അച്ഛനും അമ്മയും ജനിച്ചത് പരരാശികളിലായിരിക്കണം. അതുകൊണ്ടവര്‍ എല്ലാക്കാലവും ദേശത്തെ അളന്നുകൊണ്ട് സഞ്ചരിച്ചു. ഒരു ചില്ലയില്‍നിന്ന് അകലത്തെ വേറൊരു മരത്തിലെ വേറൊരു ചില്ലയിലേക്ക് അവര്‍ കൂടുകള്‍ മാറ്റിപണിതുകൊണ്ടിരുന്നു. അതുകൊണ്ട് മക്കളായ ഞങ്ങള്‍ പറന്നുപഠിച്ചത് പല ആകാശങ്ങളിലാണ്. കേരളത്തിലെ പല ഗ്രാമങ്ങളിലും നഗരങ്ങളിലും അതുകൊണ്ട് ഞങ്ങള്‍ക്ക് കളിക്കൂട്ടുകാരുണ്ട്. മീനത്തില്‍ പിറന്നാലും മിഥുനത്തില്‍ പിറന്നാലും മീന്‍കുഞ്ഞിന് സഞ്ചരിക്കാതിരിക്കാന്‍ വയ്യ. തോട്ടിലേക്ക് ചാഞ്ഞുനില്ക്കുന്ന ഏതെങ്കിലും മുളങ്കൂട്ടത്തിന്‍റെ ജടപിടിച്ച അടിവേരുകള്‍ക്കിടയില്‍, അല്ലെങ്കില്‍ ചതുപ്പുനിലങ്ങളിലെ കണ്ടല്‍ക്കാടുകളുടെ വാത്സല്യച്ചൂടില്‍ പിറന്നുവീഴുന്ന മീന്‍കുഞ്ഞിന് നീര്‍ച്ചാലുകളും തോടുകളും പുഴയും താണ്ടി അഴിമുഖത്തെത്തുംവരെയെങ്കിലും സഞ്ചരിക്കാതെ വയ്യ. അതേ നിയോഗമാണ് എനിക്കും എന്‍റെ സഹോദരങ്ങള്‍ക്കും കിട്ടിയതെന്നു തോന്നുന്നു.
ഓരോ നാട്ടിലെത്തിയാലും ആദ്യം ഒരു വാടകവീട്. വാടകവീട്ടില്‍ താമസം തുടങ്ങി അയല്‍പക്കത്ത് കളിക്കൂട്ടുകാരൊക്കെ ആയിക്കഴിയുമ്പോഴായിരിക്കും അച്ഛന്‍ ഒരു ഒഴിഞ്ഞസ്ഥലം കണ്ടുവെയ്ക്കുന്നതും വാങ്ങുന്നതും തിരക്കിട്ട് അതിലൊരു വീട് പണിയുന്നതും. അങ്ങിനെ കളിക്കൂട്ടിന്‍റെ 'കോടിമണം' മായുന്നതിനുമുമ്പ് വേറൊരുപറ്റം കളിക്കൂട്ടുകാരെത്തേടി ഞങ്ങള്‍ യാത്രയാവുന്നു. വീടുമാറി, അമ്മ ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ തൈനട്ട് വെള്ളം കോരി പറമ്പ് ഒന്ന് പച്ചപിടിപ്പിച്ചുകഴിയുമ്പോഴായിരിക്കും വീണ്ടും യാത്രാഭ്രമം അച്ഛനെ പിടികൂടുന്നത്. വീട് മാറി, നാടുമാറി ഞങ്ങള്‍ അങ്ങനെ കളിക്കൂട്ടുകാരെ മാറ്റിയെടുത്ത് സഞ്ചരിച്ചുകൊണ്ടിരുന്നു. ഒന്നാംക്ലാസ് മുതല്‍ ഏഴാംക്ലാസ്സുവരെയെത്താന്‍ എനിക്ക് ഒന്‍പത് സ്കൂളില്‍ മാറിമാറി പഠിക്കേണ്ടിവന്നു. നിരന്തരം പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ കിട്ടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്. അവരുടെ മക്കളുടെ സ്ഥിതിയും ഇതായിരിക്കും. അച്ഛന് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ അച്ഛന്‍ തന്നെ കല്പിച്ച് അനുവദിക്കുന്നതാണ്. ഇന്നാലോചിക്കുമ്പോള്‍ ആ കൂടുമാറ്റങ്ങളും നാടുമാറ്റങ്ങളും ഞങ്ങളെ രസിപ്പിച്ചിരിക്കണം.
ഈ ലോകത്തിന് ഒരുപാട് ചക്രവാളങ്ങള്‍ ഉണ്ടെന്നറിഞ്ഞത് ഈ കുട്ടിക്കാലത്തെ യാത്രകളിലാണ്. അത് ഉല്ലാസയാത്രകളായിരുന്നില്ല, പഠനയാത്രകളായിരുന്നു ശരിക്കും. കോഴിക്കോട് നഗരത്തെ ഞാന്‍ ഹൃദയം കൊണ്ടറിഞ്ഞത് ഞങ്ങള്‍ അച്ഛനും അമ്മയും മക്കളും ഇത്തരമൊരു ഗൃഹപരിണാമ സന്ധിയില്‍ ശാന്തഭവന്‍ ഹോട്ടലില്‍ മൂന്നുമാസക്കാലം അപഹാരകാലത്ത് 'കഴിഞ്ഞ്' കൂടിയപ്പോഴാണ്. അന്ന് ഞാന്‍ നാലോ അഞ്ചോ വയസ്സുള്ള കുട്ടിയായിരുന്നു. ഹോട്ടലിന്‍റെ ഒന്നാം നിലയിലെ വിശാലമായ വരാന്തയുടെ തിണ്ണയില്‍ തൂണുംചാരിയിരുന്ന് ഞാന്‍ കണ്ട നഗരചിത്രം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു, പഴയ 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' ചിത്രങ്ങളുടെ ചാരുതയോടെ.
കേരളത്തിലെ പലനഗരങ്ങളിലും ഗ്രാമങ്ങളിലുമെത്തുമ്പോള്‍ ഏതെങ്കിലും ഒരു പഴയ കൂട്ടുകാരന്‍റെ അല്ലെങ്കില്‍ കൂട്ടുകാരിയുടെ മുഖം മനസ്സില്‍ തെളിഞ്ഞുവരുന്നുണ്ട്. എണ്ണമറ്റ സ്ഥലങ്ങളില്‍ എണ്ണിയാലൊടുങ്ങാത്തത്ര കളിക്കൂട്ടുകാര്‍ എനിക്കുണ്ട്. അവരൊന്നും ചിരകാല സുഹൃത്തുക്കളായില്ല എന്നതാണെന്‍റെ ദുഃഖം. യാത്രക്കിടയില്‍ മിന്നിമറഞ്ഞ മുഖങ്ങളാണവ. കളിയുടെ രസത്തിനിടയില്‍ കളിനിര്‍ത്തി ഓടിപ്പോകുന്ന ഒരു കുട്ടിയെ എത്രകാലം മറ്റ് കുട്ടികള്‍ ഓര്‍ക്കും. അതുകൊണ്ട് അവരില്‍ ചിലരെങ്കിലും എന്നെ ഓര്‍ത്താല്‍ അതൊരു അത്ഭുതമായിരിക്കും. മനസ്സുകൊണ്ട് ഞാനയാള്‍ക്കൊരു പട്ടും വളയും കൊടുക്കും.
അത്തരമൊരു അത്ഭുതമാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചത്.
എന്നെക്കാള്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ എന്നെ കാണാന്‍ വന്നപ്പോള്‍ എന്തെങ്കിലും സഹായത്തിനായി ആരെങ്കിലും വന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. അയാളുടെ തോളില്‍ ഒരു വലിയ സഞ്ചി തൂങ്ങുന്നത് കണ്ടപ്പോള്‍ കാര്യം ഉറപ്പായി. കഷ്ടപ്പാട് കൊണ്ടോ അല്ലെങ്കില്‍ ശീലം കൊണ്ടോ കൈനീട്ടല്‍ ജീവിതവ്രതമാക്കിയ ഒരാളായിരിക്കണം അയാള്‍. എന്‍റെ വര്‍ത്തമാനകാലജീവിതത്തിലേക്ക് അതിപ്രാചീനമായ ഒരു ഭൂതകാലത്തില്‍ നിന്നൊരാള്‍ കയറിവരുമെന്ന് എങ്ങനെ കരുതും.
പെട്ടെന്നറിയാതെ ഞാന്‍ ചോദിച്ചു പോയി "ഗോവിന്ദനല്ലേ". അതൊരത്ഭുതം തന്നെയാണ്. ഞാനോര്‍ത്തെടുത്ത് ചോദിച്ചതല്ലേ. ഗോവിന്ദന്‍ എന്‍റെ ഓര്‍മ്മയില്‍നിന്ന് തിരസ്കൃതനായിട്ടു കുറേ ദശകങ്ങളായി. ഓര്‍ക്കാത്ത ഒരാളെ ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഒരു അടയാളവും ആഗതനില്ല. പിന്നെന്തുകൊണ്ട് ഞാനത് ചോദിച്ചു. അന്നും ഇന്നും എനിക്കതിന് ഉത്തരമില്ല. മനസ്സ് വല്ലാത്തൊരു വിചിത്ര ജീവിയായിരിക്കണം. മായ്ച്ചുകളഞ്ഞ പലതും അതില്‍ മായാതെ കിടക്കുമായിരിക്കും. ജന്മവാസനകള്‍ എന്ന് നമ്മള്‍ വിളിക്കുന്ന പലതും നമുക്കറിയാത്ത നമ്മുടെ ചില സ്വഭാവങ്ങള്‍ ആയിരിക്കുന്നതുപോലെ ഓര്‍മയും നമ്മുടെ മനസ്സില്‍ ചില ഒളിച്ചുകളികള്‍ നടത്തുന്നുണ്ടാകണം. 'നീ മറന്നാലും ഞാനത് മറക്കില്ലെന്ന്' മനസ്സ് നമ്മളെ ചിലപ്പോഴൊക്കെ ഓര്‍മപ്പെടുത്തുന്നുണ്ടാവണം. 'മരിച്ചാലും മറക്കില്ലെന്ന്' ചിലപ്പോഴൊക്കെ നമ്മള്‍ പറയുന്നത് മനസ്സ് നിര്‍ബന്ധിച്ചിട്ടാവണം.
ഗോവിന്ദന്‍ എന്‍റെ ബാല്യത്തിലെ കളിക്കൂട്ടുകാരനായിരുന്നു. കടലൂര്‍ വളവിലെ എന്‍റെ കൂട്ടുകാരന്‍. റെയിലിനടുത്തായിരുന്നു അവന്‍റെ വീട്. എന്‍റെ വീട് നിരത്തിനരികില്‍ ഒരു വയല്‍വരമ്പിലൂടെ ഇത്തിരി നടന്നാല്‍ എത്തുന്നിടത്ത്. ഇന്നാ വയലില്ല. അതിനാല്‍ ആ വീട് ഇന്ന് നിരത്തരുകിലായി. അച്ഛനുണ്ടാക്കിയ വീടാണത്.
ഞങ്ങളവിടെ താമസം തുടങ്ങിയ അന്നുതന്നെയാണ് ഗോവിന്ദന്‍ ഒരു കമ്പിചക്രവും ഉരുട്ടി വീട്ടില്‍ വന്നത്. കമ്പിചക്രമെന്ന് പറഞ്ഞാല്‍ പുതുതലമുറയിലെ കുട്ടികള്‍ക്ക് അതറിയുകയില്ല.
കമ്പിവളച്ച് ഉണ്ടാക്കുന്ന ചക്രമാണത്. അന്നത്തെ കാലത്തെ ആണ്‍കുട്ടികള്‍ അതുരുട്ടിയാണ് നടന്നിരുന്നത്. അതവരുടെ കാറും ബസ്സും ലോറിയും ഒക്കെയായിരുന്നു. എനിക്കന്ന് കമ്പിച്ചക്രവണ്ടിയില്ല. കുട്ടികള്‍ കമ്പിച്ചക്രവണ്ടിയുരുട്ടി നടക്കുന്നത് അസൂയയോടെ കണ്ടുനില്ക്കുന്ന കാലം. ഒരു രഹസ്യം പറയാം. ആ വണ്ടികളൊക്കെ സര്‍ക്കാര്‍ വണ്ടികളായിരുന്നു. സംസ്ഥാനസര്‍ക്കാരിന്‍റേതല്ല, കേന്ദ്രസര്‍ക്കാരിന്‍റേത് തന്നെ. എങ്ങിനെയെന്നു പറഞ്ഞുതരാം. ഞാനും ഗോവിന്ദനും ചക്രമുരുട്ടി റെയില്‍പ്പാളത്തിലെത്തട്ടെ.
റെയില്‍പ്പാളത്തിനരികില്‍ത്തന്നെയാണ് ഗോവിന്ദന്‍റെ വീട്. പാളവും ഗോവിന്ദന്‍റെ വീടും തിരിക്കുന്ന അതിര്‍ത്തി ഒരു കമ്പിവേലിയാണ്, റെയില്‍വേയുടെ ആ കമ്പിവേലി ചാടിക്കടന്നുവേണം റെയില്‍പ്പാളത്തിലെത്താന്‍. റെയില്‍വേ ലൈനിന്‍റെ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ഇന്നതില്ല. വേലിക്ക് സംരക്ഷണം കൊടുക്കാന്‍ ഏര്‍പ്പാടില്ലാത്തതുകൊണ്ട് നിര്‍ത്തിയതായിരിക്കണം. ഗോവിന്ദന്‍റെ വീട്ടില്‍നിന്ന് വേലിചാടികടക്കാതെ പാളത്തിലെത്താം. കാരണം വേലിക്കമ്പി എല്ലാം മുറിച്ചുമാറ്റിയിരുന്നു. കുട്ടികള്‍ ആ വേലിക്കമ്പി മുറിച്ചെടുത്താണ് ഉരുട്ട് വണ്ടികള്‍ ഉണ്ടാക്കിയിരുന്നത്. ഗോവിന്ദന്‍ എന്നെയും കൂട്ടി പാളത്തിനരികിലെത്തി. ഞങ്ങള്‍ പാളത്തിലൂടെ തെക്കുവടക്ക് നടന്നു. കമ്പിവേലിയില്‍ എവിടെയെങ്കിലും കമ്പി അവശേഷിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ്. ഇപ്പോള്‍ ഗോവിന്ദന്‍റെ മനസ്സില്‍ എനിക്കൊരു ഉരുട്ടുവണ്ടി ഉണ്ടാക്കിത്തരുന്ന കാര്യം മാത്രമാണുള്ളത്. ഒരിടത്തുനിന്ന് പൊളിഞ്ഞ കമ്പിവേലിയില്‍ ഒരു ചക്രത്തിന് നീളമുള്ള കമ്പികിട്ടി. എന്‍റെ ജീവിതത്തിലെ ആദ്യത്തെ വണ്ടി എനിക്ക് സമ്മാനിച്ചത് ഗോവിന്ദനാണ്. ഗോവിന്ദന്‍ തന്ന വണ്ടിയുരുട്ടി ഞാന്‍ എന്‍റെ ലോകത്തിന്‍റെ അറ്റംവരെ പോയിരിക്കണം. ആ വണ്ടി എവിടെപ്പോയി? എന്‍റെ ഗേവിന്ദാ, ഈ ജീവിതത്തില്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഒന്നും ബാക്കിയാവുന്നില്ലല്ലോ. ഉരുട്ടുവണ്ടി കിട്ടിയതോടെ ഞാന്‍ അവന്‍റെ ഗ്രൂപ്പിലെ പൂര്‍ണമെമ്പറായി.
വീമംഗലം യു.പി. സ്കൂളായിരുന്നു അന്ന് ഞങ്ങളുടെ പഠനക്കളരി. വീമംഗലം സ്കൂളിനെക്കുറിച്ചോര്‍ക്കുമ്പോള്‍ സ്കൂളിന്‍റെ കളിസ്ഥലത്തിന് പിന്നില്‍ ഒരു വേലിക്കപ്പുറത്തുള്ള താമരക്കുളം ഓര്‍മയില്‍ വരുന്നു. വിശാലമായ ഒരു ചിറയായിരുന്നു അത്. അതില്‍ നിറയെ ചെമന്ന താമരപ്പൂക്കളുണ്ടായിരുന്നു, നീല ആമ്പല്‍പ്പൂക്കളും. വേലിചാടിക്കടന്ന് കുളത്തിലിറങ്ങി അവന്‍ താമരപ്പൂക്കളും ആമ്പല്‍പ്പൂക്കളും പറിച്ചെടുക്കും. അതവന്‍റെ സ്കൂളിലെ പ്രണയഭാജനങ്ങള്‍ക്കുവേണ്ടിയാണ്. കുഞ്ഞിഫ്രോക്ക് ധരിച്ചു നടക്കുന്ന മൊഞ്ചത്തികള്‍ക്ക്. ഈ കലാപ്രകടനങ്ങള്‍ക്ക് ഞങ്ങള്‍ രണ്ടുപേരേയും ബെഞ്ചില്‍ കയറ്റിനിറുത്തി കുഞ്ഞിക്കണാരന്‍ മാഷ് കൈവെള്ളയില്‍ ചൂരല്‍പ്പഴം സമ്മാനിച്ചതിന്‍റെ നീറ്റല്‍ ഇപ്പോഴും മനസ്സിലുണ്ട്. എനിക്കാദ്യമായി സ്കൂളില്‍ നിന്ന് കിട്ടിയ പ്രഹരമാണത്, അവസാനത്തേയും.
ഞാനതോര്‍ത്ത് ചിരിച്ചപ്പോള്‍ അവനെന്‍റെ മുഖത്തേക്ക് നോക്കി. ഞാന്‍ എന്‍റെ കൈവെള്ള അവന്‍റെ നേരെ നീട്ടി. ആറ് പതിറ്റാണ്ടിനുശേഷവും അതിന്‍റെ പാട് അവിടെയുണ്ടെന്ന വിശ്വാസത്തോടെ.
'നീയിപ്പോള്‍ എന്താ ചെയ്യുന്നത്..'
'ഞാന്‍ ഡ്രൈവറാണ് ലോറി ഡ്രൈവര്‍'
'എനിക്ക് തോന്നി'
'അതെങ്ങിനെ...'
'ഞാന്‍ സ്നേഹിച്ച ആദ്യത്തെ ഡ്രൈവര്‍ നീയാണ്.'
അവന്‍ ചിരിച്ചു. ഞാനും.
"കുറെ നാളായി മരിക്കണേന് മുന്‍പ് നിന്നെ കാണണമെന്ന് ഒരു മോഹം തുടങ്ങീട്ട്... അങ്ങിനെ വന്നതാ..."
അന്ന് ഗോവിന്ദന്‍ തിരിച്ചുപോയില്ല. രാത്രി മുഴുവനും ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. വലിയ വലിയ കാര്യങ്ങളല്ല, ചെറിയ ചെറിയ കാര്യങ്ങള്‍.
ക്ലാസ്മാഷ് ലീവാണെന്ന് പറഞ്ഞപ്പോള്‍ ഒരുദിവസം ഗോവിന്ദനും ഞങ്ങള്‍ നാലഞ്ചുപേരുകൂടി സ്കൂളിന്‍റെ കിഴക്കുഭാഗത്തുള്ള കുന്നിന്‍പുറത്തേക്കുപോയ കഥ അവനെന്നെ ഓര്‍മ്മിപ്പിച്ചു. നിറയെ പറങ്കി മാവുകളുള്ള ഒരു കുന്ന്. ഉച്ചവരെ ഞങ്ങള്‍ അവിടെ അലഞ്ഞുനടന്നു. ഉച്ചകഴിഞ്ഞ് സ്കൂളില്‍ തിരിച്ചെത്തിയപ്പോള്‍ ലീവാണെന്ന് പറഞ്ഞ മാഷുണ്ട് ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്നു. മാഷെ കണ്ടതും ഞാന്‍ മുങ്ങി. ഗോവിന്ദനും മറ്റുള്ളവര്‍ക്കും അന്ന് പൊതിരെ കിട്ടി. അങ്ങിനെ ഞാനൊരു ദിവസത്തേക്ക് വര്‍ഗവഞ്ചകനായി.
ആ യാത്രയുടെ പേരില്‍ എനിക്ക് ശിക്ഷ കിട്ടിയില്ല, മാഷുടെ കയ്യില്‍നിന്ന്. ഗോവിന്ദന്‍ കോപിഷ്ടനായതുമില്ല. കാരണം, കുന്നിന്‍പുറത്തെ ഏതോ ഒരു ഭൂതം എന്നെ പിടികൂടിയിരുന്നു. ഞാന്‍ ഒരാഴ്ച പനിച്ചുകിടന്നു. പനി കഴിഞ്ഞ് സ്കൂളിലെത്തുമ്പോഴേക്കും കുന്നിന്‍പുറയാത്ര ഒരു പഴങ്കഥയായി മാറിക്കഴിഞ്ഞിരുന്നു. രോഗി എന്ന പ്രതിച്ഛായ എനിക്കു കൈവരുകയും ചെയ്തിരുന്നു.
ഗോവിന്ദന്‍ എന്‍റെ ജീവിതത്തില്‍ ആരാണ്? ചില കാര്യങ്ങളൊക്കെ ചെയ്തേ തീരൂ എന്ന ഇച്ഛാശക്തി എന്നിലുണ്ടാക്കിയത് ഗോവിന്ദനായിരിക്കാം...