ചിലരുടെ സ്ഥിതമാനസം നമ്മുടെ അസ്ഥിരമനസ്സുകളെ വല്ലാതെ അതിശയിപ്പിക്കുന്നുണ്ട് ഈ സഹയാത്രയില്‍. പൗലോസ് ആയിത്തീര്‍ന്ന സാവൂളിനെ നോക്കുക. മഹാഗുരുവായ ഗമാലിയേല്‍ പാഠമോതിക്കൊടുത്തവന്‍. എന്നാല്‍ ദമാസ്ക്കസിന്‍റെ പടിവാതിലില്‍ കൊഴിഞ്ഞു വീണ അറിവിന്‍റെ ഭാരമുള്‍പ്പെടെ പിമ്പിലുള്ള സകലവും മറന്ന് മുന്നോട്ടാഞ്ഞ് ലക്ഷ്യത്തിലേക്കോടിയ വിരുതനായ ഓട്ടക്കാരന്‍. നാടുവാഴികളെ ഭ്രമിപ്പിച്ച പ്രഭാഷകന്‍. നന്മയാല്‍ തിന്മയെ ജയിക്കണമെന്ന് ശഠിച്ചവന്‍. ചീര്‍പ്പിക്കുന്ന അറിവില്‍ നിന്നും ചിരകാല സ്നേഹത്തിലേക്കുള്ള ഒരു പരിണാമഗതിയില്‍ അയാള്‍ നേരിട്ട അനുഭവങ്ങള്‍ വ്യത്യസ്തങ്ങളാണ്. രണ്ട് എക്സ്ട്രീം എക്സ്പീരിയന്‍സുകള്‍ നോക്കുക. ആദ്യത്തേത് ലുസ്ത്രയിലാണ്. അമ്മയുടെ ഗര്‍ഭം മുതല്‍ മുടന്തനായിരുന്ന ഒരുവനെ പൗലോസ് അവിടെ സുഖപ്പെടുത്തുന്നു. ജനമെല്ലാം അപ്പോള്‍ ആര്‍ത്ത് വിളിക്കുന്നു. ഇതാ ദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങി വന്നിരിക്കുന്നു. ബര്‍ണബാസിനെ ഇന്ദ്രന്‍ എന്നും പൗലോസിനെ ബുധന്‍ എന്നും വിളിച്ച് വണക്കം തുടങ്ങുന്നു. പൗലോസ് അപ്പോള്‍ കരയുകയാണ്. ഞങ്ങള്‍ നിങ്ങളോട് സമസ്വഭാവമുള്ള മനുഷ്യര്‍ എന്നുറക്കെ വിളിച്ച് അവന്‍ ആ പുകഴ്ചയില്‍ നിന്ന് വഴുതി മാറുന്നു. രണ്ടാമത് അഥേനയിലാണ്. ആതന്‍സിലെ സംഭാഷണത്തിനിടയില്‍ എപ്പിക്കൂറിയന്മാരും സ്റ്റോയിക്കുകാരുമായ തത്വജ്ഞാനികളില്‍ ചിലര്‍ അവനെ 'വിടുവായന്‍' എന്നു വിളിക്കുന്നു. അധിക്ഷേപങ്ങളില്‍ തളരാതെ അയാള്‍ തന്‍റെ ബോധ്യങ്ങള്‍ പങ്കുവെയ്ക്കുന്നു. പരിഹാസങ്ങള്‍ക്കൊടുവില്‍ അവന്‍ അഥേന വിട്ട് കൊരിന്തിലേക്ക് പോകുന്നു. നോക്കുക, മാനാപമാനങ്ങള്‍ക്കിടയില്‍ സ്ഥിതപ്രഞ്ജനാകുന്ന ശിഷ്യന്‍. പുകഴ്ത്തലോ ഇകഴ്ത്തലോ അയാളെ ബാധിക്കുന്നതേയില്ല. ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരുന്നില്ല. കൊരിന്തില്‍ പ്രസംഗിക്കുന്നതെല്ലാം ക്രിസ്തുവിന്‍റെ ക്രൂശിനെക്കുറിച്ചാണ്. യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിന് യേശുവിന്‍റെ മരണം എപ്പോഴും വഹിക്കുന്നുവെന്നാണ്. ഇങ്ങനെ നിരന്തരം ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടെ ക്രൂശിക്കുന്ന ക്രിസ്തുശിഷ്യമാനസത്തിലേക്കുണരാന്‍ ഇനിയുമെത്ര കാതം താണ്ടണം. ഇനിയുമെത്ര അഹന്തയൊടുങ്ങിയ മരണം എന്നില്‍...! ഒരു പക്ഷെ നിന്നിലും!