണ്. എന്തുവിലകൊടുത്തും കാഷ്മീരില്‍ സമാധാനം സ്ഥാപിക്കണമെന്നു നിര്‍ബന്ധബുദ്ധിയുണ്ടെന്നു തോന്നിക്കുന്ന സംഗീതജ്ഞന്‍ സുബിന്‍മേത്തയും മുഖ്യമന്ത്രി ഒമാര്‍ അബ്ദുല്ലയും ടി. വി. അവതാരകരും പത്രമാധ്യമങ്ങളും ഗളുഗളു ശബ്ദത്തോടെ 'സമാധാന സന്ദേശം' നല്കിക്കൊണ്ടേയിരിക്കുകയായിരുന്നല്ലോ. സോദ്ദേശ്യം നേടിയെടുക്കാനുള്ള ഇവരുടെ ഈ ആവേശം കണ്ടപ്പോള്‍ ഓര്‍ത്തുപോയത് സാംസ്കാരിക അക്രമത്തിനു നേര്‍ക്ക് ആല്‍ബര്‍ട്ട് കമ്യു തൊടുത്ത രൂക്ഷവിമര്‍ശനമാണ്: "കൊലയുടെ അരങ്ങേറ്റത്തിനുമുമ്പുള്ള അവശ്യസംഗീതം." ഒറ്റരാത്രികൊണ്ട് എന്തോ മാന്ത്രിക സൂത്രവാക്യം കാഷ്മീരിനുവേണ്ടി കണ്ടെത്തിയെന്നും എങ്ങനെയും അതു അവതരിപ്പിക്കപ്പെടണമെന്നുമുള്ള തോന്നലാണ് അവരുളവാക്കിയത്. സുബിന്‍ മേത്ത പറഞ്ഞത് ഇതാണ്: "ലോകമെമ്പാടുമുള്ളവരില്‍ സമാധാനം കൊണ്ടുവരാനുള്ള സംഗീതത്തിന്‍റെ സിദ്ധിയെ കുറച്ചുകാണരുത്." കെടുതികളുടെ നടുവില്‍ താന്‍ കച്ചേരി നടത്തിയപ്പോള്‍ "സരയാവോയിലെ പട്ടാളക്കാര്‍ക്കുപോലും വലിയ സമാധാനം ലഭിച്ചു"വെന്ന് അതിനു തെളിവായി അദ്ദേഹം പറയുകയും ചെയ്തു.
ആര്‍ക്കാണ് ഈ അവകാശവാദത്തിന്മേല്‍ തര്‍ക്കമുന്നയിക്കാനാകുക? കച്ചേരിയുടെ കാര്യം പോട്ടെ, പാഞ്ഞുപോകുന്ന ലോറിയുടെ ഹോണ്‍ പോലും നമ്മില്‍ 'ശാന്തി ചിന്തകള്‍' നിറയ്ക്കാറില്ലേ? വെടിപൊട്ടിച്ചാല്‍പോലും കേള്‍ക്കാത്തവനും സമ്മതിക്കും, നല്ലൊരു സംഗീതം കേട്ടാല്‍ ദുര്‍ബലമായ ഞരമ്പുകള്‍ ഉഷാറാകുമെന്ന്. പക്ഷേ എന്‍റെ സംശയം മറ്റൊന്നാണ്: ഏതു സംഗീതജ്ഞനാണ് സമാധാനം സ്ഥാപിക്കുകയെന്നത് തന്‍റെ പ്രഥമ പരിപാടിയായി കൊണ്ടുനടക്കുന്നത്?
മിക്ക സംഗീതജ്ഞര്‍ക്കും അവരുടെ കേള്‍വിക്കാര്‍ക്കും സംഗീതസപര്യയെന്നത്, സംഗീതത്തിന്‍റെ അഗാധതലങ്ങളെത്തേടിയുള്ള കഠിനവും സത്യസന്ധവുമായ പരിശ്രമമാണ്. തന്‍നിമിത്തമാണ് ദൈനംദിനജീവിതത്തിന്‍റെ പൊള്ളത്തരങ്ങളുടെയും നിസ്സാരതയുടെയും സംഘര്‍ഷങ്ങളുടെയും മുമ്പില്‍ അവര്‍ക്ക് വ്യക്തമായ നിര്‍മമതയോടെ നില്ക്കാനാകുന്നത്. എന്നാല്‍ സംഗീതം ഉപയോഗിച്ച് എല്ലായിടത്തും സമാധാനം ഉത്പാദിപ്പിക്കാമെന്ന അവകാശവാദം, പറക്കുന്ന നര്‍ത്തകരെ ഉപയോഗിച്ച് സമാധാനം സ്ഥാപിക്കാമെന്ന മഹേഷ് യോഗിയുടെ നിര്‍ദ്ദേശംപോലെ ശുദ്ധമണ്ടത്തരമാണ്. സുബിന്‍മേത്തയുടെ കച്ചേരിസംഘടിപ്പിക്കാന്‍ ആകെ എട്ടരകോടി രൂപയേ ചെലവായുള്ളൂ. അത്രയും ആയാസരഹിതമായി, ദീര്‍ഘനാളായി നടക്കുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനായിരുന്നെങ്കില്‍, ആഗോള ആയുധ കച്ചവട ഭീമന്മാര്‍ ഈ സംഗീതജ്ഞരെയെല്ലാം വിഷപ്പുകകൊടുത്ത് കൊന്നുകളഞ്ഞേനെ. ഇത്തരത്തിലുള്ള വികാരജീവികള്‍ എഡ്വേര്‍ഡ് സെയ്ദ് നല്കുന്ന മറുപടി ഒന്നു പഠിച്ചാല്‍ കൊള്ളാമായിരുന്നു: സംഗീതനിര്‍മ്മാണം ഒരു രാഷ്ട്രീയ പ്രക്രിയയാണ്. ഭരണകൂടത്തിന്‍റെ പ്രത്യയശാസ്ത്രവും അതിന്‍റെ അധികാരഘടനയും അതിനെ നിയന്ത്രിക്കുന്നു. ഭരണകൂടത്തിനെതിരേ പോകുകയെന്നുവരികില്‍ നിശ്ചയമായും അത് അടിച്ചമര്‍ത്തലിനു വിധേയമാകും.
ഇനി പറയുന്ന കാര്യം നിങ്ങളുടെ പരിഗണനക്കു വെറുതെയൊന്നു വിടുക: ചെന്നൈയില്‍ എല്ലാവര്‍ഷവും ഡിസംബര്‍-ജനുവരിയില്‍ മൂവായിരത്തോളം സംഗീതകച്ചേരികള്‍ നടത്തപ്പെടാറുണ്ട്. നാല്പതു ദിവസം നീണ്ടുനില്ക്കും ഈ സംഗീതസീസണ്‍. എന്നാലും അക്രമിസംഘങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ക്കോ, കൊലപാതകങ്ങള്‍ക്കോ, ജാതി സംഘര്‍ഷങ്ങള്‍ക്കോ അവിടെ എന്തെങ്കിലും കുറവുവന്നതായി ഇതുവരെ ഒരു റിപ്പോര്‍ട്ടും വായിച്ചിട്ടില്ല. ഡല്‍ഹിയിലെ കമല നെഹ്റു പാര്‍ക്കില്‍ പതിവായി ദിവ്യസംഗീതത്തിന്‍റെ ആലാപനം അരങ്ങേറാറുണ്ട്. കൂട്ടബലാത്സംഗങ്ങളും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും മുറപോലെ അവിടെയും നടക്കുന്നുണ്ട്, കൂട്ടത്തില്‍ പാര്‍ലമെന്‍റിനകത്തെ അടിപിടികളും. കൊല്‍ക്കൊത്തയിലെ സവര്‍ലെയ്നിലെ സംഗീതമഹാമഹത്തിന് തൃണമൂല്‍- ഇടതു പാര്‍ട്ടിയംഗങ്ങള്‍ പരസ്പരം കഴുത്തു ഞെരിക്കുന്നതിനു പരിഹാരം കാണാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. എന്തിനു പറയുന്നു, ഇത്രയേറെ വര്‍ഷങ്ങളായി ഇസ്രായേലിന്‍റെ തലസ്ഥാനത്ത് സംഗീതസദ്യ ഒരുക്കിയിട്ടും സുബിന്‍മേത്തക്ക് ഇസ്രായേലിന്‍റെ വംശവെറിയില്‍ ഇളവുവരുത്താനായില്ലല്ലോ.
