ഈ പ്രപഞ്ചത്തില്‍ ദൈവമുണ്ടോ എന്ന ചോദ്യത്തിന് കീര്‍ക്കേഗാര്‍ഡിന്‍റെ മറുപടി 'ഇല്ല' എന്നുതന്നെയാണ്. ദൈവം ഇല്ലാതായ പ്രപഞ്ചത്തിന്‍റെ ശൂന്യതയുടെ നടുവിലാണ് കീര്‍ക്കേഗാര്‍ഡിന്‍റെ ദൈവാന്വേഷണം ആരംഭിക്കുന്നത്. പ്രപഞ്ചത്തെ സൃഷ്ടിച്ചിട്ട് അതിനെ അതിന്‍റെ, നിയമങ്ങള്‍ക്കും പുരോയാനത്തിനും പരിണാമത്തിനും വിട്ടിട്ട് ദൈവം സ്വയം നിഷ്കാസിതനായി എന്ന് കീര്‍ക്കേഗാര്‍ഡ് മനസ്സിലാക്കുന്നു. ഫ്രഞ്ച് ചിന്തകയായ സിമോണ്‍ വെയില്‍ (Simone Weil) ഇതിനെ വിളിച്ചത് 'സ്ഥാനത്യാഗം' (abdication) എന്നാണ്. പ്രപഞ്ചത്തെ അതിന്‍റെ നിയമങ്ങള്‍ക്കും മനുഷ്യനും കൊടുത്തിട്ട് പിന്നിലേയ്ക്ക് പിന്‍വാങ്ങിപ്പോയ ദൈവത്തിന്‍റെ മഹത്തായ ത്യാഗം. അങ്ങനെ സ്വയം പിന്‍വാങ്ങിയ ദൈവത്തിന് പിന്നീട് ഈ പ്രപഞ്ചത്തിലേക്ക് കടക്കണമെങ്കില്‍ മനുഷ്യനോട് യാചിക്കേണ്ടിവരും. അതുകൊണ്ടാണ് അവന്‍ ഒരു സ്ത്രീയുടെ ഗര്‍ഭഗൃഹത്തില്‍ വന്നു മുട്ടി അനുമതി ചോദിച്ചത്.
ഈ പ്രപഞ്ചത്തിന്‍റെ പുറത്തെവിടെയോ ശൂന്യതയുംപേറി നില്‍ക്കുന്ന ദൈവത്തോട് നമുക്കെങ്ങനെ സംസാരിക്കാനാവും? എങ്ങനെ ദര്‍ശിക്കാനാവും? കീര്‍ക്കേഗാര്‍ഡിന്‍റെ ഉത്തരം ആന്തരികതയിലൂടെ എന്നാണ്. മനുഷ്യന്‍റെ ആന്തരികതയിലൂടെ മാത്രമേ അവനു ദൈവത്തിലെത്തിച്ചേരാനാവൂ. മനുഷ്യന് അവന്‍റെ ആന്തരികതയിലേയ്ക്ക് യാത്ര ചെയ്യേണ്ടിയിരിക്കുന്നു. യാതൊരു വഴിയും കാണിക്കാനില്ലാത്ത ഒരിക്കലും തിരിച്ചുവരാനാവാത്ത ഒരു യാത്രയ്ക്ക് മനുഷ്യന്‍ തയ്യാറെടുക്കേണ്ടിയിരിക്കുന്നു.
എന്താണ് ഈ ആന്തരികത? അത് അഗാധമായ ഒരു ഗര്‍ത്തമാണ്. വിശ്വാസം ഒരു അന്ധകാരത്തിലേയ്ക്കുള്ള കുതിച്ചുചാട്ടമാണെന്ന് കീര്‍ക്കേഗാര്‍ഡ് പറയുമ്പോള്‍ അതു പുറത്തുള്ള ഒരു അന്ധകാരമല്ല. പ്രത്യുത മനുഷ്യന്‍ കൊണ്ടുനടക്കുന്ന അഗാധവും അനാദിയായ ശബ്ദങ്ങളുടെ മാറ്റൊലികള്‍ നിറഞ്ഞതുമായ സ്വന്തം ആന്തരികതയിലേക്കുള്ള ഒരു കുതിച്ചുചാട്ടമാണത്. ആന്തരികത പ്രപഞ്ചത്തിനു പുറത്തേയ്ക്കൊഴുകുന്ന ഒരു നദിയാണ്. അതില്‍ നിര്‍ബാധം പ്രവഹിക്കുന്ന സമസ്യകളും അതില്‍ നമ്മുടെ പിതാക്കന്മാരുടെ വിലാപങ്ങളും ആക്രോശങ്ങളും നിറഞ്ഞുനില്‍ക്കുന്നു. അതില്‍ മനുഷ്യന്‍ പോരാടിയ യുദ്ധങ്ങളുടെ ആര്‍പ്പുവിളികളും ശരങ്ങളുമേറ്റു പിളര്‍ന്നുപോയ ഹൃദയങ്ങളുമുണ്ട്.
ആന്തരികത ആത്മാവിന്‍റെ ഇരിപ്പിടമാണ്. ഈ ആന്തരികതയിലൂടെ ആത്മാവ് സംസാരിക്കുമ്പോഴാണ് ബുദ്ധനും ശ്രീരാമകൃഷ്ണ പരമഹംസനും ഉണ്ടാകുന്നത്. ആത്മാവ് ഉണര്‍ന്നവനുവേണ്ടി കടല്‍ പിന്‍വാങ്ങി പാതയൊരുക്കും. അവന്‍ നമ്മോടു സംസാരിക്കുമ്പോള്‍ നമ്മുടെ ആത്മാവ് ഉണരുകയും ഒരു നൃത്തത്തിലേയ്ക്ക് ലയിക്കുകയും ചെയ്യും.
ഫ്രാന്‍സിസ് ദൈവത്തെ കണ്ടുമുട്ടിയത് ഈ ആന്തരികതയിലായിരുന്നു. ദൈവം അവനില്‍ നിറഞ്ഞുതുളുമ്പി. അവന്‍റെ സ്വപ്നങ്ങളെയും വാക്കുകളെയും ഭാഗിച്ചെടുത്തു. തന്‍റെ ഇഷ്ടങ്ങളുമായി ദൈവം അവന്‍റെ സ്വപ്നങ്ങളെ സന്ദര്‍ശിച്ചു. ഫ്രാന്‍സിസ് അവനോടുതന്നെ സംസാരിച്ചപ്പോള്‍ ദൈവമായിരുന്നു ഫ്രാന്‍സിസിനോട് സംസാരിച്ചത്. ഫ്രാന്‍സിസിന്‍റെ ആന്തരികത ഈ പ്രപഞ്ചത്തിനും പുറത്തേയ്ക്കു വളര്‍ന്നു ദൈവത്തെ തൊട്ടു. അപ്പോള്‍ അവന്‍ കരിയിലപോലെ വിറകൊണ്ടു. ഒരു കൊടുങ്കാറ്റില്‍ പെട്ടെന്നവണ്ണം അവന്‍റെ ശരീരം പിഞ്ചിപ്പോയി. ദൈവം സ്പര്‍ശിച്ചിടത്തെല്ലാം പൊട്ടലുകളും വിള്ളലുകളും വീണു. നിരായുധനായി, നിസ്തേജനായി അവന്‍ ദൈവത്തോടു പറഞ്ഞു: "ദൈവമേ, എന്നെ ആവോളം ഒടിച്ചുകൊള്ളുക." ദൈവം കുനിഞ്ഞ് ഫ്രാന്‍സിസിനെ ചുംബിച്ചു. അപ്പോള്‍ ഫ്രാന്‍സിസിന് ഉന്മാദമായി. ചിരിക്കേണ്ടിടത്തു കരയുകയും കരയേണ്ടിടത്തു ചിരിക്കുകയും ചെയ്തു. സ്നേഹം സ്നേഹിക്കപ്പെടുന്നില്ലെന്നോര്‍ത്ത് പൊട്ടിക്കരഞ്ഞു.
ഇടിമിന്നലിനെപ്പോലും വിറങ്ങലിപ്പിക്കുന്ന തണുപ്പില്‍ നഗ്നനായി അവന്‍ ചുറ്റി നടന്നു. ഫ്രാന്‍സിസിനെ കൊല്ലാന്‍ ഒരു തണുപ്പിനും കഴിയില്ലായിരുന്നു. കാരണം ദൈവം അവനില്‍ അഗ്നിയായി കത്തിപ്പടര്‍ന്നു കിടന്നു. ഒരിലപോലും സ്വപ്നം കാണാനാവാതെ കോടി, വിറങ്ങലിച്ചുനിന്ന ആല്‍മണ്ട് വൃക്ഷത്തിന്‍റെ മുന്‍പില്‍നിന്ന് ഫ്രാന്‍സിസ് ആക്രോശിച്ചു: "Speak me of God'' ഉടനടി ആല്‍മണ്ട് വൃക്ഷം പൂവിട്ടു നിന്നു.
ഫ്രാന്‍സിസിനും ഒന്നും വേണമെന്നു തോന്നിയില്ല. പണം, വസ്ത്രം, ആഹാരം, പാര്‍പ്പിടം. എല്ലാത്തിനെയും അവന്‍ അനാവശ്യമായിക്കണ്ടു. ഒരേ ഒരു ആവശ്യമേ ഫ്രാന്‍സിസിനുണ്ടായിരുന്നുള്ളൂ - ദൈവം. ആ ദൈവത്തെ കിട്ടാന്‍വേണ്ടി അവന്‍ തന്‍റെ ശരീരത്തെ മെരുക്കുകയും കശക്കുകയും ചെയ്തു. എല്ലാവരുടെയും മുന്‍പില്‍ കൈനീട്ടി "എനിക്കിനി ദൈവത്തെ തരൂ" എന്നു യാചിച്ചു. കുഷ്ഠരോഗികളെയെല്ലാം കെട്ടിപ്പിടിച്ചു ചുംബിച്ചു. അവന്‍ നഗരങ്ങളും കുതിരപ്പുറവും സ്വന്തമാക്കാതെ സമൂഹത്തിന്‍റെ ഓരങ്ങളിലൂടെ നടന്നുപോയി.ജീവിതം സുരക്ഷിതവും സമൃദ്ധവുമാക്കാന്‍വേണ്ടി കൈത്തണ്ടയില്‍ നൂലുകെട്ടുന്നവരും വിരലുകളില്‍ രത്നമോതിരമണിയുന്നവരുമുണ്ട്; നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കയും തീര്‍ത്ഥാടനം നടത്തുകയും ചെയ്യുന്നവരുണ്ട്; അസത്യവും അനീതിയും അധാര്‍മ്മികതയും മതാനുഷ്ഠാനങ്ങളോടൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്. പലപ്പോഴും ജീവിതലക്ഷ്യവും അവിടെയെത്താന്‍ അവലംബിക്കുന്ന മാര്‍ഗ്ഗങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലാതെ വരുന്നു. നമ്മുടെ ആരാധനകളും പ്രാര്‍ത്ഥനകളും തപശ്ചര്യകളും ജീവിതവിശുദ്ധിയാകുന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളാണ്. എന്നാല്‍ പലപ്പോഴും മാര്‍ഗ്ഗങ്ങള്‍ തന്നെ ലക്ഷ്യമായി തെറ്റിദ്ധരിക്കപ്പെടുന്നു. മത്സരിച്ച് വിജയിക്കണം, ഏതു വിധേനയും വളര്‍ന്നു വലുതാകണം, ധനവും സ്വാധീനവും പിടിച്ചെടുക്കണം, അംഗീകാരവും അധികാരവും സ്വായത്തമാക്കണം തുടങ്ങിയ ചിന്തകള്‍ മനുഷ്യമനസ്സിന്‍റെ ആഴങ്ങളില്‍ വേരുറപ്പിക്കുകയാണ്. അതിനനുസരിച്ച് മനുഷ്യബന്ധങ്ങളുടെ വേരറ്റുപോവുകയും ചെയ്യുന്നു.
ഈയൊരു പശ്ചാത്തലത്തിലാണ് സുവിശേഷത്തിന്‍റെ ഒരു പുനര്‍വായനയും വേറിട്ടൊരു ജീവിതരീതിയും കാഴ്ചപ്പാടും സ്വീകരിച്ച അസ്സീസിയിലെ വി. ഫ്രാന്‍സിസിന്‍റെ മാതൃക നമുക്കു പ്രകാശമേകുന്നത്. യേശുവിന്‍റെ പ്രബോധനത്തിന്‍റെ സാരസംഗ്രഹം സുവിശേഷഭാഗ്യങ്ങളില്‍ നമുക്കു കാണാനാവും (ലൂക്കാ 6, 20-36, മത്തായി 5, 1-48). തിന്മയെ നന്മകൊണ്ട് ജയിക്കാനും ശത്രുക്കളെ സ്നേഹിക്കാനും ദ്വേഷിക്കുന്നവര്‍ക്കു നന്മചെയ്യാനും ശപിക്കുന്നവരെ അനുഗ്രഹിക്കാനും അധിക്ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും യേശു പഠിപ്പിക്കുന്നു. "സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ പരിപൂര്‍ണ്ണനാവുക" (മത്തായി 5, 48), "നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ കരുണയുള്ളവരാകുക" (ലൂക്കാ 6,36). ഈ രണ്ടു വാക്യങ്ങളും കൂട്ടി വായിക്കുമ്പോള്‍ നാം കണ്ടെത്തുന്നത് പിതാവായ ദൈവത്തെപ്പോലെ കരുണയുള്ളവരാകുമ്പോഴാണ് മനുഷ്യന്‍ തന്‍റെ ജീവിതലക്ഷ്യം, അതായത് പരിപൂര്‍ണ്ണത നേടുന്നതെന്നാണ്. ധൂര്‍ത്തപുത്രന്‍റെ പിതാവും ജ്യേഷ്ഠസഹോദരനും തമ്മിലുള്ള വ്യത്യാസം ഈ കരുണാര്‍ദ്രമായ സ്നേഹത്തിന്‍റെ കാര്യത്തിലാണ് (ലൂക്കാ 15, 11-32). നല്ല സമറിയാക്കാരന്‍ നമുക്കു മാതൃകയാവുന്നതും (ലൂക്കാ10, 25-37) ഭോഷനായ ധനികനും (ലൂക്കാ 12,13-21) ലാസറിനെ അവഗണിച്ച ധനികനും (ലൂക്കാ 16, 19-31) പരിപൂര്‍ണ്ണത തേടുന്ന സ്വാര്‍ത്ഥമതിയായ ധനികയുവാവും (ലൂക്കാ 18, 18-30) നമുക്കു ഇടര്‍ച്ചയാവുന്നതും സ്വന്തമായതെല്ലാം ദരിദ്രരും രോഗികളുമായി പങ്കുവയ്ക്കുന്ന കരുണാര്‍ദ്രമായ സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഈ കരുണയുടെ കാതല്‍ ഹൃദയതാഴ്മയും എളിമയുമാണ്, സര്‍വ്വചരാചരങ്ങളോടുമുള്ള ബഹുമാനമാണ്. പങ്കുവയ്ക്കാനുള്ള മനസ്സാണ്, സഹമനുഷ്യരുടെ നന്മയ്ക്കുവേണ്ടി ത്യാഗമനുഷ്ഠിക്കാനുള്ള സന്നദ്ധതയാണ്; അല്ലാതുള്ളതെല്ലാം അഹംഭാവവും സ്വാര്‍ത്ഥതയും നാട്യവുമാണ്. നിയമമെല്ലാം അനുഷ്ഠിച്ചിട്ടും പ്രാര്‍ത്ഥനയൊന്നും മുടക്കാഞ്ഞിട്ടും ബലികളെല്ലാം സമര്‍പ്പിച്ചിട്ടും ഫരിസേയരും നിയമജ്ഞരും ദൈവതിരുമുമ്പില്‍ തിരസ്കരിക്കപ്പെടുന്നതിന്‍റെ കാരണം കരുണയുടെ അഭാവമാണ്. സ്വയം വലിയവരെന്ന് ഭാവിച്ചവരുടെ മദ്ധ്യത്തില്‍നിന്ന് യേശു വിളിച്ചുപറഞ്ഞു: "നിങ്ങളില്‍ ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ വലിയവന്‍" (ലൂക്കാ 9, 48); "ദൈവരാജ്യങ്ങളില്‍ മുന്‍പന്മാരാകുന്ന പിന്‍പന്മാരും പിന്‍പന്മാരാകുന്ന മുന്‍പന്മാരുമുണ്ടായിരിക്കും (ലൂക്കാ 13, 30), "തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും" (ലൂക്കാ 18, 14), "നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയുമായിരിക്കണം" (ലൂക്ക 22, 26). യേശുവിന്‍റെ ഈ മനോഭാവം മനസ്സിലാക്കികൊണ്ട് പൗലോസ് ശ്ലീഹ എഴുതി: "യേശുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട് ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച് ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്‍റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍. മാത്സര്യമോ വ്യര്‍ത്ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ" (ഫിലി. 2, 1-5).
യേശുവിന്‍റെ ഈ മനോഭാവം ഉള്‍ക്കൊണ്ടതിനാലാണ് അസ്സീസിയിലെ ഫ്രാന്‍സിസ് യേശുവിന്‍റെ ഏറ്റവും അടുത്ത അനുയായിയായി മാറിയത്. ഇതാണ് ഫ്രാന്‍സിസ്കന്‍ സിദ്ധിയുടെ സുവിശേഷത്തനിമ. ദാരിദ്ര്യമാണ് ഫ്രാന്‍സിസ്കന്‍ തനിമയായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നതെങ്കിലും ഈ ദാരിദ്ര്യത്തിന്‍റെ അടിസ്ഥാനം ഹൃദയതാഴ്മയും ലാളിത്യവും എളിമയും കാരുണ്യവുമാണ്. എളിമയും കാരുണ്യവുമില്ലാത്ത ദാരിദ്ര്യം അഹന്തയാകാനാണ് സാദ്ധ്യത. തന്‍റെ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ പ്രസംഗിക്കുവാനുള്ള ശക്തിയില്ലാതിരുന്നതുകൊണ്ട് ഫ്രാന്‍സിസ് പല കത്തുകളുമെഴുതി. "ദൈവതിരുമുമ്പാകെ ദരിദ്രനും അയോഗ്യനുമായ നിങ്ങളുടെ ദാസന്‍ സഹോദരന്‍ ഫ്രാന്‍സിസ് ആദരവോടെ എഴുതുന്നു" എന്നു തുടങ്ങുകയും "നിങ്ങളുടെ പാദങ്ങള്‍ ചുംബിക്കുവാന്‍ മാത്രം അര്‍ഹതയുള്ള, നിങ്ങളുടെ ദാസരില്‍ ഏറ്റവും ചെറിയവനായ സഹോദരന്‍" എന്ന് അവസാനിപ്പിക്കുകയും ചെയ്യുന്ന കത്തുകള്‍ ഫ്രാന്‍സിസിന്‍റെ മനോഭാവത്തെ സുവ്യക്തമാക്കുന്നു.
സഹോദരങ്ങളുടെമേല്‍ ഭരണച്ചുമതലയുള്ളവര്‍ക്കായി എഴുതിയ കത്തില്‍ ഫ്രാന്‍സിസ് എഴുതി: "ക്ഷമാപണത്തിന്‍റെ ഒരു വാക്കുപോലും ഉച്ചരിച്ചില്ലെങ്കില്‍പ്പോലും വേദനയോടെ നിന്‍റെ കണ്ണുകളിലേക്ക് നോക്കുന്ന ഒരു സഹോദരനെയും, അവന്‍ എത്രവലിയ പാപം ചെയ്തവനാണെങ്കിലും, നീ അനുകമ്പ കാണിക്കാതെ പറഞ്ഞയയ്ക്കരുത്. ഇനിയും ഒരായിരം തവണ അവന്‍ നിന്‍റെ പക്കലെത്തിയാലും എന്നെ സ്നേഹിക്കുന്നതിലേറെ നീ അവനെ സ്നേഹിക്കണം. അവനോട് നിനക്ക് കരുണയുണ്ടാകണം." വിശ്വാസികളെയെല്ലാം അഭിസംബോധന ചെയ്ത് ഫ്രാന്‍സിസ് എഴുതി: "സ്നേഹത്തോടും എളിമയോടും കൂടെ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുക, അത് നിന്‍റെ ആത്മാവിന്‍റെ പാപക്കറകളെ കഴുകി വൃത്തിയാക്കും... ലോകത്തില്‍ നമുക്കു മാത്രമായി മാറ്റിവയ്ക്കുന്നതെല്ലാം നമുക്കു നഷ്ടമാകും. നമ്മുടെ സ്നേഹത്തിനും ദാനത്തിനും ലഭ്യമാകുന്ന പ്രതിഫലത്തിനുള്ള അവകാശം മാത്രമാണ് നമുക്കു കൂടെ കൊണ്ടുപോകാനാവുക... ഏതെങ്കിലും സഹോദരന്‍ പാപത്തില്‍ വീഴുകയാണെങ്കില്‍ അവനോട് കോപിക്കരുത്. മറിച്ച് അവനെ ക്ഷമയോടും സൗമ്യതയോടും എളിമയോടും കൂടെ തിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും വേണം... മറ്റുള്ളവരുടെ മേല്‍ അധികാരം ലഭിക്കാന്‍ നാം ആഗ്രഹിക്കരുത്. നാം ശുശ്രൂഷകരായിരിക്കണം. ദൈവത്തെപ്രതി എല്ലാ മനുഷ്യര്‍ക്കും കീഴ്പ്പെട്ടിരിക്കയും വേണം." ഹൃദയതാഴ്മയുടെ ആഴമാണ് ഇവിടെ വ്യക്തമാക്കുന്നത്. തന്‍റെ ആദ്യ നിയമാവലിയില്‍ ഫ്രാന്‍സിസ് നിര്‍ദ്ദേശിച്ചു: "സമൂഹത്തില്‍ സ്ഥാനമാനങ്ങളില്ലാത്തവരുടെയും ദരിദ്രരുടെയും ബലഹീനരുടെയും കുഷ്ഠരോഗികളുടെയും ഭിക്ഷാടകരുടെയും ഇടയില്‍ ജീവിക്കുന്നതില്‍ നാം സന്തോഷിക്കണം" (IX, 1-5). "ഒരു കൊട്ടാരത്തില്‍നിന്ന് സ്വര്‍ഗ്ഗത്തിലെത്തുന്നതിനെക്കാള്‍ എളുപ്പം ഒരു കുടിലില്‍നിന്നും സ്വര്‍ഗ്ഗത്തിലെത്തുകയാണ്" എന്ന ഫ്രാന്‍സിസിന്‍റെ കണ്ടെത്തല്‍ സെലാനോ എഴുതിയ ജീവചരിത്രത്തില്‍ കാണാം (I Cel. XVI, 42). ധനത്തിലോ പദവിയിലോ അഹങ്കരിക്കുന്നവര്‍ തങ്ങള്‍ക്കുമേല്‍ സ്വയം ശാപം വരുത്തിവയ്ക്കുന്നുവെന്ന് ചൈനീസ് ഗുരു ലാവോട്സു ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദരിദ്രരും എളിയവരുമായുള്ള ഐക്യദാര്‍ഢ്യമാണ് മനുഷ്യജീവിതത്തെ ഉദാത്തമാക്കുന്നത്.
ഒരമ്മ മക്കളെ സ്നേഹിക്കുന്നതുപോലെ സഹോദരങ്ങള്‍ പരസ്പരം സ്നേഹിക്കണം എന്ന് ആദ്യനിയമാവലിയില്‍ (IX, 10-12) നിര്‍ദ്ദേശിച്ച ഫ്രാന്‍സിസ് സ്നേഹവും കാരുണ്യവും ത്യാഗവും ശുശ്രൂഷയും സമന്വയിക്കുന്ന മാതൃസ്നേഹത്തിലേക്ക് തങ്ങളുടെ വ്യക്തിബന്ധങ്ങളെ ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചു. ഹെര്‍മിറ്റേജിന്‍റെ ജീവിതചര്യയ്ക്ക് മാര്‍ഗ്ഗരേഖ നല്‍കുമ്പോള്‍ രണ്ടു സഹോദരന്മാര്‍ അമ്മമാരെപ്പോലെയും മറ്റു രണ്ടു സഹോദരന്മാര്‍ മക്കളെപ്പോലെയും പെരുമാറണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. മാതൃസ്നേഹത്തിന്‍റെ ആഴങ്ങളെ ബുദ്ധികൊണ്ട് വിശകലനം ചെയ്ത് മനസ്സിലാക്കാനാവില്ല. ജീവനേകി പരിപാലിക്കയും, എന്നാല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ തുനിയാതിരിക്കയും പ്രത്യുപകാരം പ്രതീക്ഷിക്കാതെ ശുശ്രൂഷ നല്‍കുകയും താന്‍ വളര്‍ത്തുന്നതിന്‍റെ മേല്‍ അധികാരം പ്രയോഗിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന്‍റെ ഏറ്റവും ഉദാത്തഭാവമാണ് മാതൃസ്നേഹത്തില്‍ നാം കണ്ടെത്തുക. അസ്സീസിയിലെ ഫ്രാന്‍സിസ് ജീവിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്ത ദാരിദ്ര്യവ്രതത്തിന്‍റെ അടിസ്ഥാനം എളിമയിലടിയുറച്ച ശുശ്രൂഷാമനസ്സാണ്. ഫ്രാന്‍സിസ് പ്രഘോഷിച്ച ദൈവത്തിന്‍റെ സ്വഭാവവും ഈ ശുശ്രൂഷയും ശൂന്യവത്കരണവുമാണ്. 'ദൈവമഹത്വ'ത്തിനായി പ്രവര്‍ത്തിക്കുന്നതിലേറെ 'ദൈവേഷ്ട'മനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ഫ്രാന്‍സിസ് പഠിപ്പിച്ചത്. തന്‍റെ ഭക്ഷണം ദൈവേഷ്ടമനുസരിച്ച് ജീവിക്കുന്നതാണ് എന്ന യേശുവിന്‍റെ പ്രബോധനം തന്നെയാണിത്. കാരുണ്യം ജീവിതചര്യയാക്കുമ്പോഴാണ് എല്ലാ ജീവജാലങ്ങളെയും സഹോദരങ്ങളായും അമ്മമാരായും മക്കളായും കണ്ടെത്താനാവുക. ഇതായിരുന്നല്ലോ ഫ്രാന്‍സിസിന്‍റെ ജീവിതം.