ഐക്യരാഷ്ട്രസംഘടനയുടെ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള കാര്യാലയം (The Office of the United Nation High Commission for Refugees) ഈ വര്‍ഷത്തെ നാന്‍സെന്‍ അഭയാര്‍ത്ഥി പുരസ്കാര (ഒരു ലക്ഷം ഡോളറാണു സമ്മാനത്തുക)ത്തിനു തെരഞ്ഞെടുത്തിരിക്കുന്നത് ആഞ്ജെലിക് നമൈക്ക എന്ന കന്യാസ്ത്രീയെയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കു കിഴക്കുള്ള വിദൂര പ്രവിശ്യകളില്‍ ലോര്‍ഡ്സ് റെസിസ്റ്റന്‍സ് ആര്‍മിയും (LRA) മറ്റു ചില വിഭാഗങ്ങളും അഴിച്ചുവിട്ട നൃശംസതയുടെ ഇരകളായിത്തീര്‍ന്ന നൂറുകണക്കിനു സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുവരികയാണ് സി. ആഞ്ജെലിക് എന്ന കോംഗോക്കാരി. സായുധ വിപ്ലവത്തിലേര്‍പ്പെട്ടിരിക്കുന്ന എല്‍. ആര്‍. എ. തട്ടിക്കൊണ്ടുപോയി ബലാത്കാരം ചെയ്ത രണ്ടായിരത്തില്‍പ്പരം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതങ്ങളെ പുതുക്കിപ്പണിയുന്നതില്‍ അശ്രാന്ത ശ്രമത്തിലേര്‍പ്പെട്ടിരുന്ന സിസ്റ്ററിന്‍റെ ഇ Centre for Reintegration and Development എന്ന സ്ഥാപനം ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടിരിക്കുന്നു. ചെറുകിട വ്യവസായം തുടങ്ങാനാവശ്യമായ പരിശീലനം സ്ത്രീകള്‍ക്കും വിദ്യാലയങ്ങളിലേക്കു മടങ്ങിപോകാനുള്ള സഹായം പെണ്‍കുട്ടികള്‍ക്കും സിസ്റ്റര്‍ നല്കിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെയും Internal Displacement Monitoring Centre ന്‍റെയും ഒരു സംയുക്ത റിപ്പോര്‍ട്ടുപ്രകാരം കോംഗോയിലെ വടക്കുകിഴക്കുപ്രവിശ്യയില്‍ നിന്ന് 2008 മുതല്‍ ഓടിപ്പോകാന്‍ നിര്‍ബന്ധിതരായ ആളുകളുടെ എണ്ണം 3,20,000 കവിയും. സി. ആഞ്ജെലിക്തന്നെ ഇത്തരത്തില്‍ പറിച്ചെറിയപ്പെട്ട ഒരു അഭയാര്‍ത്ഥിനിയാണ്. ദുങ്കു പട്ടണത്തെ 2009 ല്‍ വിഴുങ്ങിയ അക്രമം നിമിത്തമാണ് അവര്‍ക്കു അവിടെനിന്നു പോകേണ്ടി വന്നത്.
സ്മൃതി: ബലാത്കാരത്തിനു വിധേയമായവരെ സഹായിക്കാനുള്ള നിങ്ങളുടെ ശ്രമം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്താണു നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നത്? ഇതുവരെ ചെയ്യാന്‍ കഴിഞ്ഞതിനെക്കുറിച്ചു നിങ്ങള്‍ സംതൃപ്തയാണോ? ഇപ്പോഴും പ്രവര്‍ത്തനനിരതയായിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്?
സിസ്റ്റര്‍: 2013 ലെ നാന്‍സെന്‍ അഭയാര്‍ത്ഥി പുരസ്കാരത്തിന് ഞാനര്‍ഹയാണെന്ന വാര്‍ത്ത വലിയ സന്തോഷത്തോടെയാണു കേട്ടത്. കൂട്ടത്തില്‍ അത്ഭുതവും തോന്നി. ലോകമെങ്ങും പ്രസിദ്ധമായ ഒരു പുരസ്കാരത്തിന്, ഇവിടുത്തെ സ്ത്രീകളുടെയിടയില്‍ ചെയ്യുന്ന ചെറിയ ചില കാര്യങ്ങളുടെ പേരില്‍ എങ്ങനെയാണു ഞാനര്‍ഹയാകുക? ഈ പുരസ്കാരം ലഭിക്കുന്നതോടെ ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുമെന്നു ഞാന്‍ മനസ്സിലാക്കുന്നു. അതെനിക്കു കൂടുതല്‍ സന്തോഷം നല്കുന്നു. ചിലപ്പോഴൊക്കെ എന്‍റെ ജോലിക്കിടയില്‍ വലിയ ഏകാന്തത തോന്നിയിട്ടുണ്ട്. എന്നാലും എനിക്കു പരാജയപ്പെടാന്‍ നിവൃത്തിയില്ലായിരുന്നു. എല്‍. ആര്‍. എ. യുടെ കൊടും ക്രൂരതയ്ക്കു വിധേയരാക്കപ്പെട്ട ഒരുപാടു സ്ത്രീകള്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നവരാണ്. ഈ മുറിവേറ്റ സ്ത്രീകള്‍ക്കു എല്ലാ ദിവസവും സഹായമെത്തിക്കണമായിരുന്നു. ഞാന്‍ ഒറ്റക്കാണെന്നിരിക്കിലും കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനാവശ്യമായ സംവിധാനങ്ങള്‍ ഇല്ലെന്നിരിക്കിലും എനിക്ക് ധൈര്യം നഷ്ടപ്പെട്ടുകൂടാ. ഈ സമ്മാനം കിട്ടിയതോടെ ഇനി എനിക്കുറപ്പുള്ള കാര്യം ഞങ്ങള്‍ ഒരിക്കലും ഒറ്റക്കായിരിക്കില്ല എന്നതാണ്. 2003 മുതല്‍ രണ്ടായിരത്തോളം സ്ത്രീകളെ സഹായിക്കാന്‍ പറ്റിയിട്ടുണ്ട്. 2003 ല്‍ ഞാന്‍ ദുങ്കുവിലെത്തിയപ്പോള്‍ മുതല്‍ സ്കൂളില്‍ പോകാനാകാത്ത കുട്ടികള്‍ക്ക് അതിനുവേണ്ട സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. സാക്ഷരതാ ക്ലാസുകളും തൊഴില്‍പരിശീലന കോഴ്സുകളും ബേക്കറി, പാചകം, തയ്യല്‍, കൃഷി മുതലായ പണമുണ്ടാക്കാവുന്ന മേഖലകളില്‍ നൈപുണ്യവും ഞാന്‍ അവര്‍ക്കു കൊടുത്തുപോന്നു. സ്ത്രീകള്‍ക്കു വിദ്യാഭ്യാസം കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം അവരാണല്ലോ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്. എല്‍. ആര്‍. എയുടെ ക്രൂരതകള്‍ സഹിക്കേണ്ടി വന്ന സ്ത്രീകളെ 2009 മുതല്‍ സഹായിച്ചു തുടങ്ങി. മറ്റനേകരെക്കാള്‍ ഈ സ്ത്രീകള്‍ മുറിവേറ്റവരാണെന്നും എനിക്കു മനസ്സിലായി. അവരേ സഹായിച്ചേ മതിയാകൂ എന്നു ഞാന്‍ തീരുമാനിച്ചു. ദുങ്കുവില്‍ ചെയ്തുവന്നിരുന്ന പല പരിപാടികളിലും അവരെയും ഭാഗഭാഗാക്കി; കൂടാതെ അവരുടെയിടങ്ങളില്‍ ചിലതു തുടങ്ങുകയും ചെയ്തു. ധനാഗമ മാര്‍ഗങ്ങളെക്കുറിച്ചുള്ള പരിശീലനം അവരെ ഏറെ സഹായിച്ചിട്ടുണ്ട്. വീടിനാവശ്യമായ ഭക്ഷണം വാങ്ങാനും കുട്ടികളുടെ സ്കൂള്‍ ഫീസു കൊടുക്കാനും ആരോഗ്യസംരക്ഷണത്തിനു പണം മുടക്കാനും അങ്ങനെ അവര്‍ക്കായി. അതിനുമുമ്പ്, അമ്മമാരുടെ കൈയില്‍ കാശില്ലാതിരുന്നതുകൊണ്ട് എത്രയോ കുഞ്ഞുങ്ങള്‍ മരണമടഞ്ഞിട്ടുണ്ടെന്നോ! അതിന് ഇന്നു മാറ്റം വന്നിരിക്കുന്നു. സ്ത്രീകള്‍ അതിനു സാക്ഷ്യങ്ങളാണ്. പരിശീലനങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് അവരെല്ലാം സമ്മതിക്കും. ഒരുമിച്ചു വരാനും കൂടെയിരിക്കാനും അവര്‍ക്കു വലിയ താത്പര്യമാണ്. അത്തരം കൂട്ടങ്ങളില്‍ ഞങ്ങള്‍ പാടും, തമാശപറയും, സംസാരിക്കും. അങ്ങനെ മുറിവുകള്‍ സാവധാനം ഉണങ്ങിത്തുടങ്ങി.
സ്മൃതി: വ്യക്തികളില്‍നിന്നും ഗവണ്‍മെന്‍റില്‍നിന്നും ഐക്യരാഷ്ട്രസഭയില്‍നിന്നുമൊക്കെ ഏതുതരം സഹായമാണു കിട്ടിക്കൊണ്ടിരിക്കുന്നത്? മതിയാവുന്ന അളവില്‍ ലഭിക്കുന്നുണ്ടോ സഹായങ്ങള്‍? താങ്കളുടെ പ്രവര്‍ത്തനരംഗത്തിന്‍റെ വ്യാപ്തി വിസ്തൃതമാക്കാന്‍ ഏതുതരം സഹകരണമാണു നിങ്ങള്‍ അന്വേഷിക്കുന്നത്?
സിസ്റ്റര്‍: മനുഷ്യസ്നേഹികളില്‍നിന്ന് ഒരുപാടു സഹായം ലഭിച്ചിട്ടുണ്ട്. അവരില്ലാതെ കുഞ്ഞുങ്ങള്‍ മാതാപിതാക്കളുമായി ഒരുമിക്കില്ലായിരുന്നു, സ്ത്രീകള്‍ക്ക് വളരെ അത്യാവശ്യമായി വരുന്ന ശുശ്രൂഷ ലഭിക്കില്ലായിരുന്നു. അവര്‍ നിമിത്തമാണ് അഭയാര്‍ത്ഥികള്‍ക്ക് തലക്കുമുകളില്‍ ഒരു കൂര ലഭിച്ചത്. ഇനി നമുക്കുവേണ്ടത് സ്ഥായിയായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ സ്ത്രീകളെ സഹായിക്കുന്ന കാര്യങ്ങളാണ്, കാരണം മനുഷ്യസ്നേഹികള്‍ക്ക് എപ്പോഴും സഹായവുമായി എത്താനാകില്ലല്ലോ. പണമുണ്ടാക്കാനും അങ്ങനെ സ്വന്തം കാലില്‍ നില്ക്കാനും ഞാനിപ്പോള്‍ സ്ത്രീകളെ സഹായിച്ചുവരികയാണ്. തങ്ങളുടെ കുട്ടികളെ സ്കൂളിലയയ്ക്കാനും വീട്ടിലേയ്ക്കാവശ്യമായ ഭക്ഷണം വാങ്ങാനും ചികിത്സക്കു പണം മുടക്കാനും അവര്‍ക്കു കഴിവു ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. അതു നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ അവരുടെ പീഡിതാവസ്ഥ തുടര്‍ന്നുകൊണ്ടിരിക്കും. അതിന്‍റെ ഒരു പരിണതഫലം കുട്ടികള്‍ ചികിത്സ കിട്ടാതെ മരിക്കുമെന്നതാണ്. അത് അവരുടെ പീഡിതാവസ്ഥയുടെ മുറിവുകൂട്ടും. അമ്മ പീഡിതാവസ്ഥയിലാണെങ്കില്‍ കുട്ടിയും അങ്ങനെ തന്നെയാവും.
സ്മൃതി: താങ്കളുടെ പ്രദേശത്തെ ഇപ്പോഴത്തെ സഹാചര്യം എങ്ങനെയാണ്? പ്രശ്നങ്ങള്‍ ദോഷകരമായി ബാധിച്ച കുട്ടികള്‍, സ്ത്രീകള്‍, കുടുംബങ്ങള്‍ എത്രയുണ്ട്? തങ്ങളെ കശക്കിയെറിയുന്ന പ്രശ്നങ്ങളുടെ മുമ്പില്‍ എങ്ങനെയാണ് അവര്‍ ചെറുത്തുനില്ക്കുന്നത്?
സിസ്റ്റര്‍: വടക്കു-കിഴക്കന്‍ പ്രവിശ്യയില്‍ എല്‍.ആര്‍. എ. നിമിത്തം വീടും കുടിയും നഷ്ടപ്പെട്ട 3,20,000 പേരുണ്ട്. ഇവര്‍ക്കു തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകണമെന്നുണ്ട്. പക്ഷേ അവര്‍ ഭയചകിതരാണ്. അവര്‍ക്കു സ്വജീവന്‍ സുരക്ഷിതമാണെന്നു തോന്നണമെങ്കില്‍ കോണി (എല്‍. ആര്‍. എ. യുടെ തലവനാണ് ജോസഫ് കോണി) ആയുധം താഴെവയ്ക്കണം. അന്ന് തീര്‍ച്ചയായും ജനം സന്തോഷിക്കും. കാരണം അവര്‍ക്കു വീടുകളിലേക്കു മടങ്ങാനും തങ്ങളുടെ ജീവിതം പുനരാരംഭിക്കാനുമാകും. ഇപ്പോള്‍ അവര്‍ താമസിക്കുന്ന ഇടങ്ങളില്‍ എങ്ങനെയും ജീവിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. സ്വന്തം വീടണഞ്ഞാലേ പക്ഷേ ശരിക്കും സന്തോഷിക്കാനാകൂ.
സ്മൃതി: ബലാത്സംഗത്തിനു വിധേയരാകുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത സ്ത്രീയെ സമൂഹവുമായി ഇഴുകി ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ക്ലേശകരമാണോ?
സിസ്റ്റര്‍: എല്‍. ആര്‍. എ തട്ടിക്കൊണ്ടുപോയ സ്ത്രീകള്‍ മടങ്ങിയെത്തുമ്പോള്‍ അവരുടെ സമൂഹങ്ങളില്‍ പൂര്‍ണമായും ഉള്‍ചേര്‍ന്നു ജീവിക്കാനിടയാകത്തക്കവിധത്തില്‍ കളമൊരുക്കാനും ബോധവത്കരണം നടത്താനും ഞങ്ങള്‍ ഒരുപാടു ശ്രമം ഇതിനകം നടത്തിക്കഴിഞ്ഞു. ചില സ്ത്രീകള്‍ മടങ്ങിയെത്തുമ്പോള്‍ കൂട്ടത്തില്‍ കുട്ടികളുമുണ്ടാകും. ഈ കുട്ടികളേയും തങ്ങളുടെ സമൂഹത്തിലേക്കു സ്വാഗതം ചെയ്യാനായി ഞങ്ങള്‍ ആളുകളെ ബോധ്യപ്പെടുത്തിവരുന്നുണ്ട്. ഇതിനായുള്ള പ്രചാരണവേലകളും ഞങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സ്വന്തം കാര്യം നോക്കാനുള്ള സാമ്പത്തികസ്ഥിതിയുണ്ടെങ്കില്‍ സ്വസമൂഹത്തിന്‍റെ ഭാഗമായി മാറുന്ന പ്രക്രിയ സ്ത്രീകള്‍ക്കു കൂടുതല്‍ സുഗമമായി നിവര്‍ത്തിക്കാനാകും. അതുകൊണ്ടാണ് ജീവസന്ധാരണത്തിന് ഉപയുക്തമാകുന്ന തൊഴിലുകള്‍ സ്ത്രീകള്‍ ശീലിക്കേണ്ടത് അനിവാര്യമായിത്തീരുന്നത്. സ്വയം രക്ഷപെട്ടതോ മോചിതരാക്കപ്പെട്ടതോ ആയ സ്ത്രീകള്‍ ഭുങ്കുവില്‍ എത്തുമ്പോള്‍ ചെറിയൊരു തുടക്കം കുറിക്കാനാവശ്യമായ സഹായമേ ഞാന്‍ കൊടുക്കുന്നുള്ളൂ. തുടര്‍ന്ന് അവരുടെ പരിശീലനത്തിലാണ് എന്‍റെ ശ്രദ്ധ.
സ്മൃതി: ലോകമെമ്പാടുമുള്ള പൊതുസമൂഹത്തിനു താങ്കള്‍ക്കു നല്കാനുള്ള സന്ദേശമെന്താണ്?
സിസ്റ്റര്‍: ഏതു കാര്യത്തിലേര്‍പ്പെട്ടാലും ധീരതയോടെ അതു നിര്‍വഹിക്കുക. മാര്‍ഗതടസ്സങ്ങളെ അതിജീവിക്കാനും ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമത്തില്‍ മുഴുകാനും അപ്പോഴാണു നിങ്ങള്‍ക്കാകുക. പെട്ടെന്നുള്ള പ്രയോജനങ്ങളെക്കുറിച്ചു ചിന്തിക്കാതെതന്നെ സേവനത്തിനു നാം തയ്യാറാകേണ്ടതുണ്ട്. ചെയ്യുന്ന പണിയെ ഇഷ്ടപ്പെടാനും കഠിനാദ്ധ്വാനിയാകാനും നാം ശ്രമിക്കേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ക്കപ്പുറത്തേക്കു പോകുകയെന്നതും നന്നേ പ്രധാനപ്പെട്ടതാണ്. ദൈവത്തിലും നാം ചെയ്യുന്ന കാര്യങ്ങളിലും നമുക്കു വിശ്വസിക്കേണ്ടതുണ്ട് നാം ചെയ്യുന്നതു നല്ല കാര്യമാണെങ്കില്‍, എങ്ങനെയും നാം അക്കാര്യം തുടര്‍ന്നേ മതിയാകൂ.