ഭാരംനിറഞ്ഞ മനസ്സോടെ ഈ പ്രസിദ്ധനായ സംഗീതജ്ഞനോടു പറയട്ടെ, താങ്കളുടെ കച്ചേരി, റോം കത്തിയെരിഞ്ഞപ്പോള്‍ നീറോ വീണ വായിച്ചതിനു സമാനമായിരുന്നു. തീര്‍ച്ചയായും ഒരു കാര്യം അംഗീകരിക്കുന്നു, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇന്ത്യന്‍ ഭരണകൂടം കാഷ്മീരില്‍ ചെയ്യുന്നതെന്തെന്ന് അദ്ദേഹത്തിന് അറിവുണ്ടാകില്ല. കാഷ്മീര്‍ താഴ്വരയിലെമ്പാടും ഇന്ത്യന്‍ പട്ടാളം ക്യാമ്പു ചെയ്യുകയാണ്. ഓരോ ക്യാമ്പിനോടനുബന്ധിച്ചും ഇഷ്ടംപോലെ ഭൂമിയുമുണ്ട്. അങ്ങനെ അവിടെ ഏറ്റവും കൂടുതല്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് പട്ടാളമാണ്. ഏകദേശം 70,000 ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നു. പതിനായിരത്തോളം കാണാതായിരിക്കുന്നു. ലക്ഷക്കണക്കിനു പണ്ഡിറ്റുകള്‍ തങ്ങളുടെ ഭൂമിയില്‍നിന്നു നിഷ്കാസിതരായിരിക്കുന്നു. സംഗീതാലാപനത്തിന്‍റെ ഉയര്‍ച്ചതാഴ്ചകളെ നിയന്ത്രിക്കുന്ന ബാറ്റണ്‍ ഒന്നു വീശിയാല്‍ ഈ പ്രശ്നങ്ങളൊക്കെ മാറി സമാധാനം സംജാതമാകുമെന്നു കരുതുന്നതിലും വലിയ വിഡ്ഢിത്തമുണ്ടോ? കച്ചേരി നടത്തുന്നതിനുമുമ്പുള്ള രണ്ടാഴ്ച ഷാലിമാര്‍ ഗാര്‍ഡന്‍സിലുള്ള ആളുകള്‍ അനുഭവിച്ചത് കൂടുതല്‍ അസമാധാനമാണ്. അവിടെയുള്ള വീടുകളും ടെറസ്സുകളും സുരക്ഷാസൈന്യം കൈയടക്കി. പിന്നെ താമസക്കാരെയെല്ലാം ഏതു സമയത്തും ശരീര പരിശോധനയ്ക്കും വിധേയമാക്കി: അവരുടെ ഇടങ്ങളിലെല്ലാം പോലീസ് നിരകള്‍ നിലയുറപ്പിച്ചു.
വയലിനും ബസൂസും റബാബും ഒക്കെ ഉപയോഗിച്ചുള്ള കച്ചേരി പുരോഗമിച്ചുകൊണ്ടിരിക്കെത്തന്നെ, തൊട്ടടുത്തുള്ള ഷോപ്പിയാനില്‍ നാല് ആണ്‍കുട്ടികള്‍ സി. ആര്‍. പി. എഫിന്‍റെ വെടിയുണ്ടകള്‍ക്കിരയായി. ആ വെടിയൊച്ചകള്‍ കച്ചേരിയുടെ സ്വരലയതാളത്തില്‍ ഇഴചേര്‍ന്നു പോയിട്ടുണ്ടാകാം. ഇപ്പോഴും ഷോപ്പിയാനില്‍ കര്‍ഫ്യൂ തുടരുകയാണ്. ആ കുട്ടികള്‍ തദ്ദേശവാസികള്‍ തന്നെയായിരുന്നെന്ന് പിന്നീട് തിരിച്ചറിഞ്ഞു. "കുഞ്ഞുങ്ങളുടെ ചോര റോട്ടിലൂടെയൊഴുകി, ഒട്ടും ഒച്ചയില്ലാതെ, കുഞ്ഞുങ്ങളുടെ ചോരപോലെ"യെന്നു പാബ്ലോ നെരൂദ. ഇന്ത്യന്‍ മാധ്യമരംഗത്തെ അതികായനായ ഒരു എഡിറ്ററുടെ അഭിപ്രായത്തില്‍, ഇത്തരം സംഭവങ്ങള്‍ കൊണ്ടുണ്ടായ പ്രശ്നം, ഒരു നീണ്ട ദിവസത്തെ ഹര്‍ത്താലിനുശേഷം ഒന്നു സന്തോഷിക്കാന്‍ വേണ്ടി ബാറുകളും നിശാക്ലബ്ബുകളും കാഷ്മീരികളെക്കൊണ്ടു തുറന്നുവെയ്പ്പിക്കാന്‍ സൈന്യത്തിനായില്ല എന്നതുമാത്രമാണ്. ഹര്‍ത്താലും സൈന്യം അടിച്ചേല്പിക്കുന്ന കര്‍ഫ്യൂവും തമ്മിലുള്ള വ്യത്യാസം എന്തെന്നറിയാന്‍ മാത്രം സമയം അദ്ദേഹം അവിടെ തീര്‍ച്ചയായും ചെലവിട്ടിട്ടുണ്ടാകില്ല.
സുബിന്‍മേത്ത ഏതായാലും മഹാത്മാഗാന്ധിയെപ്പോലൊരു സമാധാനത്തിന്‍റെ അപ്പസ്തോലനല്ല. കാഷ്മീരിന്‍റെ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ കാഷ്മീരികള്‍ തന്നെയെന്ന് വല്ലാത്തൊരു ആക്രമണോത്സുകതയോടെയാണ് അദ്ദേഹം വാദിച്ചത്: "കാഷ്മീരിനെ പട്ടാളക്യാമ്പാക്കിയെന്ന് അലമുറയിടുന്നവര്‍ തന്നെയാണ് കാഷ്മീരിനെ അങ്ങനെയാക്കിത്തീര്‍ത്തത്." താന്‍ കച്ചേരി നടത്തുന്നയിടം മുഴുവനും പട്ടാളം വളഞ്ഞ് സുരക്ഷാ കവചമൊരുക്കിയിരിക്കുകയാണെന്ന് അദ്ദേഹത്തിനു അറിവു കിട്ടിയിട്ടുണ്ടാകില്ല. ഏറ്റവും ദുഃഖകരമായി തോന്നിയത് സംഗീതത്തെ പ്രചാരണ തന്ത്രമായി അധഃപതിപ്പിച്ചതാണ്. കലയുടെ മറപിടിച്ച് അവതരിപ്പിക്കപ്പെടുന്ന വിവാദകാര്യങ്ങള്‍ക്ക് സ്വന്തം പൊള്ളത്തരം മറച്ചുപിടിക്കാനാകില്ല. അമിത വൈകാരികതയുടെ പ്രകടനവും സമാധാനത്തിന്‍റെ അതീവകാംക്ഷയും കേള്‍വിക്കാരില്‍ അവിശ്വാസമേ ജനിപ്പിക്കൂ. സംഘര്‍ഷഭൂമിയിലെ യഥാര്‍ത്ഥകലയെന്നത് എതിര്‍പ്പിന്‍റെ ചിഹ്നമാണ്, അല്ലാതെ അടിച്ചമര്‍ത്തിലിന് അരു നില്ക്കുന്നതല്ല. കാഷ്മീരി കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും സുബിന്‍മേത്തയുടെ അടുത്തെത്താനും താന്‍ ഒരുക്കുന്ന സംഗീതവിരുന്ന് അവിടുത്തെ വേട്ടയാടപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടിയാണെന്ന് ഒരു പ്രസ്താവനയിറക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കാനുമായിരുന്നെങ്കില്‍ എന്നു നാം ആശിച്ചു പോകുന്നു. നോബല്‍ സമ്മാനം വാങ്ങിച്ചുകൊണ്ട് ആരുടെ മുമ്പിലും തലകുനിക്കാതിരുന്ന സി.വി. രാമന്‍ അത്തരത്തിലുള്ള ഒന്നാണു പറഞ്ഞത്: അടിച്ചമര്‍ത്തപ്പെടുന്ന എന്‍റെ നാട്ടുകാര്‍ക്കുവേണ്ടി ഞാന്‍ ഈ പുരസ്കാരം വാങ്ങുന്നു."