news-details
മറ്റുലേഖനങ്ങൾ

പരിസ്ഥിതിക്കാര്‍ക്കും ഫാസിസ്റ്റാവാം

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഞാനൊരു കുറിപ്പ് ആദ്യമെഴുതിയത് ഒരു വര്‍ഷം മുമ്പാണ്. ആ കുറിപ്പ് തയ്യാറാക്കാന്‍ വേണ്ടിയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഞാന്‍ ആദ്യം വായിച്ചത്. അന്നത്തെ എന്‍റെ വായനയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍  കര്‍ഷകവിരുദ്ധത എന്തെങ്കിലും ഉള്ളതായി എനിക്ക് തോന്നിയില്ല.

പിന്നീട്, തുടര്‍ന്നുള്ള മാസങ്ങളില്‍ ഗാഡ്ഗില്‍ ശുപാര്‍ശകള്‍ വീണ്ടും വായിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നൂറുശതമാനവും പിന്തുണയ്ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരുമായും, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സമരരംഗത്തുള്ള ഇടുക്കിയിലെയും കോട്ടയത്തെയും വയനാട്ടിലെയും കോഴിക്കോട്ടേയും കണ്ണൂരേയും കര്‍ഷകസുഹൃത്തുക്കളുമായും ആശയവിനിമയം നടത്തി. അതിന്‍റെയെല്ലാം ഫലമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടിയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചും അക്കാര്യത്തില്‍ കേരളത്തിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍ എടുത്തുവന്ന നിലപാടിനെക്കുറിച്ചും എനിക്ക് ചില സന്ദേഹങ്ങളുണ്ടായി. 'ഒരു പരിസ്ഥിതിപ്രവര്‍ത്തകന്‍റെ പരസ്യകുമ്പസാരം' എന്ന പേരിലുള്ള ഒരു കുറിപ്പില്‍ അവ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെയിരിക്കെയാണ് ഈ അഭിപ്രായങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സാധാരണക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരും മലയോര കര്‍ഷകരുമടങ്ങുന്ന ഇരുപത്തിമൂന്നുപേര്‍ ഭരണങ്ങാനം അസ്സീസിയില്‍ ഒരു ദിവസം മുഴുവന്‍ ഒരു മേശക്കുചുറ്റുമിരുന്ന് ഈ വിഷയം ചര്‍ച്ച ചെയ്തത്. കേരളത്തിലെ പരിസ്ഥിതി സംരക്ഷണരംഗത്തെയോ, അതുപോലെ തന്നെ കര്‍ഷക അവകാശ സമരരംഗത്തെയോ സ്വാധീനിക്കാന്‍ പോന്ന പ്രമുഖരാരും ഞങ്ങളുടെ കൂടെയില്ലായിരുന്നു. എന്നാല്‍ ആ ചര്‍ച്ചക്ക് വന്നവര്‍ പരസ്പര ബഹുമാനത്തോടെ തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാനും മറ്റുള്ളവരുടേത് കേള്‍ക്കാനുമുള്ള മാനസികതുറവിയുള്ളവരായിരുന്നു. നാട്ടിലെങ്ങും പശ്ചിമഘട്ട സംരക്ഷണ വിഷയം മുന്‍നിര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍ കര്‍ഷകരും, രാഷ്ട്രീയ, സമുദായ നേതാക്കളുമായി തര്‍ക്കിക്കുമ്പോള്‍, കുറച്ച് പരിസ്ഥിതിപ്രവര്‍ത്തകര്‍ തങ്ങളുടെ സഹപൗരന്‍മാരായ കര്‍ഷകരുടെ ആശങ്കകളെന്താണെന്ന് അവരുടെ അടുത്തിരുന്ന് കേള്‍ക്കുകയായിരുന്നു. അതുപോലെതന്നെ പരിസ്ഥിതി സംരക്ഷണ രംഗത്തുള്ളവര്‍ ഉന്നയിക്കുന്ന നിലനില്‍പ്പിന്‍റെ പ്രശ്നങ്ങള്‍ തങ്ങളുടെതുകൂടിയാണെന്ന് തുറന്നംഗീകരിക്കാന്‍ കര്‍ഷക സുഹൃത്തുക്കള്‍ സന്നദ്ധമാവുകയായിരുന്നു. ശാഠ്യങ്ങളുപേക്ഷിച്ച് മറുഭാഗത്തിന്‍റെ വികാരങ്ങളറിയാന്‍ മനസ്സുതുറന്നപ്പോള്‍ ഞങ്ങള്‍ക്കവിടെ 17 കാര്യങ്ങളില്‍ യോജിച്ച അഭിപ്രായ പ്രകടനങ്ങള്‍ നടത്താനായി. (അക്കാര്യങ്ങള്‍ ഡിസംബര്‍ ലക്കം കേരളീയത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.) കൂടുതല്‍ സമയമെടുത്ത് വിശദമായ ചര്‍ച്ചകള്‍ നടത്താന്‍ അവസരമുണ്ടായാല്‍ കൂടുതല്‍ കൃത്യതയോടെ കര്‍ഷകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പശ്ചിമഘട്ടസംരക്ഷണ കാര്യത്തില്‍ സമവായത്തിലെത്താനാവുമെന്ന് അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബോധ്യമായി. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ക്ക് വേണ്ടി മനസ്സിന്‍റെ വാതിലുകള്‍ തുറന്നിടാന്‍ കൂട്ടാക്കാത്തവര്‍ എല്ലാരംഗത്തുമുണ്ടെന്ന സത്യം മറച്ചു വയ്ക്കാനാവില്ല. ജനങ്ങളില്‍ ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണല്ലോ അവര്‍ സംഘടിത പ്രസ്ഥാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍ പരിസ്ഥിതി സംരക്ഷണരംഗത്തുള്ളവരും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ തങ്ങളുടെ സാന്നിദ്ധ്യം അടയാളപ്പെടുത്താനുള്ള അവസരങ്ങളാക്കി മാറ്റാന്‍ മാത്രം ശ്രദ്ധിക്കുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക? ഈയൊരു ചോദ്യം ഉന്നയിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കാനാണ് പഴയചില കാര്യങ്ങള്‍ സൂചിപ്പിച്ചത്.

നമ്മുടേത് ഏറെക്കുറെ ഒരു തുറന്ന സമൂഹമാണ്. ഇവിടെ ആരുടെയും ശരികള്‍ ഏകപക്ഷീയമായി പൊതുസമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാനാവില്ല. ഏറെ വൈവിധ്യങ്ങളും സങ്കീര്‍ണ്ണതകളുമുള്ള ഇവിടുത്തെ പൊതുജീവിതം ഏതെങ്കിലുമൊരു റിപ്പോര്‍ട്ടിലെയോ കിതാബിലേയോ ശരികള്‍ അനുസരിച്ച് ചിട്ടപ്പെടുത്തണമെന്ന് ശഠിക്കുന്നതിലര്‍ത്ഥവുമില്ല. ഗാഡ്ഗില്‍ മിശിഹായിലൂടെ പശ്ചിമഘട്ടത്തെ സംരക്ഷിച്ചുകളയുമെന്ന ശാഠ്യത്തിലാണ് ശുദ്ധഗതിക്കാരായ കുറച്ചു പരിസ്ഥിതി പ്രവര്‍ത്തകര്‍. രാഷ്ട്രീയ നേതാക്കളും മതനേതാക്കളും തങ്ങളുടെ നിലപാടുകള്‍ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും തന്ത്രപൂര്‍വ്വം അനുരഞ്ജനങ്ങള്‍ക്കു വഴങ്ങാനും അവര്‍ സന്നദ്ധരാവാറുണ്ട്.  അത്തരമാളുകളെക്കാള്‍ ബൗദ്ധിക വിനയവും ജനാധിപത്യപരമായ തുറവിയും പ്രകടിപ്പിക്കേണ്ടവരാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. എന്തുകൊണ്ടോ ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍ പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അപ്പുറമോ ഇപ്പുറമോ ഒരിടമില്ലായെന്ന് തര്‍ക്കിക്കുകയാണ്. അവര്‍ തര്‍ക്കിക്കുന്നത് പശ്ചിമഘട്ടത്തിലെ ജനങ്ങളുമായാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആ ജനങ്ങളുടെ പങ്കാളിത്തമില്ലാതെ ഒരു റിപ്പോര്‍ട്ടിന്‍റെ ബലത്തില്‍ പശ്ചിമഘട്ടസംരക്ഷണം യാഥാര്‍ത്ഥ്യമാക്കാമെന്നു കരുതുന്നവര്‍ പക്വമതികളാണെന്ന് പറയാനാവില്ല. അല്ലെങ്കില്‍തന്നെ ജൈവവൈവിധ്യത്തെക്കുറിച്ച് ബോധ്യമുള്ളവര്‍ അഭിപ്രായവൈവിധ്യത്തില്‍ അസ്വസ്ഥരാകേണ്ടതില്ലല്ലോ. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരൊന്നും അത് വായിച്ചിട്ടില്ലാ എന്ന വിധിപ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നത് ഒരു അസ്വസ്ഥതയാണ്. ആ മനസികാവസ്ഥ ജനാധിപത്യ സംസ്കാരത്തിന്‍റെ ഉല്‍പ്പന്നമല്ലായെന്ന് പറയാതിരിക്കാനാവില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കലവറയില്ലാതെ പിന്തുണയ്ക്കുക എന്നത് പരിസ്ഥിതി പ്രവര്‍ത്തകന്‍റെ അടിസ്ഥാന യോഗ്യതയായി പരിഗണിക്കപ്പെടുന്ന സാഹചര്യം അത്ര സുഖകരമല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ പരിമിതിയെക്കുറിച്ച് പറയുന്നവരെല്ലാം ഖനന-ടൂറിസം മാറിയായുടെ ഏജന്‍ററുമാരാണെന്ന വ്യാഖ്യാനവും, പൗരോഹിത്യം നയിക്കുന്ന ആള്‍ക്കൂട്ടത്തെ കണ്ട് ഭയന്നവരാണെന്ന വിശകലനവും പരിസ്ഥിതിവാദത്തിന്‍റെ മറവില്‍ ചിലരുയര്‍ത്തുന്നുണ്ട്. ഇതെല്ലാം തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സ്വതന്ത്രമായ വിശകലനങ്ങളെയും അഭിപ്രായരൂപീകരണത്തെയും ഭയക്കുന്നതുകൊണ്ടാണോ? ഭയവും സംശയവും സ്വന്തം ശരികളിലുള്ള അതിരുവിട്ട കുടുംപിടിത്തവും ഫാസിസ്റ്റ് മനസ്സിന്‍റെ രൂപപ്പെടലിലേക്കാണ് നയിക്കുക. ഗാഡ്ഗില്‍ റിപ്പോര്‍ട്ടുള്‍പ്പെടെ എന്തും, അത് വായിക്കുന്ന ആളിന്‍റെ അനുഭവങ്ങളുടെയും വായിക്കപ്പെടുന്ന സന്ദര്‍ഭത്തിന്‍റെയും, വ്യക്തിപരവും സാമൂഹികവുമായ താല്‍പര്യങ്ങളുടെയും പശ്ചാത്തലത്തിലാവും മനസ്സിലാക്കപ്പെടുക. അത്തരത്തിലുള്ള വ്യത്യസ്ത വായനകള്‍ക്കും അഭിപ്രായരൂപീകരണങ്ങള്‍ക്കുമുള്ള സാധ്യതകള്‍ തള്ളിക്കളയുന്ന സമീപനം പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവെയും പരിസ്ഥിതി- സാംസ്കാരിക പ്രവര്‍ത്തകര്‍ക്കു പ്രത്യേകിച്ചും യോജിച്ചതല്ല.

പരിസ്ഥിതി വാദമുയര്‍ത്താന്‍ പുസ്തകജ്ഞാനം മാത്രം മതി. അക്കാദമികസത്യങ്ങളെ അടിസ്ഥാനപ്പെടുത്തി പലതും ആശയതലത്തില്‍ സ്ഥാപിക്കാനെളുപ്പമാണ്. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തനം നടത്താന്‍ അനുഭവങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും പാഠം പഠിക്കാനുള്ള വിനയം ആവശ്യമാണ്. പുസ്തകജ്ഞാനവും നല്ലതുതന്നെ. പ്രാദേശികമായും ദേശീയതലത്തിലുമെല്ലാം ജനങ്ങളെ നയിച്ചിട്ടുള്ളവര്‍ ജനങ്ങളെ കേള്‍ക്കാന്‍ വിനയം പ്രകടിപ്പിച്ചിട്ടുള്ളവരാണ്.അവരുടെ നിലപാടുകള്‍ക്ക് ജനം ചെവികൊടുത്തത്,  പുസ്തകവായനയെക്കാള്‍ ജനങ്ങളുടെ ജീവിതവായനയില്‍ നിന്നവര്‍ ഉള്‍ക്കൊണ്ട പാഠങ്ങളായിരുന്നു ആ നിലപാടുകളിലെന്നതുകൊണ്ടാണ്. കര്‍ഷകര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചു പഠിക്കാഞ്ഞിട്ടല്ല, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശൂപാര്‍ശകള്‍ മുഴുവന്‍ കര്‍ഷകവിരുദ്ധമാണെന്നു തെറ്റിദ്ധരിച്ചിട്ടുമല്ല സമരം ചെയ്യുന്നത്, ഇത്തരം ചില റിപ്പോര്‍ട്ടുകളുടെയും നിയമങ്ങളുടെയും നടപ്പാക്കല്‍ രംഗത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ചില തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്. ഇതറിയാന്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍  കര്‍ഷകരുടെ ജീവിതവായനയ്ക്ക് സന്നദ്ധമാവുകയാണ് വേണ്ടത്. ആ സന്നദ്ധത പ്രകടിപ്പിക്കാത്തവരുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ഒരു പൗരോഹിത്യഭാവം കൈവന്നുകൊണ്ടിരിക്കുന്നു എന്നത് സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാവും. രാഷ്ട്രീയപൗരോഹിത്യം പോലെ, പൗരോഹിത്യരാഷ്ട്രീയംപോലെ ഇനിയൊരു പാരിസ്ഥിതികപൗരോഹിത്യവും ഇവിടെ വേരുറയ്ക്കുമോ എന്ന ആശങ്ക അസ്ഥാനത്തല്ല.

ഈ ആശങ്കയോടൊപ്പംതന്നെ ശുഭപ്രതീക്ഷനല്‍കുന്ന ചില നീക്കങ്ങളും കേരളത്തിലെ പരിസ്ഥിതിപ്രവര്‍ത്തകരില്‍ ചിലരില്‍ നിന്നെങ്കിലുമുണ്ടായി എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ഏറ്റവും പ്രധാനം 1977 വരെയുള്ള കുടിയേറ്റകര്‍ഷകര്‍ക്ക് പട്ടയം നല്‍കണമെന്ന നിലപാട് സുഗതകുമാരി ടീച്ചറിന്‍റെ നേതൃത്വത്തിലുള്ള പരിസ്ഥിതി സംഘടന തുറന്നു പ്രഖ്യാപിച്ചതാണ്. ഇത്തരമൊരു തുറന്ന നിലപാട് കേരളത്തിലെ ഏതെങ്കിലും ഒരു പരിസ്ഥിതിസംഘടന ഒരു ദശകം മുമ്പ് സ്വീകരിച്ചിരുന്നെങ്കില്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് ഇന്നുള്ളതിലുമേറെ സ്വാധീനം മലയോരമേഖലകളിലുണ്ടാകുമായിരുന്നു. എന്നല്‍ ഇതുവരെ പരിസ്ഥിതിസംഘടനകള്‍ നിശബ്ദമായാണെങ്കില്‍പോലും, പട്ടയദാനം ഏതാനും വര്‍ഷം വൈകിപ്പിച്ച തിരുവാങ്കുളം നേച്ചര്‍ ലവേര്‍സ് സൊസൈറ്റിക്കൊപ്പമായിരുന്നു എന്ന സത്യം എന്തിന് മൂടിവയ്ക്കണം. ഏറെ വൈകിയാണെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ ഇക്കാര്യത്തില്‍ നിലപാടെടുത്തവര്‍ പ്രശംസ അര്‍ഹിക്കുന്നു. പരിസ്ഥിതി ബോധമുള്ള ചെറുപ്പക്കാരുടെ വേദിയായ യൂത്ത്ഡയലോഗ് ഏപ്രില്‍ 10 മുതല്‍ മെയ് 30 വരെ ആസൂത്രണം ചെയ്തിട്ടുള്ള പശ്ചിമഘട്ടസംവാദയാത്രയും കര്‍ഷകരെയും ആദിവാസികളെയും കാണാനും കേള്‍ക്കാനുമാണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ആശാവഹമാണ്. അതുപോലെതന്നെ ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം (Natioal Aliance of Peoples Movements- NAPM)കേരളഘടകം പശ്ചിമഘട്ടസംരക്ഷണകാര്യത്തില്‍ പരിസ്ഥിതിപ്രവര്‍ത്തകരും കര്‍ഷകരും ആദിവാസികളും തമ്മില്‍ ചര്‍ച്ചകളിലൂടെ സമവായത്തിലെത്താന്‍ ഉള്ള ശ്രമങ്ങളാരംഭിച്ചിരിക്കുന്നത് പ്രതീക്ഷകള്‍ക്ക് വകനല്‍കുന്ന കാര്യമാണ്. ഇനി ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഗാഡ്ഗില്‍ മിശിഹായില്‍ പൂര്‍ണ്ണവിശ്വാസമര്‍പ്പിച്ചിട്ടുള്ള പരിസ്ഥിതി കുഞ്ഞാടുകള്‍ എന്ത് ആക്ഷേപങ്ങള്‍ ഉന്നയിക്കുമെന്നറിയില്ല...

അടുത്ത ദിവസമുണ്ടായ ഒരു അനുഭവംകൂടി സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപമുള്ള പുസ്തകം വിലകൊടുത്ത് വാങ്ങിയത് കണ്ട എന്‍റെ രണ്ടു സുഹൃത്തുക്കളുടെ പ്രതികരണം ഇങ്ങനെയായിരുന്നു: അദ്ധ്യാപകനായ ആദ്യസുഹൃത്ത് ,ڇഇത് വായിക്കുമ്പോള്‍ എന്തെങ്കിലും സംശയമുണ്ടായാല്‍ പേജ് നമ്പര്‍ പറഞ്ഞ് ഫോണില്‍ വിളിച്ചാല്‍ മതിڈ . അപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ രണ്ടാമത്തെ സുഹൃത്ത്, ഇനിയെങ്കിലും ഇതൊക്കെയെന്ന് നേരാം വണ്ണം വായിക്ക്ڈ. രണ്ടുപേരും എന്‍റെ അടുത്ത സുഹൃത്തുക്കളായ പരിസ്ഥിതിപ്രവര്‍ത്തകരാണ്. രണ്ടു പ്രതികരണങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെയായിരുന്നു എന്നുമെനിക്കറിയാം. എന്നാല്‍ ആദ്യത്തെ സുഹൃത്തിന്‍റെ വാദ്ധ്യാര്‍ ശുദ്ധഗതിയും രണ്ടാമത്തെ സുഹൃത്തിന്‍റെ പുസ്തകജ്ഞാനഭക്തിയും വച്ചുകൊണ്ടു മാത്രം സാധാരണ ജനങ്ങളെ പശ്ചിമഘട്ടസംരക്ഷണകാര്യം ബോധ്യപ്പെടുത്താനാവുമോ എന്നതു മാത്രമാണ് എനിക്കറിയാത്തത്.

You can share this post!

ക്രിസ്തു ജനിക്കുന്നത്

ജോസ് സുരേഷ്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts