ബാല്യത്തില്‍ ചെന്നായയുടെയും ആട്ടിന്‍കുട്ടിയുടെയും കഥ പാഠപുസ്തകത്തില്‍ വായിച്ചതുമുതല്‍ അക്കഥ മനസ്സില്‍നിന്ന് മാഞ്ഞിട്ടേയില്ല. ദാഹശമനത്തിന് ഒരല്പം വെള്ളം കുടിക്കാന്‍ അരുവിക്കരയില്‍ എത്തിയതായിരുന്നു ആട്ടിന്‍കുട്ടി. ആട്ടിന്‍കുട്ടി അവിടേയ്ക്ക് വരുന്നതുകണ്ട് ഒരു ചെന്നായയും പിന്നാലെ എത്തി. അവനും വെള്ളം കുടിക്കാന്‍ വന്നതാണത്രേ. തനിക്ക് കുടിക്കാനുള്ള അരുവിയിലെ വെള്ളം കലക്കിയതിന് ആട്ടിന്‍കുട്ടിയെ ചെന്നായ് കുറ്റപ്പെടുത്തി. താന്‍ കലക്കിയില്ല. അരുവിപോലും അറിയാതെ ഒരല്പം വെള്ളം കുടിച്ചതേയുള്ളൂ താന്‍ എന്ന് ആട്ടിന്‍കുട്ടി പറഞ്ഞുനോക്കി. "നീ വെള്ളം കലക്കിയിരിക്കുന്നു". ഞാനല്ലെന്ന് വീണ്ടും ആട്ടിന്‍കുട്ടി. നീയല്ലെങ്കില്‍ നിന്‍റെ അച്ഛനമ്മമാരായിരിക്കും എന്ന് ചെന്നായ്. അവര്‍ വെള്ളം കുടിക്കാന്‍ വന്നിരുന്നു. ഇനി ഒരുപക്ഷേ അവര്‍ വെള്ളം കലക്കിയിരിക്കുമോ എന്ന് ആട്ടിന്‍കുട്ടിക്ക് സംശയം ജനിക്കുന്നിടത്തേ അതിനുള്ള ശിക്ഷയായി ചെന്നായ്ക്ക് ആട്ടിന്‍കുട്ടിയെ ആക്രമിക്കാന്‍ കഴിയൂ. എന്തു തന്നെയായാലും ചെന്നായ് ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു - ആട്ടിന്‍കുട്ടിയെ തിന്നണം.
എത്രകാലമായി ഈ ആട്ടിന്‍കുട്ടിയെ ഇങ്ങനെ ചെന്നായ് കൊന്നുതിന്നാന്‍ തുടങ്ങിയിട്ട്! അതിന്നും തുടരുന്നു. ഇന്നത്തെ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക്, പ്രകൃതി ചൂഷണങ്ങള്‍ക്ക്, കാടുനശിപ്പിച്ചതിന്, കടല്‍ നശിപ്പിച്ചതിന്, എല്ലാം ഉത്തരവാദി ക്രിസ്റ്റ്യാനിറ്റിയാണ് എന്ന് നാം എത്രവുരു കേട്ടിരിക്കുന്നു. ഇന്ത്യയില്‍പോലും ഈ ഇത്തിരിപ്പോന്ന രണ്ടു ശതമാനം ഇതെല്ലാം ചെയ്തെങ്കില്‍ കൊല്ലണ്ടേ അവരെ?
അടിസ്ഥാന പാരിസ്ഥിതിക തത്വങ്ങള്‍ കണക്കിലെടുത്താല്‍പ്പോലും വേട്ടക്കാരും ഇരകളും ഏതൊരു ആവാസവ്യവസ്ഥയിലും ഒരേപോലെ കാണപ്പെടും എന്ന് അനുമാനിക്കേണ്ടതല്ലേ. പ്രപഞ്ചം ഓര്‍ഗാനിക്കായ ഒന്നാണ്. ചെറിയ ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാമെങ്കിലും അടിസ്ഥാനപരമായി മനുഷ്യരിലെപോലും നല്ലവരും ചീത്തവരും (അങ്ങനെ പറയാമെങ്കില്‍!) ഒരുപോലെ വിതരണംചെയ്യപ്പെട്ടിരിക്കുന്നു. ഒരറ്റംമുതല്‍ മറ്റേ അറ്റം വരെ നിറച്ചും പാരിസ്ഥിതിക പ്രചോദനങ്ങളെ വിത്തായും മുളയായും ഫലമായും സൂക്ഷിച്ചുവച്ചിരിക്കുന്ന ബൈബിള്‍ പോലൊരു വിശുദ്ധ ഗ്രന്ഥത്തിന്മേല്‍ അടിസ്ഥാനമൂന്നിയ ഒരു ജനതയ്ക്ക് എങ്ങനെയാണ് പ്രകൃതിവിരുദ്ധരാകാനും നാശകാരികളാകാനും കഴിയുക!
ഓരോ അണുവിലും വിശുദ്ധ ഗ്രന്ഥത്തിന്‍റെ ചോദനകളെ ഒപ്പിയെടുത്ത് ആവിഷ്കരിച്ചു, അസ്സീസിയിലെ വി. ഫ്രാന്‍സിസ്. സുവിശേഷം ജീവിച്ചവന്‍, രണ്ടാം ക്രിസ്തു എന്നെല്ലാം അദ്ദേഹത്തിന് അപദാനങ്ങള്‍ ഉണ്ടായത് അതുകൊണ്ടായിരുന്നല്ലോ.
ഫ്രാന്‍സിസിന് താന്‍ ഉള്‍പ്പെടുന്നവയെല്ലാം സൃഷ്ടജാലങ്ങളായിരുന്നു. ചെമ്മരിയാടിനെയും വയല്‍പ്പൂവിനെയും ആകാശപ്പറവകളെയും സ്നേഹിക്കുന്ന, കുറുമ്പു കാട്ടുന്ന കാറ്റിനെയും കടലിനെയും അപസ്മാരത്തെയും വിഭ്രാന്തിയെയും പനിയെയും ശാസിക്കുന്ന യേശുപാരമ്പര്യത്തില്‍ എല്ലാ സൃഷ്ടികളും വ്യക്തിസമാനങ്ങളായിരുന്നു. അതേപാരമ്പര്യത്തില്‍ നിന്നുകൊണ്ട് ഫ്രാന്‍സിസ് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാറ്റിനെയും അഗ്നിയെയും ഭൂമിയെയും പുല്ലിനെയും പുഴുവിനെയും പുല്‍ച്ചാടിയെയും സഹോദരന്‍ എന്നോ സഹോദരി എന്നോ വിളിച്ചു. സചേതനങ്ങളെന്നോ അചേതനങ്ങളെന്നോ ഉള്ള വ്യത്യാസം കാട്ടാതെ അദ്ദേഹം അവയെയെല്ലാം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ദൈവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ധ്യാനമാണ് സൃഷ്ടിജാലങ്ങളെ ആദരിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
അദ്ദേഹത്തിന്‍റെ സ്നേഹം നുകര്‍ന്ന സൃഷ്ടികള്‍ അദ്ദേഹത്തിന് സ്നേഹം തിരിച്ചുനല്‍കുകപോലും ഉണ്ടായി. ചെന്നായും ചീവീടും കാട്ടുമുയലും കുരുവിയും ചെമ്പോത്തും ഗരുഡനും അദ്ദേഹത്തിന്‍റെ സ്നേഹം തിരിച്ചറിയുകയും അദ്ദേഹത്തോട് സ്നേഹപൂര്‍വ്വം വര്‍ത്തിക്കുകയും ചെയ്തു. ഫ്രാന്‍സിസിന്‍റെ സ്നേഹം അനുഭവിച്ച സഹോദരന്‍ അഗ്നിപോലും അദ്ദേഹത്തിന്‍റെ യാചനയ്ക്കുമുമ്പില്‍ അദ്ദേഹത്തെ നോവിക്കാതെ പൊള്ളിക്കുന്നതാണ് കാണുന്നത്. അങ്ങനെ ഫ്രാന്‍സിസിലൂടെ സൃഷ്ടിജാലങ്ങളെല്ലാം സ്നേഹാര്‍ഹങ്ങളാണെന്നും സ്നേഹവും ബഹുമാനവും തിരികെ നല്‍കാന്‍ കഴിവുള്ളവയാണെന്നും തെളിയിക്കപ്പെട്ടു.
