news-details
മറ്റുലേഖനങ്ങൾ

 

ഇനിയൊരവസരംകൂടി കിട്ടിയാല്‍

ഡോ. ജിജി ജോസഫ്

ഒരു 'ടൈറ്റാനിക് കഥ': കപ്പല്‍ മുങ്ങിത്തുടങ്ങിയപ്പോള്‍ കിട്ടിയ ലൈഫ് ബോട്ടുകളില്‍ സ്ത്രീകളും കുട്ടികളും കയറിക്കൊണ്ടിരിക്കുന്നു. പ്രാണഭയത്തോടെ അതിലൊരു സ്ത്രീ ബോട്ടിലേയ്ക്കു ചാടിക്കയറുന്നതിനിടെ ഇങ്ങനെ പറഞ്ഞു: "ഇങ്ങനെയൊക്കെ സംഭവിക്കുമെന്നു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ കുറച്ചുകൂടി നല്ല പുഢ്ഡിംഗ് കഴിച്ചേനെ!"

ആകസ്മികതയും ക്ഷണഭംഗുരതയും ജീവിതത്തിന്‍റെ അടിസ്ഥാനസ്വഭാവമാണെന്നു തിരിച്ചറിയുന്നത് എത്ര നല്ലത്. ഈ അവബോധം ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ ലാവണ്യബോധത്തോടും തീക്ഷ്ണതയോടും കൂടി ജീവിക്കാന്‍ എന്നെ പ്രാപ്തനാക്കും. ഈ തിരിച്ചറിവാണ് വീണ്ടും ഒരവസരം കിട്ടിയാല്‍ എന്‍റെ ജീവിതത്തിന്‍റെ ദിശാസൂചിക.

പ്രയോരിറ്റി ലിസ്റ്റില്‍ ആദ്യം വരുന്നതെന്തായിരിക്കും?

ബന്ധങ്ങള്‍! അതെ എല്ലാ സിദ്ധാന്തങ്ങള്‍ക്കും മീതെ നല്ല ബന്ധങ്ങള്‍. എന്നുവെച്ചാല്‍ ശരിയായ അര്‍ത്ഥത്തില്‍ സ്നേഹം എന്ന സംഗതി. ജീവിക്കേണ്ടതു ബുദ്ധികൊണ്ടല്ല ഹൃദയംകൊണ്ടാണ്. ഞാനൊന്നുമല്ലെന്ന തിരിച്ചറിവ് നൈരാശ്യത്തിനു പകരം ഉദാത്തമായ പ്രത്യാശയിലേക്കു വാതില്‍ തുറക്കുന്നു. ഹൃദയം കൂടുതല്‍ തുറക്കും. വായ് കൂടുതല്‍ തുറന്ന് എന്നെ നോക്കിയും ചുറ്റുമുള്ളവരെ നോക്കിയും ചിരിക്കും. വയല്‍പ്പൂക്കളുടെ മഹത്വം സോളമനും മേലെയാണെന്നു പ്രഘോഷിക്കും.

ടൈറ്റാനിക്കിലേക്കു വീണ്ടും: ഏതു കപ്പലും മുങ്ങും. അതുകൊണ്ട് നല്ല പുഢ്ഡിംങ്ങ് ആസ്വദിച്ച് കഴിക്കുകയും കഴിപ്പിക്കുകയും ചെയ്യുക. ടൈറ്റാനിക്കിന്‍റെ അന്തകനായ മഞ്ഞുമലയ്ക്കുമുണ്ട് ഒരു മഹത്വം. മഞ്ഞുമലയുടെ എട്ടിലൊന്നേ ജലത്തിനു മുകളില്‍ ദൃശ്യമാകുന്നുള്ളൂ. ബാക്കി ഏഴുഭാഗം താഴെയാണ്. ജീവിതത്തില്‍ ഇങ്ങനെയാണ്. ദൃശ്യമായത് നിഗൂഢമായതിലേക്ക്, കാണാത്ത കാഴ്ചകളിലേക്ക് എന്നെ ക്ഷണിക്കുന്നു. ആ ക്ഷണം എപ്പോഴും ഞാന്‍ സ്വീകരിക്കും. കേള്‍ക്കാത്ത രാഗങ്ങള്‍ക്കും കാണാത്ത കാഴ്ചകള്‍ക്കും വേണ്ടി കാതും കണ്ണും കുറേക്കൂടി തുറന്നുവയ്ക്കും. പിന്നെ: അഹം എന്ന രോഗത്തിന് ഒരു പ്രതിരോധമരുന്നു വികസിപ്പിച്ചെടുക്കണമെന്നൊരു ആഗ്രഹമുണ്ട്. എനിക്കും സഹജീവികള്‍ക്കും വേണ്ടി. നടപ്പില്ലെന്നറിയാം. എങ്കിലും ആശിക്കുന്നതില്‍ തെറ്റില്ലല്ലോ.

 

 

വരുംജന്മ സ്വപ്നം

മാത്യുപ്രാല്‍

 


ജന്മാന്തരങ്ങളിലെ അനുസ്യൂതതയിലൂടെ ഒരിടവേളനിയോഗമാണോ ഈ ജന്മം? ഈ ജന്മാനന്തരം മറ്റൊരു ജന്മമാണോ നമ്മെ കാത്തിരിക്കുന്നത്? അതോ ദുരിതങ്ങളൊടുങ്ങി മനസ്സിനു പരിപാകം വന്നു സുകൃതം ചെയ്ത് മേല്പോട്ടുപ്പോയി സ്വര്‍ഗ്ഗത്തിലിരുന്നു അനാദ്യന്തം സുഖിക്കാന്‍ പോകയാണോ? "ഇന്നലെയോളമെന്തെന്നറിഞ്ഞീലാ, ഇനി  നാളെയുമെന്തന്നറിഞ്ഞീലാ." എല്ലാം ഈശ്വരവിലാസങ്ങള്‍.

ഈ ജന്മശേഷം മറ്റൊരു മനുഷ്യജന്മമാണു എനിക്കു വിധിച്ചതെങ്കില്‍, എങ്കില്‍ എന്‍റെയാ ജീവിതം ഞാനെങ്ങനെയാവും ചെലവഴിക്കുക. എന്‍റെ നിയന്ത്രണത്തിലാണോ ആ ജന്മവും കാലവും. കര്‍മ്മം കൊണ്ടുള്ള ഒരു ഒത്തുകളിയല്ലേ ഓരോ ജന്മവും. കര്‍മ്മപാശത്തെ ലംഘിക്കയെന്നതു ബ്രഹ്മാവിനുമെളുതല്ല നിര്‍ണ്ണയം എന്നല്ലേ ജ്ഞാനം.

എങ്കിലും വരും ജന്മം തന്നിഷ്ടപ്രകാരം ജീവിക്കാന്‍ ഞാന്‍ തീരുമാനിക്കുമ്പോള്‍, നിലവിലുള്ള ജന്മത്തില്‍ നിന്നു എന്തു മാറ്റമാണു വരുത്തേണ്ടത്. എന്തായാലും ഈ ജന്മത്തിലെ ചില നല്ല കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. കുടുംബസൗഭാഗ്യം, ഭക്ഷണരുചി, വായന, എഴുത്ത്, യാത്ര എന്നിങ്ങനെ. ഈ ജന്മത്തില്‍ എന്നെ പിടികൂടിയിട്ടുള്ള ആലസ്യവും അതോടൊപ്പമുള്ള നിഷ്ക്രിയത്വവും ഞാന്‍ മറികടക്കും. കുടുംബജീവിതത്തെ കുറെക്കൂടി പുതുക്കിപ്പണിഞ്ഞു ആനന്ദമാക്കും. 'കാരമസോവ് സഹോദരന്മാര്‍' വീണ്ടും വായിക്കും. കസാന്‍ദ്സാക്കിനെയും ഖലില്‍ജിബ്രാനെയും കൂടെക്കൂട്ടും. ഷേക്സ്പീയറെയും കാളിദാസനെയും അഗാധമായി അറിയും. കോളറാക്കാലത്തെ പ്രണയത്തെ വെല്ലുന്ന ഒരു പ്രണയകഥ എഴുതും. യൗവനത്തില്‍ അതിനായി ഒരു തീഷ്ണപ്രണയാനുഭവത്തിലൂടെ കടന്നുപോകും. കൈലാസമുടിയില്‍ കുറച്ചുകാലം തപം ചെയ്യും. അന്‍റാര്‍ട്ടിക്കയില്‍ കുടില്‍കെട്ടി ഒരു മാസം താമസിക്കും. സഹാറ മരുഭൂമിയിലൂടെ ഒരു ദീര്‍ഘസഞ്ചാരം നടത്തും. ഗ്രീസിലെ മൗണ്ട് ആതോസിലെ പുരാതന ആശ്രമത്തില്‍ കുറെക്കാലം അന്തേവാസിയാകും. മുഹമ്മദ് റാഫിയിലെ ഗായകനെ എന്നിലേയ്ക്കു ആവാഹിച്ചു ഞാന്‍ പാടിപ്പാടി ലയിക്കും:  ‘I become a child again to enable myself to view the world always for the first time, with virgin eyes.’
 


സ്വപ്നം

ഷീന സാലസ്

 


"പിന്നിലേക്കു തിരിച്ചുപോയി പുതുതായി ഒന്നുകൂടി തുടങ്ങിയാല്‍ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായിരിക്കും?" എന്ന ചോദ്യം കേട്ടനാള്‍ തൊട്ട് ഒരു തീനാളമായി മനസ്സിലിരുന്ന് പുകയുന്നുണ്ട്. ഒരല്പം കുറ്റബോധം തിങ്ങിയ പുകച്ചില്‍! ചോദ്യത്തിന് പിന്നിലെ മനസ്സില്‍ തെളിഞ്ഞ ഒരുത്തരം ഉണ്ടായിരുന്നു. ഇത്രനാള്‍ അതുംകൊണ്ട് നടന്നിട്ടും പുതുതായി ഒന്നും ഇനി പറയാനില്ല; ശിഥിലബാല്യങ്ങളുടെ കണക്കുപട്ടികകള്‍ തീര്‍ക്കുന്ന പെരുക്കങ്ങളും പച്ചയെല്ലാം ചുട്ടെരിക്കപ്പെടുന്ന ഭൂമിയുടെ ആത്മതാപത്തിന്‍റെ ചൂടും അല്ലാതെ....

ഈ കൊച്ചു കുടുംബത്തിന്‍റെയുള്ളില്‍ സന്തോഷത്തിന്‍റെ പൂര്‍ണ്ണത കണ്ടെത്താനാവുന്നില്ലേ എന്നൊരു ഉലച്ചിലുണ്ട്. എന്‍റെ സംവേദനതലങ്ങളെല്ലാം എന്തുകൊണ്ടോ അങ്ങിനെയാണ് രൂപപ്പെട്ടിരിക്കുന്നത്. പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയും സ്വന്തം സ്വത്വത്തെ തിരിച്ചറിയാനോ സ്വയമൊന്ന് അടയാളപ്പെടുത്താനോ കഴിയാതെ മാഞ്ഞുപോകുന്ന സ്ത്രീ ജീവിതങ്ങള്‍ക്കുവേണ്ടിയും പുതിയ ജീവിതം നീക്കിവെക്കാനായി ഒരുപക്ഷേ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിച്ചേക്കും. അതുപോലെതന്നെ നമ്മുടെ പ്രകൃതിയോട് അങ്ങേയറ്റം നീതി പുലര്‍ത്തിക്കൊണ്ടുള്ള ജീവിതം കൂടിയായിരിക്കുമത്. ഒരു കൊച്ചരുവിയുടെ യാത്രപോലും വിഘ്നപ്പെടുത്തരുതെന്നും ഒരു മരം നശിപ്പിക്കപ്പെട്ടാല്‍ മറ്റൊന്ന് നടാനുള്ള അനുതാപം വേണമെന്നും പാറപൊട്ടിച്ചും മലകള്‍ നിരത്തിയും ആവശ്യത്തിലേറെ കെട്ടിടങ്ങള്‍ പണിതുമൊക്കെ ഭൂമിയുടെ നെഞ്ച് തല്ലിപ്പിളര്‍ക്കരുതെന്നുമുള്ള ഒരു സന്ദേശയാത്രയായ ജീവിതം. തീര്‍ത്തും ലളിതമായും പ്രപഞ്ചത്തിന്‍റെ സൂക്ഷ്മതകളില്‍ ഒരു പോറല്‍പോലും ഏല്‍പ്പിക്കാത്തവണ്ണം സ്വച്ഛന്ദമായും ജീവിക്കണം. അങ്ങനെ അരികിലുള്ളവര്‍ക്കായി എന്നെത്തന്നെ രേഖപ്പെടുത്തി മുന്നോട്ടു പോകണം. അവിടെ നില്‍ക്കുമ്പോള്‍ മനസ്സ് ഇങ്ങനെ പറഞ്ഞേക്കും:

മുന്‍പിലെന്താണെന്ന് ഞാനറിഞ്ഞിട്ടില്ല
കാരണം ഞാനൊന്നും കണ്ടിട്ടില്ല
അത് മരണമോ ജീവിതമോ ആയിരിക്കാം
പക്ഷേ കാലടികള്‍ ഇനി പിന്നിലേയ്ക്കില്ല
ഒരു പുല്‍ച്ചെടിപോലും നോവരുത്
ഒരു പൈതല്‍പോലും വിതുമ്പരുത്
അതിന് ഈ ഹൃദയംകൂടി മിടിക്കണമെങ്കില്‍
ഞാനെന്തിനു മാറി നടക്കണം?

You can share this post!

സൂക്ഷ്മത

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts