വിഷാദരോഗ (depression)-ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (Bipolar disorder) ത്തിനും മരുന്നില്ലാ പ്രതിവിധിയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് രൂപം നല്‍കിയ മനോനില ചിത്രണം (Mood Mapping) തുടരുന്നു. പതിനാല് ദിവസത്തെ ചികിത്സാപദ്ധതിയുടെ എട്ടാം ദിനം ബന്ധങ്ങള്‍ക്ക് മനോനില-(Mood)യിലുള്ള പ്രാധാന്യത്തെപ്പറ്റി വിവരിക്കുന്നു.
മനോനില-(Mood)യാണ് പ്രാഥമിക ആശയവിനിമയം. അതു വാക്കുകളെയല്ല ചോദന(Instinct)-കളെയാണ് ആശ്രയിക്കുക. ബന്ധങ്ങള്‍ക്ക് നിങ്ങളുടെ മനോനിലയെ പ്രസാദാത്മകമായും നിഷേധാത്മകമായും സ്വാധീനിക്കാന്‍ കഴിയും. ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം അടുപ്പമുണ്ടോ നിങ്ങളുടെ മനോനിലയെ സ്വാധീനിക്കാനുള്ള അയാളുടെ സാധ്യത അത്ര കൂടുതലായിരിക്കും. വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന ബന്ധങ്ങളില്‍ ഇരുവരുടെയും മനോനില പരസ്പരം മനസ്സിലാക്കാനുള്ള കഴിവ് രൂപപ്പെട്ടിട്ടുണ്ടാകും. അതനുസരിച്ച് ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ അതുവഴി അവര്‍ക്ക് സാധിക്കും. ആശ്രയിക്കാവുന്ന ബന്ധങ്ങള്‍ നമുക്കെല്ലാം ആവശ്യമാണ്. നമ്മെ അലോസരപ്പെടുത്തുന്നത്, വിഷമിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിവുള്ള ബന്ധങ്ങള്‍.
നമ്മുടെ മനോനിലയെ പ്രസാദാത്മകമാക്കാന്‍ പ്രാപ്തിയുള്ള ബന്ധങ്ങള്‍
നല്ല ബന്ധത്തിന് നിങ്ങളുടെ മനോനിലയെ സംരക്ഷിക്കാന്‍ കഴിയും. അതു ചഞ്ചലമാകാതെ സ്ഥൈര്യം പകരാന്‍ കഴിയും. നിങ്ങളുമായി അടുത്ത ആളുകള്‍ക്കു നിങ്ങളെ സംരക്ഷിക്കുന്നതിനും നിങ്ങളുടെ പ്രസാദാത്മകത ഉറപ്പുവരുത്തുന്നതിനും കടമയുണ്ട്. നിങ്ങളുടെ മനോനിലയില്‍ അവര്‍ക്ക് നാടകീയമാം വിധം സ്വാധീനമുണ്ട്. അത് അവര്‍ക്കു വലിയ അധികാരം നല്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ അടുത്ത ആളുകള്‍, അത് പങ്കാളിയാവട്ടെ, മക്കളാവട്ടെ, സുഹൃത്തുക്കളാവട്ടെ, സഹപ്രവര്‍ത്തകരാവട്ടെ ആ അധികാരം ദുരുപയോഗം ചെയ്യുമ്പോള്‍ അതിവിനാശകരമായ പ്രത്യാഘാതമുണ്ടാകുന്നു. നിങ്ങളെ ബഹുമാനിക്കാത്ത, നിങ്ങള്‍ക്ക് വിശ്വസിക്കാനാകാത്ത ഒരാളുമായുള്ള ബന്ധത്തോളം മറ്റൊന്നുമില്ല നിങ്ങളുടെ മാനസികാരോഗ്യത്തിന് വിനാശകരമായി. ആരോഗ്യകരവും സ്ഥിരവുമായ മനോനിലയ്ക്ക് പിന്തുണയാകുന്നതിനു പകരം ഇത്തരം ബന്ധങ്ങള്‍ നിങ്ങളുടെ മനോനിലയെ തകര്‍ത്ത് ആത്മവിശ്വാസത്തിന്‍റെ അടിത്തറയിളക്കുന്നു. വഷളായ ബന്ധങ്ങള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും സമ്മാനിക്കുന്നു. അത് ആരോഗ്യകരമായ മനോനിലയെയും തകര്‍ത്തുകളയുന്നു.
വൈകാരിക വിവേകം വളര്‍ത്തുന്നതു വിനാശകരമായ ബന്ധങ്ങളില്‍നിന്ന് ഒരു പരിധിവരെ നിങ്ങളെ കാക്കും. പതിറ്റാണ്ടുകളായി പഠനവും ഗവേഷണവും നടക്കുന്ന ശാസ്ത്രശാഖയാണ് വൈകാരികവിവേകം(Emotional Intelligence) അപരനോടും അവനവനോടുമുള്ള ബന്ധം പരമാവധി പ്രസാദാത്മകവും ക്രിയാത്മകവും ആക്കാനുള്ള കഴിവെന്ന് വൈകാരിക വിവേകത്തെ വിശേഷിപ്പിക്കാം. പരസ്പരബഹുമാനവും ഫലപ്രദമായ ആശയവിനിമയശേഷിയുമാണ് അതിന്‍റെ താക്കോല്‍. ആളുകള്‍ പരസ്പരം ഇടപഴകുമ്പോള്‍ ആ കൂടിച്ചേരല്‍ ഓരോരുത്തര്‍ക്കും പരമാവധി പ്രയോജനപ്രദമായിരിക്കണം എന്നതാവണം അതിന്‍റെ ലക്ഷ്യം. വൈകാരിക വിവേകത്തിന്‍റെ അഭാവമാണ് പല ബന്ധങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണം. ഭാഗ്യവശാല്‍ വൈകാരിക വിവേകം വളര്‍ത്തിയെടുക്കാനുള്ള കാലം കഴിഞ്ഞിട്ടില്ല. അതു നിങ്ങളെ വൈകാരികമായി പക്വമായ ബന്ധങ്ങളിലേക്കു നയിക്കും. നിങ്ങളുടെ മനോനിലയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും.
മുഷ്കരായ മനുഷ്യര്‍
മനുഷ്യജീവിതത്തിലെ ഏറ്റം പ്രശ്നഭരിതമായ മേഖലയാണ് ബന്ധങ്ങള്‍. ബന്ധങ്ങളുടെ മധ്യേയുണ്ടാകാവുന്ന വിള്ളലുകളെക്കുറിച്ചോര്‍ത്താല്‍ നാമൊക്കെ ഇപ്പോഴും പരസ്പരം സംസാരിക്കുന്നുണ്ട് എന്നതുതന്നെ ഒരത്ഭുതമായി തോന്നാം. വംശീയവും വര്‍ഗീയവും ദേശീയവുമായ വേര്‍തിരിവുകളുടെ ലോകത്ത് പരിഹാസവും നിന്ദയും മാത്രമാണ് കൈമാറപ്പെടുന്നതെന്നു തോന്നും. ആജ്ഞാശക്തിയും വാഗ്വിലാസവുമുള്ള ആളുകള്‍ ആത്മവിശ്വാസം കുറവുള്ള അന്തര്‍മുഖരായ ആളുകളെ പരിഹസിച്ച് അടിച്ചിരുത്തുക പതിവാണ്. എല്ലാവരും പരിഹാസത്തെ ഭയപ്പെടുന്നു. എന്നാല്‍ പരിഹാസത്തിന് ഇരയായ ആള്‍ ഒഴികെ എല്ലാവരും പരിഹാസം ആസ്വദിക്കുന്നു. സാമൂഹികമായി അസ്വീകാര്യമായ പെരുമാറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ അസാമാന്യമായ കഴിവ് കൂടിയേ തീരൂ. ശാരീരികമായ പീഡനങ്ങള്‍ സമൂഹത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാനസികപീഡനങ്ങള്‍ -പരിഹാസം, നിന്ദ, ദ്വേഷം - നാം തന്നെ കൈകാര്യം ചെയ്തേ മതിയാകൂ എന്ന അവസ്ഥയാണ്.
പരിഹാസത്തിനും ദ്വേഷത്തിനും ഇരയാകുന്നവരില്‍ പലരിലും തങ്ങളെന്തോ തെറ്റു ചെയ്തു എന്ന തോന്നലാണ് ആദ്യമുണ്ടാകുക. ആക്രമണത്തിന് ഇരയാകാന്‍ തക്കവിധം എന്തോ തെറ്റ് അതു പരിഹാസത്തെ, ദ്വേഷത്തെ ന്യായീകരിക്കുന്നു. അതു പരിഹസിക്കുന്നവര്‍ക്ക് ധൈര്യം പകരുന്നു. അതവരെ കൂടുതല്‍ ആക്രമണത്തിന് കരുത്തു പകരുന്നു.
നമുക്കു ചുറ്റും എന്താണ് നടക്കുന്നതെന്നു സംബന്ധിച്ച് ബോധ്യമുണ്ടാവുക എന്നതാണ് ഈ വക പീഡനത്തില്‍നിന്ന് രക്ഷപെടാനുള്ള ആദ്യമാര്‍ഗം. ഒരുകാലത്ത് ഞാന്‍ ജോലിചെയ്തിരുന്ന കമ്പനിയുടെ മാനേജര്‍ അലിവും ചിന്താശേഷിയും ജീവനക്കാരോട് കരുതലും ഉള്ളയാളാണെന്ന് ഞാന്‍ കരുതിയിരുന്നു. ഒരിക്കലൊരു ജീവനക്കാരനോട് അവര്‍ ഫോണില്‍ സംസാരിക്കുന്നതു കേള്‍ക്കുന്നതുവരെ എന്‍റെ ധാരണ അതായിരുന്നു. ഒരാളെ കുറ്റപ്പെടുത്താവുന്നതിന്‍റെ, നിന്ദിക്കാവുന്നതിന്‍റെ പരമാവധിയായിരുന്നു അവരുടെ വാക്കുകള്‍. എല്ലാവര്‍ക്കും ജോലിസമ്മര്‍ദ്ദങ്ങളുണ്ട്. പക്ഷേ ഒരാളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് അല്‍പവും ന്യായമല്ല.
ഈ ആക്രമണം വ്യക്തിപരമല്ലെന്ന് അല്പം മനസ്സിരുത്തി മനസ്സിലാക്കുകയാണ് അടുത്തപടി. അതു വ്യക്തിപരമായി അനുഭവപ്പെടാം, അതു വ്യക്തിപരമാണെന്നു തോന്നാം. വ്യക്തിപരമാണെന്നു തന്നെയാവും അതിന്‍റെ സൂചനയും. പക്ഷേ അതു പരിഹസിച്ചവരുടെ, നിന്ദിച്ചവരുടെ, അക്രമിച്ചവരുടെ, വ്യക്തിത്വത്തിന്‍റെ, സ്വഭാവത്തിന്‍റെ, പെരുമാറ്റത്തിന്‍റെ പ്രതിഫലനമാണ്. അവരുടെ വൈകല്യമാണ്. നിങ്ങളുടെയല്ല. നിങ്ങള്‍ അവരുടെ ഇരയായി എന്നേയുള്ളൂ. വൈകാരികവിവേകം വളര്‍ത്തുന്നതിലൂടെ ഇത്തരം ആളുകളെ, സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ അനായാസം നിങ്ങള്‍ക്ക് സാധിക്കും.
കാര്യങ്ങള്‍ വഷളാവുന്നതിന്‍റെ സൂചനകള്‍ സംബന്ധിച്ച് മനോനില ചിത്രണം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. നിങ്ങളുടെ ബോധമനസ്സ് അറിയുംമുന്‍പേ വിഷമസന്ധികള്‍ നിങ്ങളുടെ മനോനില പിടിച്ചെടുക്കും. പ്രശ്നത്തെക്കുറിച്ച് മനസ്സ് മുന്നേ ബോധ്യപ്പെട്ടാല്‍ കാര്യങ്ങള്‍ കൈവിടുന്നതിനു മുന്നേ മനോനിലനിയന്ത്രണം സാധ്യമാകാം. ചില കാര്യങ്ങള്‍ ശരിയായി തോന്നുന്നില്ലെങ്കില്‍ മനോനില രേഖപ്പെടുത്താന്‍ സമയമായി എന്നര്‍ത്ഥം. നിങ്ങളുടെ മനോനില എന്തെന്നു മനസ്സുകൊണ്ടു തന്നെ മനസ്സിലാക്കണം എന്ന ബുദ്ധിമുട്ടേയുള്ളു. പരിശീലനം കൊണ്ട് അതു നിങ്ങള്‍ക്കു സാധ്യമാകും. അതു നിങ്ങളെ വൈകാരിക വിക്ഷോഭങ്ങളില്‍ നിന്നും നിഷേധാത്മക മനോനിലകളില്‍നിന്നും രക്ഷിക്കും.
(തുടരും)