news-details
മറ്റുലേഖനങ്ങൾ

വീടിന് ഒരാത്മാവുണ്ട്

നമ്മുടെ നാട്ടില്‍ കുടുംബബന്ധങ്ങള്‍ ദൃഢമാണ് എന്നാണ് നാം കരുതുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ ഉള്ളതുപോലെ വേര്‍പിരിയലുകള്‍ ഇവിടില്ല എന്നതാണ് നാം അങ്ങനെ വിചാരിക്കുന്നതിനു കാരണം. എന്നാല്‍ അടുത്ത കാലത്ത് നാം നിത്യവും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങള്‍ നമ്മെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. നാം വിചാരിക്കുന്നത്ര ഭദ്രമാണോ നമ്മുടെ കുടുംബവ്യവസ്ഥ? ജനാധിപത്യസംസ്കാരത്തിന് കുടുംബത്തിനുള്ളില്‍ എത്രമാത്രം ഇടമുണ്ട്. അധികാരത്തിന്‍റെ ശ്രേണിബന്ധകമായ ഘടനയിലാണോ കുടുംബത്തിന്‍റെ സ്ഥിതി? ആരെങ്കിലും ഒത്തുതീര്‍പ്പിനുശേഷം വഴങ്ങിക്കൊടുക്കുന്നതുകൊണ്ടാണോ പുറമെയെങ്കിലും ഭദ്രമായ ഒരു ഘടനയായി കുടുംബം നിലനില്‍ക്കുന്നത്? ദുര്‍ബലര്‍ക്ക് എന്തധികാരമാണ് കുടുംബത്തിനുള്ളിലുള്ളത്? ഓരോരുത്തര്‍ക്കും വളരാനും വികസിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്‍റെ വായുവും വെളിച്ചവും വീടുകളിലുണ്ടോ? ഇത്തരം അനേകം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അന്വേഷിക്കുന്ന നോവലാണ് സാറാ ജോസഫിന്‍റെ 'ആളോഹരി ആനന്ദം.' ഓരോരുത്തര്‍ക്കും അവരവരുടെ വിഹിതം ആനന്ദം ലഭ്യമാകുമ്പോള്‍ മാത്രമേ കുടുംബവ്യവസ്ഥ സര്‍ഗാത്മകമാകൂ. 'തൊട്ടുതൊട്ടുകിടക്കുന്ന രണ്ടാളുകള്‍ക്കിടയില്‍ നെടുനീളത്തില്‍ ഒരു വിള്ളല്‍' എന്നതാണോ യാഥാര്‍ത്ഥ്യം? രണ്ടുപേര്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മധ്യധരണ്യാഴിയാണ് കുടുംബബന്ധങ്ങളെ കേവലം ഒത്തുതീര്‍പ്പാക്കുന്നത്.

ആളോഹരി ആനന്ദത്തിലെ എല്ലാ കഥാപാത്രങ്ങളും എന്തെല്ലാമോ അന്വേഷിക്കുകയാണ്. സ്നേഹം, പരിഗണന, സാന്ത്വനം, സന്തോഷം...... അങ്ങനെ എന്തൊക്കെയോ ആണ് അവര്‍ തെരയുന്നത്. അന്വേഷണത്തിന്‍റെ തീവ്രനിമിഷങ്ങളില്‍ പലപ്പോഴും അവര്‍ ഹതാശരാകുന്നു. ആയിരിക്കുന്ന അവസ്ഥയില്‍ ആരും തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് സത്യം. പരസ്പരപൂരകമാകുന്ന ബന്ധങ്ങളേ സര്‍ഗാത്മകമാകൂ. പരസ്പരം ഭാരപ്പെടുത്തുന്ന ബന്ധങ്ങള്‍ ഇഴബന്ധമില്ലാതെ നെയ്തെടുത്ത വസ്ത്രംപോലെയാണ്. ഊടുംപാവും അയഞ്ഞു കിടക്കുന്ന വസ്ത്രത്തിന് ദൃഢത കുറയും. 'ഭൂമിവാതുക്കല്‍' എന്ന സ്വപ്നഭൂമിയാണ് നാം ലക്ഷ്യം വയ്ക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മില്‍, മനുഷ്യനും മനുഷ്യനും തമ്മില്‍, മറ്റു ജീവജാലങ്ങളും മര്‍ത്യനും തമ്മില്‍ സ്നേഹത്തിന്‍റെ പാരസ്പര്യം നിറയുന്ന ശാദ്വലഭൂമി. അവിടെ ബന്ധങ്ങള്‍ പരസ്പരം ഭാരപ്പെടുത്തുന്നില്ല. സര്‍ഗാത്മകതയുടെ ചക്രവാളങ്ങള്‍ അവിടെ തനിയെ വിടര്‍ന്നുവരും. അവിടെ പൂക്കള്‍ കൂടുതല്‍ സുഗന്ധം പരത്തും. സ്നേഹത്തിനായുള്ള അന്വേഷണം ഇത്തരം ചില മേഖലകളിലേയ്ക്ക് ചിലരെയെങ്കിലും നയിച്ചേക്കാം. അതിര്‍വരമ്പുകള്‍ കോറിയിടാത്ത സ്നേഹത്തിന്‍റെ ആകാശമാണ് ഭൂമിവാതുക്കല്‍. എഴുത്തുകാരിയുടെ പലകാലങ്ങളായുള്ള അന്വേഷണത്തിന്‍റെ സാഫല്യമാണ് ഈ അഭയകേന്ദ്രം. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, പാകമാണെങ്കിലും അല്ലെങ്കിലും പഴകിയചെരുപ്പുപോലെ ഇടുകയുമഴിക്കുകയും ചെയ്യുക എന്ന വിധിയാണ് കൂടുതല്‍ ബന്ധങ്ങളിലും നിലനില്‍ക്കുന്നത്. അതിന് മതവും സംസ്കാരവും പാരമ്പര്യവുമെല്ലാം കാവല്‍ നില്‍ക്കുന്നു. ഇതിനിടയില്‍ അനേകം ആത്മാവുകള്‍ വീര്‍പ്പുമുട്ടുന്നു. ഈ വീര്‍പ്പുമുട്ടലിന്‍റെ ഭിന്നതലങ്ങളാണ് സാറാ ജോസഫിന്‍റെ നോവലില്‍ ആവിഷ്ക്കരിക്കപ്പെടുന്നത്.

മണ്ണില്‍ തറവാടിന്‍റെ ചരിത്രത്തിലൂടെയാണ് മാനുഷികബന്ധങ്ങളുടെ ചരിത്രം നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. നാം ജീവിച്ചിരിക്കുന്ന ജീവിതത്തിന്‍റെ ചരിത്രം കൂടിയാണിത്. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതം നമ്മില്‍ എന്താണ് അവശേഷിപ്പിക്കുന്നത്? 'പോള്‍' എന്ന കഥാപാത്രത്തിന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് നാടിന്‍റെയും കുടുംബത്തിന്‍റെയും ചരിത്രം ആഖ്യാനം ചെയ്യപ്പെടുന്നത്. ഈ ആഖ്യാനം നമ്മുടെ സമൂഹത്തിന്‍റെ നേരവസ്ഥകൂടിയാണ് തുറന്നിടുന്നത്. പൊയ്മുഖംവെച്ച് നാം മൂടിവയ്ക്കുന്ന ജീവിതത്തിന്‍റെ തനിസ്വരൂപം ഇഴപിരിച്ചു പരിശോധിക്കുകയാണ് നോവലിസ്റ്റ്. പരമ്പരാഗതമായ നിര്‍വചനങ്ങളെയും ഘടനകളെയും തിരുത്തിക്കുറിച്ചുകൊണ്ട് മനുഷ്യബന്ധങ്ങളുടെ നദി ഒഴുകിപ്പരക്കുന്നത് സൂക്ഷ്മമായി വരച്ചിടാന്‍ സാറാ ജോസഫിന് സാധിക്കുന്നു. ശരിതെറ്റുകളുടെ അളവുകോലുകള്‍ക്കപ്പുറത്താണ് മനുഷ്യമനസ്സിന്‍റെ സൂക്ഷ്മവേഗമെന്ന് നാം തിരിച്ചറിയുന്നു. ചരിത്രം വസ്തുതകളിലേക്കു കടക്കുമ്പോള്‍ നമ്മുടെ ധാരണകള്‍ക്കപ്പുറത്തേക്കു തെന്നിനീങ്ങുന്നതു നാം കാണുന്നു. വിരസവും സംഘര്‍ഷഭരിതവുമായ ജീവിതയാത്രകള്‍ ഒരിക്കലും കൂട്ടിമുട്ടാതെ സമാന്തരമായി മുന്നേറുന്നത് എഴുത്തുകാരി എടുത്തുകാണിക്കുന്നു. കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള തിരിച്ചറിവായി നോവല്‍ മാറുന്നതതുകൊണ്ടാണ്. പോളിന്‍റെയും തെരേസയുടെയും ജീവിതം ഒരുദാഹരണം മാത്രമാണ്. "വല്ലതും പറയാനിടയായാല്‍ വാക്കുകളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ്, ലജ്ജയോടെ ഒന്നോ രണ്ടോ, വാക്കുകള്‍ കൊണ്ടു നടത്താവുന്ന വിനിമയങ്ങള്‍ക്കപ്പുറം യാതൊന്നുമില്ലാതെ. ഒരു കുഞ്ഞുനോട്ടംകൊണ്ടുപോലും പരസ്പരം കൂട്ടിയിണക്കാതെ." ഇത്തരം ജീവിതയാത്രകള്‍ വിരസമാണെന്നത് നിസ്തര്‍ക്കമാണ്. എന്തിന്‍റെ പേരിലാണ് ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. അതിന് സമൂഹത്തിന്‍റെ സാംസ്കാരികവും മതാത്മകവുമായ പശ്ചാത്തലമാണ് ഉത്തരം. ഇങ്ങനെ അഭിനയിച്ചുതീര്‍ക്കുന്നവര്‍ക്കും നഷ്ടപ്പെടുന്നത് ജീവിതത്തിന്‍റെ സര്‍ഗാത്മകതയാണ്. അജൈവമായ ജീവിതമാണ് ഇവര്‍ ജീവിക്കുന്നത്. ഇതുപോലെയുള്ള അനേകം കഥാപാത്രങ്ങളും ജീവിതമുഹൂര്‍ത്തങ്ങളും നിറഞ്ഞതാണ് 'ആളോഹരി ആനന്ദം.' മുന്നോട്ടല്ലാതെ പിന്നോട്ടുനടക്കാന്‍ കാലപ്പെരുവഴിയില്‍ സാധ്യതകളില്ലാത്തതുകൊണ്ടുമാത്രം എല്ലാവരും മുന്നോട്ടുപോകുന്നു. പോളിനെപ്പോലെ ഏവരും നഷ്ടബോധത്താല്‍ പീഡിതരാകുന്നു. പ്രതീക്ഷകള്‍ അസ്തമിച്ചവന്‍റെ ജീവിതം നിശൂന്യമാകുന്നു. മരുഭൂമിയിലൂടെയുള്ള ശാന്തമായ യാത്രയായി ജീവിതം മാറുന്നു. ഹൃദയം തുറന്നു ചിരിക്കാത്തവരുടെ ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുന്നു. പണം കൊണ്ടും പ്രതാപം കൊണ്ടും പാരമ്പര്യം കൊണ്ടും കണ്ടെത്താന്‍ കഴിയാത്തതാണ് യഥാര്‍ത്ഥ സന്തോഷം. അത് മാനുഷികബന്ധത്തിന്‍റെ ഹൃദ്യതയില്‍നിന്നുറവെടുക്കുന്നതാണ് മാനുഷികബന്ധങ്ങളുടെ സര്‍ഗാത്മകത നഷ്ടപ്പെടുമ്പോള്‍ ആനന്ദത്തിന്‍റെ ലോകവും നഷ്ടമാകുന്നു. ആത്മാവുകള്‍ കൂടിക്കലരുന്ന ബന്ധങ്ങളാണ് സാര്‍ത്ഥകം. 'ജീവിതം ജീവിക്കാനുള്ളതാണ്' എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ പുതിയവഴികള്‍ കണ്ടെത്തേണ്ടിവരുന്നു. പ്രണയത്തിന്‍റെ ശാദ്വലഭൂമികള്‍ അന്വേഷിക്കുന്നവര്‍ക്കും അസ്വസ്ഥതകളാണ് സമ്മാനമായി ലഭിക്കുന്നത്.  സമൂഹത്തിന് പ്രണയമെന്ന സംസ്കാരം തിരിച്ചറിയാനാവാതെ വരുമ്പോള്‍ അത് ചിലര്‍ക്കെങ്കിലും അസ്വാസ്ഥ്യത്തിന്‍റെ നാളുകള്‍ സമ്മാനിക്കുന്നു.

'നോക്കി നില്ക്കുമ്പോഴേക്കും പുതിയതെല്ലാം പഴയതാകുകയും പുതിയ പുതിയതുകള്‍' കടന്നുവരികയും ചെയ്യുന്നു. ഉപഭോഗാസക്തിയുടെ ചതുപ്പില്‍ വീണുപോകുന്നവര്‍ ഓടിക്കൊണ്ടിരിക്കുന്നു. പുതിയതലമുറ ബന്ധങ്ങളില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുന്നു. കാലത്തിന്‍റെ പരിവര്‍ത്തനവഴികളെ സൂക്ഷ്മതയോടെ പിന്തുടരുന്ന നോവലിസ്റ്റിനെ നാം കണ്ടുമുട്ടുന്നു. 'ജീവിതത്തിന്‍റെ നിമ്നോന്നതങ്ങളും വളവുതിരിവുകളും കണ്ടെത്താനാവാതെ പകച്ചുനില്‍ക്കുന്നവരായി മാറുമ്പോള്‍ ജീവിതം കൈക്കുമ്പിളില്‍നിന്ന് വഴുതിവീഴുന്നു. ഇങ്ങനെ ജീവിതം തള്ളിനീക്കൂന്നവര്‍ക്ക് ആനന്ദത്തിന്‍റെ നിമിഷങ്ങള്‍ എന്നേക്കുമായി നഷ്ടപ്പെടുന്നു. ഓരോ ബന്ധവും അങ്ങനെ വാതിലടയ്ക്കലായി മാറുന്നു.

"നിങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വഴിമാത്രമാണ് ശരിയെന്ന് ശാഠ്യം പിടിക്കരുത്. ജീവി്ക്കാനും ആനന്ദിക്കാനും അനേകം വഴികളുണ്ട്" എന്നതാണ് കാതലായ സത്യം. പക്ഷേ സമൂഹം ചില വഴികള്‍ നിര്‍ദ്ദേശിക്കുന്നു. പുറത്തുനിന്നുള്ള അനുശാസനങ്ങള്‍ ഓരോ വ്യക്തിയെയും നയിക്കുന്നു. അവനവന്‍റെ ജീവിതം കണ്ടെത്താനുള്ള വഴി അങ്ങനെ മറന്നുപോകുന്നു. "നിന്‍റെ  വീതം ആനന്ദം അനുഭവിച്ചുകൊണ്ട് ജീവിക്കാനുള്ള അവകാശം നിനക്കിപ്പോഴുമുണ്ട്" എന്ന നിര്‍ദ്ദേശം എഴുത്തുകാരി നമുക്കു മുന്നില്‍ വയ്ക്കുന്നു. നടന്നവഴികള്‍ തെറ്റിപ്പോയെന്നുള്ള ഓര്‍മ്മിപ്പിക്കലാണിത്. ഓരോരുത്തര്‍ക്കും സന്തോഷത്തിലേക്ക് തനതായ വീഥികളുണ്ട്. അത് കണ്ടെത്താനാവാത്തവര്‍ക്ക് ജീവിതം തന്നെ നഷ്ടമാകുന്നു. 'ഓരോരുത്തരും അവരവരുടെ നിലയില്‍ ലോകത്തെ സുന്ദരമാക്കാന്‍ അനുവദിക്കുക'യാണു വേണ്ടത്. 'ആത്മാവില്‍ ഒരുവക കൊടുക്കല്‍വാങ്ങലുകളുമില്ലാതെയുള്ള ബന്ധങ്ങള്‍ ജീവിതത്തെ നരകതുല്യമാക്കുന്നു." ജീര്‍ണ്ണിച്ച, ഭീമാകാരമായ ഈ ചെകുത്താന്‍ കോട്ടകളില്‍ ഒരിടത്തുമെത്താതെ മരണവാതില്‍ കാണുംവരെ ചുറ്റിത്തിരിയുന്നതിന്‍റെ പേരല്ലേ ജീവിതം?" എന്ന ചോദ്യം നമ്മെ ഞെട്ടിക്കുക മാത്രമല്ല, നമ്മുടെ കാഴ്ചപ്പാടുകളെ തകിടം മറിക്കുകയും ചെയ്യുന്നു. "ഇഷ്ടമില്ലാത്തതുമാത്രം ചെയ്തുകൊണ്ട്, കണ്ടുകൊണ്ട്, കേട്ടുകൊണ്ട്, ജീവിതത്തില്‍ നിന്ന് പഴായിപ്പോയ മണിക്കൂറു"കളെക്കുറിച്ചുള്ള നഷ്ടബോധം നമ്മെ അലട്ടിയേക്കാം. ഓരോവീടിനും ഒരാത്മാവ് പ്രദാനം ചെയ്യുന്നത് ഹൃദ്യമായ ബന്ധങ്ങളാണ്. അതിലേക്കാണ് സാറാ ജോസഫിന്‍റെ അന്വേഷണം നീളുന്നത്. "ജൈവമായ ഒരു ബന്ധം ദഹിക്കാതെ കിടക്കുന്നിടത്തോളം അയാള്‍ രോഗാതുരനാണ്." അങ്ങനെ രോഗതുരരായിത്തീരുന്നവരുടെ കൂട്ടമായി നാം മാറിക്കൊണ്ടിരിക്കുകയാണോ എന്ന ചിന്ത അസ്വസ്ഥതയിലേക്കാണ് നമ്മെയുണര്‍ത്തുന്നത്.

മണ്ണില്‍ തറവാടിന്‍റെ ചരിത്രം എഴുതുന്നത് 'ഏലിയാമ്മ' എന്ന സ്ത്രീയാണ്. സാറാജോസഫ് തന്‍റെ കൃതികളിലൂടെ ചെയ്യുന്നതും സ്ത്രീപക്ഷത്തുനിന്ന്, മനുഷ്യപക്ഷത്തുനിന്ന്, പ്രകൃതിയുടെ, ദുര്‍ബലരുടെ പക്ഷത്തുനിന്ന് ചരിത്രരചന നടത്തുകയാണ്. "ചരിത്രരചന ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അവര്‍ക്കതിനുള്ള ആധികാരികതയുണ്ട്. വസ്തുനിഷ്ഠതയുണ്ട്. പെണ്ണുങ്ങള്‍ക്ക് അലങ്കാരഭാഷയിലാണ് കമ്പം. വലിച്ചുവാരി എഴുതുകയും ചെയ്യുന്നു" എന്ന പുരുഷവീക്ഷണത്തെ തിരുത്തുകയാണ് ഏലിയാമ്മ എന്ന ചരിത്രകാരി. സ്ത്രീപക്ഷത്തുനിന്നു ചരിത്രരചന നടത്തുമ്പോള്‍ എല്ലാം തകിടം മറിയുന്നു. ബന്ധങ്ങളുടെ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ മനുഷ്യചരിത്രം നടന്നുവന്ന വഴികളുടെ അപര്യാപ്തതകള്‍ വെളിപ്പെടുന്നു. ചരിത്രത്തെ താഴെനിന്നും വിക്ഷിക്കുന്ന നോവലിസ്റ്റ് ജീവിതത്തിന്‍റെ സമഗ്രചിത്രമാണ് ആവിഷ്ക്കരിക്കുന്നത്. കുടുംബത്തിനുള്ളില്‍ ഏകാകികളായിത്തീരുന്നവരുടെ ചരിത്രമാണ് ഇവിടെ വരച്ചിടുന്നത്. വിവാഹം, കുടുംബം, സമൂഹം, സദാചാരം എന്നിവയുടെ തടവില്‍ക്കിടക്കുന്ന ഹതഭാഗ്യരുടെ ചരിത്രം.

ക്രൂരമായ കാലമാണിത്. എന്നാല്‍ ഏവര്‍ക്കും അതിനെ പിന്തുടരേണ്ട കാര്യമില്ല. 'അക്രമണത്തെക്കാള്‍ നല്ലതു കവിതയാണ്' എന്നു കരുതുമ്പോള്‍ എല്ലാം വ്യത്യസ്തമാകുന്നു. ചുരുങ്ങിച്ചുരുങ്ങിവരുന്ന ലോകത്തെ കവിതയും സ്നേഹവും വിശാലമാക്കുന്നു. "എല്ലാവരും അവരവരെ സ്നേഹിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് മറ്റൊരാളെ ആത്മാര്‍ത്ഥമായി സ്നേഹിക്കാനറിയുന്നവര്‍ വിരളമായിരിക്കും." എന്നാല്‍ അവരാണ് ഭൂമിയെ സുന്ദരമാക്കുന്നവര്‍. വലിയ വീടുകള്‍ക്കോ, പെരുകിവരുന്ന വിപണിക്കോ ഈ സൗന്ദര്യം സൃഷ്ടിക്കാനാവില്ല. "ജീവിത്തതെ ചലനാത്മകമാക്കുന്നത് പുതിയപുതിയ വസ്തുക്കളാ"ണെന്നു വിശ്വസിക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ അനന്തസാധ്യതകള്‍ നഷ്ടമാകുന്നു.

'എന്‍റെ ജീവിതം ഞാനെപ്പോഴാണ് ജീവിക്കുന്നതെ'ന്നാണ് അനുവിന്‍റെ ചോദ്യം. ഇത് ഭൂരിഭാഗമാളുകളും ചോദിക്കുന്നതാണ്. പ്രണയത്തിന്‍റെ പാതയില്‍ സഞ്ചരിച്ച് സന്തോഷം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്നു.  "അതിനുവേണ്ടിയാണ് അനു ഭൂമിവാതുക്കല്‍ എത്തുന്നത്." നനഞ്ഞ മണ്ണിനെ അറിയണം കോടാനുകോടി ജീവജന്തുക്കളുടെ മിടിപ്പുകള്‍ ഉള്ളംകാലിലറിയണം. മണ്ണിരയുടെ ഇഴച്ചില്‍, പഴുതാരയുടെ പാഞ്ഞുപോക്ക്, തേരട്ടകളുടെ നീളലും ചുരുങ്ങലും, പുഴുക്കളുടെ മൃദുമാര്‍ദ്ദവങ്ങള്‍, ചെറുപ്രാണികളുടെ മൂളലുകള്‍. അവളെത്തൊട്ട, അവളറിയാത്ത ദൃശ്യവും അദൃശ്യവുമായ ജീവപ്രപഞ്ചം. നഗ്നപാദയായി ആ വാഴത്തോപ്പിലൂടെ അവള്‍ കടന്നുപോയി." ഇത് സന്തോഷത്തിന്‍റെ മറ്റൊരുവഴിയാണ്. ദൈവത്തിന്‍റെ വ്യവസ്ഥയനുസരിക്കാനാണ് അവള്‍ ആഗ്രഹിക്കുന്നത്. "സ്വന്തം സത്യത്തിനനുസരിച്ച് ജീവിക്കാന്‍ മാത്രം ആര്‍ക്കും ധൈര്യം കിട്ടാതായി" എന്ന സത്യം കണ്ടെത്തുമ്പോള്‍ ജീവിതത്തില്‍ പുതിയ വെളിച്ചം കടന്നുവരുന്നു. 'സിവില്‍ സമൂഹം എപ്പോഴും വ്യക്തമായി കലഹത്തിലായിരുന്നു' എന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. 'ആത്മാവ് തരിശാക്കപ്പെട്ടവരുടെ' രോദനം നാം അപ്പോള്‍ കേള്‍ക്കുന്നു.

അനുവിന്‍റെ ഈ വാക്കുകള്‍ ഈ നോവലിന്‍റെ ആത്മാവിലേക്കുള്ള വാതിലുകളാണ്: "മനുഷ്യരുടെ വേദനകളും കഷ്ടനഷ്ടങ്ങളും ശ്രദ്ധിയ്ക്കു. ഇഷ്ടപ്പെട്ടും സ്നേഹിച്ചും ആനന്ദംകൊണ്ടുമാണ് മനുഷ്യര്‍ ജീവിക്കേണ്ടതെന്ന് ഉറപ്പിച്ചു പറയൂ. സമാധാനം ഇല്ലാതാക്കുന്നത് ഘടനയാണ് എങ്കില്‍ അതിനെ സംശയിക്കൂ. അതിനെ വിചാരണ ചെയ്യൂ. അത് മറ്റൊരു വിധത്തിലായേ പറ്റൂ എന്ന് ശഠിക്കൂ." മനുഷ്യന്‍റെ സന്തോഷത്തേയും സര്‍ഗാത്മകതയെയും തടവുന്ന ഘടനകളെ വിചാരണചെയ്യുന്ന നോവലാണ് ആളോഹരി ആനന്ദം. മാനുഷികബന്ധങ്ങളെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുകയാണ് സാറാ ജോസഫ്. ഭയപ്പെടുന്നവരുടെയും കീഴടങ്ങുന്നവരുടെയും മീതെ കെട്ടിപ്പൊക്കുന്ന 'കുടുംബ ഭദ്രത' അസത്യമാണ്. ലോകത്തോട് കള്ളം പറയലാണത്." ഇവിടെ നിന്നുകൊണ്ടാണ് "എന്തുകൊണ്ടാണ് ഒരു മനുഷ്യന്‍ അയാള്‍ക്കര്‍ഹതപ്പെട്ട സ്നേഹബന്ധങ്ങളില്‍നിന്നെല്ലാം പുറത്താക്കപ്പെടുന്നത്?" എന്ന ചോദ്യത്തിലേക്ക് നോവലിസ്റ്റ് സഞ്ചരിക്കുന്നത്.

ബന്ധങ്ങള്‍ക്കിടയില്‍ മരുഭൂമിപടരുന്ന കാലത്ത് 'ഭൂമിവാതുക്കല്‍' എന്ന സ്വപ്നഭൂമി നോവലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നു. ജീവിതം ഉത്സവലഹരിയാകുന്ന ഭൂമികയാണത്. "ഭൂമിവാതുക്കല്‍ ജീവിതം മന്ദഗതിയിലാണ്. ക്ഷമയോടെ കാത്തിരിയ്ക്കൂ എന്ന് അത് നിങ്ങളോടാവശ്യപ്പെടുന്നു." ഹിംസാത്മകവേഗത്തിനു പകരം മന്ദഗതിയുടെ സംസ്കാരമാണ് സ്നേഹത്തിനു നിരക്കുന്നതെന്ന് എഴുത്തുകാരി പ്രഖ്യാപിക്കുന്നു. സ്നേഹമില്ലായ്മയില്‍ കരുതലും കാത്തിരിപ്പുമുണ്ട്. ആരോഗ്യകരമായ ബന്ധങ്ങള്‍ക്ക് ഈ സാവകാശം അനിവാര്യമാണ്. "വിത്തില്‍ നിന്ന് ചെടിയായി ചെടിയില്‍ നിന്ന് വിത്തായി" അനുസ്യൂതിയാകുന്നു സ്നേഹത്തിന്‍റെ സര്‍ഗാത്മകത സാറാജോസഫ് ഉയര്‍ത്തിപ്പിടിക്കുന്നു. "എല്ലാമരങ്ങളും ചെടികളും കരുത്തോടെ, കനിവോടെ പൂക്കുന്നു, കായ്ക്കുന്നു. കിണറുകളും കുളങ്ങളും നിറഞ്ഞൊഴുകുന്നു. ഇരുളും വെളിച്ചവും സമൃദ്ധമായിരിക്കുന്നു. പറവജാതികള്‍ക്കും പ്രാണികുലങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും ജലജന്തുക്കള്‍ക്കും കന്നുകാലികള്‍ക്കും ആടുമാടുകള്‍ക്കും ആവശ്യമുള്ളത് വിളയുന്നു. അതുപോലെ മനുഷ്യര്‍ക്ക് അവരവരുടെ ഓഹരി. ഒരുപാടുപേര്‍ കടന്നുവരുന്നു. അധ്വാനിക്കുന്നു. അവരവരുടെ വിഹിതം എടുക്കുന്നു" എന്നതാണ് ഭൂമിവാതിലിന്‍റെ ഉണ്മ. ഇതൊരു സ്വപ്നം കൂടിയാണ്. മനുഷ്യജീവിതത്തിന്‍റെ സമഗ്രമാനങ്ങളാണ് നോവലിസ്റ്റ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഏകമാനമനുഷ്യസൃഷ്ടിയുടെ കാലത്ത് സ്നേഹത്തിന്‍റെ, സര്‍ഗാത്മകതയുടെ അധികമാനങ്ങള്‍ക്കായുള്ള അഗാധമായ അന്വേഷണമായി 'ആളോഹരി ആനന്ദം' വികസിക്കുന്നു.

You can share this post!

എന്നെ അനുഗമിക്കുക

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts