പശ്ചിമഘട്ട സംരക്ഷണ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരും സമരത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടവരും എല്ലാം ചേര്‍ന്ന് നടത്തിയ ഒരു സെക്രട്ടറിയേറ്റ് മാര്‍ച്ചിന്‍റെ പകല്‍ എന്‍റെ ഗ്രാമത്തിലെ പ്രധാന കവലയില്‍ ഞാന്‍ ബസ് കാത്ത് നിന്നു. തീര്‍ത്തും വിജനമായ തെരുവ്. കച്ചവടസ്ഥാപനങ്ങളൊക്കെയും അനുഭാവം 'പ്രകടിപ്പിച്ച്' അടച്ചിട്ടിരിക്കുന്നു. ഇനിയാരെങ്കിലും തിരുവനന്തപുരത്തേയ്ക്ക് പുലര്‍ച്ചെ 3.30 ന് പുറപ്പെട്ട ടൂറിസ്റ്റ് ബസില്‍ കയറിയില്ലെങ്കില്‍ കൂടി സമരത്തിന് പോവാത്തത് ആരും തിരിച്ചറിയാതിരിക്കാന്‍ വീടുകളില്‍ തന്നെ കഴിഞ്ഞു. ഏതെങ്കിലുമൊരു കച്ചവടക്കാരന്‍, തനിക്ക് സമരത്തോട് അനുഭാവം ഇല്ലെങ്കില്‍ കൂടി ആ ഒരു ദിവസം കട തുറന്ന് വയ്ക്കുക വഴി ഗ്രാമത്തിലെ പ്രധാന ഉപഭോക്താക്കളായ കര്‍ഷകരുടെ അപ്രീതിക്ക് പാത്രമായിത്തീരുമെന്നതുകൊണ്ട് പുലര്‍ച്ചെ ബസില്‍ ഇടംപിടിച്ച് 'യാത്രയില്‍' പങ്കാളിയായി. വിജനമായ ആ ഗ്രാമഭൂമികയില്‍, വിയോജിക്കാനുള്ള എന്‍റെ അവകാശങ്ങളെ അപ്പാടെ ഉള്ളില്‍ സംഗ്രഹിച്ച് അങ്ങനെ നില്‍ക്കുമ്പോള്‍ 25 വര്‍ഷക്കാലത്തെ സാമൂഹിക ജീവിതത്തിനിടയില്‍ ഈയൊരു മൂന്ന് മാസങ്ങള്‍ എന്നില്‍ സൃഷ്ടിച്ച അന്യതാബോധവും ഒരു പരിധിവരെ അപകര്‍ഷതാബോധവും ശൂന്യമായ തെരുവില്‍ അലിഞ്ഞില്ലാതായതുപോലെ. പിന്നെയെപ്പോഴോ ബസ് കയറാന്‍ വന്ന ഒരാള്‍ ചോദിച്ചു. 'സമരത്തിന് പോയില്ലേ?" എന്തോ വലിയ തെറ്റ് ചെയ്തതുപോലെ പരുങ്ങി മറുപടി പറഞ്ഞു. "ഇല്ല... പോകാന്‍ ഒത്തില്ല". എല്ലാവര്‍ക്കും ഒരേ നിലപാട് മാത്രമെ പറ്റൂ എന്ന് വ്യവസ്ഥ ചെയ്യപ്പെട്ട ഒരു ഗ്രാമാന്തരീക്ഷത്തില്‍ (മറ്റ് പല ഗ്രാമങ്ങളും പോലെ) അന്നേദിവസം യാത്ര ചെയ്യാന്‍ തുനിഞ്ഞതിനെ പഴിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു.
“Tell the truth and run....” (സത്യം വിളിച്ചുപറയുക... ഓടി രക്ഷപെടുക") പ്രമുഖ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ സെല്‍ദസ് (John Seldes) ന്‍റെ പ്രയോഗം ഈ കാലയളവില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് സുഹൃത്ത് ദീപുവാണ്. പറയാന്‍ ശ്രമിച്ചത് സത്യമാണെന്ന് വാദിക്കാതിരുന്നാല്‍ സെല്‍ദസിന്‍റെ പ്രയോഗത്തെ ഇങ്ങനെ കടമെടുക്കാം. "നിലപാട് പറഞ്ഞിട്ട് ഓടി രക്ഷപെടുക." ഓടാനും ഒളിക്കാനും വയ്യാത്തതുകൊണ്ട് നിലപാട് പറയാതിരിക്കുകയോ, നിലാപട് വിളിച്ചു പറഞ്ഞുകൊണ്ട് ഓടിക്കൊണ്ടിരിക്കുകയോ ഒക്കെയാണ് എന്നെപ്പോലുള്ള ചിലരെങ്കിലും.
പശ്ചിമഘട്ടസംരക്ഷണത്തിന്‍റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതിനും സമരമുഖത്ത് ഉയര്‍ന്ന ചില ആരോപണങ്ങളുടെ സാംഗത്യമില്ലായ്മ വെളിപ്പെടുത്തുന്നതുമായ കുറെയേറെ രേഖകളും ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും അടുത്തനാളുകളില്‍ പലപ്പോഴായി ആവേശപൂര്‍വ്വം സംഘടിപ്പിച്ചുകൊണ്ടിരുന്നു. ഈയിടെയായി നഷ്ടപ്പെട്ട ചില സൗഹൃദങ്ങളെ അവയുടെ വായനയ്ക്ക് പ്രേരിപ്പിക്കുക വഴി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കും എന്ന വിചാരമായിരുന്നു അതിന് പ്രേരണയായത്. പക്ഷെ പലരും അത് കൈപ്പറ്റാനേ തയ്യാറായില്ല എന്നതും, വാങ്ങി വച്ചവര്‍ തന്നെ പിന്നീടെപ്പോഴൊ ഒരുതരം വാശിയോടെ തങ്ങള്‍ അതു തുറന്നുനോക്കിയിട്ടില്ല എന്നു പറഞ്ഞതും വല്ലാതെ അത്ഭുതപ്പെടുത്തി. പലരും ആകാംക്ഷയോടെ കാത്തിരുന്ന ഗാഡ്ഗില്‍ മലയാളം പരിഭാഷയുടെ പ്രസാധന ചടങ്ങില്‍ വിമര്‍ശനബുദ്ധിയോടെ വന്നു ചേര്‍ന്ന സമരാനുകൂലികള്‍, പക്ഷെ യോഗം അവസാനിച്ചതോടെ 'തങ്ങളുടെ പണം വാങ്ങി അവര്‍ പുസ്തകം വില്‍ക്കണ്ട' എന്ന പിറുപിറുത്ത് പിരിഞ്ഞുപോകുന്നതിനും സാക്ഷിയാകേണ്ടി വന്നു. പിന്നെങ്ങനെയാണ് തര്‍ക്കവിഷയങ്ങളില്‍ ഒരു മറുപുറം കണ്ടെത്താന്‍ കഴിയുക.
'കര്‍ഷകരുടെ നാശം ആഗ്രഹിക്കുന്ന പരിസ്ഥിതിവാദികളുടെ (പരിസ്ഥിതി പ്രവര്‍ത്തകരുടെയും! രണ്ടും രണ്ടാണെന്ന് അംഗീകരിക്കുമെങ്കില്‍) കുതന്ത്രങ്ങളെ' കടുത്ത ഭാഷയില്‍ ആക്രമിക്കുന്ന ലേഖനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും മുന്നില്‍ എത്രയോ സഹിഷ്ണുതയോടെ കേട്ടിറങ്ങുമ്പോഴാണ്, ഇങ്ങ് പള്ളിനടയ്ക്കു താഴെ, "ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കുറെ ജനാധിപത്യസാധ്യതകളുണ്ട്, നമുക്ക് ഗ്രാമസഭകളില്‍ തീരുമാനമെടുക്കാന്‍ കഴിയും" എന്നൊക്കെ പറഞ്ഞുതീരും മുന്‍പെ മുഖം കറുത്ത് പിണങ്ങിപ്പോകുന്ന സുഹൃത്തുക്കളെ കണ്ട് അത്ഭുതപ്പെടേണ്ടി വരുന്നതും. നമുക്കെന്നാണ് ഇനി നമ്മുടെ പക്ഷത്തല്ല എന്ന ബോധ്യമുള്ളവരുമായി ആത്മവിശ്വാസത്തോടെ ആശയവിനിമയത്തില്‍ ഏര്‍പ്പെടാന്‍ കഴിയുക. നമുക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാവുന്ന ഒരു കുറിപ്പിലൂടെ ഒന്ന് കണ്ണോടിക്കാന്‍ കഴിയുക. എന്നിട്ട്, 'സുഹൃത്തെ ഇപ്പോഴും ചിലതില്‍ ഞാന്‍ താങ്കളോട് വിയോജിക്കുന്നുണ്ട്' എന്ന് കണ്ണുകളില്‍ നോക്കി പറയുവാന്‍ കഴിയുക. "നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് കാണാവുന്ന ഒരു സ്വപ്നത്തില്‍ നാമെന്നാണ് ഒന്നായിത്തീരുക? നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ചെല്ലാവുന്ന ഒരു പ്രാര്‍ത്ഥന എന്നാണുണ്ടാവുക?" എന്നൊക്കെ പെരുമ്പടവം ശ്രീധരന്‍ ചോദിക്കും പോലെ ഒരു വിദൂര സ്വപ്നത്തിന്‍റെ തലത്തിലല്ല മറിച്ച് ഗുണകരമായ ഒരു പൊതുസമൂഹക്രമത്തിന്‍റെ അനിവാര്യത എന്ന നിലയിലാണ് സംവാദത്തിന്‍റെ അര്‍ത്ഥപൂര്‍ണ്ണതയിലുള്ള ഒരു ആശയവിനിമയത്തെ ആഗ്രഹിച്ചു പോവുന്നത്. പശ്ചിമഘട്ടസംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ നടക്കുന്ന വര്‍ത്തമാനങ്ങള്‍ക്കെല്ലാം ഏതാണ്ട് ഏകമുഖമാണുള്ളത്. അതെ, മോണോലോഗ് തന്നെ. ആശയവിനിമയമോ, സംവാദമോ (ഡയലോഗ്) ഇല്ല. മനം മടുപ്പിക്കുന്ന മാനസികാവസ്ഥ ഉളവാക്കുന്നുണ്ടെങ്കില്‍ കൂടി ഈ കാലയളവില്‍ ദീപിക ദിനപത്രവും മറ്റ് ചില ലഘുലേഖകളും വായിക്കാന്‍ പലപ്പോഴും സ്വയം നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നത്, 'സുഹൃത്തെ താങ്കളുടെ മാനസികാവസ്ഥയെ തിരിച്ചറിയാനോ അതല്ലെങ്കില്‍ താങ്കളുടെ നിലപാടുകളോട് കുറച്ചുകൂടി വിയോജിക്കുന്നതിനോ' വേണ്ടിയാണ്.
"നിങ്ങളുടെ നിലപാടിനെ, അഭിപ്രായത്തെ ഞാന്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. പക്ഷെ അത് പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ഞാന്‍ എന്‍റെ ജീവന്‍ കൊടുക്കും." എന്നു പറഞ്ഞത് റൂസ്സോയാണ്. ഇത്തരം അര്‍ത്ഥപൂര്‍ണ്ണവും ആരോഗ്യകരവുമായ ഒരു മനോനിലയിലെത്താന്‍ നമുക്കും കഴിയേണ്ടതല്ലെ? പശ്ചിമഘട്ട സംരക്ഷണനിയമ വിരുദ്ധ സമരമുഖത്ത് 10000 വാട്സ് ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കപ്പെട്ട പല വസ്തുതാവിരുദ്ധ പ്രസ്താവനകള്‍ക്കും പ്രകോപനകരമായ ആക്ഷേപങ്ങള്‍ക്കും പക്ഷെ, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഒരു മെഗാഫോണിലൂടെ പോലും മറുപടി പറയാനാവാതെ വരുന്നത് സമരമുഖത്തെ രൂക്ഷമായ ഏകപക്ഷീയതയെ ഭയന്നു തന്നെയാണെന്ന് സാമൂഹിക നിരീക്ഷകര്‍ക്ക് തിരിച്ചറിയാന്‍ വിഷമമില്ല. ഇതിന് ഉദാഹരണങ്ങള്‍ സമരകാലയളവില്‍ നമ്മുടെ ഗ്രാമപരിസരത്ത് പെരുകുകതന്നെയാണ്. 'വരുംതലമുറയുടെ നിലനില്‍പ്പിനുവേണ്ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുക' എന്നാവശ്യപ്പെടുന്ന പോസ്റ്റര്‍ പതിക്കാന്‍ പട്ടാപ്പകല്‍ ഇറങ്ങിപ്പുറപ്പെട്ട കുറെ ചെറുപ്പക്കാരെ പശ്ചിമഘട്ട സംരക്ഷണനിയമവിരുദ്ധ സമരക്കാര്‍ തടഞ്ഞു. ചെരുപ്പ് മാലയിടാനും പ്രദക്ഷിണം വയ്പിക്കാനും തല്ലാനുമൊക്കെ സാഹചര്യമൊരുങ്ങിയതോടെ പോലീസെത്തി, ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തിച്ച് ജാമ്യത്തില്‍ വിട്ടയച്ചു. ജനാധിപത്യസര്‍ക്കാര്‍ നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പ്രചരണം നടത്തിയവര്‍ അകത്തും അവരെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ പുറത്തും. സുഹൃത്തായ പഞ്ചായത്തു മെമ്പറാണ് ഇതിലെ അനൗചിത്യം ശ്രദ്ധയില്‍പ്പെടുത്തിയത്. പോസ്റ്റര്‍ പതിച്ച ചെറുപ്പക്കാരുടെ നിലപാട് ന്യൂനപക്ഷത്തിന്‍റേതും സമരക്കാര്‍ ഭൂരിപക്ഷവുമായതുകൊണ്ട് ഈ കാലയളവില്‍ മറ്റ് പല 'ശരികളും' പോലെ ഈ നടപടിയും ശരിയാണ്, എന്ന് അദ്ദേഹത്തെ 'ബോധ്യപ്പെടുത്തേണ്ടി' വന്നു.
കാര്‍ഷിക മേഖലയില്‍ 11 വര്‍ഷമായി സജീവമായി ഇടപെട്ടു നിന്നിരുന്ന ഒരു ഗ്രാമീണ സന്നദ്ധസംഘടന രാവ് ഇരുണ്ട് വെളുത്തതോടെ 'വിദേശഫണ്ട് പറ്റുന്ന ചാരസംഘടന'യായി മാറി. കര്‍ഷകര്‍ മാത്രം ഉള്‍പ്പെടുന്ന അതിലെ പ്രവര്‍ത്തകര്‍ അവരുടേതു മാത്രമായ പ്രതിമാസ സംഭാവനകളിലൂടെ മാസം തോറും, ആഴ്ചതോറും കര്‍ഷകരെ ശാക്തീകരിക്കുന്നതിനും പദ്ധതികള്‍ ലഭ്യമാക്കുന്നതിനും വേണ്ടി നൈരന്തര്യതയോടെ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളിലെല്ലാം പക്ഷെ വിദേശമണം 'സ്പ്രേ' ചെയ്യപ്പെട്ടതോടെ സംഘടന പ്രതിക്കൂട്ടിലായി. അര്‍ഹതയും അറിവും ഉണ്ടായിട്ടും സ്വദേശ/വിദേശ പ്രൊജക്ടുകള്‍ വേണ്ട എന്ന ആദര്‍ശപരമായ നിലപാടില്‍ ഉറച്ചു നിന്നതിന്‍റെ പേരില്‍ വിഭവദാരിദ്ര്യത്തോടെ ബുദ്ധിമുട്ടുകള്‍ സഹിച്ച് മുന്നേറിയ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് പക്ഷെ "ഞങ്ങള്‍ അത്തരക്കാരല്ല" എന്ന് മറ്റൊരാളുടെ ചെവിയില്‍ പറയാന്‍പോലും അവസരം നിഷേധിക്കപ്പെട്ടു. സമരസമ്മേളനത്തില്‍ പങ്കാളിയായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ച സംഘടനാ ഭാരവാഹിയെ സംഘാടകര്‍ കണ്ടതായി ഭാവിച്ചില്ല.
സഹിഷ്ണുത എന്നത് പ്രതികരിക്കാന്‍/പറയാന്‍ ഭയക്കുന്നവന്‍റെ നിശ്ശബ്ദതയാണെങ്കില്‍ ഇങ്ങനെ പലരും തികഞ്ഞ സഹിഷ്ണുക്കളാണ്. കാരണം, സാജന്‍ എന്ന സുഹൃത്ത് പറഞ്ഞതു തന്നെയാണ്: "സാഹചര്യം അടിയന്തിരാവസ്ഥക്കാലത്തേതുപോലെയാണ്!" അതുകൊണ്ടു തന്നെയാവണം "പശ്ചിമഘട്ട സംരക്ഷണമോ?.... അതെന്താണ്?, ഗാഡ്ഗിലോ... കസ്തൂരി രംഗനോ... അതാരാണ്? നമുക്ക് സുഹൃത്തുക്കളെ നഷ്ടപ്പെടുത്താതിരിക്കാം" എന്ന് മൊബൈല്‍ ഫോണില്‍ സന്ദേശമയച്ച് തന്‍റെ കൃഷിയിടത്തിലേയ്ക്ക് പിന്‍വാങ്ങിയ പരിസ്ഥിതി സ്നേഹിതനില്‍ എന്നെത്തന്നെ കാണാന്‍ കഴിയുന്നതും.
“Public memory is short lived("ജനങ്ങളുടെ ഓര്‍മ്മയ്ക്ക് ആയുസ് കുറവാണ്") എന്ന എം.എന്‍. വിജയന്‍റെ പതിവ് ആരോപണത്തിലാണ് ഇനി ഒരു 'തിരിച്ചുവരവിന്' പ്രതീക്ഷയുള്ളത്. അല്ലെങ്കില്‍ തന്നെ എവിടേയ്ക്കാണ് തിരിച്ചുവരേണ്ടത്? ഇനിയും വല്ലപ്പോഴും, ക്രിയാത്മക തര്‍ക്കങ്ങള്‍ക്ക് ഇടംതരാതെ പിണങ്ങിപ്പോകാനിടയുള്ള പ്രിയ സുഹൃത്തെ താങ്കളുടെ അടുത്തേക്കോ?