ലിംഗം (Sex) ലൈംഗികത്വം (gender) ) ലൈംഗികചായ്വ് (Sexual Orientation) എന്നിവയുടെ സമന്വയത്തിലൂടെയാണ് ഒരു വ്യക്തിയുടെ ലൈംഗികതയിലെ സ്വത്വബോധം (Sexual Identity) രൂപപ്പെടുന്നത്. ലിംഗം, ലിംഗഭേദം(Sex) എന്നീ പദങ്ങള്‍ ജൈവശാസ്ത്രപരമായി ഒരുവനെ/ ഒരുവളെ പുല്ലിഗം, സ്ത്രീലിംഗം എന്ന് വര്‍ഗ്ഗീകരിക്കുന്നതിന് ഉപയോഗിക്കുന്നു. പ്രത്യുല്‍പാദനരീതിയെ സൂചിപ്പിക്കാനും (Sexual Act) ഉല്പാദനവയവങ്ങളുടെ അടിസ്ഥാനത്തിലും ലിംഗവും വൃഷ്ണങ്ങളും (Penis and Testicles), ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും (Uterus and Ovaries) സ്ത്രീകളെയും വേര്‍തിരിക്കുന്നതിനുള്ള അടയാളങ്ങളാണ്. ലൈംഗികത്വം(gender)) എന്നതിന്‍റെ ജൈവശാസ്ത്രപരമായ ലിംഗഭേദത്തിനനുസൃതമായ ശാരീരികവും മനശ്ശാസ്ത്രപരവും സാമൂഹ്യവുമായ പ്രകാശനങ്ങളാണ് ലൈംഗികത്വത്തിന്‍റെ അടിസ്ഥാനം (Gender Identity and Gender role) സ്ത്രൈണവും പൗരുഷവുമായ (Feminine & Masculine) ഇത്തരം മാനദണ്ഡങ്ങള്‍ സാംസ്കാരിക പരിപ്രേക്ഷ്യത്തിനനുസൃതമായി രൂപപ്പെടുന്നതാണ്. ഈ മാനദണ്ഡങ്ങള്‍ ആവശ്യപ്പെടുന്ന പെരുമാറ്റരീതികള്‍ അനുസരിച്ചു ജീവിക്കാന്‍ സാമൂഹ്യമര്യാദകള്‍ ഒരുവനെ/ ഒരുവളെ നിര്‍ബന്ധിക്കുന്നു. ഉദാഹരണത്തിന് മുടി നീട്ടി വളര്‍ത്തുന്നതും പ്രത്യേകവസ്ത്രധാരണരീതികളും സ്ത്രീലിംഗ ദ്യോതകമാണ്. ചൊട്ടയിലെ ശീലം കാരണം പ്രായപൂര്‍ത്തിയെത്തുമ്പോഴും ഉടുപ്പിലും നടപ്പിലും ലൈംഗികവ്യതിരക്തത പുലര്‍ത്തുന്ന തരത്തിലായിരിക്കും പെരുമാറ്റരീതികള്‍. ആണുങ്ങള്‍ വീടുപുലര്‍ത്താനും പെണ്ണുങ്ങള്‍ കഞ്ഞിയും കറിയും വയ്ക്കാനും ശീലിക്കുന്നു.
സാംസ്കാരിക വ്യത്യസ്തയ്ക്കനുസരിച്ച് ലൈംഗികത്വത്തോടനുബന്ധിച്ചുള്ള ശീലങ്ങളും അടയാളങ്ങളും വ്യത്യാസപ്പെടുന്നുമുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇളം ചുമപ്പുനിറം പൗരുഷത്തിന്‍റെ അടയാളമായിട്ടാണ് കരുതപ്പെടുന്നത്. (കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ പോലും ഈ കളര്‍കോഡ് പ്രാധാന്യത്തോടെ പിന്‍തുടരാറുണ്ട്. പൗരുഷവും യുദ്ധവീരത്വവും ദ്യോതിപ്പിക്കുന്ന ചുവപ്പു നിറത്തിലുള്ള പിള്ളക്കച്ചകളാണ് ആണ്‍ കുഞ്ഞുങ്ങള്‍ക്ക്. സ്ത്രീത്വത്തിന്‍റെ സര്‍വ്വശ്രീയുടെയും നിറകുടമായ മറിയത്തിന്‍റെ ഓര്‍മ്മയ്ക്കായി പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഇളംനീല നിറത്തിലുള്ള ഉടുപ്പും പുതുപ്പുമെല്ലാം.)
ലിംഗവും ലൈംഗികത്വവും (Sex and Gender) ലൈംഗിക വ്യക്തിത്വത്തിന്‍റെ അടയാളങ്ങള്‍ നല്‍കുമെങ്കിലും ഒരു വ്യക്തിയുടെ ലൈംഗിക അഭിവിന്യാസം എന്തെന്നതിനെപ്പറ്റിയുള്ള സൂചനകള്‍ അവ നല്‍കണമെന്നില്ല ഒരു വ്യക്തിക്ക് മറ്റു വ്യക്തിയോട് തോന്നുന്ന ലൈംഗിക ആകര്‍ഷണമാണ് ലൈംഗിക അഭിവിന്യാസത്തിന്‍റെ (Sexual Orientation) അടിസ്ഥാനം. ഈ ലൈംഗികാകര്‍ഷണത്തിന് ഉത്തേജകമായിവര്‍ത്തിക്കുന്നത് പ്രത്യുല്‍പാദനത്തിനുള്ള ത്വരയാണ് എന്ന് വാദിക്കുന്നവരാണ് മഹാഭൂരിപക്ഷമെങ്കിലും പ്രായോഗികതലത്തില്‍ ലൈംഗികവൃത്തിയില്‍ നിന്നുളവാകുന്ന സുഖാനുഭൂതിയാണ് ലൈംഗികബന്ധത്തിന്‍റെ ചാലകശക്തി എന്നതാണ് അനുഭവം. പ്രത്യുല്‍പാദനലക്ഷ്യത്തോടെ നടത്തുന്ന ലൈംഗികബന്ധങ്ങളുടെ എത്രയോമടങ്ങാണ് ലൈംഗികസുഖം അനുഭവിക്കുന്നതിനായി മാത്രം നടത്തുന്ന ലൈംഗികബന്ധങ്ങള്‍.
നാം ജീവിക്കുന്ന കാലഘട്ടത്തില്‍ ലിംഗഭേദവും ലൈംഗികതയും ലൈംഗികതയുടെ അഭിവിന്യാസവും വ്യക്തികളുടെ ജീവിതവ്യാപാരങ്ങളില്‍ ഒതുങ്ങുന്ന പെരുമാറ്റരീതിയെന്നതിലുപരി മത, സാമൂഹ്യ, രാഷ്ട്രീയ വേദികളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും നിദാനമായ വിവാദവിഷയമാണ്. പലരാജ്യങ്ങളിലും സ്വവര്‍ഗ്ഗ സംഭോഗവും സ്വവര്‍ഗ്ഗ ലൈംഗികതയും ലൈംഗികാഭിമുഖ്യവും പുറത്തറിഞ്ഞാല്‍ നിയമവിരുദ്ധമായ കുറ്റമായി നിയമനടപടികള്‍ നേരിടേണ്ടിവരും. അതേസമയം മറ്റുചില രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് നിയമപരിരക്ഷയുണ്ടുതാനും (Gay & Lesbain Marriages). പല മതനേതൃത്വത്തിനും രാഷ്ട്രീയ വിചക്ഷണന്മാര്‍ക്കും നിയതമായ ഒരു കാഴ്ചപ്പാടോ പെരുമാറ്റ സംഹിതയോ ഈ വിഷയത്തിലില്ല. അതുകൊണ്ട് സ്വാഭാവിക ലൈംഗികതയില്‍, ആരാണ് നേരസ്ഥര്‍.... ചിന്തിച്ചാല്‍ ആശ്ചര്യപ്പെട്ടുപോകുകയേയുള്ളു.
അന്താരാഷ്ട്ര പ്രശസ്തിയുള്ള ലോകാരോഗ്യസംഘടന (WHO) ലോക മെഡിക്കല്‍ സംഘടന(World Medical Association) തുടങ്ങിയ അനേകം ചികിത്സാ വിദഗ്ധരുടെ കൂട്ടായ്മകള്‍ ലൈംഗികതയിലെ വ്യത്യസ്തതകളെ സ്വാഭാവികമായി കാണാനും വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും തിടുക്കും കാട്ടുന്നുണ്ട്. എന്നുമാത്രമല്ല പലജീവിജാലങ്ങളിലും ലിംഗ ലൈംഗികത, ലൈംഗികാഭിവിന്യാസവ്യതിയാനങ്ങള്‍, സ്വാഭാവികമായി കാണപ്പെടുന്നുമുണ്ട് എന്ന് വിലയിരുത്തുന്നുമുണ്ട്. 500 ലേറെ മൃഗജാതികളില്‍ സ്വവര്‍ഗ്ഗലൈംഗികബന്ധങ്ങള്‍ പതിവാണ് അവ പ്രജനനത്തിന് ഭിന്നലിംഗബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 65000 ത്തിനുമുകളില്‍ മൃഗജാതികളില്‍ ജന്മനാ ലൈംഗികലക്ഷണങ്ങള്‍ ഇല്ലാതെയോ ദ്വിവിധലൈംഗികലക്ഷണങ്ങളോടുകൂടിയോ ക്രോമോസോം വൈകല്യങ്ങളുടെ ഫലമായി ജനിക്കുന്നുണ്ട്. മനുഷ്യരില്‍ 2% ത്തിലേറെ അതായത് ലോകജനസംഖ്യയല്‍ 150 ബില്യണിലധികം പേര്‍ ആണ്‍-പെണ്‍ മിശ്രലൈംഗികതയോടെ ജീവിക്കുന്നുണ്ട് എന്നതാണ് കണക്ക്. ഒട്ടനവധി ജന്മവൈകല്യങ്ങളുടെ ലക്ഷണസാന്നിധ്യമുള്ള അവസ്ഥകള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് വിവരിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണങ്ങള്‍ ആന്‍ഡ്രോജെന്‍ സെന്‍സിറ്റിവ്, ആന്‍ഡ്രോജന്‍, ഇന്‍സെന്‍സിറ്റിവ് സിന്‍ഡ്രോമുകള്‍, ടെര്‍ണേഴ്സ് സിന്‍ഡ്രോം തുടങ്ങിയവ അനേകം. ചില അവസ്ഥകളില്‍ മറ്റു ശാരീരിക ന്യൂനതകള്‍ ഉണ്ടായിരിക്കാമെങ്കിലും പലരും ഏതാണ്ട് ശരാശരി ആയൂര്‍ദൈര്‍ഘ്യം പ്രതീക്ഷിക്കാവുന്നവരും സാമൂഹ്യജീവിതം നയിക്കാനുതകുന്ന ശാരീരിക മാനസിക ക്ഷമതകള്‍ നിലവിലുള്ളവരുമാണ്. മിശ്രലൈംഗികതയുള്ളവര്‍ വിഭിന്ന നിലവാരമുള്ള ലൈംഗിക ക്ഷമതകളുള്ളവരായിരിക്കും. ജൈവശാസ്ത്രപരമായ ലിംഗഭേദത്തിലെ ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ക്കൂടാതെ വിവിധ അളവുകളില്‍ ആണ്‍-പെണ്‍ മിശ്ര ലിംഗഭേദങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വ്യക്തികള്‍ ഒട്ടനവധിയുണ്ട്.
സിസ് ജെന്‍ഡര്‍ (Cis-gender) വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ജന്മനായുള്ള ലിംഗഭേദവും ലൈംഗികവ്യക്തിത്വവും (Sex And Sexual Identity) ഒന്നുതന്നെയായിരിക്കും. ട്രാന്‍സ്ജെന്‍ഡര്‍ (Transgender) വ്യക്തികളില്‍ ജന്മനായുള്ള ലിംഗഭേദവും ലൈംഗിക വ്യക്തിത്വവും വ്യത്യസ്തങ്ങളായിരിക്കും. ലൈംഗികത്വം (gender) എന്നത് സാംസ്കാരത്തനിമയുമായി ഇഴചേര്‍ന്നിരിക്കുന്നതാകകൊണ്ടു ട്രാന്‍സ്ജെന്‍ഡറുകളുടെ അനുപാതം ലോകവ്യാപകമായി നിര്‍ണ്ണയിക്കുക എളുപ്പമല്ല.
ഏറ്റവും കുറവ് ട്രാന്‍സ്ജെന്‍ഡറുകള്‍ സ്വീഡനിലാണ് (0.17/ 100,000) ഏറ്റവും കൂടുതല്‍ മലേഷ്യയിലും (1333/100000). ഇന്‍ഡ്യയില്‍ 167/100000 എന്നാണ് സ്ഥിതിവിവരക്കണക്ക്. സാംസ്കാരിക നിലവാരത്തിനനുസരിച്ച് ട്രാന്‍സ്ജെന്‍ഡറുകളുടെ എണ്ണത്തിലും വ്യത്യാസം ഉണ്ടായിരിക്കും. ജന്മനാ പുരുഷലിംഗമായിരുന്നാലും സ്ത്രീലിംഗത്തിനടുത്ത ജീവിതം നയിക്കുന്നവരാണ് എണ്ണത്തില്‍ ഏറെയും. അവര്‍ ട്രാന്‍സ്ജെന്‍റര്‍ ഫീമെയില്‍സ് (TGFs) എന്നറിയപ്പെടുന്നു. ഇന്‍ഡ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ TGFs, ഹിജറ (ഹിജഡ) കള്‍ എന്നറിയപ്പെടുന്നു. ഗവണ്‍മെന്‍റ് അവര്‍ക്ക് മൂന്നാം ലിംഗത്തില്‍പ്പെട്ടവര്‍ എന്ന പദവി നല്‍കിയിട്ടുണ്ട്. ലൈംഗികാഭിവിന്യാസത്തിന്‍റെ അടിസ്ഥാനത്തില്‍ (Sexual orientation) കേവലം എതിര്‍ ലിംഗഭോഗതല്‍പരന്‍, സ്വവര്‍ഗ്ഗഭോഗതല്‍പരന്‍ എന്ന രണ്ട് ജലനിരോധക അറകളായി (Water Tight Compartments) കാണാതെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയായി(Continuum)) വിലയിരുത്തണമെന്നാണ്,Kinseng Ponerongy & Martin (1948) അഭിപ്രായപ്പെടുന്നത്. അവര്‍ രൂപപ്പെടുത്തിയ 7 പോയിന്‍റുകളെ Helero Sexual HomoSexual Rating Scale ഇപ്രകാരമാണ് - Zero Point തികച്ചും എതിര്‍ലിംഗ തല്‍പരന്‍, Six Pointsതികച്ചും സ്വവര്‍ഗ്ഗാനുരാഗി,3 Points മധ്യവര്‍ത്തി (bisexual) എന്നിങ്ങനെ പോയിന്‍റടിസ്ഥനത്തില്‍ വിലയിരുത്തുന്നു.
ലൈംഗികതയില്‍ നേരസ്ഥന്‍ ആര് ?
സ്വാഭാവിക ലൈംഗിക പെരുമാറ്റങ്ങള്‍ എവിടെ അവസാനിക്കുന്നു, അസ്വാഭാവിക രീതികള്‍ എവിടെ തുടങ്ങുന്നു എന്നതു ജനതയുടെ സാംസ്കാരിക പശ്ചാത്തലങ്ങളില്‍ അധിഷ്ഠിതമാണ്. ലൈംഗികകാര്യങ്ങളില്‍ ഏറെ നിയന്ത്രണാത്മക സംവിധാനങ്ങള്‍ (restrictive Practices) പുലര്‍ത്തുന്നവയാണ് ചില സംസ്കാരങ്ങള്‍. ഉദാഹരണം അയര്‍ലന്‍റിനടുത്തു സ്ഥിതിചെയ്യുന്ന ഐനിസ് ബിയാഗ് ദ്വീപില്‍ (Inis Beag Island) നഗ്നത വര്‍ജ്ജ്യമാണ്. കുളിമുറിയിലും എന്തിന് ലൈംഗിക വൃത്തിയില്‍പോലും ഉടുപ്പൂരുന്നത് പതിവില്ലാത്തവരാണ് ദ്വീപു നിവാസികള്‍. കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനല്ലാതെ ലൈംഗിക ബന്ധങ്ങള്‍ നിഷിദ്ധങ്ങളുമാണ്. ഈ ജീവിതരീതിക്ക് നേര്‍വിരുദ്ധമാണ് ദക്ഷിണ പസഫിക് ദ്വീപുസമൂഹങ്ങളിലൊന്നായ Au Au (ആവൂ ആവൂ). ചെറുപ്പത്തിലേത്തന്നെ സ്വയംഭോഗത്തിനും പരസ്ത്രീവേഴ്ചകള്‍ക്കും പ്രേരിപ്പിക്കുന്ന ജനസമൂഹമാണ് ആവൂ ആവൂ നിവാസികള്‍. പെണ്‍കുട്ടികളെയും ലൈംഗിക സുഖങ്ങള്‍ ആരാഞ്ഞ് കണ്ടെത്തി ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്ന സാംസ്കാരിക പശ്ചാത്തലമാണ് ആവൂ ആവൂ ദ്വീപിലേത്. കത്തോലിക്കാ മതത്തില്‍ ലൈംഗികതയെ സംബന്ധിച്ച് അര്‍ത്ഥശങ്കക്കിടയില്ലാത്ത പ്രബോധനങ്ങളെയുള്ളു. വിവാഹമെന്നത് ഒരു പുരുഷനും ഒരു സ്ത്രീയും തമ്മില്‍ സ്വമനസ്സാലേ നിലവില്‍ വരുത്തുന്ന ഉടമ്പടിയാണ്. വിവാഹമെന്ന കൂദാശയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്, ദൈവാലയത്തില്‍ വച്ച് പുരോഹിതന്‍റെ കാര്‍മ്മികത്വത്തില്‍ ദൈവതിരുമുമ്പാകെ പരസ്പരം ഏറ്റുപറയുന്ന ഉടമ്പടി. വിവാഹമെന്ന കൂദാശ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് ഭാര്യയും ഭര്‍ത്താവും ലൈംഗികബന്ധത്തിലൂടെ ഒന്നായിത്തീരുന്ന പാവനമുഹൂര്‍ത്തത്തിലാണ്(Consummation) സ്വവര്‍ഗ്ഗവിവാഹങ്ങളില്‍ (Lesbian/ Gay Marriages) Consummation എന്നൊരു ധര്‍മ്മത്തിന് എന്തു പ്രസക്തി, എന്തു സാധ്യത. സോഡോമി (Sodomy) എന്ന മ്ലേച്ഛപാപത്തിലൂടെ അല്ലാതെ സ്വാഭാവിക ലൈംഗികബന്ധം സ്വവര്‍ഗ്ഗ രതിയില്‍ സാധ്യമല്ലല്ലോ. ദൈവശിക്ഷ ക്ഷണിച്ചു വരുത്താനായി മുറവിളികൂട്ടുന്ന അധമപാപമായിട്ടാണ് ഇത്തരം രതിവൈകൃതങ്ങളെ വിശുദ്ധ ഗ്രന്ഥം വിവരിക്കുന്നത്.
ഉപസംഹാരം
ലൈംഗിക ചേഷ്ടകളെ മനസ്സിലാക്കാന്‍ തത്രപ്പെടുന്നതിന് ആനുപാതികമായ ലൈംഗികവിജ്ഞാനം നമുക്കാര്‍ജ്ജിക്കാനായിട്ടില്ല എന്നതാണ് വസ്തുത. മതപരവും സമൂഹ്യവുമായ അതിരുതിരിവുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ലൈംഗികത എന്ന മനുഷ്യജീവിതത്തിലെ സുപ്രധാനമായ ചാലകശക്തിയെ വിലയിരുത്തുന്നത് എളുപ്പമല്ല. ലൈംഗികത എന്നത് സമൂര്‍ത്തമായ ലിംഗഭേദവും ലൈംഗിക അഭിരുചികളുംڇ'ഒന്നല്ലെങ്കില്‍ മറ്റേത്' (Either or) എന്ന വിഭജനത്തില്‍ ഒതുങ്ങുന്നതുമല്ല. കാരണം അത് ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയാണ് (continuum). അതുപോലെതന്നെ ലൈംഗികവൃത്തിയെപ്പറ്റിയുള്ള ഭാവനകളും(Fantasy) പ്രായോഗിക ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടിവരുന്ന പെരുമാറ്റരീതികളും വ്യത്യസ്തങ്ങളുമാണ്. പ്രായോഗികതലത്തില്‍ അവ വ്യക്തിപരമെന്നതിലുപരി സാംസ്കാരികാധിഷ്ഠിതമാണ്.
സെക്സ് (Sex) എന്നത് ശരീരശാസ്ത്രപരമായ ലിംഗനിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന പദമാണ്. ഉദാഹരണം-സ്ത്രീലിംഗം, പുല്ലിംഗം. ജെന്‍ഡര്‍ (Gender) എന്ന വാക്ക് ലിംഗ സംബന്ധമായ സാമൂഹ്യരൂപകല്‍പനയാണ് (Social Construct) ലിംഗ സംബന്ധമായ വിവരണങ്ങളിലും വിശേഷണങ്ങളിലും ലിംഗവിവേചനമോ(Gender Bias, Gender Discrimination) പക്ഷഭേദമോ ദ്യോതിപ്പിക്കാതെയുള്ള ഭാഷയില്‍ വേണം ആശയങ്ങള്‍ അവതരിപ്പിക്കാന്‍ എന്ന് ഐക്യരാഷ്ട്രസംഘടനയുടെ (United Nations) പെരുമാറ്റ ചട്ടങ്ങളില്‍ വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടന അംഗീകരിച്ചിട്ടുള്ള ആറു ഔദ്യോഗിക ഭാഷകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.
ഉടുപ്പിലും നടപ്പിലും വരെ ലൈംഗിക നിഷ്പക്ഷത (Gender Nutrality) യ്ക്ക് വേണ്ടി വാദിക്കുന്ന ഈ കാലത്ത് സ്കൂള്‍ യൂണിഫോംപോലും ലൈംഗിക നിഷ്പക്ഷമായിരിക്കണം എന്ന് ശഠിക്കുന്ന ഈ കാലത്ത് ക്രിസ്തീയ പ്രബോധനങ്ങളിലെ ലൈംഗികതയുടെ അന്തസ്സത്ത വിചിന്തനവിഷയമാക്കുന്നത് യുക്തമാണ്. ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു. പ്രത്യുല്‍പാദനക്ഷമതയിലൂടെ സൃഷ്ടികര്‍മ്മത്തില്‍ ദൈവവുമായി സഹകരിക്കാനും അനുവദിച്ചു. സ്ത്രീക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ധര്‍മ്മങ്ങളും പുരുഷനുമാത്രം ചെയ്യാന്‍ കഴിയുന്ന ധര്‍മ്മങ്ങളും സ്ത്രീയും പുരുഷനും പാരസ്പര്യത്തിലൂടെ അനുവര്‍ത്തിക്കേണ്ട ധര്‍മ്മങ്ങളും പ്രകൃത്യാ നിലവില്‍വന്നു. ലൈംഗിക വിവേചനമോ പക്ഷഭേദമോ സൃഷ്ടിയിലില്ല. മറിച്ച് പരസ്പരപൂരകങ്ങളായ ധര്‍മ്മങ്ങള്‍ (Complementarity) സ്രഷ്ടാവ് ലൈംഗികതയില്‍ ഉള്‍ച്ചേര്‍ത്തു എന്നാണ് ശാസ്ത്രദൃഷ്ട്യാ വിശകലനം ചെയ്താലും സന്മാര്‍ഗ്ഗ ശാസ്ത്രത്തിന് അനുസൃതമായി ചിന്തിച്ചാലും എത്തിച്ചേരാവുന്ന നിഗമനം. സ്ത്രീയുടെയും പുരുഷന്‍റെയും സ്ഥൂല ശരീരഘടനയുടെ പ്രത്യേകതകളിലും സൂക്ഷ്മമായ ജനിതകഘടനയില്‍ പോലും ഈ ആണ്‍/ പെണ്‍ പരസ്പരപൂരകത്വം വ്യക്തമാണ്.
ജൈവശാസ്ത്രാനുസൃതമായി ചിന്തിച്ചാലും സന്മാര്‍ഗ്ഗശാസ്ത്രദൃഷ്ട്യാ വിശകലനം ചെയ്താലും വ്യക്തമായി മനസ്സിലാക്കാവുന്ന സ്വാഭാവിക നിയമങ്ങളാണ് ലൈംഗികവ്യതിരക്തതയുടെ അടിസ്ഥാന പ്രമാണങ്ങള്‍ എന്നു കാണാം. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്ത്രീയും പുരുഷനുമായാണ്. സ്ത്രീയും പുരുഷനുമായി ജീവിക്കുകയും ദൈവകല്‍പിതങ്ങളായ ധര്‍മ്മങ്ങള്‍ നിറവേറ്റുന്നതിലൂടെ പരസ്പര പൂരകങ്ങളായി ജീവിതം നയിക്കുകയും ലൈംഗികബന്ധം എന്ന പാവനകര്‍മ്മത്തിലൂടെ ജീവിതപങ്കാളിക്ക് സ്വയം ദാനമായി സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് സ്വാഭാവിക നീതിക്കും സന്മാര്‍ഗ്ഗനിഷ്ഠകള്‍ക്കും അനുയോജ്യമായ ചിന്താഗതിയും ജീവിതരീതിയും.
പ്രകൃതിയില്‍ ചുരുക്കമായി സംഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യേകതകളായ ട്രാന്‍സ്ജെന്‍ഡര്‍ (Transgender) അവസ്ഥകളെ വ്യക്തിപരമായി വിശകലനം ചെയ്ത് അനുയോജ്യമായ ചികിത്സാമാര്‍ഗ്ഗങ്ങളിലൂടെ അവരെ മുഖ്യധാരയിലേക്ക് ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. (കൗണ്‍സിലിംഗ്, Gender Affirmaing ശസ്ത്രക്രിയകള്‍, റീഹാബിലിറ്റേഷന്‍ മുതലായവ). അല്ലാതെ സാമാന്യവത്കരണത്തിലൂടെ അവര്‍ക്ക് പ്രത്യേകപദവിയും ആനൂകൂല്യങ്ങളും നല്‍കി അവരെ ഒരു പ്രത്യേക 'ഇനം' ആയി നിലനിര്‍ത്തുന്നതാണ് ശരിയായ അര്‍ത്ഥത്തില്‍ വിവേചനം എന്നു വിളിക്കപ്പെടേണ്ടത്.
ദൈവസൃഷ്ടിയിലും സന്മാര്‍ഗ്ഗാനുശാസനങ്ങളിലും അന്തര്‍ലീനമായ സ്ത്രീപുരുഷലൈംഗികതയുടെ വ്യതിരക്തതയും നൈസര്‍ഗികമായ മനോഹാരിതയും ആത്മീയമായ പരിപാവനതയും ബലികഴിച്ചുകൊണ്ടുള്ള ഒരു പരിഷ്കാരവും സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല, മാനവസംസ്കാരത്തിന് അനുയോജ്യവുമല്ല. (അവസാനിച്ചു)