ഒരിക്കല്‍ അങ്കോണയുടെ ചതുപ്പുപ്രദേശത്തുകൂടി കടന്നുപോകുമ്പോള്‍ അവിടുത്തെ പ്രൊവിന്‍ഷ്യല്‍ മിനിസ്റ്റര്‍ ആയ ബ്രദര്‍ പോളും ഫ്രാന്‍സിസിനോടൊപ്പം ഉണ്ടായിരുന്നു. ഒരു കര്‍ഷകന്‍ രണ്ട് ആട്ടിന്‍കുട്ടികളെ കാലുകള്‍ ബന്ധിച്ച് തന്‍റെ തോളില്‍ തൂക്കിയിട്ട് ചന്തയിലേക്ക് പോകുന്നത് അദ്ദേഹം കണ്ടു. അടുത്തുചെന്ന്, കയറില്‍ തൂങ്ങിക്കിടന്ന് വേദനയോടെ കരയുന്ന ആട്ടിന്‍കുട്ടികളെ അതീവവാത്സല്യത്തോടെ ഫ്രാന്‍സിസ് തൊട്ടു. തന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് ഇവയെ വില്‍ക്കാന്‍ പോവുന്നത് എന്ന് കര്‍ഷകന്‍ പറഞ്ഞപ്പോള്‍ "ഹൃദയവേദനയാല്‍ ഉള്ളം തപിച്ചുകൊണ്ട്" ഫ്രാന്‍സിസ് ചോദിച്ചു; 'അതിന് എന്‍റെയീ കുഞ്ഞുസഹോദരങ്ങളെ ഇങ്ങനെ കയറില്‍ കെട്ടിതൂക്കി പീഡിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ടോ?'. അന്നു രാവിലെ കഠിനമായ തണുപ്പില്‍നിന്ന് രക്ഷനേടാന്‍ ഒരു സുഹൃത്തില്‍നിന്ന് കടമായി വാങ്ങിയ കമ്പിളി പുറംകുപ്പായം കൊടുത്ത് ഫ്രാന്‍സിസ് ആട്ടിന്‍കുട്ടികളെ വാങ്ങി. ആട്ടിന്‍കുട്ടികള്‍ക്കു പകരം ഇത്രയും വിലപിടിപ്പുള്ള കമ്പിളി പുറംകുപ്പായം കൈമാറ്റം ചെയ്യുന്നതിലൂടെ നല്ലൊരു കച്ചവടം നടന്നതില്‍ കര്‍ഷകനും ഏറെ സന്തുഷ്ടനായിരുന്നു. ഫ്രാന്‍സിസാവട്ടെ അവയെ കര്‍ഷകന് തന്നെ തിരികെ നല്‍കി. 'ഇവയെ കൊല്ലാതെ സ്നേഹപൂര്‍വ്വം വളര്‍ത്തണം' എന്ന് നിഷ്കര്‍ഷിച്ച് ഫ്രാന്‍സിസ് തന്‍റെ വഴിയേ പോയി. യാതൊരു സൃഷ്ടിക്ക്മേലും അനാവശ്യമായ പീഡാസഹനമോ വേദനയോ ചെലുത്തുവാന്‍ പാടില്ലായെന്ന് അടിസ്ഥാനപരമായ പ്രകൃതിസ്നേഹത്തിന്‍റെ പാഠം അങ്ങനെ ഫ്രാന്‍സിസ് പഠിപ്പിച്ചു. ഉടമസ്ഥതാഭാവം അവകാശം സ്ഥാപിക്കുന്നു. അവകാശം പീഡനത്തിന് അനുമതിയാകുന്നു. ഒരു ജീവിയെയും പീഡിപ്പിക്കാന്‍ ആര്‍ക്കുമേ അവകാശമില്ല. മറിച്ച്, സ്നേഹിച്ച് പരിപാലിക്കുക എന്നത് എല്ലാവരുടേയും കടമയാണ് എന്ന് അദ്ദേഹം നമ്മോട് പറയാതെ പറഞ്ഞു.
അസ്സീസിയിലെ വിശുദ്ധനെക്കുറിച്ച് ഏതെങ്കിലും കഥകള്‍ കേട്ടിട്ടുള്ളയാരുംതന്നെ ഗൂബ്ബിയോയിലെ ചെന്നായയുടെ കഥ കേള്‍ക്കാതു ണ്ടാകില്ല. മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളെയും ആക്രമിച്ച് കൊല്ലുന്ന, പട്ടണവാസികള്‍ക്കെല്ലാം ഒരു പേടിസ്വപ്നമായി കഴിഞ്ഞിരുന്ന ചെന്നായയെ അഭിമുഖീ കരിക്കാന്‍ തനിയെ ഫ്രാന്‍സിസ് പുറപ്പെടുന്നു. എല്ലാവരും ഫ്രാന്‍സിസിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഫ്രാന്‍സിസ് ചെന്നായയെ തേടി വനാന്തരത്തിലേക്കുതന്നെ. ആക്രമണകാരിയെ സഹോദരനായി തിരിച്ചറിയുന്ന ഫ്രാന്‍സിസിനെ, തിരിച്ച് ചെന്നായും സഹോദരനായിതന്നെ തിരിച്ചറിയുന്നു. ആ ഹിംസ്രജന്തു ഫ്രാന്‍സിസിന് മുന്നില്‍ വന്ന് തലകുനിച്ചിരിക്കുന്നു. പട്ടണവും ചെന്നായും തമ്മില്‍ ഒരു സമാധാന കരാറിന് മുന്‍കൈയ്യെടുക്കുന്ന ഫ്രാന്‍സിസ് ചെന്നായയെയും പട്ടണവാസികളെയും ഒരുപോലെ കുറ്റപ്പെടുത്തുകയും ന്യായീകരിക്കുകയും സ്നേഹപൂര്‍വ്വം ശാസിക്കുകയും ചെയ്യുന്നു. വനാന്തരത്തില്‍ ഭക്ഷണം ഇല്ലാതെ വരുന്നതറിഞ്ഞ് സഹോദരനായ ചെന്നായ്ക്ക് ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കാതിരുന്നത് പട്ടണവാസികളുടെ അക്ഷന്തവ്യമായ അപരാധമാണെന്ന് ഫ്രാന്‍സിസ് പട്ടണവാസികളോട് വിളിച്ച് പറയുന്നു. സമാധാന ഉടമ്പടിയുടെ ഭാഗമായി ചെന്നായ് ആക്രമണം അവസാനിപ്പിക്കണമെന്നും മനുഷ്യരെ സഹോദരരായി കാണണമെന്നും മനുഷ്യരാകട്ടെ ഭയലേശമെന്യേ ചെന്നായയെ സഹോദരനായി കണ്ട് അവന് ആദരപൂര്‍വ്വം ഭക്ഷണം വിളമ്പണമെന്നും ഫ്രാന്‍സിസ് വ്യവസ്ഥചെയ്യുന്നു. പിന്നീട് നാല് വര്‍ഷത്തോളം - ചെന്നായയുടെ മരണം വരെ - അവന്‍ പട്ടണത്തില്‍ നിര്‍ബാധം വന്ന് മനുഷ്യര്‍ സ്നേഹപൂര്‍വ്വം നല്‍കിയിരുന്ന ഭക്ഷണം കഴിച്ച് മടങ്ങുമായിരുന്നെന്നും പിന്നീടൊരിക്കലും പട്ടണത്തിലേ വളര്‍ത്തുനായ്ക്കള്‍പോലും അവനെക്കണ്ട് കുരയ്ക്കാറില്ലായിരുന്നെന്നും ജീവചരിത്രകാരനായ തോമസ് സെലാനോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തങ്ങളുടെ സഹോദരങ്ങളായ സൃഷ്ടിജാലങ്ങളോടുള്ള ഉത്തരവാദിത്വത്തെ ഇത്രയും നന്നായി വ്യക്തമാക്കിയ വ്യക്തിത്വങ്ങള്‍ ലോകചരിത്രത്തില്‍പ്പോലും മറ്റേറെയില്ല.
ഫ്രാന്‍സിസ് 1225-ല്‍, അതായത് തന്‍റെ മരണത്തിന്‍റെ തലേ വര്‍ഷമാണ് 'സൃഷ്ടികളുടെ കീര്‍ത്തനം' എന്ന തന്‍റെ ലഘുകാവ്യത്തിന്‍റെ മുഖ്യഭാഗം രചിക്കുന്നത്. മൂന്നുഘട്ടങ്ങളിലായിട്ടാണ് അതിന്‍റെ രചന നടക്കുന്നത്. സര്‍വ്വമഹത്വപ്രതാപവാനായ ദൈവത്തിന് എല്ലാ സ്തുതിയും പുകഴ്ചയും വാഴ്വുകളും നല്‍കുന്നു, സൃഷ്ടികീര്‍ത്തനം. തന്‍റെ ശരീരത്തില്‍ ശക്തമായ വേദനകളാലും കാഴ്ചനഷ്ടം മൂലം കണ്ണില്‍ ശക്തമായ വേദനയാലും വീര്‍പ്പുമുട്ടുന്ന ഘട്ടത്തിലാണ് ഫ്രാന്‍സിസ് സൃഷ്ടികളെയെല്ലാം വിളിച്ചുകൊണ്ട് അതീവഹൃദ്യമായി ദൈവത്തിന് സ്തുതിപാടുന്നത്. സൃഷ്ടികീര്‍ത്തനം ഒരു സൃഷ്ടി പ്രക്രിയ തന്നെയാണ്. ഫ്രാന്‍സിസ് തന്‍റെ കാവ്യത്തിലൂടെ ദൈവത്തിന് ചുറ്റുമായി സൃഷ്ടിയെ അതിന്‍റെ ലയത്തില്‍ പുനഃസൃഷ്ടിക്കുകയാണ് എന്ന് പറയാം. സമത്വ സൃഷ്ടിക്കും വേണ്ടി കടന്നുവരുന്നത് പഞ്ചഭൂതങ്ങളാണ്. തുടര്‍ന്ന് മനുഷ്യനും. മനുഷ്യനെ അവതരിപ്പിക്കുമ്പോള്‍ ഗിരിപ്രഭാഷണത്തിലെ അഷ്ടഭാഗ്യങ്ങള്‍ പാലിക്കുന്ന - ക്ഷമ നല്‍കുന്ന, സമാധാനം സംസ്ഥാപിക്കുന്ന, പീഡനമേല്‍ക്കുന്ന - മനുഷ്യരാണ് പക്ഷേ ഇവിടെ കോസ്മോസില്‍ ആയിത്തീരുന്നത് എന്ന് മാത്രം. നിത്യജീവനിലേയ്ക്കും നിത്യശിക്ഷയിലേയ്ക്കും നയിക്കുന്ന മരണം മനുഷ്യന് പിന്നാലെ ദൈവസ്തുതിക്ക് നിമിത്തമായി എത്തുന്നു. "നാം അനുദിനം ഉപയോഗപ്പെടുത്തുന്നവയും, അവയില്ലാതെ നമുക്ക് ജീവിതം അസാധ്യമാവുകയും, അവ വഴിയായി മാനവകുലം സ്രഷ്ടാവായ ദൈവത്തെ ഗുരുതരമായി വേദനിപ്പിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ സൃഷ്ടികളെക്കുറിച്ച് ഒരു കാവ്യം രചിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു" എന്ന മുഖവുരയോടെയാണ് ഫ്രാന്‍സിസ് ഈ പാട്ട് കെട്ടുന്നത്. സങ്കീര്‍ത്തനങ്ങളിലും മറ്റും 'സൃഷ്ടികളേ ദൈവത്തെ സ്തുതിക്കുക' എന്ന് പറയുന്നതില്‍നിന്നും 'എന്നോടൊപ്പം ദൈവത്തെ സ്തുതിക്കുക' എന്ന് പറയുന്നതില്‍നിന്നും വ്യത്യസ്തതയുണ്ട് ഫ്രാന്‍സിസിന്‍റെ സൃഷ്ടികീര്‍ത്തനത്തിന്. 'അത്യുന്നതനായ ലോകനാഥന്‍ സൂര്യനിലൂടെ, ചന്ദ്രനിലൂടെ, നക്ഷത്രജാലങ്ങളിലൂടെ സ്തുതിക്കപ്പെടട്ടെ' എന്ന ഘടനയാണ് ഫ്രാന്‍സിസ് അനുവര്‍ത്തിക്കുന്നത്. കാവ്യത്തിലെ കര്‍മ്മണിപ്രയോഗം കര്‍ത്തരിപ്രയോഗത്തിലേയ്ക്ക് മാറ്റിയാല്‍, തന്‍റെ അസ്തിത്വത്തിന്‍റെ ആധാരശിലകളായ ഈ സഹോദരര്‍ക്കൊക്കെവേണ്ടി മനുഷ്യന്‍ ദൈവത്തിന് സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിക്കട്ടെ എന്നാണ് അര്‍ത്ഥം വരിക. കീര്‍ത്തനം പാടേണ്ടത് സൃഷ്ടിജാലങ്ങളല്ല, മറിച്ച് അവയ്ക്കുവേണ്ടി മനുഷ്യനാണ് എന്നുവരുന്നു. ഇങ്ങനെ കൃതജ്ഞതാസ്തോത്രങ്ങളുടെ ഉത്തരവാദിത്വം കൂടി മനുഷ്യനില്‍ ഏല്പിക്കുകയാണ് ഫ്രാന്‍സിസ് തന്‍റെ സൃഷ്ടികീര്‍ത്തനത്തിലൂടെ. ഫ്രാന്‍സിസ് പറയുന്നിടത്തും എഴുതുന്നിടത്തും "ദൈവത്തിന് സ്വന്തമായ വസ്തുക്കള്‍" എന്നാണ് സൃഷ്ടിജാലങ്ങളെ നിര്‍ണ്ണയിക്കുക. സര്‍വ്വ കര്‍ത്തൃത്വവും ഉടമസ്ഥതയും ദൈവത്തിന്‍റേത് എന്നാണ് വിശുദ്ധഗ്രന്ഥത്തിന്‍റെ എക്കാലത്തെയും നിലപാട്.
മനുഷ്യന്‍ ദൈവഭവനത്തിന്‍റെ വേലക്കാരാണ് എന്നതാണ് യേശു പലവുരു മുന്നോട്ടുനിര്‍ത്തുന്നതും ഉല്പത്തിപുസ്തകത്തില്‍ രണ്ടാം അധ്യായത്തില്‍ ചുരുള്‍ നിവരുന്നതുമായ മാനവധര്‍മ്മം. "ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി" (ഉല്പ. 2:15) എന്ന് ആദിഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. തനിക്കും സഹജര്‍ക്കുമായി കൃഷിചെയ്യുമ്പോള്‍ത്തന്നെ ദൈവത്തിനായി ഏദന്‍തോട്ടം അഥവാ ഭൂമി സംരക്ഷിക്കുക എന്നതാണ് മനുഷ്യന് ഏല്പിക്കപ്പെട്ടിരിക്കുന്ന ജോലി.
"തന്‍റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ ആരാണ്? യജമാനന്‍ വരുമ്പോള്‍ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യന്‍ ഭാഗ്യവാന്‍. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, യജമാനന്‍ അവനെ തന്‍റെ വസ്തുക്കളുടെയെല്ലാം മേല്‍നോട്ടക്കാരനായി നിയമിക്കുന്നു. എന്നാല്‍, ദുഷ്ടനായ ഭൃത്യന്‍ തന്‍റെ യജമാനന്‍ താമസിച്ചേ വരൂ എന്ന് പറഞ്ഞ് തന്‍റെ സഹഭൃത്യന്മാരെ മര്‍ദ്ദിക്കാനും മദ്യപന്മാരോടുകൂടെ ഭക്ഷിക്കാനും പാനം ചെയ്യുവാനും തുടങ്ങിയാല്‍ പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനന്‍ വന്ന് അവനെ ശിക്ഷിക്കുകയും കപടനാട്യക്കാരുടെ കൂട്ടത്തില്‍ തള്ളുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും" (മത്താ. 24 : 45 - 51)
ഇവിടെയും ഇതുപോലുള്ള എത്രയോ വാക്യങ്ങളില്‍ നിന്നും മനുഷ്യന്‍റെ ഭൂമുഖത്തെ ഉത്തരവാദിത്വം വ്യക്തമാണ്. തന്‍റെ ഭവനത്തിലുള്ളവര്‍ക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാന്‍ യജമാനന്‍ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യന്‍ മനുഷ്യനാണ്. തന്‍റെ ഭവനവാസികള്‍ എന്നാല്‍ സര്‍വ്വസൃഷ്ടികളും അതില്‍പ്പെടും. കാരണം, പുഴു പുഴുവിന്‍റെ ധര്‍മ്മവും കാക്ക കാക്കയുടെ ധര്‍മ്മവും ചിതല്‍ ചിതലിന്‍റെ ജോലിയും കടുവ അതിന്‍റെ ജോലിയും ചെയ്യാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള, മനുഷ്യന്‍റെ സഹഭൃത്യര്‍ തന്നെയാണ്. തന്‍റെ നിലയും ധര്‍മ്മവും മറന്ന് സ്വയം യജമാനന്‍ ചമയുന്നതാണ് മനുഷ്യന്‍റെ എക്കാലത്തേയും പ്രലോഭനം. അവിടെ സഹഭൃത്യരെ പീഡിപ്പിക്കാനും മദ്യപരോടുകൂടെ തിന്നാനും കുടിക്കാനും തുടങ്ങിയാല്‍ ആപത്താണ് എന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു. 'തിന്നുകയും കുടിക്കുകയും' എന്നത് ഭോഷനായ ധനികന്‍റെ ഉപമയിലും ധനവാന്‍റെയും ലാസറിന്‍റെയും ഉപമയിലും എന്നപോലെ ഉപഭോഗപരമായ ആര്‍ഭാടജീവിതത്തിന്‍റെ - പ്രകൃതി വിരുദ്ധ ജീവനത്തെക്കുറിച്ചുള്ള - യേശുവചനങ്ങളാണ്. ഇക്കാര്യങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്തു എന്നുള്ളിടത്താണ് ഫ്രാന്‍സിസ് വ്യത്യസ്തനായത്. തിന്നുകയും കുടിക്കുകയും ആനന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍ നിന്ന് ഇറങ്ങിപ്പോയവരെയാണ് ഫ്രാന്‍സിസ് 'അസ്സീസിയില്‍ നിന്നുള്ള അനുതാപികള്‍' എന്ന പേരിട്ടുവിളിച്ചത്.
സഹജീവികളോടും സഹസൃഷ്ടികളോടുമുള്ള ഹൃദയാര്‍ദ്രതയാല്‍ ഫ്രാന്‍സിസ് ഏതോ അന്യഗ്രഹജീവിയെപ്പോലെ പെരുമാറിയെന്ന് തന്‍റെ ആദ്യജീവചരിത്രകാരനായ സെലാനോയിലെ തോമസ് എഴുതുന്നുണ്ട് (1 സെലാനോ 81).
'ജീര്‍ണ്ണതയുടെ അടിമത്വത്തില്‍നിന്ന് മോചിതരായി ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് രക്ഷപ്പെട്ടോടി പ്പോയവനെപ്പോലെയായിരുന്നു ഫ്രാന്‍സിസ്' എന്ന് അദ്ദേഹം തുടര്‍ന്ന് എഴുതുന്നുണ്ട്. സ്രഷ്ടാവിനെ ആരാധിക്കാതെ, സൃഷ്ടിയെ സ്നേഹിക്കാതെ സ്വധര്‍മ്മം പാലിക്കാതെ നാമൊക്കെ ഇന്നും 'ജീര്‍ണ്ണതയുടെ അടിമത്വത്തില്‍' തന്നെ കഴിയുകയും ചെയ്യുന്നു. ഫ്രാന്‍സിസ് ഇന്ന് തീര്‍ച്ചയായും നമുക്കേവര്‍ക്കും ഒരന്യഗ്രഹജീവി തന്നെയാണ്. നമുക്ക് കൗതുകം കൊള്ളാന്‍ മാത്രം ഉതകുന്ന ഒരന്യഗ്രഹജീവി.