news-details
മറ്റുലേഖനങ്ങൾ

ആര്‍ദ്ര സ്മരണകളോടെ

'എന്‍റെ മുന്നില്‍ നടക്കാതിരിക്കുക
-ഞാന്‍ അനുഗമിച്ചു എന്ന് വരില്ല.
എന്‍റെ പിന്നില്‍ നടക്കാതിരിക്കുക
- ഞാന്‍ ആനയിച്ചു എന്ന് വരില്ല.
എന്നോടൊപ്പം നടന്നാലും
എന്‍റെ ചങ്ങാതി ആയാലും.
- ആല്‍ബേര്‍ കാമു

യുഗങ്ങള്‍ക്ക് മുമ്പ്, ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ നടന്ന സംഭവമാണ്. ഞാനും എന്‍റെ പ്രിയ സുഹൃത്തും ജനപദങ്ങളില്‍ നിന്നകലെ, ഭൂതത്താന്‍ കെട്ടിനും ഇടമലയാറിനും ഇടയിലുള്ള നിബിന്ധ വനത്തിന്‍റെ ശ്യാമ നിഗൂഢതയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ ഒന്നും പറയുന്നില്ല. ഇടവപ്പാതി ഒരായിരം വെള്ളിനൂലിഴകള്‍കൊണ്ട് ഞങ്ങളെ പരിരംഭണം ചെയ്തു. നിശബ്ദമായ വനാന്തരങ്ങള്‍ എന്തൊക്കെയോ ഓര്‍ത്ത് കണ്ണുനീര്‍ വാര്‍ത്തു. ഞാന്‍ ഡോളി പാര്‍ട്ടണ്‍ പാടിയ വശ്യമനോഹരമായ ഗാനം ഓര്‍ത്തു. അടുത്ത മിഴിനീര്‍തുള്ളി ഇടറിവീഴുംമുമ്പ് ഞാന്‍ നിന്‍റെ നെറ്റിയരികില്‍ എത്തിയിരിക്കും. മഴയില്‍ ഞങ്ങള്‍ അലിഞ്ഞില്ലാതായി, ഓര്‍മ്മകള്‍ പോലും ഇല്ലാതായി. ഈ ഭൂമിയില്‍ ആര്‍ക്കും വേണ്ടാത്തവര്‍, അതും ഇല്ലാത്തവര്‍, പരാജയങ്ങളുടെയും തിരസ്ക്കരണങ്ങളുടെയും ഇരുളിമയാര്‍ന്ന പിന്നാംപുറത്ത്. സ്വയം എരിയുന്നവര്‍ - ഞങ്ങള്‍ രണ്ടുപേര്‍ അങ്ങനെ... മഴനൂലുകള്‍ ഇഴചേര്‍ന്ന നിമിഷങ്ങളില്‍  ഒന്നും ചോദിക്കാതെ തിരിച്ചറിവുകളുടെ നൊമ്പരങ്ങള്‍ നുകര്‍ന്നത്, പ്രിയമിത്രമേ എന്തെങ്കിലും ഇനിയും ഓര്‍മ്മിക്കുമോ? മഴയറുതിയുടെ നിശബ്ദതയിലെവിടെയോ, പ്രകൃതി തപ്തപഥികര്‍ക്കായി കരുതിവച്ച കാട്ടുപ്ലാവിലെ ഒറ്റച്ചക്ക ഇറുത്തിട്ടതും അതിലെ ചുളയും ചകിണിയും പഞ്ചാമൃതമായി മാറിയതും ഓര്‍മ്മത്താളുകള്‍ക്കിടയിലെ മയില്‍പ്പീലിയായി മാറുന്നു. അന്നു ഞാന്‍ വര്‍ഷങ്ങള്‍ നീണ്ട ദേശാടനത്തിന്‍റെ തിരിച്ചറിവുകളുമായി നില്‍ക്കുന്ന സമയമാണ് -ആരും ആയില്ല, എവിടെയും എത്തിച്ചേര്‍ന്നതുമില്ല. ഉയര്‍ന്ന ബിരുദങ്ങള്‍ നേടി, കിന്നരനഗരങ്ങളില്‍ ചേക്കേറി ജീവിതത്തിന്‍റെ വര്‍ണ്ണസുരഭിലതയില്‍ അഭിരമിക്കുന്ന എന്‍റെ സഹപാഠികളേക്കുറിച്ച്, സുഹൃത്ത് ഏതോ നിമിഷത്തില്‍ എന്നോട്ട് ചോദിച്ചു. ഞാന്‍ എന്തോ മറുപടി പറഞ്ഞു. നിശബ്ദതയോട് കലാപം ചെയ്തുകൊണ്ട് പിന്നെ അദ്ദേഹം ചോദിച്ചു: നമ്മളൊക്കെ എന്തിനാ ഇങ്ങനെ? അതിനുള്ള ഉത്തരം തേടി പിന്നെയും എത്രയോ ഗിരിനിരകളില്‍, താഴ്വരകളില്‍, കലാപഭൂമികളില്‍ ഞാനലഞ്ഞു.

സ്കറിയാച്ചന്‍ ജൈവികമായ ഒരു ഗ്രാമീണതയാണ്, പുരാതനമായ ഒരു മനസ്സാണ്. സ്വപ്നങ്ങള്‍ക്ക് മണ്ണിന്‍റെ മണമുണ്ട്. ജീവിതത്തിന് തിരുവാതിര ഞാറ്റുവേലയുടെ നനവുണ്ട്. കീരമ്പാറ സെന്‍റ് സ്റ്റീഫന്‍സ് ബോയ്സ് ഹൈസ്കൂളില്‍വെച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. ഇഞ്ചിയുടെയും നെല്ലിന്‍റെയും കാര്‍ഷികകര്‍മ്മബന്ധുരമായ ഋതുഘോഷയാത്രകളുടെയും കൂട്ടുകാരന്‍. ഒരു 210 മാര്‍ക്കുകാരന്‍റെ എളിമയോടെ അദ്ദേഹം പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോഴും ഞാന്‍ ഒപ്പം ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പുരാതനമായ മാവിന്‍ചുവടുകളില്‍ പോയിരുന്ന് പൊതിച്ചോറുണ്ടു, അല്ലെങ്കില്‍ ഉച്ചനേരങ്ങളില്‍ പട്ടിണി നടന്നു. ഉച്ചപ്പട്ടിണി ഞങ്ങളുടെ ജീവിതരീതിയായി. കോളേജിനേക്കാള്‍ ഞങ്ങള്‍ സിനിമാ തീയേറ്ററുകളെ പ്രണയിച്ചു. ക്ലാസുകളേക്കാള്‍ കലാപങ്ങളെയും. അദ്ധ്യാപകര്‍ ഒന്നടങ്കം ഞങ്ങളെ അവജ്ഞയോടെ അവഗണിച്ചു. പിന്‍ബഞ്ചുകള്‍ എന്നും കൊള്ളരുതാത്തവരുടെ സംവരണ മണ്ഡലമാണ്. പ്രീഡിഗ്രിക്ക് പിന്‍ബഞ്ചുകാരില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ജയിച്ചത്. അതോടെ സ്കറിയാച്ചന്‍റെ വിദ്യാഭ്യാസം പര്യവസാനിച്ചു. അദ്ദേഹം കാര്‍ഷിക ജീവിതത്തിന്‍റെ കാവ്യാത്മകതയിലേക്ക് പിന്‍വലിഞ്ഞു. ഞങ്ങള്‍ രണ്ട് വഴിക്ക് പിരിഞ്ഞു. എന്നിട്ടും ഇടക്കിടെ ഞാന്‍ സ്കറിയാച്ചന്‍റെ ഗ്രാമം തേടി ദീര്‍ഘമായ സൈക്കിള്‍ യാത്രകള്‍ നടത്തി. വര്‍ഷങ്ങള്‍ പിന്നെയും ഏറെ ഞങ്ങള്‍ക്കിടയില്‍ കുമിഞ്ഞുകൂടി. ഞാന്‍ ഒരു നാമമാത്ര ബിരുദധാരിയും അറിയപ്പെടുന്ന പാഴ്ജന്മവുമായിമാറി. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിനുശേഷം, ഹിമാലയവും ഭാരതമെന്ന യുക്തിരാഹിത്യത്തിന്‍റെ യുക്തിയും ചൊല്ലിപ്പഠിപ്പിച്ചുതന്ന ഒന്നുമല്ലാതാകലിന്‍റെ പാതിവഴിയില്‍ ഞാന്‍ വീണ്ടും സ്കറിയാച്ചനെ തേടി വന്ന രംഗമാണ് ആദ്യം വിവരിച്ചത്. പിന്നീടുള്ള എന്‍റെ ഒന്നുമല്ലാതാകലിന്‍റെ തീര്‍ത്ഥയാത്രകളില്‍ മിക്കപ്പോഴും അദ്ദേഹവും കൂടെയുണ്ടായിരുന്നു. അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞു: സൗഹൃദം എന്നത് ഒരു വലിയ കാര്യമല്ല, ഒരുകോടി കൊച്ചു കൊച്ചു കാര്യങ്ങളുടെ സംഘഗീതമാണത്. സൗഹൃദം എന്നത് ഉഭയസമ്മതമല്ല, മനസ്സിലാക്കലാണ്, പൊറുക്കലാണ്. മറക്കലല്ല, ഏകാന്തതകളിലെ ഒരു പിടി ആര്‍ദ്രസ്മരണകളാണ്.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, മൈസൂര്‍ ബസ് സ്റ്റാന്‍റില്‍ കിടന്നുറങ്ങിയ ഞങ്ങളെ ശുചീകരണ തൊഴിലാളികള്‍ വെള്ളം ചീറ്റിച്ച് ആട്ടി ഓടിച്ചത്. നീലഗിരി എക്സ്പ്രസ്സിന്‍റെ ഇടനാഴിയില്‍ ടിക്കറ്റില്ലാ യാത്രക്കാര്‍ എന്ന് ഭ്രമിച്ച് പരിശോധകന്‍ പിടികൂടിയത്. കാശ്മീരില്‍ വച്ച് രോഗം ബാധിച്ചത്, കുളു മനാളി താഴ്വരകളിലെ നിശിതമായ ഹേമന്തവും, മഞ്ഞപത്രങ്ങള്‍ പൊഴിച്ച് ശിശിരനിദ്രയ്ക്ക് കോപ്പുകൂട്ടുന്ന വനാന്തരങ്ങളും, ഷില്ലോങ്ങിലെ നിരാശയുടെ കരകാണാ കയങ്ങള്‍, ഹരിദ്വാറിലെ സ്നാനഘട്ടങ്ങള്‍ -ഓര്‍മ്മയുടെ വളപ്പൊട്ടുകള്‍ എവിടെയൊക്കെയോ ചിതറിക്കിടക്കുന്നു; മനസ്സിന്‍റെ തീര്‍ത്ഥയാത്രകളില്‍ അവ നമ്മള്‍ പെറുക്കിയെടുത്ത് ഓമനിക്കുന്നു. ഒന്ന് കുളിക്കാന്‍ മാത്രം ഞങ്ങള്‍ ഒരു ശരത്കാലത്ത് വാളറ വെള്ളച്ചാട്ടം വരെ പോയിട്ടുണ്ട്. ഒരു നിയോഗം പോലെ കാലടിപാലത്തിനടിയില്‍ പൂര്‍ണ്ണാനദിയുടെ മണല്‍പ്പരപ്പുകളില്‍ വെറുതെ വസന്തകാല സന്ധ്യയ്ക്ക് കാവലിരുന്നിട്ടുണ്ട്. ഗോധ്ര കൂട്ടക്കൊലയുടെ മുറിപ്പാടുകള്‍ പേറുന്ന ഗുജറാത്തിന്‍റെ കരിവാളിച്ച മുഖം കണ്ടുനിന്നിട്ടുണ്ട്. അനവധി ക്ഷേത്രത്തിരുമുറ്റങ്ങളിലൂടെ, പൗരാണികതയുടെ വിരല്‍നഖപ്പാടുകളിലൂടെ നിഴലുകള്‍ പോലെ ഞങ്ങള്‍ നടന്ന് മറഞ്ഞുപോയിട്ടുണ്ട്. പക്ഷെ ഇത് മറക്കാനാവുമോ- ബനിഹാള്‍ തുരങ്കത്തിനരികില്‍വച്ച് ഭീകരരെന്ന് ധരിച്ച് പട്ടാളക്കാര്‍ കാഞ്ചിവലിക്കാനൊരുങ്ങിയത്? മണ്ണാങ്കട്ടയും കരിയിലയും പോലെ ജീവിതത്തിന്‍റെ ഇരുള്‍ പടരുന്ന ഇടവഴികളിലൂടെ ഞങ്ങള്‍ നടന്നുപോയി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നനഞ്ഞുകുതിര്‍ന്ന ഒരു സായംസന്ധ്യക്ക് ഞങ്ങള്‍ ഗൗരീകുണ്ഡില്‍ ചെന്നിറങ്ങി. ഒരു സത്രത്തില്‍ മുറിയെടുത്തു. പിന്നെ ഒരു കൗതുകം കൊണ്ട് പതുക്കെ നടന്നു. കേദാര്‍നാഥില്‍ നിന്ന് തിരിച്ചു വരുന്ന തീര്‍ത്ഥാടകരും പോണികുതിരകളും പല്ലക്ക് ചുമട്ടുകാരും മലവെള്ളപ്പാച്ചില്‍ പോലെ താഴേക്ക് ഒഴുകുന്നുണ്ട്, മെല്ലെ മെല്ലെ ഇരുള്‍ പടര്‍ന്നിറങ്ങി, പകലൊടുങ്ങി. അവസാനത്തെ തീര്‍ത്ഥാടകനും പോയ് മറഞ്ഞു. മന്ദാകിനിയുടെ അരികിലൂടെ വിജനമായ നടപ്പാത ഉയര്‍ന്നുയര്‍ന്ന് ആകാശഗംഗയില്‍ വിലയിക്കുന്നു. ഞങ്ങള്‍ പ്രാക്തനമായ ഒരു കൗതുകംപോലെ മുന്നോട്ട്. മലഞ്ചെരിവുകളില്‍ മഞ്ഞുവീണു, വനകല്ലോലിനി അട്ടഹസിച്ചു. ഇനി തിരിഞ്ഞുനടക്കാനാവില്ലെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. എത്രയോ സഹസ്രം തലമുറകളുടെ പാദപതനതാളം നുണഞ്ഞുറങ്ങിയ പുരാതനമായ വഴിത്താരയില്‍ ഞങ്ങള്‍ തളര്‍ന്നുകിടന്നു. പാറയിടുക്കുകളില്‍ ഹിമം ഊര്‍ന്നുവീണ് ഉറഞ്ഞുകൂടി. പാതിരാത്രിയായി പാതിരൂപമായ പൗര്‍ണ്ണമി ഹിമഗിരിയുടെ നെറുകയില്‍ സൗമ്യഹാസം പൊഴിച്ചു. കേദാര്‍നാഥ് അകലെ, അകലെ. രാത്രി രണ്ടുമണിക്ക് കേദാര്‍നാഥില്‍ എത്തിയപ്പോഴേക്കും പ്രപഞ്ചമാകെ തണുത്തുറയുകയായിരുന്നു. ഒരു മനുഷ്യജീവിയേയും കാണാനില്ല, ഒരു വാതിലും ഞങ്ങളുടെ മുന്നില്‍ തുറന്നില്ല. പണ്ടെന്നോ വീണുറഞ്ഞ മഞ്ഞ് വെണ്ണക്കല്ലുകള്‍ പോലെ. നിമിഷങ്ങള്‍ക്കുള്ളില്‍ ഞങ്ങളും തണുത്തുറഞ്ഞ് ശിലകളായി മാറാം. ഒരിക്കലും തുറക്കാത്ത യാത്രാ നിവാസുകളുടെ പടിവാതിലുകളില്‍ ഞങ്ങള്‍ പരിഭ്രമത്തോടെ മുട്ടിവിളിച്ചു. ഞങ്ങള്‍ക്കുവേണ്ടി കരുതിവച്ചമാതിരി ഒരു വാതില്‍ ഞങ്ങളുടെ മുന്നില്‍ തുറന്നു കിടന്നു. അവിടെ വൈദ്യുതിയുണ്ട്, ഊഷ്മളതയുണ്ട്, കമ്പിളിപുതപ്പുകളുണ്ട്, ചൂടുവെള്ളമുള്ള കുളിമുറിയുണ്ട്- സ്വപ്നം പോലെ. ഞങ്ങള്‍ അവിടെ കിടന്നുറങ്ങി ആരോ ആര്‍ക്കോ വേണ്ടി കരുതിവച്ച സുന്ദരമായ ശയനാഗാരം. ആരുടെയോ നന്മകൊണ്ട് അത് ഞങ്ങളുടെ അവസാന യാത്രയായി പരിണമിച്ചില്ല.

കാല്പനികവും സ്നേഹാര്‍ദ്രവുമായ ഒരു കൂട്ടം അനുഭവങ്ങളുടെ വര്‍ണ്ണരാജി ഞങ്ങളുടെ മുന്നിലുണ്ട്. ഇന്ന് നീണ്ട അകലങ്ങളുടെ ഇരുപുറവുമായി ഞങ്ങളിരിക്കുന്നു. മൊബൈല്‍ ഫോണിന്‍റെ പത്തക്കങ്ങള്‍ ഞങ്ങളെ ബന്ധിപ്പിക്കുന്നു. പക്ഷെ ഇലക്ട്രോണിക്ക് സ്നേഹങ്ങളുടെയും പ്ലാസ്റ്റിക് ഓണപ്പൂക്കളുടെയും ഇന്‍റര്‍നെറ്റ് സമാന്തര പ്രപഞ്ചത്തിന്‍റെയും എല്ലാം അപ്പുറത്ത്, തമിഴ്നാടന്‍ വെള്ളരി വിഷുക്കണികള്‍ക്കും അകലെ ലാവണ്യമാര്‍ന്ന സ്മരണകളേറെ ഞങ്ങളുടെ ഇന്നലെകളില്‍ വീണു കിടക്കുന്നു.

നല്ല പുസ്തകങ്ങളും ശുദ്ധമായ മനഃസാക്ഷിയും നല്ല സുഹൃത്തുക്കളും ചേര്‍ന്നാല്‍ സുന്ദരമായ ജീവിതത്തിന്‍റെ ചേരുവകളെല്ലാമായി എന്നാണ് ഒരു അമേരിക്കന്‍ കഥാകൃത്ത് എഴുതിയത്. അത് ശരിയാണെങ്കിലും ശരിയല്ലെങ്കിലും സൗഹൃദങ്ങളുടെ തൂവല്‍സ്പര്‍ശം ജീവിതത്തെ എത്ര അയത്നലളിതമധുരമാക്കിത്തീര്‍ക്കുന്നു എന്ന് വിസ്മരിക്കാനാവില്ല. സൗഹൃദങ്ങളില്‍ വേദനകള്‍ ഹരിക്കപ്പെടുകയും സന്തോഷങ്ങള്‍ ഗുണിക്കപ്പെടുകയും ചെയ്യുന്നു എന്ന് പറയാറുണ്ട്. എല്ലാ ദേശങ്ങളിലും നമുക്ക് എണ്ണമറ്റ സുഹൃത്തുക്കളുണ്ടെങ്കിലും ചില ബന്ധങ്ങള്‍ എന്നും വേറിട്ട് നില്‍ക്കും. എല്ലാവരുടെയും സുഹൃത്ത് ആരുടെയും സുഹൃത്തല്ല എന്നത് മറ്റൊരു കാര്യം. ഈ ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് ഞാന്‍ ഞങ്ങളുടെ സൗഹൃദത്തിന്‍റെ ചിഹ്ന വിജ്ഞാനീയം ഉള്‍ക്കൊള്ളുന്നത്. അതൊരു പാരമ്പര്യം അല്ല, പാനോപചാരവേദികളിലെ കൂട്ടായ്മയും അല്ല. ഒരു കുഞ്ഞുപൂവില്‍ വസന്തം കണ്ടെത്തുന്നതുപോലെയാണത്. അദ്ദേഹം എന്‍റെ ഏകാന്തതകളില്‍ നിഴലാവുമെന്നോ സ്വകാര്യതകളില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ പുഞ്ചിരിയാവുമെന്നോ കരുതാനാവില്ല. ജീവിതത്തിന്‍റെ, വിജനമായ തണ്ണീര്‍പന്തലുകളില്‍ മറന്നുവച്ചു പോകുന്ന സംഗീതം തിരിച്ചെടുത്തു തരുന്ന ആളുമല്ല. പുഞ്ചിരികള്‍ക്ക് പിന്നിലെ കണ്ണുനീരിന്‍റെ നനവ് തിരിച്ചറിയുന്ന ആളായിരിക്കും യഥാര്‍ത്ഥ സുഹൃത്ത്. ഒന്നും പറയാതിരിക്കുമ്പോഴും എല്ലാം അറിയുന്ന അവസ്ഥ. സൗഹൃദം വാക്കുകളിലല്ല അര്‍ത്ഥങ്ങളിലാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.

സൗഹൃദം എന്നത് ഒരു വിശ്വാസമാണ്. ആത്മസുഹൃത്തിന്‍റെ സാന്നിദ്ധ്യം ആയാസരഹിതമായി അല്പസമയം വിശ്രമിക്കാനുള്ള ഒരു തണലാണ്. ഒന്നും ബോദ്ധ്യപ്പെടുത്താനില്ലാതെ, ഒന്നും വിശ്വസിപ്പിക്കാനില്ലാതെ നന്മ തിന്മകളുടെ തനത് സ്വരൂപത്തില്‍ നില്‍ക്കാനുള്ള ഹൃദ്യമായ ഒരിടവേള. നമ്മുടെ വിവരക്കേടുകളും അനുബന്ധങ്ങളും ആ നിമിഷങ്ങളില്‍ സംഗീതമായി മാറുന്നു. സന്തോഷത്തിലേക്കുള്ള മാര്‍ഗ്ഗം എന്നൊന്നില്ല, സന്തോഷം തന്നെയാണ് മാര്‍ഗ്ഗം എന്ന ബുദ്ധന്‍റെ നിഗമനം ഒരു ചൂണ്ടുപലകയായി തീരുന്നു. സന്തോഷം വേട്ടയാടി പിടിക്കാവുന്ന ഒരു വന്യമൃഗമല്ല, അതൊരു മാനസികാവസ്ഥയാണ്. ആ അവസ്ഥ കരഗതമാവുന്നതിന് ചെറിയൊരു തിരിച്ചറിവു മാത്രമേ ആവശ്യമുള്ളൂ. അവിടെയെത്തിയാല്‍ സൗഹൃദങ്ങളും കൂട്ടായ്മകളും ഒരു ലക്ഷ്യം അല്ലാതായിതീരുന്നു. അത് അനന്തമായ നിര്‍വൃതിയുടെ പങ്കുവയ്ക്കല്‍ ആകും. മൂര്‍ത്തമോ അമൂര്‍ത്തമോ ആയ യാതൊരു സ്ഥാപിതതാല്പര്യങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടില്ല. അങ്ങനെയൊരു തലത്തിലേക്ക് എന്‍റെ ആത്മപരിണാമത്തിന്‍റെ ഏകാന്തരഥ്യകളില്‍ ഞങ്ങളുടെ സൗഹൃദം വളര്‍ന്നുയുര്‍ന്നു പ്രശോഭിച്ചുവെങ്കില്‍. സ്കറിയാച്ചന്‍, പക്ഷെ അത്തരം ദാര്‍ശനിക സാധ്യകളുടെ പരിസരങ്ങളിലൊന്നും പോകുന്നില്ല. അദ്ദേഹത്തിന് ചോദ്യങ്ങള്‍ ഒന്നും ചോദിക്കാനില്ല, ഒന്നും അറിയാനും ഇല്ല. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ വിശ്വാസങ്ങളില്‍ അദ്ദേഹം അഭിരമിക്കുന്നു. അദ്ദേഹത്തിനു മുന്നില്‍ രാപ്പകലുകള്‍, പൂക്കള്‍ പോലെ പല വര്‍ണ്ണങ്ങള്‍ വിടര്‍ത്തി വിരിഞ്ഞുമറയുന്നു. സംശയങ്ങളില്ലാത്ത കേവല വിശ്വാസങ്ങളില്‍ എല്ലാം സത്യമായി ഭവിക്കുന്നു; ദുഃഖങ്ങള്‍ സങ്കീര്‍ത്തനങ്ങളും.  ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളും ദുഃഖങ്ങളും തകര്‍ച്ചകളും അഭിമാനകരമായ തിരുമുറിവുകള്‍ ആയിത്തീരുന്നു. എല്ലാ വര്‍ണ്ണങ്ങളും വാരിയണിഞ്ഞ്, എല്ലാ സൗന്ദര്യസാദ്ധ്യതകളും വാരിച്ചുറ്റി നിറകണ്‍ചിരിയുമായി പരിലസിക്കുന്ന വിശ്വപ്രകൃതിയുടെ നാനാമുഖങ്ങള്‍ ഞങ്ങള്‍ കണ്‍കുളിര്‍ക്കെ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു പ്രാര്‍ത്ഥനപോലെയാണ്, ഒരു ഉപാസനപോലെയാണ് ഈ ശബ്ദവര്‍ണ്ണ സൗകുമാര്യങ്ങള്‍ കണ്ടുനിന്നിട്ടുള്ളത്. വലിയ ബിരുദങ്ങളും ദാര്‍ശനിക ഭോഷ്ക്കുകളും ശരി തെറ്റുകളുടെ വ്യവസായങ്ങളും ആ ഉപാസനയെ ബാധിക്കുന്നില്ല.

ഞങ്ങള്‍ ഒന്നിച്ച് നടന്ന് കടന്നുപോയ ജീവിതവഴികളില്‍ എനിക്ക് പ്രിയതരമായ ഒട്ടേറെ ഭാഗങ്ങളുണ്ട്. നിഴലുകള്‍ക്ക് നീളമേറിത്തുടങ്ങുന്ന ജീവിതാപരാഹ്നത്തിന്‍റെ ഉയര്‍ന്ന തലത്തില്‍ നിന്ന് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ അബദ്ധങ്ങളുടെയും അറിവില്ലായ്മകളുടെയും തുടര്‍ക്കഥകള്‍തന്നെ കാണാന്‍ കഴിയുന്നുണ്ട്. അവയൊന്നും, പക്ഷെ, അര്‍ത്ഥരഹിതം ആയിരുന്നില്ല. അന്നുണ്ടായിരുന്ന കൗതുകങ്ങള്‍ പലതും ഇന്നില്ല, അന്നുണ്ടായിരുന്ന സ്വപ്നങ്ങളും ഏറെ പരിണാമങ്ങള്‍ക്ക് വിധേയമായി. ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ നിഷേധിക്കപ്പെട്ട പലതും സ്കറിയാച്ചനിലൂടെ തട്ടിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

പണ്ടൊരിക്കല്‍ നീണ്ട തെരച്ചിലിന് ഒടുക്കം കുറിച്ചുകൊണ്ട് ഞങ്ങള്‍ തിരുവനന്തപുരം - മദ്രാസ് മെയിലില്‍ ഇരിക്കുകയായിരുന്നു സ്കറിയാച്ചന്‍ രണ്ട് പൊതിച്ചോറ് പുറത്തെടുത്തു- അതിലൊന്ന് എനിക്കാണ്. അനന്തമായി  അലയാന്‍ പോകുന്ന ഒരു പുത്രനുവേണ്ടി അമ്മ കരുതലോടെ തയ്യാറാക്കിയ പാഥേയം. ഒരമ്മയുടെ സ്നേഹവും കണ്ണീരും കരുതലും അതില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. രണ്ടാമത്തെ പൊതിച്ചോറിലൂടെ ഞാനും അറിഞ്ഞു ഒരമ്മയുടെ കരുതല്‍, കരുതലിന്‍റെ സുതാര്യമായ രുചിക്കൂട്ട്. ആ പൊതിച്ചോറ് എന്നെ സംബന്ധിച്ചിടത്തോളം എന്തായിരുന്നുവെന്ന് അദ്ദേഹം ഇതുവരെ അറിഞ്ഞിട്ടില്ല, അതില്‍നിന്ന് ഞാന്‍ തട്ടിയെടുത്ത് അനുഭവിച്ച ഒരു അനുപമ സാന്നിദ്ധ്യവും. ഇനിയും ഇനിയും വര്‍ഷങ്ങള്‍ വന്നുപോകും. ഋതുക്കളുടെ ഉടയാടകള്‍ മാറിമാറിയണിഞ്ഞ് പ്രകൃതി കാലത്തെ വരവേല്‍ക്കും. നമ്മളൊക്കെ ഒരിക്കലും തിരിച്ചു വരാത്ത പാതകളിലൂടെ നടന്ന് മാഞ്ഞു മറഞ്ഞു പോയെന്നിരിക്കാം. എങ്കിലും, അകലങ്ങള്‍ക്കും ആകസ്മികതകള്‍ക്കും അപ്പുറത്ത്, എന്‍റെ ഓര്‍മ്മച്ചെപ്പിനുള്ളില്‍ ഭദ്രമായി സ്കറിയാച്ചന്‍ ഉണ്ടായിരിക്കും; അദ്ദേഹത്തിന്‍റെ ഏകാന്തസ്മരണകളില്‍ ഒരുപക്ഷേ ഞാനും.

സ്കറിയാച്ചന്‍ പറയാതെ പറയുന്ന തത്വശാസ്ത്രം, അറിയാതെ പ്രയോഗവല്‍ക്കരിച്ച ജീവിത ദര്‍ശനം ഒരു നിര്‍വ്വചനത്തിന്‍റെ ചട്ടക്കൂടുകള്‍ പോലും അഭിലഷിക്കുന്നില്ല. ഈ പ്രപഞ്ചത്തില്‍ എല്ലാം ശരിയാണ്. ഇവിടെ എന്തെങ്കിലും ശരികേടുകളായോ അനൗചിത്യങ്ങളായോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് നമ്മുടെ പ്രശ്നമാണ്, നമ്മുടെ അഹന്തയുടെ പ്രശ്നമാണ്, താളഭ്രംശത്തിന്‍റെ പ്രശ്നമാണ്. ഈ വാചാലമായ അവബോധം ശാന്തമായ ജീവിതത്തിന്‍റെ രസക്കൂട്ടാണെന്ന് കരുതാം. ശരികളും ശരികേടുകളും തീര്‍ച്ചയായും വ്യക്തിപരമായ നിലപാടുകളാണ് - ജനിതക ഘടന ഉള്‍ച്ചേര്‍ത്ത നിസ്സഹായതകളും സമൂഹം സ്വാംശീകരിപ്പിക്കുന്ന മൂല്യബോധവും ചേര്‍ന്ന് രൂപകല്പന ചെയ്ത നിലപാടുകള്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലെ ഞാനോ മറ്റാരെങ്കിലുമോ ആയിത്തീരണമെന്ന് ശഠിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

ജീവിതം ഒരിക്കലും ഒരു പുഷ്പശയ്യ അല്ലെന്ന തിരിച്ചറിവ് ഉണ്ടായിരിക്കുമ്പോഴും, താളനിബദ്ധമായ ഈ പ്രപഞ്ചത്തെയും കാണാകുയിലിനെപ്പോലെ അദൃശ്യനായ അതിന്‍റെ സംവിധായകനേയും ആരാധനയോടെ, അത്ഭുതാദരങ്ങളോടെ നോക്കിക്കാണാന്‍ കഴിയുന്നത് ഒരു സിദ്ധിയാണ്. ഗുരുതരമായ രോഗം ബാധിച്ച് ബോധത്തിനും ബോധരാഹിത്യത്തിനും ഇടയിലുള്ള അരണ്ട വെളിച്ചത്തില്‍, നമുക്ക് ഇനിയും ഒരിക്കല്‍ കാശ്മീരില്‍ പോകണം എന്ന് മോഹിച്ച സ്കറിയാച്ചന്‍. ഏറെ ആഗ്രഹിച്ചിട്ടും ഇനിയും എത്തിച്ചേരാന്‍ കഴിയാതെ പോയ പൂക്കളുടെ താഴ്വര ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന സുഹൃത്ത്. ഹെര്‍ണിയായുടെ ഓപ്പറേഷന്‍ കഴിഞ്ഞ് വേദനകൊണ്ട് ഞെളിപിരികൊള്ളുമ്പോഴും പുഴകളേയും പൂക്കളേയും മനസ്സില്‍ സൂക്ഷിച്ച അജ്ഞാത കവി. രണ്ടു മക്കളും കാഴ്ചനഷ്ടപ്പെടുന്ന അവസ്ഥയില്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കിടന്നപ്പോഴും ഇടറാതെ, പതറാതെ നിന്ന സാത്വികന്‍. സര്‍പ്പദംശനമേറ്റ് മരണാസന്നനായി കിടന്നപ്പോഴും വര്‍ണ്ണരാജികള്‍ കൈമോശം വരാതിരുന്ന നിസ്സ്വന്‍. രാപ്പകലുകളോട് കലഹിക്കാതെ വെയിലത്തും മഴയത്തും ഭൂമിയുടെ പൂജാരിയായി നിന്ന്, വിത്തിറക്കി വെള്ളവും വളവും ഒഴുക്കി ഓരോ തളിരിനേയും ഓരോ പൂവിനേയും ഓമനിച്ച്, പ്രകൃതിയുടെ ഉപഹാരങ്ങള്‍ ആദരപൂര്‍വ്വം ഏറ്റുവാങ്ങി സ്കറിയാച്ചന്‍ എന്ന ഗ്രാമീണ കര്‍ഷകന്‍ മനുഷ്യ സംസ്കാരത്തിന്‍റെ ചുവടറ്റത്തുനിന്ന് ഏകാന്ത പഥികനായി നടന്നു വരുന്നതുപോലെ.

ഈ രാഷ്ട്രത്തിന്‍റെയും അതിന്‍റെ കളങ്കിത ഭരണകൂടത്തിന്‍റെയും പാപങ്ങളെല്ലാം ഏറ്റുവാങ്ങി ശുദ്ധീകരിക്കുന്ന നിശബ്ദ ഭൂരിപക്ഷത്തിന്‍റെ ഏകകമാണ് സ്കറിയാച്ചന്‍. ഈ ഏകകത്തിന്‍റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ടാണ് സംഘടിത വരേണ്യനൂനപക്ഷം സുഖലോലുപതയില്‍ അഭിരമിക്കുന്നുത്. ചിരപുരാതനമായ ഭാരതമനസ്സിന്‍റെ ജീവിക്കുന്ന പ്രതിനിധിയായിത്തീരുന്നു എനിക്കാ മനുഷ്യന്‍. കൃഷി ഒരു വ്യവസായമല്ല, ഒരു ഉപാസനയും നാട്ടറിവുകളിലൂടെ സ്ഫുടം ചെയ്തെടുത്ത ഒരു വിശുദ്ധ കര്‍മ്മവും ആണ്. അധികാരി വര്‍ഗ്ഗത്തിന്‍റെ വിഴുപ്പലക്കാന്‍ ഇത്തരം നിശ്ശബ്ദശിലകള്‍ എന്നും ഇവിടെ ഉണ്ടായിരിക്കണം. പക്ഷെ പാരമ്പര്യകൃഷിയുടെ ഭൂമികയില്‍ നിന്ന് നിശബ്ദ കര്‍ഷകനെ സമൂഹം ആട്ടിത്തെളിച്ച് പുറത്താക്കുകയാണ്. ഈ വിഭാഗീയതകള്‍ക്കും വിഭ്രമങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും എല്ലാം ഒടുവില്‍ ആത്യന്തികമായി ശരികേടുകള്‍ ഒന്നും ഉണ്ടാവില്ല. അറിവില്ലായ്മയുടെ പരിമിതികള്‍പോലും ഉണ്ടാവില്ല. അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ അര്‍തര്‍ ഹള്ളാം എന്ന പ്രിയ സുഹൃത്തിനെയോര്‍ത്ത് ആത്മാവിന്‍റെ തീര്‍ത്ഥയാത്ര നടത്തിയ കവി, യാത്രയുടെ ഒടുവില്‍ തിരിച്ചറിയുന്ന ഭാസുരമായ സത്യം എല്ലാവര്‍ക്കും ബാധകമാണ്. അവന്‍ തന്‍റെ തിളങ്ങുന്ന കരങ്ങള്‍ നമ്മുടെ നേര്‍ക്ക് നീട്ടും, ഒറ്റ ആത്മാവായി നമ്മളെ തന്നിലേക്ക് ഉള്‍ക്കൊള്ളുകയും ചെയ്യും.

പിന്‍കുറിപ്പ്:

നീണ്ടു നീണ്ടു കിടക്കുന്ന ജീവിത വഴിത്താരകളുടെ ഇങ്ങേതലയ്ക്കല്‍ നിന്ന് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ സൗഹൃദം എന്നത് നമ്മുടെ ബലഹീനതകളുടെ സുഖദമായ ഏറ്റുപറച്ചില്‍ ആണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ജീവിതം പോലും ബലഹീനതകളുടെ, നിസഹായതകളുടെ ഏറ്റുപറിച്ചില്‍ ആണെന്ന വസ്തുത തലയുയര്‍ത്തി നില്‍ക്കണം. ഈ നിസ്സഹായതകളെ ധന്യമാക്കുക വഴിയാണ് ജീവിതം തന്നെ ധന്യമായിത്തീരുന്നത്.

You can share this post!

ക്രിസ്തു ജനിക്കുന്നത്

ജോസ് സുരേഷ്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts