news-details
മറ്റുലേഖനങ്ങൾ

വലിച്ചെറിയൂ കുപ്പി

എട്ടംഗങ്ങളുള്ള ഒരു പാവപ്പെട്ട വീട്ടില്‍ ജനനം, മൂന്നാംക്ലാസുവരെ ഗവണ്‍മെന്‍റ് സ്കൂളില്‍ പഠനം, പതിമൂന്നാം വയസ്സില്‍ മാസമുറ തുടങ്ങിയതോടെ സ്കൂളില്‍നിന്നു വിടുതല്‍, പതിനാലാംവയസ്സില്‍ ഒരു കൂലിപ്പണിക്കാരനുമൊത്തു വിവാഹം, പതിനഞ്ചാംവയസ്സില്‍ ഒന്നാംകുട്ടി, പതിനാറാം വയസ്സില്‍ രണ്ടാം കുട്ടി, പതിനേഴാം വയസ്സില്‍ മൂന്നാംകുട്ടി, മദ്യപാനിയായിത്തീര്‍ന്ന ഭര്‍ത്താവിന്‍റെ സ്ഥിരം താഡനം നിമിത്തം പതിനെട്ടാം വയസ്സില്‍ തലയിലും മുഖത്തും കുത്തിക്കെട്ടുകള്‍, പത്തൊമ്പതാം വയസ്സില്‍ വൈധവ്യം, ഇരുപതാം വയസ്സില്‍ വീട്ടുപണിക്കാരിയായി തുടക്കം, രാവിലെ മുതല്‍ വൈകുന്നേരം വരെ പല വീടുകളില്‍ പണിയെടുത്ത് കിട്ടുന്ന തുച്ഛമായ ശമ്പളംകൊണ്ട് കുട്ടികളെ പോറ്റി ഇരുപത്തൊന്നാം വയസ്സിലും അവള്‍...

നിങ്ങളുടെ വീട്ടിലെ ജോലിക്കാരിയുടെയും കഥ സംക്ഷിപ്തരൂപത്തില്‍ ഇതുതന്നെയാകാനാണു സാധ്യത. മൂന്നു സംസ്ഥാനങ്ങളില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം വീട്ടുപണിക്കായി വന്ന സ്ത്രീകളുടെ കഥ ഇതുതന്നെയായിരുന്നു. കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ പുതിയൊരു സ്ഥലത്തേക്കു താമസം മാറ്റി. സാധനങ്ങളെല്ലാം അടുക്കിപെറുക്കി വച്ചുകൊണ്ടിരുന്നപ്പോള്‍ വീട്ടുപണിക്ക് ആളെ ആവശ്യമുണ്ടോയെന്ന് അന്വേഷിച്ച് ഒരുവള്‍ വീട്ടുവാതില്ക്കലെത്തി. വേദന ജനിപ്പിക്കുന്നതായിരുന്നു അവളുടെ രൂപം. മെലിഞ്ഞു ദയനീയമായി അവള്‍ കാണപ്പെട്ടു. നേരിയ ഒരു വടിപോലെ ചെറിയ ദേഹം അസ്ഥികൂടത്തെ ചര്‍മ്മം കൊണ്ടു പൊതിഞ്ഞതുപോലെ. ജോലി ചെയ്യാന്‍ മാത്രം പ്രാപ്തിയുള്ള ഒരാളായി അവളെക്കുറിച്ചു തോന്നിയതേയില്ല.

എന്നാലും ഞാന്‍ അവളെ ജോലിക്കെടുത്തു. അങ്ങനെ ദൈനംദിന ജോലികളില്‍ അവള്‍ സഹായിച്ചു വന്നു. ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് അവളുടെ കുടിയനായ ഭര്‍ത്താവ് ഒരുദിവസം അവളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. അന്നുമുതല്‍ അവള്‍ തന്‍റെ കുട്ടികളെ നോക്കുന്നു. ഒരു ദിവസം തന്നെ മാറി മാറി നാലു വീടുകളില്‍ പണിയെടുക്കുന്നു; കൂടാതെ അവളുടെ ഭര്‍ത്താവിന് എന്തെങ്കിലും പറ്റിയിരിക്കുമോ എന്ന നിതാന്തമായ ആകാംക്ഷയില്‍ ഓരോ നിമിഷവും ചെലവിടുന്നു. അയാളെ ജീവനോടെയോ അല്ലാതെയോ കണ്ടെത്തുന്ന നാള്‍വരെ ഈ ആകാംക്ഷയ്ക്ക് ഒരറുതി ഉണ്ടാകില്ലല്ലോ.

അവള്‍ക്ക് അവളുടേതെന്ന് മേനി നടിക്കാന്‍ ഒന്നുമില്ല. ബിരുദമില്ല, ............, സ്വഭവനമില്ല, ജോലിയുടെ സുരക്ഷിതത്വമില്ല, അവധിയില്ല... ഇല്ല, ഇല്ല, ഒന്നുമില്ല. സ്വാതന്ത്ര്യത്തിന്‍റെ പ്രതിമ അവള്‍ കണ്ടിട്ടില്ല, എറിക് ബ്ലൈട്ടനെക്കുറിച്ച് കേള്‍ക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ല, ഒരു കാറില്‍ സഞ്ചരിച്ചിട്ടില്ല, ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ കയറിയിട്ടില്ല..

"ഒരു പുസ്തകത്തെ അതിന്‍റെ പുറംചട്ട കണ്ടു മാത്രം വിലയിരുത്തരുത്" എന്ന ചൊല്ലു കേട്ടിട്ടില്ലേ? അതിന് ഉത്തമ ദൃഷ്ടാന്തമാണ് അവള്‍. ആദ്യദിവസം മുതല്‍ ഇന്നോളം വളരെ സത്യസന്ധതയുള്ളവള്‍ ആയിരുന്നവള്‍; ഒപ്പം വീട്ടു ജോലിയുടെ കാര്യത്തില്‍ കാര്യപ്രാപ്തിയും അറിവും ഉണ്ടായിരുന്നു. ഇതു വെറുതെ പറയുന്നതല്ല. കിറുകൃത്യം സമയത്ത് എന്നും അവള്‍ ജോലിക്കു വരും. ഞാന്‍ നിരീക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ എല്ലാ പണികളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ ചെയ്യും.

തന്‍റെ കുട്ടികള്‍ വളരുകയാണ്, ഒപ്പം അവരുടെ ആവശ്യങ്ങളും ഏറുകയാണ്. അവയൊക്കെ സാധിച്ചു കൊടുക്കാന്‍ തനിക്കു കുറച്ചുകൂടി പൈസയുടെ ആവശ്യമുണ്ട്. അതുകൊണ്ട് ചെയ്തുതീര്‍ക്കാന്‍ കുറച്ചുകൂടി ജോലികള്‍ തരാമോ എന്നവള്‍ കഴിഞ്ഞമാസം ചോദിച്ചു. ശമ്പളം കൂട്ടികൊടുക്കാന്‍ എനിക്കൊരു വിഷമവുമില്ലായിരുന്നു; എന്നാല്‍ അവളുടെ മറുപടി എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു: പഴയ പണി തുടര്‍ന്നാല്‍ തനിക്കു പഴയ ശമ്പളം മതി. കൂടുതല്‍ ശമ്പളം ലഭിക്കാന്‍ കൂടുതല്‍ പണിയാണു വേണ്ടത്. ഒടുക്കം ഞാന്‍ മറ്റൊരാള്‍ ചെയ്തുതന്നിരുന്ന ഒരു ജോലി അവളെ ഏല്പിക്കാന്‍ തീരുമാനിച്ചു. പക്ഷേ, അത് അയാളുടെ ജോലി ഇല്ലാതാക്കും എന്നതുകൊണ്ട് അവള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു!

ഇവള്‍ക്കു തന്‍റെ പഠനം തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍, കുറച്ചുകൂടി പ്രായമായ ശേഷം മാത്രം കല്ല്യാണം കഴിച്ചിരുന്നെങ്കില്‍ ഇവള്‍ ആരായിത്തീരുമായിരുന്നില്ല! എവിടെയാണു കാര്യങ്ങള്‍ പിഴച്ചതെന്നു അവളോടു ചോദിച്ചാല്‍ മറുപടി ഇതാണ്: "ഞങ്ങളുടെ എല്ലാ നാശത്തിനും കാരണം കുപ്പിയാണ്. ഞങ്ങള്‍ സന്തുഷ്ടരായിരുന്നു; അദ്ദേഹം കുടി തുടങ്ങിയതോടെ എല്ലാം താറുമാറായി."

ഇത് ആര്‍ക്കാണു സമ്മതിക്കാതിരിക്കാന്‍ ആവുക? ഇന്ത്യയിലെ എത്ര വീടുകളാണു മദ്യപാനം നിമിത്തം കുട്ടിച്ചോറാകുന്നത്! റോട്ടിലെ മിക്ക അപകടങ്ങളുടെയും പല കുറ്റകൃത്യങ്ങളുടെയും മൂലകാരണം അന്വേഷിച്ചാല്‍ എത്തിനില്‍ക്കുന്നത് മദ്യപാനത്തിലായിരിക്കും. തങ്ങള്‍ തികഞ്ഞ മദ്യപന്മാരല്ലെന്നും എല്ലാം 'നിയന്ത്രണവിധേയമാണെ'ന്നും വീമ്പിളക്കുന്ന എത്രയോ മനുഷ്യരെ നാം കണ്ടുമുട്ടുന്നുണ്ട്. പക്ഷേ സത്യത്തില്‍ സംഭവിക്കുന്നത് എന്താണ്? ഹോസ്റ്റലിലെ ഒരു ചെറിയ ബിയര്‍ പാര്‍ട്ടിയോ, ഓഫീസിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു സോഷ്യല്‍ ഡ്രിങ്കിങ്ങോ ഒടുക്കം ഒരാളെ എത്തിക്കുന്നത് തികഞ്ഞ മദ്യപാനത്തിലേക്കാണ്. അതിനെ തുടര്‍ന്ന് വീട് ശിഥിലമായിത്തുടങ്ങുന്നു, സമാധാനം നഷ്ടപ്പെട്ടു തുടങ്ങുന്നു. മദ്യപനായ ഒരുവനുവേണ്ടി വാതില്‍ തുറന്നുകൊടുത്ത്, എല്ലാ രാത്രിയും അയാളുടെ ചവിട്ടും തൊഴിയും ഏല്ക്കുകയെന്നത് പലവീടുകളിലെയും സ്ത്രീകളും കുട്ടികളും നേരിടുന്ന ശാപമാണിന്ന്. സ്ത്രീ ഇവിടെ ജനിച്ചു വീഴുന്നത് ഇത്തരമൊരു ജീവിതം ജീവിക്കാനാണോ?

സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ളവരുടെ മാത്രം ശാപമല്ല ഇത്; മേലേത്തട്ടിലുള്ള വലിയ വിദ്യാഭ്യാസം കിട്ടിയ എത്രയോ പേരാണ് മദ്യപാനത്തിന്‍റെ അടിമത്തത്തില്‍ കഴിയുന്നത്. ഒരു കപ്പല്‍ കടലിലിറക്കുന്നത്, ഒരു കളി ജയിക്കുന്നത്, ഒരു ജോലി ലഭിക്കുന്നത്, ഒരു പ്രൊജക്ട് തീര്‍ക്കുന്നത്, ബാച്ലേഴ്സ് പാര്‍ട്ടി, ഓഫീസ് പാര്‍ട്ടി, ക്ലബ് പാര്‍ട്ടി.... എല്ലായിടത്തും കുപ്പി തുറക്കപ്പെടുന്നു. ഭരണകൂടം മദ്യപാനത്തിനെതിരേ വീട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുന്നുവെന്നു പറയുന്നത് യാഥാര്‍ത്ഥ്യത്തെ പരിഹസിക്കലാണ്. അതു തിരിച്ചറിയാന്‍ ആര്‍മിയുടെയോ, നേവിയുടെയോ, വ്യോമസേനയുടെയോ, പോലീസിന്‍റെയോ, റയില്‍വേയുടെയോ ഉല്ലാസവേളകളില്‍ ചെന്നുനോക്കൂ. മദ്യം എത്രവേണമെങ്കിലും ഒഴുക്കപ്പെടുന്നുണ്ട് അവിടെ. മദ്യപാനത്തിന്‍റെ എല്ലാ ദൂഷ്യവശങ്ങളും അറിയുന്ന മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഫറന്‍സുകളില്‍ കുടിച്ചു കൂത്താടുന്നതാണ് ഏറെ സങ്കടകരം.

കോളേജുകളിലും ഹോസ്റ്റലുകളിലുമുള്ള എത്ര ചെറുപ്പക്കാരാണു സിനിമകളാല്‍ സ്വാധീനിക്കപ്പെടുന്നത്. എന്നിട്ടും എത്ര ലാഘവത്തോടെയാണ് മനുഷ്യനെ കൊല്ലുന്ന ഈ തിന്മയെ സിനിമകള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് വില്ലന്‍ കഥാപാത്രങ്ങളാണു പൊതുവേ മദ്യം കുടിക്കുന്നതായി സിനിമകളില്‍ കണ്ടിരുന്നത്. കൂട്ടത്തില്‍ മദ്യപാനത്തിനെതിരായ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്നു സെന്‍സര്‍ ബോര്‍ഡ് നിഷ്കര്‍ഷിച്ചിരുന്നു. ഇന്നിപ്പോള്‍ പൗരുഷത്വത്തിന്‍റെ ബിംബരൂപങ്ങളായ നായകന്മാര്‍പോലും നായികയുമായുണ്ടായ ചെറിയൊരു പിണക്കത്തിന്‍റെയോ വഴക്കിന്‍റെയോ പേരില്‍ നിരാശരായി കുപ്പി കൈയിലെടുക്കുന്നതായാണു കാണിക്കുന്നത്. നായകനെ നായിക ഉപേക്ഷിക്കുകയോ അവള്‍ മരിക്കുകയോ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാകും. അതോടെ നായകന്‍ മദ്യപാനത്തിലേക്കു കൂപ്പുകുത്തുകയായി, പൂസായി വിദൂഷകനെപോലെ പെരുമാറിത്തുടങ്ങുകയായി. ഇനി അയാളെ രക്ഷിക്കണമെങ്കില്‍ അടുത്ത നായിക ജീവിതത്തില്‍ വന്നേ തീരൂ. ചെറിയൊരു പ്രശ്നം മതി, നായകന്‍ കൂട്ടുകാരോടൊത്തു കുപ്പി തുറക്കുകയായി; നായികയാവട്ടെ ഉടനെ ഒരു ദൈവത്തിന്‍റെ അടുത്തേക്കോടുന്നു, അല്ലെങ്കില്‍ ശോകാര്‍ദ്രമായ പാട്ടു മോങ്ങിത്തുടങ്ങുന്നു.

മദ്യം തൊടാത്ത കുടുംബമാണ് എന്‍റേത്. അതുകൊണ്ട് ഞാന്‍ പറയുന്നതില്‍ എനിക്കു പൂര്‍ണവിശ്വാസവും ഉറപ്പുമുണ്ട്. മദ്യക്കുപ്പി പൊട്ടിക്കാതെ തന്നെ ഒത്തുചേരലുകളെ ആഘോഷകരമാക്കാനും ജീവിതം ആസ്വാദ്യകരമാക്കാനും നന്നായി സന്തോഷിക്കാനും തീര്‍ച്ചയായുമാകും. കൂട്ടുകാരുടെയോ സഹപ്രവര്‍ത്തകരുടെയോ 'സ്നേഹപൂര്‍വ്വമായ' സമ്മര്‍ദ്ദത്തെ ചെറുത്തുനില്ക്കാനും മദ്യത്തോടു 'വേണ്ട' എന്നുതന്നെ പറയാനുമാകും. എനിക്കതു കാണിച്ചുതന്നത് എന്‍റെ അപ്പന്‍ തന്നെയാണ്. മദ്യപനായിത്തീരാനുള്ള എല്ലാ സാധ്യതകളുമുള്ള ഒരാളായിരുന്നു അദ്ദേഹം. വളരെ ചെറുപ്പത്തിലെ അപ്പന് സാമ്പത്തികപ്രാരാബ്ധത ഏറെയുള്ള ഒരു കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ തോളിലേറ്റേണ്ടിവന്നു; കല്യാണം കഴിക്കാതെ അനേകവര്‍ഷങ്ങള്‍ ബാച്ച്ലറായി അദ്ദേഹം ചെലവിട്ടു; പിന്നെ സര്‍ക്കാരുദ്യോഗവും ഉണ്ടായിരുന്നു. എന്നിട്ടും ഒരിക്കലും ഒരു കുപ്പിയെ ആശ്രയിക്കേണ്ടതായി അദ്ദേഹത്തിനു തോന്നിയതേയില്ല. അപ്പന്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയെക്കുറിച്ച് അമ്മ എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവിടെ വച്ച് എല്ലാവരും കുടിച്ച് ഉന്മത്തരായിരുന്നു; അപ്പന്‍റെ ബോസ് അദ്ദേഹത്തെ കുടിക്കാന്‍ ഒരുപാടു നിര്‍ബന്ധിക്കുകയും ചെയ്തു. "ഭാര്യയെ പേടിയുള്ളവന്‍," "ആണത്തമില്ലാത്തവന്‍", "ബോറന്‍" എന്നൊക്കെ അദ്ദേഹം കളിയാക്കപ്പെട്ടു. എന്നിട്ടും എന്‍റെ അപ്പന്‍ ആ പ്രലോഭനത്തില്‍ വീണില്ല. എന്‍റെ അമ്മക്ക് ഏറെ സന്തോഷവും അഭിമാനവും തോന്നിയ ദിവസമായിരുന്നു അത്. കാരണം, സ്വന്തം ബോധ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ നട്ടെല്ലുണ്ടായിരുന്ന, 'ആണെത്ത'മുണ്ടായിരുന്ന ഒരേയൊരു പുരുഷന്‍ അമ്മയുടെ ഭര്‍ത്താവു മാത്രമായിരുന്നു.

എന്‍റെ വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിന് സാമൂഹിക സമ്മര്‍ദ്ദമുണ്ടായ ആദ്യനിമിഷത്തില്‍ തന്നെ അതിനോടു 'വേണ്ട' എന്നു പറയാനായിരുന്നെങ്കില്‍, ഭേദപ്പെട്ട ഒരു ജീവിതം അവള്‍ക്കു സാധ്യമാകുമായിരുന്നു. മദ്യം കൊല്ലുന്നു. സത്യത്തില്‍ നമ്മെ കാര്‍ന്നുതിന്നുന്ന എല്ലാ തിന്മകളുടെയും മാതാവ് ഈ മദ്യാസക്തിയാണ്. വളരെ സാവധാനം, നിശ്ശബ്ദമായി, ജീര്‍ണിച്ചു ജീര്‍ണിച്ച് അതു കൊല്ലുന്നു, മദ്യപനെ മാത്രമല്ല, അയാളുടെ ചുറ്റുവട്ടത്തുള്ള എല്ലാവരെയും. കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ ഇരുപത്തിമൂന്നു വയസു മാത്രമുള്ള രണ്ടു ഡോക്ടര്‍മാരുടെ മൃതസംസ്കാരത്തില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. മദ്യപിച്ചതുകൊണ്ട് അപകടത്തില്‍പ്പെട്ടതായിരുന്നു അവര്‍. തങ്ങളുടെ മക്കളെയോര്‍ത്ത് എത്രയഭിമാനത്തോടെ ജീവിക്കേണ്ടവരായിരുന്നു അവരുടെ മാതാപിതാക്കള്‍. ഇന്നു പക്ഷേ ഒരാള്‍ക്കും അവരെ ആശ്വസിപ്പിക്കാനാകുന്നില്ല.

മദ്യപാനം നിമിത്തം മരണക്കിടക്കയില്‍ കിടക്കുന്ന, അല്ലെങ്കില്‍ മദ്യപിച്ചു വണ്ടിയോടിച്ചിട്ട് ഭാര്യയും മക്കളെയും അപകടത്തില്‍ നഷ്ടപ്പെട്ട ആരോടെങ്കിലും ഇതൊന്നു ചോദിച്ചു നോക്കൂ: "പഴയജീവിതത്തിലെ ഏതു കാര്യമാണു വ്യത്യസ്തമായി ചെയ്യാന്‍ നിങ്ങളാഗ്രഹിക്കുന്നത്?" കിട്ടുന്ന ഉത്തരം ഒന്നു തന്നെയായിരിക്കും: "ഞാന്‍ മദ്യപിച്ചിരുന്നില്ലെങ്കില്‍..."

നമ്മുടെ നാട്ടുകാരെല്ലാം കുപ്പി തുറക്കുന്നതിനുപകരം കുപ്പി പൊട്ടിച്ചുകളയുമെന്നൊരു പൊതു തീരുമാനം എടുത്തിരുന്നെങ്കില്‍ എന്നു ഞാനെത്ര ആശിക്കുന്നു. എങ്കില്‍ ഇവിടെ വീടുകളില്‍ കൂടുതല്‍ ചിരിയുണ്ടാകും, ശാന്തിയുണ്ടാകും, സുരക്ഷിതത്വമുണ്ടാകും. എല്ലാറ്റിനും ഉപരിയായി നമ്മുടെ നാട്ടിലെ പെണ്ണുങ്ങളും കുട്ടികളും ഭയമില്ലാതെ ജീവിച്ചു തുടങ്ങും. അങ്ങനെ നമുക്ക് നാട് ശരിക്കും സ്വതന്ത്രമായിത്തീരും.

You can share this post!

ക്രിസ്തു ജനിക്കുന്നത്

ജോസ് സുരേഷ്
അടുത്ത രചന

എന്നെ അനുഗമിക്കുക

സഖേര്‍
Related Posts